ഒരിടത്തൊരു വസ്തു മറവു ചെയ്യപ്പെടല്‍, മറവ് = മറവി എന്ന സമീകരണം ഉണ്ടാകല്‍, പിന്നെ മറ നീങ്ങി വസ്തു വെളിപ്പെടല്‍ എന്നിവയെല്ലാം ഒരേയൊരു  ക്രിയയില്‍, ഒരൊറ്റ വാക്കില്‍, സാധ്യമാകുമോ? റഷ്യയിലെ ചില അധോലോക കലാ സംരംഭങ്ങള്‍ക്കു പോലും പേര് നല്‍കിയൊരു കുട്ടിക്കളിയില്‍ ഇവയെല്ലാം ഒന്നിക്കുന്നത് ഞാന്‍ കാണുന്നു.

To advertise here,

'സെക്രീറ്റികി' (കൊച്ചു രഹസ്യങ്ങള്‍, കൊച്ചു രഹസ്യനിധികള്‍). 

സോവിയറ്റ് റഷ്യയില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ (1970കളിലും 1980കളിലും), വേനലൊഴിവില്‍ താന്‍ ഉള്‍പ്പെടെയുള്ള കൊച്ചു പെണ്‍കുട്ടികള്‍ കളിച്ചിരുന്ന 'സെക്രീറ്റികി' എന്ന കളി അന്ന ബാഡ്കെന്‍ വിസ്തരിച്ചിട്ടുണ്ട്. ഈ കളിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ പല പല ആകര്‍ഷക ഘടകങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു കൗതുകവസ്തു സൃഷ്ടിക്കുന്നു; മണ്ണില്‍ ഒരു കുഴി കുഴിച്ച് വസ്തു ഇറക്കി വെക്കുന്നു; കുഴിക്കു മേല്‍ ഒരു കണ്ണാടിച്ചില്ല് വെക്കുന്നു; ഉള്ളടക്കം ഒരു രഹസ്യനിധിയാകയാല്‍, ആരും ഒന്നും സംശയിക്കാത്ത രീതിയില്‍ ചില്ലിനു മേല്‍ ഇലകളും പൈന്‍മരത്തിന്റെ സൂചികളും ചില്ലകളും മണ്ണും മറ്റും വിതറുന്നു — നിഗൂഹനം. 

കളിയുടെ ഉദ്ദേശ്യം ഇതാണ്: രഹസ്യനിധി മറവു ചെയ്യപ്പെട്ട ഇടം മറക്കുക; പിന്നീടൊരിക്കല്‍ എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ ആ മറവിടം യാദൃച്ഛികമായി വെളിപ്പെടുന്നതിലെ ആഹ്‌ളാദം ആഘോഷിക്കുക! നേട്ടം: ഇത് ഓര്‍ത്തെടുക്കലല്ല, പുതിയൊരു കണ്ടെത്തലാണത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, കുപ്പിയിലിട്ടൊരു ആകര്‍ഷക സന്ദേശം ഭാവിയിലെ നിങ്ങളിലേക്ക് വിക്ഷേപിക്കുന്നതു പോലെയാണത്. (ഞാന്‍ സ്വയം ചോദിക്കുന്നു, ''ഇതൊരു കളിയോ, അനുഷ്ഠാനമോ!'')   

ആറാം വയസ്സില്‍ തന്റെ ബാലിശ സൗന്ദര്യസങ്കല്പങ്ങള്‍ക്ക് 'സെക്രീറ്റികി' യോജ്യമായിരുന്നെങ്കിലും ഈ കളിയുടെ സാക്ഷാത്കാരം ഭ്രമാത്മകമാണെന്ന് അന്ന തിരിച്ചറിയുന്നു. അടിസ്ഥാനപരമായിത്തന്നെ ഇതില്‍ ഒരു അബദ്ധമുണ്ട്: വളരെ നിഷ്‌കര്‍ഷയോടെ താന്‍ അമൂല്യമായൊരു വസ്തു (നിധി) കുഴിച്ചിട്ട ഇടം ആറു വയസ്സുള്ളൊരു പെണ്‍കുട്ടി നിര്‍വ്യാജമായി മറക്കില്ലെന്ന് അന്ന ഉറപ്പിച്ചു പറയുന്നു. 

''ഇല്ലേ?'' ഞാന്‍ ചോദിക്കുന്നു.

ഏറ്റവും അടുത്തുള്ളവയില്‍നിന്ന് ഈ പംക്തി ആരംഭിച്ചപ്പോള്‍ എനിക്കുണ്ടായൊരു അനുഭവം ഞാന്‍ ഷബിതയെ അറിയിച്ചിരുന്നു: ''മറവു ചെയ്യപ്പെട്ട ഇടങ്ങളില്‍നിന്നും ഓര്‍മ്മകള്‍ എന്നിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയിരിക്കയാണ്!'' / എന്റെ വെറുമൊരു ആംഗ്യം മാത്രമായിരുന്നോ ഉയിര്‍പ്പിന് ഇവയുടെ ആവശ്യം?

ജന്മസ്ഥലം: ആദ്യത്തെ ശവസംസ്‌കാരം 

അന്നയുടെ ലേഖനത്തിന്റെ സമയരേഖ ഒക്‌റ്റോബര്‍, 2023. /ആറാമത്തെ  വയസ്സില്‍ ദ്രോണാചലം വിട്ട്, പ്രിയസുഹൃത്ത് കെ.പി. നിര്‍മ്മല്‍കുമാറിന് ഇന്നും മനഃപാഠമായ മേല്‍വിലാസത്തില്‍ (പുതിയങ്കത്തെ ദേവി വില്ലയില്‍) എത്തിയിട്ട് ആഴ്ചകള്‍ തികയും മുന്‍പ്, ഒരു ദിവസം വീടിനു പുറത്തേക്ക്  കടക്കുമ്പോള്‍ ഞാന്‍ ഈജിപ്തിലെ പ്രശസ്ത മമ്മികളെക്കുറിച്ച് കേട്ടിരുന്നില്ല; ലെനിന്റെയും സ്റ്റാലിന്റെയും മൃതശരീരങ്ങള്‍ ചീയാതെ സൂക്ഷിക്കാന്‍ റഷ്യയിലെ ചില ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കേട്ടിരുന്നില്ല; ആല്‍ഫ്രഡ് ഹിച്‌കോക്കിന്റെ മനസ്സില്‍ 'സൈക്കോ' എത്തിയിരുന്നില്ല. പക്ഷേ, ഇവയിലെല്ലാമുള്ള ശവസംരക്ഷണം എന്ന 'മോറ്റീഫ്' എന്റെ ഉപബോധത്തിന്റെ ഏതോ അടരില്‍ ഉണ്ടായിരുന്നെന്ന് ഇപ്പോള്‍ തോന്നിക്കും വിധമാണ് ഞാന്‍ അന്നൊരു ക്രിയയില്‍ ഏര്‍പ്പെട്ടത്.  

മഴ പെയ്തിട്ടില്ല. ഇറയത്തൊരു വണ്ട് ചത്തു മലച്ചു കിടക്കുന്നു. ഉടലോട് ചേര്‍ത്തു മടക്കിയ കാലുകള്‍. പച്ചയും നീലയുമായി ലോഹത്തിളക്കങ്ങള്‍ ഇടയുന്ന പുറംതോട്. അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഈ ഇനത്തിലുള്ള വണ്ടുകള്‍ ദ്രോണാചലത്തില്‍ എനിക്ക് പരിചിതമായിരുന്നു. എന്ത്! ...

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

ദ്രോണാചലവുമായുള്ള വേര്‍പാടിന്റെ ഈര്‍മ്മം (റ്റ്‌റോമ) മസ്തിഷ്‌കത്തില്‍ ഉല്‍ക്കടമായിരുന്നു; വൈകാരിക മൂല്യമുള്ള മതിഭ്രമങ്ങള്‍ ഈ അവസ്ഥയില്‍ സാധ്യമാകാമെന്നത് എന്റെ മനഃശാസ്ത്രത്തിലെ തിട്ടം. എനിക്ക് തോന്നി, ഈ വണ്ട്... ഒരിക്കല്‍, ഉച്ചവെയിലില്‍, ഒരു നിമിഷം എന്റെ ചുമലില്‍ ഇരിക്കുകയും, വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ ധൃതി പിടിച്ച് പറന്നകലുകയും ചെയ്ത അതേ വണ്ടല്ലേ ഇത്! എന്നെ അന്വേഷിച്ച് എത്രയോ നാഴികകള്‍ സാഹസികമായി പറന്നു വന്നതിന്റെ തളര്‍ച്ചയാണ് ഇതിന്റെ മരണത്തിന് കാരണം. / മനസ്സും ശരീരവും പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.  

മുറ്റത്തിന്റെ വക്കിലെ മണ്ണില്‍ ഞാന്‍ വലിയൊരാളുടെ കൈക്കുമ്പിളോളം ആഴമുള്ളൊരു കുഴി കുഴിക്കുന്നു; അടിയില്‍ ഒരു ചെമ്പരത്തിയുടെ ഇതള്‍ നിവര്‍ത്തിയിടുന്നു; ഇതളിനു മേല്‍ വണ്ടിനെ പതുക്കെ കിടത്തുന്നു; വളപ്പില്‍ നിന്ന് കിട്ടിയൊരു കണ്ണാടിച്ചില്ല് കുഴിക്ക് മുകളില്‍ വെക്കുന്നു. 

'സെക്രീറ്റികി' എന്ന വാക്ക് പോലും അറിയാതെ ആ കളിയുടെ ആദ്യഭാഗം ഞാന്‍ ഇതോടെ പൂര്‍ത്തിയാക്കിയിരിക്കുന്നു! പക്ഷേ അടുത്ത ഭാഗം ഇല്ല. സാദൃശ്യം ഇവിടെ അവസാനിക്കുന്നു. നോക്കൂ, കണ്ണാടിച്ചില്ല് നഗ്‌നം; മുകളില്‍ ഞാന്‍ ഒന്നും വിതറുന്നില്ല.

മറ ഇല്ല. മറവു ചെയ്യല്‍ ഇല്ല. മറവി ഇല്ല.  

ചില്ല് സുതാര്യതയുടെ രൂപകം. ദ്രോണാചലത്തിലെ തീയറ്ററിലെ കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള പണി പ്രക്ഷേപം (02). വണ്ടിന് ചുറ്റുമുള്ള ചമയങ്ങള്‍ മറച്ചു പിടിക്കാനുള്ളതല്ല, എല്ലാവര്‍ക്കും കാണാനുള്ളതാണ്   

റീവൈന്‍ഡിങ്: ഭാവിക്കായുള്ള മറവികള്‍ 

ആറു വയസ്സുള്ളൊരു കുട്ടി ആ ശവക്കുഴി മറക്കുമോ? ഞാന്‍ മറന്നു, സത്യം! വര്‍ഷങ്ങള്‍ക്കു ശേഷം, 1970കളില്‍, ഒരു പക്ഷേ റഷ്യയില്‍ അന്ന  'സെക്രീറ്റികി' കളിച്ചിരുന്ന അതേ ദിവസങ്ങളില്‍, ഇന്ത്യയുടെ പുറത്തു കടക്കാനുള്ള ആഗ്രഹം  കയറിക്കൂടിയ മനസ്സോടെ സന്ധ്യനേരങ്ങളില്‍ അതേ മുറ്റത്ത് ഉലാത്തുമ്പോള്‍ ആ വണ്ട് എന്റെ സ്മൃതികളില്‍ ഇല്ലായിരുന്നു (കുഴിയും വണ്ടും കണ്ണാടിച്ചില്ലും എല്ലാം അതിനിടയില്‍ ഞാന്‍ അറിയാതെ മണ്ണടിഞ്ഞിരുന്നു). 

പിന്നെ, 1980കളുടെ നടുവില്‍, പ്രവാസവും വിദേശയാത്രകളുമെല്ലാം നിര്‍ത്തിവെച്ച് എന്നേക്കുമായി ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം ഒരു രാത്രിയില്‍ പുതിയങ്കത്തിലെ അതേ മുറ്റത്ത് വീണ്ടും ഉലാത്തുമ്പോള്‍ മനസ്സില്‍ ഒരു കവിതയുടെ വരികള്‍ എത്തിയത് ആ വണ്ടിന്റെ കമ്പടിയോടെ! 

ഒരു നോര്‍വീജിയന്‍ ഷിപ്പിങ് സ്ഥാപനത്തില്‍ എന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായിരുന്ന രാധയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ അനുബന്ധമായാണ് വിസ്മൃതിയില്‍ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചത്. 'ശവപ്പെട്ടി: ഒരാഖ്യാനം' എന്ന കവിത ഇതിന്റെ കഥയാണ്. 

ഒരിക്കല്‍ രാധ പറഞ്ഞു, ''ശവപ്പെട്ടികള്‍ സ്ഫടികനിര്‍മ്മിതമായിരിക്കണം.'' / ഞാന്‍ പറഞ്ഞു, ''വാഹ് വാ!'' 

പക്ഷേ രാധയോട് ഇങ്ങനെ പ്രതികരിക്കുമ്പോള്‍, വീട്ടുമുറ്റത്ത് ഒരു കുട്ടി നടത്തിയ ശവസംസ്‌കാരം ഞാന്‍ ഓര്‍ത്തിരുന്നില്ല (ഞങ്ങള്‍ കുവൈറ്റില്‍ രാധയോടിക്കുന്ന കാറില്‍ അബ്ബാസിയയിലേക്ക് സഞ്ചരിക്കുകയായിരുന്നു); ഓര്‍ത്തത് വണ്ടിന്റെ ശ്മശാനഭൂമിക്കു മേല്‍ നടക്കുമ്പോളാണ്. എത്രയോ പ്രാവശ്യം അതിനു മുന്‍പും ഞാന്‍ രാധയെ ഓര്‍ത്തിരുന്നെങ്കിലും അവളുടെ രസാവഹമായ അഭിപ്രായം ഞാന്‍ തീര്‍ത്തും മറന്നു പോയിരുന്നു. 

placeholder
ഫോട്ടോ: വി. രമേഷ്‌

ആ വണ്ടിന്റെ പുറംതോടിലെ പച്ചയും നീലയും പോലെ ഓര്‍മ്മയും മറവിയും ഒരേ പ്രതലത്തില്‍ മാറി മാറി സ്ഥലം പിടിക്കുന്നു, വഴുതി മാറുന്നു! 

അനുബന്ധം നഷ്ടപ്പെട്ടാല്‍ ചില ഓര്‍മ്മകള്‍ മറവിയിലേക്ക് നീങ്ങും. അനുബന്ധം സന്ദര്‍ഭവുമാകാം. വണ്ടിന്റെ ശ്മശാനഘട്ടം പ്രത്യക്ഷപ്പെടുന്ന കവിത ദശകങ്ങളോളം മറവിയിലായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു കവിത ഞാന്‍ എഴുതിയിട്ടുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിച്ചതു പോലും അന്നയുടെ ലേഖനമായിരുന്നു! നേര്‍വിപരീത ദിശയില്‍, സന്ദര്‍ഭം ഒത്തു വന്നാല്‍ (അനുബന്ധം തിരിച്ചു കിട്ടിയാല്‍) ഒരു മറവി ഓര്‍മ്മയാകാം. പക്ഷേ ഓര്‍ത്തെടുക്കലല്ല, കണ്ടെത്തലാണിത്. 

റീവൈന്‍ഡിങ്ങിൽ, ഈ പംക്തിയിലെ  മുന്‍ലക്കങ്ങളില്‍ പോലും തെളിവുകള്‍ കാണാം. ഉദാഹരണങ്ങളിലൊന്ന് ഡാലിയയുടെ ജീസസ്.

കിന്‍ഡര്‍ഗാര്‍റ്റനിലെ നാളുകള്‍ തൊട്ട് കഴുത്തിലിട്ടിരുന്ന മാലയിലെ കുരിശിനെ ഉറക്കത്തിനു മുന്‍പും ഉണര്‍ച്ചക്ക് ശേഷവും അവള്‍ ചുംബിച്ചിരുന്നു.
പ്രായപൂര്‍ത്തിയിലെ വിചാരമാറ്റങ്ങളില്‍ അവള്‍ മാല അഴിച്ചു മാറ്റിയപ്പോള്‍ യേശു തീര്‍ത്തും മറവിയിലായി. 

ഒരു ദീര്‍ഘ കാലയളവിനു ശേഷം, അര്‍ബുദം ബാധിച്ച നാളുകളിലൊന്നില്‍, ഒരു ഹോസ്പിറ്റലില്‍ ജീസസിനെ കണ്ടപ്പോള്‍ (അഥവാ, ശരിക്കും കണ്ടെന്നു തോന്നിയപ്പോള്‍) എന്തിനാണിപ്പോള്‍ ഈ ദര്‍ശനമെന്ന് ഡാലിയ ചോദിക്കുന്നു. ''ഇത്രയും വര്‍ഷങ്ങളിലെ വിസ്മൃതിക്ക് ശേഷം 2023 ഓഗസ്റ്റിലെ മുപ്പത്തൊന്നാം നാളില്‍  ഓര്‍ക്കാപ്പുറത്ത് ഇതെന്ത്!... പ്രജ്ഞയില്‍ മറവ് ചെയ്യപ്പെട്ടൊരു മതാത്മക കാലഘട്ടത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്?'' (03)  

അന്ന ബാഡ്കെന്റെ ലേഖനം ഡാലിയ വായിച്ചിട്ടില്ല, 2023 ഓഗസ്റ്റില്‍ അത് ലഭ്യവുമായിരുന്നില്ല. പക്ഷേ, ഡാലിയയുടെ അത്ഭുതത്തില്‍ ഒരു 'സെക്രീറ്റികി' സ്പര്‍ശമില്ലേ? കുട്ടിക്കാലം തൊട്ടേ മസ്തിഷ്‌കത്തിന്റെ ചില ആചാരങ്ങളില്‍ ഒരു ചടങ്ങിനെക്കുറിച്ചുള്ള വിഭാവനം എന്റെ മനസ്സില്‍ പേരും മാതൃകയും കാത്ത് കിടന്നിരുന്നു. അടുത്ത കാലത്ത് അന്ന ആകസ്മികമായി ഇവ രണ്ടും എനിക്ക് തന്നു — എന്നെക്കുറിച്ച് ഒന്നും അറിയാതെ! 

ആരില്‍നിന്നും ഒളിപ്പിക്കേണ്ടാത്തൊരു സജ്ജീകരണത്തെയാണ് ആറു വയസ്സുള്ളൊരു ആണ്‍കുട്ടി വര്‍ഷങ്ങളോളം മറന്നതെന്നോര്‍ത്താല്‍, ഇത്രയും പറയാം: ചില മറവികള്‍ ഭാവിയിലേക്കുള്ളതാണ്. 

അടിക്കുറിപ്പ്: ഇല്ല, അവള്‍ മറക്കില്ല, മറക്കരുത്!

ചിലപ്പോള്‍ തോന്നും, ഓര്‍ക്കല്‍ ഒരു തരം നരവംശശാസ്ത്ര ചര്യയാണ്: കുഴിക്കുക, കണ്ടെത്തുക, ആശ്ചര്യപ്പെടുക (അല്ലെങ്കില്‍, ഞെട്ടുക)! എന്തിന്റെ വിപരീതമാണിതെന്ന് ചിന്തിച്ചാല്‍ പെട്ടെന്ന് മനസ്സിലാക്കാം, റഷ്യയിലെ ആറു വയസ്സായ പെണ്‍കുട്ടിക്കും പുതിയങ്കത്തിലെ ആറു വയസ്സായ ആണ്‍കുട്ടിക്കും ഇടയിൽ വിനിമയമുണ്ട് —  അകവും പുറവും ചേർന്ന് ഒരൊറ്റ ഇലയാകല്‍. അല്ല, ഞാന്‍ നിങ്ങളെ ഒരു കടംകഥയിലേക്ക് നയിക്കുകയല്ല. 
    
അന്ന ബാഡ്കെന്റെ ഉപന്യാസത്തില്‍ 'സെക്രീറ്റികി' വെളിപ്പെടുന്നത് ഒരു ഉദാഹരണമായിട്ടാണ്. അവരുടെ ഇതിവൃത്തം കളികളിലെ വിഭ്രാമകങ്ങളല്ല, 
സ്മൃതിവിസ്മൃതികളുടെ മനഃശാസ്ത്രവുമല്ല. എങ്കിലും, ചടങ്ങനുസരിച്ച് മറവിക്കുശേഷം എന്തെങ്കിലും ഓര്‍ത്തെടുക്കലെന്നതിനേക്കാള്‍ ഒരു കണ്ടെത്തലാണ് ഈ ഉദാഹരണം. 

റഷ്യയിലെ കുട്ടികള്‍ കളിക്കുന്നൊരു കളിയില്‍ അന്ന ബാഡ്കെന്‍ കണ്ടെത്തിയത് മനുഷ്യരുടെ എല്ലാ കെട്ടലുകള്‍ക്കും കുഴിക്കലുകള്‍ക്കും പരത്തലുകള്‍ക്കും ഒരു അന്യാപദേശം (allegory). വീട്ടുമുറ്റത്ത് ചത്തു മലച്ചൊരു വണ്ടിന് ഒരു കുട്ടി ഉപചാരപൂര്‍വ്വം നല്‍കിയ ശവസംസ്‌കാരത്തില്‍ ഉയിര്‍ത്തത് എന്റെ തനതു ഭൗമിക രാഷ്ട്രീയത്തിന്റെ മൂലരൂപം. 

അന്നക്കും എനിക്കും ഇടയില്‍ വിയോജിപ്പില്ല. 

ജാഗ്രതയില്ലാതെ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാവിയിലെ നമ്മിലേക്കും ഈ ഗ്രഹത്തിലേക്കുമായി നാം തൊടുക്കുന്ന സന്ദേശങ്ങള്‍ ശരിക്കും മറക്കാന്‍ നമുക്ക് കഴിയില്ല. ആറു വയസ്സായൊരു പെണ്‍കുട്ടി മറക്കില്ല; അവള്‍ മറന്നുവെന്ന് ഭാവിക്കുകയാണ്. ഒരു കുട്ടിക്കളിയില്‍ വിസ്മൃതി ആചാരവല്‍ക്കരിക്കപ്പെടുകയെന്ന ആശയം ഇപ്പോള്‍ എന്നെ ഞെട്ടിക്കുന്നു. 

അന്നയുടെ താക്കീതിനപ്പുറത്ത്, അജാഗ്രതയെക്കാള്‍ വിപത്കരമായ ഏതോ സ്ഥിതിവിശേഷം  മാനുഷികതയെ ഗ്രസിച്ചിരിക്കുന്നു. 

                              'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍  ഇവിടെ വായിക്കാം.