സൈലൻസ്‌ ഓഫ് ദ ലാംബ് ഉൾപ്പെടെയുള്ള വളരെയധികം മികച്ച ഹോളിവുഡ് സിനിമകൾ എടുത്തിട്ടുള്ള യൂണിയൻ സ്റ്റേഷനും ചരിത്രപ്രസിദ്ധമായ സംഭവങ്ങൾ അരങ്ങേറിയ ലൊക്കേഷനുകളും ഷൂട്ടിങ്ങിനായി അനുവാദം വാങ്ങിക്കൊടുക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത് സീരിയൽ സംഘം പരമാവധി ഇവിടെയുള്ളതെല്ലാം ഷൂട്ട് ചെയ്യുമെന്നും അനുയോജ്യമായ ഇടങ്ങളിൽ പ്രദർശിപ്പിക്കുമെന്നുമായിരുന്നു. ആ സ്ഥലങ്ങളുടെ പ്രാധാന്യത്തിനായിരുന്നു ഞാൻ ശ്രദ്ധ കൊടുത്തത്. പല കടമ്പകളും തരണം ചെയ്തുനേടിയ ആ അനുവാദത്തിന്റെ വില ഉൾക്കൊള്ളാതെ ഉച്ചവരെ ഷൂട്ട് ചെയ്ത് പാക്കപ്പ് പറഞ്ഞത് ഒരുവിധത്തിലും എനിക്ക് ന്യായീകരിക്കാനായില്ല. എന്റെ ഔദ്യോഗികജീവിതത്തിലെ വളരെ നിർണായകമായ ഒരു സ്ഥാനക്കയറ്റം ലഭിച്ചതിന്റെ ആഹ്ലാദം ഉറ്റവരുമായി പങ്കുവെക്കാൻപോലും കഴിയാതെ എന്തിനായിരുന്നു ഇത്രയധികം മാനസിക സംഘർഷം തരുന്ന ഒരു കാര്യത്തിൽ തലയിടാൻ പോയതെന്ന് ഞാനെന്നോടുതന്നെ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. തിരികെ ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ തീരുമാനിച്ചു അതുവരെയുള്ള പണമെല്ലാം സെറ്റിൽ ചെയ്ത് ഈ പദ്ധതി ഉപേക്ഷിക്കാം. ഈ സംഘർഷവുംകൂടി താങ്ങാനുള്ള ശേഷിയില്ല. ഔദ്യോഗികമായി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സീരിയൽ നിർമാണം എനിക്കുപറഞ്ഞ പണിയല്ല. അങ്ങനെ എന്റെതായ ഒട്ടേറെ കാരണങ്ങളാൽ മടുത്തിരിക്കുന്ന സമയത്താണ് പദ്മിനിച്ചേച്ചി വിളിക്കുന്നത്.

To advertise here,

'എടീ, എന്തായി നമ്മുടെ സീരിയൽ? എന്റെ ഭാഗമെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞു. മൊത്തത്തിൽ എന്നാണ് തീരുന്നത്? എപ്പോഴത്തേക്കാണ് നമ്മൾ ഇത് ഇറക്കാൻ ഉദ്ദേശിക്കുന്നത്?' ആവേശത്തോടെ നിർത്താതെയുള്ള ചോദ്യങ്ങളാണ്. ചേച്ചിയുടെ ചോദ്യങ്ങൾ കേട്ടതോടെ എന്റെ മനസ്സ് ഒന്നുകൂടി ഇടിഞ്ഞു. ഇത് അവസാനിപ്പിക്കുകയാണെന്ന് എങ്ങനെ അവരോട് പറയും? കാലങ്ങൾക്കുശേഷം സ്‌ക്രീനിൽ തന്റെ മുഖം തെളിയുന്നതും കാത്ത് ഇരിക്കുന്ന ആ പൂർണപ്രതിഭയോട് ഞാൻ ചെയ്യുന്നത് ക്രൂരതയായിപ്പോവില്ലേ? ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് കാറോടിക്കുമ്പോൾ എന്റെ മനസ്സ് ആകെ കലങ്ങിയിരുന്നു. ഡ്രൈവ് വേയിലൂടെ വീടിനടുത്തെത്തിയപ്പോൾ ഞാനൊരു കാഴ്ച കണ്ടു. ഞങ്ങളുടെ വീടിന്റെ മുൻവശത്തായി ഒരു തടാകമുണ്ട്. അതിൽ നിറയെ കൊക്കുകളും താറാവുമെല്ലാം പതിവുകാരാണ്. തടാകത്തോട് അഭിമുഖമായി വീടിന്റെ പടിയിൽ ഇരുന്നുകൊണ്ട് ശരത്തും രഞ്ജിത്ത് ശങ്കറും പരസ്പരം ചർച്ചചെയ്യുകയാണ്. രഞ്ജിത്തിന്റെ കൈയിൽ ഒരു റൈറ്റിങ് പാഡുമുണ്ട്. ഞാൻ കാർ പതുക്കെയാക്കി അവരെത്തന്നെ നോക്കി കുറച്ചുനേരം ഇരുന്നു. പ്രതീക്ഷകൾമാത്രം നിറഞ്ഞ രണ്ടു ചെറുപ്പക്കാരുടെ മുഖങ്ങൾ. ആദ്യമായിട്ടാണ് അമേരിക്കയിൽ ഒരു പ്രൊജക്ടുമായി അവർ വരുന്നത്. ഈ പുതുമുഖങ്ങളെ ഞാൻ പാതിവഴിക്ക് ഉപേക്ഷിക്കുന്നതെങ്ങനെയാണ്? രണ്ടു പ്രതീക്ഷകളായിരുന്നു എന്നെ പ്രതിസന്ധിയിലാക്കിയത്. ഒരു ഭാഗത്ത് അഭിനയത്തിന്റെ പരകോടിയിലെത്തി പിന്നീട് യാഥാർഥ്യജീവിതത്തിലേക്ക് മറഞ്ഞ പദ്മിനിച്ചേച്ചി വീണ്ടും സ്‌ക്രീനിനെ ആശയോടെ നോക്കുന്നു, വെള്ളിത്തിരയിലേക്ക് കാലുറപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന രണ്ട് യുവാക്കളുടെ കണ്ണുകളിലെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ മറ്റൊരു ഭാഗത്ത്. കാറിലിരിക്കുമ്പോൾ ശേഖറിനോട് ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്ന ഞാൻ വീട്ടിലെത്തിയ ഉടൻ തന്നെ മുകളിൽ അദ്ദേഹത്തിന്റെ മുറിയിൽ പോയി തീരുമാനം മാറ്റിപ്പറഞ്ഞു: 'പണം പോകുന്നെങ്കിൽ പോട്ടെ, ഇത് നമ്മൾ തുടരുകയാണ്. എനിക്ക് വിരമിക്കൽ പ്രായമില്ലല്ലോ. അറുപതുവയസ്സോടുകൂടി ജോലിയിൽ നിന്നും വിരമിക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാൻ. രണ്ടുവർഷം കൂടി അധികം പണിയെടുത്താൽ ഈ ബാധ്യത തീർക്കാവുന്നതേയുള്ളൂ. ഞാനെന്റെ വിരമിക്കൽ പ്രായം അറുപത്തിരണ്ടാക്കി ഉയർത്തിയിരിക്കുന്നു.' ശേഖർ ഒന്നും പറഞ്ഞില്ല. പദ്മിനിച്ചേച്ചിയും ശരത്ദാസും രഞ്ജിത് ശങ്കറുമാണ് ആ സീരിയലുമായി ഞാൻ മുന്നോട്ടുപോകാനുള്ള കാരണമായത്.

നാൽപത് എപ്പിസോഡിലായി സീരിയൽ എടുക്കാനായിരുന്നു പദ്ധതി. അങ്ങനെയാണ് ഈ പ്രൊജക്ട് എന്റെ മുമ്പിൽ അവതരിപ്പിച്ചത്. നാട്ടിലെത്തി പോസ്റ്റ് പ്രൊഡക്ഷൻ ചെയ്തുവന്നപ്പോഴേക്കും എപ്പിസോഡ് 28 ആയി ചുരുങ്ങി. 28 എപ്പിസോഡുമായി ഏഷ്യാനെറ്റിനെ സമീപിച്ചപ്പോൾ അവർ കൈയൊഴിഞ്ഞു. ആ സമയത്ത് മെഗാ സീരിയലാണ് താരം. ഇത്തരം ചെറിയ സീരിയലുകൾക്ക് പ്രേക്ഷകർ കുറവാണ്. ഈ സീരിയൽ ഒന്നു വെളിച്ചം കാണിക്കാൻ മാത്രമായി ഇടതടവില്ലാതെ നാലുപ്രാവശ്യം അമേരിക്കയിൽ നിന്നും ഞാൻ നാട്ടിലേക്ക് പറന്നു. കൈയിൽ നിന്നും തെറിച്ചിരിക്കുന്നത് ഡോളറുകളാണ്. ആരെങ്കിലും കേട്ടാൽ ചെവി പൊട്ടുന്ന ശകാരം കേൾക്കുന്ന തരത്തിലാണ് പണം പോയിരിക്കുന്നത്. ഒരു ദൃശ്യാവിഷ്‌കാരം വിൽക്കാൻ പറ്റിയില്ലെങ്കിൽ അതിനുപിന്നണിയിൽ പ്രവർത്തിച്ച ആരും തന്നെ നമ്മോടൊപ്പമുണ്ടാകില്ല. എല്ലാ പാപഭാരവും നിർമാതാവ് തന്നെ ചുമലിലേറ്റിക്കൊള്ളണം. ഈ മേഖലയിലുള്ളവരുമായിട്ട് എനിക്ക് യാതൈാരു ബന്ധവുമില്ലെന്നോർക്കണം. ആരോടാണ് കച്ചവടം പറയേണ്ടത്, എന്താണ് പറയേണ്ടത് എന്നുപോലും അറിയില്ല. ഭാഗ്യത്തിന് അണിയറയിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം അപ്പപ്പോൾ കൊടുക്കാൻ പറ്റിയിരുന്നു.

സീരിയലുമായി ബന്ധപ്പെട്ട് നാട്ടിലേക്കുള്ള യാത്രയിൽ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ചെയർമാൻ രാജ്‌മോഹനെ കാണാൻ തീരുമാനിച്ചത് ഏതു പ്രചോദനത്താലാണെന്ന് ഇന്നുമെനിക്കറിയില്ല. പക്ഷേ അതായിരുന്നു ആയിടക്ക് എനിക്ക് കൈക്കൊള്ളാൻ കഴിഞ്ഞ മികച്ച തീരുമാനങ്ങളിൽ ഒന്ന്. ഞാൻ ചെന്നുപെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് വിശദമായി പറഞ്ഞു. പൈസയോ പോയി, ഇത്രയും കഷ്ടപ്പാട് സഹിച്ചിട്ട് അതൊന്ന് വെളിച്ചം കാണാനായില്ല എന്നത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അതെങ്ങനെയെങ്കിലും വെളിയിൽ കാണിക്കണം എന്ന് രാജ്‌മോഹൻ എന്നോട് പറഞ്ഞു. അദ്ദേഹം എന്നെയും കൂട്ടി കൈരളിയിൽ പോയി. ജോൺ ബ്രിട്ടാസാണ് ചാനലിന്റെ എം.ഡി. കൈരളിക്ക് പ്രമേയമൊക്കെ ഇഷ്ടമായി. പക്ഷേ ഒരു എപ്പിസോഡിന് ഞാൻ മുടക്കിയ തുകയുടെ നാലിലൊന്നുപോലും തരാൻ കഴിയില്ല. നിരാശതോന്നിയെങ്കിലും ഈ കച്ചവടത്തിൽ നിന്നും ഒന്നും തിരിച്ചുകിട്ടില്ല എന്ന ബോധ്യം എനിക്കു എന്നോ വന്നുകഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലുമൊന്ന് പെട്ടിയിൽ നിന്നും പുറത്തുവന്നാൽ മതി. എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഞാൻ പലർക്കുമുന്നിലും ഈ നിർമാണം കാരണം അപഹസിക്കപ്പെടാൻ തുടങ്ങിയിരുന്നു. എങ്ങോട്ടുതിരിഞ്ഞാലും സീരിയൽ എവിടെ എന്നായിരുന്നു ചോദ്യം.

സാമ്പത്തികമായി ഞാൻ അമ്പേ മൂക്കുകുത്തി വീണിരിക്കുകയാണ്. ഇത്രയും പണം ചെലവായതിൽ ശേഖറിന് വലിയ വിഷമം ഉണ്ടായിരുന്നു. ഞാനദ്ദേഹത്തോട് മുമ്പ് പറഞ്ഞതുതന്നെ ആവർത്തിച്ചു: ഇവിടെ നമുക്ക് റിട്ടയർമെന്റ് ഏജ് ഇല്ല. ഞാൻ ജോലി ചെയ്യാൻ ഉദ്ദേശിച്ച പ്രായവും കഴിഞ്ഞ് രണ്ടുവർഷം കൂടി അധികം പണിയെടുത്താൽ ഈ ബാധ്യത തീർക്കാവുന്നതേയുള്ളൂ. പോയ പണം അധ്വാനിച്ച് തിരികെപിടിക്കാം. അതേക്കുറിച്ച് വിഷമിക്കേണ്ടതില്ല. അധ്വാനിക്കാൻ ആരോഗ്യമുണ്ടായാൽ മതി. ആത്മവിശ്വാസം മാത്രമേ എനിക്ക് തുണയായിട്ടുണ്ടായിരുന്നുള്ളൂ. വത്സലാശേഖർ സീരിയൽ നിർമിച്ച് ഉള്ളതെല്ലാം പോയി എന്ന ഗോസിപ്പ് കേൾക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ കൈരളി പറഞ്ഞ തുകയ്ക്ക് സീരിയൽ കൊടുക്കാൻ രാജ്‌മോഹൻ സാറിന് മനസ്സില്ലായിരുന്നു. അദ്ദേഹം എന്നെയും കൂട്ടി ഏഷ്യാനെറ്റിൽ പോയി നേരെ മാധവൻ സാറിനെ കണ്ടു. അദ്ദേഹം കഥകളൊക്കെ കേട്ടു. ഇങ്ങനെയൊന്ന് തുടങ്ങാൻ ഏഷ്യാനെറ്റും ഒരു കാരണമായിരുന്നല്ലോ. അദ്ദേഹം മെഗാസീരിയലുകളുടെ സ്വീകാര്യതയെക്കുറിച്ചൊക്കെ പറഞ്ഞതിനുശേഷം നമ്മുടെ സീരിയൽ എടുക്കാൻ ധാരണയായി. എപ്പിസോഡിന് അവർ നിശ്ചയിച്ചിരിക്കുന്ന തുക കൈരളിയേക്കാൾ വളരെ മെച്ചപ്പെട്ടതാണ്. ചെറിയ സീരിയലുകൾക്കൊന്നും പരസ്യം ലഭിക്കാത്ത കാര്യവും അദ്ദേഹം ചർച്ച ചെയ്തു. രാജ്‌മോഹൻ സാർ ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ പരസ്യം തരാമെന്ന് ഉറപ്പുകൊടുത്തു. കൂടുതൽ ചിന്തിക്കാതെ കരാറിൽ ഞാൻ ഒപ്പുവെച്ചു. ഇന്ത്യൻ റുപ്പീസിലാണ് പണം തന്നത്. അത് അമേരിക്കൻ ഡോളറിലേക്ക് മാറ്റുമ്പോൾ തീർത്തും നിരാശാജനകമായിരിക്കും എന്നറിയാമായിരുന്നിട്ടും ഞാൻ സന്തോഷിച്ചു. കാരണം സീരിയൽ വെളിച്ചം കാണുകയാണല്ലോ.

ആത്മാർഥതയിൽ വെള്ളം ചേർക്കാതിരുന്നാൽ നിങ്ങളിരിക്കുന്ന തുലാസ് താഴ്ന്നുതന്നെ ഇരിക്കുമെന്നതാണ് എന്റെ വിശ്വാസം. വിതുരയുടെ വെളിച്ചം കയറാത്ത മുക്കിൽ നിന്നും അമേരിക്കൻ സെനറ്റ് ഓഫീസിന്റെ കണ്ണായ കസേരയിൽ ഞാൻ എത്തിച്ചേർന്നത് എന്നത് എന്റെ ആത്മാർഥതയിൽ എനിക്കുള്ള ആത്മവിശ്വാസമാണ്. നാട്ടിൻപുറത്തുകാരായ അച്ഛനും അമ്മയും സ്‌നേഹവും വിശ്വാസവും ആത്മാർഥതയും മാത്രം തന്ന് വളർത്തിയതിന്റെ ഒരുപാട് ഗുണങ്ങൾ എന്റെ ജീവിതത്തിലുടനീളം പല സന്ദർഭങ്ങളിലും എന്നെ തുണച്ചിട്ടുണ്ട്. അവസരോചിതമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് അവരുടെ ഗുരുത്വം മാത്രമാണ്. ഏഷ്യാനെറ്റ് ഓരോ എപ്പിസോഡിനും തരുന്ന പണം അമേരിക്കയിലേക്ക് കൊണ്ടുപോവുന്നില്ല എന്ന തീരുമാനവും അവസരോചിതമായത് അങ്ങനെയാണ്. അതിനൊരു കാരണമുണ്ടായിരുന്നു.

ഞങ്ങൾ കുറച്ച് സഹപ്രവർത്തർ മുൻകൈയെടുത്ത് ഒരു ബുക് ക്ലബ് തുടങ്ങിയിരുന്നു. പുസ്തക വായനയും ചർച്ചയും സജീവമായപ്പോൾ നമുക്കൊരു ഇൻവെസ്റ്റ്‌മെന്റ് ക്ലബ്് കൂടി തുടങ്ങിയാലോ എന്ന് കൂട്ടത്തിലാരോ പറഞ്ഞു. അതൊരു നല്ല നീക്കമായി തോന്നിയ ഞങ്ങൾ ഒരു ഇൻവെസ്റ്റ്‌മെന്റ് ക്ലബ് തുടങ്ങി. നിക്ഷേപം എന്നാൽ എന്താണ്, എങ്ങനെ നിക്ഷേപിക്കണം എന്നൊക്കെ ഞങ്ങൾ പതുക്കേ പഠിച്ചുതുടങ്ങുകയായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്തായ രവി പീനാട്ടിനോടായിരുന്നു നിക്ഷേപകാര്യങ്ങളൊക്കെ ഞാൻ ചോദിച്ചിരുന്നത്. ഏഷ്യാനെറ്റിൽ നിന്നും കിട്ടിയ പണം ബാങ്കിലിടുന്നതിനുപകരം മ്യൂച്ചൽഫണ്ടിൽ നിക്ഷേപിച്ചാലോ എന്ന ചിന്ത വരുന്നത് അങ്ങനെയാണ്. നാട്ടിൽ മ്യൂച്ചൽഫണ്ട് പരിചിതമായി വരുന്ന കാലമാണ്. പക്ഷേ അമേരിക്കയിൽ അത് സാധാരണമാണ്. നാടുമായുള്ള ബന്ധം ഞാൻ പാടേ വിച്ഛേദിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. ഈ പണം ഇവിടെത്തന്നെ കിടക്കട്ടെ. ഇവിടുത്തെ മ്യൂച്ചൽഫണ്ടിനെക്കുറിച്ചൊക്കെ വിശദമായി പഠിച്ച്, ഏതിൽ നിക്ഷേപിക്കണം എന്നൊക്ക എനിക്കൊരു ധാരണയുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂച്ചൽഫണ്ട് ടീമുമായി ബന്ധപ്പെട്ട് ഒരു സ്‌കീം തിരഞ്ഞെടുത്ത് ഓരോ എപ്പിസോഡിനുമായി കിട്ടുന്ന പണം അതിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു. യാതൊരു ഉറപ്പുമില്ലാത്ത പരിപാടിയാണ്. ചിലപ്പോൾ ഉള്ളതും പോയിക്കിട്ടും. വരുന്നത് വരട്ടെ, ഏതായാലും ഇത്രയധികം നഷ്ടപ്പെടുത്തിയില്ലേ എന്നായിരുന്നു എന്റെ മൂഡ്. 2002-ലാണ് ഞാനിത് ചെയ്യുന്നത്.

2007-ൽ മാലിനിയുടെ വിവാഹമുറപ്പിച്ചപ്പോൾ എനിക്കുതന്നെ വിശ്വസിക്കാൻ പ്രയാസമായിരുന്നു; അന്നെനിക്ക് നഷ്ടമായ മുഴുവൻ തുകയും അതിന്റെ നേർപകുതിയും മ്യൂച്ചൽഫണ്ട് തിരികെ തന്നിരിക്കുന്നു! ഷെയർമാർക്കറ്റ് പിടിച്ചാൽ കിട്ടാത്ത കുതിപ്പുയർന്ന സമയത്തായിരുന്നു ഈ നേട്ടം എനിക്ക് തുണയായത്. ഇതുപറയുമ്പോൾ ഇപ്പോഴും ഞാൻ അവിശ്വസനീയതയോടെ ആ കണക്കുകൾ നോക്കാറുണ്ട്. മാലിനിയുടെ വിവാഹം നടത്താൻ ആ ഫണ്ട് ആവശ്യത്തിലും അധികമായിരുന്നു.

ആ സീരിയൽ മറ്റൊരു ചരിത്രം കൂടി കുറിച്ചു. മികച്ച സീരിയലിനുള്ള സംസ്ഥാന അവാർഡ് ആ സീരിയലിനെത്തേടി വന്നു. മികച്ച നടനായി രവി വള്ളത്തോളും, സഹനടിമാരായി മീരാ മേനോനും ദീപാ അയ്യങ്കാറും തിരഞ്ഞെടുക്കപ്പെട്ടു. അതിലെ മികച്ച സഹനടികളിൽ ഒരാളാണ് ഇപ്പോൾ അമേരിക്കയിലെ പേരുകേട്ട സംവിധായികയും നിർമാതാവുമൊക്കെയായിട്ടുള്ള മീരാ മേനോൻ. താരാ ആർട്‌സ് വിജയൻ മേനോന്റെ മകൾ മീര. രഞ്ജിത് ശങ്കർ മികച്ച തിരക്കഥാകൃത്തായി. ആ സീരിയലിന്റെ പേര് ഇനിയെങ്കിലും പറയണമല്ലോ. അതായിരുന്നു 'അമേരിക്കൻ ഡ്രീംസ്.'

അമേരിക്കൻ ഡ്രീംസ് എനിക്ക് തന്നതത്രയും അനുഭവങ്ങളുടെ ചാട്ടുളികളായിരുന്നു. പക്ഷേ അതിൽ നിന്നും ഞാൻ സാംശീകരിച്ചത് മികച്ച ഓർമകളെയും മുഹൂർത്തങ്ങളെയുമായിരുന്നു. പദ്മിനിച്ചേച്ചി എന്ന ലെജന്റിനെ മരണംവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കാൻ കഴിഞ്ഞു. അമേരിക്കൻ ഡ്രീംസിൽ പ്രവർത്തിച്ച എല്ലാവരുടെയും ഉയർച്ച കാണാൻ ഭാഗ്യമുണ്ടായി. അതിൽ പലരുമായും ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നു. ശേഖറിന് എല്ലാം കൊണ്ടും സമാധാനം തിരികെ വന്നു. ഈയിടെ യൂട്യൂബിൽ ആരോ അപ് ലോഡ് ചെയ്ത 'അമേരിക്കൻ ഡ്രീംസ്' ഒരിക്കൽക്കൂടി കണ്ടു. അതുകാണുമ്പോൾ അമേരിക്കയിലെ അതിശൈത്യത്തിലും എനിക്ക് വിയർപ്പു പൊടിയുന്നുണ്ടായിരുന്നു. ഓരോസീനിനുപിറകിലുമുണ്ടായിരുന്ന അധ്വാനമോർത്ത് അന്ന് വിഷമിച്ചതിൽ ഇന്നെനിക്ക് ചിരി വരുന്നു. ഇത്രയേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാനൊരു നിർമാതാവിന്റെ സംഘർഷം അനുഭവിച്ചെങ്കിലും ഇന്ന് ഞാനത് ഒരു ആസ്വാദകയുടെ മനോഭാവത്തോടെ കാണുമ്പോൾ എങ്ങനെ സാധിച്ചു എന്നോർത്ത് അതിശയപ്പെടുകയുമാണ്.

 

(തുടരും)