ഒരു ദിവസം രാവിലെ ഒറ്റക്കൊരു ഹോസ്പിറ്റലിൽ ചെന്ന് ദീർഘമായ ചില പരിശോധനകളിലൂടെ കടന്നു പോയതിനു ശേഷം ഫ്ളാറ്റിൽ തിരിച്ചെത്തിയ നിലയിലാണ് തുടക്കങ്ങളുടെ തുടക്കത്തിൽ ഞാൻ ഈ പംക്തിയിൽ ഡാലിയയെ പരിചയപ്പെടുത്തിയത്. ദിനചര്യകളിൽ ഒട്ടും പതിവില്ലാത്തൊരു ക്രിയയിൽ ഇവൾ ഏർപ്പെടുന്നു — ഉച്ചമയക്കം, സിയസ്റ്റ (01).
ആദ്യം അവളുടെ കിടപ്പ് എന്നെ ഭയപ്പെടുത്തി. പിന്നെ, ഡാലിയയുടെ തളർച്ച അളക്കാൻ കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചു, ഇനിയുള്ള ദിവസങ്ങളിൽ സിയസ്റ്റ ഇവളുടെ പതിവാകട്ടെ!
തുടർന്ന്, 2023 ഓഗസ്റ്റ് 22 തൊട്ടുള്ള ദിവസങ്ങളിൽ അനുഗ്രഹം ശാപമായി മാറുകയായിരുന്നു. ഉച്ചമയക്കം ഡാലിയയുടെ ജീവിതത്തിൻ്റെ ഭാഗമായി — ഏറെ ഗാഢമായ ശൈലിയിൽ ഒരു ബാധ. ഒറ്റ നോട്ടത്തിൽ ബാഹ്യമെന്ന് ആർക്കും തോന്നുമെങ്കിലും, ഇവിടെ ഒരു അനുബന്ധമുണ്ട് — ഓരോ കീമോ സെഷൻ്റെ ആഘാതത്തിനു ശേഷവും ഡാലിയ പതുക്കെ 'നോർമൽ' ആകുന്നതിൻ്റെ സ്ഥിര സൂചനകളായി അവളുടെ ഡാഡി പരിഗണിച്ച മൂന്നു കാര്യങ്ങൾ: ഒച്ച, ചായ, പാചകം — ഒരിക്കലും മാറാതെ ഇതേ ക്രമത്തിൽ.
ഒച്ച. തുടക്കത്തിൽ ഒച്ച ഏറെക്കുറെ പരുഷമായിരിക്കും, വാക്കുകളിൽ കാർക്കശ്യമുണ്ടെന്നു തോന്നിക്കാം. (മാനസികമായ ഞെരുക്കത്തിൽ ശബ്ദ വ്യവസ്ഥയിലെ ഏകോപനം തകരാറിലാക്കുന്നു). / ചായ. ചായകുടി നിൽക്കുന്നു (വായിലാകെ നിറഞ്ഞു നിൽക്കുന്ന ലോഹച്ചുവയിൽ ചായ അരോചകമാവുന്നു). / ; പാചകം നിൽക്കുന്നു (രുചിനാശവും തളർച്ചയും അനാസ്ഥയും അടുക്കളയെ ദൂരീകരിക്കുന്നു.
പക്ഷേ, "പക്ഷേ" എന്ന വാക്കിൽ വലിയൊരു ഊന്നൽ നൽകിക്കൊണ്ടാണ് ഡാലിയയുടെ അച്ഛൻ കൂട്ടിച്ചേർത്തത്: പതിനാറാമത്തെ കീമോ, ഒടുവിലത്തെ കീമോ, ഈ ക്രമം തെറ്റിച്ചു.
ഡാലിയ ആദ്യം അടുക്കളയിലേക്ക് കടന്നു. തനിക്ക് ശരിക്കും ആവശ്യമായ പോഷകാംശങ്ങൾ ക്ര്യത്യമായും ഏത് ഇലകളിലും കനികളിലുമാണുള്ളതെന്ന് അവൾക്കറിയാം. ഇവ ചേരുവകളായ വിശേഷാൽ കഞ്ഞി ഉണ്ടാക്കുന്നതിൽ അവൾക്കുള്ള അഭിനിവേശത്തിൽ, പാചകത്തിലെ ചലനങ്ങളിൽ പോലും നൃത്തം തിര നോക്കാമെന്ന് തോന്നിച്ചിരുന്നു. പിഴക്കാത്ത പല തരം പരീക്ഷണങ്ങളിൽ ഏർപ്പെട്ട് അവൾ ഉത്സാഹത്തോടെ പാചകം ചെയ്തു. ഒരിക്കൽ 'എഗ് പ്ലാൻറ്റ് പാമജാന' പോലും അവൾ ഉണ്ടാക്കി — ഡാഡിക്കായി മാത്രം!
പിന്നെ മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് വൈകുന്നേരം ഡാഡി ചായ ഉണ്ടാക്കുമ്പോൾ അവൾ അടുക്കളയുടെ വാതിൽക്കൽ നിന്ന് പറഞ്ഞത്, "ഡാഡി, എനിക്കും വേണം." / ഡാഡി പറയുന്നു, "അതിനു ശേഷവും, ഏറ്റവും സ്നേഹവും ആർദ്രതയും നിറഞ്ഞ സംഭാഷണങ്ങളിൽ പോലും എൻ്റെ കുട്ടിയുടെ ഒച്ച ഇടക്കിടെ പരുഷമാണെന്ന് തോന്നിച്ചിരുന്നു. ഇതെന്നെ അലട്ടുന്നു." / ഏതായാലും "ഒച്ച, ചായ, പാചകം" എന്ന ക്രമം ഇതോടെ തകർന്നിരിക്കുന്നു.
പെൺകുട്ടി: അടുക്കളയിലെ ഒരു ചെത്തൽ
ഡാലിയ പറയുന്നു: "ശരീരത്തിലെ പല സൂക്ഷ്മ പ്രവർത്തനങ്ങൾ കാരണം ഇങ്ങനെയൊരു ക്രമഭംഗം സംഭവിക്കാം. ഡാഡിക്ക് ഇതറിയാം. എന്നിട്ടും ഡാഡി ഒരു പ്രത്യേക ക്രമത്തെ ഇത്ര നിർണ്ണായകമായി കാണുന്നതെന്തുകൊണ്ട്? ഇതിൽ എന്തോ ഉണ്ട്. ഒരു പക്ഷേ ഇത് നിർണ്ണായകമാവുന്നത് ഡാഡിയെ സംബന്ധിച്ച് മാത്രമാവാം — തികച്ചും വ്യക്തിപരം."
ഡാലിയയുടെ ഡാഡി പറയുന്നു: "എനിക്കറിയില്ല. ആദ്യത്തെ പന്ത്രണ്ട് കീമോകളിൽ ഒരേ ഔഷധക്കൂട്ടായിരുന്നു. പക്ഷേ, ചുവന്ന ചെകുത്താനെന്ന് അറിയപ്പെടുന്ന 'റെഡ്' കീമോയാണ് പതിമൂന്നാം സെഷൻ തൊട്ട് ഡാലിയ ഏറ്റു വാങ്ങിയത്. ഇത്രയും ശക്തമായൊരു കെമിക മാറ്റം ഉണ്ടായിട്ടും ഒരു പ്രത്യേക ക്രമം മുറിഞ്ഞില്ലെങ്കിൽ ശരീരത്തിലെ ഏതോ താളമോ നടപടിക്രമമോ അതിന് അനുകൂലമായിരിക്കില്ലേ? ഇത്രയുമേ ഞാൻ ആലോചിക്കുന്നുള്ളൂ. ഞാൻ ശ്രദ്ധിച്ച ക്രമഭംഗം അടുക്കളയിലെ ഒരു ചെത്തൽ പോലെ തോന്നുന്നു."
ഈ ക്രമഭംഗം എളുപ്പത്തിൽ എന്നെ മറ്റൊരു സന്ദർഭത്തിലേക്ക് നയിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ളൊരു ചിത്രത്തിൽ ക്രിസ്തുവായി അഭിനയിക്കുമ്പോൾ ജിം കവീസെൽ അനുഭവിച്ച അവിശ്വസനീയ യാതനകൾ ഞാൻ വിവരിച്ചിരുന്നു — 'ആചാരം: ഒരു തുടക്കം, ഒരു പരമ്പര' (08) എന്ന ഭാഗത്തിൽ.
ചില ചിത്രങ്ങൾ കണ്ടുകഴിഞ്ഞാൽ എനിക്ക് ഐഎംഡിബി ഡോട്ട് കോം സന്ദർശിക്കാൻ തോന്നും. ഐഎംഡിബി നൽകുന്ന കഥാസാരം ആവശ്യമില്ല. കവീസെല്ലിൻ്റെ ദുരനുഭവങ്ങൾ കഥാസാരത്തിലല്ല, 'ട്രിവിയ' എന്ന സവിശേഷ വിഭാഗത്തിലാണ്. ഈ 'ട്രിവിയ' നിസ്സാരകാര്യങ്ങളല്ല, തിരക്കഥക്കു പുറത്തെ വസ്തുതകളാണ് — സെറ്റിലെയും അണിയറയിലെയും വിശേഷങ്ങൾ. ഇവിടെ
കവീസെല്ലിൻ്റെ അനുഭവങ്ങൾ വായിച്ചാൽ, പിന്നെ അതോർക്കാതെ മെൽ ഗിബ്സൻ്റെ ചിത്രം (The Last Temptation of Christ) ഓർക്കാനാവില്ല.
ഇനി പറയാം, ഡാലിയയുടെ ഡാഡി നിരീക്ഷിച്ച ക്രമവും ക്രമഭംഗവും ഡാലിയയുടെ രോഗധാരയിലെ ട്രിവിയയാണ്. നിസ്സാരമല്ല ഈ നിരീക്ഷണം. തീർച്ചയായും ഒരു പ്രത്യേക ഘട്ടത്തിൽ ഡാലിയയുടെ ശരീരത്തിൽ സംഭവിച്ച അന്തരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷേ ശാസ്ത്രീയമായി എത്രയേറെ സൂചകമാകാമെങ്കിലും കീമോതെറപിയെ തുടർന്നുള്ള ചികിത്സാവിധിയിൽ (ഡാലിയയുടെ രോഗധാരയുടെ തിരക്കഥയിൽ) ഇത് പ്രസക്തമല്ല, പരിഗണനീയം പോലുമല്ല — അതെ, ട്രിവിയ!
ഡോക്റ്റർ വളരെ ലളിതമായി ഡാലിയക്ക് വിധിച്ചത് സ്തനഛേദം (ഹാ, "അടുക്കളയിലെ ഒരു ചെത്തൽ!"). ഛേദം മസ്തിഷ്കത്തിൽ ആഴമെടുക്കും മുൻപ്, എൻ്റെ മനസ്സിൽ ഡാലിയ പ്രത്യേകിച്ചും തിളങ്ങി നിന്ന രണ്ടു മുഹൂർത്തങ്ങൾ എൻ്റെയും നിങ്ങളുടെയും പിൽക്കാല ഓർമ്മകളുടെ ഫിലിംചുരുളുകളിലേക്ക് പകർത്താൻ ഞാൻ ശ്രമിക്കട്ടെ.
പെൺകുട്ടി: "പെണ്ണിൻ്റെ ശരീരം ഭയാനകമാണോ?"
ഒന്നാമത്തെ ചുരുളിൽ. ഒരു ദിവസം നട്ടുച്ചക്ക് ശേഷം, ആരോ മണിയടിച്ച് ഫ്ളാറ്റിനെ ഉണർത്തുന്നു. ഡാലിയക്കറിയാം, ഡാഡി ഈ സമയത്ത് ആരെയും പ്രതീക്ഷിക്കുന്നില്ല. ഡാഡി വാതിൽ തുറന്നപ്പോൾ ദാ നിൽക്കുന്നു ഡാലിയയുടെ പ്രിയപ്പെട്ട "പ്രിറ്റിച്ചേച്ചി"! — പ്രിയംവദ, ഡാഡിയുടെ പ്രിയപ്പെട്ട അനന്തിരവൾ, നൃത്തശാസ്ത്രത്തിൽ വിദഗ്ദ്ധ, പല നർത്തകികളുടെ ആചാര്യ, സ്വയം ഒരു പ്രശസ്ത നർത്തകി.
~ പ്രിയംവദയെ ഡാഡി അടുത്തിരുത്തുമ്പോൾ ഡാലിയ ഉച്ചഭക്ഷണം കഴിഞ്ഞ് സിയസ്റ്റയിൽ അഭയം തേടാൻ അടുക്കളയിൽനിന്ന് പതുക്കെ കിടപ്പറയിലേക്ക് നീങ്ങുകയായിരുന്നു. ധരിച്ചിരിക്കുന്നത് അത്യാവശ്യ വസ്ത്രങ്ങൾ — കൈകൾ ഇല്ലാത്തൊരു ഷിമ്മിയും ഷോർറ്റ്സും മാത്രം. ഒരു വിലക്ഷണ നിമിഷം.
~ സാരമില്ല, നഗ്നയായിപ്പോലും പ്രിറ്റിച്ചേച്ചിയെ സമീപിക്കാൻ ഡാലിയക്ക് സങ്കോചമില്ല. പക്ഷേ, ഒടുക്കത്തെ കീമോയുടെ തളർച്ച മാറിയിട്ടില്ലാത്തതിനാൽ, കോവിഡിന് ശേഷം ചേച്ചിയുടെ ആദ്യ സന്ദർശനം ആഘോഷിക്കൽ അസാധ്യം. കൂടെയിരുന്ന് കുറച്ചു നേരം സംസാരിക്കാൻ പോലും ഡാലിയക്ക് ശക്തിയില്ല — പ്രത്യേകിച്ചും, ഡാഡി സൂചിപ്പിച്ച "പാരുഷ്യം" ഒച്ചയിൽ ഉണ്ടാകാമെന്ന സാഹചര്യം നിലവിലുള്ളതിനാൽ!
~ പ്രിയംവദയും ഡാലിയയും സംഭാഷണം ഇല്ലാതെ അന്യോന്യം ഗാഢമായി കെട്ടിപ്പുണരുന്നതും ഉമ്മ വെക്കുന്നതും, പിന്നെ ഡാലിയ തൻ്റെ കിടപ്പറയിലേക്ക് സാവധാനം നടന്ന് മറയുന്നതും ഡാലിയയുടെ ഡാഡി ആശ്ചര്യത്തോടെയാണ് ശ്രദ്ധിക്കുന്നത്.
~ പ്രിയംവദ നഗരം വിട്ടുപോയെന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. നേരിട്ടല്ലാതെ ഡാലിയയുടെ രോഗാവസ്ഥ ബന്ധുക്കളാരെയും അറിയിച്ചിട്ടുമില്ല. ആകയാൽ, ഇപ്പോൾ തൻ്റെ മുന്നിൽ സംഭവിതെന്ത്! ഡാലിയയുടെ ഭാവത്തിലും ചലനങ്ങളിലും പ്രിയംവദ പലതും വായിച്ചിരിക്കാം. പക്ഷേ, കൂടുതൽ വലിയൊരു തിരിച്ചറിവ് താൻ ഇവിടെ കണ്ടു. ഡാലിയയുടെ രോഗാവസ്ഥ ആരിൽനിന്നോ അറിഞ്ഞിട്ടാണ് പ്രിയംവദയുടെ വരവ്! / "സത്യം," പ്രിയംവദ സമ്മതിച്ചു, "ഞാൻ നഗരം വിട്ടിട്ടില്ല. തിരക്കിലായിരുന്നു. ചില യാത്രകൾ, പരിപാടികൾ…"
~ പ്രിയംവദ വിവരിക്കുന്നു. പ്രതികരണങ്ങൾക്കിടയിലാണ് ഹൃദ്യഭൂതത്തിലെ താവളങ്ങളൊന്നിൽ ഡാലിയയുടെ ഡാഡി എത്തിയത് — ഗൺ ഹൗസിലെ നൃത്തം (21). എട്ടാം വയസ്സിൽ മൈസൂറിലെ ഒരു റെസ്റ്ററാൻറ്റിൽ നൃത്തം ചെയ്ത് കയ്യടി നേടിയ പെൺകുട്ടിയെ മനസ്സിലാക്കാൻ പ്രിയംവദയേക്കാൾ കൂടുതൽ ആർക്കാണ് കഴിയുക! പ്രിയംവദ പറഞ്ഞു, "ഇപ്പോൾ പോലും ഡാലിയയുടെ ശരീരം ഒരു നർത്തകിയുടേതാണ്."
രണ്ടാമത്തെ ചുരുളിൽ, ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിൽ, ഡാലിയക്ക് ഒരു എക്സ്റേ റ്റെസ്റ്റ് ആവശ്യമായിത്തീരുന്നു. ആറു മാസത്തിലധികം നീണ്ടു നിന്ന കീമോതെറപിയുടെ ആഘാതത്തിൽ ഡാലിയയെ 'കീമോ ഫോഗ്' ബാധിച്ചിരുന്നു. ഒരു പക്ഷേ. 'കീമോ ബ്രേൻ' എന്ന പേരിലാവും ഇത് ഗവേഷണങ്ങളിൽ കൂടുതലും അറിയപ്പെടുന്നതെങ്കിലും, 'കോവിഡ് ഫോഗ്' അറിയാവുന്നവർക്കെല്ലാം ഇതിൻ്റെ ഉള്ളടക്കമായ ധൂമിക ('മൂടൽമഞ്ഞ്') തിരിച്ചറിയാം. അത്രയും സാദൃശ്യം.
~ എക്സ്റേ മുറിയിൽ പ്രവേശിച്ച ഡാലിയയുടെ ബോധത്തിൽ തെറ്റായ ആശയബന്ധങ്ങളുണ്ടായിരുന്നു. റ്റെക്നിഷനെ സ്തബ്ധയാക്കിക്കൊണ്ട് അവൾ മേലുടുപ്പ് അഴിച്ചുമാറ്റാൻ തുടങ്ങി.
~ റ്റെക്നിഷൻ അലറി, "എന്താണ് ചെയ്യുന്നത്!" / പരിസരബോധം വീണ്ടെടുത്ത് ഡാലിയ പറഞ്ഞു, "എനിക്ക് തെറ്റ് പറ്റിയതാണ്. സോറി, സോറി… പക്ഷേ നിങ്ങൾ അലറുന്നതെന്തിന്, മാഡം! പെണ്ണിൻ്റെ ശരീരം ഭയാനകമാണോ?" / പിന്നെ വസ്ത്രം നേരെയാക്കും മുൻപ്,ഒരു കുസൃതിയിൽ നൊടിയിടയോളം മാറിടം അല്പം കൂടി പ്രദർശിപ്പിച്ചുകൊണ്ട് ഡാലിയ സൗമ്യമായി കൂട്ടിച്ചേർത്തു, "ഏതായാലും എൻ്റെ ശരീരം വടിവുള്ളതാണ്, കണ്ടില്ലേ?"
~ ആ വടിവിലാണ് "അടുക്കളയിലെ ചെത്തൽ" സ്ഥലം പിടിക്കാൻ പോകുന്നത്! ഡാലിയയെക്കുറിച്ച് കൂടുതൽ എഴുതാൻ എനിക്ക് കഴിയുമോ?
'ആത്മകഥ ആവാതെ ഞാന്' ഇതുവരെയുള്ള അധ്യായങ്ങള് ഇവിടെ വായിക്കാം
Content Highlights: maythil radhakrishnan athmakadha avathe njan column 24
Published: 25 Apr 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented