അന്ന് മുതല്‍ അമ്മ കൂലിപ്പണി കഴിഞ്ഞു വന്ന ശേഷം അത്താഴം കഴിച്ചിട്ട് ഞങ്ങള്‍ എല്ലാവരും കുഞ്ഞാഗസ്തിച്ചട്ടന്റെ വീട്ടില്‍ കിടക്കാന്‍ പോകാന്‍ തുടങ്ങി. വൈകുന്നേരം ഏകദേശം എട്ടെട്ടര ആയപ്പോഴാണ് കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്ടിലേക്ക് പോയത്. അന്ന് ഉച്ച കഴിഞ്ഞപ്പോള്‍ തൊഴുത്തും അതിനോട് ചേര്‍ന്നിരുന്ന അടുക്കളയുടെ ഭാഗത്തെ ഭിത്തിയും ഇടിഞ്ഞു വീണതുകൊണ്ട് വീടുപണി കഴിയുന്നതുവരെയും രാത്രിയില്‍ അവരുടെ വീട്ടില്‍ പോയി കിടക്കാനുള്ള തീരുമാനത്തിന് ആക്കം കൂട്ടുകയും ചെയ്തു. പതിവ് തെറ്റിച്ചു പെയ്ത മഴയും അതിനു കാരണമായി. 

To advertise here,

വീടിനു മുകളിലെ തെങ്ങിന്‍ചുവട്ടില്‍ ആ ദിവസങ്ങളില്‍ ഉണ്ടാക്കിയ മൂന്നു കല്ലുകള്‍ കൂട്ടിവച്ച അടുപ്പില്‍ ജെസ്സി കഞ്ഞി വയ്ക്കും. അമ്മ വരുമ്പോള്‍ ചിലപ്പോഴൊക്കെ മത്തിയോ കിളിമീനോ വാങ്ങിവരും. തെള്ളിടത്തോട് പള്ളിയുടെ താഴെ താമസിച്ചിരുന്ന കുര്യാക്കോച്ചേട്ടന്‍ കമ്പിളികണ്ടത്ത് പച്ചമീന്‍ വില്‍ക്കുന്നുണ്ടായിരുന്നു. പരപ്പനങ്ങാടിക്ക് പോകുന്ന മണ്‍വഴിയുടെ താഴെയിരുന്ന്. രാവിലെ ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പോകുന്ന സമയം മുതല്‍ അദ്ദേഹം രണ്ടു ചരുവം നിറയെ മീനുമായി വില്‍പനയ്ക്ക് ഇരിപ്പുണ്ടാകും. ആക്കാലത്തു കിളിമീനും അയലയും മത്തിയും മാത്രമേ വില്പനക്ക് വെച്ചിരുന്നുള്ളു. നെയ്മീനോ കരിമീനോ ഒക്കെ പച്ചമീന്‍ ഗണത്തില്‍പ്പെട്ടവയാണെന്നോ അത്തരം സെറ്റപ്പ് മീനുകള്‍ ഉണ്ടെന്ന്  തന്നെ വലുതായിക്കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. ചില വൈകുന്നേരങ്ങളില്‍ പണി കഴിഞ്ഞ്‌ അമ്മ മടങ്ങിവരുമ്പോഴും കുര്യാക്കോച്ചേട്ടന്‍ മീന്‍ വിറ്റു തീര്‍ന്നിട്ടുണ്ടാവില്ല. അപ്പോള്‍ പാതിവിലക്ക് അദ്ദേഹം തരുന്ന കേടായിത്തുടങ്ങിയ മീന്‍ അക്കാലത്തെ ഞങ്ങളുടെ അത്താഴങ്ങളുടെ മേനി വര്‍ധിപ്പിച്ചു. 

കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്ടില്‍ ഞങ്ങള്‍ ആദ്യമായി ചെന്നത് മനസ്സിന്റെ ഭിത്തികളില്‍ മാഞ്ഞുപോകാത്ത കൈപ്പാടുകള്‍പ്പോലെ ഇന്നുമുണ്ട്. രാത്രി അത്താഴത്തിന് കാവല്‍നിന്ന രണ്ട് ഓട്ടുവിളക്കുകളും കത്തിച്ചുപിടിച്ചാണ് ഞങ്ങള്‍ പോയത്. മീശവര്‍ക്കിച്ചേട്ടന്റെ വീടും കടന്ന്, മേക്കാട്ടെ കുഞ്ഞേട്ടന്റെ വീടിനു താഴെക്കൂടിയുള്ള മൂന്നടിപ്പാതയിലൂടെ ഞങ്ങള്‍ കരോള്‍പ്പിരിവിന് പോകുന്നതുപോലെ പാട്ടിന്റെയൊ ഡ്രമ്മടിയുടെയോ അകമ്പടിയൊന്നും ഇല്ലാതെ നടന്നു. കീറിയതെങ്കിലും കറുപ്പില്‍ വലിയ ചുവപ്പുകരയുള്ള ഒരു പുതപ്പ് ഞങ്ങള്‍ക്കുണ്ടായിരുന്നു. കോടമഞ്ഞും തണുപ്പും കുത്തിക്കയറുന്ന കാറ്റും ഞങ്ങളുടെ കീറിയ വസ്ത്രങ്ങള്‍ക്കുള്ളിലേക്ക് തുളച്ചുകയറും. 

ബിന്ദുവിന്റെ കൈയ്ക്ക് പിടിച്ചു ആ കറുത്ത പുതപ്പും പുതച്ചാണ് അമ്മ അന്ന് വൈകുന്നേരം നടന്നത്. പൊക്കംകൂടിയ ഓട്ടു വിളക്കുകളില്‍ ഒന്നുമായി ജെസ്സി മുന്നേ നടക്കും. ലാലിയുടെ കയ്യിലെ വിളക്ക് മിക്കവാറും പകുതി വഴിയാകുമ്പോള്‍ കെട്ടുപോകും. ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞാണ് ഞങ്ങള്‍ നടക്കുക. ഇരുട്ടില്‍ വഴിയിലെവിടെയെങ്കിലും പമ്മിക്കിടക്കുന്ന പാമ്പിന്റെ കടിയേറ്റ് മരിക്കാതിരിക്കാന്‍ അത്തരം സൂത്രങ്ങള്‍ സഹായിച്ചു കാണണം. കുഞ്ഞേട്ടന്റെ വീടും കഴിഞ്ഞ്, ഗവണ്‍മെന്റ് ആശുപത്രിയില്‍ കമ്പോണ്ടറായ പാപ്പച്ചേട്ടന്റെ വീടിനടുത്തുകൂടി നടന്ന്, വയല്‍ വരമ്പത്തുനിന്നു തോടു മുറിച്ചുകടന്ന് പൂങ്കുടി ആന കുളിച്ചിരുന്ന കലുങ്കിന്റെ അടുത്ത് ചെല്ലുമ്പോളാണ് റോഡ് എത്തുക. അ വഴിയുടെ ഓരംപറ്റിയുള്ള മണ്‍തിട്ടയുടെ മുകളിലാണ് കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്. 

റോഡില്‍നിന്നു നടകള്‍ കയറി വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ കുഞ്ഞാഗസ്തിച്ചേട്ടന്‍ തിണ്ണയില്‍തന്നെ ഇരിപ്പുണ്ടായിരുന്നു. 
''ദേ ചോറു വിളമ്പി വച്ചിരിക്കുന്നു. വന്ന് കഴിക്ക്...' വാതിലിനു പുറത്തേക്ക് വന്ന ചേടത്തി മുറ്റത്തേക്ക് കയറിവന്ന ഞങ്ങളെ കണ്ട് അമ്പരന്നു നിന്നു.
''ഇതെന്നാ മേരി നിങ്ങള് ഈ നേരത്തിവിടെ?'' ചേടത്തിയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മറുപടി പറയാനില്ലാതെ അമ്മ മുറ്റത്ത് തന്നെ നിന്നു. 
''ഞാനാ അവരോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. മേരിടെ വീട് ഇടിഞ്ഞു വീണെന്ന് കഴിഞ്ഞ ആഴ്ച്ച പണിയാന്‍ വന്നപ്പോള്‍ പറഞ്ഞതല്ലാരുന്നോ? ഇതുങ്ങള് ആ പറമ്പില്‍ കെടക്കുന്ന കണ്ടപ്പോള്‍ ഞാനാ പറഞ്ഞത് പെരപണി തീരുന്ന വരെ വൈകുന്നേരം ഇവിടെ വന്നു കെടന്നോളാന്‍. നീ ചായിപ്പിന് അടുത്തുള്ള ആ കൊച്ചുമുറിയില്‍ അതുങ്ങളെ കേറ്റിക്കെടത്ത്.''
ഒരക്ഷരം പോലും മറുപടി പറയാതെ അമ്മയെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ചേടത്തി അകത്തേക്ക് പോയി. അവരുടെ കാല്‍വയ്പ്പുകളുടെ ശബ്ദം ഉള്ളിലെ അനിഷ്ടം വാചാലതയോടെ വിളിച്ചു പറഞ്ഞു. 

''അമ്മേ, നമ്മളെന്നാ ചെയ്യുന്നേ?''
ജെസ്സി അടക്കിപ്പിടിച്ച സ്വരത്തില്‍ ചോദിച്ചു. അവളോട് ഒന്നും പറയാതെ അമ്മ ഞങ്ങളെയും കൂട്ടി തിരിഞ്ഞു നടന്നു. ബിന്ദുവിനെ തോളത്തേക്കിട്ട് അമ്മ അവളെ പുതപ്പുകൊണ്ട് പൊതിഞ്ഞു. ഊതിക്കെടുത്തിയ ഓട്ടുവിളക്ക് ജെസ്സി അവരുടെ തിണ്ണയില്‍, കര്‍ത്താവിന്റെ രൂപത്തിന് മുന്നില്‍ ഉണ്ടായിരുന്ന വിളക്കില്‍നിന്ന് കത്തിച്ചെടുത്തു.

''മേരി, എങ്ങോട്ടാ ഈ പോണത്. നീയും പിള്ളേരും കൂടെ പുറകിലെ ചായിപ്പിനടുത്തുള്ള മുറിയിലേക്ക് ചെല്ല്. അവള്‍ എല്ലാം ശരിയാക്കിയിട്ടുണ്ട്. അവള് മോന്ത വീര്‍പ്പിക്കുന്നത് കാര്യമാക്കണ്ട. രണ്ട് ദിവസം കഴിയുമ്പോള്‍ അതൊക്കെ ശരിയായിക്കൊള്ളും.''

ഇറങ്ങിനടന്ന അമ്മ ആ ഒതുക്കുകല്ലുകളില്‍ കുറേ നേരം മടിച്ചുനിന്നു. എന്നിട്ട് രണ്ടും കല്‍പ്പിച്ചു അവരുടെ വീട്ടിലേക്ക് തിരികെ നടന്നു. വീടിനു പിറകിലെ മുറ്റത്തുകൂടി ഞങ്ങള്‍ അവരുടെ അടുക്കളയോട് ചേര്‍ന്നുള്ള ചായിപ്പിലേക്ക് കയറി. അതിനോട് ചേര്‍ന്നുള്ള ഒരു ചെറിയ മുറി ചേടത്തി അതിനോടകം അടിച്ചു വാരിയിരുന്നു. മുറിയുടെ ഒരരികിലായി ഇട്ടിരുന്ന കയറു പാകിയ സിംഗിള്‍ കോട്ട് കട്ടിലില്‍ മെത്തയുണ്ടായിരുന്നു, തലയിണയും. ഭിത്തിയില്‍ ചുരുട്ടി ചാരി വച്ചിരുന്ന രണ്ട് പായകള്‍ നിലത്തേക്ക് മറിഞ്ഞുവീണു. വീണുകിടന്ന പായക്കരുകില്‍ മജന്ത നിറത്തിലുള്ള ഉടുപ്പണിഞ്ഞ ഒരു തലയിണ തല കാത്തിരുന്നു. കട്ടിലിന്റെ അരികില്‍ ഇട്ടിരുന്ന തടി സ്റ്റൂളില്‍ ഒരോട്ടു വിളക്ക് കത്തിനിന്നു. ഞങ്ങള്‍ അകത്തു കയറിക്കഴിഞ്ഞപ്പോള്‍ ചേടത്തി വന്ന് ഒരു കമ്പിളികൂടി ആ കട്ടിലിലേക്ക് ഇട്ടിട്ടു വീര്‍പ്പിച്ച മുഖവുമായി മടങ്ങിപ്പോയി.

ബിന്ദുവിനെ അമ്മ കട്ടിലില്‍ കിടത്തി. കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ഞാന്‍ ആ ബെഡില്‍ ഒന്ന് നിവര്‍ന്നു കിടന്നു. അമ്മവീട്ടില്‍ കൊച്ചമ്മാവനും കുഞ്ഞമ്മാവനും മെത്തയുള്ള കട്ടിലുകളിലാണ് കിടന്നിരുന്നതെങ്കിലും അവയിലൊന്നും ഇരിക്കാന്‍ പോലുമുള്ള അവകാശം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ജെസ്സി നിലത്തു പായകള്‍ വിരിച്ച്, അവ രണ്ടിനെയും ചേര്‍ത്തു നിര്‍ത്താനെന്നവണ്ണം ആകെയുണ്ടായിരുന്ന തലയിണ എടുത്തു മുകളില്‍ വച്ചു. അമ്മ ബിന്ദുവിനരികിലേക്ക് കിടന്നു. ഞാനും ലാലിയും ജെസ്സിയും നിലത്തുവിരിച്ച പായകളില്‍ കിടന്നു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്ക് മടങ്ങുമ്പോഴും ചേടത്തി ഒന്നും മിണ്ടാതെ മുഖം വീര്‍പ്പിച്ചുത്തന്നെ അടുക്കളയില്‍ നിന്നു.

കുഞ്ഞാഗസ്തിച്ചേട്ടന് കുറെയേറെ തൊടിയും വയലുമൊക്കെ ഉണ്ട്. അവരുടെ വയലിനരികിലൂടെ ഒഴുകുന്ന തോട് കിഴക്കെ തെള്ളിടത്തോടിന് പോകുന്ന മണ്‍വഴിക്ക് അടിയിലൂടെയാണ്. ആ ഭാഗത്ത് അക്കാലത്തു പഞ്ചായത്ത് പണിതീര്‍ത്ത ഒരു കലുങ്കുണ്ട്. റോഡിനു താഴെ, വെള്ളം കുത്തനെ ഒഴുകി വീഴുന്നിടത്താണ് പൂങ്കുടി ആനയെ വൈകുന്നേരങ്ങളില്‍ കുളിപ്പിക്കാന്‍ കൊണ്ടുവരിക.

കുഞ്ഞാഗസ്തിച്ചേട്ടന്റെ ഭാര്യയുടെ പേര് അന്നും ഇന്നും എനിക്ക് അറിയില്ല. കുഞ്ഞാഗസ്തിച്ചേടത്തി എന്നാണ് ഞങ്ങള്‍ അവരെക്കുറിച്ച് പറഞ്ഞിരുന്നത്. അവര്‍ക്ക് മൂന്നു മക്കളാണ്. മൂത്തയാള്‍ പെണ്ണും ഇളയ രണ്ടുപേര്‍ ആണുങ്ങളും. ജെസ്സിയിലും മുതിര്‍ന്ന കുട്ടികളായിരുന്നു അവര്‍. അവരുടെ ഇളയ മകന്‍ അവളെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് മൂത്തതാണ്. നന്നായി വെളുത്തുതുടുത്ത അവരുടെ മകള്‍, വത്സാന്റി ഞങ്ങളുടെ നാട്ടിലെത്തന്നെ സുന്ദരിയായിരുന്നു. വൈകുന്നേരങ്ങളില്‍ ആന കുളിക്കുന്ന ഭാഗത്തിന് എതിര്‍വശത്ത് വഴിക്ക് മുകളില്‍ കണ്ടത്തോടു ചേര്‍ന്നുള്ള ഭാഗത്ത് വത്സാന്റിയും മറ്റു സ്ത്രീകളും കുളിക്കാന്‍ വരുമായിരുന്നു. റോഡിലെ കലുങ്കിന് അടിയില്‍ നിന്നാണ് ചേച്ചിമാര്‍ കുളിക്കുക.

ഞങ്ങള്‍ സന്ധ്യക്ക് മുന്നേ കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്ടില്‍ വന്നാല്‍ വത്സാന്റി ഞങ്ങളെയെല്ലാം കൂട്ടിയാണ് കുളിക്കാന്‍ പോകുക. ദേഹം മുഴുവന്‍ മൂടുംവിധം വലിയ ഒരു മുണ്ടുടുത്താണ് കുളി. കുളി തുടങ്ങുന്നതിന് മുന്‍പായി തുണി അലക്ക് പതിവായിരുന്നു. കണ്ടത്തിന്റെ വരമ്പിനോട് ചേര്‍ന്നുള്ള ഭാഗത്തു തോടില്‍നിന്ന് അല്‍പ്പം ഉയര്‍ത്തിവച്ച ഒരു കല്ലില്‍ 501 ബാര്‍സോപ്പ് തേച്ചു വത്സാന്റി തുണി അലക്കുമ്പോള്‍ ഞങ്ങളുടെ തുണി അലക്കാനുള്ള സോപ്പും തരും. ഇഞ്ച ചതച്ചതും വാഴയിലയും ഒക്കെ ചേര്‍ത്തു കാലും കയ്യും ഒരച്ചു കഴുകുന്നത് ആ വൈകുന്നേരക്കുളിയുടെ ആചാരങ്ങളില്‍ പെട്ടതായിരുന്നു. വത്സാന്റി കാലുയര്‍ത്തി അലക്കു കല്ലില്‍ വച്ച്, ഇഞ്ചയും ചുവന്ന ലൈഫ് ബോയ് സോപ്പും തേച്ചു ഒരച്ചു കഴുകുന്ന കര്‍മ്മം ഏറെ നേരം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നു. അവരുടെ വീടിനു പുറകു വശത്തെ പറമ്പില്‍നിന്ന് പറിച്ച ചെമ്പരത്തിയിലകള്‍ ചതച്ചുണ്ടാക്കിയ താളി തേച്ചു തലമുടി കഴുകുന്ന പരിപാടി ഏറെ നേരം നീണ്ടുനില്‍ക്കും. ആ സമയത്ത് ബിന്ദുവും ഞാനും കലുങ്കിന് അടിയില്‍ കല്ലുപറ്റി നീന്തുന്ന പരല്‍ മീനുകളെ പിടിക്കാനുള്ള ശ്രമത്തിലായിരിക്കും.

''ജെസ്സി, നീ ഇങ്ങു നോക്കിക്കേ. എന്നാ വെളുപ്പാ എന്റെ കാലിനു.... ആരേലും കുറച്ചു കരി വാരി തേച്ചേ.....''
അതും പറഞ്ഞു സ്വയം പുകഴ്ത്തി പൊട്ടിച്ചിരിക്കുന്ന പതിവ് മിക്ക വൈകുന്നേരങ്ങളിലും വത്സാന്റി തുടര്‍ന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ മതങ്ങളുടെയും ദൈവങ്ങളും വിശുദ്ധരുമെല്ലാം വെളുത്ത സുന്ദരര്‍ ആയതുകൊണ്ടാവാം, വത്സാന്റിയെ വെല്ലാന്‍ പറ്റിയ സൗന്ദര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. കുഞ്ഞാഗസ്തിച്ചേടത്തി അമ്മയോടും ഞങ്ങളോടും തുടര്‍ന്നു വന്ന ഒരാഴ്ചയോളം മിണ്ടിയില്ല. മുഖം വീര്‍പ്പിച്ച് പിടിച്ച് അങ്ങനങ്ങു നടക്കും. വത്സാന്റി ചിരിയും തമാശകളും ഒക്കെയായി ഞങ്ങളോട് ഒത്തിരി ഇഷ്ടം കാണിച്ചു. ടോമിച്ചേട്ടന്‍ അധികം സംസാരിക്കുന്ന പ്രകൃതമൊന്നും ആയിരുന്നില്ല. ചേടത്തിയെപ്പോലെ ടോമിച്ചേട്ടനും ആ ദിവസങ്ങളില്‍ ഞങ്ങളോട് സംസാരിച്ചില്ല. വീര്‍പ്പിച്ച മുഖവുമായി അമ്മയും മകനും ഞങ്ങളുള്ളപ്പോള്‍ അവരുടെ വീട്ടില്‍ ഒരു ശ്മശാന മൂകത സൃഷ്ടിച്ചു. അവരുടെ ഇളയ മകന്‍ ഷാജിച്ചേട്ടന്‍ മറ്റെവിടെയോ ബന്ധുവീട്ടില്‍ നിന്നാണ് ആക്കാലത്തു പഠിച്ചിരുന്നത്. അതുകൊണ്ട് ഒന്നോ രണ്ട് പ്രാവശ്യത്തില്‍ അധികം ഞങ്ങള്‍ അയാളെ അവരുടെ വീട്ടില്‍ കണ്ടില്ല.

മിക്കവാറും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അവരുടെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞാഗസ്തിച്ചേട്ടന്‍ തിണ്ണയില്‍ തന്നെ ഉണ്ടാകും. 
''എടി കൊച്ചു കാളി, നീ ഇങ്ങു വന്നേ....''
ബിന്ദുവിനെ വാത്സല്യത്തോടെ വിളിച്ച് അരികിലിരുത്തിയിട്ട് താന്‍ കുടിക്കുന്ന പാലൊഴിച്ച കാപ്പിയുടെ ഒരു വിഹിതം അദ്ദേഹം അവള്‍ക്ക് കൊടുക്കും. അവളെ അദ്ദേഹം കളിപ്പിക്കും. കളിയാക്കും. അവളെ അകലെനിന്നു കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി വിരിയുമായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞിട്ടും ചേടത്തിയും ടോമിച്ചേട്ടനും കുഞ്ഞാഗസ്തിച്ചേട്ടന്‍ ഞങ്ങളെ അവരുടെ വീട്ടില്‍ കയറ്റി കിടത്തിയതിന്റെ അനിഷ്ടം വിട്ടില്ല. അമ്മയോടോ ഞങ്ങളോടോ സംസാരിക്കാന്‍ അവര്‍ക്ക് ഒരു താല്‍പര്യവുമില്ല എന്നു പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ പത്തു ദിവസത്തോളം അവരുടെ വീട്ടില്‍ കിടന്നു കഴിഞ്ഞ്, അമ്മ ആ വൈകുന്നേരയാത്ര നിര്‍ത്തി.

ഞങ്ങളുടെ ഉറക്കം വീണ്ടും തെങ്ങിന്‍ ചുവട്ടിലായി. അപ്പോഴേക്കും ഞങ്ങളുടെ പഴയ വീട് പൂര്‍ണമായും പൊളിച്ചു നീക്കിയിരുന്നു. തറ കെട്ടാനുള്ള കല്ല് പന്നിക്കൂടിനോട് ചേര്‍ന്നുള്ള പാറ പൊട്ടിച്ചു ചുമന്ന് എത്തിച്ച്, മുറ്റത്ത് രണ്ടറ്റത്തായി കൂട്ടിയിരുന്നു. ജവാന്‍ മേരിച്ചേച്ചിയും രാധച്ചേച്ചിയും ജോയ് മേരിച്ചേച്ചിയും അച്ചാമ്മ ചേച്ചിയും ഒക്കെ ചേര്‍ന്നുവന്നാണ് ആ ദിവസങ്ങളില്‍ വീടിന്റെ തറക്കുള്ള കല്ല് ചുമന്നത്. ആ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞങ്ങള്‍ അവരുടെ വീട്ടില്‍ കിടക്കാന്‍ ചെല്ലാത്തതിനുള്ള കാരണം തേടി കുഞ്ഞാഗസ്തിചേട്ടനും വന്നില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഞായറാഴ്ച്ച രാവിലെ ആദ്യത്തെ കുര്‍ബാനക്കാണ് ഞങ്ങള്‍ എല്ലാവരും പള്ളിയില്‍ പോയത്. ചമ്പക്കരയിലെ കൊയ്ത്തിനു വിളിച്ചിരുന്നതിനാല്‍ അന്നത്തെ വേദപാഠം ഞങ്ങള്‍ കുട്ടികള്‍ കൂടണ്ട എന്ന് അമ്മ തീരുമാനിച്ചിരുന്നു. കുര്‍ബാന കഴിഞ്ഞ് ഞങ്ങളും അമ്മയോടൊപ്പം പെട്ടെന്നുതന്നെ പള്ളിമുറ്റം വിട്ടിറങ്ങി. ചായക്കടയുടെ ഓരംപറ്റിയുണ്ടായിരുന്ന കുരിശിനും നീലനിറത്തിലുള്ള നേര്‍ച്ചപ്പെട്ടിക്കും അരികില്‍ എത്തിയപ്പോള്‍ പിറകില്‍നിന്നു അമ്മയെ ആരോ വിളിച്ചു.

''മേരിച്ചേടത്തി, ഒന്ന് നിന്നേ...'
അമ്മയും ഞങ്ങളും തിരിഞ്ഞു നോക്കിയപ്പോള്‍, ടോമിച്ചേട്ടനാണ്. പള്ളിയില്‍ കഴിഞ്ഞ് അമ്മയോട് സംസാരിക്കാനുള്ള പുറപ്പാടാണ്.
''എന്നാമാനേ...' അമ്മ ചോദിച്ചു.
''നിങ്ങളെന്നാ രണ്ട് ദിവസമായി വീട്ടിലേക്ക് വരാത്തത്...?''
ടോമിച്ചേട്ടന്റെ ചോദ്യത്തില്‍ ജാള്യതയും കുറ്റബോധവുമൊക്കെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. മടിച്ചുമടിച്ചായിരുന്നു ആ ചോദ്യവും.
''ഒന്നുവില്ല മാനെ. ഞാന്‍ ഈ പിള്ളേരെയുമായി ഞങ്ങടെ പറമ്പില്‍ തന്നെ കിടക്കാന്‍ തീരുമാനിച്ചു.''

അത് പറയുമ്പോളേക്കും മേക്കാട്ടുകട കടന്ന് അമ്മയും ഞങ്ങളും കിഴക്കേ തെള്ളിടത്തോടിനുള്ള മണ്‍വഴിയില്‍ എത്തിയിരുന്നു. കുര്‍ബാന തീരും മുന്‍പേ ആശീർവാദത്തിനു കാത്തുനിൽക്കാത്ത വല്ല്യപ്പന്‍ മേക്കാട്ടു കടയുടെ തിണ്ണയില്‍നിന്ന് ചായ ഊതിക്കുടിക്കുന്നുണ്ടായിരുന്നു. 

''മേരിച്ചേടത്തി, എനിക്കറിയാം അമ്മയും ഞാനും നിങ്ങളോട് മിണ്ടാത്ത കൊണ്ടല്ലേ നിങ്ങള് ഞങ്ങടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തിയത്....?''
തോട്ടത്തില്‍ക്കാരുടെ വീടു കഴിഞ്ഞ് ഞങ്ങളുടെ നാട്ടില്‍ ആകെയുള്ള ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ജോസ് ചേട്ടന്റെ വീടിനു താഴെ എത്തിയപ്പോള്‍ ടോമിച്ചേട്ടന്‍ ചോദിച്ചു.

''അങ്ങനെ ഒന്നുമില്ല. പക്ഷേ, കുഞ്ഞാഗസ്തിച്ചേട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ ഈ പിള്ളേരേം കൂട്ടി നിങ്ങളുടെ വീട്ടില്‍ വന്നത്. അത് നിനക്കും അമ്മയ്ക്കും ഇഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്കത് ആദ്യമേത്തന്നെ തോന്നിയിരുന്നു. പിന്നെ ഞാനോര്‍ത്തു ഒരാഴ്ച്ച കഴിയുമ്പോള്‍ ഞങ്ങടെ അവസ്ഥ മനസ്സിലാക്കി നിങ്ങള്  മിണ്ടാന്‍ തുടങ്ങുമെന്ന്. അതും ഇല്ലാതായപ്പോള്‍ ഇനി അങ്ങോട്ടു വരണ്ടാ എന്ന് ഞാനങ്ങു തീരുമാനിച്ചു. ടോമി മാനേ, നിന്റെ അമ്മക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഇപ്പഴാ മിണ്ടാതെ ആയത്. അത് മാത്രമല്ല, ഞാനും എന്റെ പിള്ളേരും കാരണം നിങ്ങടെ കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാ ഞാന്‍ ഇനി അങ്ങോട്ട് വരണ്ടാന്നു വച്ചത്.''

ചമ്പക്കരക്കാരുടെ വീടിനു പടിക്കല്‍ എത്തി, ഞങ്ങളുടെ വീടിന് അടുത്തേക്ക് പോകുന്ന മൂന്നടിപ്പാതയില്‍ ഒന്ന് നിന്നിട്ട് അമ്മ പറഞ്ഞു.
''മേരിച്ചേടത്തിയും പിള്ളേരും ഞങ്ങടെ വീട്ടില്‍ വന്നു കിടക്കുന്നതിന് അമ്മയ്ക്കും എനിക്കും ഒരു കുഴപ്പവും ഇല്ല. ചാച്ചന്‍ അത് ഞങ്ങളോടൊന്നും പറയാതെ, തന്നത്താന്‍ തീരുമാനിച്ച ദേഷ്യത്തിലാ ഞങ്ങള്‍ മിണ്ടാതിരുന്നത്. അല്ലാതെ നിങ്ങള് പെരപണിതു തീരുന്നവരെ ഞങ്ങടെ വീട്ടില്‍ വന്നു കിടക്കുന്നതില്‍ ഇഷ്ടക്കേടായിട്ടല്ല....''

ക്ഷമ പറയുംപോലെയാണ് ടോമിച്ചേട്ടന്‍ സംസാരിച്ചത്. ജെസ്സിയും ലാലിയും വീട്ടിലേക്ക് നടന്നു. ബിന്ദുവും ഞാനും അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു അവിടെത്തന്നെ നിന്നു.

''അതൊന്നും സാരമില്ല മാനേ. കൊച്ചിപ്പോ പൊയ്ക്കോ. ഞാന്‍ ഈ പിള്ളേരേം കൂട്ടി പറമ്പില്‍ തന്നെ കിടന്നോളാം. കമ്പിളികണ്ടത്ത് ഒരിടത്തുനിന്ന് ഒരു പഴയ പടുതാ കിട്ടാനായി പറഞ്ഞു വച്ചിട്ടുണ്ട്... അത് കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ മഴ പെയ്താലും കുഴപ്പമില്ല...'

ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് അമ്മ പറഞ്ഞു.
''അമ്മ പറഞ്ഞിട്ടാ ഞാന്‍ രാവിലെ പള്ളിയില്‍ വന്നത്. അമ്മയാ മേരിച്ചേടത്തിയോട് ഇന്നുതൊട്ടു വീട്ടില്‍ വന്നു കിടന്നാല്‍ മതിയെന്ന് പറഞ്ഞത്...'
അമ്മയുടെ വലതുകയ്യില്‍ പിടിച്ചുകൊണ്ട് പറയുമ്പോള്‍ ടോമിച്ചേട്ടന്റെ സ്വരം ഇടറി.

 ''സാരമില്ല. എന്റെ മാന്‍ സങ്കടപ്പെടാതെ. ഞങ്ങള്‍ വൈകിട്ട് വരാന്ന് നീ അമ്മയോട് പറഞ്ഞേരെ. ചമ്പക്കരയിലെ കൊയ്ത്താ ഇന്ന്. അല്‍പ്പം സന്ധ്യയാകും കഴിഞ്ഞ് വരുമ്പോള്‍...' അമ്മ ടോമിച്ചേട്ടന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.

''മേരിച്ചേടത്തി പിണക്കം വയ്ക്കരുത്. വൈകിട്ടു വന്നില്ലേല്‍ ഞാനും അമ്മയും ചാച്ചനും കൂടെ രാത്രീല്‍ വരും... നിങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍...'
അമ്മ ചെല്ലാതിരിക്കുമോ എന്ന സംശയവുമായാണ് ടോമിച്ചേട്ടന്‍ പൂങ്കുടിക്കുന്നു കയറി അവരുടെ വീട്ടിലേക്ക് പോയത്. അന്ന് ചമ്പക്കരക്കാരുടെ കൊയ്ത്തിന് പോയി കറ്റമെതിയും കഴിഞ്ഞ് ചേലക്കരക്കാരുടെ മുറ്റത്തുനിന്നു പതമ്പ് അളന്നു വാങ്ങിയാണ് ഞങ്ങള്‍ വീട്ടിലേക്കു പോന്നത്. പുളിക്കക്കണ്ടംകാരുടെ തോട്ടില്‍ സോപ്പൊന്നും തേക്കാതെ കുളിച്ചു തോര്‍ത്തി പകല്‍ ധരിച്ചിരുന്ന കീറിയ നിക്കറും ഷര്‍ട്ടുമൊക്കെ വീണ്ടുമണിഞ്ഞു. അന്ന് വൈകുന്നേരം ഏഴരയോടെ ഞങ്ങള്‍ എത്തുമ്പോള്‍ കുഞ്ഞാഗസ്തിച്ചേടത്തിയും ടോമിച്ചേട്ടനും മുഖവും മനസ്സും നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളെ കാത്ത് അവരുടെ തിണ്ണയില്‍ത്തന്നെ ഉണ്ടായിരുന്നു. 

തുടര്‍ന്ന് വന്ന ഒന്‍പതു മാസക്കാലം കുഞ്ഞാഗസ്തിച്ചേട്ടന്റെ വീട്ടിലാണ് ഞങ്ങള്‍ ഉറങ്ങിയത്. പുതിയ വീടിന്റെ പണി അമ്മയുടെ കയ്യിലുള്ള പണത്തിന്റെയും കടം കിട്ടുന്ന ക്രമവും അനുസരിച്ച് പതുക്കെയാണ് നീങ്ങിയത്. ജേക്കബ് അച്ചന്‍ കുറച്ചു മാസങ്ങള്‍ക്കകം സ്ഥലം മാറ്റം കിട്ടിപ്പോയി. ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ജെസ്സി പാറത്തോട്ടിലെ പാരലല്‍ കോളേജില്‍  പ്രി ഡിഗ്രി പഠനം തുടര്‍ന്നു. മഴക്കാലം തുടങ്ങും മുന്‍പേ, പണി പൂര്‍ത്തിയാക്കാത്ത പുതിയ വീട്ടില്‍ ഞങ്ങള്‍ താമസം തുടങ്ങി. ആ വര്‍ഷവും ഞങ്ങളുടെ മുറ്റത്തെ ഗന്ധരാജന്‍ നിറയെ പൂത്തു. തൊടിയുടെ താഴെ നിന്ന നെന്മേനി വാക പതിവുപോലെ കാലം മാറിയാണ് പൂക്കാനൊരുങ്ങിയത്. വീടിനു മുകളില്‍ നിന്ന ഈയല്‍ വാകമരത്തിന്റെ ചുവട്ടില്‍ വീണുചിതറിയ നിലാവ് നാളെയുടെ പ്രതീക്ഷകള്‍ ഒളിപ്പിച്ചുവച്ചു. ചിതറി വീണ് മരച്ചുവട്ടില്‍ നിഴല്‍ച്ചിത്രങ്ങള്‍ വരച്ച നിലാവും നാളെകളുടെ ദുരിതങ്ങളെ അടക്കിപ്പിടിച്ചു. ഇരുട്ടില്‍, ഈറ്റക്കാട്ടിലെ മൂളുന്ന മൂങ്ങയ്ക്കൊപ്പം പല ഭൂതങ്ങളും ഞങ്ങളെ എത്തിപ്പിടിക്കാന്‍ നീരാളിക്കൈകള്‍ വിടര്‍ത്തി. ഇരുട്ടിനപ്പുറമുള്ള പൊള്ളുന്ന പകലുകള്‍ ഞങ്ങളെ കാത്തിരുന്നു.