
ഓണാവധിക്കാലത്തെ രൂപതാ മിഷന്‍ ലീഗ് ക്യാമ്പ് കഴിഞ്ഞ് ഞങ്ങള്‍ ഏഴു കുട്ടികളും ജേക്കബ് സാറിന്റെ കൂടെ തെള്ളിത്തോട്ടില്‍ മടങ്ങിയെത്തി. മഴക്കാലം കഴിഞ്ഞതറിയാതെ കുഞ്ചിരാക്കാട്ട് പാറയില്‍ തല്ലിച്ചിതറി പതയുണ്ടാക്കിയ തെള്ളിത്തോട്, ചിന്നാറ്റിലേക്ക് ഒഴുകുമ്പോള്‍ തൊട്ടൊഴുകിയ തീരം കരഞ്ഞിരുന്നു. ഓര്‍മകളുടെ നിഴല്‍ത്തണലുകളില്‍നിന്ന് പുറത്തുപോകാന്‍ ഇന്നും മടിക്കുന്ന ഒരു രാത്രിയോര്‍മയുടെ പിടച്ചില്‍ ഇടക്കൊക്കെ എന്റെയുള്ളില്‍ തേട്ടിവന്നു. ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറിയപ്പോള്‍ ആരോടും പറയാതെ ഞാന്‍ എന്നിലൊളിപ്പിച്ച ആ ഉള്‍മുറിവ് ഞാന്‍ പോലും മറന്നുപോയി.
ആ ഓണത്തിന് അമ്മ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കാരിക്കുഴിയില്‍ ടെക്സ്റ്റെയില്‍സില്‍നിന്ന് പുത്തന്‍കോടികള്‍ വാങ്ങി. അമ്മക്ക് മാത്രം ഒന്നും വാങ്ങിയില്ല. രമണിച്ചേച്ചിയാണ് എല്ലാവരുടെയും പാവാടയും ബ്ലൗസുമൊക്കെ തയ്ച്ചത്. എനിക്ക് വാങ്ങിയ ഷര്‍ട്ടിന്റെയും നിക്കറിന്റെയും തുണി, കാരിക്കുഴിക്കടയുടെ തിണ്ണയില്‍ ഇരുന്നു തയ്യല്‍ ജോലി ചെയ്തിരുന്ന മാത്തച്ചന്‍ ചേട്ടന്റെ അടുക്കല്‍ കൊടുത്തു. പെങ്ങന്മാര്‍ പുത്തന്‍കോടി അണിഞ്ഞുനിന്ന ആ ഓണദിവസത്തില്‍, തയ്ച്ചു കിട്ടാത്ത പുത്തന്‍കോടി മനസ്സിലോര്‍ത്തു അവിയലും സാമ്പാറുമൊക്കെ കൂട്ടി ഞാന്‍ വയറു നിറയെ ഉണ്ടു. ഊണിനു ശേഷം പായസംകൂടി ഉണ്ടായിരുന്ന ഓണാമായിരുന്നു അത്.
വീടുപണി കഴിഞ്ഞതിന്റെ കടങ്ങളും ഞങ്ങളുടെ വീട്ടുചെലവുമൊന്നും അമ്മ ഒരാളുടെ ദിവസക്കൂലികൊണ്ട് തികയാതെ വന്നു. വീടുപണിയുടെ സമയത്ത് കറവ ഉണ്ടായിരുന്ന രണ്ട് എരുമകളെയും വിറ്റതിനാല്‍ പാല്‍വില്‍പ്പനയില്‍ നിന്നുള്ള വരുമാനവും നിന്നുപോയി. ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ 14 വയസുള്ള ലാലിയെ വീട്ടില്‍ ഒറ്റക്കിരുത്താന്‍ അമ്മക്ക് പേടിയായിരുന്നു. 14 വയസ്സായ മകള്‍ വീട്ടില്‍ പകല്‍ മുഴുവന്‍ തനിച്ചിരുന്നാല്‍, കുശലം ചോദിച്ചു വരാന്‍ സാധ്യതയുള്ള ചേട്ടന്മാരെ അമ്മ മുന്‍കൂട്ടി കണ്ടു. അതുകൊണ്ടുതന്നെ കുഞ്ഞൂഞ്ഞമ്മ ചേടത്തിയുടെ കൂടെ മണല് വാരാന്‍ ദിവസവും പോകുമ്പോള്‍ അമ്മ ലാലിയെ കൂടെക്കൂട്ടി. വള്ളിക്കൊട്ടയില്‍ മണല് കോരി വയ്ക്കുന്ന പണി വൈകുന്നേരം വരെ ലാലി ചെയ്തെങ്കിലും കുട്ടിയായ അവള്‍ക്ക് കൂലിയൊന്നും കൊടുത്തിരുന്നില്ല. അമ്മ ആവശ്യപ്പെട്ടതുമില്ല.
ഞായറാഴ്ചകളില്‍ കുര്‍ബാന കഴിഞ്ഞുവന്നും കുഞ്ഞൂഞ്ഞമ്മ ചേടത്തിയുടെ അടുക്കല്‍ പണി ഇല്ലാത്തപ്പോളും, ചമ്പക്കരയിലോ മറ്റു അയല്‍വീട്ടുകാരുടെയോ തൊടിയില്‍ പണിയാനും അമ്മ പോയിരുന്നു. ചമ്പക്കരക്കാരുടെ വീടിനു മുകളില്‍ ഉണ്ടായിരുന്ന കുരുമുളക് ചെടികളുടെ ചുവട് ചെത്താനും ചാണകപ്പൊടി ചുമന്ന് കൊണ്ടിടാനും ഒരു ദിവസം പോയപ്പോള്‍ അമ്മ ലാലിയെയും കൂട്ടി. ഓണത്തിന്റെ അവധി കഴിഞ്ഞു വന്ന ആഴ്ചയായിരുന്നു അത്. അമ്മയോടൊപ്പം വൈകുന്നേരം വരെ ലാലി ജോലി ചെയ്തു. അമ്മക്ക് കൂലി പതിനാല് രൂപയാണ്. വൈകുന്നേരം പണി കഴിഞ്ഞപ്പോള്‍ തോമസ് സാര്‍ അമ്മക്ക് കൂലി കൊടുക്കുന്ന കൂടെ ലാലിക്ക് കൂലിയായി പത്തു രൂപ കൊടുത്തു.
''സാര്‍ എന്താ ഈ കാണിക്കുന്നത്? വീട്ടില്‍ തന്നെ ഇരുത്താന്‍ പറ്റാത്തകൊണ്ട് ഞാന്‍ ലാലിയെ കൂടെ കൊണ്ടുവന്നതല്ലേ? അവള്‍ക്ക് കൂലിയൊന്നും കൊടുക്കണ്ട.''
പത്തു രൂപ തിരികെ കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു. പള്ളിക്കൂടം കഴിഞ്ഞുവന്ന, ബിന്ദുവും ഞാനും ചമ്പക്കരക്കാരുടെ പറമ്പില്‍ വിറകു പെറുക്കാന്‍ വന്നതായിരുന്നു.
''മേരി എന്നതാ ഈ പറയുന്നേ. ആ കൊച്ച് കാലത്തുതൊട്ടു പണിയെടുക്കുവല്ലേ. പണിയെടുക്കുന്നതിനു കൂലി വേണം.''
പൊതുവേ അധികം വര്‍ത്തമാനം പറയാത്ത തോമസ് സാര്‍ അമ്മയുടെ കയ്യില്‍നിന്നും പത്തു രൂപ വാങ്ങി ലാലിയുടെ കയ്യില്‍ കൊടുത്തിട്ട് വീടിനകത്തേക്ക് പോയി.
''എന്റെ മേരിച്ചേടത്തി, അത് നിങ്ങള് പണിയെടുത്ത കൂലിയാ. ഇനി ഒന്നും പറയണ്ട.''
അമ്മയ്ക്കും ലാലിക്കും ബിന്ദുവിനും എനിക്കും പാല്‍ചായ തരുമ്പോള്‍ അന്നമ്മട്ടീച്ചര്‍ പറഞ്ഞു.
അങ്ങനെ ലാലിക്ക് മുക്കാല്‍ തച്ചിന്റെ കൂലി കിട്ടാന്‍ തുടങ്ങിയത് ഞങ്ങളുടെ കുടുംബത്തിന് അധിക വരുമാനമായി. പിന്നീട് വന്ന ആറു വര്‍ഷക്കാലം ലാലികൂടി പണിയെടുത്തതുകൊണ്ട് വളര്‍ന്നു പിളര്‍ന്ന കോശങ്ങളാണ് ഞങ്ങളുടേത്. ആ പതിന്നാലുകാരിയുടെ വിയര്‍പ്പിന്റെയും വേദനകളുടെയും ഉണങ്ങി വരണ്ട പാടുകള്‍ ഞങ്ങള്‍ ബാക്കി മൂന്നു പേരിലും ഇന്നുമുണ്ട്.
തൊട്ടടുത്ത ആഴ്ച്ച പതിവുപോലെ കുഞ്ഞൂഞ്ഞമ്മ ചേടത്തിയുടെ അടുക്കല്‍ അമ്മ പണിക്കു പോയപ്പോഴാണ് വല്ല്യപ്പന്റെ ചേട്ടന്റെ മകന്‍ രണ്ടു സ്ത്രീകളെ പണിക്കു വേണമെന്ന് പറഞ്ഞത്. അന്ന് കമ്പിളികണ്ടത്തെ സാമാന്യം സമ്പന്നനായിരുന്നു ബന്ധുവായ ആ അപ്പാപ്പന്‍. ടൗണിലെ ആ നാളുകളില്‍ അവര്‍ പണിതുകൊണ്ടിരുന്ന കെട്ടിടങ്ങളും വിഷകാരിയായ ഹോമിയോ ഡോക്ടര്‍ ക്ലിനിക്ക് നടത്തിയിരുന്ന കെട്ടിടവും അവരുടേതായിരുന്നു. വല്യപ്പന്റെ ചേട്ടനും ഭാര്യയും കൂടാതെ അവരുടെ മകനായ അപ്പാപ്പനും മേരിയാന്റിയും അവരുടെ നാലു മക്കളും താമസിച്ചിരുന്ന വീട് കമ്പിളികണ്ടത്തെ ഏറ്റവും മെച്ചപ്പെട്ട വാര്‍ക്ക വീടായിരുന്നു. ചിട്ടികള്‍ നടത്തുന്നത് കൂടാതെ ബന്ധുവായ അപ്പാപ്പന്‍ കമ്പിളികണ്ടത്തിലും പാറത്തോട്ടിലും തെള്ളിത്തോട്ടിലുമൊക്കെ കവുങ്ങും തോട്ടങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്തിരുന്നു.
ഷാജി ക്ലോത്തിന്റെ മുന്‍പില്‍ കുഞ്ഞൂഞ്ഞമ്മ ചേടത്തിയോടും മറ്റു പണിക്കാരോടും ഒപ്പം നില്‍ക്കുമ്പോളാണ് ബന്ധുവായ അപ്പാപ്പന്‍ കവുങ്ങിന്‍ തോട്ടങ്ങളില്‍ മരുന്നടിക്കുന്നവരോടൊപ്പം പണിയെടുക്കാന്‍ രണ്ടു സ്ത്രീകളെ വേണമെന്ന് ആവശ്യപ്പെട്ടത്.
''ഉഷയും അച്ചാമ്മയും ചെല്ല്...'
കുഞ്ഞൂഞ്ഞമ്മ ചേടത്തി പറഞ്ഞപ്പോള്‍ അമ്മ തടസ്സം പറഞ്ഞു.
''ചേച്ചി, ഉഷയുടെ കൂടെ എന്നാല്‍ ലാലി പോകട്ടെ. മരുന്നടിക്കാനാകുമ്പോള്‍ കൊച്ചിന് പറ്റുന്ന പണിയാണല്ലോ. വെള്ളം കോരാനും മരുന്ന് കൂട്ടാനും പമ്പ് ചാമ്പാനും ഒക്കെയല്ലേ. മണല് ചുമക്കുന്നതിലും നല്ലതല്ലേ എന്നോര്‍ത്താ...'
അമ്മയുടെ ആവശ്യം കുഞ്ഞൂഞ്ഞമ്മ ചേടത്തി അംഗീകരിച്ചെങ്കിലും അപ്പന്റെ ബന്ധുവായ അപ്പാപ്പന് സമ്മതമല്ലായിരുന്നു.
''ചേടത്തി എന്നതാ ഈ പറയുന്നത്. ലാലി കൊച്ചല്ലേ. എനിക്കീ കൊച്ചിനെക്കൊണ്ട് പണി ചെയ്യിക്കാന്‍ പറ്റില്ല...'
അപ്പാപ്പന്‍ തടസം നിന്നപ്പോള്‍ കുഞ്ഞൂഞ്ഞമ്മ ചേടത്തി ഇടപെട്ടു.
''എന്നാ ഉഷയുടെ കൂടെ അച്ചാമ്മയോ രാധയോ പൊക്കോ...'
'നീ അവള് ചേട്ടന്റെ മകളാണെന്നൊന്നും നോക്കണ്ട. ഞാന്‍ വിടുന്നതല്ലേ. ലാലിയെ ജോലിക്ക് വേണ്ടാന്ന് നീ പറഞ്ഞാല്‍, കുടുംബക്കാര്‍ എല്ലാവരെയും പോലെയാണ് നീ എന്നേ ഞാന്‍ കരുതുകയുള്ളു. എനിക്ക് ജീവിക്കണം മോനെ. വൈകുന്നേരം വരെ ഈ കൊച്ച് മണല് ചുമക്കുന്നതിലും നല്ലത് നിന്റെ തോട്ടത്തില്‍ പണിയാന്‍ വരുന്നതാ. നീ അവള്‍ക്ക് മുക്കാല്‍ തച്ചിന്റെ കൂലി കൊടുത്താല്‍ മതി.''
അമ്മയുടെ വാക്കുകള്‍ക്ക് മുന്നില്‍ അപ്പന്റെ ഫസ്റ്റ് കസിനായ അപ്പാപ്പന് മറുപടി ഉണ്ടായിരുന്നില്ല...
'ചേടത്തിയുടെ ഇഷ്ടം പോലെ ചെയ്യ്. ഞാന്‍ തടസ്സം പറയുന്നില്ല.''
കുറച്ചുനേരം മിണ്ടാതെ നിന്ന അപ്പാപ്പന്‍, അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് ഹോമിയോ ക്ലിനിക്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്കു പോയി. തുടര്‍ന്നുവന്ന രണ്ടര വര്‍ഷക്കാലം ലാലി അപ്പന്റെ ഫസ്റ്റ് കസിന്റെ തോട്ടങ്ങളില്‍ ഉഷച്ചേച്ചിയോടൊപ്പം പണിക്കു പോയി. ആഴ്ചാവസാനങ്ങളില്‍ അപ്പാപ്പന്‍ അമ്മയുടെ കയ്യില്‍ ലാലിയുടെ കൂലി കൊടുക്കുമ്പോള്‍ മുഴുവന്‍ തച്ചിന്റെയും പണം നല്‍കി. മിക്കവാറും കൂടുതല്‍ പണം നല്‍കിയപ്പോള്‍ അമ്മ സ്വീകരിക്കാന്‍ തയ്യാറായില്ല. അപ്പന്റെ കുടുംബക്കാരുമായുള്ള മെച്ചപ്പെട്ട ബന്ധത്തിന്റെ ഒരു പാലമിട്ടു തുടങ്ങിയത് ലാലി അവിടെ പണിക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ്.
''കൊച്ച് പെട്ടന്നിത് കഴിച്ചിട്ട് പൊക്കോ...'
രാവിലെ പണി തുടങ്ങുന്നതിനു മുന്‍പ് പമ്പും കുമ്മായവും തുരിശുമൊക്കെ എടുക്കാന്‍ അപ്പാപ്പന്റെ വീട്ടില്‍ ഉഷച്ചേച്ചിയോടൊപ്പം ചെല്ലുമ്പോള്‍ മേരിയാന്റി അവരുടെ വീടിന്റെ പിറകില്‍ കൊണ്ടുവന്നു കൊടുക്കുന്ന ഭക്ഷണവും ചായയുമൊക്കെ ലാലിക്ക് രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള അവസരം നല്‍കി.
''വേണ്ട ആന്റി...' എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയ ലാലിയെ വഴക്കുപറഞ്ഞു കഴിപ്പിക്കാന്‍ ഒരു പ്രത്യേക സ്നേഹവും കരുതലുമൊക്കെ മേരിയാന്റിക്കുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ പണികഴിഞ്ഞ് സാധനങ്ങള്‍ അവരുടെ വീട്ടില്‍ കൊണ്ട് വയ്ക്കാന്‍ പോകുമ്പോള്‍ ലാലിക്ക് അവരുടെ കുട്ടികള്‍ കഴിക്കുന്ന പലഹാരങ്ങളും ചായയുമൊക്കെ ആന്റി കൊടുത്തു. കഴിച്ച പലഹാരങ്ങളുടെ പേരും രുചി പെരുപ്പിച്ചുള്ള അവളുടെ വിവരണങ്ങളുമൊക്കെ വൈകുന്നേരം കിട്ടുമ്പോള്‍ എന്റെ മനസ്സില്‍ കൊതി ആളിക്കത്തും. ലാലിയെപ്പോലെ പണിയാന്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷ പതിയെപ്പതിയെ എന്നില്‍ പൊട്ടിമുളച്ചു.
അപ്പന്റെ ഏറ്റവും ഇളയ അനിയന്‍ അക്കാലത്ത് കസിന്റെ വീട്ടില്‍ ദിവസവും ചിട്ടിപ്പിരിവ് നടത്തുന്ന ജോലി ചെയ്തിരുന്നു. ചെറിയപ്പാപ്പനെ ലാലി ദിവസവും കാണാന്‍ തുടങ്ങി. അവളോട് അദ്ദേഹം വര്‍ത്തമാനം പറയാനും തുടങ്ങിയത് അക്കാലത്താണ്.
''അടയ്ക്കായും പാക്കും ഒന്നും ഉഷക്ക് കൊടുക്കുന്ന അത്ര വലിയ ചാക്കില്‍ ലാലിക്ക് കൊടുക്കരുത് കേട്ടോ...'
അപ്പന്റെ കസിനായ അപ്പാപ്പന്‍ മിക്കവാറും മറ്റു പണിക്കാരോട് പറയുമായിരുന്നു. നന്മയുടെ അംശം കൈമോശം വരാത്ത ആളുകളായിരുന്നു അപ്പന്റെ കസിനും അദ്ദേഹത്തിന്റെ ഭാര്യ മേരിയാന്റിയും. ഇടയ്ക്കെപ്പോഴെങ്കിലും ഞാനോ ബിന്ദുവോ ആ വഴി പോയാല്‍ മേരിയാന്റി ഞങ്ങളെ അവരുടെ വീട്ടില്‍ വിളിച്ചു കയറ്റി ഭക്ഷണം തരുമായിരുന്നു. അവരുടെ മൂത്ത മകന്‍ ജോമി ഞങ്ങളുടെ കൂടെ കളിക്കാനും തയ്യാറായി എന്നുള്ളതാണ് എന്റെ കുട്ടി മനസ്സിന് വലിയ സന്തോഷം നല്‍കിയത്.
അപ്പന്റെ തറവാട്ടില്‍ അതിനോടകം അപ്പന്റെ പെങ്ങളുടെയും അപ്പന്റെ രണ്ട് അനിയന്മാരുടെയും കല്യാണങ്ങള്‍ ആഘോഷമായി നടന്നു. അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരുന്ന ഞങ്ങള്‍ക്ക് കല്യാണത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. അപ്പന്റെ പെങ്ങളുടെ ഒത്തു കല്യാണം കഴിഞ്ഞു തെള്ളിത്തോട് പള്ളിയില്‍ നിന്നു ആളുകള്‍ പോകുമ്പോള്‍ അമ്മ അക്കാലത്ത് തുടങ്ങിയ റോഡ് പണി ചെയ്യുന്നുണ്ടായിരുന്നു.
ഓണാവധി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ചെമ്പകപ്പാറയില്‍ കെട്ടിച്ചയച്ച കുഞ്ഞമ്മയും അങ്കിളും അവരുടെ ഇളയ കുട്ടിയുമായി ഒരു വൈകുന്നേരം വീട്ടില്‍ വന്നത്. സ്വന്തം വീട്ടില്‍ രണ്ടു ദിവസത്തേക്ക് പോയ കുഞ്ഞമ്മയും കൊച്ചമ്മാവനും തമ്മില്‍ എന്തോ പറഞ്ഞ് അലമ്പായി. സന്ധ്യയായപ്പോള്‍ അവിടെ നിന്ന് പിണങ്ങി ഇറങ്ങിയ കുഞ്ഞമ്മയും കുടുംബവും ഞങ്ങളുടെ വീട്ടിലാണ് അന്ന് കിടന്നത്.
രാത്രി ഏറെ വൈകി എപ്പോഴോ മുള്ളാന്‍ മുട്ടിയപ്പോള്‍, പതിവ് കിടന്നു മുള്ളല്‍ എന്തോ ഭാഗ്യത്തിന് ഒഴിവായിക്കിട്ടിയ ഞാന്‍, മുറ്റത്തെ ഗന്ധരാജന്റെ താഴെപ്പോയി മുള്ളിയിട്ട് വന്നു. അപ്പോഴും അമ്മയും കുഞ്ഞമ്മയും വര്‍ത്തമാനം പറഞ്ഞിരിപ്പുണ്ട്. അകത്തു കയറി ഒരു കാലൊടിഞ്ഞ കട്ടിലിന്റെ അരികു പറ്റി കിടക്കുമ്പോള്‍ മടങ്ങി വരാന്‍ മടിച്ചുനിന്ന ഉറക്കം കാത്ത എനിക്ക് അമ്മയുടെയും കുഞ്ഞമ്മയുടെയും വര്‍ത്തമാനം കേള്‍ക്കാമായിരുന്നു.
''അവന് ഭയങ്കര വിശപ്പാ മോനെ. വയറു നിറച്ചു കൊടുക്കാനൊന്നും എനിക്ക് പാങ്ങില്ല. കടമൊക്കെ വീട്ടേണ്ടേ. എരുമകള്‍ ഒന്നും ഇല്ലാത്തത്കൊണ്ട് ആ വഴിയും വരുമാനമില്ല. പാത്രത്തില്‍ കിട്ടിയത് മുഴുവന്‍ ഒറ്റയടിക്ക് തിന്നിട്ട് ബാബു പെണ്‍പിള്ളേരുടെ പാത്രത്തിലെ ചോറ് പിടിച്ചു പറിക്കും. എന്നും വൈകുന്നേരം എനിക്കാ കൊച്ചിനെ തല്ലാന്‍ വയ്യ കുഞ്ഞേ....''
അത് പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു.
''എന്റെ ചേച്ചി, അവനെ എനിക്ക് തന്നേരെ. ഞങ്ങക്കണേ ഒരു ആണ്‍ കൊച്ചില്ലല്ലോ. മൂത്തവളാണേല്‍ അവളുടെ അപ്പന്‍ വീട്ടീന്ന് പോരത്തില്ല. ഞങ്ങള്‍ക്ക് മൂന്നു പാത്രത്തില്‍ വിളമ്പിയാല്‍ പോരെ. ഒരു പാത്രത്തിലൂടെ വിളമ്പാനുള്ളത് ഞങ്ങള്‍ക്കുണ്ട്... അവന്‍ ഞങ്ങടെ അടുത്തു വന്നു നിക്കട്ടെ. അവടന്നും പാറത്തോട്ടിന് പള്ളിക്കൂടത്തില്‍ പോകാമല്ലോ....''
പുതിയ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.
''ഞാന്‍ നിനക്ക് എന്റെ കൊച്ചിനെ തരുവൊന്നുമല്ല. ഈ വര്‍ഷം തീരുന്നവരെ അവന്‍ അവിടെ നിന്ന് പഠിക്കട്ടെ. വെള്ളിയാഴ്ച വൈകുന്നേരം ഇങ്ങോട്ട് വരട്ടെ. ഒരാഴ്ചയില്‍ കൂടുതല്‍ എനിക്കെന്റെ കൊച്ചിനെ കാണാതിരിക്കാന്‍ വയ്യാ...'
പിറ്റേന്ന് രാവിലെ കുഞ്ഞമ്മയുടെയും കുടുംബത്തിന്റെയുമൊപ്പം ഞാന്‍ ചെമ്പകപ്പാറയിലെ അവരുടെ വീട്ടിലേക്ക് പോയി. തെള്ളിത്തോട്ടില്‍ നിന്ന് നടന്നാണ് പോകുന്നത്. ഏഴു കിലോമീറ്ററോളമുള്ള യാത്ര. മെത്താനംകാരുടെ വീടിനടുത്തു കൂടിയുള്ള നടവഴി ഇറങ്ങി, ചിന്നാറില്‍ വെള്ളം പൊങ്ങുമ്പോഴും മൂടിപ്പോകാത്ത ഇല്ലിപ്പാലത്തില്‍ കയറിയാണ് മറുകരെ എത്തുക. അങ്കിളും ആന്റിയും കുഞ്ഞിനെയുമായി പാലത്തില്‍ കയറിയിട്ടും വെള്ളത്തില്‍ വീണ് മരിച്ചുപോകും എന്ന് ഭയന്ന് ഞാന്‍ മടിച്ചു നിന്നു. ഇല്ലിപ്പാലത്തില്‍ കുറുകെ പിടിപ്പിച്ചിരുന്ന പലകകളും ഇല്ലിതൈതലുകളും ഇളകിയിട്ടുണ്ട്. നടക്കുമ്പോള്‍ അനങ്ങുന്ന ഇല്ലിത്തടി വേദപാഠ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടുള്ള നരകത്തിലെ ശീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. നരകത്തിലേക്ക് യാത്രയാകുന്ന മരണം ആ പാലത്തില്‍ നിന്ന് വീണാല്‍ ഉണ്ടാകുമെന്ന ഒരു പേടി എന്നെ വലച്ചു. പകുതി വഴി നടന്നിട്ട് തിരിച്ചുവന്ന് അങ്കിള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന പുസ്തകങ്ങളും എന്റെ തുണികളുമടങ്ങിയ സഞ്ചി വാങ്ങി മടങ്ങി. എന്നിട്ടും പേടിച്ചു വിറച്ച് ഞാന്‍ അവിടെത്തന്നെ നിന്നു.
അക്കരയെത്തിയ കുഞ്ഞമ്മ കൈകാണിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എനിക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സ് കൊടുക്കുന്ന തിരക്കിലായിരുന്നു. കുഞ്ഞമ്മയുടെ പറമ്പില്‍ വിളഞ്ഞു നില്‍ക്കുന്ന മത്തങ്ങയും ചേമ്പും ചേനയും കാച്ചിലുമൊക്കെ കാന്താരി മുളക് അരച്ചതില്‍ എന്നും വൈകുന്നേരം മുക്കി കഴിക്കുന്ന ഓര്‍മകളെ ഞാന്‍ മനസ്സിലേക്ക് വിളിച്ചു വരുത്തി. ഞായറാഴ്ചകളില്‍ അവര്‍ പതിവായി വാങ്ങി കറിവയ്ക്കുന്ന പോത്തുകറി വായില്‍ വെള്ളമൂറിച്ചു. അങ്കിള്‍ ചിന്നാറ്റില്‍ പോയി തോട്ടയിട്ട് പിടിക്കുന്ന മീന്‍, തേങ്ങയും പച്ചമുളകും ഉള്ളിയും അരിഞ്ഞിട്ടു വയ്ക്കുന്ന പീരക്കറി നരകത്തെ കടന്ന് അക്കരെ എത്താനുള്ള എന്റെ പ്രചോദനമായി. അല്ലെങ്കില്‍ത്തന്നെ വിശപ്പും ഭക്ഷണവുമാണ് എക്കാലവും മുന്‍പോട്ട് പോകാന്‍ എനിക്ക് പ്രചോദനമായിട്ടുള്ളത്. പിറ്റേന്ന് ഞായറാഴ്ച എല്ലും കപ്പയും കഴിച്ചു വിശപ്പ് മടങ്ങി വരും മുന്‍പേ ചോറും ഇറച്ചിക്കറിയും കുഞ്ഞമ്മ വിളമ്പി. മാര്‍ച്ച് മാസത്തില്‍ പള്ളിക്കൂടം അടക്കുന്നത് വരെയും വിശപ്പറിയാതെ വയറു നിറയെ ഭക്ഷണം കഴിച്ച കാലമായിരുന്നു എന്റെ ഏഴാം ക്ലാസ്സ് പഠനം. വെള്ളിയാഴ്ചകളില്‍ പള്ളിക്കൂടം കഴിഞ്ഞു ഞാന്‍ അമ്മയുടെയും പെങ്ങന്മാരുടെയും അടുത്തേക്ക് വരും. ഞായറാഴ്ച കുര്‍ബാനയും വേദപാഠവും കഴിഞ്ഞു ചെമ്പകപ്പാറക്ക് നടക്കും.
ഞങ്ങളുടെ വീടിന്റെ അക്കരെ താമസിക്കുന്ന ലില്ലിച്ചേടത്തി അക്കാലത്തു കമ്പിളികണ്ടത്തെ ദന്തന്റെ കുറിപ്പുമായി വേറേ എവിടെയോ പോയി അവരുടെ മകള്‍ ജയച്ചേച്ചിയുടെ പല്ലുകള്‍ക്ക് കമ്പിയിട്ടിരുന്നു. എന്റെ കുട്ടിക്കാലത്ത് നല്ല കീരിപ്പല്ലുകളാണ് ഉണ്ടായിരുന്നത് എന്നാണ് കേട്ടുകേള്‍വി. ഫോട്ടോയൊന്നും ഇല്ലാത്തതിനാല്‍ ആ പറച്ചില്‍ വിശ്വസിക്കുകയേ മാര്‍ഗമുള്ളൂ. രണ്ടായിരം രൂപ കൊടുത്താണ് ജയച്ചേച്ചിയുടെ പല്ലുകള്‍ കെട്ടിച്ചത് എന്നാണ് അറിഞ്ഞത്. പക്ഷേ കമ്പിളികണ്ടത്തെ ദന്തന്റെ അടുക്കല്‍ പോയാല്‍ ഒറ്റക്കമ്പി ഇട്ടു തരുമെന്നും അതിനു നാനൂറ് രൂപയെ ആകുകയുള്ളു എന്നും ഷൈജു പറഞ്ഞറിഞ്ഞു. കഞ്ഞിക്കു വകയില്ലാത്തവര്‍ക്ക് പല്ല് കെട്ടിച്ചു സുന്ദരനാവാന്‍ അവകാശമില്ല എന്ന വാദമായിരുന്നു അമ്മക്ക്. ആ വാദത്തിന് കൊഴുപ്പു കൂട്ടാനായി നമ്മള്‍ എങ്ങനെ ഇരുന്നാലും നമ്മള്‍ സുന്ദരരാണെന്ന മറ്റൊരു വാദവും അമ്മ മുന്നോട്ടു വച്ചപ്പോള്‍ കൂടുതല്‍ സംസാരിക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല.
''നാളെ ഇവിടെ നിന്ന് പള്ളിക്കൂടത്തില്‍ പോയിട്ട് വൈകീട്ട് കുഞ്ഞമ്മേടെ അടുത്തേക്ക് പോയാല്‍ മതി'' എന്ന് അമ്മ പറയുമെങ്കിലും ഞാന്‍ അന്ന് തന്നെ ചെമ്പകപ്പാറക്ക് പോകും. അങ്കിള്‍ എല്ലാ ഞായറാഴ്ചയും മേടിക്കുന്ന ഇറച്ചിയും കുഞ്ഞമ്മ വറുത്തരച്ചു വയ്ക്കുന്ന പോത്തുകറിയുമായിരുന്നു എന്റെ മോട്ടിവേഷന്‍.
പാറത്തോട്ടിലെ ഞങ്ങളുടെ പള്ളിക്കൂടത്തില്‍, ക്ലാസ്സ് ടീച്ചറായ അബ്രഹാം സാര്‍, എനിക്കറിയാത്ത എന്തോ കാരണത്താല്‍ ലീവെടുത്തപ്പോള്‍ പകരത്തിനു വന്ന താത്കാലിക ടീച്ചര്‍ ആയിരുന്നു സാനിയ സിസ്റ്റര്‍. കോതമംഗലത്തുനിന്നും വന്ന സാനിയ സിസ്റ്റര്‍ കര്‍മ്മലീത്താ മഠത്തിലാണ് താമസമെങ്കിലും അവരുടെ ഉടുപ്പ് ടെസ്സി സിസ്റ്ററിന്റെയോ സിനോമ്പി സിസ്റ്ററിന്റെയോ പോലെ ആയിരുന്നില്ല.
സ്പെഷ്യല്‍ ഫീസ് എന്ന ഒരിടപാട് ഞങ്ങളുടെ പള്ളിക്കൂടത്തില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം നിലനിന്നിരുന്നു. അപ്രാവശ്യം മൂന്നു രൂപ ആയിരുന്നു സ്പെഷ്യല്‍ ഫീസ്. മാസത്തിന്റെ ആദ്യമാണെങ്കില്‍ ഫൈന്‍ ഇല്ലാതെ അടയ്ക്കാം. പത്താം തിയതി പത്തു പൈസ ഫൈനോട് കൂടി അടക്കണം. ഇരുപതാം തിയതി അവസാന അവധിയാണ്. അന്ന് ഇരുപതു പൈസ ഫൈന്‍ ചേര്‍ത്തടച്ചില്ലേല്‍ വല്ലാത്ത പൊല്ലാപ്പാണ്. അവസാന അവധി ആയിട്ടും ഞാന്‍ ഫീസ് അടച്ചിരുന്നില്ല.
''ഇന്നും സ്പെഷ്യല്‍ ഫീസ് അടയ്ക്കാത്തവര്‍ എഴുന്നേറ്റു നിന്നേ...'
കയ്യിലിരുന്ന ചൂരല്‍ കൊണ്ട് മേശയില്‍ ഒന്നു രണ്ടു വട്ടം അടിച്ചിട്ട്, കാറ്റില്‍ തന്റെ തലമുണ്ട് പറന്നുപോകുമോ എന്ന പേടിയില്ലെന്നപോലെ ഒരു കൈകൊണ്ടത് വലിച്ചിട്ടുകൊണ്ട് സാനിയ സിസ്റ്റര്‍ ഉച്ചത്തില്‍ ചോദിച്ചു.
രാവിലെ സ്‌കൂളില്‍ വന്നപ്പോള്‍ത്തന്നെ പാറത്തോട്ടിലെ പള്ളിയില്‍ പോയി അള്‍ത്താരയുടെ മുന്നില്‍ കുതിരപ്പുറത്തിരുന്നു കൊണ്ട് കയ്യിലെ കുന്തം കൊണ്ട് ചൈനീസ് ഡ്രാഗനെപ്പോലിരിക്കുന്ന സര്‍പ്പത്തിന്റെ വായിലേക്ക് കുത്തിക്കൊണ്ടിരുന്ന ഗീവര്‍ഗീസ് പുണ്യാളന് പ്രത്യേക പ്രാര്‍ത്ഥന നടത്തിയിട്ടു വന്ന ആത്മവിശ്വാസത്തിലായിരുന്നു ഞാന്‍. സാനിയ സിസ്റ്റര്‍ സ്പെഷ്യല്‍ ഫീസിന്റെ കാര്യം മറന്നു പോകുവാനും ഇനി നടന്നില്ലേല്‍ത്തന്നെ ഞാന്‍ ഫീസ് അടയ്ക്കാത്ത കാര്യം സിസ്റ്റര്‍ ഓര്‍ക്കരുത് എന്നും ഞാന്‍ പുണ്യാളനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നു. പുണ്യാളന്റെ കഴിവില്‍ നല്ല ബോധ്യമുണ്ടായിരുന്ന ആ പന്ത്രണ്ടുകാരന്‍ സാനിയ സിസ്റ്റര്‍ പറഞ്ഞിട്ടും എഴുന്നേറ്റുനിന്നില്ല.
''ഇവിടെ ഒരു മിടുക്കന്‍ പമ്മി ഇരുപ്പൊണ്ട്. കാശൊട്ട് അടച്ചിട്ടുമില്ല. എണീറ്റു നില്‍ക്കുന്നുമില്ല....''
പള്ളിക്കൂടത്തിന്റെ കെട്ടിടത്തിന്റെ താഴെ, കമ്പിനിക്കാരുടെ പറമ്പിലെ കാറ്റത്താടുന്ന തെങ്ങുകളിലേക്ക് നോക്കിക്കൊണ്ട് സാനിയ സിസ്റ്റര്‍ പറഞ്ഞപ്പോള്‍ പുണ്യാളന്‍ നൈസായിട്ട് എന്നെ തേച്ചു എന്ന് എനിക്ക് പിടികിട്ടി. ഒന്നു മടിച്ചെങ്കിലും ഞാന്‍ എഴുന്നേറ്റു നിന്നു.
''നീയെന്താ സ്പെഷ്യല്‍ ഫീസ് അടയ്ക്കാത്തത്?''
വലതു കയ്യിലിരുന്ന ചൂരല്‍ ഇടതുകൈകൊണ്ട് തിരുമ്മിക്കൊണ്ട് എന്നോട് ചോദിക്കുമ്പോള്‍ സാനിയ സിസ്റ്ററിന്റെ മുഖത്ത് ദേക്ഷ്യം മുറ്റിനിന്നു.
''മറന്നു പോയി...'
സ്വരം താഴ്ത്തി അത് പറയുമ്പോള്‍, ഇപ്പോള്‍ പൈസ ഇല്ലായെന്നും അടുത്ത ആഴ്ച കൊടുക്കാമെന്നും അമ്മ പറഞ്ഞത് മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് പറയാന്‍ എന്റെ ആത്മാഭിമാനം സമ്മതിച്ചില്ല.
''എന്നാ നീ ഒരു കാര്യം ചെയ്യ്... ആ ബെഞ്ചിന്റെ മുകളിലേക്ക് കേറി നിക്ക്. ഇത് നിനക്കൊരു പാഠമാകും. മേലില്‍ നീ ഒരു കാര്യോം മറക്കിയേല...'
ചൂരലുകൊണ്ട് മേശയില്‍ വീണ്ടും അടിച്ചിട്ട് സാനിയ സിസ്റ്റര്‍ ബ്ലാക്ക് ബോര്‍ഡിലേക്ക് തിരിഞ്ഞു. ഒന്നു മടിച്ചിട്ടാണെങ്കിലും ഞാന്‍ ബെഞ്ചില്‍ കയറി നിന്നു. നാണക്കേടും സങ്കടവുമൊക്കെയായി കരഞ്ഞു പോകുമോ എന്ന് തോന്നിയ ഒരു നിമിഷം. എല്ലാവരുടെയും മുന്നില്‍വച്ച് നാലാം ക്ലാസ്സില്‍ ഓട്ടമത്സരത്തിന് നിക്കര്‍ ഊരിപ്പോയപോലെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.
ബെഞ്ചിന്റെ മുകളില്‍ നിന്നുകൊണ്ട് ഞാന്‍ ചുറ്റും കണ്ണോടിച്ചു. ഇന്ത്യയുടെ മാപ്പ് വരച്ച് അതിര്‍ത്തികള്‍ എഴുതുന്ന തിരക്കിലായിരുന്നു സാനിയ സിസ്റ്റര്‍. മറ്റു കുട്ടികള്‍ സിസ്റ്റര്‍ പറയുന്നത് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് നോട്ടുബുക്കില്‍ കുറിച്ചു. ക്ലാസ്സിലെ കുട്ടികളെ നോക്കിയപ്പോള്‍ എന്റെ സങ്കടമൊക്കെ വല്ലാത്തൊരു ചിന്തക്ക് വഴിമാറി.
കാശടച്ച എല്ലാവരും എന്റെ താഴെയാണ്. സ്പെഷ്യല്‍ ഫീസ് അടക്കാത്ത ഞാന്‍ എല്ലാവരുടെയും മുകളില്‍ ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കെന്റെ ചിരി അടക്കാന്‍ പറ്റിയില്ല.
''ഫീസ് അടച്ചിട്ടുമില്ല. എന്നിട്ട് അവന്റെ മാനത്തേക്ക് പോകുന്ന പല്ലും വച്ചോണ്ട് അവന്‍ ചിരിക്കുന്ന കണ്ടില്ലേ. ബെഞ്ചിന്റെ മൊകളില്‍ കേറി നിന്നിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ. ഇറങ്ങടാ താഴെ...'
സാനിയ സിസ്റ്ററിന്റെ അലര്‍ച്ചയോ കണ്ണുകളിലെ ദേഷ്യമോ എന്റെ ചിരി അടക്കിയില്ല. ഒരു കൂസലുമില്ലാതെ ഞാന്‍ ചിരിച്ചത് സാനിയ സിസ്റ്ററിനെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. എന്നെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടുപോയി മേശയുടെ പിറകില്‍ ബ്ലാക്ക് ബോര്‍ഡിന് അഭിമുഖമായി നിര്‍ത്തി ചന്തിക്കു നാലടി തന്നപ്പോളാണ് സാനിയ സിസ്റ്ററിനു ആശ്വാസമായത്. അടിയുടെ വേദനയിലും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അന്നും പിന്നീട് വന്ന കുറേ മാസങ്ങളിലും എന്റെ പൊങ്ങിയ പല്ലുകളും സ്പെഷ്യല്‍ ഫീസും തമ്മിലുള്ള സ്പെഷ്യല്‍ ബന്ധം എന്താന്നറിയാതെ എന്റെ മനസ്സ് കാടുകയറി. എന്നില്‍ വെറുപ്പിന്റെ ബീജം വിതച്ച പലരും പിന്നെയും വന്നു. ഉള്ളില്‍ ആളിയ തീ ലാവയായി പുറത്തേക്കു വരാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. പലര്‍ വിതച്ച വെറുപ്പിന്റെ ബീജം ഭ്രൂണമായി എന്റെയുള്ളില്‍ വളരാന്‍ തുടങ്ങി.
Content Highlights: Childhood Memories babu abraham From Parathot to Paris part 22
Published: 02 Apr 2025, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented