അഞ്ചാം ക്‌ളാസിൽ പഠിച്ചിരുന്ന കാലത്താണ് ഞാൻ ആദ്യമായൊരു രേഖാചിത്രത്തിൽ ഏർപ്പെട്ടത്  —  ഒരു തൂണിൻ്റെ മറവിൽ നിന്ന്, അല്‌പം അകലെ കാണാവുന്നൊരു ക്രിമിനലിൻ്റെ നീക്കം ശ്രദ്ധിക്കുന്നൊരു കുറ്റാന്വേഷകൻ്റെ   ചിത്രം. ജീവിതത്തിൽ ആദ്യമായി എഴുതിയ കഥക്ക് വേണ്ടിയാണ് ഞാൻ ഈ ചിത്രം വരച്ചത്. പഠനത്തിൻ്റെ ഭാഗമായ ജ്യാമിതീയ- ശാസ്ത്രീയ വരപ്പുകൾ മാറ്റി നിർത്തിയാൽ, രണ്ടാമതൊരു ചിത്രം ഞാൻ വരച്ചിട്ടില്ല. 

To advertise here,

ആദ്യമായും അവസാനമായും ഞാൻ വരച്ച ചിത്രത്തിൽ ഈ കുറിപ്പുമായി യോജിക്കുന്നൊരു ഘടകമുണ്ടായിരുന്നു. കാലത്തിലൂടെ പിന്നോട്ട് ചരിച്ചാൽ സംഭവിക്കാവുന്നൊരു ഏകീഭാവം പോലെയാണ് ഇപ്പോൾ അതനുഭവപ്പെടുന്നത്: ആ ചിത്രത്തിലെ കുറ്റാന്വേഷകൻ്റെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നു. കഥയുടെ പ്രചോദനം ബികെഎം (ചമ്പക്കുളം) അച്ചടിച്ചിരുന്ന 'ഡിറ്റക്ടർ' മാസികയിലെ കഥകളാണെന്നോർത്താൽ അതിലൊരു തോക്ക് സ്വാഭാവികം  —  വെറുമൊരു 'പ്രോപ്'. അത്ര മാത്രം. 

വർഷങ്ങൾക്ക് ശേഷം പ്രി- യൂനവർസിറ്റിക്ക് പഠിക്കുമ്പോൾ തോക്കുകൾ സാങ്കേതികമായാണ് എന്നെ ആകർഷിച്ചത്. എൻസിസി പരിശീലനങ്ങളിൽ ചിലപ്പോൾ കയ്യിൽ പിടിച്ചിരുന്ന കാലിത്തോക്ക് ഒരു സ്വാധീനമായിരുന്നില്ല. 

സ്വാധീനിച്ചത് പ്രിയപ്പെട്ട പപ്പയുടെ (ഞങ്ങളുടെ അച്‌ഛൻ്റെ) ബുക് ഷെൽഫാണ്  —  ഒരു പുസ്‌തകത്തിലെ കഥാപാത്രം. 

പപ്പ ഒരിക്കൽ, സിംഗപ്പൂരിൽ, ബ്രിറ്റിഷ് ആർമിയിലായിരുന്നു  —  രണ്ടാം ലോകയുദ്ധത്തിൽ സിംഗപ്പൂരിൻ്റെ വീഴ്‌ചക്ക് മുൻപ്, ഞാൻ ജനിക്കും മുൻപ്.  പല തരം സൈനികത്തോക്കുകൾ പപ്പയുടെ കൈകളിലൂടെ കടന്നു പോയിരിക്കാം. പ്രയോഗം പരിചയമില്ല. അദ്ദേഹം സ്‌റ്റോറിൻ്റെ തലപ്പത്തായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ പപ്പ തോക്കുകളിൽ ശ്രദ്ധിക്കുന്നത് പെറി മേസൻ നോവൽ പരമ്പരയിലെ അലക്‌സാൻഡർ റെഡ്‌ഫീൽഡിനെ പരിചയപ്പെട്ടപ്പോളാണ്. എൻ്റെ കാര്യവും തഥൈവ! ഡിറ്റോ!

ഒരു ബലിസ്‌റ്റിക്‌സ് വിജ്ഞാനിയാണ് റെഡ്‌ഫീൽഡ്. ഒരു വെടിയുണ്ട ഏതു തോക്കിൽനിന്ന് വന്നതെന്ന് അദ്ദേഹം കണ്ടെത്തും. തോക്കിൻകുഴലിനകത്തെ സൂക്ഷ്‌മമായ പോറലുകളും മറ്റും ബുള്ളറ്റിൽ ഏൽപ്പിക്കുന്ന വരകൾ വിരലടയാളം പോലെയാണ്. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന റെഡ്‌ഫീൽഡിൻ്റെ വിശദീകരണങ്ങൾ ചില പുതിയ തുറപ്പുകളിലേക്ക്  എന്നെ നയിക്കുകയായിരുന്നു: ഒരു തോക്കിൻ്റെ (വസ്‌തുവിൻ്റെ) 'വ്യക്തിത്വം'; അതിൻ്റെ ഉടമയുടെ വ്യക്തിത്വം; ഇവ രണ്ടിൻ്റെയും ഇതേരേതര ബന്ധം. അടിസ്ഥാനപരമായി എൻ്റെ വ്യക്തിത്വത്തിലുണ്ടായൊരു മാറ്റത്തിൻ്റെ തുടക്കം ഇവിടെയുണ്ട്  —  വസ്‌തുനിഷ്‌ഠത.

മനുഷ്യവംശത്തോടുള്ള അനാദരവും, കലാസൃഷ്‌ടികളല്ലാതെ മനുഷ്യർ സൃഷ്‌ടിക്കുന്ന പല വസ്‌തുക്കളോടുമുള്ള ആദരവും എനിക്കുള്ളിലെ തർക്കം (ഡൈലെക്റ്റിക്‌സ്) ഒരുക്കുന്നു.  എൻ്റെ വസ്‌തുനിഷ്‌ഠത ശരിക്കും വസ്‌തുവിൽ നിഷ്‌ഠമാണ്. സൗന്ദര്യബോധം സ്വതവേ ഇതിലുണ്ട്. പ്രയോഗം സ്വയം സൗന്ദര്യമാകുന്നത് അനല്‌പമായ സുഖം, പക്ഷേ പ്രയോഗ നിരപേക്ഷമായി വസ്‌തുക്കളെ സ്നേഹിക്കാൻ എനിക്ക് കഴിയും. ഒരിക്കൽ, കെ.വി. മണികണ്ഠനുമായുള്ളൊരു സംവാദത്തിൽ, വസ്‌തുക്കളോടുള്ള സമീപനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പെട്ടെന്നൊരു ഉദാഹരണമായി എൻ്റെ മനസ്സിൽ തെളിഞ്ഞത് ഒരു തോക്കായിരുന്നു!  —  മറ്റൊരു ഏകീഭാവം?

"എന്താണൊരു തോക്ക്? ഇവിടെയാണ് എഴുത്തിൻ്റെ രണ്ടു പ്രശ്‍നങ്ങളുമായി നാം പരിചയപ്പെടുന്നത്  — പ്രയോഗം, പ്രതീകം. വാക്കുകൾ നിറതോക്കുകളാണെന്ന് സാർത്ര് പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പ്രതിരോധം, ലക്ഷ്യബോധം, ഇതിൽ ധ്വനിക്കുന്നു. ഒരു പ്രതീകമെന്ന തോക്ക് പലതിനെയും ചൂണ്ടുന്നു. വേട്ടയെ, അധികാരത്തെ, അധിനിവേശത്തെ, ആത്മഹത്യയെ, കുറ്റകൃത്യങ്ങളെ… പക്ഷേ, പ്രയോഗ/പ്രതീക സന്ദർഭങ്ങളിൽ നിന്ന് വേർപെടുത്തി കാണാവുന്നൊരു അസ്തിത്വം ഒരു തോക്കിനുണ്ട്. വെറുമൊരു ഘടനയെന്ന നിലക്കുള്ള അസ്തിത്വം. എനിക്കത് കാണാൻ കഴിയും; എൻ്റെ എഴുത്തിന് അതിലേക്കു പ്രവേശിക്കാം. അതാണ് തോക്കെന്ന നിർമ്മിതിയുടെ യഥാർത്ഥ സൗന്ദര്യാത്മക അസ്തിത്വമെന്ന് ഞാൻ വിശ്വസിക്കുന്നു." 

ഹെമിങ്‌വേ, ഈസ്റ്റ്‌വുഡ്: താരതമ്യം ആകസ്‌മികമോ?  

ഹെമിങ്‌വേയിൽ നിന്നാണ് ആത്മഹത്യയിൽ സ്വീകാര്യമായ ഒരേയൊരു ഉപാധിയായി ഒരു കൈത്തോക്ക് എൻ്റെ വിചാരങ്ങളിൽ കടന്നുവന്നത്. തെറ്റായ പ്രചോദന ഉറവിടം  —  ക്രിയയിലല്ല, ഉപാധിയിൽ / അരയിൽ ആറു തിരകളുള്ള രണ്ടു റിവോൾവറുകളുമായി ഹരിലാൽ രാജഗോപാലിൻ്റെ ഒരു കവിതയിൽ ക്ലിൻറ്റ് ഈസ്റ്റ്‌വുഡ് പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ആകസ്‌മിക താരതമ്യം ഉണ്ടാവുന്നു. സത്യത്തിൽ ആക്‌സമികമല്ലാതെയും ഈ താരതമ്യം സാധ്യമാകാം. ഇത് സാധ്യമാക്കുന്നത് തോക്കുകൾ.  

ഹെമിങ്‌വേ ചില പ്രത്യേക അവസരങ്ങളിൽ കൈത്തോക്കുകൾ കൈകാര്യം ചെയ്‌തിരുന്നിരിക്കാം. പക്ഷേ അദ്ദേഹം അമേരിക്കയിലെ പ്രശസ്‌ത 'വെസ്റ്റർൻ' ചിത്രങ്ങളിലെ നായകൻ അല്ല. ഒരു ഈസ്റ്റ്‌വുഡ് ചിത്രത്തിലെ 'ഡ്രോ' (ബെൽറ്റിലെ ഉറയിൽനിന്നും എത്രയും വേഗത്തിൽ തോക്കൂരിയെടുത്ത് വെടിവെക്കൽ) ഒരു വേട്ടക്കാരനിൽ ആരാണ് പ്രതീക്ഷിക്കുക! ആസൂത്രിതമാണ് വേട്ട. കൂടുതലും  'വെസ്റ്റർൻ' ചിത്രങ്ങളുടെ സൃഷ്‌ടിയായൊരു ആചാരമാണ് 'ഡ്രോ'  —  പട്ടാളക്കാർ പോലും ഇത് മറ്റൊരു രീതിയിൽ പരിശീലിക്കാറുണ്ടെങ്കിലും. 

അരയ്ക്കു ചുവട്ടിലേക്കിറങ്ങി നിൽക്കുന്ന ഹോൾഡർ (തോക്കിൻ്റെ ഉറ) ഒരു 'ഡ്രോ'യിൽ തികച്ചും അനിവാര്യം. മാധ്യമങ്ങളിൽ ധാരാളമായി പ്രത്യക്ഷപ്പെട്ട വേട്ടച്ചിത്രങ്ങളിൽ ഹെമിങ്‌വേയുടെ ഉപാധികളിൽ ഈ സൗകര്യം എൻ്റെ കണ്ണിൽ  പെട്ടതായോർക്കുന്നില്ല. 'ഹെമിങ്‌വേയുടെ തോക്കുകൾ' (Hemingway's Guns) എന്ന ആധികാരിക പുസ്‌തകം പ്രദർശിപ്പിക്കുന്ന ഛായാപട പരമ്പരയിലെ തോക്കുകlൾ പൊതുവേ നീണ്ട മാതൃകകളാണ് —  രണ്ടു കൈകളിൽ എടുത്തുപിടിച്ച് കണ്ണിൻ്റെ വിതാനത്തിലെത്തിച്ച് ഉപയോഗിക്കേണ്ട തോക്കുകൾ. 

വെടിവെപ്പിൽ കൂടുതലും, അസാധാരണമാം വിധം, ഒരൊറ്റ കൈ മാത്രം ഉപയോഗിക്കുന്ന ആളാണ് ഈസ്റ്റ്‌വുഡ്  —  സിനിമയിലും, ഷൂട്ടിങ് കേന്ദ്രങ്ങളിലും! 

പട്ടാളജീവിതത്തിലും ഷൂട്ടിങ്ങിനിടയിലും ഹെമിങ്‌വേയെ ഏറെ പിന്നിലാക്കുന്ന സാഹസിക കൃത്യങ്ങൾ പൂർത്തിയാക്കാൻ ഈസ്റ്റ്‌വുഡിന് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ കൂട്ടിച്ചേർക്കട്ടെ.  ഇവിടെ നാം റോളുകൾക്ക് പുറത്ത് വ്യക്തിയിൽ എത്തുന്നു. ഇതിനു സമാന്തരമായി, വേട്ടക്കാരനായ ഹെമിങ്‌വേയിൽനിന്ന് എഴുത്തുകാരനായ ഹെമിങ്‌വേയിലേക്ക് കടന്നാൽ?

ബുള്ളറ്റ് (വെടിയുണ്ട) കൃത്യമായി ബുൾസ്-ഐയിൽ (ലക്ഷ്യത്തിൽ) എത്തുന്നു; പേന ഉചിതമായ വാക്കിൽ എത്തുന്നു. എത്തലിലേക്ക് നയിക്കുന്ന വളവ് രണ്ടിലും നിർണ്ണായകം. വെടിയുണ്ട സഞ്ചരിക്കുന്നത് നേർരേഖയിൽ അല്ല. 

placeholder
ചിത്രീകരണം: കെ. ഷെരീഫ്‌

ഹെമിങ്‌വേയുടെ ഭാഷയുടെ രഹസ്യം സാഹിത്യാചാരങ്ങളുടെ പരിധിക്ക് പുറത്താണ് (അക്ഷരംപ്രതി, മോബൈൽ ഫോണിൻ്റെ അറിയിപ്പിന് തുല്യം). ആ രഹസ്യം ബലിസ്‌റ്റിക്‌സാണ്  —  തോക്കിൽ നീന്ന് പുറത്തെത്തുന്ന വസ്‌തുവിൻ്റെ (പ്രക്ഷ്യേപ്യത്തിൻ്റെ) ചലനത്തെയും പെരുമാറ്റത്തെയും സംബന്ധിച്ച ശാസ്ത്രം. യന്ത്രഘടനകളിലെ സൂക്ഷ്‌മവിന്യാസം കണ്ണുകളിലും വിരൽത്തുമ്പുകളിലും വേദ്യമാവുന്നവർക്കേ ഇതിലെ സൗന്ദര്യശാസ്ത്രം മനസ്സിലാക്കാൻ കഴിയൂ. 

അഞ്ചു വയസ്സായ ഹെമിങ്‌വേ ഒരു മാർക്കം കിങ് ഏർ റൈഫിൾ പിടിച്ചു നിൽക്കുന്ന ഫോട്ടോയോടെ തുടങ്ങുന്നൊരു ആൽബത്തിൽ കുട്ടിയുടെ അമ്മ നൽകുന്നൊരു കുറിപ്പുണ്ട്: അച്‌ഛൻ ഷൂട്ടിംഗ് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ . കുട്ടിക്ക് രണ്ടര വയസ്സ്. നാലാമത്തെ വയസ്സിൽ ഒരു തോക്ക് കൈകാര്യം ചെയ്യാൻ കുട്ടിക്ക് കഴിയുമായിരുന്നു. അമ്പതിൽപ്പരം വർഷങ്ങളോളം നീണ്ടു നിൽക്കാൻ പോകുന്നൊരു ചര്യ ഈ തുടക്കത്തിൽ നിന്ന് ഊഹിക്കാൻ ശ്രമിക്കുക.     

മാതൃഭൂമി ഡോട് കോമിൽ ഞാനൊരു വാർത്ത കണ്ടത് കൃത്യമായും ഈ കുറിപ്പെഴുതുമ്പോളാണ്. ഏതോ കോടതിയുടെ ഉത്തരവാണ് വാർത്ത: വാണിജ്യ പരസ്യങ്ങളിലെ അസത്യ പ്രസ്‌താവനകൾക്കെതിരെ നടപടികളുണ്ടാവും; ഒപ്പം,.. ഉപഭോക്താക്കൾക്ക് തെറ്റായ വിവരം നൽകുന്നൊരു പരസ്യത്തിലെ ഉത്പന്നം ശുപാർശ ചെയ്യുന്ന സെലെബ്രിറ്റിക്കെതിരായും നടപടിയുണ്ടാകും. എത്രയോ കാലമായി ഞാൻ ആഗ്രഹിച്ചിരുന്നൊരു ഉത്തരവ്! 

അടുത്ത ക്ളിക്കിൽ ഞാൻ വായിക്കുന്നത് 'ഹെമിങ്‌വേയുടെ തോക്കുകൾ' എഴുതിയ സിൽവോ കലാബി, റോജർ സാങ്ങർ, സ്‌റ്റീവ് ഹെൽസ്‌ലി എന്നിവരുടെ  ഒരു പ്രസ്‌താവനയാണ്: അഞ്ചു വയസ്സായ ഹെമിങ്‌വേയുടെ കയ്യിലെ മാർക്കം കിങ് ഏർ റൈഫിളിനെക്കുറിച്ച് പരസ്യത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്.  ആൺകുട്ടികളുടെ ചുറുചുറുക്കും സന്തോഷവും ഉദ്ദേശിച്ചുള്ള ഈ തോക്ക് മൂന്നു നേട്ടങ്ങൾ ഉറപ്പിക്കുന്നു: ഇടറാത്ത സിരകൾ, നിശിതമായ കാഴ്‌ച, വികസിതമായ നിരീക്ഷണശക്തി. 

ഇവയിൽ ഒന്നാമത്തെയും മൂന്നാമത്തെയും നേട്ടങ്ങൾ ഹെമിങ്‌വേ തന്നെ എഴുത്തിലൂടെയും വേട്ടയിലൂടെയും തുല്യനിലയിൽ 'എൻഡോർസ്' ചെയ്‌തിട്ടുണ്ട്‌.  പക്ഷേ രണ്ടാമത്തെ നേട്ടം ഉണ്ടായില്ല. 

ആളുകളുമായും ഉപകരണങ്ങളുമായും പെരുമാറുമ്പോൾ സംഭവിച്ച ചില അപകടങ്ങൾ ഹെമിങ്‌വേക്ക് കാഴ്‌ചയിലുണ്ടായിരുന്ന തകരാറിനെ ചൂണ്ടുന്നു. പക്ഷേ ഈ ന്യൂനത അത്ര പരസ്യമായിട്ടില്ല. പല തൊപ്പികൾ പോലെ, വിവിധ സാഹചര്യങ്ങളിലെ ആഢംബര ശാഠ്യങ്ങളുമായി പൊരുത്തപ്പെടുന്ന കണ്ണടകൾ വാങ്ങിക്കൂട്ടിയിരുന്നെങ്കിലും ദുരഭിമാനം കാരണം പൊതുവേദികളിൽ കണ്ണട ധരിച്ച് പ്രത്യക്ഷപ്പെടാൻ ഈ സെലെബ്രിറ്റി മടിച്ചിരുന്നു. . 

(ഹെമിങ്‌വേയുടെ 'അന്ധ'വശം എനിക്കൊരു പുതിയ അറിവാണ്. ഇതെന്നെ ആശ്ചര്യപ്പെടുത്തിയില്ല. മൾബറിയിലകളിൽ പട്ടുനൂൽപ്പുഴുക്കൾ പെരുമാറുന്ന രാത്രിയിലേക്കുള്ള യാത്രയിൽ ഞാനിത് സംശയിച്ചിരുന്നു. ആന്ധ്യത്തിൻ്റെ ഒരു  ഇടവഴിയിൽ ഞാനും ഈ എഴുത്തുകാരനും ഒന്നിച്ചിരുന്നു.)

ഒരു നിർമ്മിതിയുടെ പ്രയോഗം സ്വയം സൗന്ദര്യമാകുന്നതിനെപ്പറ്റി ഞാൻ  പറഞ്ഞു. ഞാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നു, ഹെമിങ്‌വേയുടെ ഏകാഗ്രതയും ആത്മസംതൃപ്‌തിയുമെല്ലാം തോക്കുപയോഗിക്കലിലെ സൗന്ദര്യോർജ്ജത്തിൽ  മാത്രമായിരുന്നെങ്കിൽ; ചത്തു വീഴുന്ന മൃഗങ്ങളിൽ അല്ലായിരുന്നെങ്കിൽ! നേട്ടത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവൃത്തിയോട് മാത്രം പ്രതിബദ്ധതയുള്ള നിമിഷങ്ങളിൽ മുഴുകാൻ ഒരു പ്രഫെഷനലിന് കഴിയും.  

എഴുത്തിൽ എനിക്കിത് കഴിഞ്ഞിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച സംവാദത്തിൽ മണികണ്ഠൻ പറഞ്ഞിരുന്നു: "ഒരു നിസ്സംഗത്വം, വിടുതൽ, നിരാസം എന്നൊക്കെ പറയാം. എഴുത്തിലും‌ നിലപാടുകളിലും മേതിലിൽ പ്രകടമായ ഒന്നാണത്." സത്യം.  ചില ചിത്രങ്ങളിൽ, പ്രത്യേകിച്ചും മൂന്നു സ്‌പഗെറ്റി വെസ്റ്റർൻ ചത്രങ്ങളിൽ, ക്ലിൻറ്റ് ഈസ്റ്റ്‌വുഡിൻ്റെ സമീപനം ഇതിന് സമാന്തരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്  —  ദൗത്യത്തിലെ നേട്ടം നിർവ്വഹണത്തിൽ നഷ്‌ടപ്പെടൽ. 

എൻ്റെ മാത്രം തോന്നൽ? ഇവിടെയാണ് ഹരിലാൽ രാജഗോപാലിൻ്റെ 'ക്ലിൻറ്റ് ഈസ്റ്റ്‌വുഡ്' എന്ന കവിത എന്നെ ആശ്ചര്യപ്പെടുത്തിയത്. ഈസ്റ്റ്‌വുഡിനെക്കുറിച്ച് ഈ കവിത സാമാന്യമായി ഇങ്ങനെ പറയുന്നു: "പൊന്ന്‌ വാരാൻ വന്നതെങ്കിലും, അവന് സത്യത്തിൽ അതിനോടും താല്പര്യമില്ല." എങ്കിൽ ശരിക്കും ഈസ്റ്റ്‌വുഡ് ആരാണ്? "വൈൽഡ് വെസ്‌റ്റിലെ വൈകുന്നേരങ്ങളിൽ സ്വർണ്ണനിറം പകരുന്ന ചക്രവാളം തുകൽസഞ്ചിയിലാക്കാൻ കൊതിക്കുന്ന കാല്പനികവിഡ്‌ഢി."  

placeholder
ക്ലിന്റ് ഈസ്റ്റ്‌വുഡ്‌

മരിച്ചവരുടെ ചിതയിലെ ചാരം പലേടങ്ങളിൽ വിതറുന്നതിൽ ഉറ്റവർക്കുള്ള  വ്യഗ്രതയോടെ ചക്രവാളങ്ങളിലും ഭൂദൃശ്യങ്ങളിലും അന്തരീക്ഷങ്ങളിലും തൻ്റെ മനസ്സിനെ വിതറുകയായിരുന്നു ഹെമിങ്‌വേ  —  പക്ഷേ തെറ്റായ കാരണത്താൽ! പല സന്ദർഭങ്ങളിലും ഈ പ്രയോഗത്തിൽ ഹെമിങ്‌വേയെ ചുരുക്കിയെഴുതാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രകൃതിയിൽ മുഴുകൽ, ജീവികളെ നിരീക്ഷിക്കൽ… അദ്ദേഹം ഒരു ശരിയിൽ, അല്ലെങ്കിൽ മറ്റൊരു ശരിയിൽ, പക്ഷേ തെറ്റായ കാരണത്താൽ. 

വേട്ടക്കും കാളപ്പോരിനും ചുറ്റുമായി ഹെമിങ്‌വേ മെനെഞ്ഞെടുത്ത ചില തത്ത്വങ്ങൾ വിഭ്രാമകമാം വിധം കാല്പനികമാണ്. പക്ഷേ തോക്കിൻ്റെ പ്രായോഗിക സൗന്ദര്യത്തിൽ മുഴുകിയിരിക്കുന്ന ഹെമിങ്‌വേ ഒരു കാല്പനികവിഡ്‌ഢിയല്ല. ഉന്നം നോക്കുമ്പോൾത്തന്നെ,.കൊല്ലപ്പെട്ടൊരു മൃഗത്തിന്നരിലിൽ താൻ തോക്കുമായി നിൽക്കുന്ന ഛായാപടം അദ്ദേഹം കാചത്തിലാക്കിയിരിക്കും.

അല്‌പം ദീർഘമായൊരു 'താരതത്മ്യം' ഇവിടെയുണ്ടായത് എനിക്കും എനിക്കും ഇടയിലുണ്ടായൊരു തർക്കം പോലെയാണെന്ന് നിങ്ങൾ തിരിച്ചറിയും. എല്ലാം ഒരു തോക്കിനെക്കുറിച്ചുള്ള സംശയങ്ങളുടെ ചിതറിയ അലച്ചിൽ. ഹെമിങ്‌വേയുടെ മരണം ഇന്നും എൻ്റെ മനസ്സിൽ സംശയങ്ങളുണർത്തുന്നു.