എസ്. ഗോപാലകൃഷ്ണന്‍ എഴുതുന്ന പ്രതിവാരപംക്തി ആഴ്ചപ്പാടുകള്‍

To advertise here,

ഴിഞ്ഞ ദിവസം ഒരാള്‍ ചോദിച്ചു, സമാധി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന്. പെട്ടെന്ന് മനസ്സിലേക്കുവന്നത് 1986- ല്‍ ജി.എന്‍. പിള്ള സാര്‍ പറഞ്ഞ ഒരു കാര്യമാണ്. പറയുന്ന വാക്കുകളുടെ മൂലം അന്വേഷിച്ചുപോകുന്ന ചിന്താസരണിയില്‍ പെട്ടയാളായിരുന്നു അദ്ദേഹം. (എം.ടി വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ആയിരുന്ന കാലത്ത് കവിതകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്).  ശമ്പളം കിട്ടിയതിന്റെ പിറ്റേന്ന് പിള്ള സാറിനെ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു: സമാധാനമായി ഇന്നലെ ശമ്പളം കിട്ടി. 'എടോ ബുദ്ധിയില്‍ അടിയുറച്ച അവസ്ഥയ്ക്കാണ് സമാധാനം എന്നുപറയുന്നത് അത് ശമ്പളം കിട്ടുമ്പോള്‍ ലഭിക്കുന്ന അവസ്ഥയെ സൂചിപ്പിക്കാന്‍ കൊള്ളില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. സമാധിസ്ഥമായ അവസ്ഥയാണത്. സമാധി എന്ന വാക്ക് സം, അ, ധീ എന്നീ മൂന്ന് ശബ്ദാര്‍ത്ഥങ്ങള്‍ ഒരുമിച്ചിട്ടുണ്ടാക്കുന്ന വാഗര്‍ത്ഥമാണ് എന്ന് ജി.എന്‍. പിള്ള പറഞ്ഞു. 'ധീ എന്നാല്‍ ധിഷണ അഥവാ ബുദ്ധി. ദധാതി എന്നാല്‍ മനസ്സൊന്നില്‍ ഉറപ്പിക്കുക എന്നുമുണ്ട്, അതിനാല്‍ സമാധി ഏകാഗ്രമായ ഒരു ബോധാവസ്ഥയാണ്, അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.  

placeholder
ജി.എന്‍. പിള്ള

സമാധിയടഞ്ഞു എന്ന് ചിലര്‍ വിശ്വസിക്കുന്ന ഒരാളുടെ മൃതദേഹം കുഴിമാടത്തില്‍നിന്നു പുറത്തെടുത്ത് പരിശോധിക്കേണ്ട ആവശ്യം പോലീസിന് വന്നുചേര്‍ന്നത് വിവാദമായ സാഹചര്യത്തിലാണ് സമാധിശബ്ദത്തിന്റെ അര്‍ത്ഥം തേടിയിറങ്ങിയത്. പോലീസ് നിയമങ്ങള്‍ ഒരു സാമൂഹിക വ്യാകരണമാണ്. ബ്രിട്ടീഷ്‌ രാജിന്റെ കാലത്ത് ഉണ്ടായതിനാൽ സാമ്രാജ്യത്വത്തിന്റേതായ പോലീസ് നിയമങ്ങള്‍ മാറി അടുത്ത കാലത്ത് പുതിയ ഭാരതീയ ന്യായ സംഹിതയുണ്ടായല്ലോ. എന്നാല്‍, മനുഷ്യരുടെ മരണത്തേയും അമാനുഷരുടെ സമാധിയേയും എങ്ങനെ കൈകാര്യം ചെയ്യും? സമാധിയായ ഒരാള്‍ മരിക്കുന്നുണ്ടോ, കൊല്ലപ്പെടുന്നുണ്ടോ എന്നൊക്കെ പോലീസ് എങ്ങനെ അന്വേഷിക്കും?

റിവേഴ്സ് ഗിയര്‍ മാത്രമുള്ള വണ്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതുപോലെ സമാധി തുറന്നുനോക്കി കേവലാത്മാവിനെ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ കഴിയുമോ? പോസ്റ്റ്മാര്‍ട്ടം എന്ന വാക്കുതന്നെ ലത്തീന്‍ ഭാഷയില്‍ ഉണ്ടായത് 'മരണശേഷം' എന്ന അര്‍ത്ഥം പ്രകടിപ്പിക്കുവാനാണ്. മരിക്കാതെ, പരബ്രഹ്‌മത്തില്‍ ലയിച്ചയാളിനെ പാവം പോലീസിനോ വൈദ്യശാസ്ത്രത്തിനോ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ കഴിയുമോ? നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ കാര്യത്തില്‍ മാത്രമല്ല ഇതുപറയുന്നത്, ഇത്തരം ആദ്ധ്യാത്മിക ഭാഷാഗഹ്വരങ്ങളില്‍ ഭൗതികശരീരം വെടിയുന്നവരെ കൈകാര്യം ചെയ്യാന്‍ പോലീസ് ആക്ടിന് കഴിയില്ല.

ഭാഷാപരമായ ഒരു അമൂര്‍ത്തമണ്ഡലത്തില്‍ മരിക്കുന്നവരെ സാധാരണ നിയമഭാഷയില്‍ പരിഗണിക്കാന്‍ കഴിയാതെവരും. ചത്തുപോകുന്നവരെ പോലെയല്ല ദിവംഗതരാകുന്നത്. ദിവംഗതരാകുന്നവര്‍ മറ്റൊരു യാത്രയിലാണ് എന്നാണ് ഭാഷാപരമായ അര്‍ത്ഥം. മരണം ഭൗതികമാണെന്നും നിയമം അതിനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഭൗതികശരീരമുള്ള എല്ലാവര്‍ക്കും അത് ബാധകമാണെന്നും ഒരു സമൂഹം അംഗീകരിച്ചിരുന്നെങ്കില്‍ ഗോപന്‍ സ്വാമിയുടെ ഭൗതികശരീരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളെ ചോദ്യം ചെയ്യാന്‍ ധൈര്യത്തോടെ ടിവി ക്യാമറയ്ക്കു മുന്നില്‍ വരാന്‍ 2025-ല്‍ കേരളത്തില്‍ ആളുണ്ടാവില്ലായിരുന്നു.

ചെറിയ നിയമനടപടികള്‍ പോലും വിവാദമാകുന്ന അതിവായനാ കാലത്തിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. ഇരുണ്ട കാലഘട്ടം, സുവര്‍ണ്ണ കാലഘട്ടം, മധ്യ കാലഘട്ടം, അന്തരാള കാലം എന്നൊക്കെ സാമൂഹിക ചരിത്രത്തെ വിശദീകരിക്കുന്നതു പോലെയൊന്നാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഈ അതിവായനാകാലത്തിന്റെ വര്‍ത്തമാനവും. ഒരാളെ പെട്ടെന്ന് കാണാതായി എന്ന് സങ്കല്‍പ്പിക്കുക. അയാള്‍ പരകായപ്രവേശം ചെയ്തതിനാല്‍ ഇപ്പോള്‍ മറ്റൊരാളിലാണ് ജീവിക്കുന്നത് എന്ന് ഒരു കൂട്ടര്‍ വാദിച്ചാല്‍ പോലീസ് നിയമം എന്തുചെയ്യും? Man missing case-ല്‍ പരകായപ്രവേശം അനുവദനീയമാണോ ഭാരതീയ ന്യായ സംഹിതയില്‍? അല്ല. അപ്പോള്‍ ആ 'ആളിനെക്കാണാതാകല്‍' കേസ് മുന്നോട്ടുപോകണമെങ്കില്‍ ഒരു സംഘം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി മാത്രമേ ചെയ്യാന്‍ കഴിയൂ. പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കുമ്പോള്‍ അമാനുഷരുടെ സമാധിയില്ല. വെള്ളവും ഭക്ഷണവും കഴിച്ച്, മലമൂത്ര വിസര്‍ജ്ജനം ചെയ്ത് ജീവിച്ച ശരീരങ്ങളുടെ മരണമേ ആ പാവങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയൂ. അപ്പോള്‍ പണ്ടൊക്കെ അമാനുഷരായ പ്രവാചകരും അവധൂതരും ഇഹലോകവാസം വെടിഞ്ഞ അസാമാന്യ സാഹചര്യങ്ങളില്ലേ എന്ന ചോദ്യമുണ്ടാകാം. അതെല്ലാം ഭാഷാപരമായ അമൂര്‍ത്ത മണ്ഡലങ്ങളില്‍ നടന്ന വിനിമയമാണ്... കണ്ടു കണ്ടാണ് കടല്‍ ഇത്ര വലുതായതെന്ന്‌ കവി കെ.ജി. ശങ്കരപ്പിള്ള പണ്ടെഴുതിയതുപോലെ വിശുദ്ധ സമാധികളും വിചിത്രങ്ങളായ സ്വര്‍ഗ്ഗയാത്രകളും ഭാഷയില്‍ പറഞ്ഞു പറഞ്ഞു വലുതായ മനോഹര കഥാസരിത്സാഗരങ്ങളാണ്.

നിങ്ങളുടെ ശ്രദ്ധയെ 1946-ലെ ഒരു പത്രവാര്‍ത്തയിലേക്ക് ക്ഷണിക്കുകയാണ്. അക്കൊല്ലം ജൂണ്‍ ഏഴാം തീയതി മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന രസകരമായ ഒരു വാര്‍ത്തയാണിത്. അസാധാരണ സാഹചര്യങ്ങളില്‍ പോലീസ് അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട ഒരാളുടെ കാര്യമാണിത്. '685 വയസ്സായ യതിവര്യന്‍ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയില്‍' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ശിവപ്രഭാകര സിദ്ധയോഗിയോട് പോലീസുകാര്‍ എഫ്.ഐ.ആർ. തയ്യാറാക്കാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍ പോലീസ് നിയമങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ അയാള്‍ മറുപടി പറഞ്ഞു.
ചോദ്യം : എവിടെയായിരുന്നു ഇതുവരെ?
ഉത്തരം : കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി കടലിനടിയിലായിരുന്നു താമസം. കയറിവന്നപ്പോള്‍ ശരീരത്തില്‍ കടല്‍കക്കകള്‍ കൂടുകെട്ടിയിരുന്നു 
ചോദ്യം : ജനനത്തീയതി?
ഉത്തരം : 1263, അതായത് കൊല്ലവര്‍ഷം 438-ല്‍ മീനമാസത്തിലെ പൂരൂരുട്ടാതി നാളില്‍. പ്രായം ഇപ്പോള്‍ നടപ്പ് 685.

പോലീസ് ഞെട്ടി, ഈ കൃശഗാത്രന് 685 വയസ്സായെന്നോ? പിടിപാടുള്ള വിശ്വാസികള്‍ വന്ന് സ്വാധീനിച്ച് യതിവര്യനെ പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി കൊണ്ടുപോയപ്പോള്‍ സമാധാനമായത് മട്ടാഞ്ചേരിയിലെ പോലീസുകാര്‍ക്കാണ് (ജി.എന്‍ പിള്ള സ്സാര്‍ പറയുന്ന 'ധ്യേയമായ ഒന്നില്‍ മനസ്സുറച്ചു നില്‍ക്കുന്ന സമാധാനാവസ്ഥയല്ല, പാവം പോലീസുകാരന് സാധാരണ ഭാഷാവ്യാകരണ പ്രകാരം ഉറങ്ങാന്‍ കഴിയുന്ന ഒരവസ്ഥ)

ജി. അരവിന്ദന്റെ അതിമനോഹരമായ ഒരു സിനിമയുണ്ട് - 'മാറാട്ടം'. അതില്‍ ഇത്തരത്തില്‍ ഒരു എഫ്.ഐ.ആർ. തയ്യാറാക്കലുണ്ടായിരുന്നു. തലേന്നു രാത്രിയില്‍ കഥകളിയില്‍ കീചകനായി അഭിനയിച്ച നടന്‍ കൊല്ലപ്പെടുമ്പോള്‍ പോലീസ് അന്വേഷിക്കാന്‍ വരുന്നു. ചോദ്യം ചെയ്യപ്പെട്ട മൂന്നുപേരും തങ്ങളാണ് കൊന്നത് എന്നവകാശപ്പെടുന്നതാണ്. തറവാടിയായ പ്രമാണി പറയുന്നത് ഞാന്‍ കൊന്നത് നടനെയല്ല സ്ത്രീലമ്പടനായ കീചകനെയാണ് എന്നാണ്. 'ആഭാസന്‍, ശുംഭന്‍, വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവന്‍.' അയാള്‍ പറഞ്ഞു. പോലീസ് അതെഴുതിയെടുത്തു. എന്നാല്‍,  തറവാടിയുടെ സുന്ദരിയായ ഭാര്യ പറയുന്നത് ' ഞാനാണ് കൊന്നത്, പക്ഷേ കൊന്നത് കീചകനെയല്ല മറിച്ച് ആ കഥകളി നടനെയാണ്. കീചകനെ ആര്‍ക്കു കൊല്ലാനാകും? ആ നടന്‍, വഷളന്‍, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍. പോലീസ് അതും എഴുതിയെടുത്തു. 

placeholder
ജി. അരവിന്ദന്‍

കൊല്ലപ്പെട്ട കഥകളിയാശാന്റെ ശിഷ്യന്‍ പോലീസിനോട് പറഞ്ഞത് ആശാനെ കൊന്നത് താനാണെന്നാണ്. ആശാന്‍ ജീവിച്ചിരിക്കുമ്പോള്‍ തനിക്ക് ചെറിയ വേഷങ്ങള്‍ മാത്രമേ കിട്ടൂ എന്നും അതിനാല്‍ കൊന്നുകളഞ്ഞതാണെന്നും. പോലീസ് അതും എഴുതിയെടുത്തു. കാവാലം നാരായണപ്പണിക്കര്‍ എഴുതിയ കഥയെ ആസ്പദമാക്കി ഉണ്ടായ 'മാറാട്ടം' (1988) അതിമനോഹരമായ ഒരു പ്രഹേളികാ ചലച്ചിത്രമാണ്. സിനിമയില്‍ പോലീസുകാര്‍ കൊലയുടെ വ്യത്യസ്ത ഭാഷ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അന്തം വിട്ടുപോകുകയാണ്. അതിവിചിത്രമായ എഫ്.ഐ.ആർ. തയ്യാറാക്കലായിരുന്നു അത്. അതില്‍ ഒരു വരിയുണ്ട്, 'ചിലരുണരാന്‍ ചിലരുറങ്ങോ ചായുറങ്ങോ നീയുറങ്ങോ' എന്ന്. 

placeholder
കാവാലം നാരായണപ്പണിക്കര്‍

നെയ്യാറ്റിന്‍കരയിലെ സമാധിയിലും ചിലരുണരാന്‍ ചിലരുറങ്ങുകയാണ്. ഒരു മരണത്തിന്റെ വിവിധ മാറാട്ടങ്ങള്‍. മാറിയുള്ള ആട്ടങ്ങള്‍. 2021-ല്‍ അലഹബാദിലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഒരു വിധിന്യായത്തില്‍ പറഞ്ഞു, പശു മാത്രമാണ് ഓക്സിജന്‍ അകത്തേക്കു വലിയ്ക്കുകയും ഓക്സിജന്‍ പുറത്തേക്കുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവി എന്ന്. ഒരു ജഡ്ജി ഇതു പറയുന്ന ഇന്ത്യയിലാണ് ഒരു മരണത്തിനോ/ഒരു പക്ഷേ കൊലപാതകത്തിനോ ഭാഷയില്‍ വ്യത്യസ്ത ഭാഷ്യങ്ങള്‍ സംഭവിക്കുന്നത് എന്നതും പോലീസ് നിയമത്തെ ഓക്‌സിജനോ കാര്‍ബണ്‍ ഡയോക്‌സൈഡോ ശ്വസിക്കാന്‍ കഴിയാതെ ശ്വാസം മുട്ടിക്കുന്നുണ്ട്.

കേരളത്തിലും ഈ അതിവായനാകാലത്തില്‍ നടക്കുന്നത് ഇത്തരം മാറാട്ടങ്ങളാണ്. നമുക്കുള്ളിലെ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്ന മറിവുകള്‍.
സത്ത് പോകുമ്പോഴാണത്രേ ചത്തുപോകുന്നത്, പരലോകത്തിലേക്ക് കയറ്റുമതി ചെയ്യപ്പെടുമ്പോഴാണത്രേ നിര്യാതരാകുന്നത്. കാലം ചെയ്യുന്നതും സമാധിയാകുന്നതും മയ്യത്താകുന്നതും മരണത്തെ മറ്റെന്തോ കൂടിയാക്കുന്നുണ്ട്; ഭാഷയിലും ഭാഷ്യത്തിലും.