"അതൊരു പ്രഭാതമായിരുന്നു. മഞ്ഞ് ഇനിയും ഇലകളിൽനിന്ന് പിടി വിട്ടിട്ടില്ല. കുറച്ചപ്പുറത്തുനിന്ന് കല്ലിൽ തട്ടിയൊഴുകുന്ന പുഴയുടെ സംഗീതം കേൾക്കാം. രാജ്മഹൽ കുന്നുകളിലെ സുന്ദരമായ താഴ്‌വരകളിലൂടെ അയാൾ നടക്കാനിറങ്ങി. മഹുവാ മരങ്ങൾ പൂക്കൾ പൊഴിച്ചിട്ടുണ്ട്. നിലത്തുവീണ പൂക്കൾ ഓരോന്നും അയാൾ പെറുക്കിയെടുത്തു. കുറച്ചുദൂരം മാറി ഭാര്യയും അയാളുടെ കുട്ടികളും കാട്ടുപഴങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു.

To advertise here,

അയാൾ ജനിച്ചതും വളർന്നതും ഈ കുന്നുകളിലാണ്. അയാളുടെ എല്ലാവരും ഈ കുന്നുകളിൽതന്നെ. അതിനപ്പുറത്തേക്ക് അയാൾക്കെന്നല്ല, രാജ്മഹൽ കുന്നുകളിലെ ആർക്കും ആരുമില്ല. ഈ കുന്നുകൾ വിട്ടുപോയവരൊന്നും വീണ്ടും അവിടേക്ക് തിരികെ വന്നിട്ടില്ല.

ഏത് മരത്തിലാണ് ഏറ്റവും നല്ല തേനീച്ചക്കൂടുള്ളതെന്നും ഏത് കാലത്താണ് ട്യൂസർ (തസർ) പട്ടുനൂൽപ്പുഴുക്കളുടെ കൊക്കൂണുകൾ ശേഖരിക്കേണ്ടതെന്നും അയാൾക്കറിയാം. മരുത് മരങ്ങൾ ഇടതൂർന്നു വളരുന്ന ആ കാട് അയാൾക്ക് ഭക്ഷണമായിരുന്നു. ആ മലയിലൂടെ ഒഴുകുന്ന നദികളെല്ലാം ജീവജലവുമായി ഗംഗയിലേക്കൊഴുകുന്നു എന്നും ഗംഗ പവിത്രമാണെന്നും അയാൾ കരുതി.

അന്ന് വൈകുന്നേരം പതിവിൽനിന്ന് വ്യത്യസ്തമായി ഗ്രാമത്തിലെ ചില മുതിർന്നവർ അയാളെ കാണാൻ വന്നു.

Read also:ബാറ്റൺ ബോസിന്റെ ആത്മകഥ 

"താഴ്‌വരയിലൂടെ കുറച്ച് മനുഷ്യർ മല കയറി വരുന്നു. അവർക്ക് ഈ കുന്നുകളെക്കുറിച്ച് ഒന്നും അറിയില്ല. നമ്മളെക്കുറിച്ചും അറിയില്ല. എന്നാൽ, അവർക്ക് ഈ ഭൂമിയിൽനിന്ന് എന്തൊക്കെയോ വേണം. ഭൂമി അളക്കാനും നികുതി പിരിക്കാനും കാടുകളെക്കുറിച്ച് കണക്കെടുക്കാനും ആണ് അവർ വരുന്നത്." അവർ അയാളോട് പറഞ്ഞു.

അയാൾക്ക് ഒന്നും മനസ്സിലായില്ല.

തന്റെ അപ്പനിൽനിന്ന് കിട്ടിയ ഈ കുന്നുകൾക്ക് ആരാണ് വിലയിട്ടത്? ഞാനും എന്റെ അച്ഛൻ അപ്പൂപ്പൻമാരും വേട്ടയാടിയ ഈ കാടുകൾക്കാരാണ് അതിരുകൾ വരയ്ക്കുന്നത്? മരങ്ങളിൽനിന്ന് ഞാൻ ശേഖരിക്കുന്ന തേനും മഹുവയും എന്റേതല്ലാതെ മാറ്റാരുടേത്...!

അന്ന് രാത്രിയിൽ അയാൾ ഉറങ്ങിയില്ല. പുഴയൊഴുകുന്ന ശബ്ദം ഇപ്പോഴും കേൾക്കാം. കല്ലിൽ തലതല്ലിയാണ് അതൊഴുകുന്നതെന്ന് അപ്പോൾ അയാൾക്ക് തോന്നി. അയാൾ കാതുകൾ തറയിൽവെച്ച് പുഴയുടെ ശബ്ദത്തിന് കാതോർത്തു. പുറത്ത് കുതിരക്കുളമ്പടിയുടെ ശബ്ദം കേൾക്കാം. അയാൾ കാതുകൾ കൂർപ്പിച്ചു. പുറത്ത് വെടിയൊച്ചകൾ മുഴങ്ങുന്നു.

ആ കുന്നുകൾക്കുമേൽ അധികാരത്തിന്റെ പുതിയൊരു ലോകം വന്നിറങ്ങുകയായിരുന്നു.

അതിന്റെ ഭാഷ അയാൾക്ക് അറിയില്ലായിരുന്നു. അതിന്റെ നിയമങ്ങളും അയാൾക്ക് വശമില്ല.."

(ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി രാജമഹൽ കുന്നുകളിലേക്ക് വന്ന ഒരു സാങ്കൽപ്പിക കഥ.)

ഏതൊരു അധിനിവേശവും ആദ്യം ആക്രമിക്കുന്നത് ഒരു രാജ്യത്തിന്റെ അതിർത്തികളെയോ ഭരണസംവിധാനങ്ങളെയോ അല്ല. അതിന്റെ ആദ്യത്തെ ആഘാതം ഏറ്റുവാങ്ങുന്നത് താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ്. സ്വന്തം ഭൂമിയിലും കാടുകളിലും നദീതടങ്ങളിലും കടൽതീരങ്ങളിലും ജീവിച്ചുപോന്ന സാധാരണക്കാരാണ് എക്കാലത്തും അധിനിവേശങ്ങളുടെ ഇരകളായി മാറിയിട്ടുള്ളത്.

ഇത്തരം അധിനിവേശങ്ങൾക്കെതിരായ ആദ്യത്തെ പ്രതിരോധങ്ങളെല്ലാം ഉയർന്നുവന്നതും താഴെത്തട്ടിലുള്ള മനുഷ്യരിൽ നിന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും മറ്റൊന്നല്ല.

Read also: പൈന്റടിയില്ല; പെയിന്റടി മാത്രം 

ഇന്ത്യൻ ദേശീയപ്രസ്ഥാനം സംഘടിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപപ്പെടുന്നതിനും വളരെ മുൻപുതന്നെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏറ്റവും സാധാരണ ജനത അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു.

മുഖ്യധാരാ ചരിത്രത്തിൽ വേണ്ടത്ര ഇടം ലഭിക്കാതെ പോയ ഈ പ്രതിരോധചരിത്രത്തെ കണ്ടെടുക്കുക എന്നത് വിപ്ലവകരമായ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഒന്നാണ്. ചരിത്രമോ നരവംശശാസ്ത്രമോ സാങ്കേതികമായി പഠിച്ചിട്ടില്ലെങ്കിലും ഈ സമരങ്ങൾ നടന്ന പല സ്ഥലങ്ങളിലും ജീവിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അവിടെ കണ്ടുമുട്ടിയ മനുഷ്യരിൽനിന്ന് കേട്ടറിഞ്ഞ കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കുന്നത്. ഭാരതമൊട്ടാകെ നടക്കുന്ന ഈ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാകുക എന്നത് എന്റെ ധാർമികമായ ഉത്തരവാദിത്വവും ഭാഗ്യവുമായി ഞാൻ കരുതുന്നു.

ഒരു മനുഷ്യൻ ചരിത്രം പഠിക്കുന്നത് മരിച്ചുപോയ മനുഷ്യരെ അറിയാനല്ല; മറിച്ച് ജീവിച്ചിരിക്കുന്ന അവനവന്റെ സ്വത്വം തിരിച്ചറിയാനാണ്. ഒരു സമൂഹം അതിന്റെ ചരിത്രത്തെ കണ്ടെടുക്കുമ്പോൾ ആ സമൂഹം അതിന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നു. ആത്മാഭിമാനമുള്ള സമൂഹങ്ങൾക്ക് മാത്രമേ വർത്തമാനകാലത്തെ ചോദ്യം ചെയ്യാനും ഭാവിയെ സ്വയം നിർമിക്കാനും കഴിയുകയുള്ളൂ.

അത്തരമൊരു സാഹചര്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സാധാരണ മനുഷ്യരുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും കേവലം അക്കാദമിക് പ്രവർത്തനം മാത്രമല്ല. മറിച്ച് ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർക്കും സാമൂഹിക തുല്യതയ്ക്കും വേണ്ടിയുള്ളതാണ്.

ഈ ചരിത്രത്തിന്റെ ആദ്യകാല അധ്യായങ്ങളിലൊന്ന് ആരംഭിക്കുന്നത് 1770-കളിൽ രാജ്മഹൽ കുന്നുകളിലാണ്. ഇന്നത്തെ ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പാകുർ, ഗൊഡ്ഡ, ദുംക എന്നീ ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് രാജ്മഹൽ കുന്നുകൾ.

Read also:സമരങ്ങൾ,സർവ്വകലാശാല; ഒരു വി.സിയുടെ ഓർമ്മക്കുറിപ്പുകൾ 

ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ്, ദിനോസറുകൾ ഭൂമിയിൽ ജീവിച്ചിരുന്ന ജുറാസിക് കാലഘട്ടത്തിന്റെ അവസാനത്തിലും അതിനുശേഷമുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിലും ഉണ്ടായ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപപ്പെട്ട പാറക്കെട്ടുകൾ ഈ മലനിരകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്.

ഇലപൊഴിയും വനങ്ങളും പുൽമേടുകളും താഴ്‌വരകളും നിറഞ്ഞ ഈ മലനിരകളെ നിരവധി ചെറുനദികൾ ചേർന്ന് മനോഹരമാക്കുന്നു. ആ നദികളിൽ പലതും ഗംഗാനദിയുടെ നീർത്തടവുമായി ബന്ധപ്പെട്ടവയാണ്. അങ്ങനെ രാജ്മഹൽ കുന്നുകൾ ഗംഗാനദിയുടെ തീരത്തേക്കും സമതലപ്രദേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു.

മഹുവ മരങ്ങളും മരുതുകളും പലസ് മരങ്ങളും ബാബുൽ മരങ്ങളുമെല്ലാം ചേർന്ന് ഈ മലനിരകളെ അലങ്കരിക്കുന്നുണ്ട്. പണ്ട് ഇവിടം ഇതിലേറെ വൃക്ഷനിബിഢവും പച്ചപ്പ് നിറഞ്ഞതുമായിരുന്നുവെന്നാണ്‌ അവിടുത്തുകാർ പറയുന്നത്. അതുപോലെ ഈ കുന്നുകൾ എന്നും പോരാട്ടങ്ങളുടേത് കൂടിയായിരുന്നു.

രാജ്മഹൽ കുന്നുകളിലെ ഗോത്രജനതയുടെ പ്രതിരോധചരിത്രം മനസ്സിലാക്കണമെങ്കിൽ നമുക്ക് 1765-ലേക്ക് മടങ്ങിപ്പോകണം. 1764-ലെ ബക്സർ യുദ്ധത്തിനുശേഷം 1765-ൽ നടന്ന അലഹാബാദ് ഉടമ്പടിയുടെയും അതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ ബംഗാൾ, ബിഹാർ, ഒഡിഷ എന്നീ പ്രവിശ്യകളുടെ ദിവാനി അവകാശം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറി.[1] അതുവഴി ഈ പ്രദേശങ്ങളിൽനിന്ന് നികുതി പിരിക്കാനുള്ള അധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ലഭിച്ചു. പകരമായി മുഗൾ ചക്രവർത്തിക്ക് കമ്പനി പ്രതിവർഷം നിശ്ചിത തുക നൽകാമെന്ന് സമ്മതിച്ചു.[2]

കേവലം ഭരണപരമായ ഒരു അധികാരക്കൈമാറ്റത്തിൽനിന്ന് വ്യത്യസ്തമായി, ഒരു പ്രദേശത്തിന്റെ സാമ്പത്തിക ജീവിതത്തിലേക്കും സാമൂഹിക ഘടനയിലേക്കും ഒരു വിദേശ ശക്തി നേരിട്ട് കടന്നുകയറുന്നതിന്റെ തുടക്കമായിരുന്നു അത്. ഈ അധികാര കൈമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ രാജ്മഹൽ കുന്നുകളിലെ ജനങ്ങളെ ബാധിച്ചു. അവിടെ ജീവിച്ചിരുന്ന മാൽ പഹാഡിയ, സൗരിയ പഹാഡിയ തുടങ്ങിയ ഗോത്രസമൂഹങ്ങളുടെ പരമ്പരാഗത ജീവിതരീതികളും സ്വയംഭരണവും പുതിയ കൊളോണിയൽ ഭരണസംവിധാനത്തിന്റെ ഇടപെടലുകൾക്ക് വിധേയമായി.[3]

രാജ്മഹൽ കുന്നുകളിലെ പഹാഡിയർ അന്ന് വേട്ടയാടിയും കൃഷിചെയ്തും ജീവിച്ചിരുന്ന മനുഷ്യർ മാത്രമായിരുന്നില്ല. അവർക്ക് വനവിഭവങ്ങളിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയുണ്ടായിരുന്നു. തേനും മഹുവപ്പൂക്കളും കാട്ടുപട്ടിന്റെ ട്യൂസർ (തസർ) കൊക്കൂണുകളും ലാക്കും റെസിനും അടക്കമുള്ള വനവിഭവങ്ങൾ അവർ ശേഖരിച്ചു. മരങ്ങളിൽനിന്ന് ശേഖരിച്ച തസർ പട്ടുനൂൽപ്പുഴുക്കളുടെ കൊക്കൂണുകളും റെസിനും വിൽപ്പന നടത്തി. ഉണങ്ങിയ മരുത് മരങ്ങളും വിറകും ഉപയോഗിച്ച് കരി നിർമിച്ചു വിറ്റു. കൃഷി ചെയ്തുണ്ടാക്കുന്ന ചെറുധാന്യങ്ങളും മറ്റു വിളകളും ഉപ്പിനും ഇരുമ്പിനും വസ്ത്രങ്ങൾക്കുമായി കൈമാറ്റം ചെയ്തു. അങ്ങനെ പൂർണമായും അല്ലെങ്കിലും വലിയൊരു അളവ് വരെ സ്വയംപര്യാപ്തയുള്ള ഒരു ജനതയായിരുന്നു പഹാഡിയർ.[4]

രാജ്മഹൽ കുന്നുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇതൊരു പ്രധാനപ്പെട്ട ഇടനാഴിയായിരുന്നു. ആ മലയിലെ ചുരങ്ങളും വഴികളും ബീഹാറിനേയും ബംഗാളിനേയും പരസ്പരം ബന്ധിപ്പിച്ചു.  ഈ വഴികളെ ആശ്രയിച്ചിരുന്ന നിരവധി കച്ചവടക്കാർ പഹാഡിയ തലവന്മാർക്ക് ചെറിയ ഒരു തുക പ്രതിഫലമായി നൽകിയിരുന്നു. പണം ലഭിച്ചാൽ വ്യാപാരികളുടെ ചരക്കുകൾ കൊള്ളയടിക്കപ്പെടാതെ ആ തലവൻമാർ സംരക്ഷിച്ചു പോന്നു. അതുപോലെ, സമതലപ്രദേശങ്ങളിലെ ജമീന്ദാർമാരും അവർക്ക് പതിവായി കപ്പം നൽകിയിരുന്നു.

ഈ സമ്പ്രദായങ്ങളൊന്നും ഔദ്യോഗിക ശമ്പളവ്യവസ്ഥ ആയിരുന്നില്ല; മറിച്ച് പഹാഡിയരുടെ പ്രാദേശിക അധികാരവും മലമ്പാതകളിലുള്ള സ്വാധീനവും അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക-രാഷ്ട്രീയ ധാരണയായിരുന്നു. അങ്ങനെ ജീവിച്ച രാജ്മഹൽ കുന്നുകളിലെ മനുഷ്യർക്ക് അവരുമായി ഒരു ബന്ധവുമില്ലാത്ത ഭരണസമ്പ്രദായത്തെ അംഗീകരിക്കാൻ മനസ്സ് വന്നില്ല.

രാജ്മഹൽ കുന്നുകൾ ബംഗാളിന്റെ സമ്പത്ത്, ഗംഗാനദിയിലൂടെയുള്ള വ്യാപാരം, സൈനിക ഗതാഗതം, വനവിഭവങ്ങൾ, ഭൂനികുതി എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ ഒരു പ്രദേശമായിരുന്നു. ബംഗാളിലെ സമതലപ്രദേശങ്ങളെയും കുന്നിൻപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പ്രദേശത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. അതുകൊണ്ടുതന്നെ കൊളോണിയൽ അധിനിവേശ ശക്തികൾക്ക് പലരീതിയിലും ഈ പ്രദേശം പ്രധാനപ്പെട്ടതായിരുന്നു.[5]

മുഗൾ രാജാക്കന്മാർക്കും ബംഗാളിലെ നവാബിനും പൂർണമായി നിയന്ത്രിക്കാൻ കഴിയാതിരുന്ന ഈ പ്രദേശം ഭൂശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും അവിടുത്തെ ജനങ്ങൾക്കിടയിലെ ഐക്യംകൊണ്ടും ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് ഒരു ബാലികേറാ മലയായി നിലകൊണ്ടു.

കൊളോണീയൽ ശക്തികൾ 1770 മുതൽ പലരീതിയിലും രാജമഹൽ കുന്നുകളെ ആക്രമിച്ചു. രാജ്മഹൽ കുന്നുകളിലെ സൗരിയ പഹാഡികൾ ബെറോ ഗോസായ്യയോട്[6] പ്രാർത്ഥിച്ച് ജിവേ ഉർക്യാവിന്റെ[7] അനുഗ്രഹം അപേക്ഷിച്ച് പൗ ഗോസായിക്ക്[8] മഹുവാ പൂക്കൾ നേർന്ന് യുദ്ധത്തിനായി ഒരുങ്ങി. മാൽപഹാഡിയർ ധർമേർ ഗോസായിയോടും[9] പ്രാർത്ഥിച്ച് അവരോടൊപ്പം ചേർന്നു.  തങ്ങളുടെ പട്ടാളക്കാർ രാജ്മഹൽ കുന്നുകളിൽ അവരുടെ അടയാളങ്ങൾ നാട്ടുന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വപ്നം കണ്ടു.

1770-കളുടെ തുടക്കത്തിൽതന്നെ രാജ്മഹൽ കുന്നുകളിൽ പലയിടങ്ങളിലും ഈസ്റ്റ്‌ ഇന്ത്യ കമ്പനി വലിയ രീതിയിലുള്ള മനുഷ്യക്കുരുതികൾ നടത്താൻ തുടങ്ങി. സ്ത്രീകളും കുട്ടികളും ക്രൂരമായി കൊലചെയ്യപ്പെട്ടു. പഹാഡിയരെല്ലാവരും അമ്പും വില്ലും കുന്തങ്ങളുമായി ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ പോരാടാൻ തുടങ്ങി. എങ്കിലും അതിശക്തമായ പഹാഡിയരുടെ പ്രതിരോധം കാരണം ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് രാജ്മഹൽ കുന്നുകളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിഞ്ഞില്ല.

ബംഗാളിനെ മുഴുവൻ മഹാക്ഷാമം വിഴുങ്ങാൻ തുടങ്ങിയ കാലമായിരുന്നു അത്.

(തുടരും)
………………..

[1] 1765 ഓഗസ്റ്റ് 12-ന് മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമൻ ബംഗാൾ, ബിഹാർ, ഒഡിഷ എന്നീ പ്രവിശ്യകളുടെ ദിവാനി (റവന്യൂ ഭരണാവകാശം) ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നൽകുന്ന ഫർമാൻ പുറപ്പെടുവിച്ചു. C. U. Aitchison, A Collection of Treaties, Engagements and Sanads, vol. 2

[2] Battle of Buxar (1764), Treaty of Allahabad (1765), Grant of Diwani to the East India Company, 12 August 1765. മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനിൽനിന്ന് കമ്പനിക്ക് ലഭിച്ച ദിവാനി അധികാരത്തെക്കുറിച്ചുള്ള ചരിത്രരേഖകൾ. ബ്രിട്ടീഷ് ലൈബ്രറിയിലെ India Office Records-ലും ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാണ്.

[3] Romila Thapar et al., Themes in Indian History, Part III, NCERT, അധ്യായം: “Colonialism and the Countryside”, ഭാഗം: “In the Hills of Rajmahal”. പഹാഡിയരുടെ ജീവിതം, ബ്രിട്ടീഷ് സൈനികനടപടികൾ, 1770-കളിലെ അടിച്ചമർത്തൽ, 1780-കളിലെ അഗസ്റ്റസ് ക്ലീവ്‌ലാൻഡിന്റെ അനുനയനയം എന്നിവയ്ക്ക് ഈ അധ്യായം പ്രധാനപ്പെട്ട അവലംബമാണ്.

[4] Francis Buchanan (പിന്നീട് Buchanan-Hamilton), 1810–1811 കാലത്തെ രാജ്മഹൽ പ്രദേശത്തെ യാത്രാവിവരണങ്ങളും സർവേ രേഖകളും. ഇവയുടെ അടിസ്ഥാനത്തിൽ NCERT-യുടെ “Colonialism and the Countryside” അധ്യായം പഹാഡിയരുടെ വനവിഭവശേഖരണം, മഹുവ, പട്ടുനൂൽപ്പുഴുക്കളുടെ കൊക്കൂണുകൾ, റെസിൻ, കരി നിർമാണം, കൈമാറ്റവ്യാപാരം എന്നിവ വിവരിക്കുന്നു.

[5] K. Sivaramakrishnan, Modern Forests: Statemaking and Environmental Change in Colonial Eastern India, Stanford University Press, 1999. കൊളോണിയൽ ഭരണസംവിധാനവും വനവിഭവങ്ങളുടെ നിയന്ത്രണവും കൃഷിവികസനവും കിഴക്കൻ ഇന്ത്യയിലെ സാമൂഹിക-പാരിസ്ഥിതിക മാറ്റങ്ങളും പഠിക്കുന്ന പ്രധാനപ്പെട്ട ചരിത്രപഠനം.

[6] സൗരിയ പഹാഡിയരുടെ സൂര്യദേവൻ.

[7] സൗരിയ പഹാഡിയർ അവരുടെ പൂർവീകരെ ദൈവമായി കാണുന്നു. ആ പൂർവീകരെ വിളിക്കുന്ന പേര്.

[8] വഴികളുടെ ദേവത.

[9] സൂര്യദേവൻ.