എം.ടിയുടെ കൊച്ചുമകനാണെന്ന് പറഞ്ഞ് ഞാനവര്ക്ക് കിരണിനെ പരിചയപ്പെടുത്തി. അപ്പോള് അവര് അത്ഭുതത്തോടെ ഓ! എന്നു പറഞ്ഞു.

അമേരിക്കയിൽ ഇന്ത്യക്കാരുടെതായിട്ട് പല അസോസിയേഷനുകളുണ്ട്. കേരളാ അസോസിയേഷൻ തന്നെ വളരെ വിപുലമാകാനുള്ള പ്രധാനകാരണം പരസ്പരം മലയാളം സംസാരിക്കാനുള്ള അവസരം കിട്ടുമല്ലോ എന്നതാണ്. എല്ലാവരും ജോലി ചെയ്യുന്നത് അമേരിക്കൻ സ്ഥാപനങ്ങളിലാണ്. അക്കാലത്തെ സഹപ്രവർത്തകർ മിക്കവരും അന്ന് തദ്ദേശീയരോ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരോ ആണ്. ആഴ്ചയിൽ ഒരിക്കൽ മലയാളികൾ എല്ലാവർക്കും കൂടി ഒത്തുചേരാനുള്ള ഒരു സന്ദർഭവും പാഴാക്കാതിരിക്കുക എന്നതായിരുന്നു പ്രധാനം. ഇന്നത്തേതുപോലെ തോന്നുംപടി നാട്ടിലേക്ക് വിളിച്ച് ബന്ധുക്കളോട് സംസാരിക്കാനുള്ള സൗകര്യമൊന്നുമില്ലല്ലോ. വല്ലപ്പോഴും അവരെ വിളിച്ചെങ്കിലായി. അതുകൊണ്ടുതന്നെ കേരളാഅസോസിയേഷൻ വലിയൊരു ഘടകമായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ. എല്ലാവരും പാട്ടുകാരായി, എല്ലാവരും നർത്തകരായി, അഭിനേതാക്കളായി, പാചകക്കാരായി... കുട്ടികളെ നമ്മുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതക്ലാസും നൃത്തവിദ്യാലയവുമൊക്കെ സജീവമാകാൻ പ്രേരണയാവുന്നത്. ശാസ്ത്രീയ സംഗീതവും ക്ലാസിക്കൽ ഡാൻസുമൊക്കെ പഠിക്കാനായി തമിഴ്കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും വന്നു. മദ്രാസിലെ കലാക്ഷേത്രയിൽ നിന്നും നൃത്തം പഠിച്ച ഒരു ടീച്ചറായിരുന്നു നൃത്തമഭ്യസിപ്പിച്ചിരുന്നത്. മാലിനിയും സോണിയയും കോളേജിൽ പോകുന്നതുവരെ നൃത്തം പഠിച്ചു. അരങ്ങേറ്റമൊക്കെ ഗംഭീരമായിട്ടാണ് നടത്തിയത്. ജാതിമതഭേദമന്യേ കുട്ടികൾ നൃത്തം പഠിക്കാൻ വരുമായിരുന്നു. മാലിനിയുടെ അരങ്ങേറ്റത്തിന് നാട്ടിൽ നിന്നാണ് ഓർക്കസ്ട്രയെ വരുത്തിച്ചത്. സാധാരണയായി തമിഴ്-തെലുങ്ക് സംഗീതമാണ് ക്ലാസിക്കൽ ഡാൻസിന് ഉപയോഗിക്കുക. അതിനൊരു മാറ്റം വരട്ടെ എന്നുകരുതി ഇരയിമ്മൻ തമ്പിയുടെ 'ഓമനത്തിങ്കൾക്കിടാവോ' ആയിരുന്നു മാലിനിക്കുവേണ്ടി തിരഞ്ഞെടുത്തത്. ബാബു പരമേശ്വരനായിരുന്നു പാട്ട് പാടിയത്. ആദ്യമായിട്ടായിരുന്നു ഇവിടെ മലയാളവരികളുപയോഗിച്ച് ഒരു ശാസ്ത്രീയനൃത്തത്തിന്റെ അരങ്ങേറ്റം നടക്കുന്നത്. കലാപരമായി വളർന്നുവലുതാവുക എന്നതൊന്നുമല്ലായിരുന്നു ലക്ഷ്യം. നാടുമായും നമ്മുടെ കലകളുമായും ബന്ധം സ്ഥാപിക്കുക എന്നതുമാത്രമായിരുന്നു.
അമേരിക്കൻ ഡ്രീംസ് നിർമിച്ചതോടെ ഉഷസ് എന്റർടെയ്ൻമെന്റിന്റെ ആവശ്യം കഴിഞ്ഞിരിക്കുകയാണ്. കമ്പനി ഇനി തുടർന്നുകൊണ്ടുപോകണമെന്നില്ല. പക്ഷേ കേരളാ അസോസിയേഷൻ ഏറ്റെടുത്ത് നടത്തുന്ന വലിയ പരിപാടികൾക്കല്ലാതെ ചെറിയ പരിപാടികൾ സംഘാടനം ചെയ്യാൻ ഉഷസ്സിനെക്കൊണ്ട് സാധിക്കും എന്നത് ആ സ്ഥാപനം നിലനിർത്താൻ എന്നെ പ്രേരിപ്പിച്ചു. ലാഭം ഇച്ഛിച്ചുകൊണ്ടുള്ള ഒരു കലാപ്രവർത്തനവും നടത്തില്ല എന്ന തീരുമാനത്തോടെ ഇവിടത്തെ കലാസ്‌നേഹികളായ മലയാളികൾക്കുകൂടി ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ അവസരം കിട്ടുമ്പോൾ ചെയ്യാം എന്ന് ഞാനും കുടുംബവും തീരുമാനിച്ചു. ഇവിടത്തെ പാട്ടുകാരെയൊക്കെ ഉൾപ്പെടുത്തി ചെറിയ സംഗീത പരിപാടികൾ ഇടയ്ക്ക് നടത്തി. അങ്ങനെയിരിക്കെയാണ് സംഗീതത്തിൽ താൽപര്യമുള്ള, പാടാനറിയാവുന്ന കുറച്ചു മലയാളി സുഹൃത്തുക്കൾ ഒരു മ്യൂസിക്ആൽബം ഇറക്കാനുള്ള പദ്ധതിയുമായി ഉഷസ്സിനെ സമീപിക്കുന്നത്. ഇവിടത്തെ പാട്ടുകാർക്ക് അത്ര വലിയ വേദികളൊന്നും കിട്ടാറില്ല. മ്യൂസിക് ആൽബം നല്ലൊരു ആലോചനയാണെന്ന് എനിക്ക് തോന്നി. ഉഷസ് ആളുകളെ സ്‌പോൺസർ ചെയ്യാം, ബാക്കിയെല്ലാ ഉത്തരവാദിത്തവും കുട്ടികൾ തന്നെ വഹിക്കണം എന്ന ധാരണയോടെ ഞാൻ കെ. ജയകുമാർ സാറിനെ വിളിച്ച് ഇങ്ങനെയൊരു ആൽബത്തിന്റെ കാര്യം പറഞ്ഞു. അദ്ദേഹം പാട്ടുകൾ എഴുതിത്തരാമെന്നേറ്റു. സംഗീതം എം.ജയചന്ദ്രനെക്കൊണ്ട് ചെയ്യിച്ചു. അദ്ദേഹം അന്ന് തുടക്കക്കാരനാണ്. ഈ പ്രൊജക്ട് പതുക്കെ വലുതാവുകയാണ്. പത്തുപാട്ടുകൾ ജയകുമാർസാർ എഴുതിത്തന്നു. ജയചന്ദ്രൻ മനോഹരമായി പാട്ടുകൾ ചിട്ടപ്പെടുത്തിയതോടെ പ്രധാനപ്പെട്ട പാട്ടുകാരെക്കൂടി ഉൾപ്പെടുത്താം എന്ന നിലയിലേക്ക് പദ്ധതി ഉയർന്നു. കെ.എസ് ചിത്ര, ജി. വേണുഗോപാൽ, (അമേരിക്കൻ ഡ്രീംസിന്റെ ടൈറ്റിൽ സോംഗ് വേണുവായിരുന്നു പാടിയത്.) ഹരിഹരൻ തുടങ്ങിയ പ്രതിഭകളെക്കൊണ്ടെല്ലാം ജയചന്ദ്രൻ പാടിച്ചു. ഒപ്പം ഇവിടെയുള്ള പാട്ടുകാരായ അലീഷാ തോമസ്, രാകേഷ് അങ്ങനെ കുറച്ചധികം കുട്ടികൾക്കും പാടാൻ കഴിഞ്ഞു. 'അകലെയാണെങ്കിലും' എന്നായിരുന്നു ജയകുമാർ സാർ ആ സംഗീത ആൽബത്തിനു നൽകിയ പേര്. ആൽബം വളരെ ഭംഗിയായി തന്നെ പുറത്തിറങ്ങി. ഇവിടെ ജനിച്ചുവളർന്ന കുട്ടികൾക്ക് മലയാളഗാനങ്ങൾ പാടാൻ കഴിഞ്ഞുവെന്നത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. ഉഷസ് എന്റർടെയ്ൻമെന്റ് അതിനൊരു നിമിത്തമായി എന്നുമാത്രം.
ഇനി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതില്ല, ഇതോടുകൂടി പതുക്കെ നിർത്താം എന്നൊക്കെ തീരുമാനിച്ചെങ്കിലും അണ്ണാൻ മരംകയറ്റം മറക്കുന്നതെങ്ങനെ?
തായ്‌ലന്റുകാരനായ ജോർജ് ഡുങ്കമണി ഞങ്ങളുടെ നല്ല സുഹൃത്തായിരുന്നു. നന്നായി ടെന്നീസ് കളിക്കുന്ന ജോർജുമായുള്ള സൗഹൃദം ഉഷസ്സിനെ മറ്റൊരു ഉദ്യമം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിച്ചു. തായ്ലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻഹ ബിയർ കമ്പനിയുടെ പ്രസിഡണ്ടുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. അന്ന് യുഎസ്സിൽ സിൻഹ ബിയർ കമ്പനിക്ക് വലിയൊരു സ്വാധീനമുണ്ടായിരുന്നു. കൂടുതൽ പരസ്യപ്രചരണാർഥം അവർക്കൊരു ഫെസ്റ്റിവൽ നടത്താൻ ആഗ്രഹമുണ്ട്. തായ്‌ലന്റുകാർ ഒരു ഫെസ്റ്റിവൽ നടത്തിനോക്കിയെങ്കിലും അത്ര വിജയകരമായിരുന്നില്ല. ഒരു രാജ്യത്തിലേക്കൊതുങ്ങാതെ ഏഷ്യ എന്ന വിശാലാർഥത്തിൽ ഫെസ്റ്റിവൽ നടത്താൻ സഹായിക്കാമോ എന്ന് ജോർജ് എന്നോട് അന്വേഷിച്ചു. ഉഷസ് എന്റർടെയ്ൻമെന്റിന്റെ സഹകരണമുണ്ടാവുമെന്ന് ഞാൻ ഉറപ്പുകൊടുത്തു. എല്ലാതവണയും കലാപരിപാടികളിൽ മാത്രമാണ് എന്റെ ശ്രദ്ധ. ശേഖറിനാണെങ്കിൽ ടെന്നീസ് ഒരു ഭ്രമം തന്നെയാണ്. ഏഷ്യൻ ഫെസ്റ്റ് എന്ന വിശാലാർഥത്തിൽ ഒരു ടെന്നീസ് ടൂർണമെന്റ് നടത്താൻ തീരുമാനിക്കുന്നത് അങ്ങനെയാണ്്. ഇവിടത്തെ ഒട്ടുമിക്ക പാർക്കുകളിലും ടെന്നീസ് കോർട്ട് സാധാരണമാണ്. അതിൽ കുറച്ചെണ്ണം വാടകയ്‌ക്കെടുത്ത് ടെന്നീസ് ടൂർണമെന്റ് നടത്താൻ ധാരണയാവുന്നത് അങ്ങനെയാണ്. ഏഷ്യയിലെ എല്ലാ രാജ്യക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാം. തായ് ടെന്നിസ് അസോസിയേഷൻ ആൻഡ് ഉഷസ് എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ടെന്നീസ് ടൂർണമെന്റ് എന്നായിരുന്നു പ്രചാരണം. ബിയർ കമ്പനിക്ക് തങ്ങളുടെ ഉൽപന്നം വിൽക്കാനും പരസ്യം ചെയ്യാനുമുള്ള വേദിയുമുണ്ടായിരിക്കും. ഏഷ്യൻ രാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട് അവരുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് ഓരോ വർഷവും ഓരോ ഏഷ്യൻ രാജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന അജണ്ടയും മുന്നോട്ടുവെച്ചു. അങ്ങനെ അഞ്ചുവർഷത്തോളം എഷ്യൻ ഫെസ്റ്റിവൽ മുന്നോട്ടുപോയി. പിന്നെ അതങ്ങ് പതുക്കേ അവസാനിച്ചു.
ആയിടയ്ക്കാണ് ഞാൻ ഒരു മലയാളം ലേഖനം വായിക്കാനിടയായത്. കേരളത്തിൽ ഒരു വനിതാകഥകളി സംഘം രൂപപ്പെട്ടതിനെക്കുറിച്ചായിരുന്നു അത്. ഗീതാവർമയാണ് വനിതാകഥകളിസംഘത്തിന്റെ അമരക്കാരി. കഥകളിവേഷങ്ങൾ അതുവരെ കെട്ടിയാടിയത് പുരുഷന്മാരാണ്. ഇതെനിക്ക് കൗതുകമായി. ഞാൻ ഗീതാവർമയുടെ നമ്പർ തേടിപ്പിടിച്ച് വിളിച്ച് അഭിനന്ദനമറിയിച്ചു. ആ സംഘത്തെ ഇവിടെ കൊണ്ടുവന്ന് കഥകളി അവതരിപ്പിക്കാനുള്ള വേദിയൊരുക്കണമെന്ന ആഗ്രഹം മുളപൊന്താൻ തുടങ്ങി. ഉഷസ്സ് എന്റർടെയ്ൻമെന്റിന്റെ സ്‌പോൺസർഷിപ്പിൽ കൊണ്ടുവരാം. പക്ഷേ കുറച്ചുകൂടി വിശാലമായ കാൻവാസിൽ ചെയ്താൽ മാത്രമേ കഥകളിയുടെയും ഈ സ്ത്രീകളുടെയും പ്രാധാന്യം നിലനിൽക്കുകയുള്ളൂ. കൂടുതൽ ഒന്നും ആലോചിക്കാതെ സ്മിത്ത്‌സോണിയൻ മ്യൂസിയത്തിൽ പോയി. ലോകത്തെ ഏറ്റവും വലിയ മ്യൂസിയം പരിപാലിക്കുന്ന സ്ഥാപനമാണ് സ്മിത്ത്‌സോണിയൻ. പഠന-ഗവേഷണാർഥം ലോകത്തെമ്പാടുള്ള വിദ്യാർഥികൾ ആശ്രയിക്കുന്ന സ്ഥാപനം. 21 പ്രശസ്തമായ മ്യൂസിയങ്ങൾ, നാഷണൽ സുവോളജിക്കൽ പാർക്ക്, വിവിധ മേഖലകളിലെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രങ്ങൾ തുടങ്ങി വിജ്ഞാനം പ്രചരിപ്പിക്കാനും വർധിപ്പിക്കാനും അമേരിക്ക ലോകത്തിന് തുറന്നുകൊടുത്ത സ്ഥാപനമാണ് സ്മിത്ത്‌സോണിയൻ. വാഷ്ങ്ടൺ ഡിസിയിലാണ് ഹെക്ടറുകണക്കിന് സ്ഥലത്ത് ഇത് വ്യാപിച്ചുകിടക്കുന്നത്. സ്മിത്ത്‌സോണിയൻ അന്ന് ആർട്‌സ് അറ്റ് ദ ഗാർഡൻ എന്നൊരു പദ്ധതി തുടങ്ങിവെച്ചിരുന്നു. അതിന്റെ കോർഡിനേറ്ററായിരുന്ന മൈക്കിൾ വിൽപേഴ്‌സിനെ പോയി കണ്ടു. അദ്ദേഹമാണ് നമ്മുടെ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ ആദ്യമായി സ്മിത്ത്‌സോണിയൻ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചത്. അടൂർ ഫെസ്റ്റിവൽ എന്ന പേരിൽ നടത്തിയ ആ പരിപാടി ഗംഭീരവിജയമായിരുന്നു. വിൽപേഴ്‌സ് കഥകളിയെക്കുറിച്ച് കേട്ടിട്ടുണ്ട്. മിസിസ് ഗാന്ധിയുടെ അഭ്യർഥന പ്രകാരം ഇന്ത്യൻ ഫെസ്റ്റിവൽ നടത്തിയപ്പോൾ കെന്നഡി സെന്ററിൽ വെച്ച് കഥകളി നടത്തിയിട്ടുള്ളതാണ്. ആ കലാരൂപത്തെക്കുറിച്ച് വിൽപേഴ്‌സിനറിയാം. സാധാരണയായി പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടിയാടുന്നതെന്നും പതിവിനുവിപരീദമായി എല്ലാ വേഷങ്ങളും സ്ത്രീകൾ തന്നെ ചെയ്യുന്ന ഒരു കഥകളി സംഘമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നതെന്നുമൊക്കെ അദ്ദേഹത്തോട് ഞാൻ വിശദമാക്കി. ഉഷസ് അവരെ സ്‌പോൺസർ ചെയ്യാം, അവർക്കുള്ള വേദിയും മറ്റുകാര്യങ്ങളും സ്മിത്ത്‌സോണിയൻ ഏറ്റെടുക്കുമോ എന്നായിരുന്നു എന്റെ അഭ്യർഥന. വിൽപേഴ്‌സിന് സമ്മതമായിരുന്നു. കഥകളി സംഘം ഇവിടെ എത്തിച്ചേർന്നാൽ പരിപാടി അവതരിപ്പിക്കാനുള്ള വേദി അവർ നൽകുമെന്ന് വിൽപേഴ്‌സ് രേഖാമൂലം അറിയിച്ചു. അങ്ങനെ വനിതാ കഥകളി സംഘത്തിനായി വിസയ്ക്ക് അപേക്ഷിച്ചപ്പോൾ ചെണ്ടവാദ്യക്കാരായി രണ്ടു പുരുഷന്മാരുടെ പേരാണ് ഉള്ളത്. അവരുടെ വിസയുടെ കാര്യം പ്രതിസന്ധിയിലായി. സ്ത്രീകളുടെ കഥകളി സംഘം എന്നുപറഞ്ഞിട്ട് എങ്ങനെയാണ് പുരുഷന്മാർ വരിക എന്നായി വിൽപേഴ്‌സിന്റ ചോദ്യം. വാദ്യക്കാരായിട്ടാണ് പുരുഷന്മാർവരുന്നതെന്ന് അദ്ദേഹത്തെ പറഞ്ഞുബോധ്യപ്പെടുത്തിയതിനുശേഷമാണ് വിസ അനുവദിക്കപ്പെട്ടത്. അങ്ങനെ കടമ്പകൾ കടന്ന് ഗീതാവർമയും സംഘവും അമേരിക്കയിലെത്തി.
സ്മിത്ത്‌സോണിയനിലെ ഏഷ്യൻ ആർട് ഗ്യാലറി (സാക്ക്‌ലർ ഗ്യാലറി) മോണ്യുമെന്റ്സ് ഗ്രൗണ്ട്സിന് അഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തുറന്ന സ്റ്റേജിൽ വലിയ നിലവിളക്ക് കത്തിച്ചുവെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഥകളിയാരംഭിച്ചു. കേളികൊട്ടുയർന്നതോടെ ശബ്ദം കേട്ട് അത്ഭുതത്തോടെ ഗ്രൗണ്ടിലുണ്ടായിരുന്ന സായ്പ്പുമാരും ടൂറിസ്റ്റുകളുമൊക്കെ ഓടിയെത്തി. ജനനിബിഢമായ ഒരു സദസ്സിനുമുന്നിലാണ് ഗീതാവർമയും സംഘവും കഥകളി അവതരിപ്പിച്ചത്. ഗീതാവർമയും സംഘവും ഞങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്നുരണ്ട് വേദികൾ കൂടി അവർക്ക് കഥകളി അവതരിപ്പിക്കാൻ സംഘടിപ്പിച്ചുകൊടുക്കേണ്ടതുണ്ടെന്ന ബോധ്യവും എനിക്കുണ്ടായിരുന്നു. പണം അപ്പോൾ അവർ ആഗ്രഹിച്ചില്ലെങ്കിലും തിരികെ പോകുമ്പോൾ എന്തെങ്കിലുമൊക്കെ അവരുടെ കൈയിലുണ്ടാവുന്നത് ഒരു സന്തോഷം തന്നെയാണല്ലോ. ആ സന്തോഷവും കാണാൻ പറ്റി.
ഇവിടെയുള്ള ദക്ഷിണ എന്ന നൃത്തവിദ്യാലയവുമായി ചേർന്ന് കലാമണ്ഡലത്തിലെ കഥകളി സംഘത്തെക്കൂടി ഉഷസ് എന്റർടെയ്ൻമെന്റ് അമേരിക്കയിലേക്ക് ക്ഷണിച്ചു. കലാമണ്ഡലത്തിലെ മേജർ സെറ്റുതന്നെയായിരുന്നു വന്നത്. ടിക്കറ്റ് വെച്ചായിരുന്നു കഥകളി നടത്തിയിരുന്നത്. ഇവിടത്തെ സ്‌കൂളുകളിലെ മികച്ച ഓഡിറ്റോറിയങ്ങൾ പരിപാടി നടത്താൻ ഏറെ സഹായകമായിരുന്നു. ടിക്കറ്റിലൂടെ സമാഹരിച്ച തുക കഥകളിസംഘത്തിനുതന്നെ നൽകി. ആ പരിപാടിയുടെ സംഘാടനത്തിനിടെ നല്ലൊരു തമാശ നടന്നു. അന്ന് എം.ടിയുടെ മകൾ സിതാരയ്ക്ക് ഔദ്യോഗികമായി നല്ല തിരക്കായിരുന്നു. കിരൺ ചെറിയ കുട്ടിയാണ്. സഞ്ജയ് അതിലേറെ തിരക്കിലായിരുന്നു. കുറച്ചുദിവസം കിരണിനെ എനിക്കൊപ്പം നിർത്താനായി അവനെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു. അവനെയും കൊണ്ടായിരുന്നു കഥകളി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഞാൻ പോയിരുന്നത്. എന്റെയൊപ്പം ചെറിയൊരു കുട്ടിയെ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ അന്വേഷിക്കുമല്ലോ. എം.ടിയുടെ കൊച്ചുമകനാണെന്ന് പറഞ്ഞ് ഞാനവർക്ക് കിരണിനെ പരിചയപ്പെടുത്തി. അപ്പോൾ അവർ അത്ഭുതത്തോടെ ഓ! എന്നു പറഞ്ഞു. കാണുന്നവരെല്ലാം കിരൺ ആരാണെന്ന് ചോദിക്കുകയും ഞാൻ എം.ടിയുടെ കൊച്ചുമകൻ എന്നു പറയുകയും 'ഓ!' എന്ന മറുപടി ആശ്ചര്യത്തോടെ വരികയും ചെയ്തുകൊണ്ടേയിരുന്നു. കിരണിന് ഇത് നന്നേ രസിച്ചു. അവനത് അനുകരിക്കാൻ തുടങ്ങി. കിരണിന്റെ ഓർമയിൽ നിന്ന് മായുന്നതുവരെ അവൻ ആളുകളുടെ പ്രതികരണം സകല ആംഗ്യവിക്ഷേപങ്ങളോടെയും കാണിക്കുമായിരുന്നു.
എം.ടിയോട് ഈ സംഭവം ഞാനൊരിക്കൽ പറഞ്ഞു. അദ്ദേഹം ഒന്നു ചിരിച്ചു. ശേഖറുമായി സ്‌പോർട്‌സ് വിഷയങ്ങൾ എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കുമായിരുന്നു എം.ടി. സ്‌പോർട്‌സ് വിഷയങ്ങൾ സംസാരിക്കാൻ ശേഖറിനും വലിയ താൽപര്യമായിരുന്നു. ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ ഞങ്ങൾ കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞു. മാലിനിയും അശ്വതിയും ഏതാണ്ട് സമപ്രായക്കാരാണ്. പഠനമായിരുന്നു ഞങ്ങളുടെ ചർച്ചാവിഷയം. അശ്വതി നൃത്തത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. നൃത്തമാണ് കരിയറാക്കാൻ ഉദ്ദേശിക്കുന്നത്. എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഒരു നൃത്തപരിപാടി കോഴിക്കോട് അവതരിപ്പിച്ചതിനെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു. നൃത്തകലാപരിപാടികളോട് പൊതുവേ കേരളത്തിനുള്ള മനോഭാവവും സ്വീകാര്യതയില്ലായ്മയുമൊക്കെ ഞങ്ങൾ ചർച്ച ചെയ്തു. നാട്ടിലെത്തുമ്പോൾ പലതവണ എം.ടിയുടെ ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അശ്വതിയുമായി നേരിൽ പരിചയവുമുണ്ട്. എം.ടിയോട് ഞാൻ ചർച്ചചെയ്തില്ലെങ്കിലും എന്റെ മനസ്സിൽ ഒരു പദ്ധതി അപ്പോൾ രൂപപ്പെട്ടിരുന്നു.
ക്ലാസിക്കൽ ഡാൻസ് പഠിച്ച കുറച്ചുകുട്ടികൾ ഇവിടെയുണ്ട്. മോശമല്ലാത്ത നിലയിൽ നൃത്തം പഠിപ്പിക്കുന്ന അധ്യാപകരുമുണ്ട്. ഇവർക്കൊന്നും മതിയായ വേദി ലഭിക്കാറില്ല. ആകെയുള്ളത് കേരളാ അസോസിയേഷന്റെ വാർഷികപരിപാടികളാണ്. ഇവിടത്തെ കുട്ടികൾക്കും അധ്യാപകർക്കും ഉപകാരപ്പടുന്ന രീതിയിൽ അശ്വതി ഒരു നൃത്താവിഷ്‌കാരം അവർക്ക് സംവിധാനം ചെയ്തുകൊടുക്കുമോ എന്നായിരുന്നു എന്റെ ചോദ്യം. ഞാൻ വളരെ തിരക്കുള്ള ഒരു സെനറ്റ് ജിവനക്കാരിയാണ്. സർക്കാർ ജോലിക്കാരിയായിരിക്കേ ഒരു ബിസിനസ് വുമൺ എന്ന നിലയിൽ എന്നെ പ്രതിഷ്ഠിക്കുന്നതിനോട് എനിക്കു താൽപര്യമില്ല. അതുകൊണ്ടുതന്നെ ഈ ആവശ്യം നൃത്തത്തെ മുൻനിർത്തിയുള്ള കച്ചവടവുമല്ല, പക്ഷേ അശ്വതി വരാൻ തയ്യാറാകുമെങ്കിൽ, ഇവിടത്തെ നൃത്താഭിരുചിയുള്ളവർക്കായി ഒരു നൃത്തശില്പശാലയും ഒപ്പം ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തി അതിന് നൃത്താവിഷ്‌കാരം ചെയ്ത് കുട്ടികളെ വേദിയിൽ അവതരിപ്പിക്കുകയും ചെയ്യുമെങ്കിൽ അശ്വതിയെ ഉഷസ് എന്റർടെയ്ൻമെന്റ് സ്പോൺസർ ചെയ്യാം. ഞാൻ ഇക്കാര്യം അശ്വതിയോട് തന്നെയാണ് കാര്യം നേരിട്ട് സംസാരിച്ചത്. ഒരു ആവശ്യം കൂടി ഞാൻ അശ്വതിയോട് പറഞ്ഞു- ഞാൻ മതവിശ്വാസിയല്ല, പക്ഷേ ആത്മീയതയിൽ വിശ്വസിക്കുന്നുണ്ട്. നമ്മുടെ നൃത്തങ്ങളെല്ലാം തന്നെ ദൈവങ്ങളെക്കുറിച്ചാണ്. ഒന്നുകിൽ വെണ്ണകട്ട കണ്ണൻ, അല്ലെങ്കിൽ അലൈപായുതേ കണ്ണാ, അതല്ലെങ്കിൽ മഹാഭാരതകഥാപാത്രങ്ങളുടെ ജീവിതസംഘർഷങ്ങൾ...യുഎസ്സിലെ തനത് നൃത്താവിഷ്‌കാരങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്താറുണ്ട്. സുഗതച്ചേച്ചിയുമായുള്ള അടുപ്പം കാരണം കുറച്ചധികം പരിസ്ഥിതിസ്നേഹം എന്നിൽ കടന്നുകൂടിയ കാലമാണ്. പരിസ്ഥിതിവിഷയം അടിസ്ഥാനമാക്കി ഒരു നൃത്തപരിപാടി സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാമോ എന്നായിരുന്നു എന്റെ അഭ്യർഥന. പരിസ്ഥിതിപ്രാധാന്യമുള്ള കവിതകൾ തിരഞ്ഞെടുത്ത് നൃത്താവിഷ്‌കാരം ചെയ്യാമെന്ന് അശ്വതി പറഞ്ഞു.
അശ്വതി വിസയ്ക്ക് അപേക്ഷിച്ചെങ്കിലും വിസ ലഭിച്ചില്ല. അശ്വതി അന്ന് വിവാഹിതയല്ല, ബിരുദധാരിയാണ്. ഇവിടെ വിസയ്ക്ക് പലകാലത്തും പല മാനദണ്ഡങ്ങളാണ് ഉണ്ടാവുക. ഞാനാണെങ്കിൽ വിസ ശരിയാവുമെന്ന ധാരണയിൽ ഇവിടത്തെ കുട്ടികളെ ഒരുക്കിനിർത്തുകയും ചെയ്തിരിക്കുകയാണ്. അശ്വതിയുടെ വിവാഹം ഉറപ്പിച്ചകാര്യം എം.ടി പറഞ്ഞ് എനിക്കറിയാമായിരുന്നു. പ്രതിശ്രുത വരനായ ശ്രീകാന്ത് അമേരിക്കയിൽ നൃത്തപരിപാടികളുമായി വരുന്നയാളാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജിആറിന്റെ ദത്തുപുത്രി ബാൾട്ടിമോറിലാണ് താമസിച്ചിരുന്നത്. അവർ നൃത്താധ്യാപികയാണ്. അവരുടെ നൃത്തവിദ്യാലയത്തിൽ ശ്രീകാന്ത് അധ്യാപകനായി വരാറുണ്ടായിരുന്നു. ശ്രീകാന്തിനെ ഞാൻ പരിചയപ്പെട്ടു. അശ്വതിക്ക് വരാൻ കഴിയാത്ത സാഹചര്യത്തെ മറികടക്കാൻ ശ്രീകാന്തായിരുന്നു ഏക പ്രതീക്ഷ. കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു നൃത്താവിഷ്‌കാരത്തിനുള്ള ഗാനം രചിച്ചത്. അശ്വതി നാട്ടിലിരുന്നുകൊണ്ട് വരികൾ ചിട്ടപ്പെടുത്തി അയച്ചുതന്നു. ശ്രീകാന്ത് കുട്ടികൾക്കായി കൊറിയോഗ്രാഫി ചെയ്തു. കൈതപ്രത്തിന്റെ വരികളിൽ നിന്നുള്ള 'സ്‌നേഹയാഗം' എന്ന പദം ഉപയോഗിച്ച് 'സ്‌നേഹയാഗം' എന്നുതന്നെ പരിപാടിക്ക് പേരിട്ടു. പ്രകൃതിക്കൊരു സ്‌നേഹയാഗം എന്നായിരുന്നു നൃത്താവിഷ്‌കാരത്തിന്റെ പ്രമേയം. അതിഗംഭീരവിജയമായിരുന്നു ആ പരിപാടി. എന്റെ പ്രതീക്ഷകളുടെ പത്തിരട്ടി ഫലം തന്നു അത്. അടുത്ത വർഷവും സ്‌നേഹയാഗം തുടരാൻ ഞാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. അപ്പോഴേക്കും മറ്റൊരു ഗുണം കൂടിയുണ്ടായി. അശ്വതി വിവാഹിതയായി. പ്രൊഫഷണൽ വിസയ്ക്കായിരുന്നു പിന്നെ അവൾ അപേക്ഷിച്ചത്. അശ്വതി ഇവിടെയെത്തി മൂന്നുമാസം ഞങ്ങൾക്കൊപ്പം താമസിച്ചു. ആ വർഷത്തെ സ്‌നേഹയാഗം അശ്വതി തന്നെ കൊറിയോഗ്രാഫി ചെയ്തു. പുതിയ കുട്ടികൾക്കായിരുന്നു കൂടുതലും അവസരം നൽകിയത്. അശ്വതിയും അവരിൽ ഒരാളായി നൃത്തം ചെയ്തു. ആ കൊറിയോഗ്രാഫിയും എല്ലാവർക്കും ഇഷ്ടപ്പെട്ടു.
പ്രകൃതിയല്ലാതെ ഒരു പ്രമേയം കൂടി അവതരിപ്പിക്കാം എന്ന അഭിപ്രായം വന്നപ്പോൾ ബൈബിളാണ് എനിക്ക് മനസ്സിൽ വന്നത്. പഴയ നിയമത്തിലെ ബുക്ക് ഓഫ് ജനസിസ് സിസ്‌ക് ഡെയ്‌സ് ഓഫ് ക്രിയേഷൻ ആയിരുന്നു മനസ്സിൽ വന്ന പ്രമേയം. വരികൾ ഇല്ലാതെ, മതത്തിന്റെ ഛായയില്ലാതെ എങ്ങനെ ചെയ്യാൻപറ്റുമെന്നായിരുന്നു ആലോചന. മുഴുവനായും ഇൻസ്ട്രുമെന്റൽ മ്യൂസിക്കിന്റെ സഹായത്തോടെ അതേ കുട്ടികളെ ഉൾപ്പെടുത്തി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തി. ശ്രീകാന്തായിരുന്നു അത് കൊറിയോഗ്രാഫി ചെയ്തത്. അതുകാണാൻ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. അക്കാലത്ത് മലയാളികൾ പടുത്തുയർത്തിയ പള്ളികൾ ഇവിടെ അധികമൊന്നുമുണ്ടായിരുന്നില്ല. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർ പള്ളി പണിതുയർത്താനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ബൈബിൾകഥയെ അടിസ്ഥാനമാക്കി ശ്രീകാന്ത് സംവിധാനം ചെയ്ത നൃത്തം കണ്ടപ്പോൾ പള്ളിനിർമാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാൻ ഈ നൃത്തം അവർ ഒന്നുകൂടി അവതരിപ്പിക്കുമോ എന്ന അഭ്യർഥനയുമായി ആളുകൾ വന്നു. ശ്രീകാന്തിനോട് സംസാരിച്ചപ്പോൾ സമ്മതമായിരുന്നു. ബൈബിളിനെ ആധാരമാക്കി ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കാൻ അവർ കാണിച്ച ആർജവം അന്ന് ഏറെ പ്രശംസിക്കപ്പെട്ടു. നിറഞ്ഞ സദസ്സിലായിരുന്നു അവർ പരിപാടി അവതരിപ്പിച്ചത്. ആ പരിപാടി കഴിഞ്ഞതോടെ ശ്രീകാന്തിനെ അന്വേഷിച്ച് കൂടുതൽ ആളുകൾ എന്റെയടുക്കൽ വരാൻ തുടങ്ങി. ചിലർക്ക് അദ്ദേഹത്തിന്റെ കീഴിൽ നൃത്തം പഠിക്കണം, ചിലർക്ക് നൃത്തശില്പശാലകൾ വേണം. ചിലർക്ക് പരിപാടികൾ ബുക്ക് ചെയ്യണം. അവർ രണ്ടുപേരും കൂടി ആ അഭ്യർഥനകളെല്ലാം വേണ്ടവിധം പരിഗണിച്ചു. ഇപ്പോഴും ആ പരിഗണനകൾ തുടരുന്നു എന്നാണ് ഞാൻ കരുതുന്നത്.
അശ്വതി ആദ്യമായി വന്നപ്പോൾ സുരക്ഷിതയായി ഇവിടെയെത്തിയിട്ടുണ്ട് എന്ന് ഞാൻ എം.ടിയെ അറിയിച്ചു. അദ്ദേഹം കുറച്ചുനേരത്തെ മൗനത്തിനുശേഷം ഒരു കാര്യം പറഞ്ഞു: 'വത്സല അശ്വതിയെ സിതാരയുടെ അടുക്കലൊന്ന് കൊണ്ടുപോകണം. വേണ്ട കാര്യങ്ങൾ വത്സല മുൻകൈയെടുത്ത് ചെയ്യുമല്ലോ.' മറുത്തൊരു അഭിപ്രായം ആ കാര്യത്തിൽ എനിക്കില്ലായിരുന്നു. ഉടൻ തന്നെ ഞാനദ്ദേഹത്തോടുപറഞ്ഞു: 'തീർച്ചയായും എം.ടീ.'
(തുടരും)
ആത്മകഥയുടെ മുൻഭാഗങ്ങൾ വായിക്കാം
Published: 30 Jul 2026, 11:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented