
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനും ഒരാണ്ടു മുന്നേയാണ് സത്യപാല്‍ മാലിക് ജനിച്ചത്. 2025-ല്‍ രാജ്യത്തിന്റെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തിന് പത്തുദിവസങ്ങള്‍ക്കുമുന്‍പാണ് എണ്‍പതാം വയസ്സില്‍ അദ്ദേഹം രാജ്യതലസ്ഥാനത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അന്തരിച്ചത്. സോഷ്യലിസ്റ്റ് ചിന്താപദ്ധതി കൊണ്ടുനടന്ന സത്യപാല്‍ മാലിക് എന്ന നേതാവ് ലോഹ്യയുടെ പേരുപേറുന്ന ഒരാശുപത്രിയില്‍ മരിച്ചത് ആകസ്മികതയെങ്കിലും നമ്മെ അത് ചിന്തിപ്പിക്കുന്നുമുണ്ട്. മരണയിടത്തേക്കാള്‍ കൂടുതല്‍ കാവ്യനീതി കുടികൊണ്ടത് മരിക്കുന്നതിന് മുന്‍പ് ആ ആശുപത്രിയിലെ മരണമുറിയില്‍ ഇരുന്ന് ആ സോഷ്യലിസ്റ്റ് പറഞ്ഞ അന്ത്യമൊഴികളിലാണ്, ആ വീഡിയോ ദൃശ്യങ്ങളിലാണ്.
അതിലേക്ക് പോകുന്നതിനുമുന്‍പ് സത്യപാല്‍ മാലിക്കിന്റെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ച് കുറച്ചു വാക്കുകള്‍ പറയട്ടെ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മു -കശ്മീരിന്റെ ഒരു സംസ്ഥാനമെന്ന നിലയിലുള്ള വിശേഷാധികാരങ്ങള്‍ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു അവിടെ സംസ്ഥാന ഗവര്‍ണര്‍. അവസാന വര്‍ഷങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രൂക്ഷവിമര്‍ശകനായി അദ്ദേഹം മാറിയിരുന്നു. 2019-ലെ പുല്‍വാമ ആക്രമണത്തിലേക്കു നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിനു വന്ന വീഴ്ചകള്‍, നിരവധി അഴിമതിയാരോപണങ്ങള്‍ എന്നിങ്ങനെപോയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
Also Read
മരണക്കിടക്കയില്‍ കിടന്ന് ജനങ്ങളോട് സംസാരിച്ച ചെറിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്, 'ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്റെ നേര്‍ക്ക് തിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. നോക്കൂ, എനിക്കു സ്വന്തമായിട്ട് ഇപ്പോള്‍ എന്താണുള്ളത്, കുറച്ചു പാന്റുകളും ഷര്‍ട്ടുകളും മാത്രം'.
ഈ അന്ത്യമൊഴികള്‍ പെട്ടെന്നു മാഞ്ഞുപോകില്ല. വേട്ടയാടേണ്ടവരെ ആ വാക്കുകള്‍ വര്‍ഷങ്ങളോളം അശാന്തമായി പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു, 'ദുഃഖമുണ്ട് സത്യപാല്‍ മാലിക് ജിയുടെ മരണത്തില്‍. ബന്ധുക്കളുടേയും അനുയായികളുടേയും സങ്കടത്തില്‍ പങ്കുചേരുന്നു. ഓം ശാന്തിഃ.'
ആരുടെ മനഃശ്ശാന്തിയായിരിക്കണം പ്രധാനമന്ത്രി ഉദ്ദേശിച്ചത്?, സ്വശാന്തിയോ അപരശാന്തിയോ?
വൈദ്യുതിശ്മശാനത്തില്‍ ജീവിതപങ്കാളിക്ക് അന്ത്യയാത്ര നല്‍കി തിരികെ വീട്ടിലെത്തിയ ഭാര്യ ഇക്ബാല്‍ മാലിക് എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു യാത്രാമൊഴിയുണ്ട്. ഓഗസ്റ്റ് ഏഴാം തീയതി പ്രസിദ്ധീകരിച്ചതാണിത്.
'പ്രിയപ്പെട്ട സത്യപാല്‍,
ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. എന്റെ ഊഴമായിരുന്നു അത്, എന്നിട്ടും നീ എന്നെ മറികടന്നു.
ഞാന്‍ വൈദ്യുതി ശ്മശാനത്തില്‍ നിന്നും തിരികെ എത്തിയതേയുള്ളൂ. എത്രയോ ആളുകള്‍ അവിടെയെത്തി. പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. ആരും ആരെയും ക്ഷണിച്ചിരുന്നില്ല. അറിയിപ്പുകളുമില്ലായിരുന്നു. തികച്ചും മനുഷ്യസഹജമായ രീതിയില്‍ ആളുകള്‍ ആളുകളോട് പറഞ്ഞുപറഞ്ഞ് അവിടെ ജനങ്ങള്‍ വന്നതാണ്, ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്, ശ്വാസത്തില്‍ നിന്നും ശ്വാസത്തിലേക്ക്. അസഹ്യമായ ചൂടില്‍ അവര്‍ തോളോടുതോള്‍ ചേര്‍ന്നുനിന്നു. എന്തെങ്കിലും കടപ്പാടുവിചാരിച്ച് വന്നവരല്ല അവര്‍. അവിടെ, ആരുടെയെങ്കിലും മുന്നില്‍ കാണപ്പെടാന്‍ വന്നതുമില്ല. മറിച്ച്, സ്‌നേഹത്താല്‍ വന്നവരായിരുന്നു അവരെല്ലാം. നിശ്ശബ്ദവും വേദനാജനകവും ദൃഢനിശ്ചയവുമുള്ള സ്‌നേഹത്താല്‍'.

രാജ്യത്തിന്റെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാള്‍ ഇതു ഞാനെഴുതുമ്പോള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്ന ഒരു മൂളക്കം കേള്‍ക്കുന്നു. ഭൂകമ്പങ്ങള്‍ക്കു മുന്‍പ് മൃഗങ്ങള്‍ കേള്‍ക്കുന്ന മൂളക്കം. കുളമ്പില്‍ കുതിച്ചുചാടി അവര്‍ കൂടെനില്‍ക്കുന്നവരോട് വിനിമയംചെയ്യില്ലേ, 'എന്തോ വലുത് വരാനിരിക്കുന്നു'വെന്ന്. ആ മൂളക്കമാണ് ഇക്ബാല്‍ മാലിക് എന്ന സ്ത്രീയുടെ ഈ വാചകത്തില്‍ ഉള്ളത്, 'സ്‌നേഹത്താല്‍ വന്നവരായിരുന്നു അവരെല്ലാം. നിശ്ശബ്ദവും വേദനാജനകവും ദൃഢനിശ്ചയവുമുള്ള സ്‌നേഹത്താല്‍'.
2025-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അതിനാല്‍ ഭൂകമ്പത്തിനു മുന്നേയുള്ള ഒരു മാനിന്റെ കുതിച്ചുചാട്ടമാണ്. അങ്ങനെയല്ല എങ്കില്‍ അതൊരു പ്രത്യാശയെന്നു കരുതിയാല്‍ മതി.
മരിച്ചുപോയവര്‍ മരിക്കാതെ നടക്കുന്ന ഒരു സ്വാതന്ത്ര്യദിനമാണ് 2025-ലേത്. സത്യപാല്‍ മാലിക് മരണശയ്യയില്‍ ഇരുന്ന് നമ്മോട് പറഞ്ഞത്, എന്നെപ്പോലെയുള്ളവര്‍ ഇവിടങ്ങളില്‍ കാണും, നിശ്ശബ്ദവും വേദനാജനകവും ദൃഢനിശ്ചയവുമുള്ള സ്‌നേഹത്താല്‍' എന്നാണ്. മരിച്ചുപോയ രണ്ടുപേര്‍ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ഇന്ത്യയുടെ സുപ്രീം കോടതിയില്‍ വന്നിരുന്നു. മരിക്കാത്ത സമരസന്നദ്ധതയുള്ള യോഗേന്ദ്ര യാദവിന്റെ തോളില്‍ കയ്യിട്ടാണ് അവര്‍ വന്നത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരായി പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട രണ്ടുപേരെ അദ്ദേഹം സുപ്രീം കോടതിയ്ക്കു മുന്‍പാകെ ഹാജരാക്കുകയായിരുന്നു. ഇന്ത്യയുടെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് രണ്ടു പരേതര്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ ഹാജരായി പറഞ്ഞത്, 'ഞങ്ങള്‍ ജീവിച്ചിരിക്കുന്നു'വെന്ന്.
ബൊളീവിയയില്‍ ചെ ഗുവേരയെ വെടിവെച്ചുകൊല്ലാന്‍ വന്ന സൈനികനോട് അദ്ദേഹം പറഞ്ഞത്രേ,' എനിക്കറിയാം, നിങ്ങള്‍ എന്നെ കൊല്ലാന്‍ വന്നിരിക്കുകയാണെന്ന്. വെടിവെയ്ക്കൂ, ഒന്നോര്‍ത്തോളണം, നിങ്ങള്‍ ഒരു മനുഷ്യനെയാണ് വെടിവെക്കാന്‍ പോകുന്നത്. കൊല്ലപ്പെട്ട
ചെ ഗവേരയായിരിക്കും ജീവിക്കുന്ന ചെ ഗവേരയെക്കാള്‍ അപകടകാരി'.
ഇന്ത്യന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും മരിച്ചുംമരിക്കാതെയും പുറത്തുപോയവര്‍ പട്ടികയില്‍ ഇരട്ടിച്ചും ബഹുരൂപികളായും ജീവിച്ചിരിക്കുന്ന വോട്ടര്‍മാരെക്കാള്‍ അപകടകാരികളാകാന്‍ പോകുന്നുവോ? മരിച്ചവര്‍ പലപ്പോഴും അപകടകാരികളാണ്. ഗോഡ്സെയും തീവ്രഹിന്ദുസംഘവും കരുതി നെഞ്ചിലും വയറ്റിലും കയറിയിറങ്ങിയ മൂന്നുവെടിയുണ്ടകളാല്‍ ഗാന്ധി എന്ന മനുഷ്യനെ കൊല്ലാമെന്ന്. ഇന്നവര്‍ തിരിച്ചറിയുന്നു, കൊല്ലപ്പെട്ട ഗാന്ധിയാണ് കൂടുതല്‍ അപകടകാരിയെന്ന്.
1931 ഡിസംബര്‍ പന്ത്രണ്ടാം തീയതി വൈകിട്ട് ആറുമണിയ്ക്കാണ് ഗാന്ധി ഇറ്റലിയില്‍ ഫാഷിസ്റ്റ് മുസ്സോളിനിയെ കണ്ടത്. ഗാന്ധിയുടെ ജീവചരിത്രകാരന്‍ റൊമൈന്‍ റൊളാങ് (Romain Rolland) പലകുറി അദ്ദേഹത്തോട് പറഞ്ഞതാണ് മുസ്സോളിനിയെ കാണാന്‍ പോകരുതെന്ന്. അന്തഃകരണം പറയുന്നതു മാത്രം കേട്ടിരുന്ന ഗാന്ധി ആ ഉപദേശത്തിനു ചെവികൊടുത്തില്ല. മുസ്സോളിനിയെ കാണുമ്പോള്‍ ഗാന്ധിയുടെ കൂടെ സെക്രട്ടറി മഹാദേവ് ദേശായിയും മീര ബെഹനും (Madeleine Slade) ഉണ്ടായിരുന്നു. സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ മഹാദേവ് ദേശായിയോട് ഗാന്ധി പറഞ്ഞു, 'ശ്രദ്ധിച്ചിരുന്നോ, ഒരു പൂച്ചയുടെ കണ്ണുകളാണ് അയാള്‍ക്ക്'. അപ്പോള്‍ മഹാദേവ് ദേശായി മറുപടി പറഞ്ഞു, 'അല്ല, സാത്താന്റെ കണ്ണുകള്‍'. ഗാന്ധി അതിനോട് വിയോജിച്ചില്ല. (അവലംബം: മഹാത്മ ഗാന്ധി, പ്യാരേലാല്‍ നയ്യാര്‍)
ഹിന്ദു തീവ്രവാദവും ഇറ്റാലിയന്‍ ഫാഷിസവും തമ്മിലുള്ള ബന്ധം അതേസമയം രൂഢമൂലമാണ്. ഗാന്ധി മുസ്സോളിനിയെക്കണ്ട അതേ വര്‍ഷം തന്നെയാണ് ഇന്ത്യയിലെ തീവ്രഹിന്ദുക്കളില്‍ പ്രമുഖനായിരുന്ന ബി.എസ് മുഞ്ചേ (B.S. Moonje ) മുസ്സോളിനിയെ കണ്ടത്. പില്‍ക്കാലത്ത് RSS -ന്റെ സംഘടനാരൂപം ഉണ്ടാകുന്നത് ഇറ്റാലിയന്‍ ഫാഷിസത്തിന്റെ അതേ മാതൃകയിലായിരുന്നു. (അവലംബം: Hindutva's Foreign Tie-Up in 1930s, Archival Evidence : Marzia Casolari, 2000)
1924-ല്‍ ഇറ്റലിയില്‍ നടന്ന തിരഞ്ഞെടുപ്പ് അതിന്റെ ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ 2025-ല്‍ ഇന്ത്യയുടെ എഴുപത്തിയൊന്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ അവസരത്തില്‍ അക്കാര്യങ്ങള്‍ നമുക്കൊന്നോര്‍ത്തുനോക്കാം. വ്യാപകമായ ക്രമക്കേടുകള്‍ വഴിയാണ് മുസ്സോളിനിയുടെ നാഷണല്‍ ഫാഷിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പിനുശേഷം മുസോളിനി വാര്‍ത്താപത്രങ്ങള്‍ നിരോധിച്ചു, പ്രതിപക്ഷപാര്‍ട്ടികളെ നിരോധിച്ചു. വിമതാഭിപ്രായങ്ങള്‍ ഉള്ളവരുടെ യോഗങ്ങള്‍ നിരോധിച്ചു. (1975 -ലെ ഇന്ത്യന്‍ അടിയന്തിരാവസ്ഥ ഓര്‍മ്മയിലേക്ക് വരുന്നു). ആദ്യമൊക്കെ പള്ളിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാലും മുസോളിനി കത്തോലിക്കാ ക്രിസ്തുമതത്തെ ദേശീയമതമാക്കി. 1931-ല്‍ ഗാന്ധിയ്ക്ക് പോപ്പിനെ റോമില്‍ കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ അവസരം നിരസിക്കപ്പെട്ടു. ഒറ്റമുണ്ടുടുത്ത ഒരാളെ കാണാന്‍ വത്തിക്കാന്‍ ഭരണാധികാരിയായ വിശുദ്ധപിതാവിന് വിസമ്മതമായിരുന്നത്രെ. അപ്പോള്‍ പോപ്പിനു പിന്നില്‍ കുരിശില്‍ ഒറ്റമുണ്ടുടുത്ത ഒരാള്‍ ചോരവാര്‍ന്നു കിടക്കുന്ന ശില്‍പമുണ്ടായിരുന്നു.
മരിച്ചവരെ നിരീക്ഷിക്കുന്ന സുപ്രീം കോടതിയിലേക്കു പോകാം. സുപ്രീം കോടതി യോഗേന്ദ്ര യാദവിനോട് ചോദിച്ചു, ബിഹാറില്‍ 2003-ല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലേ?'
യോഗേന്ദ്ര യാദവ്: ഈ രാജ്യത്ത് ഇതിനു മുന്‍പൊരിക്കലും പട്ടിക പുതുക്കല്‍ സമയത്ത് നിലവിലുള്ള എല്ലാ വോട്ടര്‍മാരും ഫോമുകള്‍ പൂരിപ്പിച്ചു കൊടുക്കേണ്ടതായി വന്നിട്ടില്ല. പാവപ്പെട്ടവരും അധഃസ്ഥിതരുമാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും പുറത്തുപോകുന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരം ബിഹാറില്‍ പ്രായപൂര്‍ത്തിയായവര്‍ 8.18 കോടിയാണ്. വോട്ടര്‍ പട്ടികയിലുള്ളത് 7.89 കോടിയാണ്. അതായത് 29 ലക്ഷത്തിന്റെ കുറവ്. ബിഹാറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പുതിയ വോട്ടര്‍ പോലുമില്ലാതെ, ലക്ഷക്കണക്കിനാളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തുപോകുന്നത്'.
യോഗേന്ദ്ര യാദവ് പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് കോടതി എങ്ങനെ നിരീക്ഷിക്കുവാന്‍ പോകുന്നുവെന്ന് നമുക്ക് കാത്തിരിക്കാം. സംവിധാനസൗധത്തെ താങ്ങിനിര്‍ത്തുന്ന നാലുതൂണുകളും തകര്‍ന്നാലും നിലനില്‍ക്കുന്ന ഒരാകാശപ്പന്തലായി നമ്മുടെ ജനാധിപത്യമര്യാദ മാറുമോ ആവോ! ഗാന്ധിയും ദാര്‍ശനികനായ ഇമ്മാനുവല്‍ കാന്ത് പറഞ്ഞിട്ടുണ്ടല്ലോ ഏറ്റവും മനോഹരം ആകാശമാണെന്ന്. ആ ആകാശപ്രണയികളാണ് വ്യക്തി-സമൂഹനന്മകളെ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്, കൊണ്ടുപോകുന്നത്, ഭാവിയില്‍ കൊണ്ടുപോകാന്‍ പോകുന്നതും.
ഇക്ബാല്‍ മാലിക് മരിച്ചുപോയ ജീവിതപങ്കാളിയ്ക്ക് എഴുതിയ കത്തിലെ ഒരു ഭാഗം കൂടി ഇവിടെ നല്‍കാം:
'സത്യപാല്‍, നിങ്ങള്‍ എത്ര ലളിതമായി ജീവിച്ചു. പൂര്‍ണതയോടെയും. സമ്പൂര്‍ണ്ണമായ ഒരു ധൈര്യം നിങ്ങളിലുണ്ടായിരുന്നു. നോക്കൂ, സത്യസന്ധനും തത്വചിന്താപരനുമായ മകന്‍ എന്റെ അരികില്‍ നിശ്ശബ്ദനായി നില്‍ക്കുന്നുണ്ട്. ധൈര്യത്തോടെ, സത്യസന്ധതയോടെ അവന്‍ മുന്നോട്ടുപോകും. നിങ്ങളിലെ ചിന്തയുടെ ആഴത്തേയും വ്യക്തതയേയും അവന്‍ മുന്നോട്ടുകൊണ്ടുപോകും. നമ്മുടെ മരുമകളും അങ്ങനെതന്നെ. സത്യവും, ആശയവ്യക്തതയും, സ്വവ്യക്തിത്വവും കൊണ്ട്. എന്നാല്‍ ഞാനോ? നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന ഇടങ്ങളില്‍ ഞാന്‍ ഇനി തനിച്ച്'.
സത്യപാല്‍ മാലിക്കിന്റെ അന്ത്യമൊഴികളോടെയാണ് ഈ ലേഖനം ആരംഭിച്ചത്. ആളുകളുടെ അന്ത്യമൊഴികളെക്കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. പാശ്ചാത്യലോകത്ത് മിത്തുകളും കല്‍പനകളും, എഴുതപ്പെട്ട ഡയറിക്കുറിപ്പുകളും, ഓര്‍മ്മകളുമായി ആളുകളുടെ അന്ത്യമൊഴികള്‍ പ്രചരിച്ചപ്പോള്‍ നമുക്കെന്തേ അങ്ങനെയൊന്നില്ലാതെ പോയത്? എല്ലാം മനോഹരമായി പറഞ്ഞ ഒ.വി വിജയന്‍ എന്തായിരുന്നിരിക്കണം മരണമൊഴിയായി പറഞ്ഞിരിക്കാനിട? എല്ലാം മാര്‍ക്‌സിസത്തിലൂടെ കണ്ട ഇ.എം.എസ് നമ്പൂതിരിപ്പാട് മരണമുറപ്പായപ്പോള്‍ എന്തെങ്കിലും പറഞ്ഞിരുന്നോ? വിഖ്യാത എഴുത്തുകാരന്‍ ജെയിംസ് ജോയ്‌സിന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന അന്ത്യമൊഴി ഇതാണ്... 'എന്തുകൊണ്ടാണ് ആര്‍ക്കും ഒന്നും മനസ്സിലാകാത്തത്?'
അന്ത്യമൊഴികളെക്കുറിച്ചു മാത്രം പിന്നീടൊരിക്കല്‍ എഴുതാം.
Content Highlights: S Gopalakrishnan Column Azhchappadukal Satyapal Malik And Narendra Modi
Published: 14 Aug 2025, 12:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented