ഹെമിങ്‌വേയുടെ ഒരു കഥ (Now I Lay Me) പല ദശകങ്ങളിലായി മൂന്നു പ്രാവശ്യം എന്നെ ഒരേയൊരു രാത്രിയിലെ ഇരുട്ടില്‍ തളച്ചിട്ടുണ്ട് — പട്ടുനൂല്‍പ്പുഴുക്കള്‍ ഒരു മള്‍ബറി മരത്തിലെ ഇലകള്‍ കാര്‍ന്നുതിന്നുന്നൊരു രാത്രിയില്‍! (ഇങ്ങനെ ഒരു തുടക്കം പോലും മേല്‍വിലാസം പോലെ കൃത്യമായൊരു അന്തരീക്ഷം നമ്മുടെ ഇന്ദ്രിയാവബോധത്തില്‍ ഉണ്ടാക്കും. സാധാരണതയില്‍ കാണപ്പെടാതെ പോകുന്ന ഇത്തരം ചെറിയ നിരീക്ഷണങ്ങളിലാണ് 'ഉടല്‍ ഒരു ചൂഴ്‌നില' എന്ന പാര്യന്തിക പരിതോവസ്ഥാ ജ്ഞാനം ഉണരുന്നത്.)

To advertise here,

കഥയിലൂടെയല്ലെങ്കിലും ജീവിതത്തിലൂടെ, സ്മൃതികളിലൂടെ, പല പ്രാവശ്യം ഹെമിങ്‌വേയും അതേ രാത്രിയില്‍ എത്തിയിരിക്കണം. കഥയില്‍ ആ രാത്രിയില്‍ ഉടനീളം പട്ടനൂല്‍പ്പുഴുക്കള്‍ ഉണ്ടാക്കുന്ന ശബ്ദം കേട്ട് ഒരു കൂടാരത്തിന്റെ തറയില്‍ കിടക്കുന്ന സൂചിപ്പിക്കുന്നു..

ഹെമിങ്‌വേ മാറുകയായിരുന്നു; ഞാനും. ഞാന്‍ പറയുന്നത് ഏതു നിലയ്ക്കും താരതമ്യത്തില്‍ എത്താത്ത രണ്ട് എഴുത്തുകാരെക്കുറിച്ചല്ല; സമാന ബാധകളില്‍ ഒരേ രാത്രിയില്‍ എത്തിയ രണ്ടു വ്യക്തികളെക്കുറിച്ചു പോലും അല്ല. എന്റെ എല്ലാ സന്ദര്‍ശനങ്ങള്‍ക്കും കാരണം ഒന്നായിരുന്നില്ല.

മള്‍ബറിയിലകളുള്ള കഥ ആദ്യമായി വായിക്കുമ്പോള്‍ അഞ്ചിന്ദ്രിയങ്ങളുടെ സങ്കീര്‍ണ്ണതയും അവക്കിടയിലെ ദുര്‍ഗ്രഹ അന്വയവും ആരായുന്ന പഠനങ്ങളില്‍ ഞാന്‍ എത്തിയിരുന്നില്ല; അതീന്ദ്രിയ ധ്യാനത്തിനു ബദലായി ഞാന്‍ ഇന്ദ്രിയധ്യാനം എന്നൊന്ന് കൃത്യപ്പെടുത്തിയിരുന്നില്ല. പക്ഷേ, എന്റെ വിരലുകള്‍ക്കിടയില്‍ ഒരു സിഗരറ്റുണ്ടായിരുന്നു. ആകയാല്‍, ആദ്യത്തെ വായനക്ക് ശേഷം വര്‍ഷങ്ങളോളം  ഹെമിങ്‌വേയുടെ കഥ എന്നില്‍ വമിപ്പിച്ചത് ഒരു പുക മാത്രം.

കഥയിലെ രാത്രിയില്‍, കൂടാരത്തില്‍, ലൂറ്റെനന്റ്റ് നിക്ക് ആഡംസ് തന്റെ ഓര്‍ഡര്‍ലിയായ ജോണിനോടോപ്പം പുക വലിക്കുന്നു. ജോണ്‍ ചോദിക്കുന്നു: പുക പുറത്തേക്ക് വരുന്നത് കാണാനാവാത്തതിനാല്‍ അന്ധനായൊരാള്‍ക്ക് പുകവലി ആസ്വദിക്കാന്‍ കഴിയില്ലെന്നത് ശരിയാണോ?

നിക്കും ജോണും വിലയിരുത്തുന്നു: ഇത് അസംബന്ധമാണ്.

'അല്ല, ഇത് അസംബന്ധമല്ല, വായനക്കിടയില്‍ ഞാന്‍ പ്രതികരിച്ചു,.

എന്തുകൊണ്ട് ഇത് അസംബന്ധമല്ലെന്ന് വിശദീകരിക്കാന്‍ എനിക്കന്ന് കഴിയുമായിരുന്നില്ല. പുകവലി അറിയാം (പോരാ, ഈ ധൂമാഭ്യാസത്തില്‍ ഞാന്‍ ഒരു വിചക്ഷണന്‍); അന്ധത അന്ന് അചിന്ത്യം. ഇമ ചിമ്മിയാല്‍ ഇല്ലാതാവുന്ന കാര്യങ്ങള്‍ മാത്രമല്ല അന്ധതയെന്ന് അനുമാനിക്കാന്‍ എനിക്ക് കഴിയുമായിരുന്നു — അതെ, അനുമാനിക്കാന്‍ മാത്രം (ഇപ്പോള്‍ ആധികാരിക പ്രസ്താവനകള്‍ പോലും സാധ്യമെങ്കിലും).

എന്തുകൊണ്ട് അസംബന്ധമെന്ന് കഥക്കകത്ത് നിക്കിനും ജോണിനും തെളിയിക്കേണ്ടതില്ല. കഥാപാത്രങ്ങളുടെ അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ അഭിപ്രായങ്ങളാവണമെന്നുമില്ല. ഇന്ദ്രിയവിചാരങ്ങളിലൂടെ അന്ധന്മാരുടെ പുകവലിയിലേക്ക് നയിക്കുന്നൊരു പ്രസ്താവന ഹെമിങ്‌വേയുടെ എഴുത്തില്‍ പില്‍ക്കാലത്ത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ആദ്യ വായനയില്‍ത്തന്നെ നിക്കിന്റെ അഭിപ്രായം എന്നെ ചില നിഗമനങ്ങളില്‍ എത്തിച്ചു.

ഒന്ന്. ഹെമിങ്‌വേ അന്ധനല്ല.

രണ്ട്. ഹെമിങ്‌വേ ഒരു സ്‌മോകര്‍ അല്ല.

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

രണ്ടാം നിഗമനത്തിന്റെ വാസ്തവികത രണ്ടു മിനിറ്റുകള്‍ക്കു മുന്‍പാണ് ഞാന്‍ അന്വേഷിച്ചത്. ഒരു കേന്ദ്രം അറിയിച്ചു: ഒന്നാം ലോകയുദ്ധകാലത്ത് ഹെമിങ്‌വേ റഷ്യന്‍ സിഗരറ്റുകളില്‍ താത്പര്യം കാണിച്ചിരുന്നെങ്കിലും, താന്‍ താനായിത്തന്നെ പ്രത്യക്ഷപ്പെടുന്ന ചില ചലച്ചിത്രങ്ങളില്‍ ഹെമിങ്‌വേ പുകവലിക്കുന്നുണ്ടെങ്കിലും, 'ഹെമിങ്‌വേ' എന്ന പേരോടെ ആര്‍ടൂറോ ഫോന്റ്റെ പുറത്തിറക്കിയ ചുരുട്ടുകള്‍ കമ്പോളത്തില്‍ ജനപ്രീതി നേടിയെങ്കിലും, ചുരുട്ടുകളും സിഗരറ്റുകളും പൈപ്പും ഹെമിങ്‌വേയുടെ ജീവിതശൈലിക്ക് പുറത്തായിരുന്നു.

എന്നെപ്പോലെ സിഗരറ്റുകളെ ജീവിതശൈലിക്ക് പുറത്താക്കാന്‍ ഉദ്ദേശ്യമേ ഇല്ലാത്തൊരാളും ഹെമിങ്‌വേയും എങ്ങനെയാണ് ഒരേ അന്ത്യത്തിലെ ഇരുട്ടില്‍ എത്തിച്ചേരുക?

ആദ്യങ്ങളുടെയോ മധ്യങ്ങളുടെയോ വ്യത്യാസം ഒരു പ്രവചനം പോലെ അന്ത്യങ്ങളുടെ വ്യത്യാസം ഉറപ്പാക്കില്ലെന്ന കഠിനപാഠമാണോ ഞാന്‍ ഇപ്പോള്‍ പഠിക്കേണ്ടത്?

ഹെമിങ്‌വേയുടെ രാത്രി: രണ്ടാമത്തെ വായന

ഹെമിങ്‌വേയുടെ രാത്രി ഒരു കൃത്യത്തില്‍ എനിക്കൊരു ആയുഷ്‌ക്കാല പ്രചോദനമായിത്തീര്‍ന്നു: പകല്‍വെളിച്ചത്തില്‍ ഒരു കറുത്ത കണ്ണടക്ക് പിന്നില്‍ കണ്ണുകള്‍ അടച്ചും, രാത്രിയായാല്‍ കണ്ണുകള്‍ തുറന്നും അടച്ചും, ഒരു സിഗരറ്റിന് തീക്കൊടുത്ത് പുകവലിയുടെ ഇന്ദ്രിയാനുഭൂതികളിലെ ചെറുതും വലുതുമായ അന്തരങ്ങള്‍ പഠിക്കല്‍, ബോധാബോധങ്ങളില്‍ രേഖപ്പെടുത്തല്‍. പഴയ ചില കുറിപ്പുകള്‍ ഗൂഗള്‍ ഡോക്‌സില്‍ കാണാം.

ഇരുട്ടില്‍ കണ്ണുകളടച്ച് പുകവലിക്കുമ്പോള്‍
മനസ്സ് ഒരു മോജുലര്‍ (modular) വിചാരത്തിലാകുന്നു.
ലൈറ്റര്‍/തീപ്പെട്ടിക്കോല്‍ തീ ഇല്ലെങ്കില്‍ ലൈറ്റര്‍/തീപ്പെട്ടിക്കോല്‍ ഇല്ല.
സിഗരറ്റ്. പുക ഇല്ലെങ്കില്‍ തീ ഇല്ല, തീ ഇല്ലെങ്കില്‍ സിഗരറ്റ് ഇല്ല.

എഴുതിയതിനു ശേഷം തോന്നി, ഒറ്റക്കണ്ണനെങ്കിലും സിഗരറ്റുകള്‍ വളരെ 'പ്രഫെഷനലായി' കൈകാര്യം ചെയ്യുന്നൊരാളുടെ മുന്‍വിധികള്‍ ഇതില്‍ ഇല്ലേ? ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഞായറാഴ്ചപ്പതിപ്പില്‍, എന്റെ 'സീബ്ര ക്രോസിങ്' എന്ന പംക്തിയില്‍, 2011 ഒക്‌റ്റോബറിലെ ഒരു ലക്കത്തിനുള്ള ലേഖനം എഴുതുമ്പോള്‍ ദ്രവ്യം വളരെ സങ്കീര്‍ണ്ണമായിരുന്നു. ഓര്‍മ്മയുടെ ഫയലുകളെക്കുറിച്ച് ഞാന്‍ എഴുതിയ മുഖക്കുറിപ്പ് തര്‍ജ്ജമയില്ലാതെ ഇവിടെ ചേര്‍ക്കട്ടെ. നിക്ക്, ജോണ്‍ എന്നിവരുടെ സംഭാഷണം പരാമര്‍ശിച്ച് അതിങ്ങനെ തുടരുന്നു:

The act of smoking can be divided into several steps or movements so distinctly that Frederick Taylor's legendary 'time and motion study' can be applied to it parodically. Parody apart, each step has a sensory significance. To a smoker, a cigarette is not just an object. The very thought of it conjures up an ensemble of smell, touch and visuals in his/her mind -- inseparable associations. A man who was not born blind can invoke the visuals in his 'mind's eye' as he holds a cigarette between his fingers or lips. A new discovery says it could be the other way round too to people who have eyesight. The key term is 'mind's touch'. In a seminal experiment, the subjects were asked to imagine touching a cold piece of metal and then the warm fur of a kitten in their mind's eye. Most of them were able to feel the two different sensations in their 'minds' touch'. Given the data, a computer can accurately predict how the 'tactile' part of the cerebral cortex would react in each case. To quote Antonio Damasio (one of the experimenters), 'When you hold a thought in your mind about a particular object, that is not just mental fluff. It is rather a detailed memory file that is being revived in your brain'.

തര്‍ജ്ജമയില്ലാതെ ഈ ഖണ്ഡം സ്വയം നീരാളി വടിവില്‍ സ്പര്‍ശരേഖകള്‍ ചുറ്റുമെറിഞ്ഞ്, വിശദാംശങ്ങള്‍ ഉപയോഗിച്ച്, അക്ഷരംപ്രതി ഒരു 'തമ്മില്‍ മാറ്റല്‍ പരിവര്‍ത്തനം' (Permutation) സൃഷ്ടിക്കും. അതപ്പടി ഇവിടെ പകര്‍ത്തിവെക്കാന്‍ ഗണിതം വേണ്ടിവരും. ഇതൊഴിവാക്കാനായി ചുരുക്കിപ്പറഞ്ഞാല്‍, എന്നെപ്പോലെ പുകവലി ആസ്വദിക്കാന്‍ ഒരു അന്ധന് കഴിയില്ല.

ക്യൂബയെ പ്രണയിച്ച ഹെമിങ്‌വേ എന്തുകൊണ്ട് ഹവാനയുടെ 'ഐകാനിക്' ഉത്പന്നമായ ചുരുട്ട് പോലും ഇഷ്ടവസ്തുവാക്കിയില്ലെന്ന് ഞാന്‍ ഒരു കാലത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട്.

ഹെമിങ്‌വേയുടെ സമീപനം വ്യത്യസ്തമായിരുന്നു. അദ്ദേഹം പുകവലി വര്‍ജ്ജിച്ചത് ഒരു 'പ്രഫെഷനല്‍' ശാഠ്യത്തിലായിരുന്നു. ഇന്ദ്രിയങ്ങളെ ആസ്പദിച്ച് പറഞ്ഞാല്‍, പുകയെ ഗന്ധസംജ്ഞകളുമായാണ് ഹെമിങ്‌വേ ബന്ധിപ്പിച്ചത് — വായുവില്‍ ഇരകള്‍ (വേട്ടമൃഗങ്ങള്‍) പിടിച്ചെടുക്കാവുന്ന സംജ്ഞകള്‍. ഒന്നാം തരം വേട്ടക്കാരനായിരുന്നില്ലേ ഈ എഴുത്തുകാരന്‍! സ്വന്തം ഒളിയിടം വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ മൃഗയാതന്ത്രമാകുമോ?

ഹെമിങ്‌വേയുടെ രാത്രി ഒരു ഏകഭാഷണത്തില്‍ 

എന്റെ മസ്തിഷ്‌കത്തില്‍ ഓര്‍മ്മയുടെ ഫയലുകള്‍ പലതുണ്ട് — കോവിഡീയ രാത്രികളില്‍ തുറക്കപ്പെട്ട ഫയലുകള്‍ 

ആമസോണില്‍നിന്ന് എന്നോ വാങ്ങിയെങ്കിലും ഞാന്‍ ഇതേവരെ ധരിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത 'ഐ പാച്ച്' പോലും ഉള്‍ക്കൊള്ളുന്നു കൂട്ടത്തില്‍ ഒരു ഫയല്‍.. തിമിരത്തിന്റെ ഭീഷണി ഒരു കാരണമായപ്പോളാണ് മാതൃഭൂമി ആഴ്ചപതിപ്പിലെ '19' എന്ന പംക്തി ഞാന്‍ ഇടയില്‍ വെച്ച് നിര്‍ത്തിയത്. പംക്തിയില്‍ ഒരിടത്തും ആ ഭീഷണി നിഴല്‍ വീഴ്ത്തിയിട്ടില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഒരു ഐ സ്‌പെഷലിനെ സമീപിക്കാന്‍ അതിന്നിടയില്‍ ഒരിക്കലും എനിക്ക് സന്ദര്‍ഭം ലഭിച്ചിരുന്നില്ല — കോവിഡ് ദിനങ്ങള്‍, അടച്ചുപൂട്ടലുകള്‍.

ഹെമിങ്‌വേയുടെ കഥക്ക് പംക്തിയൊരു പഴുത് അനുവദിക്കൂമായിരുന്നില്ല. എങ്കിലും, പഴയ വാടകവീട്ടില്‍, കട്ടിലില്‍ കിടന്നാല്‍ കിടപ്പറയുടെ ജനാലയിലൂടെ കാണാവുന്ന തെരുവിളക്കിന്റെ മഞ്ഞവെളിച്ചം കെട്ടപ്പോള്‍ എനിക്ക് കിട്ടിയത് ഹെമിങ്‌വേയുടെ രാത്രി; ഓരോ രാത്രിയും അതേ രാത്രി — അന്ധതയുമായി ഒരു ബന്ധവും ഇല്ലാതെത്തന്നെ.

അയലത്തെ വീട്ടിലെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നൊരു മരത്തിന്റെ പച്ചത്തഴപ്പിന്മേല്‍ ആ മഞ്ഞവെളിച്ചം ധൂര്‍ത്തമായിരുന്നു. സാന്ദ്രം, സൗവര്‍ണ്ണം, പക്ഷേ നിറപ്പകര്‍ച്ചയിലെ ക്‌ളോറഫില്‍. ആ ദൃശ്യത്തിന്നെതിരെ ഒരിക്കല്‍ ഒരു കൂട്ടുകാരിയെ നിര്‍ത്തിയത് ഞാന്‍ ഓര്‍ക്കുന്നു. പിന്നെ മുറിയില്‍ കൂട്ടുകാരി ഇല്ലാതായി. പിന്നെ കോവിഡിന്റെ പൂട്ടലില്‍ കൂട്ടുകാരിയും മഞ്ഞവെളിച്ചവും ഇല്ലാതായി. പിന്നെയുണ്ടായത് ഒരു ചതിയായിരുന്നു. വേണമെങ്കില്‍ സുഖകരമാം വിധം താത്ത്വികമായി അതിനെ മിഥ്യയെന്നു വിളിക്കാം.

തഥ്യയുമായി ഒരു തരം ഒത്തുതീര്‍പ്പുമില്ലാതെ ഒരു മിഥ്യ മിഥ്യയായിത്തന്നെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, വളരെ അപൂര്‍വ്വമായൊരു അന്തരീക്ഷത്തിന്റെ പ്രത്യേക അവകാശമാണത്. ഇരുട്ടില്‍ എനിക്ക് ഇലകളുടെ ആകൃതി ഗ്രഹിക്കാന്‍ കഴിയില്ലെന്ന ഭൗതികവസ്തുത മുതലെടുത്ത്, അയലത്തെ മരം രാത്രികളില്‍ മള്‍ബറിയാകാന്‍ തുടങ്ങി; ഇലകളിലെ അനക്കങ്ങളെല്ലാം പട്ടനൂല്‍പ്പുഴുക്കളുടെ ശബ്ദമാകാന്‍ തുടങ്ങി. ശാപമാകാം, വരമാകാം.

ആഴ്ചകള്‍ക്ക് ശേഷം ഒരു സന്ധ്യയില്‍, പഴയ മഞ്ഞവിളക്കിനു പകരം, വിളറി നീലിച്ചൊരു വിളക്ക് തെരുവിലെ ഇരുട്ടിനെ അശ്ലീലമാക്കി. ആ ഘട്ടം വരെയും കോവിഡ്-19 ആഗോളമായാണ് എന്റെ മനസ്സിലും '19' എന്ന പംക്തിയിലും തുടര്‍ന്നതെങ്കിലും, ഇരുട്ടില്‍ മള്‍ബറിയാകുന്ന മരത്തിലെ പട്ടനൂല്‍പ്പുഴുക്കള്‍ അവയുടേതു മാത്രമായ നിര്‍ബ്ബാധ രാത്രികളില്‍ ഒരു നാടകീയ ഏകഭാഷണമായി തുടരുകയായിരുന്നു.

(എത്രത്തോളം ഏകഭാഷണത്തോടടുക്കുന്നുവോ അത്രത്തോളം നിങ്ങൾ സംഭാഷണത്തോടടുക്കുന്നു — ഉദ്ദേശ്യം നാടകീയതയാണെങ്കിലും, അല്ലെങ്കിലും. ഇത് ഹെമിങ്‌വേയുടെ മൾബറിയിലകളിൽ ഞാൻ വായിച്ചൊരു പാഠം.) 

 'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം