
ഇരുട്ടാകുംവരെ കാത്തിരിക്കുക! ഓഡ്രി ഹെപ്ബേണ് അന്ധയായൊരു കഥാപാത്രമായി അഭിനയിച്ച 'വേറ്റ് അന്റ്റില് ഡാര്ക്' (Wait Until Dark) റിലീസ് ചെയ്യുമ്പോള്, ചിത്രം ഒരു വന്കിട സംഭവമാകാന്, 1960-കളില് അപൂര്വമെന്ന് നിഗമിക്കാവുന്നൊരു പ്രചാരതന്ത്രമാണ് നിര്മാതാക്കള് ഉപയോഗിച്ചത്.
അച്ചടിച്ചൊരു പരസ്യവും ചിത്രത്തിന്റെ ഒരു ട്രെയ്ലറും ഏതാണ്ടിങ്ങനെ പറഞ്ഞു: ഈ ചിത്രത്തിന്റെ ഒടുക്കത്തെ എട്ട് മിനുറ്റുകളില് നിങ്ങള് സ്ക്രീനില് കാണാന് പോകുന്നത് മിക്കവാറും കൂരിരുട്ടില് സംഭവിക്കുന്ന ക്ലൈമാക്സിന്റെ ഭയാനകതയായിരിക്കും. സംവേദനം അധികപ്പെടുത്താനായി, നിയമപരമായ പരിധിയോളം തീയറ്റര് ഇരുട്ടിലാവും. പുകവലി നിരോധിക്കപ്പെടാത്ത ഇടങ്ങള് തീയറ്ററില് ഉണ്ടെങ്കില്, ഈ സീക്വന്സിനിടയില് ആരും ഇതിലെ ഇഫെക്റ്റ് തകര്ക്കുംവിധം വെളിച്ചം ഉണ്ടാക്കരുതെന്ന് ഞങ്ങള് അപേക്ഷിക്കുന്നു.
ഹെപ്ബേണിന്റെ ചിത്രം കാണുമ്പോള് ഒരു സിഗരറ്റ് കൊളുത്താതെ ആ ''ഇഫെക്റ്റ്'' കാത്തിരുന്നത് ഞാന് ഓര്ക്കുന്നു. ഇപ്പോള്, അസ്സല് ജീവിതത്തില്, അതിനുവേണ്ടിയുള്ള കാത്തിരിപ്പിനെ തീയറ്ററിന്റെ അന്തരീക്ഷത്തിലേക്ക് ഞാന് വിക്ഷേപിക്കുന്നു. ഇനിമേല് എല്ലാം പ്രദര്ശനത്തിന്റെ നിയമാവലി അനുസരിച്ചാകട്ടെ.
പകല്വെളിച്ചത്തില് പുറത്തുവരാന് സാഹസപ്പെടാത്ത ദൈവങ്ങളുടെയെല്ലാം ഒളിയിടങ്ങള് എനിക്കറിയാം. പക്ഷേ, ഇവര് എന്നെ ശല്യപ്പെടുത്തുന്നില്ല. എന്തെന്നാല്, ഇരുട്ട് കാത്തിരിക്കുന്നത് എന്നെയാണ്, ഇവരെയല്ല.
ഒരു തീപ്പെട്ടിക്കോല് ഉരച്ച് ഞാന് വെളിച്ചമുണ്ടാക്കില്ല. ദൈവങ്ങളെ ഇത് പേടിപ്പിക്കുമെന്ന് അറിയാവുന്നതു കൊണ്ടല്ല; ഒരിക്കല് ഒരു തീയറ്ററിന്റെ കുട്ടിയെപ്പോലെ കഴിഞ്ഞിരുന്ന ദിവസങ്ങള് എന്റെ ജീവചരിത്രത്തില് ഉള്ളതു കൊണ്ടുമല്ല. അവസാനത്തെ എട്ടു മിനിറ്റുകളുടെ ഇഫെക്റ്റ് ഞാന് തകര്ക്കില്ല. കാരണം, കാണി ഞാന് മാത്രമായിരിക്കും.
പെണ്കുട്ടി: തുടക്കം ഒരു സിയസ്റ്റ
എന്റെ കുറിപ്പുകള്ക്കിടയില് എവിടെയോ 2023 ജൂലായില് ഒരു ദിവസം ഉച്ചയ്ക്കു ശേഷം തന്റെ മുറിയില് ഉറങ്ങിക്കിടക്കുന്ന പെണ്കുട്ടിയെ ഡാലിയ എന്ന പേരില് ഞാന് പരിചയപ്പെടുത്തട്ടെ. രാവിലെ ഒറ്റക്കൊരു ഹോസ്പിറ്റലില് ചെന്ന് ചില ദീര്ഘപരിശോധനകളിലൂടെ കടന്നുപോയതിനു ശേഷം ഫ്ളാറ്റില് തിരിച്ചെത്തിയപ്പോള് ഇവള് ഏറെ തളര്ന്നിരിക്കണം. പക്ഷേ, തളര്ച്ചയുടെ പശ്ചാത്തല വിശദാംശങ്ങള് സങ്കീര്ണമാണ്.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാകയാല് കാറ്റും വെളിച്ചവും ഈ ഫ്ളാറ്റില് ധാരാളമാണ്. കാറ്റ് വെളിച്ചത്തിന്റ്റെയും വെളിച്ചം കാറ്റിന്റ്റെയും അതിശയോക്തിയാണെന്ന് തോന്നിക്കുന്നൊരു പെരുംപകലിന്റെ തുറപ്പില് ഡാലിയയുടെ ഈ കിടപ്പ് എന്നെ പേടിപ്പിക്കുന്നു: പാതിരാ കഴിഞ്ഞാല്പ്പോലും മണിക്കൂറുകളോളം ലാപ്റ്റോപ്പില് ജോലി തുടരുന്ന ഇവളുടെ ദിനചര്യകളില് പതിവില്ലാത്തതാണ് ഉച്ചമയക്കം (സിയസ്റ്റ)!
പെണ്കുട്ടി മരിക്കാന് തുടങ്ങുകയാണ്.
അല്ല.
അതെ.
അല്ല.
ഹോസ്പിറ്റലിലെ പരിശോധനയില് ലോക്കല് അനസ്തീസിയ ഉണ്ടായിരുന്നു. ഒരുപക്ഷേ, ഇപ്പോള് അതിന്റെ ശക്തി ഇവളുടെ ഉടലില് പൊതുവായി പരക്കാന് തുടങ്ങിയതാണോ? ചോദ്യം അസംബന്ധം അല്ല. ലോക്കല് അനസ്തീസിയ ഉണ്ടാക്കുന്ന മരവിപ്പ് ഉദ്ദിഷ്ടഭാഗത്തു മാത്രം ഒതുങ്ങി നില്ക്കണമെന്നില്ലെന്ന് പുതിയൊരു ഗവേഷണം സ്ഥാപിക്കുന്നു.
വാതില്ക്കല്നിന്ന് നോക്കുമ്പോള്, പത്തടി അകലെ, ഇവളുടെ മുഖത്തെ ക്ഷീണത്തിന് ഏറെ പ്രായമുണ്ട്..കൂടുതല് അരികില് ചെന്ന് നോക്കാന് ഞാന് ധൈര്യപ്പെടുന്നില്ല; പകരം ആഗ്രഹിക്കുന്നു, ഇനിയുള്ള ദിവസങ്ങളില് സിയസ്റ്റ ഇവളുടെ പതിവാകട്ടെ!
ഉച്ചയ്ക്ക് തീന്മേശക്കരികില് എത്തുംമുമ്പ് ആറു മണിക്കൂറെങ്കിലും ഒറ്റയിരുപ്പില് ജോലി ചെയ്യുന്നൊരു പെണ്കുട്ടിക്ക് ഇങ്ങനെയൊരു ഇടവേള അത്യാവശ്യമാണ്. സിയസ്റ്റയുടെ തുടര്ച്ചയില് ഇവള് എന്നോടൊപ്പം ഈ പംക്തിയില് ഉണ്ടാകും.
ഒറ്റക്കണ്ണന്: തുടക്കം ഒരു ഐപാച്ച്
കടല്ക്കൊള്ളക്കാരുടെ ചരിത്രത്തില് 'ഒറ്റക്കണ്ണന് വില്ലി'' (One-eyed Willy) എന്നറിയപ്പെടുന്ന വില്യം പോര്ഡോബെല് അല്ല ഞാന്. ഒരു ശപഥം ചെയ്ത് അന്ധത വരിച്ച ഗാന്ധാരിയുമല്ല ഞാന്. പിന്നെന്തിനാണ് എന്റെ വിരൂപമായ മുഖത്തൊരു കണ്മൂടി (eyepatch)?
ആമസോണിന്റെ വെബ്സൈറ്റില് ഞാന് കണ്മൂടികളുടെ ചിത്രങ്ങളിലൂടെ കടന്നുപോകുന്നു. അതോടോപ്പം ഞാന് വായിച്ച ചില കഥകളും, വായനക്കാര് പല ഘട്ടങ്ങളിലായി എനിക്കയച്ച കത്തുകളിലെ ചില നിരീക്ഷണങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. വസുന്ധര മേനോന് (പഴയൊരു കാംപസിലെ ചേച്ചി) ചോദിച്ചൊരു ചോദ്യം ഞാന് പ്രത്യേകിച്ചും ഓര്ക്കുന്നു.
''മാധവിക്കുട്ടിയുടെ കഥകളില് വളരെ സാധാരണമെന്നു തോന്നിക്കുന്ന ചില വരികള്ക്ക് പിന്നില്പ്പോലും അസാധാരണമായി വിഹരിക്കുന്നൊരു മനസ്സിന്റെ പ്രവര്ത്തനമുണ്ടെന്ന് മേതില് പറഞ്ഞത് പ്രീ-യൂണിവേഴ്സിറ്റിക്ക് പഠിക്കുന്ന കാലത്തായിരുന്നു. ഒരു ഉദാഹരണം പറയാമോ?''
മാധവിക്കുട്ടിയുടെ 'ദൃക്സാക്ഷി' എന്ന കഥയിലെ കുട്ടി ഒരിക്കല് ഒരു കൊലപാതകം നേരിട്ടു കാണുന്നു. വിവരം കൊലപ്പുള്ളിയുടെ ശ്രദ്ധയില് പെടുകയാല് കുട്ടിയുടെ ജീവന് അപകടത്തിലാകുന്നു. കുട്ടി ഈ ലോകത്തില് ഏറ്റവും അധികം ആദരിക്കുന്ന വ്യക്തിയായ അമ്മാവനാണ് നയതന്ത്രത്തിലൂടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. കഥയില് ഒരിടത്ത് കുട്ടി വിചാരിക്കുന്നുണ്ട്, വലുതായാല് ഒന്നുകില് ഞാനൊരു കടല്ക്കൊള്ളക്കാരനാകും, അല്ലെങ്കില് അമ്മാവനെപ്പോലെ അവിവാഹിതനാകും.
അമ്മാവന് തന്റെ ഹീറോ ആകയാല്, അവിവാഹിതത്വം ഒരു അസാമാന്യ പദവിയാണെന്ന നിഗമനത്തില് എത്തല് കുട്ടിക്ക് വളരെ എളുപ്പമാണ്. പക്ഷേ, എവിടെന്നെത്തി അവന്റെ നിനവില് ഒരു കടല്ക്കൊള്ളക്കാരന്!
1990-കളില് ഇന്ത്യന് എക്സ്പ്രസിന്റെ 'യൂത്ത് എക്സ്പ്രസ്' (YES) എന്ന വെള്ളിയാഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോള് ഒരു ലക്കത്തില് ഞാന് എഴുതിയ മുഖലേഖനം കടല്ക്കൊള്ളക്കാരെക്കുറിച്ചായിരുന്നു. അക്കാലത്ത് ഡെപ്പിന്റെ ചലച്ചിത്ര പരമ്പര (Pirates of the Caribbean) പുറത്തിറങ്ങിയിരുന്നില്ല. 'യെസ്' വായനക്കാര് തെക്കേ ഇന്ത്യയിലെ പതിവയസ്സുകാര് (teenagers).
പത്രത്തിന്റെ തലപ്പത്തുള്ളൊരു പ്രശസ്ത വ്യക്തി ചോദിച്ചു, ''തമിള്നാട്ടില് പ്രീ-ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്ക്ക് കരീബിയന് കടല്ക്കൊള്ളക്കാരുമായി താദാത്മ്യം പ്രാപിക്കാന് കഴിയുമോ?''
ഞാന് പറഞ്ഞു, ''ഈ പ്രായത്തിലുള്ള കുട്ടികള് ആസ്വദിക്കുന്ന അനമേഷന് ചിത്രങ്ങളും കോമിക്കുകളും കാര്ട്ടൂണുകളും ശ്രദ്ധിച്ചാല് ഏറെ വിചിത്രമായ ചില ആകര്ഷണങ്ങള് നിങ്ങള് കണ്ടെത്തും.'' / പിന്നെ, 'ദൃക്സാക്ഷി' എന്ന കഥ അവതപ്പിരിച്ച് ഞാന് കൂട്ടിച്ചേര്ത്തു, ''ഹൈസ്കൂളില് പഠിക്കുന്ന കാലത്ത് ഞാന് വായിച്ചൊരു കഥയില് മാധവിക്കുട്ടി എവിടെയാണ് എത്തിയതെന്ന് നോക്കൂ!''
എങ്ങനെയാണ് ഞാന് കണ്മൂടിയില് എത്തിയത്?
അപകടത്തില് കാഴ്ച നഷ്ടപ്പെട്ട ഒറ്റക്കണ്ണ് (അഥവാ അവിടത്തെ വിടവ്) മറയ്ക്കാന് കടല്ക്കൊള്ളക്കാരില് പലരും കണ്മൂടി ധരിച്ചിരുന്നു. പേഴ്സ്യന് ഉള്ക്കടലില് ഏറെ പ്രതാപിയായി വ്യാപരിച്ചിരുന്ന റഹ്മ ബിന് ജാബിര് ബിന് അദാബീ അല് ജല്ഹമി എന്ന കടല്ക്കൊള്ളക്കാരനാണ് ഒരു യുദ്ധത്തിലെ പരുക്കിന് ശേഷം കണ്മറയെ ഒരു കീഴ്വഴക്കമാക്കിയതെന്ന് ചില രേഖകള് പറയുന്നു. പക്ഷേ, ചരിത്രത്തില് കൂടുതല് അടുത്താണ് രണ്ടാം ലോകപ്പോരില് ഇടതുകണ്ണ് നഷ്ടപ്പെടുകയാല് 'ഐപാച്ച്' ധരിച്ച മോഷെ ഡയന്.
ആമസോണിന്റെ വെബ്സൈറ്റിലെ ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള് ഞാന് ചോദിക്കുന്നു, ''മുഖത്തൊരു കണ്മൂടിയിട്ട് മോഷെ ഡയന് ശൈലിയില് (a la Moshe Dayan) ഒരു പൊതുവേദിയില് ഞാന് പ്രത്യക്ഷപ്പെട്ടാല്?...''
പ്രിയ സ്നേഹിത സാന്ഗ് (നോവലിസ്റ്റായ സംഗീത ശ്രീനിവാസന്) പറഞ്ഞു, ''ഒരു പക്ഷേ, അതൊരു ട്രെന്ഡ് സൃഷ്ടിക്കും.''
ട്രെന്ഡ്?!
ഇരുട്ടായൊരു കടലിന്റെ ഇരമ്പം എന്റെ ചെവികളിലുണ്ട്. എന്റെ ഭാവിയാണത്. വലത്തേക്കണ്ണില് കയറിയ തിമിരം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യപ്പെട്ടതിനു ശേഷവും ദൃഷ്ടിയില് മങ്ങല്, ഇരുള്, ബള്ബുകള്ക്കെല്ലാം പരിവേഷം..
പ്രവചനീയം. സ്പെഷലിസ്റ്റ് മുന്നറിയിപ്പ് നല്കിയിരുന്നു: ഈ കണ്ണിലെ ചെറിയൊരു പ്രശ്നമാണ് 'കാറ്ററാക്റ്റ്'. നിര്ണായകപ്രശ്നം വേറെ കിടക്കുന്നു. ഒപ്റ്റിക് നാഡികള് പലതും നശിച്ചുകഴിഞ്ഞു. ഇങ്ങനെ, സാങ്കേതികമായി ഞാന് ഇപ്പോള് ഒരു ഒറ്റക്കണ്ണനാണ്. ഇതിന്നിടയില് അന്ധത എന്റെ ഇടത്തേ കണ്ണിനെയും ആക്രമിക്കാന് തുടങ്ങിക്കഴിഞ്ഞു. ഒരു ദിവസം ഗ്ളോകോമ എന്ന ബാധയില് എന്റെ ലോകം ഇരുട്ടില് താഴും. എന്തൊരു മുങ്ങിക്കപ്പല്!
'ദൃക്സാക്ഷി' എന്ന കഥയിലെ കുട്ടിയെപ്പോലെ, വിലക്കപ്പെട്ടതെന്തോ ഞാന് കണ്ടിരുന്നിരിക്കണം. എന്നെ ഞാനാക്കിയ ദൃശ്യപ്രജ്ഞയുടെ പറുദീസയില്നിന്നു ഞാന് പുറത്താക്കപ്പെടും. ആദമിനും ഹവ്വക്കും ഒരു അത്തിയില. എനിക്കോ? അറിയില്ല. ഇരുട്ട് ഒരു തരം നഗ്നതയാണ്.
ഭയം ജനിപ്പിച്ച കൗതുകത്തിലെ പൊട്ടിച്ചിരിയില്, ആമസോണില്നിന്നു ഞാന് ഒരു 'ഐപാച്ച്' വാങ്ങിയെന്നു പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ?
ജ്യോതിശ്ശാസ്ത്രജ്ഞയായ വാന്ഡ ഡിയാസ് മെര്സെഡിനെ മാധ്യമപ്രവര്ത്തകനായ മത്യു ഗ്രൂസോന് പരിചയപ്പെടുത്തിയത് ഞാന് പ്രത്യേകിച്ചും ഓര്ക്കുന്നു. കൂടിക്കാഴ്ചക്ക് എത്താന് വൈകിയില്ലെങ്കിലും വൈകിയതിന്റെ പേരില് ക്ഷമ ചോദിച്ചുകൊണ്ടാണ് വാന്ഡ സന്ദര്ശകരെ സ്വീകരിച്ചത്. അവരുടെ ചാര-നീല (grey-blue) കണ്ണുകള് രണ്ടു നക്ഷത്രങ്ങള് പോലെ വിഷയത്തില് ഉന്മുഖം.
''പക്ഷേ,'' ഗ്രൂസോന് എഴുതി, ''ഞങ്ങളുടെ നോട്ടം തിരിച്ചുതരാന് അവര്ക്ക് കഴിയില്ല.'' / വാന്ഡ അന്ധയാണ്. കാഴ്ച നശിക്കാനും നക്ഷത്രങ്ങള് അഭിനിവേശമാകാനും തുടങ്ങിയത് പതിവയസ്സില്!
'സോണിഫിക്കേഷന്' എന്ന തന്ത്രം തനിക്കായി ചിട്ടപ്പെടുത്തിയെടുത്ത് ചെവികളില് നക്ഷത്രങ്ങളെ കേള്ക്കുന്ന വാന്ഡ അല്ല ഞാന്. മുഖത്ത് വെച്ചു പിടിപ്പിച്ചൊരു കണ്മൂടിയുമായി ഞാന് എന്തു ട്രെന്ഡ് സൃഷ്ടിക്കാന്! ഇപ്പോള് എന്റെ ഐപാച്ച് അലമാരയിലെ ഒരു വലിപ്പിലാണ്. എടുത്തണിയല് ഒമ്പതാം മിനുറ്റിലെ വിചാരമാകട്ടെ...
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column
Published: 09 Nov 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented