ആ ജ്ഞാനവാര്ദ്ധക്യത്തിന്റെ ഒറ്റ നോട്ടത്തില്‍ എന്റെ ആലസ്യങ്ങളുടെ നീണ്ട നഖങ്ങള്‍ കരിഞ്ഞുപോകുന്നു.

സാഹിത്യത്തിനുള്ള 2026-ലെ ബുക്കർ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പ്രസ്തുത വാർത്തയിൽ പ്രധാനമായും നിറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. എൺപത്തിയൊന്നാം വയസ്സിലാണ് ബ്രിട്ടീഷ് എഴുത്തുകാരനായ എം. ജോൺ ഹാരിസണ്‍ (M. John Harrison) പുരസ്കാരം ലഭിച്ചതെന്നതിനും ബുക്കർ സമ്മാനം ഏറ്റവും മുതിർന്ന പ്രായത്തിൽ ലഭിക്കുന്ന സാഹിത്യകാരനായി അദ്ദേഹമെന്നതുമായിരുന്നു ആദ്യ വാർത്താപ്രാധാന്യം. രണ്ടാമത്തെ പ്രാധാന്യം പുരസ്കാരത്തിനർഹമായ നോവൽ (The End of Everything) ഒരു സയൻസ് ഫിക്ഷൻ ആണെന്നതായിരുന്നു. നവംബർ ഒൻപതാം തീയതി ഇക്കൊല്ലത്തെ ബുക്കർ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തികച്ചും ആകസ്മികമെന്നോണം പറയട്ടെ, ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം 2026-ൽ ഒരു മലയാളി തൊണ്ണൂറ്റിയെട്ടാം വയസ്സിൽ എഴുതിയ പുസ്തകമായിരുന്നു. പ്രൊഫസ്സർ എം. ലീലാവതി എഴുതിയ 'ഭാരതാലോകം' എന്ന പുസ്തകം. കുറച്ചുമാസങ്ങൾക്കു മുൻപ് ഈ പംക്തിയിൽ എങ്ങനെയായിരിക്കണം ഒരാൾ വാർദ്ധക്യത്തിൽ ജീവിക്കേണ്ടത് എന്ന വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. 'ഭാരതാലോകം' എന്ന പുസ്തകം എന്റെ അന്വേഷണത്തിനുള്ള മറുപടിയായി ഇതാ മുന്നിലിരിക്കുന്നു. ജോൺ ഹാരിസൺ ലോകത്തെ ഞെട്ടിച്ചതിനേക്കാൾ കൂടുതൽ ആശ്ചര്യാഹ്ളാദങ്ങളാൽ ലീലാവതിടീച്ചർ എന്നെ ഞെട്ടിച്ചിരിക്കുന്നു. ഇത്രയും പ്രകാശമാനമായ വാർദ്ധക്യമനുഭവിച്ച മറ്റൊരു മലയാളി ഉണ്ടാകാനിടയില്ല. ആരോടും, അവനവനോടുപോലും കാലുഷ്യമില്ലാത്ത, ആത്മരതിയില്ലാത്ത, വെളിച്ചം നിറഞ്ഞ വാർദ്ധക്യത്തിന്റെ മഹനീയ മാതൃക. ജ്ഞാനതൃഷ്ണയുടെ വിമലാകാശത്തിനു കീഴിൽ ഒരു തരം ധൃതികളും അലട്ടാത്ത ഒരു ധിഷണാജീവിതത്തിനു മാത്രമേ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ഇങ്ങനെയൊരു മഹാഭാരത പര്യടനത്തിന് ഇറങ്ങിപ്പുറപ്പെടാൻ കഴിയൂ.
മലയാളം എന്ന ഭാഷയിൽ എഴുതിയതുകൊണ്ടാണ്, ജോൺ ഹാരിസന്റെ എൺപത്തിയൊന്ന് ലോകം അറിഞ്ഞതുപോലെ, ലീലാവതിടീച്ചറിന്റെ തൊണ്ണൂറ്റിയെട്ട് ലോകം അറിയാത്തത്. എന്നാൽ, എം. ലീലാവതിയുടെ ലോകമെന്നത് മലയാളഭാഷാലോകമാണെന്ന ഉത്തമബോധ്യം ഉള്ളതിനാൽ അതിനുപുറത്തുള്ള ലോകം അറിഞ്ഞില്ല എന്ന പരിഭവവും ആ വന്ദ്യമനീഷിയെ അലട്ടുന്നില്ല.
ഈ പ്രായത്തിൽ മഹാഭാരതത്തെക്കുറിച്ച് ഒരവോലകന ഗ്രന്ഥം രചിക്കുമ്പോൾ ഇതിഹാസത്തിന്റെ ഏത് അംശമായിരിക്കും എം. ലീലാവതിയെ ആഴത്തിൽ സ്പർശിക്കാനിട എന്നതറിയാനായിരുന്നു എന്റെ തൃഷ്ണ. ചെറുപ്പത്തിലോ മധ്യവയസ്സിലോ വർദ്ധക്യപ്രാരംഭത്തിലോ നമ്മെ ഒരു കൃതിയുടെ ഓർമ്മ സ്പർശിക്കുന്നതുപോലെയാകില്ലല്ലോ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ സ്പർശിക്കുക. എനിക്കറിയണമായിരുന്നു ടീച്ചറുടെ മനസ്സിൽ വ്യാസപ്രതിഭയുടെ രചനാവൈഭവമാണോ തിരയടിക്കുന്നത്, അതോ സൂക്ഷ്മദൃക്കായ ലീലാവതിയിൽ ജീവിതസായാഹ്നത്തിൽ ഭക്തിപാരവശ്യങ്ങൾക്ക് തിരയടികളുണ്ടോ, അതോ സ്വതവേ വാശികൾ നയിച്ച ആ ലോകത്തിൽ കുട്ടിക്കൃഷ്ണ മാരാരുടെ ഇതിഹാസ പര്യടനത്തിൽനിന്ന് ഒരു മാറിനടക്കലിനുള്ള പിടിവാശിയുണ്ടോ? ഇരുനൂറ്റിയെൺപതു പേജുകളുള്ള പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ടീച്ചർ ശ്രമിച്ചത് വ്യാസഭാരതത്തിലെ ധർമ്മാധർമങ്ങളുടെ കുരുക്കുകൾ അഴിക്കാനാണ് എന്നാണ്. എങ്കിൽതന്നെയും മാരാരുടെ ഭാരതയാത്രയെക്കുറിച്ചെന്ന് ധ്വനിപ്പിക്കുന്ന ഒരു വാചകമുണ്ടുതാനും.
അടുപ്പമുള്ള ആളുകളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങനെയൊരുദ്യമത്തിന് പുറപ്പെട്ടതെന്ന് ലീലാവതി ആമുഖത്തിൽ പറയുന്നുണ്ട്. അതിതാണ്: 'ശ്രീമഹാഭാരതത്തിന് മലയാളത്തിൽ സംഗ്രഹങ്ങളും നവയുഗാനുസൃതമായ വ്യാഖ്യാനങ്ങളും ഏറെയുണ്ടായിട്ടുണ്ട്. അന്തരീക്ഷ നിപുണരായ മഹാപണ്ഡിതർ നിർവഹിച്ച രചനകൾ വളരെയുള്ളപ്പോൾ പുതിയൊരു സമാരംഭത്തിന് എന്തുണ്ട് പ്രസക്തി? പാണ്ഡിത്യമൊന്നും അവകാശപ്പെടാനില്ലത്തെ ഒരുവൾ 98 വയസ്സു പിന്നിട്ടതിനുശേഷം അതിനു തുനിയുന്നത് തികച്ചും പരിഹാസ്യമല്ലേ? ഈ ന്യായമായ ശങ്കകൾ പുതിയതൊന്നു ചമയ്ക്കാനുള്ള പുറപ്പാട് ഒഴിവാക്കാനാണ് പ്രേരണയാകേണ്ടിയിരുന്നത്. എന്നിട്ടും എന്തിന് ഒരുങ്ങിയിറങ്ങി എന്ന ചോദ്യത്തിന് 'മറ്റു ചിലരുടെ നിർബന്ധം കൊണ്ട്' എന്ന മറുപടി ഒരു കപടവചനമല്ല.'
ആമുഖചിന്തകൾ അവസാനിക്കുന്നിടത്ത് ടീച്ചർ പറയുന്നുണ്ട്, ദുര്യോധനന്റെ ദുർവാശി അധർമ്മമാണെന്ന് പ്രഖ്യാപിക്കെത്തന്നെ, അദ്ദേഹത്തിനുവേണ്ടി എതിർപക്ഷത്തോട് ഭീഷ്മർ വീറോടെ പൊരുതിയതാണ് ഏറ്റവും വലിയ സമസ്യയെന്ന്. ധർമ്മവും അധർമ്മവുമാണ്, അവയുടെ ഉൾപ്പിരിവുകളാണ്, അവയുടെ അവ്യക്തവിസ്തൃതികളാണ് ഈ പുസ്തകത്തിലെ കഥനത്തിന്റെ അസ്തിവാരം. ധർമ്മത്തെക്കുറിച്ചുള്ള ആലോചനകളാണ് ജീവിതസായാഹ്നത്തിന്റെ ഉത്തമമായ ഉത്തരാർദ്ധത്തിൽ എം. ലീലാവതിയെ പ്രകാശവതിയാക്കുന്നത്. 'ഭാരതാലോകം' എന്ന വാങ്മയപ്രഭാവത്തിന്റെ അർത്ഥം മഹാഭാരതത്തിന്റെ പ്രകാശം എന്നാണ്, മറ്റൊരർത്ഥത്തിൽ വായിച്ചാൽ മഹാഭാരതത്തിന്റെ അദൃശ്യലോകമെന്നുമാണ്.
അസാധാരണരായി ജനിക്കുന്നവരാണ് പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ പടിഞ്ഞാറൻ ലോകത്താണെങ്കിലും കിഴക്കൻ ലോകത്താണെങ്കിലും. പുരുഷനും സ്ത്രീയും ഇണചേർന്ന് ഉണ്ടാകുന്ന സാധാരണ വ്യക്തിയുടെ ധർമ്മാനുഷ്ഠാനരീതികൾ ഇത്തരം അസാധാരണക്കാരിൽനിന്ന് പ്രതീക്ഷിക്കവയ്യ എങ്കിലും മനുഷ്യസാധാരണമായ ധർമ്മബോധങ്ങൾ അവരിൽ ആരോപിക്കുക സർവസാധാരണമാണ്. ഈ പ്രഹേളികയെയാണ് ലീലാവതി ടീച്ചർ അനുധാവനം ചെയ്യുന്നത്.
ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി സൂര്യനെ കാമിച്ച് ദിവ്യഗർഭം ധരിച്ച സ്ത്രീയുടെ മകൻ ആ സ്ത്രീ ഇന്ദ്രനെ കാമിച്ച് ദിവ്യഗർഭം ധരിച്ച് പ്രസവിച്ച മകന്റെ ശത്രുവാകുമ്പോൾ, തീയും മഴയും തമ്മിൽ പോരാടുമ്പോൾ, ഗ്രന്ഥകർത്താവായ വേദവ്യാസൻതന്നെ കഥാപാത്രമായി ഇടയ്ക്കു കയറി നിൽക്കുമ്പോൾ അവയിലൂടെയെല്ലാം നൂലോടുന്ന മനുഷ്യധർമ്മചോദനകളാണ് ഈ പുസ്തകത്തെ എന്നെ സംബന്ധിച്ചിടത്തോളം ആകർഷണീയമാക്കുന്നത്. മനുഷ്യനന്മയെ ലാക്കാക്കിയാണ് അമാനുഷരെ, അയോനിജരെ ലീലാവതി ടീച്ചർ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
ഭാരതകർത്താവിന്റെ ജനനകഥതന്നെ എത്ര വിചിത്രം. കോലാഹലൻ എന്ന പർവ്വതത്തിന്റെയും ശുക്തിമതി എന്ന പുഴയുടെയും മകളായ ഗിരികയുടെ ഭർത്താവായിരുന്ന ഉപരിചരവസു എന്ന ചേദിരാജാവ് നായാട്ടിനുപോയപ്പോൾ കാനനഭംഗിയോട് കാമം തോന്നി സ്ഖലിച്ച രേതസ്സ് ഒരു പരുന്തിനെ ഏൽപ്പിച്ചു, ഭാര്യയിലെത്തിക്കാൻ. പരുന്തിൽനിന്ന് താഴെവീണ രേതസ്സു കഴിച്ച പെൺമത്സ്യം പ്രസവിച്ച രണ്ടു കുട്ടികളിൽ ഒരാളാണ് മഹാഭാരത കർത്താവ്. ഇത്തരം കഥകളുടെ മാസ്മരികതയിലല്ല പക്ഷേ എം. ലീലാവതിയുടെ ജ്ഞാനധന്യവാർദ്ധക്യം മുഴുകുന്നത്. എല്ലാ മാസ്മരികതകളോടും കൂടി മുപ്പത് അദ്ധ്യായങ്ങളിലൂടെ കഥകൾ പറഞ്ഞുപോകുമ്പോഴും മനുഷ്യലോകത്തെ നിലനിർത്തുന്ന നിരുപാധികമായ ഒരു സ്നേഹതത്വമുണ്ടെന്ന് പറഞ്ഞുറപ്പിക്കാനാണ് പുസ്തകം ശ്രമിക്കുന്നത്.
ഏതെങ്കിലും വിധത്തിലുള്ള അധികാരങ്ങൾ കയ്യാളുന്നവർ എല്ലാംതന്നെ അധർമ്മങ്ങളെ ന്യായീകരിക്കുവാനായി പറയുന്ന ഒരു വിചിത്രന്യായം ഈ പുസ്തകത്തിൽ പലവുരു കടന്നുവരുന്നുണ്ട്, അത് 'ധർമ്മത്തിന്റെ ഗതി നിഗൂഢമാണെ'ന്നതാണ്. ഈ നിഗൂഢതയുടെ അവ്യക്തപ്രദേശത്താണ് യുധിഷ്ഠിരനാകട്ടെ ധൃതരാഷ്ട്രരാകട്ടെ, ശ്രീകൃഷ്ണനാകട്ടെ, ഭീഷ്മരാകട്ടെ, വ്യാസനാകട്ടെ, ദുര്യോധനനാകട്ടെ, അർജുനനാകട്ടെ, ഭീമനാകട്ടെ അധർമ്മങ്ങൾ പ്രവർത്തിച്ചത്, അല്ലെങ്കിൽ അധർമ്മങ്ങൾക്ക് കൂട്ടുനിന്നത്. ധർമ്മത്തിന്റെ ഗതി നിഗൂഢമാണെന്ന് പറയാത്ത കഥാപാത്രങ്ങൾ സ്ത്രീകൾ മാത്രമാണ്, അത് ഗാന്ധാരിയാകട്ടെ, കുന്തിയാകട്ടെ, ദ്രൗപദിയാകട്ടെ, ദുശ്ശളയാകട്ടെ.
ദ്രോണാചാര്യരുടെ പ്രതിമയുണ്ടാക്കി അതിനെ ഗുരുവായി വരിച്ച് ശസ്ത്രവിദ്യ അഭ്യസിച്ച ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണയായി ചോദിച്ച ധർമ്മത്തിൽ എന്ത് ഗുരുധർമ്മമാണുള്ളതെന്ന് ആലോചിക്കുന്ന വേളയിൽ ലീലാവതിടീച്ചർ പറയുന്നു:
'ഫലത്തിൽ ആ 'നീതിനിർവഹണം' വർണശ്രേണിയിൽ താഴെയുള്ളവരോട്, മീതെയുള്ളവർക്ക് എന്തു ക്രൂരതയും ചെയ്യാമെന്നും അത് നീതിയാണെന്ന് ലോകം അംഗീകരിക്കുമെന്നുമുള്ള ചങ്കൂറ്റത്തിന്റെ പൊട്ടിത്തെറിയാണ്. ഏകലവ്യന്റെ തല കൊയ്യാനുള്ള അധികാരം വിരൽ കൊയ്യലാക്കി ചുരുക്കിയത് ദ്രോണരുടെ 'ദാക്ഷിണ്യ'മാണെന്ന് വാദിച്ചു സ്ഥാപിക്കാൻ കഴിയുമെങ്കിലും, ധർമ്മനീതി പരിപാലനം വർണ്ണശ്രേണീബദ്ധമായിപ്പോയത് മനുഷ്യവർഗത്തിന് വന്നുചേർന്ന അധഃപതനത്തെ ദ്യോതിപ്പിക്കുന്നു.'
കൗരവരുടെ ഗൂഢാലോചനയിൽ അരക്കില്ലത്തിന് തീകൊടുത്ത് പഞ്ചപാണ്ഡവരെയും പാഞ്ചാലിയെയും വധിക്കാനുള്ള ഗൂഢാലോചന വന്നപ്പോൾ തുരങ്കമുണ്ടാക്കി രക്ഷപ്പെടുക മാത്രമല്ല ആറുപേർ ചെയ്തത്, ഒരു നിഷാദസ്ത്രീയെയും അഞ്ചുമക്കളെയും മദ്യം കൊടുത്ത് മയക്കിക്കിടത്തി അഗ്നിക്കിരയാക്കുകയും ചെയ്തു. കൗരവർ കരുതി പാണ്ഡവരും ദ്രൗപദിയും മരിച്ചെന്ന്. ഏകലവ്യന്റെ മുറിച്ചുമാറ്റപ്പെട്ട പെരുവിരൽപോലെ അധാർമ്മികമായിരുന്നില്ലേ ആ നിഷാദസ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും മരണങ്ങൾ? അരക്കില്ലത്തിൽ പാണ്ഡവരെ ചതിച്ചുകൊല്ലാനുള്ള ക്രൂരതയോട് ഭീഷ്മരും മറ്റു ഗുരുക്കന്മാരും പുലർത്തിയിരുന്ന മൗനം അനുവാദം തന്നെയാണെന്നും അത് അധാർമ്മികമാണെന്നും എം. ലീലാവതി പറയുന്നുണ്ട്. പുസ്തകത്തിൽ മാർദ്ദവമില്ലാത്ത വിമർശനത്തിന് വിധേയനാകുന്ന ഒരാൾ ഭീഷ്മപിതാമഹൻ തന്നെയാണ്. പല ഘട്ടങ്ങളിൽ ലീലാവതിടീച്ചർ ഭീഷ്മരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നുണ്ട്. ഒരു ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:
'തന്നെ വകവെക്കാത്ത ധാർത്തരാഷ്ട്രനെ പിന്നീട് യുദ്ധത്തിൽ പിന്തുണയ്ക്കുന്നത് ഭീഷ്മരുടെ കർത്തവ്യബദ്ധതയാലാണെന്ന് വാഴ്ത്തപ്പെടുന്നു. പക്ഷേ, വേണ്ടപ്പോൾ വേണ്ടതു ചെയ്യാതിരുന്നതാണ് വംശനാശത്തിന്റെ മൂലമായി പരിണമിച്ചതെന്ന വസ്തുത അവശേഷിക്കുന്നു. നിത്യബ്രഹ്മചര്യവ്രതം ലംഘിച്ചില്ലെന്നും സത്യം പാലിക്കുന്നതിൽ ശ്രീരാമനേക്കാൾ ഉന്നതനാണെന്നും മറ്റുമുള്ള നിരീക്ഷണങ്ങൾ നിലവിലുണ്ട്. എന്നാൽ, രാജ്യം ഉപേക്ഷിച്ച അദ്ദേഹം എന്തിനാണ് രാജഭോഗങ്ങൾ അനുഭവിച്ചുംകൊണ്ടും കൊട്ടാരത്തിൽ ഭരണനിർവഹണത്തിന്റെ കടിഞ്ഞാൺ പിടിച്ചുംകൊണ്ടും കഴിഞ്ഞുകൂടിയത്? രാജ്യവും രാജഭോഗങ്ങളും പൂർണമായി ത്യജിക്കാൻ സന്നദ്ധനായിരുന്നെങ്കിൽ, സത്യവതീപുത്രന്മാർക്ക് വധുക്കളെ ബലാദപഹരിക്കാൻ അദ്ദേഹം സന്നദ്ധനായതെന്തിനാണ്? അവിടെ ക്ഷത്രിയധർമ്മാനുഷ്ഠാനം പോലുമുണ്ടായില്ല. കന്യാപഹരണം ക്ഷത്രിയന്മാർക്ക് വിധിച്ചിട്ടുള്ളത് വരണം ലക്ഷ്യമാകുമ്പോഴാണ്. ഭീഷ്മരാകട്ടെ ക്ഷത്രിയവീര്യം ഇല്ലാത്തവർക്ക് ഭോഗത്തിനായിട്ടാണ് കാശിരാജപുത്രിമാരെ അവരുടെ ഇംഗിതമാരായാതെ അപഹരിച്ചത്. ആ അധർമ്മത്തിന്റെ ഫലം അദ്ദേഹത്തെ അന്ത്യംവരെ വേട്ടയാടുകയും ചെയ്തു.'
പിൽക്കാലത്ത് കൗരവസഭയിൽ ഭീഷ്മർ പുലർത്തിയ അധാർമ്മികമൗനങ്ങളെയും ലീലാവതി ടീച്ചർ നഖശിഖാന്തം വിമർശിക്കുന്നുണ്ട്. സ്വയം പണയപ്പെട്ട ധർമ്മപുത്രർക്ക് എങ്ങനെയാണ് ഭാര്യയെ പിന്നീട് പണയം വെയ്ക്കാൻ അധികാരം കിട്ടുന്നതെന്ന ധാർമ്മികപ്രശ്നം ദ്രൗപദിതന്നെ ഉന്നയിക്കുമ്പോൾ ഭീഷ്മർ പറഞ്ഞതു നോക്കൂ: 'ഭദ്രേ! ധർമ്മതത്വം സൂക്ഷ്മമാണ്. സ്വതന്ത്രനല്ലാത്തവന് പണയപ്പെടുത്താനധികാരമില്ല; എന്നാൽ, സ്ത്രീ ഭർത്താവിനധീനയാണ്. യുധിഷ്ഠിരൻ ധർമ്മമാർഗം വെടിയുകയില്ല. ശകുനിയുടെ കളിയിലെ ചതി അയാൾ ഗൗനിക്കുന്നില്ല.'
ധർമ്മിഷ്ഠനായ യുധിഷ്ഠിരനോട് അദൃശ്യനായ യക്ഷൻ ചോദ്യങ്ങളുടെ ശരവർഷമെയ്തപ്പോൾ പറഞ്ഞ ഒരുത്തരമാണ് പിന്നീട് പ്രശസ്തമായ വചനം 'ധർമ്മോ രക്ഷതി രക്ഷിതാഃ' (രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കാനെത്തും) എന്നത്. എന്നാൽ, ആ ധർമ്മപുത്രരോട് മാർക്കണ്ഡേയൻ ഒരു ചിരിയോടുകൂടി പറയുന്നുണ്ട് ധർമ്മാനുഷ്ഠാനമെന്ന പേരിൽ നിങ്ങൾ ചെയ്യുന്നത് അധർമ്മാനുഷ്ഠാനമാണെന്ന്.
പുസ്തകത്തിൽ മറ്റൊരവസരത്തിൽ ലീലാവതി ടീച്ചർ പറയുന്നുണ്ട്: 'ബലമുള്ളവർ പറയുന്നതെന്തോ അതാണ് ധർമ്മമെന്ന് ലോകർ കരുതുന്നു. ബലഹീനർ ധർമ്മം വ്യക്തമാക്കിയാലും അത് ലോകധർമ്മമായി കരുതുന്നില്ല.'
കർണ്ണ-കൃഷ്ണ സംവാദത്തിലാണ് പാണ്ഡവവിജയം കർണ്ണൻ പ്രവചിക്കുന്ന ഭാഗമുള്ളത്. അപ്പോഴാണ് പ്രശസ്തമായ ഈ വാചകം വരുന്നത്, 'യതോ ധർമ്മസ്തതോ ജയഃ' ധർമ്മമെങ്ങോ അവിടെയാണ് ജയമെന്ന്.
എന്നാൽ, പിന്നീട് വന്ന കർണ്ണവധത്തിലും ദ്രോണവധത്തിലും ഭീഷ്മരുടെ യുദ്ധവിരാമത്തിലും ദുര്യോധനന്റെ വീഴ്ചയിലും ധർമ്മവും അധർമ്മവും കണ്ടാൽ തിരിച്ചറിയാത്തവിധം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംഗമിക്കുന്നത് എണ്ണമിട്ട് ലീലാവതി നിരത്തുന്നുണ്ട്.
വർഷങ്ങളോളം കെട്ടിവെച്ചിരുന്ന കണ്ണുതുറന്ന് യുദ്ധക്കളത്തിലെത്തിയ ഗാന്ധാരി ധർമ്മപുത്രരുടെ മുന്നിൽ വന്നുനിന്നു. മുഖം കുനിച്ചു നിന്ന ഗാന്ധാരി ധർമ്മപുത്രരുടെ കാലിലെ നഖത്തിൽ ഒന്നു നോക്കിയപ്പോൾ ആ നഖം ആ നിമിഷം കരിഞ്ഞുപോയി.
തൊണ്ണൂറ്റിയെട്ടാം വയസ്സിൽ എം. ലീലാവതി മഹാഭാരത വായനയിലൂടെ ഉന്നയിക്കുന്ന ധാർമ്മിക ചോദ്യങ്ങൾ എൺപത്തിയൊന്നാം വയസ്സിൽ ജോൺ ഹാരിസണ്‍ ബുക്കർ സമ്മാനം നേടിക്കൊടുത്ത സയൻസ് ഫിക്ഷനെക്കാൾ എന്നെ ചിന്തിപ്പിക്കുന്നു. ആ ജ്ഞാനവാർദ്ധക്യത്തിന്റെ ഒറ്റനോട്ടത്തിൽ എന്റെ ആലസ്യങ്ങളുടെ നീണ്ട നഖങ്ങൾ കരിഞ്ഞുപോകുന്നു.
Content Highlights: S. Gopalakrishnan, M John Harrison, M Leelavathy, Booker Prize, Mahabharatham
Published: 20 Nov 2026, 03:30 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented