അസമിന്റെ വിമാനത്താവളം ആ നാടിന്റെ ഗായകൻ ഭൂപൻ ഹസാരികയുടെ പേരിലാണ്. അങ്ങനെയെങ്കിൽ കൊച്ചി വിമാനത്താവളത്തിന് യേശുദാസിന്റെ പേര് നല്‍കാവുന്നതല്ലേ? ഭൂപെൻ ഹസാരിക ജന്മശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി എസ് ഗോപാലകൃഷ്ണൻ എഴുതുന്നു.

കൊച്ചി വിമാനത്താവളത്തിന് യേശുദാസിൻ്റെ പേരു നൽകണം
(ഭൂപെൻ ഹസാരിക ജന്മശതാബ്ദി അനുസ്മരണം )
ഒരു കൊല്ലക്കാലം നീണ്ടുനിന്ന ഭുപെൻ ഹസാരിക ജന്മശതാബ്ദി ആഘോഷങ്ങൾ ഈ നവംബറിൽ സമാപിക്കുകയാണ്. നവംബർ ഇരുപത്തിയൊൻപതാം തീയതി ഡൽഹി നഗരത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും മുഖ്യാതിഥി. എൻ്റെ ഓർമ്മ 1998 ൽ ഗുഹവതി ആകാശവാണി സ്റ്റുഡിയോയിൽ ചിലവഴിച്ച ഒരു ദിവസത്തിലേക്ക് പോകുന്നു. അന്ന് അവിടുത്തെ ശബ്ദസംഗ്രഹാലയത്തിലെ ഭൂപെൻ ഹസാരിക ഗാനങ്ങൾ മാത്രം ഞാൻ കേൾക്കുകയായിരുന്നു. അയാളുടെ ശബ്ദം ഒരു മനുഷ്യന്റേതായിരുന്നില്ല, മനുഷ്യരാശിയുടെ പ്രാതിനിധ്യമുണ്ടായിരുന്നു അതിന്. ജീവജലത്തിനായി ആദിമമനുഷ്യൻ കുഴിച്ച ആദ്യകിണറിന്റെ അടിത്തട്ടിൽ നിന്ന് ആ ശബ്ദം ഉയരുമ്പോലെ എനിക്കുതോന്നി. അസമിലെയും അരുണാചൽ പ്രദേശിലെയും അറേബ്യയിലെയും മെക്സിക്കോയിലെയും എൻ്റെ ജന്മനഗരമായ കോട്ടയത്തെയും ആദ്യകിണറുകൾ കുത്തിയവർ 'വെള്ളം കണ്ടു' എന്ന് താഴേനിന്നും വിളിച്ചുപറഞ്ഞപ്പോൾ മുഴങ്ങിയ അതേ മനുഷ്യശബ്ദം.
1952 ൽ അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകേ കപ്പൽ യാത്ര നടത്തിയപ്പോൾ ഭൂപെൻ ഹസാരികക്ക് ഇരുപത്താറുവയസ്സായിരുന്നു പ്രായം. തൻ്റെ ജീവനദിയായ ബ്രഹ്മപുത്രയായി അറ്റ്ലാന്റിക് തിരയടിക്കുന്നതുപോലെ തോന്നി ആ യുവാവിന്. ജലപ്പരപ്പിനെ സാക്ഷിനിർത്തി ഭൂപെൻ അന്നു പാടി
' സഗൊർ സംഗമോത് കൊടോന സതൂറിലോ ...'
https://www.youtube.com/watch?v=JzGAmLNwLjw&list=RDJzGAmLNwLjw&start_radio=1
അസമിയ ഭാഷയിലെ ഈ ഗാനത്തിന്റെ ആദ്യവരികളുടെ തർജ്ജമ ഏതാണ്ടിങ്ങനെയാണ്:
'എത്രയോ സമുദ്രസംഗമങ്ങളിൽ
ഇത്രയും കാലം നീന്തി നടന്നു, ഞാൻ.
എത്രതന്നെ തുഴഞ്ഞുതുഴഞ്ഞാലും
ഒട്ടുമേ ക്ഷീണിതമാകില്ല ജീവിതം'.
വാർദ്ധക്യത്തിൽ ആ പാട്ടിനെക്കുറിച്ചു പറയവേ ഭൂപെൻ ഹസാരിക പറഞ്ഞു, ' അതിനുശേഷം എത്രയോ ഗാനങ്ങൾ എത്രയോ ഭാഷകളിൽ പാടി. എങ്കിലും എനിക്കിന്നും പ്രീയപ്പെട്ടത് ആ കടൽ യാത്രയിൽ ഞാനെഴുതിയ ആ ഗാനമാണ്'.
മലയാളികളുടെ ഗാനഗന്ധർവൻ വന്ദ്യവാർദ്ധക്യത്തിൽ ജീവിക്കുന്നത് അമേരിക്കയിലെ ടെക്സാസിലെ ഡാളസ് നഗരത്തിലാണ്. നഗരത്തിൽ ഒഴുകുന്ന നദിയുടെ പേര് ട്രിനിറ്റി എന്നാണ്. യേശുദാസിന് ട്രിനിറ്റി എന്നാൽ ത്യാഗരാജനും ദീക്ഷിതരും ശ്യാമാശാസ്ത്രികളുമെന്ന കർണാടകസംഗീതത്രിമൂർത്തികളാണ്. ജലപ്പരപ്പ് എന്നാലോ മട്ടാഞ്ചേരിയെ തൊടുന്ന അറബിക്കടലും നദിയെന്നാൽ ആയിരം പാദസരങ്ങൾ കിലുക്കുന്ന ആലുവാപ്പുഴയുമാണ്. ഭൂപെൻ ഹസാരികയും അസമിയ ജനതയും എന്ന് ആലോചിക്കുമ്പോൾ യേശുദാസും മലയാളി ജനതയും എന്ന ആലോചനയും മനസ്സിലേക്കു വരുന്നു.
അസമിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ ജനാവലി തടിച്ചുകൂടിയത് ഭൂപെൻ ഹസാരികയുടെ മൃതദേഹം കാണുവാനായി 2011 നവംബർ ഒൻപതാം തീയതി ബ്രഹ്മപുത്രാനദിയുടെ തീരത്തായിരുന്നു. ആ ജനക്കൂട്ടം അസമിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു. നാടിന് അറിയില്ലായിരുന്നു ആ ജനത എത്ര അഗാധമായിട്ടാണ് ആ ഗായകനെ സ്നേഹിച്ചിരുന്നതെന്ന്. ഒരു പക്ഷേ ഭൂപെന്‍ അറിയാമായിരുന്നിരിക്കണം തൻ്റെ അന്ത്യയാത്രയിൽ അസം ഒന്നടങ്കം വന്നുചേരുമെന്ന്. അയാൾ പതിറ്റാണ്ടുകളാണ് അസമിനെ പാട്ടുപാടി ഉറക്കിയത്, ഉണർത്തിയത്. അസം എന്നാൽ ഇന്നത്തെ ഒരു ചെറിയ ഇന്ത്യൻ സംസ്ഥാനമല്ല, ഷില്ലോങ് തലസ്ഥാനമായി വടക്കു കിഴക്കൻ ഇന്ത്യയുടെ ഏകരൂപമായ പഴയ അസമിലായിരുന്നു ഭൂപെൻ ഹസാരിക നാടോടി സംഗീതത്തിന്റെ വേരോട്ടങ്ങൾ മനസ്സിലാക്കിയത്. വിശാല വടക്കു-കിഴക്കൻ നാടോടി ഈണങ്ങളുടെ മാന്ത്രികമിശ്രണമായിരുന്നല്ലോ അദ്ദേഹത്തിൻ്റെ വശ്യസംഗീതം.
ജ്യോതി പ്രസാദ് അഗർവാള, വിഷ്ണു പ്രസാദ് രാഭ എന്നീ പൂർവസൂരികളെ മറന്നുകൊണ്ട് നമുക്ക് ഭൂപെൻ ഹസാരികയെ ഓർക്കാൻ കഴിയില്ല. രാജസ്ഥാനിൽ നിന്ന് അസമിലേക്ക് കുടിയേറിപ്പാർത്ത അഗർവാള കുടുംബത്തിലെ മൂന്നാം തലമുറയിൽ പെട്ട ജ്യോതി പ്രസാദ് ആണ് വടക്കു-കിഴക്കൻ ഇന്ത്യയിലെ നാടോടിസംഗീതത്തിലെ നവോത്ഥാനത്തിന്റെ ആദ്യനായകരിൽ പ്രധാനി. ബംഗാളിന് രബീന്ദ്രസംഗീതം പോലൊന്നാണ് അസമിയ സാംസ്കാരികപ്രദേശത്തിന് ജ്യോതിസംഗീതം. പതിനൊന്നുവയസ്സായിരുന്ന ഭൂപെൻ എന്ന പിന്നാക്കസമുദായ ബാലനിലെ ഗായകനെ കണ്ടെത്തിയതും പതിമൂന്നാം വയസ്സിൽ വേദിയിൽ പാടിച്ചതും ജ്യോതി പ്രസാദ് അഗർവാളയായിരുന്നു.
ഭൂപെൻ ഹസാരികയിൽ ഗോത്രരോഷം ബാല്യത്തിൽ നിറച്ചത് വിശാല അസമിന്റെ കലാഗുരുവായി അറിയപ്പെടുന്ന വിഷ്ണു പ്രസാദ് രാഭയായിരുന്നു. ഭൂപെൻ പറഞ്ഞിട്ടുണ്ട്, താനൊരു വിപ്ലവകാരിയായി മാറിയത് രാഭ തന്നിൽ നിറച്ച ഗോത്രരോഷത്തിന്റെ ചരിത്രമൂല്യം കൊണ്ടാണെന്ന്.
Read also:വാൻഗോഗ് മരിക്കണ്ടായിരുന്നു. എന്തോരു ഭാവിയുള്ള ചിത്രകാരനായിരുന്നു. എന്തിനാണാവോ...
2019 ൽ മരണാനന്തര ബഹുമതിയായിട്ടാണ് രാഷ്ട്രം അദ്ദേഹത്തിന് ഭാരതരത്നം പുരസ്കാരം നൽകിയത്. മരണാനന്തരബഹുമതിയായി അതു ലഭിച്ച ആദ്യ കലാകാരനും ഭൂപെൻ ഹസാരികയാണ്. ജീവിച്ചിരിക്കുമ്പോഴാണ് മഹത് ജീവിതങ്ങളെ സമൂഹം ആദരിക്കേണ്ടത്, അവരത് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും. ജീവിച്ചിരുന്നപ്പോഴാണ് എം. എസ്. സുബ്ബലക്ഷ്മിക്കും പണ്ഡിറ്റ് ഭീംസെൻ ജോഷിക്കും പണ്ഡിറ്റ് രവിശങ്കറിനും ഉസ്താദ് ബിസ്മില്ലാ ഖാനും ലതാ മങ്കേഷ്കറിനും ഭാരതരത്നം നൽകിയത്. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും പാടിയ, ഇന്ത്യയിലെ സുഗമസംഗീതരംഗത്തെ അപൂർവപ്രതിഭാസമായ യേശുദാസിന് എന്നാണ് ഇനി ഭാരതരത്നം ലഭിക്കുക ?
1980 കഴിഞ്ഞപ്പോഴേക്കും ഭൂപെൻ ഹസാരികയുടെ പ്രധാന സംഭാവനകളൊക്കെ നടന്നുകഴിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ്, 1963ൽ അസമിയ ഭാഷയിൽ അദ്ദേഹം പാടി ജനഹൃദയങ്ങളിൽ മുദ്ര പതിപ്പിച്ച ഗാനം 'ബുകു ഹം ഹം കൊറേ' എന്ന ഗാനമാണ് പിന്നീട് 1993 ലെ 'രുദാലി' എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്തമായ ദിൽ ഹും ഹും കരേ എന്ന ഗാനമായി മാറിയത്.
1. ബുകു ഹം ഹം കൊറേ : https://www.youtube.com/watch?v=Q3b0NOhk9OU&list=RDQ3b0NOhk9OU&start_radio=1
2. ദിൽ ഹും ഹും കരേ : https://www.youtube.com/watch?v=d_omEVawdn8&list=RDd_omEVawdn8&start_radio=1
1967 ൽ പഴയ അസമിലെ നവോബോയിസ അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്, ജയിച്ച്, അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ ജീവിതവസാനത്തിൽ 2004 ൽ ബി. ജെ. പി സ്ഥാനാർത്ഥിയായി ഗുഹാവതി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് അദ്ദേഹം പരാജയം ഏറ്റുവാങ്ങി. അത്തരമൊരു രാഷ്ട്രീയരംഗപ്രവേശത്തിൽ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് അസമിലെ ഭാരതീയ ജനതാ പാർട്ടി ഭരണം വൻതോതിൽ ഭൂപെൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ ആ നാടിന്റെ മഹാപുത്രനെ സ്വന്തമാക്കാനുള്ള രാഷ്ട്രീയം കൂടി അതിലുണ്ട്. അതിന് കുറ്റം പറയാൻ കഴിയില്ല. ഏത് രാഷ്ട്രീയപാർട്ടിയും ചെയ്യുന്ന കാര്യമാണ് 'തനക്കാക്കൽ ' എന്ന പ്രക്രിയ. എന്നാൽ മരണാനന്തരജീവിതത്തിലെ ഭൂപെൻ ഹസാരിക ഒരു സാംസ്കാരികപൈതൃകമാണ് അതിനെ ഒരു പ്രത്യേക വിഭാഗത്തിനും സ്വന്തമാക്കാൻ കഴിയില്ല.
Read also:ടി. പദ്മനാഭന്റെ കഥകൾ എന്ന വിശുദ്ധപ്രാർഥനകൾ
അസമിനെയും അരുണാചൽ പ്രദേശിനേയും ബന്ധപ്പെടുത്തുന്ന കൂറ്റൻ പാലത്തിന്റെ നീളം ഒൻപത് കിലോമീറ്ററാണ്. ബ്രഹ്മപുത്രയുടെ പോഷകനദികളിലൊന്നായ ലോഹിത് നദിയ്ക്കു കുറുകേയുള്ള പാലത്തിന് ഭൂപെൻ ഹസാരികയുടെ പേരാണ്. ബ്രഹ്മപുത്ര പോലെയാണ് കലാകാരികളും കലാകാരന്മാരും. ഏതെങ്കിലും നാടിന്റെ മാത്രം സ്വന്തമല്ല. അതിർത്തികളെ നിരാകരിച്ച് ഒഴുകുകയാണ്. 2006 ൽ ബംഗ്ലാദേശിലെ ജനങ്ങൾക്കിടയിൽ ഇഷ്ടപ്പെട്ട ഗാനങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് ഭൂപെൻ ഹസാരിക പാടിയ 'മാനുഷ് മനുഷേർ ജൊന്നേ' (മനുഷ്യർ മനുഷ്യരാശിക്കുവേണ്ടി) എന്ന ഗാനമായിരുന്നു. ഒന്നാം സ്ഥാനം ദേശീയഗാനത്തിനായിരുന്നു, അതെഴുതിയതാകട്ടെ ടാഗോറും.
'മാനുഷ് മനുഷേർ ജോന്നേ': https://www.youtube.com/watch?v=YStr0I6-GII&list=RDYStr0I6-GII&start_radio=1
ഒരു കൊല്ലം മുൻപ് അസമിലെ ദിബ്രൂഗഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നു. ഭൂപെൻ ഹസാരിക വിമാനത്താവളത്തിലാണ് ഞാൻ ഇറങ്ങിയത്. അദ്ദേഹം മരിച്ചു കഴിഞ്ഞാണ് വിമാനത്താവളത്തിന് ആ പേര് നൽകിയത്. ആധുനിക മലയാളിയുടെ ശ്രവണസംസ്കാരത്തെ രൂപപ്പെടുത്തിയതിൽ ഏറ്റവും വലിയ പങ്കു വഹിച്ച യേശുദാസ് ജനിച്ച കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ആ പേര് നൽകേണ്ടതാണെന്ന് ദിബ്രുഗഡ് വിമാനത്താവളത്തിൽ നിന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചുപോയി. കൊച്ചിയിലെ കെ. ജെ. യേശുദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെക്സാസിൽ നിന്ന് അദ്ദേഹം വന്നിറങ്ങുന്നത് ഒന്നാലോചിച്ചുനോക്കൂ. അതുവഴി അദ്ദേഹത്തോട് കേരളവും ലോകമാകമാനമുള്ള മലയാളികളും നിസ്സീമമായ നന്ദി രേഖപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്.
Read also:ഞാനും എന്റെ അപ്പനപ്പൂപ്പൻമാരും വേട്ടയാടിയ ഈ കാടുകൾക്ക് ആരാണ് അതിരുകൾ വരയ്ക്കുന്നത്?
Content Highlights: Reflects on the conclusion of Bhupen Hazarika's year-long birth centenary celebrations in November., Draws a parallel between Assamese cultural icon Bhupen Hazarika and Malayalam musical legend K.J. Yesudas., Argues that K.J. Yesudas should be honored with Bharat Ratna during his lifetime., Proposes naming the Kochi International Airport after K.J. Yesudas to honor his monumental contribution to Malayalam music.
Published: 26 Nov 2026, 05:15 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented