ഉറക്കമില്ലാത്ത ചില രാത്രികളിലെ ഇരുട്ടില്‍, അകലെയല്ലാത്ത കടലിന്റെ ക്ഷോഭം കേട്ടുകൊണ്ട് കിടക്കുമ്പോള്‍, ഗോവയിലെ ബാഗായില്‍ ഏകാകിയായി താമസിക്കുന്ന റോഡ്റിഗോ ആലോചിക്കും: കൂടുതല്‍ എന്റെ അരികത്തുള്ളത് എന്താണ്? ബാഗായിലെ കടലിന്റെ തീരമോ, അതോ എന്റെ ഏകാകിതയോ? ഇതു പോലൊരു രാത്രിക്കു ശേഷമുള്ള ശനിയാഴ്ചയാണ് അപരിചിതനായൊരു ചെറുപ്പക്കാരന്‍ റോഡ്റിഗോയുടെ കോട്ടേജിന്റെ വാതില്‍ക്കല്‍ എത്തുന്നത്. കൈകളില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി.

To advertise here,

''നിങ്ങളാരാണ്? ഇതെന്താണ്?''  

''ഗുഡ് മോണിങ്, അങ്ഗിള്‍. ഞാന്‍ മൈക്കേല്‍. ഫ്‌ളോസിയുടെ സ്‌നേഹിതന്‍. ഇത് ഫ്‌ളോസിയുടെ ഈസ്റ്റര്‍ സമ്മാനം. ഇതിവിടെ എത്തിക്കുന്നതിനെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍, ഞാന്‍ ഗോവയിലുണ്ടെന്ന് ഫ്‌ളോസി അറിഞ്ഞു; പെട്ടെന്ന് ഇങ്ങനെയൊരു ഡെലിവറി ഏര്‍പ്പാട് ചെയ്തു... ഞാന്‍ അകത്തേക്ക് കയറുന്നില്ല. ജോലിസ്ഥലത്തെത്താന്‍ വൈകി.'' 

ഇതിലൊരു വ്യംഗ്യമുണ്ട്. സ്വീകരണമുറിയിലെ ചുവരുകള്‍ നഗ്‌നമാണെന്ന് മൈക്കേല്‍ കണ്ടിരിക്കും; ബീച്ചില്‍ ഉപയോഗിക്കാനുള്ളൊരു ചാരുകസാലയും സ്റ്റൂളും ഒഴിച്ചാല്‍, നിലവും അതേ പോലെ നഗ്‌നമാണെന്നും നിരീക്ഷിച്ചിരിക്കും. വാതിക്കല്‍ത്തന്നെ നിന്ന് മുഖവുര പൂര്‍ത്തിയാക്കിയതിനു കാരണം ഇതാകാം.  

(പക്ഷേ, മുഖവുര പൂര്‍ത്തിയായോ? ഇരിപ്പിടം ഉണ്ടായിരുന്നെങ്കില്‍, അകത്തു കയറിയിരുന്ന് സംസാരിച്ചിരുന്നെങ്കില്‍, ഫ്‌ളോസി പറഞ്ഞൊരു വിശേഷം മൈക്കേല്‍ എടുത്തുപറയുമായിരുന്നു: ''ക്രിസ്മസ് ഈവിനേക്കാള്‍ എന്റെ പപ്പ സ്‌നേഹിക്കുന്നത് ഈസ്റ്റര്‍ നാളിനെയാണ്! എന്തുകൊണ്ടെന്നറിയില്ല, പപ്പയുടെ അത്താഴം അന്ന് വെറും റൊട്ടിയും വീഞ്ഞും മാത്രം. നാം ഗോവക്കാരുടെ പ്രിയപ്പെട്ട ഫെനി അന്നു മാത്രം പപ്പ ഒരു വശത്തേക്ക് മാറ്റും.'')

ജാള്യതയോടെ പുഞ്ചിരിച്ചുകൊണ്ട് റോഡ്റിഗോ വിശദീകരിക്കുന്നു: ''ഇരിക്കാന്‍ ആരുമില്ലാത്ത സോഫകളും കസാലകളും കണ്ട് എനിക്ക് മടുത്തു. എല്ലാം ഞാന്‍ ആര്‍ക്കൊക്കെയോ എടുത്തു കൊടുത്തു, മൈക്കേല്‍.'' 

എഴുതപ്പെടാത്ത കഥ: ഇരിപ്പിടം ഇല്ലാതെ 

എഴുതപ്പെട്ടില്ലെങ്കിലും എന്റെ മനസ്സില്‍ ഇടക്കിടെ മേല്‍പ്പരപ്പെത്തുന്നൊരു കഥയുടെ തുടക്കമാണ് നിങ്ങള്‍ മുകളില്‍ വായിച്ചത്. 

placeholder
ഫോട്ടോ: കെ.ആര്‍ വിനയന്‍

എന്തുകൊണ്ടാണ് അടുക്കും ക്രമവും ഇല്ലാത്ത ചില തുടക്കങ്ങൾ (‘റാൻഡം’ കഥാംശങ്ങൾ) എഴുത്തിലൂടെ ഞാൻ പൂർത്തിയാക്കാത്തത്? എഴുതപ്പെടാത്ത ചില കഥകൾ എന്തുകൊണ്ടാണ്, ഇപ്പോളും അടിത്തട്ടിൽ എന്തോ ഉണ്ടെന്ന് സൂചിപ്പിക്കുന്ന കുമിളകൾ പോലെ, മനസ്സിൽ തുടരുന്നത്? ഉത്തരം ലളിതമാണ്. ആ “എന്തോ” എൻ്റെ മനസ്സിലെ ദൃശ്യ-ആശയ ബന്ധങ്ങളിൽ വിലയിക്കുന്നു. എന്തെന്നാൽ, അത് അന്യം അല്ല, ആത്മകഥാദ്രവ്യമാണ്; പക്ഷേ ഭൂതമല്ല, ഭാവി — എൻ്റെ മസ്‌തിഷ്‌കത്തിന് എന്നെക്കുറിച്ചു തന്നെയുള്ളൊരു മുന്നറിയിപ്പ്.

റോഡ്റിഗോയെ ഞാന്‍ ഉള്‍ക്കൊണ്ടത് ഒരു മുന്നറിയിപ്പായാണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രവചനം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. പക്ഷേ വര്‍ഷങ്ങളോളം ഔദ്യോഗികമായിത്തന്നെ സ്റ്ററ്റിസ്റ്റിക്സ് കൈകാര്യം ചെയ്‌തൊരാളാണ് ഞാന്‍. ഈ വിഷയത്തിന്റെ ഒരു പ്രയോജനമാണ് നിലവിലുള്ള പലതിനെയും ആധാരമാക്കി ഭാവിയിലേക്ക് സന്ദര്‍ഭങ്ങള്‍ (സിനെറിയോകള്‍) വിക്ഷേപിക്കല്‍. പ്രവചനം, പ്രദര്‍ശനം... ഈ ശൈലിയില്‍ പലതും സാധ്യം. 

ഇന്ന് സന്ധ്യക്ക് എന്നെ വിളിച്ച സ്‌നേഹിതയോട് ഈ വിഷയത്തെക്കുറിച്ച് ഞാന്‍  സംസാരിച്ചെങ്കില്‍, അതില്‍ പ്രത്യേകിച്ചൊരു കാരണമുണ്ടായിരുന്നു. 

ജൂലൈയില്‍ എന്റെ പാര്‍പ്പിടം മാറിയതിനെത്തുടര്‍ന്ന് ചില സുഹൃത്തുക്കള്‍ എന്നെ സന്ദര്‍ശിച്ചിരുന്നു. വിശേഷിച്ചും ഇന്നെന്നെ വിളിച്ച സ്‌നേഹിത. പ്രശ്നം:  ഇവര്‍ക്കെല്ലാം കുറച്ചുനേരം എന്നോടോപ്പം സംസാരിച്ചിരിക്കാന്‍ പാകത്തില്‍ ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്നില്ല. പുതിയ സ്ഥലത്തിടാന്‍ പുതിയ ഫര്‍ണിച്ചര്‍ വാങ്ങാമെന്ന നിശ്ചയത്തില്‍, പഴയതെല്ലാം മിക്കവാറും ഞാന്‍ ഇതിനു മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ ഉപേക്ഷിച്ചിരുന്നു.

റോഡ്റിഗോക്ക് അനുഭവപ്പെട്ട അതേ ജാള്യത ഞാന്‍ നേരിട്ടറിഞ്ഞെന്ന് ചുരുക്കിപ്പറയാം. പക്ഷേ, റോഡ്റിഗോ എന്ന മുന്നറിയിപ്പ് ഇരിപ്പിടങ്ങളുടെ അഭാവത്തില്‍ മാത്രമായി ഒതുങ്ങില്ലെന്ന് ഓരോരോ ചതുരങ്ങളിലൂടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു. എന്നാവും ഈ ഗോവക്കാരന്‍ എന്നെ എന്നില്‍ എത്തിക്കുക! 

എഴുതപ്പെടാത്ത കഥ: ചുവരിലെ ഡികോര്‍ 

റോഡ്റിഗോയുടെ മകളാണ് ഫ്‌ളോസി. ഇപ്പോള്‍ സിഡ്നിയില്‍ താമസം. 
അവള്‍ അച്ഛന് സമ്മാനിച്ച വസ്തു ഒരു തോക്കായിരുന്നു. അതിന്നടിയില്‍ പിടിപ്പിച്ച സ്റ്റിക്കര്‍ കടലാസില്‍ അവള്‍ എഴുതിയിരുന്നു: ''അല്ല, പകവീട്ടലല്ല. ഇതെന്റെ സ്‌നേഹമാണ്, സഹാനുഭൂതിയാണ്, ആവേശം ഇല്ലാതെ ആത്യന്തിക തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ പപ്പക്കുള്ള കരുത്തിനെപ്പറ്റി എനിക്കുള്ള അറിവാണ്. ആവശ്യമാണെന്ന് തോന്നുന്നെങ്കില്‍  ഉപയോഗിക്കുക, ആവശ്യം ഇല്ലെങ്കില്‍ ചുവരില്‍ ഒരു അലങ്കാരവസ്തുവായി തൂക്കി വെക്കുക.''

റോഡ്റിഗോ മന്ത്രിച്ചു, ''ഇതില്‍ ഒരു ഇരട്ടക്കുഴലുണ്ട്!''

തോക്കിനെക്കുറിച്ചല്ല, ഫ്‌ളോസിയുടെ കുറിപ്പിനെക്കുറിച്ചാണ് റോഡ്റിഗോ ഇങ്ങനെ പറഞ്ഞത്. ഇതു പറയുമ്പോള്‍ അയാളുടെ ദൃഷ്ടി സ്വീകരണമുറിയില്‍ ഒരൊറ്റ ആണിയുടെ പോലും പോറല്‍ ഏല്‍ക്കാത്ത ചുവരുകളുടെ ഏകാന്തമായ നഗ്‌നതയിലായിരുന്നു.  

പതിന്നാലാം വയസ്സില്‍ ഫ്‌ളോസി അച്ഛനോടൊരു ചോദ്യം ചോദിച്ചു: ''എന്നെങ്കിലും ഞാനൊരു മില്‍യനെര്‍ ആവുകയാണെങ്കില്‍, പപ്പക്ക് ഏറ്റവും ഇഷ്ടമുള്ളതെന്തും സമ്മാനമായി തരാന്‍ എനിക്ക് കഴിയുകയാണെങ്കില്‍, പപ്പ  എന്താവും ആവശ്യപ്പെടുക?''

റോഡ്റിഗോ പറഞ്ഞു: ''ഒരു തോക്ക്.'' 

തുറന്നു പറയട്ടെ, ഒരിക്കല്‍ എന്റെ മകള്‍ക്കും എനിക്കും ഇടയിലുണ്ടായൊരു സംഭാഷണത്തിന്റെ  തനിപ്പകര്‍പ്പാണിത്! ആത്മകഥാ പ്രസരത്തിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?

''ഒരു തോക്ക്.'' എന്റെയും റോഡ്റിഗോയുടെയും ഈ മറുപടി ഒരേ പോലെ സത്യസന്ധമായിരുന്നു. ഏതു പ്രത്യേക സന്ദര്‍ഭത്തിലാണ് റോഡ്റിഗോ ഇങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല (അറിയണമെങ്കില്‍ കഥ എഴുതാന്‍ തുടങ്ങണം). ദീര്‍ഘദര്‍ശനത്തില്‍ തെളിഞ്ഞൊരു ഭാവിയിലേക്കുള്ള ഒരുക്കമായിരുന്നു എന്റെ മറുപടിയുടെ പിന്‍തലം. പക്ഷേ, ചോദ്യം ചോദിച്ച ആളുടെ ചെറുപ്പം പരിഗണിച്ചാല്‍, ആ മറുപടി ക്രൂരമായിരുന്നെന്ന തിരിച്ചറിവ് ഒരു ബാധയായി റോഡ്റിഗോയില്‍ എന്നും തുടരും; എന്നിലും.

അച്ഛന്റെ മറുപടി ഫ്‌ളോസിയുടെ ആവേശം കെടുത്തി. ആ സമയത്ത് സിയന്ന (അമ്മ) വിളിച്ചതുകൊണ്ട് ഒരു വിലക്ഷണ നിമിഷം ഒഴിവാക്കപ്പെട്ടു. പിന്നെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം സിഡ്നിയില്‍ എത്തിയപ്പോള്‍ അവള്‍ ഒരു കടല്‍യാത്ര ഓര്‍ത്തു. കുട്ടിക്കാലത്ത് ആദ്യമായി അമ്മയോ റ്റൂറിസ്റ്റുകളോ കൂടെയില്ലാതെ അച്ഛന്‍ ഓടിക്കുന്ന ബോട്ടില്‍ ഒറ്റക്കിരുന്നപ്പോള്‍ തോന്നിയ അകാരണ ഭയം ഓര്‍ത്തു. അമ്മയുടെ മരണത്തിനു ശേഷം വിഭാര്യന്‍ എന്ന പദവിയെ ഒരു പെണ്ണുമായും ബന്ധമില്ലാത്തൊരു അവിവാഹിതന്റെ നിരന്തര ഏകാകിതയില്‍ എത്തിച്ച പപ്പ നേരിടാന്‍ പോകുന്ന ലോകം ഏതാണ്! 

സിഡ്നി നഗരത്തിന്റെ 'ഐകാനിക്' ദൃശ്യമായ ഓപ്രാ ഹൌസ് കണ്ടപ്പോള്‍, ഇപ്പോള്‍ ചലിക്കാന്‍ തുടങ്ങുമെന്ന് തോന്നിക്കുന്ന വാസ്തുശില്പത്തിന്റെ  പ്രത്യേകതയില്‍ സ്ഥലജലഭ്രമം അനുഭവപ്പെട്ടപ്പോള്‍, ഏതോ കടല്‍ത്തീരത്ത് പാതിയോളം കുഴിച്ചിടപ്പെട്ട ബോട്ടുകളെക്കുറിച്ചുള്ള വിഭ്രാന്തിയില്‍ അവള്‍ മന്ത്രിച്ചു: ''ഇപ്പോള്‍ എന്റെ പപ്പയെ എനിക്കറിയാം.''

തോക്കിനോടോപ്പം ഫ്‌ളോസി അയച്ച കുറിപ്പിലെ ഒന്നാമത്തെ വാചകത്തില്‍ ഇത് ധ്വനിക്കുന്നുണ്ട്: ''അല്ല, പകവീട്ടലല്ല.'' റോഡ്റിഗോയുടെ 'ഇരട്ടക്കുഴല്‍' എന്ന പ്രതികരണത്തിലെ  ഒരു കുഴല്‍ ഇതാണ്. എങ്കില്‍ മറ്റേ കുഴല്‍? അവസാനത്തെ വാചകത്തില്‍ അത് കാണാം. ''ആവശ്യം ഇല്ലെങ്കില്‍ ചുവരില്‍ ഒരു അലങ്കാര വസ്തുവായി തൂക്കി വെക്കുക.''

റോഡ്റിഗോ മന്ത്രിക്കുന്നു, ''സ്വീകരണമുറിയിലെ ചുവരില്‍ ഞാന്‍ ആണി അടിച്ചുകയറ്റുമെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ, ഫ്‌ളോസി?'' (ചുവരില്‍ തൂങ്ങുന്നൊരു ഫോട്ടോ മാത്രമായി സിയന്ന അവശേഷിക്കുകയെന്ന ആശയം റോഡ്റിഗോയെ ഞെട്ടിക്കുന്നു.) 

ഫ്‌ളോസിക്ക് ഉറപ്പുണ്ട്, വയസ്സ് കൂടിക്കൂടി വരുമ്പോള്‍ അവളുടെ പപ്പ നിസ്സഹായതയില്‍ മരണം കാത്തിരിക്കില്ല; മറിച്ച്, വളരെ സാഹസികനായൊരു ഒറ്റയാന്റെ ആയുഷ്‌കാല ശൈലിയില്‍ പപ്പ മരണത്തിനു നേര്‍ക്ക് ചുവടുകള്‍ വെക്കും. ഒരിക്കല്‍, പരിസരത്തില്‍ തന്റെ സാമീപ്യം അറിയാതെ അദ്ദേഹം ഒരു സുഹൃത്തിനോട് പറഞ്ഞത് ഫ്‌ളോസി കേട്ടിരുന്നു: ''എത്ര പേരെ പ്രാപിച്ചാലും മരണം കന്യകയാണ്.'' ഒരു പൊട്ടിച്ചിരി. പക്ഷേ, ഈ വിചിത്ര സങ്കല്പത്തെ ആദരിക്കുന്ന വിശുദ്ധിയാകട്ടെ ഇനിയുള്ള നാളുകളില്‍ തന്റെ ഏകാകിതയെന്ന് അദ്ദേഹം ശപഥം ചെയ്തിരിക്കണം. ''ഇപ്പോള്‍ എന്റെ പപ്പയെ എനിക്കറിയാം.''
   
കോട്ടേജ്, ബോട്ട് എന്നിവയുടെ പ്രമാണങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയിലാണ് ഫ്‌ളോസിയുടെ സമ്മാനം റോഡ്റിഗോ എടുത്തു വെച്ചത്. പക്ഷേ, ചുറ്റികയും ആണിയും പെരുമാറിയില്ലെങ്കിലും, റോഡ്റിഗോയുടെ ചുവരില്‍ ഒരു തോക്കു തൂങ്ങുന്നുണ്ട്.

ചുവരിലെ തോക്ക്: ചെഖോവിന്റെ പ്രോടോകോള്‍ 

ആന്റ്റോണ്‍ ചെഖോവ് പറഞ്ഞു: ഒരു കഥയുടെ തുടക്കത്തില്‍ ചുവരിലൊരു തോക്ക് തൂങ്ങുന്നുണ്ടെങ്കില്‍, കഥ അവസാനിക്കും മുന്‍പ് ആ തോക്കില്‍നിന്നു വെടി പൊട്ടിയിരിക്കണം. എഴുത്തില്‍ എന്റെ ഏറ്റവും കടുത്ത ശാഠ്യമാണിത്. ഒരു പക്ഷേ, ചെഖോവ് നല്‍കിയ ഉദാഹരണത്തെത്തന്നെ ഒരു കഥാവസ്തു ആക്കുന്നതിലെ കൗതുകം റോഡ്റിഗോയെക്കുറിച്ചുള്ള ആഖ്യാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നോ?

ആമസോണ്‍ വീട്ടില്‍ എത്തിച്ച 'ഐ പാച്ച്' മുഖത്തണിയാതെ അലമാരയുടെ വലിപ്പില്‍ തിരുകിവെച്ച ഒറ്റക്കണ്ണനെ നിങ്ങള്‍ പരിചയപ്പെട്ടിരിക്കണം (01). ഒരു പക്ഷേ, ഈ  ഒറ്റക്കണ്ണന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവാം. ''ഇരുട്ടായൊരു കടലിന്റെ ഇരമ്പം എന്റെ ചെവികളിലുണ്ട്. എന്റെ ഭാവിയാണത്.''/ ഈ വരികള്‍ എഴുതുമ്പോള്‍ റോഡ്റിഗോയെ ചൂണ്ടുന്ന ഒരൊറ്റ ഒച്ചയോ കാഴ്ചയോ എന്റെ 'റാം' (RAM) സൂക്ഷിച്ചിരുന്നില്ല. 

ഇപ്പോള്‍ റോഡ്റിഗോയുടെ ചെവികളിലാണ് ''ഇരുട്ടായൊരു കടലിന്റെ ഇരമ്പം''. അയാളുടെ കണ്ണുകളില്‍ എന്നെന്നേക്കുമായി നങ്കൂരമിട്ട് നില്‍ക്കാന്‍ പോകുന്ന ആന്ധ്യമാണത്. ആകയാല്‍ ഇരുട്ടിന്റെ  ഇരമ്പമാണത്. കാഴ്ചയുടെ ഖജാനകള്‍ വഹിച്ച് ആഴത്തിലേക്ക് താഴുന്നൊരു സ്മൃതിയല്ലേ ഈ മനുഷ്യന്‍? 

എന്തൊരു മുങ്ങിക്കപ്പല്‍! 

മുങ്ങിയാല്‍ ഇരമ്പം ഉള്ളില്‍ തുടരുമോ?

ഫ്ളോസിയുടെ ഈസ്‌റ്റർ സമ്മാനം എന്നെങ്കിലും പപ്പ റോഡ്‌റിഗോയുടെ  ആവശ്യമാകുമോ? എല്ലാം എൻ്റെ മനസ്സിലെ കഥാംശങ്ങളാകയാൽ ഏതെങ്കിലും അന്ത്യത്തിലേക്ക്‌ കടക്കാൻ ഞാൻ സാഹസപ്പെടുന്നില്ല. പക്ഷേ, എനിക്കറിയാം, എവിടെയോ ചുവരിൽ ഒരു തോക്കു തൂങ്ങുന്നുണ്ട് — ഒരു പക്ഷേ ആർക്കും എൻ്റെ വാതിൽക്കൽ എത്തിക്കാനാവാത്ത തോക്ക്. 

placeholder
ചിത്രീകരണം: കെ.ഷെരീഫ്‌

പ്രതികരണം: മുന്‍ഗണന ആദ്യത്തെ 'റ്റേക്ക്' 

'തലയുടെ ചെറിയൊരു ഉയര്‍ച്ചയില്‍'' ഡാലിയ ഒരിക്കല്‍ ജീസസിനെ കണ്ടു. പോള്‍ ജെ. കാരത്ത് ഒരു തമാശയുടെ സ്വരത്തില്‍ എന്നോട് ചോദിച്ചു: ''ഇതൊരു വാചകമോ മൂവി ഷോട്ടോ മേതില്‍? നിങ്ങള്‍ മനസ്സില്‍ കണ്ടതു പോലെ ഈ സീന്‍ പിടിച്ചെടുക്കാന്‍ എത്ര റ്റേക്കുകള്‍ വേണ്ടിവരും?''/ ആവുന്നത്രയും ഫസ്റ്റ് റ്റേക്കുകള്‍ ഉപയോഗിക്കുന്ന ക്‌ളിന്റ്റ് ഈസ്റ്റ്‌വുഡിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. / ഇതിനപ്പുറത്ത്,  'ജീസസ് എത്രാമത്തെ നിലയിലാണ്?' (03) എന്ന ലേഖനത്തോട് പ്രതികരിച്ച് പോള്‍ എനിക്കയച്ച വരികള്‍ ചുവടെ ചേര്‍ക്കുന്നു: 

'നിങ്ങള്‍ സംഗീതത്തെ കെട്ടിടമാക്കുന്നു. ലേഖനം ദൃശ്യപ്പെടുത്തിയ ആ  ഹോസ്പിറ്റലില്‍, നാലു ഭാഗങ്ങളിലും ചില്ലുജനാലകളുടെ പടര്‍പ്പുകളുമായി നില കെട്ടിയുയരുന്നേടത്തേക്ക് എന്റെ മനസ്സ് ഉയര്‍ന്നത് സംഗീതത്തോടൊപ്പമാണ്. യൊഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ  ''ഈസ്റ്റര്‍ ഓററ്റോറിയോ''. മേതില്‍ ഉടനടി ഇത് തിരിച്ചറിഞ്ഞിരിക്കും. പക്ഷേ, എന്നെപ്പോലെ ദൈവാശയം ആന്തരീകരിച്ച ആളുകള്‍ക്കുള്ളില്‍ എത്ര ഗഹനമായ ആത്മീയാനുഭൂതികളാണ് ഈ ലേഖനം സൃഷ്ടിച്ചതെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ, മേതില്‍? സംഗീതം, പ്രത്യാശ, ഉയിര്‍പ്പ്, അനുഗ്രഹം. അടുത്ത വര്‍ഷത്തിലെ പെസഹ പെരുന്നാളില്‍ ഡാലിയ ''എഗ് ഡാന്‍സ്'' ചെയ്യും...'

(തറയില്‍ വിതറിയിട്ട മുട്ടകള്‍ക്കിടയില്‍ ആടാനുള്ള നൃത്തമാണ് എഗ് ഡാന്‍സ് എന്ന ഈസ്റ്റര്‍ വിനോദം. ആട്ടത്തിനിടയില്‍ പൊട്ടാത്ത മുട്ടകളുടെ എണ്ണമാണ് മുട്ടനൃത്തത്തില്‍ ഏര്‍പ്പെട്ടൊരാളുടെ മിടുക്കിന്റെ അളവ്.)

നന്ദി, പ്രിയപ്പെട്ട പോള്‍! ഒരു ഈസ്റ്റര്‍/പെസഹ പെരുന്നാളിന്റെ ആഘോഷം ഇപ്പോള്‍ എന്റെ മനസ്സില്‍ അലയ്ക്കുന്നുണ്ട്. പോളിന്റെ വരികള്‍ വായിച്ചതിനു ശേഷം ഈ ലേഖനം (റോഡ്റിഗോയെക്കുറിച്ചുള്ള ലേഖനം!) എഡിറ്റ് ചെയ്യേണ്ടത് എന്റെ ആവശ്യമായെന്നതാണ് സത്യം. മാതൃഭൂമിയിലെ ചില പ്രവര്‍ത്തകര്‍ക്കു പോലും ഇതറിയാം. 

ഈസ്‌റ്ററുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ ആദ്യത്തെ എഴുത്തിൽ നൈസർഗ്ഗികമായി കടന്നു വന്നിരുന്നു. പിന്നെ, ആഖ്യാനത്തിൽ ഇവയുടെ അഭാവം പ്രശ്‌നമാവില്ലെന്ന്‌ തോന്നിയപ്പോൾ ഞാൻ അതെല്ലാം നീക്കം ചെയ്‌തു. പക്ഷേ, പോളിൻ്റെ വരികളോടൊപ്പം, ബാഹിൻ്റെ സംഗീതത്തിലൂടെ, പെസഹ എഴുത്തിലേക്ക് തിരിച്ചുവന്നു — അക്ഷരംപ്രതി! (ക്ളിൻറ്റ് ഈസ്റ്റ്‌വുഡിൻ്റെ മുന്‍ഗണന ഒന്നാമത്തെ റ്റേക്കാണെന്ന് ഞാൻ തുടക്കത്തിലേ പറഞ്ഞില്ലേ, പോൾ!)

                                                              'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.