പെണ്‍കുട്ടികള്‍ക്ക് സിലബസ്സിലുള്ളത് പഠിക്കാന്‍ മാത്രമല്ല, ജീവിതം കൂടി പഠിക്കാനുള്ള അസ്സല്‍ പാഠശാലയായിരുന്നു തിരുവനന്തപുരം വിമന്‍സ് കോളേജ്. ഞാന്‍ ഒരു മിക്‌സഡ് കോളേജിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ ഇത്രകണ്ട് വളരുമായിരുന്നോ എന്നത് സംശയമാണ്. ഞങ്ങളുടെ കോളേജിലെ എല്ലാ ആഘോഷങ്ങള്‍ക്കും, പ്രത്യേകദിനാചരണങ്ങളിലും മരത്തിലും മതിലിലും കയറി ബാനറും കൊടിതോരണങ്ങളും കെട്ടിയിരുന്നത് ഞങ്ങള്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളെക്കൊണ്ട് അതൊന്നുമാവില്ല എന്നൊരു സംഗതി അവിടെയില്ലല്ലോ. എല്ലാ കോളേജും നിര്‍ബന്ധമായും അല്ലാതെയും നടത്തിയിരിക്കേണ്ടതായ എല്ലാ പരിപാടികളും ഞങ്ങള്‍ക്കും ബാധകമാണല്ലോ. മിക്‌സഡ് കോളേജില്‍ ആണ്‍കുട്ടികളെ ആശ്രയിച്ചിരുന്ന കാര്യങ്ങള്‍ക്കൊക്കെ ഇവിടെ ഞങ്ങള്‍ തന്നെ 'മുണ്ടുംമടക്കിക്കുത്തി' ഇറങ്ങിത്തിരിക്കുകയാണ് പതിവ്. ഞങ്ങളുടെ കോളേജിലേക്ക് ആണുങ്ങള്‍ക്ക് വളരെ വിരളമായേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അതിനും കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമായിരുന്നു. അതിഥികളായിട്ടോ, പരിപാടി അവതരിപ്പിക്കാനോ അങ്ങനെയെന്തെങ്കിലും. അക്കാലത്ത് ഞങ്ങളുടെ കോളേജിലേക്ക് പ്രവേശനം ലഭിച്ചിരുന്ന ഒരാള്‍ സംഗീതജ്ഞന്‍ എം.ജി രാധാകൃഷ്ണനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ഡോ. ഓമനക്കുട്ടി മ്യൂസിക് വിഭാഗം പ്രൊഫസറായിരുന്നു. കോളേജിലെ പരിപാടികളോടനുബന്ധിച്ചുള്ള സംഗീതപരിപാടികള്‍ സംവിധാനം ചെയ്യാനായി അദ്ദേഹം വരുമായിരുന്നു. 

To advertise here,

തിരുവിതാംകൂര്‍ റാണിയായിരുന്നു ഫ്രഞ്ച് ഭാഷാ ലക്ചറര്‍. കൊട്ടാരത്തിലെ യൂണിഫോമൊക്കെ ധരിച്ചാണ് കാര്‍ ഡ്രൈവര്‍ അവരെയും കൊണ്ട് വരിക. റാണി വരുന്നത് കാണാനായി ഞങ്ങള്‍ അവിടവിടെയായി മറ്റ് അധ്യാപകരുടെ കണ്ണുവെട്ടിച്ച് നില്‍ക്കുമായിരുന്നു. പ്രിന്‍സസിന് ഇറങ്ങാനായി ഡ്രൈവര്‍ ഭവ്യതയോടെ ഡോര്‍ തുറന്നുകൊടുക്കും. അവര്‍ ഇറങ്ങി നടന്ന് കണ്ണില്‍ നിന്നും മറഞ്ഞതിനുശേഷമേ ഡ്രൈവര്‍ ആ നില്‍പില്‍ നിന്നും അനങ്ങുകയുള്ളൂ. 

റാണി വരുന്ന കാര്‍ വളരെ പഴഞ്ചനാണെന്നാണ് കണ്ടപ്പോള്‍ എനിക്കുതോന്നിയത്. ഞാന്‍ ഒരിക്കല്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കേ അച്ഛനോട് പറഞ്ഞു: 'അച്ഛാ കൊട്ടാരത്തിലെ രാജകുമാരി വരുന്ന കാര്‍ ഒരു പഴഞ്ചന്‍ തന്നെ. എന്താണ് അവര്‍ക്കൊരു പുതിയ കാറില്ലാത്തത്?' അച്ഛന്‍ എന്നോട് അപ്പോള്‍ അത്ഭുതം മുറ്റിയ ചിരിയോടെ പറഞ്ഞു: 'അത് റോള്‍സ് റോയ്‌സ് ആണ്!, അതെന്താണെന്ന് നിനക്കറിയാമോ.' റോള്‍സ് റോയ്‌സിന്റെ പ്രൗഢിയെക്കുറിച്ച് എനിക്കത്ര അറിവില്ലായിരുന്നു. കോളേജിലെ വിശേഷദിവസങ്ങളിലൊക്കെ മൂത്തവരായ രണ്ടുറാണിമാരും വന്ന് ഡാന്‍സ് പരിപാടികള്‍ക്കൊക്കെ പങ്കെടുക്കുമായിരുന്നു. തിരുവനന്തപുരത്തെ ഒരുവിധം ആളുകളെല്ലാം ഈ കൊട്ടാരവുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരായിരുന്നു. വിതുരയിലിരിക്കുന്ന എനിക്കാണേല്‍ ഇവരുടെ മഹത്വം അത്രയ്ക്കറിയില്ലതാനും. അപ്പോള്‍ റാണിമാര്‍ വരുമ്പോള്‍ അധികം പേരും ഭവ്യതയോടെ, രാജഭക്തി കലര്‍ന്ന മുഖത്തോടെയാണ് പെരുമാറുക. കണ്ടുനില്‍ക്കുന്ന എനിക്കത് അതിശയമായിരുന്നു. 

ഒ.എന്‍.വി സാര്‍ കുറച്ചുകാലം അവിടെ പഠിപ്പിക്കാന്‍ വന്നിരുന്നു. വളരെ കുറച്ച് കോളേജുകള്‍ ആയതിനാലും അവിടത്തെ അധ്യാപകര്‍ക്കെല്ലാം പരസ്പരം അറിയാവുന്നതുകൊണ്ടും സാഹിത്യലോകത്തെ അന്നത്തെ പ്രതിഭകളെല്ലാം അധ്യാപകരുടെ ക്ഷണപ്രകാരം കോളേജില്‍ വരുമായിരുന്നു. ഹൃദയകുമാരി ടീച്ചര്‍ ഇടവേളകളില്‍ അവിടെയെത്തി. ഇടയ്ക്ക് ട്രാന്‍സ്ഫറായി പോയി. സുജാത ടീച്ചറും ഹൃദയ ടീച്ചറും ഇംഗ്ലീഷ് സാഹിത്യത്തില്‍ കുട്ടികള്‍ക്കിടയില്‍ മികച്ച രീതിയില്‍ അഭിരുചി വളര്‍ത്തിയിരുന്നു. ബി.എ ഇംഗ്ലീഷിലേക്ക് എന്തുകൊണ്ടായിരുന്നു ഞാന്‍ പോവാതിരുന്നതെന്ന് പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്. കേരളത്തിലെ എന്റെ തുടര്‍ജീവിതത്തില്‍ ഇംഗ്ലീഷ് സാഹിത്യം കൊണ്ട് എനിക്ക് ഉപകാരമൊന്നുമുണ്ടായില്ലെങ്കിലും അമേരിക്കയില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള അഭിരുചി വളരെ ഉപകരിച്ചു. കാരണം ഇവിടെ വന്ന ആദ്യകാലത്ത് സായ്പ്പും മദാമ്മമാരും എന്നോട് ചോദിക്കുമായിരുന്നു, ഇന്ത്യയില്‍ നിന്നും വന്നിട്ട് എങ്ങനെയാണ് ഇംഗ്ലീഷ് ഇത്ര അനായാസമായി കൈകാര്യം ചെയ്യുന്നത് എന്ന്. സംസാരിക്കുമ്പോള്‍ ആക്‌സെന്റ് തെറ്റുമായിരുന്നു. പക്ഷേ എഴുതുമ്പോള്‍ ഞാന്‍ ഗ്രാമറും പദങ്ങളും കൃത്യമായി ഉപയോഗിച്ചു. അതവര്‍ക്ക് അത്ഭുതമായിരുന്നു. എന്റെ അധ്യാപകരോടും ശ്രീനിയണ്ണനോടും വളരെയധികം കടപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. 

ശ്രീനിയണ്ണന്‍ സ്റ്റെനോഗ്രാഫിക്ക് പഠിക്കുമ്പോള്‍ ഇംഗ്ലീഷായിരുന്നു പ്രധാനമായും ഉപയോഗിക്കേണ്ടത്. അന്ന് വിതുരയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം രണ്ടു വീടുകളില്‍ മാത്രമേ വരുത്തിയിരുന്നുള്ളൂ. വീട്ടുകാര്‍ വായിച്ചുകഴിഞ്ഞതിനുശേഷം മാത്രമേ പത്രം ചോദിക്കാന്‍ പാടുള്ളൂ. ശ്രീനിയണ്ണന്‍ പോയി പത്രം വാങ്ങിക്കൊണ്ടുവന്ന് എന്റെ കൈയില്‍ തരും; വായിച്ചുകൊടുക്കാന്‍. ഞാന്‍ വായിക്കുന്നതിന് അനുസരിച്ചുവേണം ശ്രീനിയണ്ണന് ഷോര്‍ട്ഹാന്‍ഡ് പരിശീലിക്കാന്‍. അതുകൊണ്ടുതന്നെ എന്നും വൈകുന്നേരം തലേ ദിവസത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് മുഴുവന്‍ വായിച്ചുകൊടുക്കണമായിരുന്നു. ശ്രീനിയണ്ണന്‍ 
അത് ഷോര്‍ട്ഹാന്‍ഡിലാക്കി പരിശീലിക്കും. പത്രം വായിച്ചുകൊടുക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് ഭാഷയോട് ഒരു പ്രത്യേക മമത തോന്നിയിരുന്നു. 

വിതുരയിലെ മഹാത്മാ വായനശാലയില്‍ അധികവുമുണ്ടായിരുന്നത് വിവര്‍ത്തന കൃതികളായിരുന്നു. വേഡ്‌സ്​വര്‍ത്തും കീറ്റ്‌സും ഷെല്ലിയും എലിയറ്റുമൊക്കെ എനിക്ക് പരിചിതരായിരുന്നു. വിവര്‍ത്തനകൃതികള്‍ വായിക്കുമ്പോള്‍ അത് മൂലഭാഷയില്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ എനിക്ക് അന്നേ ആകാംക്ഷയുണ്ടായിരുന്നു. സുജാത ടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഭാഷകൊണ്ട് അമ്മാനമാടുന്നത് കേട്ടിരിക്കാന്‍ നല്ല സുഖമായിരുന്നു. അസാധ്യമായിരുന്നു അവരുടെ ഭാഷാപ്രാവീണ്യം. ഓരോ കവിത വായിക്കുമ്പോഴും സുജാത ടീച്ചറുടെ ശബ്ദമായിരുന്നു മനസ്സില്‍ നിറയുക. അവരുടെ ശബ്ദത്തിലായിരുന്നു ഇന്നേവരെ ഞാന്‍ വായിച്ച കവിതകളെല്ലാം എന്റെ ചെവിയില്‍ വന്നുപതിഞ്ഞത്. ഒരു അധ്യാപികയുടെ 'പവര്‍' അതാണ്. കാലങ്ങള്‍ കഴിഞ്ഞ് സുഗത ചേച്ചിയുമായി വളരെയടുത്തപ്പോള്‍ അവരുമായി സംസാരിച്ചിരിക്കുമ്പോഴും സുജാത ടീച്ചറുടെ ശബ്ദമായിരുന്നു മനസ്സില്‍ നിറഞ്ഞിരുന്നത്. 

സുജാത ടീച്ചറോടുള്ള പ്രതിപത്തി എന്റെ ലാംഗ്വേജ് മാര്‍ക്കുകളില്‍ തെളിഞ്ഞുകാണാമായിരുന്നു. ഞാന്‍ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ടീച്ചര്‍ എറണാകുളം മഹാരാജാസിലേക്ക് സ്ഥലം മാറിപ്പോയത്. പിന്നെ ടീച്ചറെ കണ്ടില്ല. ദശാബ്ദങ്ങള്‍ക്കുശേഷം സുഗത ചേച്ചിയുമായുള്ള ഗാഢബന്ധം വന്നുചേര്‍ന്നപ്പോള്‍ സുഗതചേച്ചിയുടെ വീട്ടില്‍ വെച്ചായിരുന്നു സുജാത ടീച്ചറെ കണ്ടത്. അപ്പോഴേക്കും ആളാകെ മാറിപ്പോയിരുന്നു. വിമന്‍സ് കോളേജിലെ ആ പ്രസരിപ്പുള്ള മുഖം ടീച്ചറില്‍ കണ്ടില്ല. ടീച്ചര്‍ക്കെന്നെ മനസ്സിലായതുമില്ല. നൂറുകണക്കിന് മുഖങ്ങള്‍ നദിയൊഴുകുംപോലെ ഓരോവര്‍ഷവും ഒഴുകിപ്പോവുകയല്ലേ. ആരെയൊക്കെ ഓര്‍ത്തുവെക്കും? മഹാത്മാ വായനശാലയില്‍ നിന്നും വായിച്ച വിവര്‍ത്തന കൃതികളുടെ മൂലകൃതികള്‍ വായിക്കാന്‍ പ്രേരണയായത് സുജാത ടീച്ചറായിരുന്നു. തിരുവനന്തപുരത്തെ ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ ചെന്ന് പുസ്തകങ്ങളെടുത്ത് ലോകസാഹിത്യം അതിന്റെ ഒറിജിനല്‍ ഭാഷയില്‍ വായിക്കാന്‍ പറ്റിയിരുന്നു. സിലബസ്സിനപ്പുറത്തെ ഓരോ അധികവായനയിലെയും ഓരോ പേജും എന്റെ വരുംജീവിതം സുഗമമാക്കാനുള്ള പടവുകള്‍ പണിയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

ഡിഗ്രി ഒന്നാം വര്‍ഷമാവുമ്പോഴേക്കും തിരുവനന്തപുരത്ത് സ്വന്തമായി താമസിക്കാന്‍ എനിക്ക് ആളുകള്‍ ഒക്കെയായി. അതെനിക്ക് വിപരീതമായാണ് ഫലത്തില്‍ വന്നത്. ശ്രീനിയണ്ണന് ജോലി കിട്ടി തിരുവനന്തപുരത്തുണ്ട്, ചന്ദ്രബാബു അണ്ണനും തിരുവനന്തപുരത്താണ്. അപ്പോള്‍ എന്റെ അമ്മയ്ക്ക് 'ഒരു ഇന്ദ്രാനൂയി' ബുദ്ധി പ്രവര്‍ത്തിച്ചു. രണ്ട് അണ്ണന്മാരും തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ വത്സലാകുമാരിയെ എന്തിനാണ് ഹോസ്റ്റലില്‍ വിട്ട് അമിത ചെലവ് വരുത്തിവെക്കുന്നത്? ഒരു വീട് വാടകയ്ക്ക് എടുത്തിട്ട് എല്ലാവരും കൂടി അവിടെയങ്ങ് താമസിക്കട്ടെ. ചന്ദ്രബാബു അപ്പോഴേക്കും വിവാഹിതനായിട്ടുണ്ട്. വധുവിന് ജോലിയൊന്നുമില്ല. വീട്ടുകാര്യങ്ങള്‍ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങളും കൂടി നടത്തിക്കോളുമല്ലോ. അങ്ങനെ കോളേജിനടുത്തുള്ള ഒരു വീട് വാടകയ്‌ക്കെടുത്തു. താമസം തുടങ്ങി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നാത്തൂന്‍ ഗര്‍ഭിണിയായി. രാവിലെ എഴുന്നേല്‍ക്കാനാവാതെ വയ്യായ്കകള്‍ വന്നു. കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ അസ്വസ്ഥതകള്‍ തുടങ്ങി. അങ്ങനെ വീടും പാചകവും വീണ്ടും വത്സലാകുമാരിയുടെ തലയിലേക്ക് കൃത്യമായി വന്ന് ഭവിച്ചു. രാവിലെ എണീക്കണം, മൂന്നാലുപേര്‍ക്കുള്ള പ്രാതല്‍, ഉച്ചഭക്ഷണം, വീട് വൃത്തിയാക്കല്‍... എല്ലാം കഴിഞ്ഞ് കോളേജിലേക്കുള്ള ഓട്ടം. വൈകുന്നേരം വന്നാല്‍ അത്താഴത്തിനുള്ളത്, പ്രാതലിനുള്ള അരിമാവ് അരയ്ക്കല്‍... ചേടത്തിയമ്മ അവരെക്കൊണ്ടാവും വിധം സഹായിച്ചുതന്നു. പക്ഷേ ഗര്‍ഭം വല്ലതും സമ്മതിക്കുമോ? ആ വര്‍ഷം അങ്ങനെ അതിഗംഭീരമായ വീട്ടുത്തരവാദിത്തങ്ങളോടെ കഴിഞ്ഞു. ചേട്ടത്തിയമ്മയെ പ്രസവിക്കാന്‍ കൂട്ടിക്കൊണ്ടുപോയതോടുകൂടി വീടിന്റെ മുഴുവന്‍ സമയം ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിവൃത്തിയില്ലാതായി. അതോടെ എന്റെ പ്രാക്ടീസ് മുടങ്ങാന്‍ തുടങ്ങി. ഞാന്‍ കോച്ചിനോട് വസ്തുകള്‍ പറഞ്ഞു. അതോടുകൂടി ഹോക്കി കളി അവസാനിച്ചു. 

രണ്ടാം വര്‍ഷവും അമ്മ നൂയിയുടെ പ്ലാനിങ് കൃത്യമായിരുന്നു. വീട് മാത്രം മാറി, പൊറുതി പഴയതുപോലെ തന്നെ. ചേട്ടത്തിയമ്മ പക്ഷേ കുറച്ചുകൂടി പ്രായോഗികമായി കാര്യങ്ങള്‍ ചെയ്തു. വീട്ടുജോലി അത്രകണ്ട് എന്നെ ബാധിച്ചില്ല. ശ്രീനിയണ്ണന് ജോലി മാറ്റം കിട്ടിയിരുന്നു. ഞാനും ചേട്ടനും ചേട്ടത്തിയമ്മയും കുഞ്ഞും മാത്രമായി. വീട്ടില്‍ നിന്നും ബസ്സുകയറിയിട്ടുവേണമായിരുന്നു കോളേജിലെത്താന്‍. പഠനം ഞാന്‍ വിചാരിച്ചതുപോലെ അത്ര ഭംഗിയായി നടന്നില്ല. 

മൂന്നാം വര്‍ഷം പക്ഷേ പിന്മാറാന്‍ തയ്യാറാവാതെ ഒരു തീരുമാനമെടുത്തു. അച്ഛനോട് നേരിട്ട് കാര്യം പറഞ്ഞു. പഠിക്കാന്‍ ഒത്തിരിയുണ്ട്. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞിട്ട് സമയം തികയുന്നില്ല. ഹോസ്റ്റലിലേക്ക് മാറണം. എനിക്ക് അല്ലാതെയും ഒരു നഷ്ടബോധമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും ഞാന്‍ എക്‌സ്ട്രാ കരിക്കുലര്‍ ആയിട്ട് ഒന്നും ചെയ്തിരുന്നില്ല. മാഗസിനില്‍ ഒരു ചെറുകഥ എഴുതി എന്നല്ലാതെ കാര്യമായ നേട്ടമൊന്നുമില്ലായിരുന്നു. മൂന്നാം വര്‍ഷം ഹോസ്റ്റലില്‍ത്തന്നെ പോകണമെന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ട് പഠിച്ച് റിസല്‍ട്ടുണ്ടാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. ശ്രദ്ധ പഠിത്തത്തില്‍ മാത്രമാക്കിയതോടെ മികച്ച മാര്‍ക്കുവാങ്ങാന്‍ കഴിഞ്ഞു. 

ബി.എ ഫിലോസഫിയിലെ ലോജിക്കും എത്തിക്‌സും ഡോ. രാധാകൃഷ്ണന്റെ ഇന്ത്യന്‍ ഫിലോസഫിയും ഡേകാര്‍ട്ടും സ്പിനോസയും ജോണ്‍ ലോക്കും സംഭാവന ചെയ്ത വെസ്റ്റേണ്‍ ഫിലോസഫിയും എന്റെ അമേരിക്കന്‍ ഔദ്യോഗികജീവിതത്തിലേക്ക് തുറന്നുവെച്ച ജാലകങ്ങള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്. എവിടെയൊക്കെയോ എന്റെ പാതകള്‍ അടഞ്ഞുകിടന്നപ്പോള്‍ ആരും നടക്കാത്ത പാത മുമ്പില്‍ തുറന്നുകിടപ്പുണ്ടായിരുന്നു. തത്വശാസ്ത്രം എന്റെ ലോകധാരണകളിലേക്കായിരുന്നു വാതില്‍ തുറന്നുവെച്ചത്. ഫിലോസഫി ബിരുദവും കൊണ്ട് ഇവിടെ വന്ന് ലോകത്തെ തന്നെ ആദ്യത്തെ ജനറേഷന്‍ കംപ്യൂട്ടര്‍ തൊടാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. അവിടെയാണ് ലോജിക് എന്നെ സഹായിച്ചത്. അന്നൊക്കെ ലോജിക്കാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ വലിയൊരു ഭാഗം. ഇപ്പോഴാണത് എന്‍ജിനീയറിംഗ് ആന്‍ഡ് മാത്തമാറ്റിക്‌സ് ആയത്. ഫസ്റ്റ് ജനറേഷനിലെ കോബോള്‍, ബേസിക് തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജ്  തുടങ്ങിയവയുടെ പിറകിലെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ലോജിക് ആയിരുന്നു. അതുപോലെ എത്തിക്‌സ് ക്ലാസുകള്‍. ഓര്‍ക്കുമ്പോള്‍ തിരിച്ചറിയുന്നു, എന്റെയൊക്കെ സ്വഭാവഘടനയെ നിര്‍ണയിക്കുന്നതില്‍ വളരെയധികം പങ്കുവഹിച്ചിരുന്നു എന്റെ ഡിഗ്രി കോഴ്‌സും അനുബന്ധ വിഷയങ്ങളും. 

അമേരിക്കയില്‍ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പാര്‍ട് ടൈം ജോലികള്‍ക്ക് പോകുന്നത് പതിവാണ്. അങ്ങനെ പോകാന്‍ ഇവിടെ വലിപ്പച്ചെറുപ്പമോ സോഷ്യല്‍ സ്റ്റാറ്റസോ ഒന്നും തന്നെ തടസ്സമാകാറില്ല. സെനറ്റില്‍ ജോലി ചെയ്യുമ്പോള്‍ സമ്മറില്‍ ഇന്റേണ്‍ ആയിട്ട് വരിക വലിയ ആളുകളുടെ മക്കളൊക്കെയായിരുന്നു. ചെറിയ ശമ്പളമേ കിട്ടൂവെങ്കിലും ജോലി ചെയ്യണം എന്ന് കുട്ടികള്‍ക്ക് തന്നെ നിര്‍ബന്ധമാണ്. ചിലര്‍ റെസ്‌റ്റോറന്റുകളില്‍ വെയ്റ്ററായിട്ട് പോകും. ജോലി എന്ത് എന്നല്ല, എന്തുജോലിയും ചെയ്യുക എന്നതാണ് ഇവിടുത്തെ കുട്ടികള്‍ക്ക് മുഖ്യം. നമ്മുടെ നാട്ടില്‍ കുട്ടികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തെ കുടുംബത്തിന്റെ അവസ്ഥ ചിത്രീകരിച്ചുകൊണ്ടാണല്ലോ പലപ്പോഴും വാര്‍ത്തകള്‍ വരാറുള്ളത്. സ്‌കൂള്‍ കാലത്ത് മാലിനിയും സോണിയയും പാര്‍ട് ടൈം ജോലികള്‍ ചെയ്തിരുന്നു. കോളേജിലെത്തിയപ്പോള്‍ അവര്‍ക്ക് ഫുള്‍ടൈം ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. പല ദിവസങ്ങളില്‍ പല നേരത്തായിരുന്നു ക്ലാസുകള്‍. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും ജോലിക്കുപോകാന്‍ ഉത്സാഹമായിരുന്നു. പക്ഷേ എന്റെ കോളേജുകാലത്ത് വീട്ടിലെ പണികളും പഠനവും എന്നെ എത്രമാത്രം സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു എന്ന ചിന്തയായിരുന്നു എനിക്ക്. അതുകാരണം കുട്ടികള്‍ ജോലിക്കുപോകണമെന്ന് പറയുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. അത്രയും പൈസയൊക്കെ മുടക്കി പഠിപ്പിക്കാനയച്ചിട്ട് അവര്‍ അല്ലറച്ചില്ലറ ജോലിയും ചെയ്ത് പഠനത്തില്‍ ഉഴപ്പുമോ എന്ന ശങ്ക എന്നെ സദാ അലട്ടിയിരുന്നു. പക്ഷേ സമ്മര്‍ വെക്കേഷനുകളില്‍ അവര്‍ ജോലി അന്വേഷിച്ചു കണ്ടെത്തി. സെനറ്റില്‍ കുട്ടികള്‍ പാര്‍ട് ടൈം ജോലിക്ക് വന്നപ്പോഴാണ് ഈ ഓഫീസ് അനുഭവം ഭാവിജീവിതത്തില്‍ എത്രമാത്രം അവര്‍ക്ക് ഉപകാരമാവുമെന്നത് ഞാന്‍ തിരിച്ചറിഞ്ഞത്. ഓഫീസില്‍ പെരുമാറേണ്ട രീതി, വികസിപ്പിച്ചെടുക്കേണ്ടതായ കഴിവുകള്‍... ഇതൊക്കെ കുട്ടികള്‍ക്ക് പാര്‍ട് ടൈം ജോലിയിലൂടെ നേടാന്‍ കഴിയും. പക്ഷേ ഞാന്‍ പഠിക്കുമ്പോള്‍ ചെയ്ത പാചകവും വീട് വൃത്തിയാക്കലും മറ്റു പണികളും എന്റെ ഔദ്യോഗിക ജീവിതത്തില്‍ എന്ത് സംഭാവനയാണ് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. മള്‍ട്ടി ടാസ്‌കിങ് എന്നൊരു കഴിവുണ്ടായി. അത് സ്ത്രീകള്‍ക്ക് പൊതുവേ അവരെ മെരുക്കിയെടുക്കുന്ന വീട്ടകങ്ങളില്‍ നിന്നും ആര്‍ജിക്കുന്ന കഴിവാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠിത്തം തുടങ്ങിയപ്പോള്‍ വീട്ടിലെ ജോലി. ഔദ്യോഗികജീവിതം ആരംഭിച്ചപ്പോഴും വീട്ടിലെ ജോലി, വിവാഹം കഴിക്കല്‍, വീടുനോക്കല്‍, കുട്ടികളെ പ്രസവിക്കല്‍, വളര്‍ത്തല്‍, വീണ്ടും ജോലിയെടുക്കല്‍, വീണ്ടും പാചകം ചെയ്യല്‍...

വീടുപണിയും പാചകവും എന്റെ തലയില്‍ എന്നോ എഴുതിപ്പിടിപ്പിച്ചതാണെന്ന് തോന്നിയിട്ടുണ്ട്. ഒരു ശരാശരി മലയാളി വധുവിന്റെ അടുക്കള ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒരുവിധം തലയൂരി അമേരിക്കയിലെത്തിയപ്പോഴും കിട്ടുന്ന സാമഗ്രികള്‍ കൊണ്ട് വെച്ചുവിളമ്പേണ്ടുന്ന ഉത്തരവാദിത്തം അവിടെ കാത്തിരിപ്പുണ്ടായിരുന്നു. അക്കാലത്തൊന്നും ഇന്നത്തെപ്പോലെ റെസ്‌റ്റോറന്റുകള്‍ ധാരാളമില്ല. പോരാത്തതിന് എന്നും റസ്‌റ്റോറന്റില്‍ പോയി കഴിക്കാന്‍ പേഴ്‌സ് സമ്മതിക്കുകയുമില്ല. അമേരിക്കയില്‍ വളരെ ധനികരായവര്‍ മാത്രമേ വീട്ടുജോലിക്കാരെ വെക്കുകയുള്ളൂ. ഏതുപദവിയില്‍ ഇരിക്കുന്നവരായാലും വീട്ടുജോലികളൊക്കെ സ്വയം ചെയ്യുകയാണ് പതിവ്. അതൊക്കെ കാണുമ്പോള്‍ എഴുപത് കഴിഞ്ഞിട്ടും പാചകവും വീട് പരിപാലനവുമെല്ലാം ഞാനും 'അപ്‌നാ അപ്‌നാ' തന്നെ!

(തുടരും)

തയ്യാറാക്കിയത്: ഷബിത