മൂഹം ചിലയാളുകളെ ജന്മനാ കുറ്റവാളികളായി (born criminals) ചിത്രീകരിക്കാറുണ്ട്. ജനിതകമായി കുറ്റവാസന പകര്‍ന്നുകിട്ടിയവര്‍ എന്നാണതിന്നര്‍ത്ഥം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ക്രിമിനോളോജിസ്റ്റ് (കുറ്റങ്ങളേയും കുറ്റവാളികളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നയാള്‍) ആയിരുന്ന സിസേര്‍ ലൊംബ്രോസോ (Cesare Lombroso) ആണ് 'ജന്മനാ കുറ്റവാളി' എന്ന മനുഷ്യവിഭാഗത്തെ കല്‍പിച്ചത്. ഗോവിന്ദച്ചാമിയെ അങ്ങനെയാണ് പലപ്പോഴും വിശേഷിപ്പിച്ചുപോരാറുള്ളത്. ആളുകളുടെ ശരീരപ്രകൃതിയാല്‍ ക്രിമിനലുകളെ വിലയിരുത്തുന്ന ലൊംബ്രോസോയുടെ നോട്ടം ശാസ്ത്രീയസാധുത ഇല്ലാത്തതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്.

To advertise here,
placeholder
സിസേര്‍ ലൊംബ്രോസോ

ഒരാള്‍ ജീവിക്കുന്ന സമൂഹമാണ്, അയാളുടെ ബാല്യവും കൗമാരവുമാണ്, ഗാര്‍ഹിക സാഹചര്യവും ബന്ധങ്ങളുമാണ്, തിക്താനുഭവങ്ങളായി അയാള്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട ജീവിതമാണ് അയാളെ കുറ്റവാളിയോ, ഭീരുവോ, ധീരനോ, വിപ്ലവകാരിയോ, ചോദ്യം ചെയ്യുന്നവനോ, എല്ലാം സഹിച്ച് കണ്ണീര്‍ വാര്‍ക്കുന്നവനോ, എല്ലാ പ്രതിസന്ധികളേയും മറികടക്കുന്ന സമര്‍ത്ഥനോ, ജീവിതവിജയിയോ, പരാജിതനോ ആക്കിത്തീര്‍ക്കുന്നത്. സൈന്യത്തില്‍ നിന്നും വിരമിച്ച് നാട്ടിലെത്തി വലിയ മദ്യപനും സാമൂഹികവിരുദ്ധനുമായ പിതാവിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ബാല്യത്തില്‍ ഇരയായ ആളായിരുന്നു ഗോവിന്ദച്ചാമി. ഭര്‍ത്താവിന്റെ നിരന്തരമര്‍ദ്ദനത്താല്‍ മാനസികരോഗിയായി ഗോവിന്ദച്ചാമിയുടെ അമ്മ മരിച്ചപ്പോള്‍ അയാള്‍ക്ക് കൗമാരപ്രായമായിരുന്നു. മാനസികരോഗിയായി അമ്മ സേലത്ത് വിരുതാചലം തെരുവുകളിലൂടെ അലയുന്നത് ഗോവിന്ദച്ചാമി കണ്ടിട്ടുണ്ട്. അമ്മ വാഹനാപകടത്തില്‍ മരിച്ചു. ആ ഗോവിന്ദച്ചാമിയാണ് കേരളസമൂഹം ഏറ്റവും കൂടുതല്‍ വെറുക്കുന്ന കുറ്റവാളിയായിമാറിയത്. വെറുപ്പും കണ്ണീരും ക്രൂരതയും അമ്മയെത്തല്ലലും മദ്യാസക്തിയും പട്ടിണിയും കണ്ടുവളര്‍ന്ന ബാല്യകൗമാരങ്ങളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ ബിഷപ് മൈറിയേലി (Bishop Myriel )നെപ്പോലെ ഒരാളുണ്ടായില്ല. നാലപ്പാട്ടു നാരായണമേനോന്‍ വിക്ടര്‍ യൂഗോയുടെ Les Misérables 'പാവങ്ങള്‍' എന്നപേരില്‍ തര്‍ജ്ജമ ചെയ്തതിന്റെ നൂറാം വാര്‍ഷികമാണല്ലോ 2025. അതില്‍ ആ ബിഷപ്പ് തന്റെ വീട്ടില്‍ നിന്നും വെള്ളിയില്‍ പണിത മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച ഴോങ് വാല്‍ഴോങിനെ പോലീസ് പിടിക്കാതെ രക്ഷപ്പെടുത്തിയത് ആ യുവാവിന്റെ ജീവിതം മാറ്റിമറിച്ചു. സ്വന്തം പെങ്ങളുടെ പട്ടിണി കിടക്കുന്ന ഏഴുകുട്ടികള്‍ക്ക് കഴിക്കുവാന്‍ ഒരു റൊട്ടി മോഷ്ടിച്ചതിന് അഞ്ചുകൊല്ലക്കാലം ജയിലില്‍ കിടക്കുകയും, രണ്ടു പ്രാവശ്യം ജയില്‍ചാടാന്‍ ശ്രമിച്ച് പരാജയപ്പെടുകയും, പുറത്തിറങ്ങിയപ്പോള്‍ സമൂഹം മോഷ്ടാവെന്നു മുദ്രകുത്തുകയും ചെയ്ത ഴോങ് വാല്‍ഴോങിനെ ശാന്തജീവിതത്തിലേക്ക് നയിച്ചത് ഒരു പുരോഹിതന്റെ പൊറുക്കല്‍ നീതിയാണ്. 

ഗോവിന്ദച്ചാമി ചെയ്ത കൊടുംപാതകത്തെ ന്യായീകരിക്കാനോ, അയാളുടെ രതിവൈകൃതങ്ങളെയും, മോഷണത്തെയും അതയാളെ നയിച്ച അതിക്രൂരകൊലപാതകത്തെയും   ബലാത്സംഗത്തെയും, അതിനയാള്‍ അനുഭവിക്കുന്ന ശിക്ഷയെയും ലഘൂകരിച്ചുകാണാനോ ഉള്ള ഒരു ശ്രമമല്ല ഈ ലേഖനം. ക്ഷിപ്രപ്രതികരണങ്ങള്‍ നല്‍കുന്ന തൃപ്തിയില്‍ മോഹിതരായ തല്‍സമയ ഓണ്‍ലൈന്‍ മനസ്സുകള്‍ ചാടിക്കേറി അഭിപ്രായം പറയാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്, അഭ്യര്‍ത്ഥിക്കുകയാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം ഈ ലേഖനമെഴുതാനുള്ള ഒരു 'ട്രിഗര്‍' മാത്രമാണ്.

placeholder
വിക്ടര്‍ യൂഗോ

ഗോവിന്ദച്ചാമി ജയില്‍ ചാടി എന്നറിഞ്ഞപ്പോള്‍ മനസ്സിലേക്ക് ആദ്യം വന്നത് മറ്റൊരു കൊടുംകുറ്റവാളിയുടെ ജയില്‍ ചാട്ടവും അയാളുടെ ബാല്യവുമാണ്. ഇരുപത്തൊന്നാം വയസ്സില്‍ അയാള്‍ കൊല്ലപ്പെട്ടു. 1930-കളിലെ അമേരിക്കയെ മുടിച്ച സാമ്പത്തികക്കുഴപ്പകാലത്ത് രൂപപ്പെട്ട ബാങ്ക് കൊള്ളസംഘത്തില്‍ അംഗമായിരുന്ന  ജോണ്‍ ഡില്ലിങ്കര്‍ എന്ന കുറ്റവാളിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ആധുനിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ജയില്‍ചാട്ടമായി രേഖപ്പെടുത്തിയിരിക്കുന്നത് 1934 മാര്‍ച്ച് മൂന്നാം തീയതി ഡില്ലിങ്കര്‍ നടത്തിയ ജയില്‍ ചാട്ടമായിരുന്നു. അതിനും മുന്‍പ് ഓഹിയോയിലെ ജയില്‍ നിന്നും ചാടിയ അയാളെ അമേരിക്ക 'ആര്‍ക്കും ഭേദിക്കാന്‍ കഴിയാത്ത ജയില്‍' എന്ന് കരുതിയ ലേക്ക് കൗണ്ടി ജയിലില്‍ അടച്ചു. എന്നാല്‍ 1934-ല്‍ അയാള്‍ ആ ജയിലും ചാടി. ജയിലിലെ വിറകുകൊള്ളികൊണ്ട് കളിത്തോക്കുണ്ടാക്കി, അത് കറുത്ത ചായത്തില്‍ മുക്കി ജയില്‍ കാവല്‍ക്കാരെ ഭയപ്പെടുത്തിയാണ് അയാള്‍ രക്ഷപ്പെട്ടത്. ഒരുകൊല്ലത്തിനുശേഷം തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ പോലീസ് അയാളെ കണ്ടെത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിവെച്ചു, അയാള്‍ മരിച്ചു. ഇനി ഞാന്‍ അയാളുടെ ബാല്യ-കൗമാരങ്ങളിലേക്ക് പോകാം. പലചരക്കുകച്ചവടക്കാരനായിരുന്നു അയാളുടെ അച്ഛന്‍. കണിശക്കാരനും കര്‍ക്കശബുദ്ധിക്കാരനുമായിരുന്ന അച്ഛന്‍ അതിക്രൂരമായി ഡില്ലിങ്കറെ ബാല്യത്തില്‍ അടിച്ചിരുന്നു. ചുട്ടുപഴുത്ത ഇരുമ്പുകമ്പിയാല്‍ പൊള്ളിക്കുമായിരുന്നു. ആ ബാലന്റെ നാലാം പിറന്നാളില്‍ അമ്മ മരിച്ചിരുന്നു. ക്രൂരനായ അച്ഛന്‍ കശക്കിയെറിഞ്ഞ ആ ജീവിതമാണ് വളരെ ചെറുപ്പത്തിലേ ഡില്ലിങ്കറെ കള്ളനാക്കിയതും ഗുണ്ടാസംഘങ്ങളോട് അടുപ്പിച്ചതും. 

placeholder
ജോണ്‍ ഡില്ലിങ്കര്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ ഗോവിന്ദസ്വാമിയുടേയും ഡില്ലിങ്കറുടേയും അമ്മ കടന്നുവരുന്ന രംഗമുണ്ട്.

ഒരുറുമ്പിനെ ഞാന്‍ ഞെരിക്കുകില്‍ -
കൃപയാര്‍ന്നമ്മ തടഞ്ഞുചൊല്ലിടും:
മകനേ, നരകത്തിലെണ്ണയില്‍ 
പ്പൊരിയും നീ പരപീഡ ചെയ്യൊലാ.

ഉദരത്തിലിരുട്ടില്‍ ജീവബുദ്-
ബുദമായ്പ്പിള്ള കുരുത്ത നാള്‍ മുതല്‍ 
ഉയിര്‍ നീറ്റിടുമാന്തരാധി തന്‍ 
ദഹനാവര്‍ത്തമവള്‍ക്കു ജീവിതം.  

ഒടുവില്‍ക്കൊലയാളിയായ് മകന്‍ 
കഴുവേറുന്നതു കാണ്‍കയില്ലവള്‍;
കടലുപ്പു നിറഞ്ഞ കണ്ണുനീര്‍-
ക്കണികയ്ക്കുള്ളിലലിഞ്ഞുപോകയാല്‍'
.

ജയിലില്‍ നിന്നും ചാടിയവരെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരാളെ ഓര്‍മ്മ വരുന്നു . അവിടേയും ഒരു സ്ത്രീയുടെ 'കൃപയാര്‍ന്ന' തടയലാണ്. ജയില്‍ വിമോചിതനാകാന്‍ സമയമായപ്പോള്‍ ജയിലര്‍ തടവുപുള്ളിയോട് പുറത്തേക്കുപോകാമെന്നു പറഞ്ഞു. എന്നാല്‍ മതിലിനപ്പുറമുള്ള വനിതാജയിലിലെ തടവുകാരിയായ  ശബ്ദമാത്രനാരായണിയുമായുള്ള പ്രണയം മൂലം, 'ആര്‍ക്കുവേണം ഈ സ്വാതന്ത്ര്യം?, ഞാനിവിടെ തുടര്‍ന്നുകൊള്ളാമെന്നു' പറഞ്ഞ സ്വാതന്ത്ര്യസമരപ്പോരാളി വൈക്കം മുഹമ്മദ് ബഷീറാണ് കഥാപാത്രം. ജയിലുമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായ വിശ്വസാഹിത്യമാണ് 'മതിലുകള്‍'. 

ഓഹി ഷാഹിയേഹ് (Henri Charrière) കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് എഴുത്തുകാരനായിരുന്നു. 1969 ല്‍ അദ്ദേഹം എഴുതിയ ആത്മകഥാംശനോവല്‍ 1973 ല്‍ ജനപ്രിയതരംഗസൃഷ്ടിയായ Pappilon എന്ന സിനിമയായി. സ്നേഹനിര്‍ഭരമായ മൂന്നു ജയില്‍ചാട്ടങ്ങളായിരുന്നല്ലോ ആ സിനിമ. ചെയ്തിട്ടില്ലാത്ത കുറ്റത്തിനു ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഓഹി ഷാഹിയേഹ് ജയിലിലെ സുഹൃത്തിനോടു ചേര്‍ന്നുനടത്തിയ രണ്ടു പരാജിത ജയില്‍ചാട്ടങ്ങളും ഒരു വിജയവുമാണത്. സ്വാതന്ത്ര്യത്തിനായുള്ള ഒരു ജീവിതോന്മേഷിയുടെ അനന്തമോഹത്തിന്റെ കഥയാണത്. 

ജയിലിനെക്കുറിച്ച് വന്ന സിനിമകളെക്കുറിച്ചു പറയുമ്പോള്‍ അവിസ്മരണീയമായ ഒരു ചലച്ചിത്രാനുഭവത്തെക്കുറിച്ചുകൂടി പറയാതിരിക്കുവാന്‍ കഴിയില്ല. കൗമാരക്കാരായ കുട്ടികളുടെ ജയിലനുഭവങ്ങള്‍ പറയുന്ന തുര്‍ക്കി രാഷ്ട്രീയ സിനിമയായ ദ വാള്‍ (The Wall). മഹാനായ ചലച്ചിത്ര സംവിധായകന്‍ യില്‍മാസ് ഗുനേ 1983-ല്‍ സംവിധാനം ചെയ്ത സിനിമ എങ്ങനെയാണ് ജീവിതത്തിലെ ചില തിരിവുകള്‍ ചിലരുടെ ജീവിതങ്ങളെ അപ്പാടേ കശക്കിക്കളയുന്നത് എന്നു നമ്മോടു പറയുന്നു. 

കോടതി ശിക്ഷിച്ചപ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചത് ഗോവിന്ദസ്വാമി എന്നായിരുന്നു. എന്നിട്ടും കേരളത്തിലെ ഒരു ടി വി ചാനല്‍ ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസ് എന്നാണ് വിശേഷിപ്പിച്ചത്. 1986-ല്‍ നാടകീയമാം വിധം തിഹാര്‍ ജയില്‍ ചാടിയ ചാള്‍സ് ശോഭരാജിന്റെ സഹോദരനാണോ ചാര്‍ളി തോമസ് എന്നു തോന്നും അതു വായിച്ചാല്‍.

2021-ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് കെവിന്‍ ബെര്‍മിംങം (Kevin Birmingham) എഴുതിയ The Sinner and The Saint. പിയര്‍ ഫ്രാന്‍സോസ് ലെസണയര്‍ (Pierre François Lacenaire )എന്ന, സുന്ദരികളായ സ്ത്രീകളുടെ പ്രിയങ്കരകവിയായിരുന്ന ഫ്രഞ്ച് എഴുത്തുകാരന്‍, ഒരു കൊലപാതകം നടത്തിയതിന്റെ വിചാരണയും അയാളുടെ വധശിക്ഷയുമാണ് പില്‍ക്കാലത്ത് ഫിയദോര്‍ ദസ്തയേവ്‌സ്‌കിക്ക് കുറ്റവും ശിക്ഷയും എഴുതാന്‍ പ്രേരണയായത് എന്ന് തെളിയിക്കുന്ന പുസ്തകമാണിത്. കവിക്ക് ജയില്‍ ചാടാന്‍ കഴിഞ്ഞില്ല. എന്നാല്‍ 1835-ല്‍ വിചാരണയ്ക്കായി അയാളെ കോടതി മുറിയില്‍ കൊണ്ടുവന്നപ്പോള്‍ ന്യായാധിപന്‍ ഞെട്ടി. നഗരത്തിലെ അഭിജാതസുന്ദരികള്‍ മുഴുവന്‍ വിചാരണ കേള്‍ക്കാനെത്തി. വാസനക്കുഴമ്പ് പുരട്ടിയ ഉറുമാലുകളില്‍ അവര്‍ അയാള്‍ക്ക് സ്‌നേഹസന്ദേശങ്ങള്‍ കൊടുത്തു. രണ്ടുദിവസങ്ങള്‍ കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി അയാളെ തൂക്കിക്കൊന്നു.

placeholder

ഇനി ഒരഹിംസാവാദിയുടെ നടക്കാതെപോയ ജയില്‍ച്ചാട്ടത്തെക്കുറിച്ച് പറയാം. ഗാന്ധിജിയുടേയും ടാഗോറിന്റേയും സുഹൃത്തായിരുന്ന ഗുര്‍ദിയാല്‍ മാലിക് ( 1896-1970 ) ബാദ്ഷാ ഖാന്‍ എന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ എന്ന അതിര്‍ത്തിഗാന്ധിയെക്കുറിച്ച് പറഞ്ഞ സംഗതിയാണ്. ബാദ്ഷാ ഖാന്റെ അഹിംസാമാര്‍ഗ്ഗത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഒരു പത്താന് എങ്ങനെ അഹിംസാമാര്‍ഗ്ഗം സ്വീകരിക്കാന്‍ കഴിയും എന്ന ലളിതയുക്തിയായിരുന്നു അത്. ജയിലിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സായ്വ് ഒരു കൗതുകത്തോടെ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനോട് ചോദിച്ചു, 'ആട്ടെ, അഹിംസയല്ലായിരുന്നു താങ്കളുടെ മാര്‍ഗ്ഗമെങ്കില്‍ ഞങ്ങളോട് എന്തുചെയ്യുമായിരുന്നു?'. ആജാനുബാഹുവായിരുന്ന, ഏഴടിപ്പൊക്കമുണ്ടായിരുന്ന ബാദ്ഷാ ഖാന്‍ ജയിലിന്റെ രണ്ട് ഇരുമ്പഴികളില്‍ മുറുകെപ്പിടിച്ച്, ശാന്തമായി രണ്ടും അകറ്റി, പുറത്തുകടക്കാന്‍ വഴിയുണ്ടാക്കി. എന്നിട്ട് ഒരു ചിരിപോലുമില്ലാതെ അന്തം വിട്ടുനിന്നിരുന്ന സായ്വിനോടായി പറഞ്ഞു, 'നിങ്ങളോട് ഞാന്‍ ഇങ്ങനെ ചെയ്യുമായിരുന്നു' (അവലംബം: പുസ്തകം: ഗാഫര്‍ ഖാന്‍, രാജ്മോഹന്‍ ഗാന്ധി).

placeholder
ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

നോക്കൂ, ഗോവിന്ദസ്വാമി എന്ന ഒരു ക്രിമിനലിന്റെ ജയില്‍ച്ചാട്ടം നമ്മെക്കൊണ്ടുപോകുന്ന വിചിത്രവഴികള്‍! ശ്രീ നാരായണഗുരു കവിതയില്‍ മൂന്ന്  ഇംഗ്‌ളീഷ് വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ. ഒന്ന് റോഡ്. രണ്ട് റെയില്‍. മൂന്ന് ജയില്‍!

സുബ്രഹ്‌മണ്യകീര്‍ത്തനത്തില്‍ എട്ടു ചാണ്‍ നീളമുള്ള ഈ ശരീരത്തെ 'എണ്‍ചാണ്‍ റോട്ടൂടെയുള്ള ശകടം' എന്നെഴുതി. 1888-ലെഴുതിയ അതേ കൃതിയിലെ പതിനൊന്നാം ശ്ലോകത്തില്‍ 

'റെയ്ലിന്‍ വേഗം ജയിക്കും ജരനര മുതലാം 
     മൂഢരും  ഞാനുമായി-
ജ്ജെയിലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി പരമന്‍ 
      ചിത്സുഖം നല്‍കിടേണം'
എന്നുമെഴുതി. 

അവസാനമായി ഒരു മഹാധീരന്റെ ജയില്‍ച്ചാട്ടത്തെക്കുറിച്ചു പറയാം. 1942-ല്‍ എ.കെ ഗോപാലന്‍ നടത്തിയ ജയില്‍ചാട്ടം. ആത്മകഥയായ 'എന്റെ ജീവിതകഥ'യുടെ പതിമൂന്നാം അധ്യായം അതാണ്. വെല്ലൂരിലെ ജയിലിനകത്ത് കമ്യൂണിസ്റ്റുകാര്‍ നടത്തിയ ചിട്ടയായ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. രാഷ്ട്രീയത്തടവുകാര്‍ക്ക് സി ക്ലാസ് തടവുകാര്‍ക്ക് കൊടുക്കുന്ന ഭക്ഷണം കൊടുക്കാന്‍ ബ്രിട്ടീഷ് ജയിലധികൃതര്‍ തീരുമാനിച്ചപ്പോള്‍ സഖാക്കള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. പതിനഞ്ചാം ദിവസം എകെജി ബോധം കെട്ടുവീണു. ജയിലധികൃതര്‍ ബലം പ്രയോഗിച്ച് ആഹാരം കൊടുക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ചെറുത്തു. പതിനെട്ടാം ദിവസം ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടപ്പോള്‍ സമരം പിന്‍വലിച്ചു. എന്നാല്‍ അതോടെ അദ്ദേഹത്തെ മറ്റൊരു ജയിലിലേക്ക് ഏകാന്തത്തടവുകാരനായി മാറ്റാന്‍ തീരുമാനമായി. ബാക്കി ഭാഗം ഞാന്‍ എകെജിയുടെ വാക്കുകളില്‍ പറയാം:

placeholder
എകെജി

'രാവിലെ ആറുമണിക്ക് തയ്യാറായിരിക്കുവാന്‍ ജയിലധികൃതര്‍ എന്നോടു പറഞ്ഞു. ഞാന്‍ എല്ലാവരോടും യാത്രപറഞ്ഞ് ഉറങ്ങാന്‍ പോയി. കനത്ത ഇരുട്ടും കോരിച്ചൊരിയുന്ന മഴയും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ ഉറക്കമായതോടെ ഞാനും എന്റെ സുഹൃത്തും (സഖാവ് പട്ടാഭിരാമയ്യ) രക്ഷപ്പെടാനുള്ള ആദ്യത്തെ പണികള്‍ തുടങ്ങി. മഴ വലിയ സഹായമായിരുന്നു. ഒരു ഇരുമ്പുപാരയും ഉളിയും മറ്റ് ഉപകരണങ്ങളും ഞാന്‍ നേരത്തേ കരുതിവച്ചിരുന്നു. ഫാസിസത്തെ എതിര്‍ക്കാന്‍ തയ്യാറായ കോണ്‍ഗ്രസ്സുകാരെയും കമ്മ്യൂണിസ്റ്റുകാരെയും മറ്റ് ദേശീയവാദികളെയും ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തിയിരുന്ന ഭിത്തി ഞങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി. ഞങ്ങള്‍ കരിങ്കല്ലില്‍ ഏല്‍പ്പിച്ച ഓരോ അടിയും ഇടിയും ഉദ്യോഗസ്ഥമേധാവിത്തത്തിനും അവരുടെ നരവേട്ടയ്ക്കും എതിരെയുള്ള ഓരോ അടിയായിരുന്നു. ഞാന്‍ ഒരു ബോള്‍ഷെവിക്കാണ്. കൂസലില്ലായ്മയും സാമര്‍ഥ്യവും ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ധീരതയുമുള്ള സഖാക്കളില്‍ ഒരാളായിരുന്നു ഞാന്‍. രണ്ടുമണിയായപ്പോഴേക്കും ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുന്ന ഒരു ദ്വാരം ഉണ്ടായി. ഞാന്‍ ആ ദ്വാരത്തില്‍ക്കൂടി പുറത്തേക്ക് എത്തിനോക്കി. സാമ്രാജ്യത്വം നശിക്കട്ടെ! സ്വാതന്ത്ര്യസമരം ജയിക്കട്ടെ!' 

ജയില്‍ ചാടിയ എകെജി ദിവസങ്ങളോളം കാടുകള്‍ താണ്ടി, ഒരു റെയില്‍വേ സ്റ്റേഷനില്‍ എത്തി ചരക്കുവണ്ടിയില്‍ ചുരുണ്ടുകൂടിയാണ് കേരളത്തില്‍ എത്തിയത്.

എത്ര തവണ വായിച്ചതാണാ ഭാഗങ്ങള്‍. എന്നിട്ടും ശ്വാസമടക്കിപ്പിടിച്ചാണ് ഈ ലേഖനമെഴുതുന്നതിന്റെ ഭാഗമായിട്ട് 13,14 അദ്ധ്യായങ്ങള്‍ ഒന്നുകൂടിവായിച്ചത്.

ആരായിരുന്നു ശരി, അതിര്‍ത്തിഗാന്ധിയോ, എ.കെ ഗോപാലനോ? രണ്ടുപേരും അവരവരുടെ ശരിയെ സധൈര്യം പുണര്‍ന്ന് ജീവിച്ചവര്‍. അവരുടെ ശരിതെറ്റുകള്‍ വിലയിരുത്താന്‍ ഞാന്‍ പ്രാപ്തനല്ല. അധീരനാണ്. അശക്തനാണ്.

placeholder
നെല്‍സണ്‍ മണ്ടേല

ഒരു വലിയ ക്രിമിനലിന്റെ ജയില്‍ച്ചാട്ടം, അയാളുടെ ബാല്യകൗമാരങ്ങള്‍ എന്നതിലൂടെ സഞ്ചരിച്ച് ജയിച്ചാട്ടത്തിന്റെയും ജയിലിന്റെയും ചില ചരിത്രനിദര്‍ശനങ്ങള്‍ പറയാന്‍ ശ്രമിച്ചതാണ്. ജയിലില്‍ നിന്നിറങ്ങിയ നെല്‍സണ്‍ മണ്ടേല പറഞ്ഞ ഒരു വാചകം ഇതാ: 'എന്റെ മുറിയുടെ വാതില്‍ തുറന്ന് ജയില്‍ ഗേറ്റിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു, 'ഇത് എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള തുറക്കലാണ്. ജീവിതാനുഭവത്തിലെ കയ്പ്പും വെറുപ്പും ഇവിടെ ഉപേക്ഷിക്കാതെ ഞാന്‍ പുറത്തേക്കിറങ്ങിയാല്‍ ഞാന്‍ ജയിലില്‍ തന്നെ കഴിയുന്നതിന് സമമായിരിക്കുമത്'.