പട്ടുനൂല്പ്പുഴുക്കളെപ്പോലെ പ്രാചീന ചൈനയില്നിന്ന് പുറംലോകത്തേക്ക് വ്യാപിച്ചൊരു ദര്ശനമുണ്ട്. ഒരു 'ദ്വൈത' കല്പനയിലൂടെ എന്നെ ആകര്ഷിച്ച ഈ ദര്ശനം അതീന്ദ്രിയ വിഭാവനങ്ങളില് പൊതുവേ പതിവില്ലാത്ത രീതിയില് ഓരോ വ്യക്തിയിലും രണ്ട് വ്യത്യസ്ത ആത്മാവുകളെ സങ്കല്പിക്കുന്നു. ഒന്നാമാത്മാവ് നമ്മുടെ ഭൗതികതയെ പ്രതിനിധാനം ചെയ്യുന്നു; രണ്ടാമാത്മാവാകട്ടെ നമ്മിലെ ആത്മീയതയെ പ്രതിനിധാനം ചെയ്യുന്നു.
ലഭ്യമായ വ്യാഖ്യാനങ്ങള് എങ്ങനെയായാലും, ഉറങ്ങിക്കിടക്കുന്നൊരു വ്യക്തിയുടെ നിദ്രാടനമാണ് രണ്ടാമാത്മാവിന്റെ ബഹിര്ഗ്ഗമന മാധ്യമമെന്ന് സങ്കല്പിക്കുന്നതില് ദൃശ്യസൗകര്യമുണ്ട്. ശരീരം വിട്ട് പുറത്തിറങ്ങുന്ന ഈ ആത്മാവ് മൃതരുടെ ലോകം സന്ദര്ശിക്കുന്നു, പരേതരായ പൂര്വ്വികരെക്കുറിച്ചുള്ള 'അപ്ഡേറ്റുകള്' നമ്മില് എത്തിക്കുന്നു. നിദ്രാശരീരം (അങ്ങനെ പറയട്ടെ) ഇതിന്നാവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുന്നു, പക്ഷേ വിഹാരം അനിയന്ത്രിതമല്ല.
ഉറക്കത്തിന്റെ യാന്ത്രിക ഭൗതികതയില് ഘടിപ്പിച്ചൊരു നിബന്ധന ഈ സങ്കല്പത്തിനകത്തുണ്ട് — സമയ ഘടകം: ഉറക്കം വെടിഞ്ഞ് നിങ്ങള് കണ്ണുകള് തുറക്കും മുന്പ് നിങ്ങളുടെ ശരീരത്തില് തിരിച്ചെത്താന് ആത്മാവിന് കഴിയാതെ വന്നാല്, പ്രത്യാഘാതം ഭീകരമായിരിക്കും! കൃത്യമായും എന്തെന്നറിയില്ല.
പക്ഷേ, വിശദീകരണങ്ങളുടെ അഭാവത്തില്, വെറും ഉള്ളടക്കത്തില് തിരിച്ചറിയാവുന്നൊരു ഞെട്ടല് ഇതിലുണ്ട്: ഉടലിലേക്കുള്ള കവാടം അടയല്, പ്രവേശം നിഷേധിക്കപ്പെടല്. 'കൂട് വിട്ട് കൂട് മാറ്റം' എന്ന വിദ്യക്കിടയില് ഒരിക്കല് വിക്രമാദിത്യന് സ്വന്തം ശരീരം അപ്രാപ്യമായ അവസ്ഥയാണ് ഇത് ഓര്മ്മിപ്പിക്കുന്നത്. 'ഇനര്ഷ' എന്ന കവിതയില് 'ഓരോ ആത്മാവും ഒരു ശരീരം തേടുന്നു' എന്നെഴുതുമ്പോള്, മുകളില് വിവരിച്ച ചൈനീസ് ദര്ശനം എനിക്ക് പരിചിതമായിരുന്നില്ല. പക്ഷേ, തുടര്ന്നുള്ള വരികളില് ഞാന് എഴുതിയത് ഒരു കുമിളയുടെ (മൃതിയുടെ?) കുടുങ്ങലിനെക്കുറിച്ചാണ്.
അന്തമറ്റ ആഴത്തില് നിന്നും ഉയരുന്നൊരു കുമിളയെ
ഒരു ദുഃസ്വപ്നത്തില് ഞാന് പിന്തുടര്ന്നിരുന്നു,
ഓര്ക്കാപ്പുറത്തത് പാതിവഴിയില് ഉടക്കി നിന്നു.
അരികില് ഒരു മത്സ്യം ഗതി മുട്ടി പകച്ചു നില്ക്കുന്നു,
അന്തരീക്ഷം ഉത്കണ്ഠയോടെ കാത്തു നില്ക്കുന്നു:
ഉപരിതലത്തില് കുമിള എത്തുമോ,
ഉടഞ്ഞ് സ്വത്വം തെളിയിക്കുമോ?
ഉടയലും ഒരു കയ്യൊപ്പാണ്.
അകത്തോ, പുറത്തോ, ഇടയിലോ കുടുങ്ങല് മനുഷ്യരുടെ ദുഃസ്വപ്നങ്ങളില് അസാധാരണമല്ലാത്തൊരു ഇതിവൃത്തമല്ലേ? നാം ഞെട്ടിയുണരുന്നു. കുടുങ്ങല് ഇല്ലാതാകുന്നു. / സമീപഭൂതത്തിലെ എത്രയോ രാത്രികളില് എന്റെ വ്യാമോഹം നാളത്തെ പ്രഭാതം ഞാന് കാണില്ലെന്നതായിരുന്നു. നിദ്രയിലെ ശാന്തമായ മൃത്യു എത്രയോ വയോധികരുടെ പകല്സ്വപ്നമാണ്. നാം ശ്രദ്ധിക്കുകയായിരുന്ന ദര്ശനം പറയുന്നതാകട്ടെ ഉണര്ച്ചയില് ഒരാളുടെ ആത്മാവ് കുടുക്കിലാവുന്ന അവസ്ഥയെക്കുറിച്ചാണ്. എങ്കില് നാം കടന്നു വന്നത് ഒരു ദര്ശനത്തിലൂടെയോ, ഹോളിവുഡ് 'ഹോറര്' ചിത്രത്തിലൂടെയോ?
ഹെമിങ്വേ ഒരിക്കല് ഇരുട്ടില് കണ്ണുകള് അടയ്ക്കാന് മടിച്ചത് ഏതെങ്കിലും അത്യാഹിതം ഒഴിവാക്കാനായിരുന്നോ? എന്തുകൊണ്ടാണ് ഒരിക്കല് വളരെ ദീര്ഘമായൊരു കാലയളവോളം ഞാന് കണ്ണുകള് അടയ്ക്കാന് മടിച്ചിരുന്നത്? ഉത്തരങ്ങള് കിട്ടാന് ഹെമിങ്വേയുടെ കഥ (Now I Lay Me) വീണ്ടും സന്ദര്ശിക്കണം; അതിനു മുന്പ് എന്റെ കുട്ടിക്കാലവും.
നഷ്ടപ്പെടാനുള്ളത് ആത്മാവോ, ഒരു സൂര്യബിംബമോ?
ഒരു സൂര്യരശ്മിയാല് തുളക്കപ്പെട്ടാണ് ഞാന് ഭൂമിയുടെ ഹൃദയത്തില് ഏകാകിയാകുന്നത് — ക്വാസിമോഡോയുടെ ഒരു കവിതയനുസരിച്ച്
(Everybody is alone on the heart of the earth, pierced by a ray of sun). പക്ഷേ ഇതിലെ കാല്പനികത എടുത്തു മാറ്റുക. ഞാന് എന്റെ അന്തരീക്ഷം കൂടിയാണെന്ന അവബോധത്തില് ആളുകളില്ലാതെ ഏകാകിത ഇല്ലാതാകുമ്പോള്, എന്റെ സ്വന്തമായിരുന്നെന്ന് ഞാന് തിരിച്ചറിയുന്ന ചില മുഹൂര്ത്തങ്ങളുണ്ട് — എന്നിലെ ഭൗമികപ്രജ്ഞയെ ഉണര്ത്തുന്നൊരു ഒറ്റക്കണ്ണിന്റെ നോട്ടം പോലെ സൂര്യബിംബം മാത്രം ദൃഷ്ടിയില് തിളങ്ങിനിന്ന മുഹൂര്ത്തങ്ങള്...
ബാല്യകാല സ്മൃതികളില് ഒരു പരമ്പരയും, യൗവ്വനത്തിലെ ഉന്മത്തമായൊരു രാത്രിയിലെ ഒറ്റപ്പെട്ട സംഭവവും സൂര്യബിംബത്തില് ഉടക്കി നില്ക്കുന്നു.
എലമെന്ട്രി സ്കൂളില് ആരും ഒരിക്കലും എന്നെ തോല്പ്പിച്ചിട്ടില്ലാത്തൊരു മത്സരമുണ്ടായിരുന്നു: ആര്ക്കാണ് ഏറ്റവും കൂടുതല് നേരം കണ്ണുകള് ചിമ്മാതെ സൂര്യന് നേര്ക്ക് നോക്കിനില്ക്കാന് കഴിയുക? തുടര്ച്ചയായി ഈ മത്സരത്തില് നേടിയ വിജയങ്ങള് പില്ക്കാല തിമിരത്തെ കാലത്തിലൂടെ എത്രത്തോളം മുന്നോട്ടാടുപ്പിച്ചുവെന്നതാണ് ഇപ്പോള് ശരിക്കും പ്രസക്തമായ ചോദ്യം.
പുതിയങ്കത്തെ എലമെന്ട്രി സ്കൂളിന്റെ മുറ്റത്ത് ഒരിക്കല് കുട്ടികളുടെ ഈ മത്സരത്തിന് ദൃക്സാക്ഷിയായിരുന്ന മാധവ മാഷ് എന്റെ ചുമലില് കൈ വെച്ച് പറഞ്ഞു, 'ഇവന് വേണമെങ്കില് നോക്കിയേടത്ത് സൂര്യനെ പിടിച്ചു നിര്ത്താന് കഴിയും.' ഇതൊരു തമാശ. പിന്നെ അദ്ദേഹം കര്ശനമായി അറിയിച്ചു. 'ഇനി ഈ കളി ആരെങ്കിലും കളിച്ചാല്, അടിച്ച് ഞാന് ചന്തിയിലെ തൊലിയുരിക്കും.' / അനാശാസ്യമായ ആ മത്സരം നിലച്ചു, പക്ഷേ, സൂര്യന് എന്റെ കണ്ണില് ഒരു സ്ഥിരം ബിംബമായിക്കഴിഞ്ഞിരുന്നു. ഞാന് ഇതിനെ ആന്തരികമാക്കി.
കണ്ണുകളടച്ചാല് ഒരു സൂര്യബിംബം നഷ്ടപ്പെടുമെന്ന തോന്നല് ഒരിക്കലും ഹെമിങ്വേയെ ഗ്രസിച്ചിരുന്നില്ല. രണ്ടാത്മാവുകളെ അവതരിപ്പിക്കുന്ന പ്രാചീന ചൈനീസ് ദര്ശനം അദ്ദേഹത്തിന് പരിചിതവുമായിരുന്നില്ല. ഈ അഭാവങ്ങളോട് ചേര്ന്നു നില്ക്കുമ്പോള് ഹെമിങ്വേയുടെ കഥയുടെ തലക്കെട്ട് സൃഷ്ടിക്കുന്ന വൈരുദ്ധ്യാത്മകത പല എടുപ്പുകളിലേക്ക് ചിതറിപ്പോകുന്നു.
ജോണിനോട് സംസാരിക്കുമ്പോള്, കഥയുടെ ആഖ്യാതാവായ 'ഞാന്' (നിക്ക് അഥവാ ഹെമിങ്വേ) വളരെ ഒരു കാര്യകാരണബന്ധം എടുത്തുപറയുന്നു. ഒരു സംഭാഷണം ശ്രദ്ധിക്കുക. കൂടാരത്തില് എത്തിയ നാള് തൊട്ട് ഒരു രാത്രിയിലും നിക്ക് ഉറങ്ങിയിട്ടില്ലെന്ന് ജോണ് മനസ്സിലാക്കിയിരുന്നു. അതോര്ത്ത് ജോണ് തിരക്കുന്നു, ഉറക്കമില്ലായ്മക്ക് പിന്നില് വിശേഷിച്ച് എന്തെങ്കിലുമുണ്ടോ? നിക്ക് വിശദീകരിക്കുന്നു, 'പോയ വസന്തത്തിന്റെ തുടക്കത്തില് ഞാനൊരു മോശമായ അവസ്ഥയിലായിരുന്നു; രാത്രിയില് അതെന്നെ അലട്ടുന്നു.' / ലളിതം, വ്യക്തം.
ഒന്നാം ലോകയുദ്ധത്തിന്റെ കാലത്ത്, 1918- ല്, വെറും പതിനെട്ടാം വയസ്സില്, അമേരിക്കന് റെഡ് ക്രോസിന്റെ ഒരു സന്നദ്ധ ഭടനായി ആംബുലന്സ് ഓടിച്ചിരുന്ന ഹെമിങ്വേ ഒരിക്കല് ഒരു മോര്റ്റാര് ഷെല്ലിന്റെ സ്ഫോടനത്തില് പെട്ടു. അദ്ദേഹം ഒരു കുഴിപ്പില് (ഡഗ്ഔറ്റില്), പട്ടാളക്കാര്ക്കിടയില് ചോക്കലേറ്റുകള് വിതരണം ചെയ്യുകയായിരുന്നു. പരിസരം ശാന്തമായപ്പോള് അദ്ദേഹം ബോധരഹിതനായി ആ കുഴിപ്പില് മറവ് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു. ഷെല്ലിന്റെ ശകലങ്ങള് അദ്ദേഹത്തിന്റെ ഒരു കാല്പ്പടത്തിലും, മുട്ടിലും, തുടകളിലും, കയ്യിലും, തലയോടിലും കയറിയിരുന്നു.
നിക്ക് പറഞ്ഞ 'മോശമായ അവസ്ഥ' ഈ സ്ഫോടനത്തിന്റെ ആഘാതമാവാം, മറ്റൊരു അത്യാഹിതത്തിന്റെ ആഘാതമാവാം. ഏതായാലും ജോണുമായുള്ള സംഭാഷണത്തിനു മുന്പും പുറത്തും, കഥയുടെ തുടക്കത്തില് ഉറക്കത്തെക്കുറിച്ച് സംസാരിക്കുമ്പോള് ആഖ്യാതാവിന്റെ ഭാഷ്യം (version) ഇതല്ല, ഭാഷയും ഇതല്ല. രണ്ടാത്മാവുകളെക്കുറിച്ചുള്ള ദര്ശനം സമാന്തര ദൃഷ്ടിയില് കണ്ടുകൊണ്ടാവാം ഇതിന്റെ വിശകലനം.
~ ഉറങ്ങാന് ആഗ്രഹിക്കുന്നില്ല. ഞാന് എന്നെങ്കിലും ഇരുട്ടില് കണ്ണുകള് അടച്ച് എന്നെ പോകാന് ഉറങ്ങാന് അനുവദിക്കുകയാണെങ്കില് എന്റെ ആത്മാവ് ശരീരത്തിനു പുറത്തു പോകുമെന്ന കാര്യബോധത്തോടെ ഞാന് ജീവിക്കാന് തുടങ്ങിയിട്ട് കാലമേറെയായി.
~ ഞാന് അങ്ങനെയായിട്ട് ഏറെക്കാലമായി — രാത്രിയില് ഞാന് തകര്ക്കപ്പെടുകയും, അത് എന്നില്നിന്നും പുറത്തേക്ക് പോകുന്നെന്നും പൊട്ടിത്തെറിക്കുന്നെന്നും പിന്നെ തിരിച്ചുവരുന്നെന്നും തോന്നുകയും ചെയ്തത്തിനു ശേഷം എന്നും.
~ ഞാന് ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കാന് ശ്രമിച്ചിട്ടില്ല. പക്ഷേ രാത്രികളില് അത് പോകാന് ആരംഭിച്ചു — കൃത്യമായും ഉറങ്ങാന് പോകുന്ന നിമിഷത്തില്. വളരെ ശക്തമായൊരു ശ്രമത്തിലൂടെയേ അതിനെ തടുക്കാന് കഴിയുമായിരുന്നുള്ളൂ.
~ ഇപ്പോള് കഥ പറയുന്ന നിമിഷത്തില്, ഇത് വരേക്കും അത് ശരിക്കും പുറത്തേക്ക് കടന്നിട്ടില്ലെന്ന് എനിക്ക് ഏറെക്കുറെ ഉറപ്പുണ്ടെങ്കിലും ആ വേനലില് കഥയുടെ കാലത്തില് ഒരു പരീക്ഷണം നടത്താന് ഞാന് തയ്യാറല്ലായിരുന്നു.
ഹെമിങ്വേയുടെ കഥയിലെ പട്ടുനൂല്പ്പുഴുക്കള് മള്ബറിയിലകളുടെ പല തട്ടുകളില് (റാക്കുകളില്) വര്ത്തിക്കുന്നു. ശബ്ദവ്യത്യാസങ്ങള് അനുമാനിക്കാം. പുഴുക്കള് ചുവട്ടിലെ റാക്കുകളിലേക്ക് വീഴുന്ന ശബ്ദം ഹെമിങ്വേ പ്രത്യേകം എടുത്തു പറയുന്നു. അനുകരണത്തില്, കഥയുടെ ഒന്നാം പാരഗ്രാഫിലെ ചില വാക്യങ്ങള് പിരിച്ചെടുത്ത് പല റാക്കുകളില്നിന്ന് കേള്ക്കാനാണ് ഞാന് മുകളില് ശ്രമിച്ചത് — ഇവയിലെ വിചാരഭേദങ്ങള് തിരിച്ചറിയാന്. അതേ സമയത്ത്, ഒരു രോഗധാര അംശാംശമായി ശ്രദ്ധിക്കാനും ശ്രമിക്കുകയായിരുന്നു ഞാന് — ഇന്സോമ്നിയ, ഉറക്കമില്ലായ്മ.
'ഹെമിങ്വേയുടെ കഥയുടെ തലക്കെട്ട് സൃഷ്ടിക്കുന്ന വൈരുദ്ധ്യാത്മകത' എന്നൊന്നിക്കുറിച്ച് ഞാന് പറഞ്ഞു. ഇത് വിശദീകരിക്കാന് ഒരു പ്രത്യേക കുറിപ്പ് ആവശ്യമായി വരും.
കണ്ണുകളടച്ചാല് ഒരു സൂര്യബിംബം നഷ്ടപ്പെടുമെന്ന തോന്നല് എന്നെയും ഒരിക്കലും ഗ്രസിച്ചിരുന്നില്ല. പക്ഷേ യൗവ്വനത്തിലെ ഉന്മത്തമായൊരു രാത്രിയില്, ഭാംഗിന്റെ ലഹരിയില് ആഴമറ്റൊരു കയത്തില് മുങ്ങിത്താഴുമ്പോള്, ഒരു ശക്തി എന്നില്നിന്നും അകന്നകന്നു പോവുകയായിരുന്നു — ജലപാളികളിലൂടെ കാണാവുന്ന ആകാശത്തിലെ സൂര്യബിംബം! ഇത് വിവരിക്കാനും ഒരു പ്രത്യേക കുറിപ്പ് ആവശ്യമായി വരും.
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം
Content Highlights: maythil radhakrishnan column athmakadha avathe njan 26
Published: 09 May 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented