
തിങ്കളാഴ്ചയായിരുന്നു ഗണേശ ചതുർത്ഥി. തെക്കൻ ഡൽഹിയിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള മുഹമ്മദ് പുർ ചന്തയിൽ ചെറുകത്തി, വെട്ടുകത്തി, ഇരുമ്പുരുളികൾ, എലിപ്പെട്ടികൾ തുടങ്ങിയവ വിൽക്കുന്ന കുടുംബങ്ങളുണ്ട്. ഗഡിയ ലോഹർ സമുദായത്തിൽപ്പെട്ട ഇവരിലെ സ്ത്രീപുരുഷന്മാർ സുന്ദരികളും സുന്ദരന്മാരുമാണ്. അവർ കുടുംബസമേതമാണ് കച്ചവടത്തിനു വരുന്നത്. കയറ്റുകട്ടിലിൽ ഇരുന്ന് പുരുഷനും സ്ത്രീയും ഹുക്ക വലിക്കും. കുഞ്ഞുങ്ങൾ കത്തികളെടുത്ത് കളിക്കും. അവർ നാടോടികളാണ്. ഗഡിയ ലോഹർ സമുദായക്കാർ അഭിമാനപുരസ്സരം വിശ്വസിക്കുന്നത് അവരുടെ പ്രപിതാമഹർ മേവാറിലെ രാജാവ് മഹാറാണാ പ്രതാപിന്റെ സൈന്യമായിരുന്നുവെന്നാണ്. ആ പുരുഷന്മാരുടെ മീശയുടെ എണ്ണയിട്ട മുകളിലേക്കുള്ള പിരിവിൽ യുദ്ധസ്മൃതി ഇപ്പോഴും തിളങ്ങുന്നു. കഴിഞ്ഞ ഞായറാഴ്ച്ച അതിലൊരു കടയിൽ പോയി ഞാൻ ഒരു എലിപ്പെട്ടി ചോദിച്ചു. അപ്പോൾ കടയിലെ സ്ത്രീ മഞ്ഞയും ചുവപ്പും നിറഞ്ഞ സാരിത്തലപ്പു മാറ്റി എന്നോടു പറഞ്ഞു, 'ഗണേശ ചതുർത്ഥി കഴിയുന്നതുവരെ എലിപ്പെട്ടി വിൽക്കില്ല. മൂഷികവാഹനനല്ലേ ഗണേശ്ജി'. ആ സുന്ദരസ്ത്രീ കൃഷ്ണസങ്കൽപ്പത്തിലെ കാതരയായ ഗോപികയെപ്പോലെ തോന്നിച്ചു. സുഗതകുമാരി ടീച്ചറിന്റെ വരികൾ മനസ്സിൽ വന്നു,
'തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ.'
ഗണേശ ചതുർത്ഥിയുടെ മൂന്നുനാലു ദിവസങ്ങളിൽ അവർ വിൽക്കാറുള്ളത് മനോഹരമായ ഗണേശ മൂർത്തികളാണ്. ഓരോ മൂർത്തിയുടെ കാൽക്കലും ചാന്തുപുരട്ടുമ്പോലെ അവർ എലിയെ വരച്ചുവെച്ചിരുന്നു.
എലിപ്പെട്ടി കിട്ടാതെ മടങ്ങി വീട്ടിൽ വന്നിരിക്കുമ്പോഴാണ് എന്നും രാവിലെ പാർക്കിൽ നടക്കാൻ പോകുമ്പോൾ പരിചയപ്പെട്ട രഘുനാഥ് ഫോൺ ചെയ്തത്. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ പ്രതിരോധവകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. 'തിങ്കളാഴ്ചയാണ് ഗണേശ ചതുർത്ഥി. അത്താഴം വീട്ടിലാകാം.'
രഘുനാഥ് ആപ്തെയ്ക്ക് ഇപ്പോൾ അറുപത്തഞ്ചു വയസ്സായി. മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് ഡൽഹിയ്ക്ക് വന്നിട്ട് നാല്പതുകൊല്ലത്തോളമായി. കൃശഃശരീരി. ഒരു നേർരേഖ രാവിലെ നടക്കാനിറങ്ങിയാൽ എങ്ങനെയിരിക്കും അതുപോലെയാണ് ആപ്തെ രാവിലെ പാർക്കിൽ വരുന്നത്. പലതും ഞങ്ങൾ സംസാരിക്കാറുണ്ടെങ്കിലും ഒരിക്കൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞു, നമുക്ക് രാഷ്ട്രീയം പറയുന്നത് നിർത്താം... നടപ്പും ശരിയാകില്ല, മനസ്സും ശരിയാകില്ല. ആ ചിത്പവൻ ബ്രാഹ്‌മണൻ അതിനുശേഷം എന്നോട് രാഷ്ട്രീയം പറഞ്ഞിട്ടില്ല. അവസാനം കണ്ടപ്പോൾ പറഞ്ഞത് 'സർവ്വം മായ' മലയാളം സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ്.
കഴിഞ്ഞ തിങ്കളാഴ്ച ഞാൻ ആ വീട്ടിൽ പോയി. ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നത്. വൃത്തിയും വെടിപ്പുമുള്ള വീട്ടിൽ ദീപാലംകൃതമായ ഒരു ഗണപതിമൂർത്തി മുൻമുറിയിൽ ഉണ്ടായിരുന്നു. രഘുനാഥ് ആപ്തെ കൊങ്കൺ പ്രദേശത്തെ ചിത്പവൻ ബ്രാഹ്‌മണർ അണിയുന്ന വസ്ത്രമണിഞ്ഞിരുന്നു. ആദ്യം അച്ഛനെ പരിചയപ്പെടുത്തി. ശാന്താറാം. ഉദ്ദേശം എൺപത്തിയഞ്ചു വയസ്സു തോന്നിക്കും. മകനെപ്പോലെ മെലിഞ്ഞ ശരീരം. വെളുത്ത വസ്ത്രം. തലപ്പാവണിഞ്ഞിരുന്നു. രഘുനാഥ് അമ്മയെ പരിചയപ്പെടുത്തി, ആനന്ദി. ഭാര്യ ഇരാവതി. മകൻ ചിന്മയ്. മകൾ ഉർവ്വി.
എന്റെ ഗണേശ ചതുർത്ഥി ദിവസത്തെ സമ്പന്നമാക്കിയത് ഇനിയങ്ങോട്ടുള്ള രണ്ടുമണിക്കൂർ നേരമായിരുന്നു. കൊങ്കണസ്ഥ ബ്രാഹ്‌മണരുടെ ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനു മുൻപ് ആനന്ദിയമ്മ ഒരു വെള്ളിത്താലത്തിൽ മോദകം നൽകി. അതിന്റെ ഉച്ചിയിൽ കുങ്കുമം തൊട്ടിരുന്നു.
ദൈവങ്ങളുടെ ചിത്രമല്ലാതെ ഒരു ചിത്രമേ അവരുടെ ചുവരിൽ കണ്ടുള്ളൂ. അത് ബാൽ ഗംഗാധർ തിലകിന്റേതായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോഴത്തെ സാമൂഹ്യപാഠപുസ്തകത്തിൽ കണ്ടുശീലിച്ച അതേ തിലകൻ. ഇരുകവിളുകളിലേക്കുമായി വളർന്നുതൂങ്ങിയ മീശയുള്ള മുഖം. എന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടാണ് തിലകന്റെ ചിത്രം ഒരു വീട്ടുചുവരിൽ കാണുന്നത്. അതിലെ അത്ഭുതം ഞാൻ പറഞ്ഞുപോയപ്പോൾ ശാന്താറാമിന്റെ കണ്ണുകൾ തിളങ്ങി. അയാളുടെ കൊച്ചുമകൾ ഉർവ്വി വാത്സല്യം നിറഞ്ഞ ചിരിയോടെ മുത്തച്ഛനെ ഒന്നു നോക്കിയിട്ട് എന്നോടായി ചിരിച്ചുകൊണ്ട് പറഞ്ഞു: 'അങ്കിൾ ഇന്നത്തെ ദിവസം താങ്കൾ നശിപ്പിച്ചു. ഇനി ആജോബ തിലകിനെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കും.' മുത്തച്ഛൻ എന്ന പദത്തിന് മറാത്തികൾ പറയുന്ന വാക്കാണ് ആജോബ.
ഉർവ്വി ഡൽഹിയിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ്. ഞാൻ അവളോട് ചോദിച്ചു, 'തിലകനെക്കുറിച്ച് പറഞ്ഞാൽ എന്താണ് കുഴപ്പം?' അപ്പോൾ അവളുടെ അച്ഛൻ ഇടയ്ക്കുകയറി പറഞ്ഞു. 'പാർക്കിൽ മാത്രമല്ല ഇവിടെയും രാഷ്ട്രീയം പറയരുത്'.
അച്ഛൻ പറഞ്ഞതു കേൾക്കാതെ ഉർവ്വി പറഞ്ഞു. 'ആജോബയുടെ എല്ലാമെല്ലാമാണ് തിലക്. പുണെയിൽനിന്ന് ഡൽഹിയിലേക്ക് വന്നപ്പോൾ കൂടെക്കൊണ്ടുവന്നത് ഈ പടം മാത്രമാണ്.'
ആജോബ സൗമ്യമായ ഭാഷയിൽ പറഞ്ഞു. 'തിലക് ഹേ ഇതർ കശപേക്ഷാഹി അധിക് ആംച അഭിമാൻ ആഹേത്' (തിലക് ഞങ്ങളുടെ അഭിമാനമാണ്, മറ്റാർക്കും മേലേ, ഇത് ഇംഗ്‌ളീഷിലേക്ക് എനിക്ക് തർജ്ജുമ ചെയ്തുതന്നത് ഉർവ്വി).
അങ്ങനെ, പാർക്കിൽ പറയരുതെന്നുറപ്പിച്ച രാഷ്ട്രീയത്തിലേക്ക് ആ അത്താഴമേശയുടെ ഇരുവശങ്ങളിൽ ഇരുന്ന ഞങ്ങൾ വഴുതിവീണു.
രഘുനാഥ് ആപ്തെ ഇഷ്ടജലത്തിലെ മത്സ്യത്തെ പോലെ ഉത്സാഹഭരിതനായി. അയാൾ പറഞ്ഞു: 'ഞങ്ങൾ കുടുംബപരമായി തിലക് അനുയായികളാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഊർജ്ജവത്താക്കിയതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും സംഘപരിവാർ അനുയായികളാണ്. എന്നാൽ, എന്റെ അച്ഛനും ഇപ്പോൾ എന്റെ മകൾ ഉർവ്വിയും അവർക്കെതിരാണ്.'
ആജോബ ചർച്ചയിൽ പങ്കെടുത്തു. 'ബംഗാളി വിപ്ലവകാരികളായിരുന്ന പ്രഫുല്ല ചാകിയ്ക്കും ഖുദിറാം ബോസിനും അനുകൂലമായി ബ്രിട്ടീഷ് സർക്കാരിനെതിരേ ബാൽ ഗംഗാധർ തിലക് നിലപാടെടുത്തപ്പോൾ ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹത്തിന് കേസ്സെടുത്തു. അപ്പോൾ ആ കേസിൽ തിലകിനുവേണ്ടി കോടതിയിൽ ഹാജരായത് മുഹമ്മദലി ജിന്നയായിരുന്നു. ഇന്നത്തെ സംഘപരിവാറിന് സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യൻ മനസ്സ് ഒരിക്കലും മനസ്സിലാകില്ല. ഞാനും മകൻ രഘുനാഥും തമ്മിലുള്ള തീരാത്ത പ്രശ്‌നമതാണ്.'
രഘുനാഥ് ആപ്തെയുടെ രാഷ്ട്രീയം അടിയുറച്ചിരിക്കുന്നത് പ്രാഥമികമായും ഇസ്ലാം വിരുദ്ധതയിലും രണ്ടാമതായി ഹിന്ദുവികാരത്തിലുമാണ്. അദ്ദേഹം തിലകിനെക്കാണുന്നത് ആ ദൃഷ്ടിയിലാണ്. രഘുനാഥ് പറഞ്ഞു: 'ആ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു മരിച്ചിരുന്നെങ്കിൽ ഇന്ത്യ എന്നേ രക്ഷപ്പെടുമായിരുന്നു. ലോക് മാന്യ തിലക് മഹാരാജ് ഇന്ത്യയെ നേരത്തേതന്നെ സ്വാതന്ത്യത്തിലേക്ക് നയിക്കുമായിരുന്നു. അഹിംസ, നിരാഹാരം എന്നൊക്കെപ്പറഞ്ഞ് എത്ര കൊല്ലങ്ങളാണ് ഇന്ത്യ പാഴാക്കിയത്.'
മകന്റെ ആവേശത്തിൽ ആവേശഭരിതനാകാതെ ശാന്തനായി ശാന്താറാം പറഞ്ഞു: 'കണ്ടില്ലേ ഗോപാൽജി, ഇതാണ് ഇവന്റെ പ്രശ്‌നം. മുഖപ്പട്ട കെട്ടിയ കുതിര!'
ഒന്നും മിണ്ടാതിരുന്ന ചിന്മയ് ചോറും പരിപ്പും എനിക്ക് വിളമ്പിത്തന്നു. എന്നിട്ട് എന്നോട് പറഞ്ഞു, 'അച്ഛൻ പറയുന്നത് സാറ് കമ്മ്യൂണിസ്റ്റാണെന്നാണ്.' പൊതുവേ എരിവില്ലാത്ത അത്താഴത്തിന്റെ എരിവിന് അതങ്ങനെയിരിക്കട്ടെ എന്നു ഞാനും കരുതി നിഷേധിക്കാൻ പോയില്ല. അതുവരെ ഒന്നും മിണ്ടാതിരുന്ന ഇരാവതി അപ്പോൾ പറഞ്ഞു: 'ഇന്ന് ഗണേശ ചതുർത്ഥിയല്ലേ... ഈ ഉത്സവത്തെ ഇത്രയും വലുതാക്കിയത് തിലക് മഹാരാജല്ലേ?'
അപ്പോഴാണ് പുത്തൻ ഇന്ത്യയുടെ പ്രതീക്ഷയായ തലമുറയിലെ ഉർവ്വി സജീവമായി ചർച്ചയ്ക്കിറങ്ങിയത്. കൗമാരത്തിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ വിടർത്തി അവൾ പടയ്‌ക്കൊരുങ്ങി.
'ഷിയാ മുസ്ലിങ്ങളുടെ മുഹറം ഉത്സവത്തിൽ ബോംബെയിലെയും പൂനെയിലെയും ഹിന്ദുക്കൾ പങ്കെടുക്കുന്ന പതിവിന് ഒരു ഹിന്ദു മറുഭാഗം ഉണ്ടാക്കാനായിട്ടല്ലേ തിലക് അന്നേവരെ ചെറുതായിരുന്ന ഗണേശ ഉത്സവത്തെ ഇങ്ങനെ വലുതാക്കിയത്?'
ശാന്താറാം: 'അത്ര ലളിതമായി അതിനെ കാണരുത്. പഴയകാല സന്ദർഭങ്ങളെ ക്രോധത്തോടെ കാണരുത്, സമചിത്തതയോടെ കാണണം. സമ്മതിച്ചു, തീർച്ചയായും തിലകിന് ചിത് പവൻ ബ്രാഹ്‌മണ സ്വാഭിമാനം ഉണ്ടായിരുന്നു. ശിവാജിയെ അംഗീകരിക്കുമ്പോൾ പോലും ബോൺസ്ലേ സമുദായത്തിൽ പെട്ട ശിവാജിക്ക് ക്ഷത്രിയതുല്യത കൊടുക്കാൻ തിലകൻ തയ്യാറല്ലായിരുന്നു. അവരൊക്കെ ഒരു പ്രത്യേക സാമൂഹ്യ സാഹചര്യത്തിന്റെ ഉൽപന്നങ്ങളായിരുന്നു. ഇന്നത്തെ മാനദണ്ഡങ്ങളുപയോഗിച്ച് അവരെ വിധിയെഴുതരുത്. ഗാന്ധിജിയുടെ ഏറ്റവും വലിയ സംഭാവന അത്തരം പരിമിതികളിൽനിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ഉയർത്തി എന്നതാണ്.'
അപ്പോൾ രഘുനാഥ് ആപ്തെ ഇടപെട്ടു: 'കേട്ടോ ഗോപാൽജി, നമ്മുടെ ഉർവ്വി പാറ്റയാണ്. എന്നിട്ട് പിന്നിലെ ചുവരിൽ തൂങ്ങുന്ന പാറ്റയുടെ മുഖംമൂടി ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, 'ജന്തർ മന്ദറിൽ പ്രക്ഷോഭത്തിന് പോയിട്ടുവന്നപ്പോൾ കൊണ്ടുവന്നതാണ്.'
അങ്ങനെ നാലുതലമുറകളുമായിട്ടായിരുന്നു എന്റെ ഗണേശ ചതുർത്ഥി അത്താഴം. ആദ്യതലമുറയിൽനിന്ന് അദൃശ്യനായി ലോക് മാന്യ തിലക് വിരുന്നുമേശയിൽ ആധ്യക്ഷം വഹിച്ചു. പിന്നെ രണ്ടാം തലമുറയിൽ പെട്ട എൺപത്തിയഞ്ചുകാരനായ ശാന്താറാം ആപ്‌തെയും ഭാര്യ ആനന്ദിയും മൂന്നാം തലമുറയിൽ നിന്ന് അവരുടെ മകനും ഭാര്യയും നാലാം തലമുറയായി അവരുടെ മക്കളായ ചിന്മയും ഉർവ്വിയും.
ഉർവ്വി തിലകിലേക്ക് വീണ്ടും പോയി: 'എന്റെ തിലക് വിമർശം വെറുതേയല്ല. പതിനൊന്നുവയസ്സുണ്ടായിരുന്ന രുഗ്മ എന്ന പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം ചെയ്തയച്ചപ്പോൾ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചു. ഭർത്താവ് ഭാര്യയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തിലക് ധർമ്മസംഹിതയെ മുറുകെപ്പിടിച്ച് പറഞ്ഞു, വിവാഹം കഴിഞ്ഞ പെൺകുട്ടികൾ ഭർത്താവിനൊപ്പം കഴിയണമെന്ന്. ബ്രിട്ടീഷ് കോടതി രുഗ്മയോട് പറഞ്ഞു ഹിന്ദു നിയമപ്രകാരം വിവാഹശേഷം പെൺകുട്ടികൾ ഭർത്തൃഗൃഹത്തിൽ പോകണെമെന്ന്. അല്ലെങ്കിൽ ജയിലിൽ പോകാൻ തയ്യാറായിക്കോ എന്നും. രുഗ്മ താൻ ജയിലിൽ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞു. തിലക് കോടതിവിധിയെ അനുകൂലിച്ചു. പിന്നെ വിക്ടോറിയ രാജ്ഞി ഇടപെട്ടിട്ടാണ് അവളുടെ വിവാഹം റദ്ദാക്കിയത്. പിന്നീട് അവൾ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിനിൽ പോയി ഡോക്ടറായി മാറി.'
ജന്തർ മന്തറിൽ ആവേശംകൊണ്ട് ജ്വലിച്ച എല്ലാ കൗമാരക്കാരികളുടെയും ഉള്ളുറപ്പിന്റെ പ്രസരിപ്പ് ഉർവ്വിയിൽ ഞാൻ കണ്ടു. ഞാൻ അവളോട് പറഞ്ഞു. 'എന്റെ ഭാഷയായ മലയാളത്തിലുമുണ്ട് ഒരു രുഗ്മ. മാധവിക്കുട്ടിയെഴുതിയ 'രുഗ്മിണിക്കൊരു പാവക്കുട്ടി' എന്ന കഥയുടെ ഇംഗ്ലീഷ് തർജ്ജുമ ഞാൻ അയച്ചുതരാം. ഉർവ്വി അതിഷ്ടപ്പെടും. ഞങ്ങളുടെ മാധവിക്കുട്ടി അന്തരിച്ചത് ഉർവ്വിയുടെ മുത്തച്ഛന്റെ നഗരമായ പുണെയിൽ ആയിരുന്നു.'
ഉർവ്വി ചിരിച്ചു. എന്നിട്ടുപറഞ്ഞു: 'അച്ഛന് ഞാൻ പറയുന്നതൊന്നും മനസ്സിലാകില്ല. അന്ധഭക്തനാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമാണ് കുറച്ചെങ്കിലും എന്നെ മനസ്സിലാകുന്നത്. ചിന്മയ് എന്റെ ഒപ്പമാണ്. പക്ഷേ, പുറത്തുപറയില്ല. മുത്തച്ഛൻ എപ്പോഴും എനിക്കൊപ്പമാണ്. പക്ഷേ, തിലകന്റെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ ഒരിക്കലും യോജിപ്പിലാവില്ല.'
മകളുടെ തേരോട്ടത്തിനു മുന്നിൽ ആവനാഴിയിൽ അമ്പുകളില്ലാതെ തളർന്നിരിക്കുന്ന രഘുനാഥിനോട് ഞാൻ പറഞ്ഞു: 'ഇക്കൊല്ലത്തെ ഗണേശ ചതുർത്ഥിയിൽ എന്റെ താരം ഉർവ്വിയാണ്.'
എന്തായാലും ആ കുടുംബത്തിൽ ജനാധിപത്യമര്യാദകൾ പുലരുന്നതുപോലെ തോന്നി. ഉർവ്വി എന്ന പെൺകുട്ടി അതിലെ ഏറ്റവും പുരോഗാമിയായ ഘട്ടവും. ചുവരിലെ തിലക് ആകട്ടെ ഛായാചിത്രത്തിൽ നിന്നിറങ്ങിവന്ന് ഉർവ്വിയെ അനുഗ്രഹിക്കുവാൻ വെമ്പുന്നതുപോലെ എനിയ്ക്കു തോന്നി.
വീട്ടിൽ നിന്നിറങ്ങാൻ നേരം ഇരാവതി ഒരു പാത്രത്തിൽ 'ചന്ദേദാലി പായസു' തന്നു. ഞാൻ പറഞ്ഞു: 'എന്റെ അമ്മയും കടല പ്രഥമൻ നന്നായി ഉണ്ടാക്കുമായിരുന്നു'.
Published: 17 Sept 2026, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented