
പണി പൂര്‍ണമായും തീര്‍ന്നില്ലെങ്കിലും ഇടവപ്പാതി തുടങ്ങും മുന്‍പേ ഞങ്ങള്‍ പുതിയ വീട്ടില്‍ താമസം തുടങ്ങി. കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്ടിലുള്ള ഞങ്ങളുടെ എട്ട് മാസക്കാലത്തെ അന്തിയുറക്കത്തിന് അങ്ങനെ വിരാമമായി. സ്ഥലംമാറ്റം കിട്ടിപ്പോയ ജേക്കബ് അച്ചന് പകരം കോട്ടയംകാരന്‍ ജോസച്ചന്‍ തെള്ളിത്തോട്ടിലെ ഞങ്ങളുടെ പള്ളിയില്‍ വികാരിയായി വന്നു. പുതിയ വീട്ടിലെ വെഞ്ചരിപ്പ് നടത്താന്‍ പുതിയ വികാരിയച്ചനാണ് വന്നത്. ഒരു ഉപയോഗവുമില്ലാത്ത സമ്മാനങ്ങളുമായി അതിഥികള്‍ വരാത്ത ഒരു കയറിത്താമസം ആയിരുന്നു അത്. അമ്മ നേരിട്ടെത്തി ക്ഷണിക്കാത്ത കാരണം പറഞ്ഞ് കൊച്ചമ്മാവന്‍ വന്നില്ല. അമ്മ ചെയ്ത അത്തരമൊരു അപരാധമാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണമെന്നുപോലും ഞങ്ങള്‍ അറിഞ്ഞത് പിന്നെയും കുറേ ആഴ്ചകള്‍ കഴിഞ്ഞാണ്. ചെമ്പകപ്പാറയില്‍നിന്ന് കുഞ്ഞമ്മ ഇളയ മകളെയുമായി വന്നപ്പോള്‍ സന്ധ്യയായിരുന്നു. കുഞ്ഞാഗസ്തിച്ചേട്ടനും ചേടത്തിയും വത്സാന്റിയും ടോമിച്ചേട്ടനും അച്ചന്‍ വരുന്നതിനുമൊക്കെ മുന്നേ വീട്ടിലെത്തി. ഞങ്ങളുടെ കറവയുള്ള എരുമകളെ പുരപ്പണിക്കുള്ള ധനശേഖരണാര്‍ഥം ആ വര്‍ഷം വിറ്റതിനാല്‍ അച്ചനും അന്നത്തെ പരിപാടിക്ക് വീട്ടില്‍ വരുന്നവര്‍ക്കും ചായ കൊടുക്കാനുമായി ചേടത്തി ഒരു കുപ്പിപ്പാൽ കരുതിയിരുന്നു. അക്കരെ അയല്‍പക്കത്തെ ലില്ലിച്ചേടത്തിയെയും മേക്കാട്ടെ ഏലമ്മ ചേടത്തിയെയും കൂടാതെ വീടിന്റെ പണികള്‍ക്കായി അമ്മയോടൊപ്പമുണ്ടായിരുന്ന ചേച്ചിമാരും അന്നു വീട്ടില്‍ വന്നു.
അന്ന് കുമാരന്‍ ചേട്ടന്റെ കടയില്‍നിന്ന് രണ്ടു കിലോ ഇറച്ചി അമ്മ കടം പറഞ്ഞ് വാങ്ങി. മുറ്റത്തിന് താഴെ കടലാസ് റോസയോട് ചേര്‍ന്നുനിന്ന തെങ്ങില്‍നിന്ന് തോട്ടിയുടെ അറ്റത്തു അരിവാ കെട്ടി പറിച്ചെടുത്ത തേങ്ങ കൊത്തിയിട്ടുവച്ച ഇറച്ചിക്കറിയും കള്ളപ്പവുമാണ് അന്നത്തെ ആഘോഷം മറക്കാനാവാത്ത വിധം എന്റെ മനസ്സില്‍ ഇന്നും പറ്റിപ്പിടിച്ചിരിക്കാന്‍ കാരണം. വയര്‍ അറിയാതെ അപ്പവും ഇറച്ചിക്കറിയും അമിതമായി കഴിച്ച ഞാന്‍ ആ രാത്രി മുഴുവന്‍ കിടക്കാന്‍ പറ്റാതെ വിഷമിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. രാത്രി വൈകി ഛര്‍ദിച്ചു കഴിഞ്ഞപ്പോഴാണ് ഒന്നുറങ്ങാന്‍ പറ്റിയത്. ആ ദിവസം ഇന്നും മറക്കാനാവാത്തതിനുള്ള മറ്റൊരു കാരണം ഇതാവാം.
പതിവുപോലെ ജൂണ്‍ മാസത്തില്‍ പള്ളിക്കൂടം തുറക്കുന്ന ദിവസം തന്നെ മഴക്കാലവും തുടങ്ങി. കുടയില്ലാത്ത കുട്ടികളോട് കുടിപ്പക വച്ചുപുലര്‍ത്തിയിരുന്ന മഴക്കാലത്തിന് പള്ളിക്കൂടം തുറക്കുന്ന അതേ ദിവസം തന്നെ വരണം. പക്ഷേ, ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് കയറിയ ആ വര്‍ഷം അമ്മ എനിക്കൊരു കുട വാങ്ങിത്തന്നു. ഞെക്കുമ്പോൾ തെറിക്കുന്നതൊന്നുമല്ലാത്ത ഒരു സെന്റ് ജോര്‍ജ് കുട. പള്ളിക്കൂടത്തിലേക്കുള്ള നനഞ്ഞുള്ള പോക്കും അവിടെച്ചെല്ലുമ്പോള്‍ നനഞ്ഞ കാരണത്താല്‍ കൂട്ടുകാര്‍ അടുത്തിരിക്കാന്‍ കൂട്ടാക്കാത്തതും പകല്‍ മുഴുവന്‍ നനഞ്ഞൊട്ടി വീശുന്ന കാറ്റിനോപ്പം തണുത്തു വിറയ്ക്കുന്ന ജീവിതം അന്നത്തോടെ എന്നോട് യാത്ര പറഞ്ഞൊഴിഞ്ഞു.
കുട പുത്തനൊന്നുമായിരുന്നില്ല. പാറത്തോട്ടില്‍ ചില്ലലമാരയില്‍ മുഴുത്ത ബോണ്ട എപ്പോഴും നിറഞ്ഞുകിടക്കുന്ന ബ്രദേഴ്സ് കടയുടെ മറുവശത്ത് സെന്റ് തോമസ് പാരലല്‍ കോളേജിന്റെ അരികുപറ്റി വഴിയില്‍നിന്ന് അല്‍പ്പം ഉയര്‍ന്ന്, വട്ടത്തില്‍ ഒരു വശമൊഴികെ വെട്ടി നിര്‍ത്തിയ ഒരു പുറംപോക്കുണ്ടായിരുന്നു. അവിടെ പടുത മറച്ചു കെട്ടിയും പടുത കൊണ്ടുതന്നെ മേഞ്ഞുമുള്ള ഒരു മാടക്കട ഉണ്ട്. കുട നന്നാക്കുന്ന പത്രോസ് ചേട്ടന്റെ കടയാണത്. ലാലിക്കും ബിന്ദുവിനും എനിക്കും അക്കൊല്ലം കിട്ടിയ കുടകള്‍ അമ്മ പത്രോസ് ചേട്ടന്റെ കടയില്‍നിന്ന് ന്യായവിലയ്ക്ക് വാങ്ങിയവയായിരുന്നു. മഴ കഴിയുമ്പോള്‍ നിവര്‍ത്തി വച്ച്, ഉണങ്ങിക്കഴിയുമ്പോള്‍ കെട്ടിവയ്ക്കാനുള്ള വള്ളി മൂന്നു കുടകള്‍ക്കും ഉണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള സുനിതാ സ്റ്റോഴ്സില്‍ കുടയെ ഭംഗിയായി കെട്ടിവയ്ക്കാനുള്ള കുത്തിയിടുന്ന പല നിറങ്ങളിലുള്ള വള്ളി പത്തു പൈസയ്ക്ക് വില്‍ക്കുന്നുണ്ടായിരുന്നു. മൂന്നു പേര്‍ക്കും മൂന്നു നിറത്തിലുള്ള ഓരോന്ന് വാങ്ങിത്തന്ന് അമ്മ ഞങ്ങളെ ആശ്വസിപ്പിച്ചു.
''നനഞ്ഞു പോകുന്നതിലും നല്ലതല്ലേ പഴയതാണേലും കുട ചൂടി പോകുന്നത്...?''
പുതിയ കുട വേണമെന്ന ആശയില്ലാഞ്ഞിട്ടൊന്നുമല്ല ഞാന്‍ പരാതിയൊന്നും പറയാതിരുന്നത്. അമ്മയോട് അത് പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിരുന്നുമില്ല. അതിനും രണ്ട് വര്‍ഷം മുന്‍പ് ജെസ്സിക്ക് അമ്മ വാങ്ങിക്കൊടുത്ത വെളുത്ത പിടിയില്‍ വെള്ളിനിറത്തിലുള്ള സ്വിച്ചുള്ള ഞെക്കുമ്പോ തെറിക്കുന്ന കുട പുതുമയൊന്നും മാറാതെ പറത്തോട് പള്ളിവകയായി നടത്തിയ സെന്റ് സേവിയേഴ്‌സ് പാരലല്‍ കോളേജില്‍ ദിവസവും പോയിവന്നു.
കാലം മാറി പൂക്കുന്ന ഒരു വാകമരം ഞങ്ങളുടെ തൊടിയുടെ താഴെ ആരെയൊക്കെയോ വെല്ലുവിളിക്കുന്നതുപോലെ തലയുയര്‍ത്തി നിന്നു. കൂട്ടത്തില്‍പെട്ട മറ്റു മരങ്ങള്‍ക്കൊപ്പം വേനലില്‍ പൂക്കാന്‍ മിനക്കെടാത്ത ഒരു നെന്മേനി വാക. കാലം തിരുത്തി എഴുതിക്കൊടുത്ത ഒരു ജാതകം ആ മരം തന്നില്‍ത്തന്നെ ഒളിപ്പിച്ചിരുന്നു. ഞങ്ങളുടെ വീടിനു താഴെ അയല്‍ക്കാരന്റെ വയലിനു മുകളിലായി നിന്ന ആ നെന്മേനി വാക ആരും നട്ടു വളര്‍ത്തിയതായിരുന്നില്ല. തനിയെ പൊട്ടിമുളച്ചു വളര്‍ന്ന ഒരു പടുജന്മമായിരുന്നു ആ വാകമരം. വേനലില്‍ പൂത്തുലയുന്ന മറ്റു വാകമരങ്ങള്‍ കാലം തെറ്റി മാത്രം പൂക്കുന്ന ആ മരത്തെ നോക്കി അടക്കം പറയുന്നുണ്ടാകണമെന്ന് എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. തന്റെ പൂക്കാലം തനിക്കു മാത്രം നിശ്ചയിക്കാനുള്ളതാണെന്ന് ആ മരം സ്വയം പറഞ്ഞുകാണും. പൂക്കാനുള്ള കാലം മറ്റുള്ളവയില്‍നിന്നെല്ലാം മാറി സ്വയം തിരഞ്ഞെടുത്ത ആ നെന്മേനി വാക എന്റെതന്നെ മറുപിള്ള ആയിരുന്നോ? വേനലില്‍ പൂക്കാന്‍ മറന്നു പോയതുകൊണ്ടാവണം, ആ വാകമരം കര്‍ക്കിടകത്തിന്റെ അവസാനം വരെ മൊട്ടിടാതെ നിന്നതെന്നാണ് എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഓര്‍ത്തിട്ടുള്ളത്. ചിലപ്പോള്‍ തോന്നും ഋതുനിയമങ്ങളെ കാറ്റില്‍പ്പറത്തി താന്‍ സ്വയം തീര്‍ക്കുന്ന ചട്ടത്തിനനുസരിച്ച് മാത്രം ജീവിച്ചുപോന്ന ആ വാകമരത്തോട് എനിക്ക് വല്ലാത്ത ഒരടുപ്പമുണ്ടായിരുന്നു എന്ന്.
പാറത്തോട്ടിൽ നിന്ന് പാരിസിലേയ്ക്ക് കോളത്തിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പുതുക്കിപ്പണിത് മേച്ചില്‍പ്പുല്ലു കൊണ്ട് മേഞ്ഞ ഞങ്ങളുടെ വീടിന്റെ മുറ്റത്തെ ഗന്ധരാജന്‍ പതിവ് തെറ്റിക്കാതെ വര്‍ഷം മുഴുവന്‍ പൂത്തുതന്നെ നിന്നു. ആ ഗന്ധരാജനില്‍ പിടഞ്ഞു കയറിയ മുല്ല പൂക്കാതെ തന്നെ നിന്നു. തൊടിയുടെ താഴെ നിന്ന ഋതു മാറി പൂക്കുന്ന നെന്മേനി വാക ആ കര്‍ക്കിടകത്തിന്റെ അവസാനത്തിലും മൊട്ടിട്ടു. ഓണത്തിന് മുന്നേ പൂത്ത ആ നെന്മേനി വാകപ്പൂക്കള്‍ ആരും പൂക്കളമൊരുക്കാന്‍ പറിച്ചെടുത്തില്ല.... ഞങ്ങളും. അല്ലെങ്കില്‍ത്തന്നെ പതിവുദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി ഊണോ പായസമോ ഉണ്ടാക്കാത്ത ഞങ്ങളുടെ വീട്ടില്‍ പൂക്കളത്തിന് എന്ത് പ്രസക്തിയാണുള്ളത്...!
'ഓണമല്ലേ ചേടത്തി. പിള്ളേര്‍ക്ക് ഈ വര്‍ഷം ഒരു പായസം ഉണ്ടാക്കിക്കൊടുക്കണം.... ഒത്താല്‍ നാലുപേര്‍ക്കും ഓണക്കോടിയും വാങ്ങിക്കൊടുക്കണം...'
ചാക്കോച്ചന്‍ ചേട്ടന്റെ വീടിന്റെ മുകളിലെ പാറയുടെ താഴെ അവരുടെ കന്നുകാലിക്കൂട് പുതുക്കിപ്പണിയാനുള്ള മെറ്റല്‍ അടിക്കുമ്പോള്‍ അമ്മ പറയുന്നത് കേട്ട ഞങ്ങള്‍ നാലുപേരുടെയും മനസ്സില്‍ ശരിക്കും ലഡ്ഡു പൊട്ടി.
''എന്നാ ഓണോം ക്രിസ്മസുമൊക്കെയാ മേരി.... ഞങ്ങക്ക് എല്ലാ ദിവസവും ഓണോം ക്രിസ്മസും തന്നെയാ...'
അത് പറഞ്ഞ് കാലിയായ കാപ്പിപ്പാത്രവും ഗ്ലാസുകളുമായി ചേടത്തി അവരുടെ മാളികവീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ അവരെത്തന്നെ നോക്കിയിരുന്നു. എല്ലാ ദിവസവും ഓണമായി, ക്രിസ്മസായി ആഘോഷിക്കുന്ന അവര്‍ക്ക് ഓണക്കോടിയും വയറു നിറയെ ഭക്ഷണവും കൂടെ പായസവും കിട്ടുന്ന വര്‍ഷത്തിലെ ഒരു ദിവസത്തെ ഓണമോ ഇറച്ചിക്കറി കൂട്ടിക്കഴിക്കുന്ന ക്രിസ്മസ് ദിവസമോ ഒന്നും അറിയില്ലല്ലോ എന്നായി എന്റെ ദുഃഖം. അല്ലങ്കില്‍ത്തന്നെ എല്ലാ ദിവസവും ക്രിസ്മസും ഓണവുമൊക്കെ ആണെങ്കില്‍ ജീവിതത്തിന്റെ രസം മുഴുവന്‍ അങ്ങ് പോകില്ലേ....?
ഞങ്ങളുടെ വീടിന്റെ നാലു വശത്തും ഉണ്ടായിരുന്ന തെങ്ങുകള്‍ കള്ളുചെത്തു കഴിഞ്ഞപ്പോഴേക്കും നന്നായി കായ്ച്ചു തുടങ്ങി. എഴു വര്‍ഷം മുന്‍പ് നാടുവിട്ടുപോയ അപ്പന്റെ വരവും കാത്ത് ആ തെങ്ങുകള്‍ ഞങ്ങളെപ്പോലെ തന്നെ നിന്നു. എനിക്ക് അഞ്ചു വയസ്സ് ആകുന്നതിനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടുവിട്ടുപോയ അപ്പന്‍ എനിക്ക് പന്ത്രണ്ട് വയസായിട്ടും മടങ്ങിവന്നില്ല. വയനാട്ടിലെ അതിര്‍ത്തി വനങ്ങളില്‍ ആനക്കൊമ്പ് വേട്ടയും ചന്ദനമരം മുറിക്കലുമായി നടന്ന അപ്പന് പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ജപ്തിത്തുക അടയ്ക്കാനുള്ള പണം വര്‍ഷങ്ങള്‍ ഏറെ ആയിട്ടും ഉണ്ടായില്ല.
പന്ത്രണ്ട് വയസ്സൊക്കെ ആകുമ്പോള്‍ പള്ളിക്കൂടത്തിലും പള്ളിയിലും കളിക്കളങ്ങളിലുമൊക്കെ കുട്ടികളുടെ വഴക്കുകള്‍ കൂടുതല്‍ ക്രൂരത കൈവരിക്കും. അതുകൊണ്ട് തന്നെയാകണം പലപ്പോഴും കളിക്കളങ്ങളിലെ വിജയം മറ്റുള്ളവര്‍ക്കായി വിട്ടുകൊടുക്കാന്‍ കുറവുകള്‍ ഉള്ളവര്‍ നിര്‍ബന്ധിതരാകും. പാറത്തോട്ടില്‍ ജെസ്സി പഠിച്ചിരുന്ന സെന്റ് സേവിയേഴ്‌സ് പാരലല്‍ കോളേജിന് താഴെ, പള്ളിമുറ്റത്ത് കളിക്കുമ്പോള്‍ സഹപാഠിയായ ജിനോ, ഏതോ കളിയില്‍ തോറ്റ വാശിക്ക് 'തന്തയില്ലാത്തവന്‍' എന്നെന്നെ വിളിച്ചപ്പോള്‍ ഉണ്ടായ അപമാനം തീര്‍ത്ത മുറിവില്‍നിന്ന് ഏറെ വര്‍ഷക്കാലം രക്തവും വെള്ളവും ഇറ്റു വീണു. ആ വേദന എന്നില്‍ത്തീര്‍ത്ത അപകര്‍ഷം ഏറെക്കാലം ഒരു പരുന്തിനെപ്പോലെ എന്നെ ചുറ്റിപ്പറന്നു. കൂട്ടുകാരുടെ അത്തരം ക്രൂരവിനോദങ്ങളും കളിയാക്കലുകളും ദാരിദ്ര്യവുമെല്ലാം കൂട്ടിക്കുഴച്ച് തന്ന നിരാശയും നിസ്സഹായതയുമെല്ലാം ആരോടെന്നില്ലാത്ത ഒരു പകയുടെ വിത്ത് എന്നില്‍ മുളപ്പിച്ചു തുടങ്ങിയിരുന്നു. ആ വിത്ത് വളര്‍ന്ന് പ്രതികാരത്തിന്റെയും പ്രതിഷേധത്തിന്റെയും ഒരു വൻമരമാകാന്‍ പിന്നെയും കുറേ വര്‍ഷങ്ങളെടുത്തു.
പുതിയതായി തെള്ളിത്തോട്ടില്‍ പള്ളി വികാരിയായി വന്ന ജോസച്ചന്‍ യുവത്വത്തിന്റെ ആവേശത്തില്‍ ഇടവകയില്‍ കുറേ മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതുപ്പട്ടത്തിന്റെ ഭക്തിമൂപ്പിലാണ് അദ്ദേഹം ആ മാറ്റങ്ങളെല്ലാം കൊണ്ടുവന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ജേക്കബ് അച്ചന്‍ എത്ര ശ്രമിച്ചിട്ടും കുടുംബത്തിന്റെ സല്‍പ്പേര് കാറ്റില്‍ പറത്തിയ, ഭര്‍ത്താവില്ലാതെ, മറ്റൊരു പുരുഷന്റെ തണലില്‍ അല്ലാതെ ജീവിച്ച മുപ്പത്തിയഞ്ചു വയസുകാരി മേരിയും നാലു മക്കളും ഇടവകയിലെ രണ്ടാംകിട വിശ്വാസിഗണമായി തുടര്‍ന്നു. മുന്‍പ് വന്നുപോയ വൈദികര്‍ക്കൊന്നും ഞങ്ങളുടെ നിസ്സഹായതയില്‍ പ്രതീക്ഷയുടെ ഒരു തിരിയും തെളിക്കാനായില്ല. കര്‍ത്താവിന്റെ രണ്ടാം വരവിനുശേഷം സ്വര്‍ഗരാജ്യത്തിലെ മുന്‍നിര സീറ്റുകള്‍ ലഭിക്കുമെന്നത് മാത്രമായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഏക പ്രതീക്ഷ.
പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
കോട്ടയംകാരന്‍ ജോസച്ചന് അമ്മയോടും ഞങ്ങളോടും സ്നേഹമായിരുന്നോ അതോ സഹതാപമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. മുന്‍പുള്ള വികാരിയച്ചന്മാര്‍ തെള്ളിത്തോട്ടില്‍ വന്ന് സ്ഥാനം ഏറ്റെടുത്തു കഴിയുമ്പോള്‍ അപ്പന്റെ തറവാട് വീടുള്‍പ്പടെ ഇടവകയിലെ പ്രമാണി കുടുംബങ്ങള്‍ കയറിയിറങ്ങി വെഞ്ചരിപ്പും പ്രാര്‍ഥനകളും നടത്തുന്ന പതിവാണ് ഉണ്ടായിരുന്നത്. കാലം മാറി പൂത്തിരുന്ന ഞങ്ങളുടെ തൊടിയിലെ നെന്മേനി വാകയെപ്പോലെ, ജോസച്ചനും കാലം കുറിച്ചുവച്ചിരുന്ന പതിവുകളെ അങ്ങ് തെറ്റിച്ചു. അമ്മയ്ക്ക് ഒരധിക വരുമാനം ഉണ്ടാകട്ടെ എന്ന് കരുതിയാകണം, അച്ചന്റെ ളോഹയും മറ്റു വസ്ത്രങ്ങളും അലക്കി ഉണങ്ങാന്‍ അമ്മയെ ഏല്‍പ്പിച്ചു. വീടിനു താഴെയുള്ള ഓലിക്കലെ കല്ലില്‍ അലക്കിപ്പിഴിഞ്ഞ വസ്ത്രങ്ങള്‍ അമ്മ അവിടെ വിരിച്ചിട്ട് ഉണങ്ങിയില്ല. അവയെ ഒരു വലിയ കൂടിലാക്കി എന്റെ കയ്യില്‍ തന്നുവിടും. അച്ചന്‍ തന്നെയാണ് പള്ളിമുറിയുടെ പിറകിലെ അയയില്‍ ആ തുണികള്‍ വിരിച്ചിടുക. നാട്ടുകാര്‍ മെനഞ്ഞു വിതരണം ചെയ്യാന്‍ സാധ്യതയുള്ള എരിവും പുളിയുമുള്ള കഥകളെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാകണം അമ്മ അങ്ങനെ ചെയ്തത്.
1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്തുവച്ച് സിറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാനക്രമം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള കാലമായതിനാല്‍ പള്ളികളില്‍ പുതിയ കുര്‍ബാനയിലെ പ്രാര്‍ഥനകളും പാട്ടുകളും ഒക്കെ പഠിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അള്‍ത്താരാബാല സംഘത്തിന്റെ ഒരു ടീമിനെ രൂപീകരിക്കുന്നതായിരുന്നു ജോസച്ചന്റെ ആദ്യ നടപടി. അങ്ങനെ ഉണ്ടാക്കിയ സംഘത്തില്‍ രണ്ടാംകിട വിശ്വാസിഗണത്തില്‍പ്പെട്ട എന്നെയും ജോസച്ചന്‍ ഉള്‍പ്പെടുത്തി.
പുതിയതായി ജോസച്ചന്‍ വാങ്ങിയ മൈക്ക് സെറ്റും പള്ളിയുടെ മുകളില്‍ രണ്ട് വശങ്ങളിലേക്ക് തിരിച്ചുവച്ച നീല നിറത്തിലുള്ള കോളാമ്പികളും വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ തെള്ളിത്തോട്ടിലും കമ്പിളികണ്ടത്തുമൊക്കെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അകമ്പടിയോടെ സൂര്യനെ വിളിച്ചു വരുത്തി. വൈകുന്നേരങ്ങളില്‍ പള്ളിയുടെ പരിസരങ്ങളില്‍ താമസിച്ചിരുന്ന, ഞാനടക്കമുള്ള കുട്ടികളുടെ സ്വരം ജപമാലയുടെ രൂപത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മുഴങ്ങിക്കേട്ടു.
പുതിയതായി ആരംഭിച്ച കുര്‍ബാനയ്ക്ക് ഞായറാഴ്ചകളില്‍ കൊഴുപ്പുകൂട്ടാനായി ജോസച്ചന്‍ ഒരു ഗായകസംഘവും രൂപീകരിച്ചു. തൊടിയിലും തോട്ടിലും പന്നിക്കൂട്ടിലും മാത്രം പാട്ടുപാടി നടന്നിരുന്ന ആ ഗായകസംഘത്തില്‍ ഉള്‍പ്പടുത്തിയത് വലിയൊരു അംഗീകാരമായാണ് എന്നിലെ പന്ത്രണ്ടുകാരന്‍ കണ്ടത്. അള്‍ത്താരയുടെ മുന്നില്‍, സ്ത്രീകളുടെ വശത്ത്, ഏറ്റവും മുന്നിലായി ലൂര്‍ദ് മാതാവിന്റെ നീലക്കുപ്പായത്തെ മറച്ചുവച്ചിരുന്ന നിത്യസഹായ മാതാവിന്റെ രൂപത്തിന് മുന്നില്‍ രണ്ട് മൈക്കുകള്‍ ഞായറാഴ്ചകളില്‍ ഉണ്ടാകും. ആണ്‍കുട്ടികളുടെ ഇടയില്‍നിന്ന് ഗായകസംഘത്തിലേക്ക് അച്ചന്‍ എന്നെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളൂ. ആക്കാരണത്താല്‍ ഒരു മൈക്ക് എനിക്ക് മാത്രമായി കിട്ടി.
രണ്ടാമത്തെ മുക്കിനു നേരെ മുന്നില്‍നിന്ന് പാടാനായി മേഴ്‌സിച്ചേച്ചിയും ജിബിയും മിജിയും മറ്റു പെണ്‍കുട്ടികളും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം തന്നെ ഉണ്ടായിരുന്നു. ജോസച്ചന്‍ വരുന്നതിനു മുന്‍പ്, മൈക്കൊന്നും ഇല്ലാതെ പാടുകയും പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്തിരുന്ന അപ്പന്റെ കുടുംബത്തില്‍പ്പെട്ട ആന്റിമാര്‍ക്ക് ജോസച്ചനോട് ചെറുതല്ലാത്ത പരിഭവമുണ്ടായിരുന്നു. അവര്‍ കുര്‍ബാന സ്വീകരണത്തിന് അച്ചന്റെ മുന്‍പില്‍ വരുമ്പോള്‍ നാക്കു നീട്ടുന്ന രീതിയില്‍ പോലും ആ പരിഭവം നിഴലിച്ചിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അക്കാലത്ത് തെള്ളിത്തോട് പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടം വേണമെന്ന ആശയം ജോസച്ചന്‍ പള്ളി പൊതുയോഗത്തിലും നാട്ടുകാരുടെ ഇടയിലും അവതരിപ്പിച്ചു. ജെസ്സി പഠിച്ചിരുന്ന പറത്തോട് പള്ളി വകയായ പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് വാധ്യാരുകൂടി ആയിരുന്ന ജോസച്ചന്‍ നാട്ടില്‍ ഏറെ ജനസമ്മതിയുള്ള ആളായിരുന്നു. കൃഷിക്കാരായ ഇടവകക്കാരും മറ്റു നാട്ടുകാരും അച്ചന്റെ നേതൃത്വത്തില്‍ പള്ളിയുടെ ഇടതുവശത്ത് കൊല്ലറക്കല്‍ക്കാരുടെ വീടിനോട് ചേര്‍ന്ന് കിടന്ന പറമ്പ് കിളച്ച് നിരത്താന്‍ തുടങ്ങി. വൈകുന്നേരം ആറു മണിയോടെ വരുന്ന ആളുകള്‍ രാത്രി പത്തുമണിവരെ പണിയും. ജെസിബിയും ഹിറ്റാച്ചിയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് മണ്ണ് കിളച്ച് നിരത്തി കലപ്പ വച്ചടിച്ചു പള്ളിയുടെ വലതുവശത്തുള്ള കീഴ്ക്കാംതൂക്കായ കുന്നിന്‍ ചെരുവിലേക്കു തള്ളും.
മാസങ്ങളോളം നീണ്ടുനിന്ന ആ പൊതുപ്പണി നടക്കുമ്പോള്‍ എല്ലാ വൈകുന്നേരവും ഞങ്ങള്‍ അള്‍ത്താര ബാലന്‍മാര്‍ മൈക്കിലൂടെ കൊന്ത ചൊല്ലി തീര്‍ത്തിട്ട് കള്ളനും പോലീസും കളിക്കും. അങ്ങനെ ഒരു രാത്രിയില്‍ പോലീസിന് പിടികൊടുക്കാതെ മണ്ണും വലിച്ചിട്ടിരിക്കുന്ന ചെരുവിലൂടെ ഓടിയ ഞാന്‍ കുഞ്ചിരക്കാട്ട് ജിന്‍സ് എന്നെ തൊടുമെന്നായപ്പോള്‍ സെമിത്തേരിയിലേക്ക് ഓടാന്‍ തീരുമാനിച്ചു. മുകളില്‍നിന്നു മാസങ്ങളായി വലിച്ചിട്ടിരിക്കുന്ന മണ്ണിന്റെ ഏറ്റം അടിയില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണാംകട്ടയിലും മട്ടിക്കല്ലുകളിലും തട്ടിവീണ എന്റെ വലതുകാലിന്റെ പുല്ലൂരി ഒരു കൂര്‍ത്ത കല്ലില്‍ കൊണ്ട് ആഴത്തില്‍ മുറിഞ്ഞു. ജിന്‍സ് എന്നെ കൂട്ടി അച്ചന്റെ മുറിയിലെത്തി. എന്റെ മുറിവു കഴുകിക്കെട്ടിയ ജോസച്ചന്‍ മിഠായിയും രാജുച്ചേട്ടന്റെ കടയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന ഒരു കേക്കിന്റെ കഷണവുമൊക്കെ തന്ന് എന്റെ കരച്ചിലടക്കി.
എന്റെ കാലിന്റെ പുല്ലൂരിയുടെ ഒത്ത നടുക്ക് ആ മുറിവ് വാ പിളര്‍ന്നു നിന്നു. കൂട്ടുകാരില്‍ ആരെയോ ആ സന്ധ്യയ്ക്ക് വീട്ടില്‍ പറഞ്ഞുവിട്ടു ജോസച്ചന്‍ അമ്മയെ വരുത്തി. കമ്പിളികണ്ടത്തുനിന്ന് വന്ന ജീപ്പില്‍ നിര്‍മ്മല ആശുപത്രിയില്‍ പോയി നാലു തുന്നലിട്ട് രാത്രിയില്‍ മടങ്ങുമ്പോള്‍ പിന്‍സീറ്റിലിരുന്ന് എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ വിതുമ്പിക്കരയുന്നുണ്ടായിരുന്നു.
ആ ഓണാവധിക്ക് തൊടിയിലെ വാകമരം കാലം മാറി പൂത്തു. മിഷന്‍ ലീഗിന്റെ ആ വര്‍ഷത്തെ, മൂന്നു ദിവസത്തെ രൂപതാ ക്യാമ്പില്‍ പങ്കെടുക്കാന്‍ തെള്ളിത്തോട്ടില്‍ നിന്നു പോയ ഏഴു കുട്ടികളില്‍ ഞാനും ഉണ്ടായിരുന്നു. എന്റെ സമപ്രായക്കാരായ ഹെൻറിയും ജോമോനും ലോറന്‍സും ജോണിയുമൊക്കെ അന്നത്തെ കോട്ടയം യാത്രയില്‍ ഉണ്ടായിരുന്നു. തെള്ളിത്തോട്ടിലെ ഞങ്ങളുടെ സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജേക്കബ് സാറിന്റെ കൂടെയാണ് അതിരാവിലത്തെ പിഎംഎസിനു ഞങ്ങള്‍ കോട്ടയത്തേക്ക് പോയത്. ഇന്നും മറക്കാനാവാത്ത മുറിപ്പെടുത്തുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു ക്യാമ്പായിരുന്നു അത്. അന്ന് ഉച്ചകഴിഞ്ഞാണ് ക്യാമ്പ് തുടങ്ങിയത്.
തിരുഹൃദയക്കുന്നേലുള്ള പാസ്റ്ററല്‍ സെന്ററിന്റെ ഒന്നാം നിലയിലെ ഹാളില്‍ ആദ്യത്തെ പരിചയപ്പെടുത്തലിനുശേഷം മിഷന്‍ ലീഗിന്റെ രൂപതാ ഡയറക്ടറായ വല്യച്ചന്‍ കുര്‍ബാനയോടെയാണ് ക്യാമ്പിന് തുടക്കമിട്ടത്. കുര്‍ബാനയ്ക്ക് ശേഷം അസിസ്റ്റന്റ് ഡയറക്ടര്‍ ആയ കൊച്ചച്ചന്‍ ഞങ്ങള്‍ക്ക് വരുംദിവസങ്ങളിലെ പരിപാടികള്‍ ഒക്കെ വിവരിച്ചുതന്നു. രൂപതാ ഭാരവാഹികളില്‍ ഒരാളായി റോബിച്ചേട്ടനെ കൊച്ചച്ചന്‍ ഏറെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. പിന്നീട് സന്യാസം ഉപേക്ഷിച്ചുപോയ ബിസിഎം കോളേജിലെ അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീയുടെ അടിപൊളി ക്ലാസ്സും കഴിഞ്ഞാണ് ഞങ്ങള്‍ അന്ന് അത്താഴത്തിനു പോയത്.
പതിനെട്ടു വയസ്സുള്ള റോബിച്ചേട്ടന്‍ തൊടുപുഴക്കാരനാണ്. കോട്ടയത്ത് ഒരു കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുകയാണെന്ന് പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞിരുന്നു. അത്താഴം കഴിഞ്ഞ് ഗ്രൂപ്പുകള്‍ തിരിച്ചുള്ള ഒരു കളികൂടി കഴിഞ്ഞാണ് ഞങ്ങള്‍ കിടക്കാന്‍ പോയത്. അതേ നിലയിലെ ഒരു മുറിയിലായിരുന്നു എനിക്കുള്ള ബെഡ്. ജേക്കബ് സാര്‍ വേറേ മുറിയില്‍ ആയിരുന്നു. തെള്ളിത്തോട്ടില്‍നിന്ന് വന്ന ലോറന്‍സും ഹെന്ററിയും ഞാനും ഒരേ മുറിയിലായിരുന്നു. എന്റെ കട്ടിലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ റോബിച്ചേട്ടന്‍ കിടന്നു. ലൈറ്റുകള്‍ എല്ലാം അരമുക്കാല്‍ മണിക്കൂറിനകം അണഞ്ഞു. അവിടവിടെ വിവിധ രാഗങ്ങളില്‍ കൂര്‍ക്കം വലികള്‍ കേള്‍ക്കാം. ജനാലയുടെ ചില്ലു വാതില്‍ ഭേദിച്ചു വന്ന നിലാവെളിച്ചത്തില്‍ കൊച്ചച്ചന്‍ വാതില്‍ തുറന്ന് ഞങ്ങളുടെ മുറിയിലേക്ക് വരുന്നത് ഞാന്‍ കണ്ടു. അപ്പോഴും ഉറങ്ങാത്തവരെ കയ്യോടെ വഴക്കു പറയാന്‍ വന്നതായിരിക്കും അദ്ദേഹമെന്നോര്‍ത്ത് ഞാന്‍ ഉറക്കം നടിച്ചുകിടന്നു.
ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് കൊച്ചച്ചന്‍ റോബിച്ചേട്ടന്റെ കാലില്‍ ഒന്ന് തലോടിയശേഷം വന്ന വഴിയേ മടങ്ങിപ്പോയി. നെല്‍വയലില്‍ കൊക്ക് ഒറ്റക്കാലില്‍ ഇരുന്നു നോക്കുന്നതുപോലെ ചുറ്റും ഒന്ന് വീക്ഷിച്ചിട്ട്, റോബിച്ചേട്ടന്‍ പൊടുന്നനെ എഴുന്നേറ്റു തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് പോയി. പന്ത്രണ്ടുകാരന്റെ ആകാംക്ഷ ആയിരുന്നോ അതോ എന്നില്‍ പൊന്തിവന്ന നാണമില്ലാത്ത ചോദ്യങ്ങള്‍ കാരണമാണോ എന്നറിയില്ല ഞാനും പതുക്കെ റോബിച്ചേട്ടന്റെ പിറകെ പോയി. എന്തിനായിരുന്നു ആ രാത്രിയില്‍ അയാളുടെ പിറകെ പോയതെന്ന് ഇന്നും ഞാന്‍ എന്നോട് ചോദിക്കാറുണ്ട്. എന്തോ...? അതിനുള്ള ഉത്തരം എനിക്ക് ഇന്നും കിട്ടിയിട്ടില്ല.
അന്ന് ആ വൈദികന്റെ മുറിയില്‍ ഞാന്‍ കണ്ട കാഴ്ച്ച വിശുദ്ധിയുടെ വെളിപാടുകളൊന്നും ആയിരുന്നില്ല. പുറത്തെ വൈദ്യുതിവിളക്കില്‍നിന്നുള്ള വെളിച്ചവും നിലാവും ഇണചേര്‍ന്ന് ജനലിലൂടെ മുറിയുടെ അകത്തേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ അവിടെ കണ്ടതെല്ലാം എന്റെ മനസ്സിനെ ഇരുളിലാഴ്ത്തി. പിന്നീട് ഞാന്‍ കൂടിയ കുര്‍ബാനകളിലെല്ലാം കരിഞ്ഞുണങ്ങിയ ഇലകള്‍ വെള്ളം വീണഴുകിയ അനുഭവം എന്നിലേക്ക് കോരിയിട്ടു. ആ വിഴുപ്പ് മനസ്സില്‍ പിടിച്ചിടാന്‍ മടിച്ചതുകൊണ്ടാകണം ഞാന്‍ എന്റെ മുറിയിലേക്ക് മടങ്ങി. തെള്ളിത്തോട്ടിലെ ഞങ്ങളുടെ തൊടിയിലെ നെന്മേനിവാക അപ്പോഴും പകച്ചുതന്നെ നിന്നു. അന്ന് ആ മുറിയില്‍ കണ്ട സൗഖ്യം നടിക്കുന്ന അര്‍ബുദത്തെക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞില്ല. ആ ഓര്‍മ്മകള്‍ മനസ്സിന്റെ താഴേത്തട്ടിലെ രഹസ്യ അറകളില്‍ ഞാന്‍ ഒളിച്ചുവച്ചു. എന്നില്‍നിന്ന് പോലും.
Content Highlights: Childhood Memories by babu abraham From Parathot to Paris part 21
Published: 26 Mar 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented