ഇന്ന് നവംബര്‍ ഏഴാം തീയതിയാണ്. ഈ ദിവസം ഒരു കാര്‍ട്ടൂണിനെക്കുറിച്ച് 'ആഴ്ചപ്പാടുകള്‍' എന്ന ഈ പ്രതിവാരപംക്തിയില്‍ എഴുതുവാന്‍  രണ്ടു കാരണങ്ങളുണ്ട്. ഒന്ന് വ്യക്തിപരവും, രണ്ട് ചരിത്രപരവും. 

To advertise here,

ഒന്നാമത്തേത്, ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം ആരംഭിച്ചിരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശനമാണ്. അബു എബ്രഹാം എന്ന വലിയ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഒറിജിനലുകളുടെ പ്രദര്‍ശനം ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ചരിത്രകാരി റൊമില ഥാപ്പര്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നു എന്നതിന്റെ ആഹ്‌ളാദമാണ്. 2024 അബു എബ്രഹാമിന്റെ ജന്മശതാബ്ദിയാണല്ലോ.

placeholder
അബു എബ്രഹാം

രണ്ടാമത്തെ കാരണം ഇന്ന് നവംബര്‍ ഏഴ് ആണെന്നതുതന്നെയാണ്. അമേരിക്കക്കാര്‍ ആന ചിഹ്നത്തില്‍ വോട്ടുചെയ്ത് ആറടി മൂന്നിഞ്ച് പൊക്കമുള്ള ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിച്ചപ്പോള്‍ 'ആന' എന്ന ചിഹ്നത്തിന്റെ കാര്‍ട്ടൂണ്‍ ഉദയത്തിന് ഒരു നവംബര്‍ ഏഴുമായി ഒരു ബന്ധമുള്ളതുകൊണ്ടാണ്. മാത്രമല്ല, അബുവിന്റെ അഴകുറ്റ ആനകളേയും എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വരയൊഴുക്കിന് ഏറ്റവും ചേര്‍ന്ന ആകാരം ആനയുടേതായിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. 

placeholder
തോമസ് നാസ്റ്റിന്റെ ആന
 

1874 നവംബര്‍ ഏഴാം തീയതി ന്യൂയോര്‍ക്കില്‍ നിന്നിറങ്ങിയ ഹാര്‍പെഴ്സ് ആഴ്ചപ്പതിപ്പില്‍ ( Harper's Weekly) ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ആനയാണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നമായി മാറിയത് എന്നതാണ് കൗതുകകരമായ ചരിത്രവസ്തുത. ജര്‍മ്മന്‍ ജാത -അമേരിക്കന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന തോമസ് നാസ്റ്റ് (Thomas Nast - 1840 -1902 ) ആയിരുന്നു പ്രശസ്തമായ ആ കാര്‍ട്ടൂണില്‍ റിപ്പബ്ലിക്കനുകളുടെ ആനയെ വരച്ചത്. അമേരിക്കന്‍ രാഷ്ട്രീയകലാചരിത്രത്തിലെ ആദ്യത്തെ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു തോമസ് നാസ്റ്റ്. അക്കാലത്തെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്രശ്‌നങ്ങളെ എല്ലാം അടിസ്ഥാന ചരിത്രധാരണകളോടെ, മൂര്‍ച്ചയുള്ള കാഴ്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഇംഗ്‌ളീഷില്‍ 'nasty' എന്ന വാക്കുണ്ടായതെന്ന് ചിലരെങ്കിലും പറയാറുണ്ട്, എനിക്കതിനെക്കുറിച്ച് തീര്‍ച്ചയില്ലെങ്കിലും. 

placeholder
തോമസ് നാസ്റ്റ്

ആനയും കഴുതയും മറ്റു മൃഗങ്ങളും ഒരു സര്‍ക്കസ് തമ്പിലെന്നപോലെ പ്രത്യക്ഷപ്പെടുന്ന ഈ കാര്‍ട്ടൂണില്‍ ഒരു കുറുക്കനായിട്ടാണ് കഴുതയായിട്ടല്ല,  ഡെമോക്രറ്റിക് പാര്‍ട്ടി പ്രത്യക്ഷപ്പെട്ടത്. ചരിത്രത്തെയാകെ ഭീഷണിപ്പെടുത്താന്‍ മാത്രം ഭീമാകാരനായ ആനയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാര്‍ട്ടൂണില്‍ നിറയുന്നു. (കാര്‍ട്ടൂണ്‍ കാണുക)

ഈ കാര്‍ട്ടൂണിലെ ആനയെയാണ് 2024 ലെ നവംബര്‍ അഞ്ചിന് അമേരിക്കക്കാര്‍ വോട്ടുചെയ്ത്, നെറ്റിപ്പട്ടം കെട്ടി നിര്‍ത്തിയിരിക്കുന്ന ആന. ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം 1828 മുതല്‍ കഴുത ഒരു ചിഹ്നമായി ബന്ധപ്പെട്ടുനിന്നിരുന്നുതാനും എന്ന് അമേരിക്കന്‍ രാഷ്ട്രീയ കാര്‍ട്ടൂണ്‍ ചരിത്രം പറയുന്നു. 

placeholder
യു.എസ്സിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കഴുതയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആനയും
 

തോമസ് നാസ്റ്റിന് വിവിധ തൂവലുകള്‍ തൊപ്പിയില്‍ അണിയാനുണ്ട്. നാം ഇപ്പോള്‍ കണ്ടുശീലിച്ചിട്ടുള്ള സാന്തയെ (Santa Claus)  അങ്ങനെ ആദ്യമായി ചിത്രീകരിച്ചത് അദ്ദേഹമായിരുന്നു. 1881- ല്‍ അദ്ദേഹം വരച്ച സാന്തയ്ക്ക് ആത്മമുഖമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അദ്ദേഹം ചെയ്ത self -portrait നോടു ചേര്‍ത്തുവെച്ച് ഒന്നുനോക്കൂ. പൈപ്പുവലിച്ച് പുക തള്ളുന്ന സാന്ത. സിനിമയില്‍ പുകവലി ചിത്രീകരിച്ചാല്‍ അപകടസൂചന എഴുതിക്കാണിക്കേണ്ട രാഷ്ട്രീയശരിയുടെ വര്‍ത്തമാനത്തിലല്ല നാസ്റ്റ് വരച്ചത് എന്നതിനാല്‍ മഞ്ഞുകാലത്ത് ക്രിസ്തുമസ് അപ്പൂപ്പന് പുകവലിയ്ക്കാന്‍ സാധിച്ചു. 

ഗംഗാനദിയില്‍ മുതലകള്‍ യഥേഷ്ടം നീന്തിയിരിക്കാനിടയുള്ള പത്തൊന്‍പതാം നൂറ്റാണ്ടില്‍ 'അമേരിക്കന്‍ ഗംഗ' എന്ന ഒരു കാര്‍ട്ടൂണ്‍ അദ്ദേഹം വരച്ചു, 1871-ല്‍.

 മതപുരോഹിതന്മാര്‍ പൊതുവിദ്യാലയങ്ങളെ കൈപ്പിടിയിലൊതുക്കുവാൻ ശ്രമിക്കുന്നതിനെ വിമര്‍ശിച്ചുവരച്ച കാര്‍ട്ടൂണില്‍ ബിഷപ്പുമാര്‍ അലംകൃതരായ മുതലകളായി തീരമടുക്കുന്നത് കാണിച്ചിരിക്കുന്നു. തോമസ് നാസ്റ്റിന്റെ കാര്‍ട്ടൂണുകളില്‍ ഇന്ത്യന്‍ പരാമര്‍ശം വരുന്ന ഒരേയൊരു കാര്‍ട്ടൂണിലും അത് ഒരു മൃഗരൂപത്തിലാണ് വന്നത്.

ഇക്കാലത്ത് കേരളത്തില്‍ എല്ലാവരും വിമര്‍ശിക്കാന്‍ ഭയപ്പെടുന്ന കൂട്ടര്‍ എല്ലാ മതങ്ങളിലേയും മതപുരോഹിതന്മാരാണ്. അവരെ വിമര്‍ശിച്ചുപോയാല്‍ അത് ദൈവനിന്ദയാകുന്നതെങ്ങനെ എന്നെനിക്ക് മനസ്സിലാകുന്നതേയില്ല. അതിനാല്‍ 1871-ല്‍ നാസ്റ്റ് വരച്ച അമേരിക്കന്‍ ഗംഗയിലെ മുതലകള്‍ക്ക്  സാര്‍വ്വകാലികതയുടെ പട്ടം അനുവദിക്കുകയാണ് വേണ്ടത്.

ഇന്ത്യയിലെ പ്രമുഖ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഇ.പി ഉണ്ണിയുമായി ഈ വിഷയത്തെക്കുറിച്ച് ഇന്നു രാവിലെ സംസാരിക്കുകയായിരുന്നു. അദ്ദേഹം ഈ ചരിത്രങ്ങളെക്കുറിച്ചൊക്കെ പലവട്ടം എഴുതിയിട്ടുള്ളതുമാണ്. ആരെങ്കിലും ആര്‍ക്കെങ്കിലും എതിരായി ഒരു കാര്‍ട്ടൂണ്‍ വരച്ചാല്‍ അതൊരു അപമാനമായി കരുതേണ്ട എന്ന് ഒരു കോടതിവിധി വന്ന ഒരു മുന്‍ സാഹചര്യത്തിലാണ് ഉണ്ണി ചോദിച്ചത്, സാന്തയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആനയും വന്നത് തോമസ് നാസ്റ്റിന്റെ കാര്‍ട്ടൂണിലൂടെയല്ലേ എന്ന്.

ഈ ലക്കം തീരുന്നതിനു മുന്‍പ് മൂന്ന് ആനകളെക്കൂടി ഓര്‍ത്തെടുക്കട്ടെ, ഒന്ന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു രാഷ്ട്രീയ കാര്‍ട്ടൂണില്‍ ഗാന്ധി ഒരാനയായി പ്രത്യക്ഷപ്പെട്ടത്. ഒരു വിദേശമണ്ണില്‍ ഗാന്ധി ഒരു കാര്‍ട്ടൂണായി വന്ന ആദ്യ സന്ദര്‍ഭം. ഓര്‍മ്മയില്‍ വരുന്ന രണ്ടാം ഗജം, അന്ധര്‍ ആനയെ കണ്ടതുപോലെ കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിയെ കാണുന്ന കാര്‍ട്ടൂണ്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണാണ്. ആറ്റൂര്‍ എഴുതിയതുപോല, 'എനിക്ക് നിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം' മതി. അബുവിന്റെ ബ്രഷിലെ ഒരു രോമം കൊണ്ട് ഒരു മോതിരം കിട്ടിയാല്‍ അത് എന്റെ സ്വീകരണമുറിയിലെ നിത്യസൂക്ഷ്മാലങ്കാരമാക്കി മാറ്റുമായിരുന്നു.   

placeholder
ഗാന്ധി ഒരാനയായി പ്രത്യക്ഷപ്പെട്ട അബുവിന്റെ വര

മൂന്നാമത്തെ ആന, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രക്ഷീണമായിപ്പോയ ഒരാനയാണ്. മെലിഞ്ഞ ആനയെ തൊട്ടിലില്‍ കെട്ടാമോ? ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആനയെ നാം ഇപ്പോള്‍ എവിടെ കെട്ടും? ആ ആന എവിടെനിന്ന് വന്നതാണെന്നറിയാമോ? ബാബ സാഹേബ് അംബേദ്കറുടെ Scheduled Caste Federation (1942 ) ന്റെ ചിഹ്നമായിരുന്നു.
 

placeholder
ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആന