ഞണ്ടുകളെക്കുറിച്ച് ഞാന് ഏറ്റവും അവസാനമായെഴുതിയ വരികള് ഇങ്ങനെയായിരുന്നു: ''കടല്ക്കരയില് ഞണ്ടുകളെ നിരീക്ഷിക്കുമ്പോള് എനിക്കൊരു പ്രത്യാശയുണ്ട്. ഒരു തിരമാലയില് അവ കരയടിയുന്നു; ജലവേഗത്തില് പിന്വാങ്ങാനാവാതെ ഉടനെത്തന്നെ മണല് കുഴിച്ച് നിഗൂഹനം സാധിക്കുന്നു. പിന്നെ, അടുത്ത തിരമാല വന്ന് പിന്വാങ്ങുമ്പോള് അതോടൊപ്പം കടലിലേക്ക് തിരിച്ചുപോകുന്നു. ഒരുപക്ഷേ, ഈ ഞണ്ടുകള് നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലായിരിക്കാം. എങ്കിലും...'
ഇടയില്വെച്ച് നിര്ത്തിയ വാചകം എനിക്ക് പല ഇതിവൃത്തങ്ങളിലേക്കും തുടരാം; പല ആത്മഗതങ്ങളിലേക്കും. എല്ലാം ബാല്യത്തില് ആരംഭിക്കുന്നു- എന്റെ ജീവിതത്തിലെങ്കിലും.
കുടുംബത്തോടൊപ്പം ഒരിക്കല് സ്വര്ണ്ണമുഖി ഒഴുകുന്നൊരു പ്രദേശം സന്ദര്ശിച്ചതിനെക്കുറിച്ച് നേര്ത്തൊരു ബോധം മനസ്സിലുണ്ടെങ്കിലും, ദ്രോണാചലത്തില് എന്റെ ദൈനംദിന സഞ്ചാരഭൂപടത്തില് കൃത്യമായൊരു ജലാശയം (ഒരു കുളം, കിണര് പോലും) തെളിയുന്നില്ല. ദ്രോണാചലത്തില് ഞാന് ഞണ്ടുകളെ കണ്ടിട്ടുമില്ല. എങ്കിലും ആറാം വയസ്സില് നാട്ടില് എത്തിയപ്പോള്, എനിക്കും മറ്റു കുട്ടികളെപ്പോലെ കരയും വെള്ളവും തിരിച്ചറിയാമായിരുന്നു. എനിക്കിത് ആശ്ചര്യമാണ്.
മയന്റെ സൃഷ്ടിയായ സഭാമന്ദിരത്തില് ദുര്യോധനനെ താറുമാറാക്കിയ സ്ഥലജലഭ്രമത്തിന്റെ കഥ കേട്ടപ്പോളാണ് കരയും വെള്ളവും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണെന്ന വസ്തുത ഒരു കുട്ടിയുടെ വിചിന്തന ശൈലിയില് ഞാന് ആദ്യമായി അറിയുന്നത്.
ഒരിക്കല് ഞങ്ങളുടെ കൂര്ത്തോലിക്കുളത്തിന്റെ വക്കില്, നാലു കാലുകള് കരയിലും നാലു കാലുകള് വെള്ളത്തിലുമായി ഗണിതാത്മക കൃത്യതയോടെ നിലയുറപ്പിച്ച് നില്ക്കുന്നൊരു ഞണ്ടിനെ ഞാന് കണ്ടു. ഉടന് പ്രതികരണത്തില് ഒരു കൂട്ടം കാര്യങ്ങള് എന്റെ മനസ്സില് അന്യോന്യം പരിചയപ്പെടുകയായിരുന്നു— പരിണാമശാസ്ത്രം എന്റെ പ്രത്യയശാസ്ത്രമായപ്പോള് മാത്രം ഞാന് മറ്റൊരു തലത്തില് സ്പഷ്ടമായി തിരിച്ചറിഞ്ഞ കാര്യങ്ങള്.
ഞാന് ഞണ്ടിനോട് ചോദിക്കുകയായിരുന്നു, ''സ്ഥലമോ ജലമോ? ഇനിയും നീ തീരുമാനിച്ചില്ലേ, ഞണ്ടേ?''/ ഞണ്ട് വെള്ളത്തിലേക്ക് പിന്വാങ്ങി. / തീര്ച്ചയായും ഇതൊരു ഉത്തരമല്ല.
ഞണ്ട്: അന്വയ നിരഞ്ജന്റെ വരപ്പില്
അന്വയ നിരഞ്ജന്. ഒരു പക്ഷേ ഡാലിയയാണ് ഈ ചെറുപ്പക്കാരിയെ നിങ്ങളെല്ലാവര്ക്കും പരിചയപ്പെടുത്തേണ്ടത്. ഒരു വിചിത്ര യുക്തിയില്? അല്ല, ഇതാണ് ശരിക്കും നേര്വര. ഡാലിയ പരിചയപ്പെടുത്തട്ടെ.
''അടുത്തകാലത്താണ് ഞാന് അന്വയയെക്കുറിച്ച് കേട്ടത്. പക്ഷേ, അന്വയക്ക് എന്നെ എന്നോ അറിയാമായിരുന്നു. പഴയ ഓര്ക്കറ്റ് നെറ്റ്വർക്കില് ഡാഡിയുടെ സുഹൃത്തായിരുന്നു. പിന്നെ സ്ഥലമാറ്റങ്ങള്, സിം കാര്ഡിലെ മാറ്റങ്ങള്... അങ്ങനെ വിനിമയം നിലച്ചു. രണ്ടോ മൂന്നോ ആഴ്ചകള്ക്ക് മുന്പാണ് മൗനം മുറിച്ച് അന്വയ വീണ്ടും വിളിച്ചത്. ഓര്ക്കറ്റില് ഡാഡി അറിയുമ്പോള് അന്വയ ചിത്രകല പഠിക്കുകയായിരുന്നു. കലയിലെ പുരോഗതിയെക്കുറിച്ച് ഡാഡി ചോദിച്ചു. ഒറ്റയടിക്ക് വാട്ട്സ്ആപ്പില് ഡാഡിക്ക് മൂന്നു ചിത്രങ്ങള് കിട്ടി. ഡാഡി ഞെട്ടിപ്പോയി. ചിത്രങ്ങള് ഷെയര് ചെയ്തു.''
ഡാലിയ ഒരു മിത്രത്തോട് പറയുന്നു, ''എല്ലാം ഒടുവില് എത്തുന്നേടം ഞാനാണ്!''/ ഇവിടെ ഡാലിയയുടെ ഞെട്ടല് ഞാന് ഏറ്റെടുക്കട്ടെ, ചിത്രങ്ങള് കാണട്ടെ.
ഒന്നാം ചിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന് അനുവദിക്കാത്തത്രയും ശക്തമായാണ് രണ്ടും മൂന്നും ചിത്രങ്ങള് ഡാഡിയുടെ ശ്രദ്ധ തട്ടിപ്പറിച്ചത്. രണ്ടാമത്തെ ചിത്രത്തിലെ ദൃശ്യം ഒരു സ്ത്രീയുടെ മുലകളാണ്. വരപ്പിലെ ശൈലിയില് വലത്തേ മുല സാധാരണം, സ്വാഭാവികം. ഇടത്തേ മുല...വരട്ടെ, ഒരു നിമിഷം... എന്റെ കാഴ്ചക്ക് പ്രശ്നമുണ്ടെന്ന് ഓര്ക്കുക...
ഹാ, അങ്ങനെ ഒന്നില്ല! സ്തനം ഛേദിക്കപ്പെട്ടിരിക്കുന്നു. നടുമുറിയില്, ക്രോസ് സെക്ഷനില്, ഒരു പക്ഷി — ഗര്ഭസ്ഥ ശിശുവെപ്പോലെ!
അന്വയയുടെ മൂന്നാമത്തെ ചിത്രത്തില് ആകെയുള്ള ദൃശ്യം ഒരു ഒറ്റമുല — മുനമ്പ് മുലക്കണ്ണായൊരു മണ്കൂന പോലെ, കുത്തനെ. അകം നിറയെ ഞണ്ടുകള്./ഞാന് അന്വയയോട് ചോദിച്ചു, ''ഈ ചിത്രത്തിനു പിന്നിലെ പ്രേരണ എന്തായിരുന്നു?''/ 'ഇതൊരു സ്വതന്ത്രചിത്രമല്ല. ഒരു ആഴ്ചപ്പതിപ്പിലെ കഥക്ക് വേണ്ടിയാണ് ഞാന് ഇത് വരച്ചത്.''/ പക്ഷേ, ഈ ഞണ്ടുകള് കഥാകൃത്തിന്റെ ദൃശ്യപരിധിക്ക് പുറത്താണ്; തികച്ചും ചിത്രകാരിയുടെ ആവിഷ്കാരം. എനിക്ക് തോന്നി, അനാഗത കാലത്തിലെ ഏതോ തീരത്തേക്കുള്ള യാത്രക്കിടയില് ഞണ്ടുകളുടെ ആകസ്മികമായൊരു താവളം മാത്രമായിരുന്നു ആഴ്ചപ്പതിപ്പിലെ കഥ. അന്വയയുടെ ഞണ്ടുകള്ക്ക് ഇനിയും സഞ്ചരിക്കാനുണ്ട്!.
വര്ത്തമാനത്തിലെ ഊന്നലില് അന്വയക്ക് തോന്നാം, ''എന്റെ ഞണ്ടുകള് ഡാലിയയുടെ സ്തനത്തില്!'' പക്ഷേ, ഒരു പെണ്കുട്ടിയും ഒറ്റക്കണ്ണനുമുള്ള ലോകം (01) പരിചയപ്പെടുത്തിയ തിരക്കഥയില്, യാദൃച്ഛികത സൃഷ്ടിക്കാന് സംഭവങ്ങള് മുന്കൂട്ടി അന്വയിക്കപ്പെടുന്നൊരു സജ്ജീകരണത്തില്, അല്പം വൈകിയെത്തിയൊരു സന്ദേശമാണ് അന്വയയുടെ ചിത്രം.

മറവു ചെയ്യല് എന്ന ക്രിയ ഏതായാലും അനായാസമായി ഞണ്ടുകളുമായി അന്വയിക്കപ്പെടുന്നു വീട്ടുമുറ്റത്തൊരു വണ്ടിന്റെ ജഡം സംസ്കരിച്ച കുട്ടി (05) ഒറ്റനോട്ടത്തില് ഇത് തിരിച്ചറിയും. ഒരു ജലാശയത്തിന്റെ കരയില് ഏതാനും ഞണ്ടുകള് ചത്തു കിടക്കുന്നത് കണ്ടാല് ഈ കുട്ടിയും അന്വയയുടെ മൂന്നാം ചിത്രത്തിലേതു പോലൊരു കൂമ്പാര ഘടനയില് പരിഹാരം കണ്ടെത്തും.
അന്വയ ഒറ്റനോട്ടത്തില് ഇത് തിരിച്ചറിയും. ഒരു പൂമ്പാറ്റയുടേതടക്കം ചില ജീവികളുടെ ജഡശരീരങ്ങള് കുട്ടിക്കാലത്ത് അന്വയ മറവ് ചെയ്തിട്ടുണ്ട്. കൂടുതല് പ്രായമുള്ള സ്കൂള്ക്കുട്ടികള് കൂട്ടം ചേര്ന്ന് പരസ്യമായി ജന്തുക്കളെ കുഴിച്ചിടുമ്പോള് മാധ്യമങ്ങളില് തലക്കെട്ടുകളുണ്ടാകുന്നു. പക്ഷേ, ഒറ്റക്ക് ഈ കൃത്യം നിര്വഹിക്കുന്നൊരു കൊച്ചുകുട്ടിയുടെ മനസ്സില് സ്വന്തം ഏകാകിത പോലെ സ്വകാര്യമായൊരു അനുഷ്ഠാനമാണിത്.
ഏകാകിത പോലും ചിലപ്പോള് ഒരൊറ്റ മനസ്സില് മാത്രം പ്രാബല്യമുള്ളൊരു മതത്തിന്റെ അനുഷ്ഠാനമാണ്.
ഞണ്ടുകള്: ഒരു വീടിന്റെ മുറ്റത്തില്
ഞാന് ഒരു കുട്ടിയോട് പറയുന്നു: നിന്റെ വീടിന്റെ പടിഞ്ഞാറേ മുറ്റത്തില്, ധാരാളമായി തഴച്ച് മുകളിലേക്ക് പടര്ന്നു കയറിയ അമരച്ചെടികള് പന്തലിനെ ഒരു വള്ളിക്കുടില് (കുടീരം!) പോലെയാക്കുന്നു — ഉള്ക്കൊള്ളാന് നിനക്ക് കഴിയുമെങ്കില്, ഒരു പര്ണ്ണശാലയുടെ അന്തരീക്ഷം. ആ പന്തലിന്റെ ചുവട്ടില് ഒരു ഞണ്ടിനെ കണ്ടാല് നിന്റെ പ്രശ്നമെന്താണ്? ഞണ്ടുകള് വെള്ളമുള്ളേടം മണത്തറയിയും, ശുദ്ധജലത്തിന്റെയും കടല്വെള്ളത്തിന്റെയും ഗന്ധങ്ങള് തിരിച്ചറിയും. അമരയുടെ തടത്തിലെയോ, അടുത്തുള്ള കിണറിലെയോ വെള്ളത്തിന്റെ മണം പിടിച്ചാവും ഞണ്ട് വന്നത്. എങ്കിലും...
നോക്കൂ, ആ ഞണ്ടിനെ നീ കൊന്നിരിക്കുന്നു!.
ജീവശാസ്ത്രപരമായ വര്ഗീകരണത്തില് 'ഉഭയജീവികള്' (ആമ്ഫിബീന്) എന്നറിയപ്പെടുന്ന കൂട്ടത്തില് ഞണ്ടുകള് പ്രത്യക്ഷപ്പെടുന്നില്ല, പക്ഷേ 100 ദശവര്ഷങ്ങളോളമെങ്കിലും കരയിലും വെള്ളത്തിലുമായി മാറി മാറി ഞണ്ടുകള് കുടിയേറിപ്പാര്ത്തിട്ടുണ്ട്, ആവിര്ഭവിച്ചിട്ടുണ്ട്. ജീവികള്ക്ക് അനുസരിക്കാന് കര്ശനമായൊരു സ്ഥല- ജല വിനിയോഗ നിയമാവലി നിന്റെ സ്വകാര്യ ലോകത്തിലുണ്ടോ? ഇല്ല. എന്നിട്ടും...
നോക്കൂ, ആ ഞണ്ടിനെ നീ കൊന്നിരിക്കുന്നു!.
ഒരു കരിങ്കല്ല് കയ്യിലെടുത്ത്, ഒരേ സമയത്ത് ഏറും ഇടിയുമായ ഒരൊറ്റ പ്രയോഗത്തിലൂടെയാണ് കുട്ടി ഞണ്ടിനെ കൊന്നത്. ഞണ്ടിന്റെ തോട് തകര്ന്നു; ഉള്ളടക്കം ചുറ്റും ചിന്നിച്ചിതറി. പ്രയോഗത്തിലെ കരുത്തും ചലനതന്ത്രവും കുട്ടിയുടെ സ്വന്തം. പക്ഷേ, പ്രകോപനം? ആ ശക്തിയെ ഉണര്ത്തിയ ക്രോധം? ക്രോധമായിരുന്നെങ്കില് കാരണം തിരക്കാം. പക്ഷേ, അങ്ങനെയൊന്നില്ല. ഇല്ല, കുട്ടിക്കറിയില്ല. സത്യത്തില്, ഒരു ഇരട്ട കൈകൊടുക്കലില് ഞണ്ടിന്റെ രണ്ടു കൊറുക്കകളെയും കുട്ടി തലോടുമായിരുന്നു; കഴിയുമെങ്കില് അതിനോടൊപ്പം നൃത്തം ചെയ്യമായിരുന്നു. എന്നിട്ടും...
ഒരൊറ്റ മനഃശാസ്ത്ര ഗ്രന്ഥവും നിര്വചിച്ചിട്ടില്ലാത്തൊരു അന്ധനിമിഷം ഏകാകിയായൊരു കുട്ടിയെ പിടികൂടുകയായിരുന്നു. അടുത്ത നിമിഷത്തില് അവന് ഞെട്ടിത്തെറിച്ച് പിറകോട്ടു വീഴുകയായിരുന്നു. മുറ്റത്തിന്റെ താഴത്തെ വിതാനത്തിലെ വളപ്പില്, വേലിക്കരികില്നിന്ന് പുറത്തെ വയലുകളുടെ ഭാഗത്തേക്ക് നോക്കുകയായിരുന്ന ചേട്ടന് ശബ്ദം കേട്ടിരിക്കണം. ഉറവിടം ഊഹിച്ച് നടന്നടുക്കുമ്പോള്, മുറ്റത്തേക്കുള്ള കല്പ്പടവുകള് കയറുമ്പോള്, പുറംതിരിഞ്ഞ് തറയില് കുന്തിച്ചിരിക്കുന്ന അനിയനെ കാണാം.
ചേട്ടന് ഞണ്ടിനെ കണ്ടു. കൊന്നതാരെന്ന ചോദ്യം അനാവശ്യം. എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവില്ല. ഞണ്ടിനെ നോക്കി കരയുകയാണ് അനിയന്. അടിയന്തരാവശ്യം സാന്ത്വനം.
കര്ക്കിടകം ഞണ്ടാണ്. കര്ക്കിടകം അര്ബുദവുമാണ്. ഞണ്ടിനെ കൊന്ന കുട്ടിയുടെ രാശിചിഹ്നവും കര്ക്കിടകം. ആ കുട്ടി ഇപ്പോള് ഈ പംക്തിയില് ഡാലിയയുടെ അച്ഛനാണ്. അദ്ദേഹം പറയുന്നു: ''ഒരു കൊലപാതകത്തിന്റെ പേരില് ഞാന് എന്നെത്തന്നെ പ്രതിക്കൂട്ടില് കയറ്റുകയാണ്. അന്ധനിമിഷം, അന്ധതാമിസ്രം. ആയിരിക്കാം. ഒരിക്കല് ഞാനായിരുന്ന കുട്ടിയുടെ കോടതി എനിക്ക് നല്കുന്നത് വധശിക്ഷയാണ്. ഇതൊരു നിസ്സാര കാര്യമല്ലേ? ഞാന് ഇടിച്ചുകൊന്ന ഞണ്ട് ഇപ്പോള് എന്റെ മകളുടെ മാറിടത്തിലല്ലേ!''
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം.
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi
Published: 14 Dec 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented