
ഇന്ത്യക്കാർ കണ്ട, പേർത്തും പേർത്തും കണ്ട, പിന്നെയും പിന്നെയും കണ്ടുകൊണ്ടിരിക്കുന്ന ഒരു സിനിമയുടെ അൻപതാം വാർഷികമാണ് 2025. 'ഷോലെ' എന്നാൽ കനൽ എന്നർത്ഥം. എരിഞ്ഞുതീർന്നിട്ടും കെടാത്ത കനൽ. അണുബിന്ദുവിലെ സൂര്യപിണ്ഡം പോലെയാണ് കനൽ. ചിത കത്തിത്തീർന്ന് പിറ്റേന്നുചെല്ലുമ്പോൾ കാണാം ജീവന്റെ കണികപോലെ ഒരു തിളക്കം.
1975 ജൂണിലാണ് ഇന്ത്യയിൽ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ ഇന്നത്തെ ജനസംഖ്യയിൽ എൺപതുകോടിയാളുകൾ 1975 നുശേഷം ജനിച്ചവരാണ്. അവരെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ ചരിത്രത്തിലെ കേട്ടറിവാണ്. 1975 ജൂൺ 25 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിൽ 'ഷോലെ' എന്ന സിനിമ റിലീസ് ചെയ്തത് അതേ വർഷത്തിലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ഷോലെ ജനങ്ങൾ വീണ്ടും വീണ്ടും കാണുമ്പോൾ ജയപ്രകാശ് നാരായണനും എ .കെ . ഗോപാലനും അടൽ ബിഹാരി വാജ്‌പേയിയും സ്നേഹലത റെഡ്ഢിയും പ്രമീള ദണ്ഡവതെയും ജയിലായിരുന്നു. 2025 ലെ സ്വാതന്ത്ര്യദിനത്തിൽ ആ ചിത്രത്തിൻറെ അൻപതാമാണ്ട് ഓർമ്മിക്കപ്പെടുമ്പോൾ ചിലർ ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലം എന്നു പറയുന്നു. എന്നാൽ ഇത് സുവ്യക്തമായ ഒരടിയന്തരാവസ്ഥയാണ്. അടിയന്തരപ്രാധാന്യം ജനങ്ങളിൽ നിന്നും ആവശ്യപ്പെടുന്ന അവസ്ഥ എന്നർത്ഥം.
രണ്ടുകുറ്റവാളികളാണ് ജനങ്ങളുടെ പ്രതിരോധത്തിനായി ये दोस्ती हम नहीं तोड़ेंगे, तोड़ेंगे दम मगर तेरा साथ ना छोडेंगे ( ഞങ്ങൾ മരിച്ചാലും ഈ ചങ്ങാത്തം ഉപേക്ഷിക്കില്ല) എന്നുപാടി ആ ഗ്രാമത്തിലേക്കു വന്നത്. കൊള്ളക്കാരൻ കേന്ദ്രസ്ഥാനത്തുള്ള ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളുടെ ആഖ്യാനഗതിയിലേക്ക് ഒരിന്ത്യൻ ഗ്രാമത്തെ സന്നിവേശിപ്പിച്ചതാണ് ഷോലെ. സമൂഹത്തിലെ ഫ്യൂഡൽ വ്യവസ്ഥയെ ആ ചിത്രം ചോദ്യം ചെയ്തില്ല. ഈ ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രതിലോമകമൂല്യങ്ങളെക്കുറിച്ച് ചലച്ചിത്രചരിത്രകാരൻ എം . മാധവ പ്രസാദ് ( Ideology of the Hindi Film A Historical Construction, 1998) വിശദമായി എഴുതിയിട്ടുണ്ട്. അത്തരം ചലച്ചിത്രവ്യാഖ്യാനങ്ങളിലേക്ക് ഇവിടെ പോകാൻ ഉദ്ദേശിക്കുന്നില്ല. വൻവിജയമായി മാറിയ, ജനപ്രിയമായ, ഒരു കമ്പോളസിനിമയായിരുന്നു അത്. 1975 ൽ ആ സിനിമ റിലീസ് ചെയ്തപ്പോൾ ഇന്ത്യൻ സിനിമയിൽ സമാന്തരമായി ഉണ്ടായ മറ്റുചില ചലച്ചിത്രങ്ങളെക്കുറിച്ച് സൂചിപ്പിക്കാം.
അക്കൊല്ലമാണ് സത്യജിത് റേയുടെ 'ജന ആരണ്യ' റിലീസ് ചെയ്തത് . അക്കൊല്ലമാണ് മലയാളത്തിൽ അപൂർവാനുഭവമായി മാറിയ ഉത്തരായണം (ജി . അരവിന്ദൻ ) പുറത്തുവന്നത്. അക്കൊല്ലമായിരുന്നു കന്നടയിൽ ബി .വി . കാരന്തിന്റെ 'ചോമനദുഡി'യും ഹിന്ദിയിൽ കുമാർ ഷഹാനിയുടെ 'മായാദർപ്പണും' ശ്യാം ബെനഗലിന്റെ 'നിശാന്തും' തമിഴിൽ കെ . ബാലചന്ദറിന്റെ 'അപൂർവ്വരാഗങ്ങളും' മലയാളത്തിൽ പി .എ . ബക്കറിന്റെ 'കബനീനദി ചുവന്നപ്പോഴും' പുറത്തുവന്നത്. ലോകസിനിമയിലോ ? ഷോലേയ്ക്കു സമാന്തരമായി ഒരു വലിയ തരംഗസൃഷ്ടിയായ ജനപ്രിയസിനിമ ഹോളിവുഡിലുണ്ടായ വർഷമായിരുന്നു 1975. സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത Jaws ഇറങ്ങിയ വർഷമായിരുന്നു അത്. എന്നാൽ അതേവർഷമാണ് കാലാതിശായികളായ കുറേ കലാചിത്രങ്ങൾ ലോകം കണ്ടത് , മാർത്ത മെസറോസിന്റെ ഹങ്കേറിയൻ സിനിമ 'Adoption', ഇറ്റാലിയൻ ചലച്ചിത്രകാരൻ അന്റോണിയോനിയുടെ The Passenger, ഗൊദാർദ് സംവിധാനം ചെയ്ത Number Two , ജാപ്പനീസ് ചലച്ചിത്രപ്രതിഭ കുറസോവയുടെ റഷ്യൻ ചിത്രമായ ദർസു ഉസാല , പോളീഷ് സംവിധായകനായ ആന്ദ്രേ വാദ (Andrzej Wajda) യുടെ The Promised Land എന്നിവ പുറത്തിറങ്ങിയത് 1975 ലാണ്. മഹാനായ ആന്ദ്രേ തർക്കോവ്സ്കിയുടെ The Mirror എന്ന ചിത്രവും പുറത്തിറങ്ങിയത് അതേ വർഷമായിരുന്നു. ഷോലെ എന്ന ചിത്രത്തെ ലോകസിനിമാഭൂപടത്തിൽ അടയാളപ്പെടുത്താനാണ് ഈ ഖണ്ഡിക എഴുതിയത്.
ഷോലെ ഞാൻ കണ്ടത് കോട്ടയത്ത് അനുപമ തിയേറ്ററിലായിരുന്നു. അന്ന് പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അതിനുശേഷം പലതവണ ആ സിനിമ വീണ്ടും കണ്ടു . ഈ ലേഖനമെഴുതുന്നതിന്റെ ഭാഗമായി ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിന് ചിത്രം ഒരിക്കൽക്കൂടി കണ്ടു , ആ സിനിമയ്ക്കുള്ള ഒരു പിറന്നാൾ ആദരമായിട്ടാണ് അതുചെയ്തത്. അന്ന് സിനിമ കാണുന്നതിനു മുൻപ് ഞാൻ കണ്ടത് സ്വതന്ത്ര്യദിനത്തിനു ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രസംഗമായിരുന്നു. ആ പ്രസംഗമാണ് സത്യത്തിൽ 1975 ലെ അടിയന്തിരാവസ്ഥയേയും ഇന്നത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയേയും 'ഷോലെ' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണാനുള്ള പ്രേരണയായത്. അധികാരത്തിൻ്റെ രണ്ടു പ്രമുഖപാഠങ്ങളാണ്, വ്യത്യസ്‌തകാലങ്ങളിലൂടെ വ്യത്യസ്തമെന്നു തോന്നിപ്പിക്കുന്ന എന്നാൽ സമാനമായ രണ്ടുപാഠങ്ങളാണ് 1975, 2025 എന്നീ വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം.
ഗബ്ബാർ സിങ്ങ് ദുരഹങ്കാരത്തിന്റെയും സായുധമായ ദുരധികാരഗർവിന്റെയും കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടേയും പ്രതിരൂപവും ഇപ്പറഞ്ഞ എല്ലാ ഗുണവിശേഷങ്ങളിലും ആത്മാനുരാഗിയുമായ ഒരു കഥാപാത്രമാണ്. ഇന്ദിരാഗാന്ധിയേയോ നരേന്ദ്രമോദിയേയോ ലോകചരിത്രത്തിലെ മറ്റ് അമിതാധികാരികളായ ഭരണാധിപതികളേയോ 'ഷോലെ' എന്ന ചിത്രത്തിലെ ഗബ്ബാർ സിങ്ങ് ആയി ഞാൻ കാണുന്നില്ല. അങ്ങനെചെയ്താൽ അതുതെറ്റായിരിക്കും. എന്നാൽ സിനിമയിലെ രാംഗഡ് എന്ന ഗ്രാമത്തിലുണ്ടായ അരക്ഷിതാവസ്ഥയെ, അവിടുത്തെ ജനങ്ങളുടെ നിസ്സഹായാവസ്ഥയെ, ദുരധികാരഗർവ്വിന് കീഴടങ്ങിനിൽക്കേണ്ടിവന്ന ആ മാനസികാവസ്ഥയെ ഒരു അടിസ്ഥാന സാമൂഹ്യനിരീക്ഷണ ഉപകരണമായി ഞാനെടുക്കുകയാണ്.
ഈ ലേഖനം നിങ്ങൾ വായിക്കുന്ന സമയം അസമിലെ പോലീസ് ഇന്ത്യയിലെ രണ്ടു പ്രമുഖ പത്രപ്രവർത്തകർക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. ഷോലെ സിനിമയുടെ അൻപതാം വാർഷികദിനത്തിന്റെ തലേന്നാണ് അസം പോലീസ് ഇതുചെയ്തത്. ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി ഗുവഹതിയിലെ പാൻ ബസാറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് The Wire എന്ന വെബ് പത്രത്തിന്റെ സാരഥികളായ സിദ്ധാർഥ് വരദരാജൻ , കരൺ ഥാപ്പർ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വതന്ത്രമായി ചോദ്യങ്ങൾ ചോദിക്കുന്ന മുഴുവൻ മാധ്യമപ്രവർത്തകർക്കുമുള്ള ഒരു മുന്നറിയിപ്പാണിത്. എഴുതാനിരിക്കുന്നതിനു മുൻപ്, വരയ്ക്കുന്നതിനു മുൻപ്, മൈക്കിൽ മുന്നിലിരിക്കുന്ന നേതാവിനോട് ചോദ്യം ചോദിക്കുന്നതിനു മുൻപ് , ആരെങ്കിലും എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുവാൻ തീരുമാനിക്കുന്നതിനു മുൻപ് മാധ്യമപ്രവർത്തകർ, മാധ്യമയുടമകൾ രണ്ടാമതൊന്ന് ആലോചിക്കട്ടേ , എന്നാണ് അധികാരകേന്ദ്രം ഈ പ്രവൃത്തി വഴി പറഞ്ഞിരിക്കുന്നത്. അതിനുള്ള ഫലം കാണുമോ, അതോ കിട്ടിയ അവസരത്തിൽ പത്രക്കാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചതുപോലെ തുടർന്നും ചോദിക്കുമോ ? ഇപ്പോൾ പറയാൻ കഴിയില്ല. ഭയം ഒരു സത്യമാണ്. മാധ്യമം ഒരു വ്യവസായവുമാണ്. പലയാളുകളും എന്നോട് പറയാറുണ്ട് ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് പറയുമ്പോൾ 1975 ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞ് കോൺഗ്രസ്സിനെ ക്ഷീണിപ്പിക്കരുതെന്ന്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഏറ്റവും ശക്തമായ പത്രസെൻസർഷിപ്പ് നടന്ന ഒരു കാലത്തെ മറന്നുകൊണ്ടുമാത്രമേ 2025 ലെ അസമിലെ ക്രൈം ബ്രാഞ്ച് ഓഫിസിനെക്കുറിച്ച് പറയാവൂ എന്നെങ്ങനെ ആളുകൾക്ക് പറയാൻ കഴിയും ? അതുമാത്രമല്ല കോൺഗ്രസ്സ് പാർട്ടി തന്നെ എത്രയോ തവണ പറഞ്ഞിട്ടുള്ളതാണ് അടിയന്തരാവസ്ഥ അവർക്കുസംഭവിച്ച ഭീമൻതെറ്റായിരുന്നുവെന്ന്. തെറ്റുതിരുത്തിയല്ലേ നല്ല മനുഷ്യരും സമൂഹവും മുന്നോട്ടുപോയിട്ടുള്ളത്. മുന്നോട്ടുപോകേണ്ടതും.
ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി ഇന്ത്യൻ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച പുതിയ ബിൽ ഒന്ന്നോക്കൂ. നിഷ്‌കളങ്കമായ അഴിമതിവിരുദ്ധ ധീരതയാണോ അത് ? ഒരു കോടതിയും കുറ്റവാളിയെന്നുകണ്ട് ശിക്ഷിക്കേണ്ടതില്ല. മറിച്ച് ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പരാതിപ്രകാരം രാജ്യത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷൻ ഏതെങ്കിലും ജനപ്രതിനിധിയെ അറസ്റ്റ് ചെയ്തിട്ട് ഒരു മാസം കരുതൽ തടങ്കലിൽ ഇട്ടാൽ ആ ജനപ്രതിനിധിയ്ക്ക് ആ സ്ഥാനം ആ നിമിഷം ഇല്ലാതാകുമെന്നാണ് പുതിയ ബിൽ പറയുന്നത്. ഷോലെയിൽ മലമുകളിൽ ഇരുന്ന് സാംബയും കാലിയയും പൊട്ടിച്ചിരികളാൽ പിന്തുണ പ്രഖ്യാപിക്കുന്നതുപോലെയായിരുന്നു ഇന്നലെ ലോക്‌സഭയിലെ ഭരണബെഞ്ചുകൾ. സ്വന്തം പേരിനെ ആകാശത്തോളം ഉയർത്തുന്ന മുദ്രാവാക്യങ്ങളെ മാറ്റിനിർത്തിയാൽ പിന്നെ നിശ്ശബ്ദതയാണ് എവിടേയും അമിതാധികാരപ്രണയികളായ ഭരണാധികാരികൾക്കിഷ്ടം.
1970 കളിൽ കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ അതിശക്തമായ ഒരു കവിതയുണ്ട് . ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും ഏറെ പ്രസക്തമാണിത്. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം .
' ഈ പിഴച്ച ഭൂമിയെക്കുറിച്ച് ഓർത്തും പറഞ്ഞും മടുത്തു.
മുടിയന്മാരായ പുത്രന്മാരുടെ തിരിച്ചുവരവ് കാണാൻ കാത്തിരുന്ന
കണ്ണുകളിൽ പീളയണിഞ്ഞുപാടകെട്ടി.
അതുമല്ല
ഒന്നിനും ഒരടുക്കും ചിട്ടയുമില്ലാതെ
ജീവിതത്തിന്റെ തോന്ന്യാസങ്ങളെപ്പറ്റി എന്തു ചിന്തിക്കാൻ ?
വിചിത്രമായ ഭൂമിയുടെ സ്ഥിതിഗതികളെക്കുറിച്ച്
കൂടുതലായി ഒന്നും അറിഞ്ഞും കൂടാ.
ആരോ പറഞ്ഞു,
ഈ ഭൂമിയുടെ അച്ചുതണ്ട് ചെതുക്കിച്ചെന്നും ചിതലെടുത്തെന്നും.
ഊരിയെടുത്തൊന്നു പരിശോധിക്കാനുള്ള സാവകാശം
ഒട്ടുലഭിക്കാറുമില്ല.
ആയതിനാൽ നമുക്കിന്ന് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.
ചീമുട്ടയെപ്പോലെ ഈ ഭൂമി ഉടയട്ടെ
അല്ലെങ്കിൽ ഒരു നിശ്ചലചിത്രം പോലെ മരവിച്ചുനിൽക്കട്ടെ
അതിനെ നമുക്ക് പാട്ടിനുവിട്ടേക്കാം.
നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.
മത്തങ്ങ ഭൂമിയെപ്പോലെ ഉരുണ്ടതാണ്
വേണ്ട ,
മത്തങ്ങയെ ഭൂമിയുമായി ഉപമിക്കുകയേ വേണ്ട
മത്തങ്ങ മത്തങ്ങയെപ്പോലെയാണ്
മത്തങ്ങ പലയിനമുണ്ടെന്നാണ് പറയുന്നത്
അതൊന്നുമെനിക്കറിഞ്ഞുകൂടാ
ഞാൻ കണ്ട മത്തങ്ങയെക്കുറിച്ചു മാത്രമേ
എനിയ്ക്കു പറയാൻ കഴിയൂ.
അതും കണ്ടിടത്തോളം മാത്രം
പറഞ്ഞറിഞ്ഞത് വിഴുങ്ങുവാൻ വിഷമമുണ്ട്
എത്ര വലിയ സത്യങ്ങളും വാക്കുകളായിക്കഴിയുമ്പോഴേക്കും
കർമ്മങ്ങളായി കഴിയുമ്പോഴേക്കും
ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന വിരോധാഭാസം
മനംമറിച്ചിലുണ്ടാക്കുന്നു.'
ആയതിനാൽ നമുക്ക് ഷോലെയെക്കുറിച്ചുമാത്രം സംസാരിക്കാം.
ഷോലെ ഷോലെയെപ്പോലെയാണ്.
ഷോലെയെ ചരിത്രമായി ഉപമിക്കുകയേ വേണ്ട .
Content Highlights: Exploring Sholay`s legacy 50 years after its release, amidst India`s changing political landscape.
Published: 21 Aug 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented