വാര്‍ത്തകള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയിലൂടെ ജീവിതങ്ങള്‍ നമ്മിലേക്ക് കടന്നുവരും, എന്നിട്ട്, ആ ജീവിതങ്ങളാകെ, വായിച്ച വാര്‍ത്തകളെക്കാള്‍ വലുതായി നമ്മളില്‍ വളരും. ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മിസൈലുകള്‍ പതിച്ചപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിക്കേണ്ടിവരുന്ന അഞ്ചുവയസ്സുകാരിയുടെ മുഖം നമുക്ക് ഒരു വാര്‍ത്തയേയല്ല, മറിച്ച് ജീവിതമാണ്. ആ കുഞ്ഞിനെ കാണുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചല്ലേ  ആലോചിക്കാറുള്ളത്? വാര്‍ത്തകളുടെ ഈ നിലയ്ക്കാത്ത, നിലയറ്റ പ്രളയപ്രവാഹത്തിലേക്ക് നിങ്ങള്‍ ഒന്നു സൂക്ഷിച്ചുനോക്കൂ. അവിടെ, പടുമരത്തില്‍ അഭയം തേടി ഒഴുക്കു മറികടക്കുന്ന പൂച്ചയെപ്പോലെ, നമ്മില്‍ അഭയം തേടുന്ന ജീവിതങ്ങളല്ലേ വാര്‍ത്തകളില്‍ അങ്ങനെ കരകാണാതെ ഒഴുകിനടക്കുന്നത്.

To advertise here,

അങ്ങനെ എന്നിലേക്ക് ഇന്നലെ കടന്നുവന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. രാവിലെ പത്രത്തിലെ ഒന്നാം പേജില്‍ ഞാന്‍ വായന തുടങ്ങിയതാണ്. ഒരു സ്വതന്ത്ര- പരമാധികാര-ജനാധിപത്യ രാജ്യമായ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ അന്യരാജ്യമായ അമേരിക്ക എതിര്‍ക്കുന്ന വാര്‍ത്ത ദിനേന അവിടെ വികസിക്കുന്നുണ്ട്, സുപ്രീം കോടതി ചൈനീസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ ശകാരിച്ചത്, ഇന്ത്യ ഇംഗ്ലണ്ടിനെ ടെസ്റ്റ് മത്സരത്തില്‍ അത്ഭുതകരമാം വണ്ണം പരാജയപ്പെടുത്തിയത്, കേരളസമൂഹമെന്നത് വാര്‍ത്താഘോഷങ്ങള്‍ക്കുള്ള ഇരയെ കാത്തിരിക്കുന്ന എലിപ്പത്തായമായി മാറുന്നത് അതില്‍ കുടുങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരിച്ചറിയുന്നത്, ഒരു മേഘം പൊട്ടിത്തെറിച്ചുണ്ടായ പ്രചണ്ഡമായ ജലതാണ്ഡവത്തില്‍ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമം ഒലിച്ചുപോയത് അങ്ങനെയങ്ങനെയുള്ള വാര്‍ത്തകള്‍ക്കിടയില്‍ നിന്നാണ് പേരറിയാത്ത ആ പെണ്‍കുട്ടി ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ച് എന്റെ ശ്രദ്ധാത്തെരുവിലേക്ക് കയറിയത്.

ഡല്‍ഹിയിലെ ജി.ബി . റോഡിലാണ് അവള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്. ആ വഴിയുടെ പുതിയപേര് സ്വാമി ശ്രദ്ധാനന്ദ മാര്‍ഗ് എന്നാണ്. ഡല്‍ഹിയില്‍ ഇപ്പോഴും മുഗള്‍ ഭരണം മണക്കുന്ന അജ്മീരി ഗേറ്റ് മുതല്‍ ലാഹോറി ഗേറ്റ് വരെയുള്ള ജി .ബി . റോഡിന് ആ പേരുവന്നത് ഡല്‍ഹി നഗരത്തിലെ ബ്രിട്ടീഷ് കമ്മീഷണറായിരുന്ന ഗാസ്റ്റിന്‍ ബാസ്റ്റ്ഷന്റെ (Gastin Bastion) പേര് കൊളോണിയല്‍ ഭരണം ആ വഴിക്കിട്ടതുകൊണ്ടാണ്. മുഗള്‍ ഭരണകാലം മുതല്‍ അവിടെയുണ്ടായിരുന്ന അഞ്ചു ചുവന്നതെരുപ്പ്രദേശങ്ങളെ ഗാസ്റ്റിന്‍ ബാസ്റ്റ്ഷന്‍ ഒരിടത്തേക്ക് ഏകോപിപ്പിച്ചതാണിത്. ഇന്നും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ചുവന്നതെരുവുകളില്‍ ഒന്നാണിത്. 1966-ല്‍ ഈ വഴിക്ക് ഹിന്ദുനവോത്ഥാന നായകനായിരുന്ന സ്വാമി ശ്രദ്ധാനന്ദയുടെ (ദയാനന്ദ സരസ്വതിയുടെ ശിഷ്യന്‍ ) പേരിട്ടുവെങ്കിലും ഇന്നും പൊതുജനം അതിനെ ജി.ബി. റോഡ് എന്നേ വിളിക്കാറുള്ളൂ. കാമാര്‍ത്തരുടെ ആലംബമായ ആ വഴിയേ പോകാനിടവരുമ്പോഴെല്ലാം സ്വാമി ശ്രദ്ധാനന്ദ എന്ന പേര് കാണും. അപ്പോഴെല്ലാം ദേശീയത എങ്ങനെയാണ് കാല്പനികമായി പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍ത്തുപോകാറുണ്ട്. 'ദേശീയതയും കാല്പനികത'യുമെന്ന വിഷയത്തെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള എം. ഗോവിന്ദന് അയച്ച ഒരു കത്ത് (ഓഗസ്റ്റ് , 1949)  എം.കെ സാനു 'കേസരി: ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന അതിമനോഹര പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജി.ബി റോഡിലെ ഓട്ടോറിക്ഷാക്കാരിയെക്കുറിച്ച് എഴുതുമ്പോള്‍ കാല്പനികത എന്നെ ആവേശിക്കരുതേ എന്ന പ്രാര്‍ത്ഥനയുടെ ഭാഗമായിട്ടാണ് കേസരിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കുന്നത്, സാനുമാഷിനുള്ള ഒരാദരാഞ്ജലിയായും.

'ദേശീയവാദം ഒരു കാല്പനികപ്രസ്ഥാനമാണ്;രാഷ്ട്രീയസ്വാതന്ത്ര്യം നേടിക്കഴിഞ്ഞാല്‍ അതൊടുങ്ങും. യഥാര്‍ത്ഥ രാജ്യസ്‌നേഹവും സ്വന്തം സാമ്പത്തിക വര്‍ഗത്തിന് അധികാരം നേടിക്കൊടുക്കാനുള്ള സ്വാര്‍ത്ഥദാഹവും ചേര്‍ന്ന മാനസികാവസ്ഥയാണ് എല്ലാ കാല്പനികര്‍ക്കുമുള്ളത്. ഈ തീക്ഷ്ണമായ ദേശീയതയും ഹിന്ദുമേലാളര്‍ക്ക് വാസനാപരമായുള്ള പിന്‍നോക്കി ആര്‍ഷാദര്‍ശവാദവും ചേര്‍ന്നാണ് പാകിസ്ഥാന്‍ സംസ്ഥാപനത്തിലവസാനിച്ച, ഇക്ബാലാരംഭിച്ച; പ്രസ്ഥാനത്തിലേക്കു നയിച്ചത്. ആര്‍എസ്എസ്സുകാര്‍ സവര്‍ണ്ണ മേധാവിത്തത്തിന്റെ ശരിയായ പ്രചാരകരാണെങ്കില്‍, നമ്മുടെ കാല്പനിക സാഹിത്യകാരന്മാര്‍ അതിന്റെ രഹസ്യപ്രചാരകരാണ്'.  

1949-ല്‍ കേസരി സൂക്ഷ്മത എന്ന മഷിയില്‍ മുക്കിയെഴുതിയ ഈ വരികള്‍ 2025-ലും നിറം മങ്ങാതെ, മാറ്റുകുറയാതെ നമ്മെ ചിന്തിപ്പിക്കുന്നു. ഒന്നാലോചിക്കട്ടെ. ജി.ബി റോഡിലെ എത്ര ലൈംഗികത്തൊഴിലാളികള്‍ പാകിസ്ഥാനിലേക്ക് പോയിക്കാണും? കണക്കുകള്‍ ലഭ്യമല്ല. ഇന്ത്യാ വിഭജനത്തെക്കുറിച്ച് ഏറ്റവും തീക്ഷ്ണമായ കഥകള്‍ എഴുതിയ സാദത്ത് ഹസന്‍ മന്റ്റോയുടെ കഥകളിലെ ചിലരെങ്കിലും ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിലേക്ക് പോയിക്കാണണം. ബൂ (മണം) എന്നപേരിലുള്ള കഥയില്‍ ഒരു വേശക്കിടാത്തിയുടെ കക്ഷത്തിലെ മണത്തില്‍ അനുരക്തനായ ഒരു ധനികനെക്കുറിച്ച് മന്റ്റോ എഴുതിയല്ലോ. വിഭജനശേഷം അയാള്‍ ആ മണത്തിന്നുടമയെയും ഒരുപക്ഷേ ലാഹോറിലേക്ക് കൊണ്ടുപോയിരിക്കണം. 

  ഇന്ത്യാ വിഭജനത്തെക്കുറിച്ചിറങ്ങിയ ഏറ്റവും തീക്ഷ്ണമായ നോവലുകളിലൊന്നായ 'പാകിസ്താനിലേക്കുള്ള തീവണ്ടി (ഖുശ്വന്ത് സിങ്ങ്)' യില്‍ ആളുകള്‍ അതിര്‍ത്തി കടക്കുന്ന നേരത്ത് അന്നത്തെ പഞ്ചാബിലെ മനോ മജ്റയിലെ ഡെപ്യൂട്ടി കമ്മീഷണറെ (മജിസ്ട്രേട്ടും) സന്തോഷിപ്പിക്കുവാന്‍ എത്തുന്ന ഹസീന എന്ന ലൈംഗികത്തൊഴിലാളിപ്പെണ്‍കുട്ടിയുണ്ട്. അവള്‍ ഒരുപക്ഷേ ഡല്‍ഹിയില്‍ നിന്നും പാകിസ്താനിലേക്ക് പോകും വഴിയായിരുന്നോ മജിസ്ട്രേറ്റിന്റെ കിടപ്പുമുറിയിലെത്തിയത്?

'എത്ര നാളായി നീ ഈ തൊഴില്‍ തുടങ്ങിയിട്ട്?', മജിസ്ട്രേട്ട് ഹുക്കുംചന്ദ് ചോദിച്ചു.

'എന്തൊരു മണ്ടത്തരമാണ് അങ്ങ് ചോദിക്കുന്നത്? ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍. എന്റെ അമ്മ പാട്ടുകാരിയായിരുന്നു; ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ള കാലം മുതല്‍'. 
ഹുക്കും ചന്ദ് : പാട്ടിന്റെ കാര്യമല്ല ഞാന്‍ ചോദിക്കുന്നത്, മറ്റുകാര്യങ്ങള്‍'

'മറ്റു കാര്യങ്ങള്‍ എന്നുപറഞ്ഞാല്‍ അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്?', പെണ്‍കുട്ടി ആത്മഗൗരവത്തോടെ ചോദിച്ചു. പണത്തിനുവേണ്ടി ഞങ്ങള്‍ മറ്റു പണികള്‍ ചെയ്യാറില്ല. ഞാന്‍ പാടും, ആടും. പാട്ടിന്റെയും ആട്ടത്തിന്‍റെയും അര്‍ത്ഥം അങ്ങയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് മറ്റെല്ലാ കാര്യങ്ങളും അറിയാം. ഒരു കുപ്പി വിസ്‌കിയും മറ്റു കാര്യങ്ങളും അത്രതന്നെ'.

 ഹുക്കും ചന്ദ് അവളുടെ മുടിയില്‍ തലോടി. അയാളുടെ മകള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പതിനാറോ പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം കാണുമായിരുന്നു. പക്ഷേ അയാള്‍ക്ക് കുറ്റബോധമൊന്നുമില്ല; ഒരു മങ്ങിയ ആഗ്രഹപൂര്‍ത്തിയല്ലാതെ.'  

2025 ഓഗസ്റ്റ് അഞ്ചാം തീയതിയിലെ പത്രത്തിലൂടെ എന്റെ ശ്രദ്ധാമാര്‍ഗത്തിലേക്ക് കയറിയ പെണ്‍കുട്ടി ഡല്‍ഹിയിലെ ജി.ബി റോഡിലെ കമ്പോളകാമാലയങ്ങളിലൊന്നില്‍ ലൈംഗികത്തൊഴിലാളിയായി വരുമ്പോള്‍ അവള്‍ക്ക് ഹുക്കും ചന്ദിനെ തൃപ്തിപ്പെടുത്താനെത്തിയ ഹസീനയുടെ അതേ പ്രായമായിരുന്നു, പതിനെട്ട്. ബോംബെയിലെ കാമാത്തിപുര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയിട്ടുള്ള ജി.ബി റോഡ് എന്ന പ്രദേശത്തെക്കുറിച്ച് കൂടുതല്‍ എഴുതുന്നില്ല. വാര്‍ത്തയിലൂടെ എന്നിലേക്കു വന്ന പേരറിയാത്ത പെണ്‍കുട്ടിയിലേക്ക് ഇനി പൂര്‍ണമായും പോകുകയാണ്. മറ്റൊരാളുടെ ജീവിതം എങ്ങനെയാണ് നമ്മെ കൂടുതല്‍ വിനീതരാക്കുന്നത് എന്നതിന്റെ ഉദാഹരണമായിട്ടാണ് ഇതെഴുതുന്നത്. (ദേവാംശി മേത്ത എന്ന പത്രപ്രവര്‍ത്തക ഒരു ഇംഗ്ലീഷ് ദേശീയദിനപ്പത്രത്തില്‍ എഴുതിയ റിപ്പോര്‍ട്ടാണ് അവലംബം)

അവള്‍. അവളുടെ പേരെന്തെന്നറിയില്ല. അതിനാല്‍ അവളെ അനാമിക എന്നു വിളിച്ചാലോ? അതുവേണ്ട ജി.ബി റോഡിന്റെ പുതിയപേരിന്റെ ഓര്‍മ്മയ്ക്ക് അവളെ ശ്രദ്ധ എന്നുവിളിക്കാം. ശ്രദ്ധ ബംഗളുരുവില്‍ പഠിക്കുകയായിരുന്നു. അച്ഛന് പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ അയാള്‍ക്ക് തൊഴിലെടുക്കാന്‍ വയ്യാതായി. ശ്രദ്ധയുടെ അനിയന് പതിനഞ്ചുവയസ്സായിരുന്നു പ്രായം. ദിവസം ഇരുന്നൂറുരൂപ കിട്ടുന്ന ഒരു ജോലി ചെയ്തിരുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് പണം വേണമായിരുന്നു. അവള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. അങ്ങനെ പതിനെട്ടാം വയസ്സില്‍ ശ്രദ്ധ തൊഴിലന്വേഷിച്ചിറങ്ങി. ഒരാള്‍ അവളെ അന്വേഷിച്ചുവന്നു. 'നീ നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നറിഞ്ഞു. ഡല്‍ഹിയില്‍ ഒരു ഹോട്ടലില്‍ പ്രതിമാസം അറുപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി സംഘടിപ്പിച്ചുതരാം'. അച്ഛന്റെ രോഗവും, വീട്ടിലെ ബുദ്ധിമുട്ടും ഓര്‍ത്ത് പഠനം നിര്‍ത്താനും അയാള്‍ പറഞ്ഞ ജോലി സ്വീകരിക്കാനും ശ്രദ്ധ തീരുമാനിച്ചു. 2012-ല്‍, ആ ദിവസം തന്നെ അവള്‍ ഡല്‍ഹിയിലേക്ക് തീവണ്ടി കയറി. ഡല്‍ഹിയിലെത്തിയ അവളെ പതിനഞ്ചുദിവസം ഒരു വീട്ടില്‍ പൂട്ടിയിട്ടു. പിന്നെ അയാള്‍ അവളെ ജി.ബി റോഡിലെ ഒരു വേശ്യാലയത്തിന് വെറും അറുപതിനായിരം രൂപയ്ക്ക് വിറ്റു. അവള്‍ക്കല്ല, അയാള്‍ക്കാണ് പണം കിട്ടിയത്. ആ പണമായിരുന്നു അയാള്‍ പ്രതിമാസം ശമ്പളമായി അവള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. 

പിന്നീടുള്ള മൂന്നുവര്‍ഷങ്ങള്‍ ശ്രദ്ധയുടെ ജീവിതത്തിലെ ഭയാനകദുരിതകാലമായിരുന്നു. ഒരു ചെറിയ മുറിയില്‍ അവള്‍ പൂട്ടിയിടപ്പെട്ടു. അതിഭീകരമായി മര്‍ദ്ദിക്കപ്പെട്ടു. ലൈംഗികത്തൊഴിലിലേക്ക് തള്ളിയിടപ്പെട്ടു. വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവളെ അനുവദിച്ചില്ല. ശ്രദ്ധ പറയുന്നു:' ചെറുത്തുനിന്നപ്പോഴൊക്കെ അതിഭീകരമായ മര്‍ദ്ദനമാണ് എനിക്ക് അനുഭവിക്കേണ്ടിവന്നത്.'

2016-ല്‍ ആ വ്യഭിചാരശാലയില്‍ അവള്‍ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. അവള്‍ ദേവാംശി മേത്തയോട് പറഞ്ഞു:

'അവനെ വളര്‍ത്താനുള്ള സ്ഥലമോ സുരക്ഷിതത്വമോ എനിക്കില്ലായിരുന്നു. ഒരു ദുപ്പട്ടയാല്‍ അവന്റെ കാലുകള്‍ എന്റെ മുറിവാതിലില്‍ ഞാന്‍ മണിക്കൂറുകളോളം കെട്ടിയിടേണ്ടിവന്നു. വര്‍ഷങ്ങളോളം അങ്ങനെ ചെയ്തതിനാല്‍ അവന്റെ ആ കാലിന് സ്വാധീനം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു, അവന്റെ തലച്ചോറും വളര്‍ന്നില്ല'. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്നവള്‍ ആശിച്ചു, അതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു. വിശുദ്ധ ബൈബിളിലെ ഹെരോദാ ചക്രവര്‍ത്തി അധികാരം നിലനിര്‍ത്താനായി രണ്ടുവയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളയാന്‍ ആജ്ഞാപിച്ചല്ലോ. അങ്ങനെ കുഞ്ഞുങ്ങളെ വാളാല്‍ വെട്ടിക്കൊന്ന് തളര്‍ന്ന പട്ടാളക്കാരന്‍ ഒരു വേശ്യാലയത്തിലെത്തുന്നു. 'ഇത്രയായിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ ഒരു രക്ഷകന്‍ വരുന്നത്'? എന്ന് വേശ്യാലയത്തിലെത്തിയ പട്ടാളക്കാരന്‍ ചോദിക്കുന്ന ഒരു ചോദ്യം സക്കറിയയുടെ 'ആര്‍ക്കറിയാം' എന്ന കഥയില്‍ നമ്മെ ഞെട്ടിച്ചതാണ്. ശ്രദ്ധ അപരിചിതരുമായി മെത്ത പങ്കിടുമ്പോള്‍ ഏതെങ്കിലും ചക്രവര്‍ത്തിയുടെ ആജ്ഞാനുസാരിയായ അനുചരന്‍ വന്ന് വാളാല്‍ ആ കുഞ്ഞിനെ വകവരുത്തിയിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചതേയില്ല. പകരം എങ്ങനെയെങ്കിലും പുറത്തുകടക്കണം എന്നാണാഗ്രഹിച്ചത്. 

രണ്ടാമതും അവള്‍ ഗര്‍ഭം ധരിച്ചു. എന്നാല്‍ പുതുതായി ശ്രദ്ധാനന്ദ മാര്‍ഗില്‍ പ്രവര്‍ത്തനം തുടങ്ങിയ വനിതാപോലീസ് സ്റ്റേഷനിലെ അംഗങ്ങള്‍ അവളെ അവിടെനിന്നും രക്ഷിച്ചു. ആധാര്‍ കാര്‍ഡില്‍ ജി.ബി റോഡ് എന്ന മേല്‍വിലാസമായിരുന്നതിനാല്‍ അവള്‍ക്ക് ജോലി കൊടുക്കുവാന്‍ ആരും തയ്യാറായില്ല. പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്റ്റര്‍ കിരണ്‍ സേഥി അറിയപ്പെടുന്നത് പെണ്‍സിംഹം എന്നാണ്. അവരാണ് ശ്രദ്ധയ്ക്ക് ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമായി നല്‍കിയത്. മധ്യദല്‍ഹിയിലും ഉത്തരഡല്‍ഹിയിലും ശ്രദ്ധ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. അവളുടെ പെണ്‍കുട്ടിക്ക് ഇപ്പോള്‍ രണ്ടുവയസ്സ് അവള്‍ പറയുന്നു: 'എനിക്ക് എന്റെ പെണ്‍കുട്ടിയെ ഒരു പട്ടാളക്കാരിയാക്കണം. അവള്‍ രാജ്യത്തെയാകെ രക്ഷിക്കട്ടെ.' 

വീണ്ടും സക്കറിയയുടെ 'ആര്‍ക്കറിയാം' എന്ന തരംഗസൃഷ്ടിയായ കഥയിലേക്കു പോകട്ടെ. ഹെരോദാ രാജാവിന്റെ വാളില്‍ നിന്നും ഉണ്ണിയേശുവിനെ രക്ഷിക്കുവാന്‍ അച്ഛനും അമ്മയും മകനെ ഒരു വേശ്യാലയത്തില്‍ അഭയത്തിനായി ഏല്‍പ്പിച്ചതാണ് കഥാസന്ദര്‍ഭം. ഇനി കഥയില്‍ നിന്നും ഉദ്ധരിക്കാം:
'വേശ്യാലയത്തിന്റെ ഉടമസ്ഥ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പക്കല്‍ നിന്ന് അവള്‍ നെഞ്ചത്തു ചേര്‍ത്തിരുന്ന കുഞ്ഞിനെ വാങ്ങി. അതിന്റെ മുഖത്തു നക്ഷത്രപ്രകാശം വീഴാനെന്നവണ്ണം ഇരുകൈകളിലുമുയര്‍ത്തി മുഖത്ത് ഉറ്റുനോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: 'പാവം പാവം രാജാവ്'. എന്നിട്ട് കുനിഞ്ഞ് കുഞ്ഞിന്റെ നെറ്റിയിലും കൊച്ചുപാദങ്ങളിലും ഉമ്മവെച്ചു. സ്ത്രീ അപ്പോഴേക്കും കഴുതപ്പുറത്തുകയറിയിരുന്നു. ഉടമസ്ഥ കുഞ്ഞിനെ സ്ത്രീയുടെ കൈയില്‍ മടക്കിക്കൊടുത്തു. അവള്‍ അതിനെ വീണ്ടും മാറോടടക്കിപ്പിടിച്ചു. വീട്ടിനുള്ളില്‍ നിന്നും മൂന്നുനാലു പെണ്ണുങ്ങള്‍കൂടി ഇരുട്ടിലൂടെ നിശ്ശബ്ദരായി പുറത്തിറങ്ങിനിന്നു. പുരുഷന്‍ കഴുതയുടെ മൂക്കുകയര്‍ പിടിച്ചു. കഴുതപ്പുറത്തെ സ്ത്രീ എല്ലാവരേയും നോക്കിപ്പറഞ്ഞു:' നന്ദി. ഞങ്ങള്‍ക്ക് അഭയം തന്നതിന് നന്ദി. എന്റെ കുഞ്ഞിന്റെ നന്ദി. നിങ്ങള്‍ക്ക് ഒരു പ്രത്യുപകാരവും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ.'

ഉടമസ്ഥ പറഞ്ഞു: ഉവ്വ്. നിന്റെ മകന്‍ വളര്‍ന്ന് രാജാവാകുമ്പോള്‍ ഞങ്ങളെയും രക്ഷിക്കാന്‍ പറയൂ. ഞങ്ങള്‍ വേശ്യകളാണ്. പക്ഷേ അമ്മയുടെ വാക്ക് അവന്‍ അനുസരിക്കും.'

കോവര്‍ കഴുത നടന്നുതുടങ്ങിയിരുന്നു. വേശ്യാലയത്തിന്റെ ഉടമസ്ഥ മുന്നോട്ടോടിച്ചെന്നു പറഞ്ഞു: ആ പട്ടാളക്കാരനെയും. നിങ്ങള്‍ക്കു നല്ലതു ഭവിക്കട്ടെ'.

(സക്കറിയ: ആര്‍ക്കറിയാം )

ഞാന്‍ എന്നെങ്കിലും ശ്രദ്ധ ഓടിക്കുന്ന ഇ-ഓട്ടോറിക്ഷയില്‍ കയറും. എന്നിട്ട് അവളോട് പറയും, ഇന്ത്യന്‍ പാര്‍ലമെന്റിനടുത്ത് ഇറക്കാന്‍. അവളെ എനിക്കറിയാമെന്ന് ഞാന്‍ നടിക്കില്ല. കാലുവയ്യാത്ത, തലച്ചോറുവളരാത്ത മകനെക്കുറിച്ച് ചോദിക്കില്ല. മകളുടെ പഠനത്തെക്കുറിച്ച് ചോദിക്കില്ല. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുണ്ടായ കെട്ടിടത്തിന്റെ നോട്ടവളപ്പില്‍ നിന്ന് ഞാന്‍ അവളോട് ഞാന്‍ പറയും, 'നിങ്ങള്‍ക്കു നല്ലതു ഭവിക്കട്ടെ'

പിന്‍കുറിപ്പ് 

ഈ ലേഖനം പൂര്‍ത്തിയാക്കി മാതൃഭൂമിക്കയച്ചു കഴിഞ്ഞാണ് ഇന്നത്തെ പത്രത്തില്‍ അശരണയായ ഒരു ഒന്‍പതുവയസ്സുകാരി എഴുതിയ കുറിപ്പ് വായിക്കാനിടയായത്. നോട്ടുബുക്കില്‍ നിന്ന് അധ്യാപകരാണ് ഇതാദ്യം വായിച്ചത്. സ്വന്തം അച്ഛനും രണ്ടാനമ്മയും നടത്തുന്ന നിരന്തര ക്രൂരമര്‍ദ്ദനത്തെക്കുറിച്ചാണ് ഈ കത്ത്. 'എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണ് കാണിക്കുന്നത്. എനിക്കു സുഖമില്ല സാറേ. എനിക്കു വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പീ, കഷ്ടമുണ്ട്.' എന്നവള്‍ എഴുതിയിരിക്കുന്നു.

മുകളില്‍ ഞാനെഴുതിയ ലേഖനത്തിലെ പെണ്‍കുട്ടി അച്ഛനെ ചികിത്സിക്കാനായി പഠനം നിര്‍ത്തി തൊഴിലിനുപോയതിനാണ് സമൂഹം അവളെ അങ്ങനെ ശിക്ഷിച്ചത്. ഇവിടെ അച്ഛന്‍ തന്നെയാണ് ക്രൂരന്‍, കഷ്ടമുണ്ട് വാപ്പീ...