എസ്. പി. ബാലസുബ്രഹ്മണ്യം കോവിഡ്-19 ബാധിച്ച് അവസാനമായി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ, വ്യക്തിപരമായ ഉത്കണ്ഠക്കപ്പുറത്ത് രണ്ട് ദൗത്യങ്ങൾ എൻ്റെ രാത്രികളിൽ കനത്തു തൂങ്ങിയിരുന്നു. ഒന്ന്, കാംപസിലെ ദിവസങ്ങൾ തൊട്ട് ഈ ഗായകൻ്റെ ഉറ്റ സുഹൃത്തായിരുന്ന യൂഎൻഎം (യൂ.എൻ. മൂർത്തി) എന്ന ഹൈദരാബാദുകാരനെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കൽ. രണ്ട്, ജീവരക്ഷായന്ത്രങ്ങൾ (life support machines) ശരിക്കും എന്താണ് ചെയ്യുന്നതെന്ന് അന്വേഷിക്കൽ. ഈ അന്വേഷണത്തിലെ കണ്ടെത്തൽ ഇപ്പോൾ മറ്റൊരു സന്ദർഭത്തിൽ മുഖരമാകുന്നു.
"എന്തുകൊണ്ടാണ് നാം മരണത്തെ പേടിക്കുന്നത്?" റീസർച്ഗേറ്റിൽ മറിയ ബെറ്റെൻകോർ പിറെസ് (നോവ സർവകലാശാല, ലിസ്ബൻ) ഒരിക്കൽ ചോദിച്ച ചോദ്യമാണിത്.
എൻ്റെ മറുപടി ഇതായിരുന്നു: " ഞാൻ മരണത്തെ പേടിക്കുന്നില്ല. എനിക്ക് മരണം ഇല്ല." / സമീപഭൂതത്തിലെ ചില ശാസ്ത്രീയ പരീക്ഷണങ്ങളിലെ തെളിവുകൾ ഒരു വാദത്തിന് ആമുഖമാക്കുകയായിരുന്നു ഞാൻ. അതിനു മുൻപ് തത്ത്വചിന്തകർ പറയുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
ലുഡ്വിഗ് വിറ്റ്ഗൻസ്റ്റൈൻ്റെ ഒരു പ്രസ്താവത്തിലെ ഒന്നാം വാചകം എന്നെ അമ്പരപ്പിക്കുകയുണ്ടായി. "ജീവിതത്തിലെ ഒരു സംഭവമല്ല മരണം." എന്ത്, ഒരു തത്ത്വചിന്തകൻ ഇത്രത്തോളം എത്തുമോ! പക്ഷേ തുടർന്നുള്ള വാചകങ്ങളിൽ, വിറ്റ്ഗൻസ്റ്റൈൻ എന്നെ നിരാശപ്പെടുത്തി. അദ്ദേഹം നൽകുന്ന നിർദ്ദേശം വളരെ സാധാരണമാണ്: വർത്തമാനത്തിൽ ജീവിക്കൽ! നൂറ്റാണ്ടുകൾക്കു മുൻപ് പ്ളേറ്റോ പതിവനുസരിച്ച് കൂടുതൽ ക്രിയാത്മകമായി പറഞ്ഞിരുന്നു, "തത്ത്വചിന്തകർ മരിക്കൽ പരിശീലിക്കുന്നു."
വർത്തമാനത്തിൽ ജീവിക്കുന്നവർ മരണത്തെ ഭയക്കുന്നു; മരണചിന്തകളെ അകറ്റി നിർത്തുന്നു. ഭൂരിപക്ഷം ആളുകളും വർത്തമാനത്തിലാണ് ജീവിക്കുന്നത്. സ്വാഭാവിക ജീവിതശൈലി ഇതാണെന്ന് പലർക്കും തോന്നുന്നത് എന്തുകൊണ്ട്? മസ്തിഷ്ക ശാസ്ത്രത്തിലെ പുതിയൊരു കണ്ടെത്തലിൽ ഉത്തരമുണ്ട്: മനുഷ്യ മസ്തിഷ്കം മരണത്തെ അംഗീകരിക്കുന്നില്ല! — മറ്റെവിടെയോ/മറ്റാർക്കോ സംഭവിക്കുന്നതാണ് മരണം!
ആപേക്ഷികമായെങ്കിലും കൂടുതൽ വ്യക്തമായി നാം മരണം എന്തെന്ന് അറിയേണ്ടതാണ്. മസ്തിഷ്ക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ഈ സന്ദർഭത്തിലും സഹായകമാകും.
മസ്തിഷ്ക മൃത്യു (brain death) ഇതര അബോധാവസ്ഥകളിൽ നിന്ന് വ്യത്യസ്തമാണ്. ഒരുദാഹരണം കോമ. ഗാഢമായ നിദ്രയ്ക്ക് സമാനമാണ് കോമ, പക്ഷേ ബാഹ്യ ഉത്തേജനങ്ങൾക്കൊന്നും മസ്തിഷ്കത്തെ ഉണർത്താനോ ജാഗ്രതയിലേക്ക് പ്രേരിപ്പിക്കാനോ കഴിയില്ല. പക്ഷേ കോമയിലായ വ്യക്തി മരിച്ചിട്ടില്ല. ജീവിതം വീണ്ടെടുക്കൽ സാധ്യമാണ് — ചിലപ്പോൾ പൂർണ്ണമായിപ്പോലും.
'വെജിറ്റേറ്റീവ്' എന്ന അവസ്ഥ മസ്തിഷ്ക മൃത്യുവാണെന്ന് തോന്നിക്കാം. ആശയക്കുഴപ്പമുണ്ടാക്കാം. പക്ഷേ ഈ അവസ്ഥകൾ സമാനമല്ല. സ്ഥിരമായ 'വെജിറ്റേറ്റീവ്' അവസ്ഥയിൽ ഉയർന്ന മസ്തിഷ്ക പ്രവർത്തനങ്ങൾ ഒരു വ്യക്തിക്ക് നഷ്ടപ്പെടുന്നു. പക്ഷേ ശരീരത്തിൽ ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ അവശ്യ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുന്നത്രയും അയാളുടെ മസ്തിഷ്കം പ്രാപ്തം. സമയം ലഭിക്കുകയാണെങ്കിൽ ഒരു പരിധിവരെ അയാൾ സുഖം പ്രാപിച്ചേക്കാം. മസ്തിഷ്ക മൃത്യുവാകട്ടെ വ്യക്തിയുടെ മരണമാണ്.
കേൾക്കുമ്പോൾ അസംബന്ധമെന്ന് തോന്നുമെങ്കിലും വളരെ കൃത്യമായ ഭാഷയിൽ പറഞ്ഞാൽ, ഞാൻ മരിച്ചതിനു ശേഷമാണ് വാസ്തവത്തിൽ എൻ്റെ മരണം സംഭവിക്കുന്നത്. ജീവിതത്തിൻ്റെ ഭാഗമല്ല മരണം. അതുകൊണ്ടാണ് ഞാൻ റീസർച്ഗേറ്റിൽ മറിയയോട് പറഞ്ഞത്, "എനിക്ക് മരണം ഇല്ല."
അമരത്വത്തെക്കുറിച്ചൊരു മൂഢസങ്കല്പം ഇതിലില്ല. 1990ൽ എഴുതിയൊരു കവിതയിൽ ഞാൻ പറഞ്ഞിരുന്നു, മരണം ശരിക്കും ഒരു അവസാനമാണ്. ലില്ലി ചെറിയാൻ (21) സൂചിപ്പിച്ചൊരു വിവാഹ ബിംബം, 'ബൂകേ റ്റോസ്' എന്ന ആചാരം, സ്ഥലം പിടിക്കുന്നതുകൊണ്ടാണ് ആ കവിതയിലെ ചില വരികൾ ഞാൻ പ്രത്യേകിച്ചും ഓർക്കുന്നത്.
മരണം ഒന്നും തെളിയിക്കുന്നില്ല,
വെളിപ്പെടുത്തുന്നില്ല — അതിൻ്റെ അന്യാശ്രയത്വമൊഴികെ.
പുറകോട്ട് പൂച്ചെണ്ടെറിയുന്ന പാശ്ചാത്യവധുവെപ്പോലെ
അടുത്ത ഊഴം ആരുടേതെന്നു പോലും
അത് സൂചിപ്പിക്കുന്നില്ല.
ഒന്നും അപ്പുറത്തേക്ക് പോകുന്നില്ല.
പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നു.
ആർക്കോ ഊഴമുണ്ട്; അതുവരെ
ഒരു അരണയുടെ മറവിയിൽ
നാം ജീവിക്കുന്നു.
"ഒന്നും അപ്പുറത്തേക്ക് പോകുന്നില്ല".എന്ന വരി എഴുതുമ്പോൾ തീർച്ചയായും ഭൗതികശാസ്ത്രത്തിലെ തമോഗർത്തം (blackhole) എൻ്റെ അവബോധത്തിൽ ഉണ്ടായിരുന്നു. സ്റ്റീവൻ ഹോക്കിങ്ങിൻ്റെ ഭാഷ്യമനുസരിച്ചെങ്കിലും തമോഗർത്തത്തിൽ എത്തുന്നതൊന്നും നിലനിൽക്കില്ല, മറ്റെവിടെയും എത്തുകയുമില്ല. അത്രത്തോളം മരണം ഒരു തമോഗർത്തമാണ്.
"ജീവിതത്തിൻ്റെ ഭാഗമല്ല മരണം" എന്ന നിരീക്ഷണം ആധുനികമാകുന്നത് അതിന്നാധാരം ചരമശയ്യകളിലും വെൻറ്റലെറ്ററുകളിലും കിടന്നിരുന്ന പല രോഗികളുടെ അന്ത്യ നിമിഷങ്ങളിലെ മസ്തിഷ്ക വ്യാപാരങ്ങളുടെ തത്സമയ വിവരവ്യവസ്ഥ ആയതുകൊണ്ടാണ്. വെറും ഒരു ആശയമെന്ന നിലയിൽ ഇതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് — എപക്യൂറസിൻ്റെ കാലത്തോളം.
എപക്യൂറസ് ഇങ്ങനെയാണ് പറഞ്ഞത്: നാം നിലനിൽക്കുമ്പോൾ മരണം സന്നിഹിതമല്ല; മരണം സന്നിഹിതമാകുമ്പോൾ നാം നിലനിൽക്കുന്നില്ല. ഈ വഴിക്ക് ചിന്തിച്ചാൽ, ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ മരണം പ്രസക്തമല്ല!
ജീവരക്ഷായന്ത്രങ്ങൾ: അന്ത്യവ്യാമോഹം ഒഴിവാക്കൽ
ഒരു വ്യക്തിയുടെ ശ്വസനവും ഹൃദയമിടിപ്പുകളും നിലനിർത്തുന്നതിനാൽ, സ്പർശനത്തിൽ ഊഷ്മളമാണ് ജീവരക്ഷായന്ത്രങ്ങൾ. ആകയാൽ ആ വ്യക്തി ഇപ്പോളും ജീവിച്ചിരിപ്പുണ്ടെന്ന മിഥ്യാധാരണ ഈ ഉപാധികളെ തൊടുന്നവരിൽ ഉളവാകാം, ആ ധാരണ അനായാസമായി ചുറ്റുമുള്ളവരിലേക്ക് പടരാം. വ്യക്തി അബോധാവസ്ഥയിലാണെന്നും, ആവശ്യമായ സമയമോ ചികിത്സയോ ലഭിക്കുമെങ്കിൽ ഉണർന്നെഴുന്നേൽക്കാമെന്നും കുടുംബാംഗങ്ങൾ തെറ്റായ പ്രതീക്ഷ പുലർത്തിയേക്കാം.
ഇവിടെയാണ്, ഈ നിമിഷത്തിലാണ്, കാലത്തിൻ്റെ ഒരു ചട്ടക്കൂടിലായ പ്രതീതിയിൽ പ്രിയപ്പെട്ട യൂഎൻഎം എൻ്റെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നത്. എസ്. പി. ബാലസുബ്രഹ്മണ്യത്തിനും എനിക്കും ഇടയിലെ കണ്ണിയായിരുന്ന യൂഎൻഎം എന്ന വ്യവസായ സംഘാടകനെ ഞാൻ പരിചയപ്പെടുന്നത് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ഞായറാഴ്ച തോറും ഞാൻ എഴുതിയിരുന്ന 'സീബ്ര ക്രോസിങ്' എന്ന പംക്തിയുടെ വായനക്കാരനായിട്ടായിരുന്നു.

എസ്.പി. മരിച്ചതിനു ശേഷം ഏതാനും മാസങ്ങളോളമേ 'സീബ്ര ക്രോസിങ്' തുടർന്നുള്ളൂ. ആയിരാമത്തെ ലക്കത്തോടെ ഞാൻ എൻ്റെ പംക്തി ഉപസംഹരിച്ചത് യൂഎൻഎമ്മിനെ വിഷമിപ്പിച്ചു. "എന്തിനാണ് മേതിൽ ഇങ്ങനെ ചെയ്തത്? നിങ്ങളുടേതിനു പകരം ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസ് കയറ്റിയിടുന്ന പംക്തി എന്നെ ഒട്ടും ഉത്തേജിപ്പിക്കുന്നില്ല. എനിക്ക് വല്ലാത്ത മടുപ്പ് തോന്നുന്നു."... ഇങ്ങനെ പല കത്തുകൾ. ഏതാനും മാസങ്ങൾക്ക് ശേഷം ഒരു തരം സൂചനയും നൽകാതെ യൂഎൻഎം മരിച്ചു.
യൂഎൻഎം അയച്ചിരുന്ന കത്തുകൾ ഇന്നും ഞാൻ ജിമെയിലിൽ ഇടക്കിടെ വായിക്കാറുണ്ട്. എന്നെങ്കിലും ഒരു പ്രഭാതത്തിൽ അദ്ദേഹത്തിൻ്റെ പുതിയൊരു കത്ത് എന്നെ ആശ്ചര്യപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ട്. യൂഎൻഎമ്മിൻ്റെ മരണം എന്നെന്നേക്കുമായാണെന്ന് എനിക്കറിയാം. ഒരു പ്രഭാതത്തിൽ, "നമ്മുടെ ബാല തിരിച്ചുവരും, മേതിൽ" എന്ന് യൂഎൻഎം ആവേശത്തോടെ ഫോണിൽ വിളിച്ചു പറയുമ്പോൾ, ബാല മരിച്ചുകഴിഞ്ഞെന്ന് എനിക്കറിയാമായിരുന്നു. ഞാൻ യൂഎൻഎമ്മിനോട് പറഞ്ഞില്ലെന്നു മാത്രം.
ഹോസ്പിറ്റലിലെ ജീവരക്ഷായന്ത്രങ്ങൾ നൽകിയ പ്രത്യാശയിൽ, തൻ്റെ അവസാനത്തെ പ്രത്യാശയിലായിരുന്നു യൂഎൻഎം. പ്രശസ്ത ഗായകൻ്റെ മരണം മാധ്യമങ്ങൾ സ്ഥിരീകരിച്ചപ്പോൾ, രണ്ടു ദിവസങ്ങളോളം യൂഎൻഎം അന്തം വിട്ടു ചലിച്ചതും കിടന്നതും അവാസ്തവികതയുടെ ഒരു ലോകത്തിലായിരുന്നു.
മസ്തിഷ്ക മൃത്യു എന്തെന്ന് കൃത്യമായറിയാവുന്ന ഗവേഷകർ ഹോസ്പിറ്റലിലെ പ്രവർത്തകരോട് പറയുന്നു: ഈ മരണം അന്തിമമാണെന്നും, വ്യക്തി മരിച്ചെന്നും, വീണ്ടും ബോധം വീണ്ടെടുക്കാനുള്ള സാധ്യത ഇല്ലെന്നും കുടുംബാംഗങ്ങളെ നിങ്ങൾ വ്യക്തമായി അറിയിക്കേണ്ടതാണ്.
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം
Content Highlights: maythil radhakrishnan athmakadha avathe njan sp balasubrahmanyam death
Published: 12 Apr 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented