ഉറക്കം പിസയിലെ ചരിഞ്ഞ ഗോപുരമാണെന്ന് വര്ഷങ്ങള്ക്ക് മുന്പ് ഞാന് എവിടെയോ എഴുതിയിരുന്നു. കുട്ടിക്കാലത്ത് പരിചയപ്പെട്ടൊരു ദൃശ്യത്തില്നിന്ന് അമ്പരപ്പിക്കുന്നൊരു കോണെടുത്ത് എന്റെ ജിജ്ഞാസയെ മുഖരമാക്കിയ ചരിവാണത്. അതിന്റെ ശാസ്ത്രീയ വിശദീകരണം എനിക്ക് ഹൃദിസ്ഥമാണ്. പക്ഷേ, ഇപ്പോള് ഞാന് കൂടുതലായി ചരിവുകളെ മനസ്സിലാക്കാന് ശ്രമിക്കുന്നത് ഡാലിയയുടെ ഉച്ചമയക്കവുമായുള്ള ബന്ധത്തിലാണ് .
ഏതൊരു പ്രത്യേകതരം അസ്ഥിര മണ്ഘടന ചുവട്ടില് പ്രവര്ത്തിച്ച് പിസയിലെ ഗോപുരത്തെ അഞ്ച് ഡിഗ്രി തെക്കോട്ട് ചരിച്ച് വീഴ്ചയുടെ വക്കില് എത്തിച്ചുവോ അതേ അസ്ഥിരത കാരണമാണ് 1280 തൊട്ടുള്ള വര്ഷങ്ങളില് പരിസരത്തുണ്ടായ നാലു വലിയ ഭൂകമ്പങ്ങളെ ഗോപുരം അതിജീവിച്ചതെന്ന വസ്തുത (സിവില് എന്ജിനീയറായ ജോര്ജ് മിലനൊകിസിന്റെ കണ്ടെത്തല്) എന്നെ ഒരു നടുക്കത്തിലേക്ക് തള്ളിയിടുന്നു.
ശാസ്ത്രത്തിലെ പല കണ്ടെത്തലുകളുടെയും ഹരത്തില് ഒരു നടുക്കമുണ്ട്.
പെണ്കുട്ടി ഒരു ഗോപുരമല്ല. ഇവളുടെ ചരിവിന്റെ കോണുകള് എനിക്ക് വെറും ജ്യാമിതിയല്ല; ഇവള് ഒരു ഉടലാണ്. പക്ഷേ, ഇവിടെയും ഒരു നടുക്കമുണ്ട്.
ഒരിക്കല് ഒറ്റക്കൊരു ഹോസ്പിറ്റലില് പോയി തിരിച്ചു വന്നതിനു ശേഷം പതിവിനു നിരക്കാത്ത വിധം ഇവള് ഉച്ചമയക്കത്തിലായ അവസ്ഥയെക്കുറിച്ച് ഞാന് പറഞ്ഞിരുന്നു; 'സിയസ്റ്റ' ഇവളുടെ ദിനചര്യകളുടെ ഭാഗമാകട്ടെയെന്ന് ഞാന് ആഗ്രഹിച്ചതിനെക്കുറിച്ചും പറഞ്ഞിരുന്നു (01). എങ്ങനെയോ ആ നാള് തൊട്ട് ഉച്ചമയക്കം പെണ്കുട്ടിയുടെ പതിവായി!
ഇന്നലെ വരെ ഇവള് മലര്ന്നു കിടന്നാണ് ഉറങ്ങിയിരുന്നത്. ഹോസ്പിറ്റലിലെ കോശപരിശോധനയുടെ ഭാഗമായി മാറിടത്തില് സൂചികള് തറഞ്ഞതിന്റെ വേദനയെക്കുറിച്ച് പിന്നീടാണ് ഞാന് അറിയുന്നത്. ആ ഇടം സംരക്ഷിക്കുന്ന ചട്ട (ബയോപ്സി പാഡ്) ചരിയലില് അസൗകര്യം ഉണ്ടാക്കിയിരുന്നോ? ഇന്ന് ഞാന് കാണുമ്പോള് അവളുടെ കിടത്തം വലത്തോട്ട് ചരിഞ്ഞായിരുന്നു. ഇതെങ്ങനെ! സൂചികള് തറഞ്ഞത് വലതു ഭാഗത്തല്ലേ!
പെണ്കുട്ടി: ആറാം നിലയില് ജീസസ്!
ജീസസ്!
ഹോസ്പിറ്റലിന്റെ അഞ്ചാമത്തെ നിലയില് കീമോതെറാപി വാര്ഡിലേക്കുള്ള വിളി കാത്ത് നില്ക്കുമ്പോള്, കെട്ടിടത്തില് ഒരിടത്ത് നാലു ഭാഗങ്ങളിലുമായി നിലകെട്ടിയുയരുന്ന ചില്ലുജനാലകളുടെ പടര്പ്പുകളോടെ നടുവില് ഒഴിഞ്ഞു കിടക്കുന്നേടത്തേക്ക് നോക്കുമ്പോളാണ് തലയുടെ ചെറിയൊരു ഉയര്ച്ചയില് ഡാലിയ ആറാം നിലയില് കണ്ടത്: കിരീടം ഇല്ലാത്ത ശിരസ്സ്, ചുമലോളം നീണ്ട തലമുടി, നീണ്ട താടി, അയഞ്ഞുലയുന്ന മേലങ്കി... പല പല ചലച്ചിത്രങ്ങളിലും പേന്റ്റിങ്ങുകളിലും പരിചയപ്പെട്ട രൂപം.
ഡാലിയ ആശ്ചര്യപ്പെടുന്നു, സ്വയം ചോദിക്കുന്നു, ''ഞാന് എന്തിനാണിപ്പോള് ജീസസിനെ കാണുന്നത്! ഇന്നെന്റെ രണ്ടാമത്തെ കീമോ സെഷന്. ഒന്നാമത്തെ കീമോ കഴിഞ്ഞാലുടന് മതിവിഭ്രമങ്ങള് ഉണ്ടാകാന് തുടങ്ങുമോ?''
ക്രിസ്ത്യാനിയല്ലെങ്കിലും കഴുത്തില് കുരിശുമാല തൂങ്ങിയിരുന്നൊരു ഭൂതകാലം ഡാലിയക്കുണ്ടായിരുന്നു. കിന്ഡര്ഗാര്ട്ടന് തൊട്ട് ഹൈസ്കൂള് വരെയും വിദ്യാഭ്യാസം ക്രൈസ്തവ പബ്ളിക് സ്കൂളുകളിലായിരുന്നതിന്റെ സ്വാധീനം. രാത്രി ഉറങ്ങാന് കിടക്കും മുന്പും രാവിലെ ഉണര്ന്ന ഉടനെയും കുരിശിന് ഡാലിയ ഉമ്മ നല്കിയിരുന്നെന്ന് അവളുടെ അച്ഛന് സ്മരിക്കുന്നു. അദ്ദേഹം ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നില്ല, പക്ഷേ, ആ കുരിശ് കുടുംബത്തില് ഒരിക്കലും ഒരു സംഭാഷണവിഷയമായിട്ടില്ല.
ഏതാണ്ട് പ്രായപൂര്ത്തിക്കു ശേഷം, കനത്ത പുസ്തകങ്ങളിലേക്ക് കടന്ന കാലത്ത്, ചെന്നൈയിലെ ബ്രിട്ടീഷ് കൗണ്സില് ലൈബ്രറിയില്വെച്ച്.അച്ഛന് നിര്ദ്ദേശിച്ചൊരു പുസ്തകം ഡാലിയ വായിച്ചു റിച്ചാഡ് ഡോക്കിന്സിന്റെ 'അന്ധനായ ഘടികാരനിര്മ്മാതാവ്' (The Blind Watchmaker). അവള് കുരിശുമാല അഴിച്ചുവെച്ചു. ഡോക്കിന്സിന്റെ സങ്കീര്ണ വാദത്തിന്നപ്പുറത്ത് ഡാലിയയുടെ നിഗമനം വളരെ ലളിതമായിരുന്നു: ദൃഢമായൊരു ആത്മീയ നിലപാട് സ്വീകരിക്കാന് ഒരു മതമോ ദൈവരൂപമോ ആവശ്യമില്ല.
''പിന്നെന്തിനാണ് ഇപ്പോള് ഈ ദര്ശനം!'' ഡാലിയ ചോദിക്കുന്നു, ''ഇത്രയും വര്ഷങ്ങളിലെ വിസ്മൃതിക്ക് ശേഷം 2023 ഓഗസ്റ്റിലെ മുപ്പത്തൊന്നാം നാളില് ഓര്ക്കാപ്പുറത്ത് ഇതെന്ത്!''
ഒരു നഴ്സ് ഉറക്കെ തന്റെ പേര് വിളിക്കുന്നത് കേട്ടപ്പോള് ഡാലിയയുടെ ഏകാഗ്രത മുഴുവന് ശരീരത്തോടൊപ്പം തിടുക്കപ്പെട്ട് ആസന്ന ഭൗതിക പരിസരത്തില് തിരിച്ചെത്തി. ഹാളിന്റെ ഒരറ്റത്തിലെ ഒന്നാമത്തെ കിടക്ക. ആരംഭത്തിലെ കുത്തിവെപ്പ് (premedication). പിന്നെ ആദ്യത്തെ ഡ്രിപ്പിനു മുന്പ് അര മണിക്കൂര് ഇടവേള. മയക്കത്തിലേക്ക് കടക്കുന്ന ഇടവേളയിലാണ് ഡാലിയ വീണ്ടും കണ്ടത്: ജീസസ്!
പെണ്കുട്ടി: അഞ്ചാം നിലയില് ജീസസ്!
ഇപ്പോള് അദ്ദേഹം കോണിപ്പടവുകള് ഇറങ്ങി അഞ്ചാമത്തെ നിലയില് എത്തിക്കഴിഞ്ഞിരിക്കുന്നു (ഇല്ല, ജീസസ് ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കില്ല).
ഇപ്പോള് തൊണ്ണൂറടിയിലധികം നീളമുള്ള കീമോതെറാപി വാര്ഡില്, പാതി വിടര്ത്തിയ വലത്തേ കയ്യിലെ വിരലുകള് ഉയര്ത്തിപ്പിടിച്ച്, ഇരുവശത്തുമുള്ള കിടക്കകളിലെ രോഗികളെ മാറി മാറി നോക്കിക്കൊണ്ട് ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സാവധാനം നടന്നു മറയുകയാണ്.
ഇതെന്ത്? പ്രജ്ഞയില് മറവ് ചെയ്യപ്പെട്ടൊരു മതാത്മക കാലഘട്ടത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പോ? ഡാലിയ മനസ്സിലാക്കാന് ശ്രമിക്കുകയാണ്. ഇതില് എന്തോ ഉണ്ട്, എന്തോ ഉണ്ട്.
ഒന്നാമത്തെ ഡ്രിപ് ശരീരത്തില് പ്രവര്ത്തിക്കാന് തുടങ്ങുമ്പോള് ഡാലിയ കണ്ണുകള് അടച്ച് ശാന്തമായി മലര്ന്നു കിടക്കുകയായിരുന്നു, പക്ഷേ, മിനുറ്റുകള് കഴിഞ്ഞപ്പോള് അലര്ച്ച പോലുള്ളൊരു ശബ്ദത്തോടെ ഞെട്ടിപ്പിടഞ്ഞുയര്ന്ന് അവള് കിടക്കയില് ഇരുന്നു. ശക്തമായ ശ്വാസം മുട്ടല്, ഡിസ്പ്നീയ. ചുറ്റും പല കട്ടിലുകളോളം ദൂരെയുള്ള ബൈസ്റ്റാന്ഡര്മാര് മാത്രമല്ല, രോഗികള് പോലും അവളുടെ നേര്ക്ക് പകച്ചു നോക്കുകയായിരുന്നു.
ഒരു നഴ്സ് പാഞ്ഞു വന്ന് ഡ്രിപ് നിര്ത്തും മുന്പ് ഡാലിയയുടെ ബൈസ്റ്റാന്ഡര് (ഡാഡി) ആ കൃത്യം നിര്വഹിച്ചിരുന്നു.
ഓപിഡിയിലെ തിരക്ക് മാറ്റി വെച്ച് ഡോ: റോമ ചെറിയാന് സ്ഥലത്തെത്തി. എത്രയോ രോഗികള്ക്കിടയില് ഡാലിയയോട് പ്രത്യേകമായൊരു മമതയുള്ള ഈ യുവ സ്പെഷലിസ്റ്റ് നിര്ദേശിച്ചു: ''ആദ്യം നെബിലിസേഷന്, പിന്നെ ഡ്രിപ് തുടരാം. എന്നിട്ടും ഇതേ പ്രശ്നമുണ്ടായാല് കീമോതെറപി തന്നെ നിര്ത്തേണ്ടി വരും. അതു സംഭവിക്കാതിരിക്കട്ടെ.''
''സംഭവിക്കില്ല, ഡോക്,'' ഡാലിയയുടെ അച്ഛന് പറഞ്ഞു, ''കുട്ടിക്കാലത്ത് ആസ്തമ ഇവളെ ശല്യപ്പെടുത്തിയിരുന്നു. ഇപ്പോള്പ്പോലും ഇവള് ഇന്ഹേലര് ഉപയോഗിക്കുന്നു. പക്ഷേ, ഒരു പ്രയാസവുമില്ലാതെയാണ് ഇവളുടെ ശരീരം ഒന്നാമത്തെ കീമോയിലൂടെ കടന്നുപോയത്. ഈ ശ്വാസംമുട്ടല് മറ്റൊരു വകുപ്പാണ്. നിങ്ങളുടെ തീരുമാനം വളരെ ഉചിതമാണെന്ന് ഞാന് വിശ്വസിക്കുന്നു.''
മുഖമൂടിക്കു മുകളില് ഡോ: റോമയുടെ കണ്ണുകള് പുഞ്ചിരിച്ചു. നഴ്സുകള് പ്രവര്ത്തനം തുടങ്ങിയിരുന്നു. നെബിലിസേഷനു ശേഷം ഡ്രിപ്പിന്റെ തുടര്ച്ച യഥാവിധി പൂര്ത്തിയായി.
ഒരു അമേരിക്കന് വെബ്സൈറ്റില് ഡാലിയയുടെ സഹപ്രവര്ത്തകരായ സുഹൃത്തുക്കള് ഈ വിഷയം ഒരു വീഡിയോ സമ്മേളനത്തില് ചര്ച്ച ചെയ്യുന്നു. വൈദ്യശാസ്ത്രപരമായ ഗവേഷണങ്ങളാണ് ഇവര് പ്രവര്ത്തിക്കുന്ന ആഗോള വെബ്സൈറ്റിന്റെ ഉള്ളടക്കം. ശാസ്ത്രീയമായ പല വാക്കുകളും സങ്കല്പ്പങ്ങളും ഇവര്ക്ക് പരിചിതം. പക്ഷേ, സഹാനുഭൂതി കടിഞ്ഞാണെടുക്കുന്ന ചര്ച്ചയില് ഇവരുടെ സമീപനം ആത്മീയമാണ്, വ്യാഖ്യാനം ഭ്രമാത്മകമാണ്.
ഒരു സ്നേഹിത ഉപസംഹരിച്ചു: ''നോക്കൂ, ഇതിനകം ഡാലിയ ഏഴു കീമോ സെഷനുകളിലൂടെ കടന്നുപോയില്ലേ! രണ്ടാമത്തെ കീമോ നാളില് മാത്രമാണ്, ഡിസ്പ്നീയ ഉണ്ടായത്. കണ്ണുകളില് ഡാലിയ വെളുത്ത സ്പോട്ടുകള് കണ്ടു. അവള് വിചാരിച്ചു, ഞാന് മരിക്കുകയാണ്, മരിക്കുകയാണ്. അതേ നാളിലാണ്, അതേ നാളില് മാത്രമാണ്, ജീസസ് പ്രത്യക്ഷപ്പെട്ടത്. ദീര്ഘദൃഷ്ടിയില് വിപത്തറിഞ്ഞ് ജീസസ് വന്നു. ഒരു മരണപ്പിടച്ചിലിനു മുന്പ് ഡാലിയ ശരിക്കും ജീസസിനെ കണ്ടെന്ന് ഞാന് വിശ്വസിക്കുന്നു.''
ഒരു സ്നേഹിതന് പറഞ്ഞു: ''തമാശയാണെന്ന് തോന്നാം പക്ഷേ വളരെ സീരിയസായിട്ടാണ് ഞാന് പറയുന്നത്. ഡാലിയയുടെ ജീവന് മുന്കൂര് ജാമ്യം എടുക്കാനെന്നതു പോലെയാണ് ജീസസ് വന്നത്.''

പെണ്കുട്ടി: മറവിയില് ഒരു അനുബന്ധം
വിഭ്രാമകം. എങ്കിലും, ഡാലിയയുടെ കൂട്ടുകാരിയുടെ വ്യാഖ്യാനത്തില് ഒരു ദിവസത്തിലെ എല്ലാ ഒച്ചകളും കാഴ്ചകളും സംഭവങ്ങളും റീലുകളുടെ ക്രമം പിഴക്കാതെ കൃത്യമായി ഏകോപിക്കുന്നു (ദ്രോണാചാലത്തിലെ പ്രജെക്റ്റര് മുറിയിലെ കുട്ടി അംഗീകരിക്കും: പ്രദര്ശനത്തില് പ്രശ്നമില്ല).
ഡാലിയ സ്വയം ഇതേക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? ഒന്നും പ്രത്യേകിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം. അന്തര്മുഖത്വത്തില് എമിലി ഡിക്കിന്സന്റെ കുട്ടിയാണിവള്. മതവിശ്വാസത്തിന്റെ ആദ്യവര്ഷങ്ങളും സംശയദൃഷ്ടിയുടെ പില്ക്കാല വര്ഷങ്ങളും ഡിക്കിന്സനോടോപ്പം ഇവള് സ്വയമറിയാതെ പങ്കു വെക്കുന്നു. ഒരു ഹിന്ദുവായതിനാല് ജീസസിനെ കൂടുതല് എളുപ്പത്തില് മറക്കാനും ഇവള്ക്ക് കഴിയും. പെട്ടെന്നുണ്ടായ ഡിസ്പ്നീയയിലെ ഞെട്ടലില്, ജീസസിനെ ദര്ശിച്ചത് പോലും അവള് മറന്നു പോയതായിരുന്നു. പക്ഷേ ആ മറവിയില് ഉയിര്ത്തെഴുന്നേല്പ്പ് പോലെ ഒരു അനുബന്ധമുണ്ടായി.
നിരുപദ്രവമെന്നു പറയാവുന്ന രണ്ടാമത്തെ ഡ്രിപ്പിന്റെ അവസാന ഘട്ടത്തില് അച്ഛന് എഴുന്നേറ്റ് വാര്ഡിനു പുറത്ത് ചെറുതായൊന്നു കറങ്ങാന് പോയപ്പോള്, തൊട്ടടുത്തുള്ള കിടക്കയിലെ രോഗി ചികിത്സ കഴിഞ്ഞ് ബൈസ്റ്റാന്ഡറുടെ കൂടെ സ്ഥലം വിടാന് തയ്യാറെടുക്കുന്നത് ഡാലിയ കണ്ടു. അച്ഛന് ഇടക്കിടെ ആ ബൈസ്റ്റാന്ഡറുമായി ചെറിയ ചെറിയ വിനിമയങ്ങളില് ഏര്പ്പെട്ടിരുന്നെന്ന് അവള് ഓര്ക്കുന്നു.
''കൂടുതലായി അയാളെക്കുറിച്ചോര്ക്കാന് പ്രത്യകിച്ച് ഒന്നുമില്ല,'' ഡാലിയ പറയുന്നു, ''പക്ഷേ മിനുറ്റുകള്ക്കു ശേഷം ഡാഡി തിരിച്ചെത്തിയപ്പോള് ഞാന് ജീസസിന്റെ കാര്യം പറഞ്ഞില്ല. പറഞ്ഞത് ആ ബൈസ്റ്റാന്ഡറെക്കുറിച്ച് മാത്രം.''
ആരാണ് ഈ ബൈസ്റ്റാന്ഡര്? രാവിലെ ഡാലിയയുടെ മനസ്സില് സംഭവിച്ച ജീസസിനെക്കുറിച്ച് തീര്ച്ചയായും അയാള്ക്കറിയില്ല. ഒരു പക്ഷേ പേര് കേട്ടപ്പോള് ഡാലിയ ക്രിസ്ത്യാനിയാണെന്ന് അയാള് കരുതിയോ? പുറത്തേക്കു കടക്കും മുന്പ്, ഒരു സങ്കോചവുമില്ലാതെ, ഗതിയില് പെട്ടെന്നുണ്ടായൊരു ആധികാരികതയോടെ, ഡാലിയയെ സമീപിച്ച് അയാള് പറഞ്ഞു: ''കണ്ണുകള് ചിമ്മുക, മനസ്സിനെ ദൈവത്തില് അര്പ്പിക്കുക. ഞാന് കുട്ടിയുടെ രക്ഷക്കായി ദൈവത്തോട് അപേക്ഷിക്കാന് പോകയാണ്.''
അയാള് ഒരു പുരോഹിതനല്ല, പക്ഷേ ചില മുറകള് സുപരിചിതം. ഒരു കീര്ത്തനം ചൊല്ലിയതിനു ശേഷം അയാള് കണ്ണുകളടച്ച് ധ്യാനത്തില് മുഴുകി. പിന്നെ, കണ്ണുകള് തുറന്നപ്പോള് അറിയിച്ചു: ''എനിക്ക് യേശുവില്നിന്ന് നേരിട്ടൊരു സന്ദേശം കിട്ടിയിട്ടുണ്ട്. ആറു മാസത്തിനകം കുട്ടിയുടെ രോഗം ഇല്ലാതാകും.''
പെണ്കുട്ടി: ചരിയുന്ന വിശ്വാസം
ജീസസിനെക്കുറിച്ച് ഡാലിയ അച്ഛനോട് പറഞ്ഞിട്ടില്ല. ചരിഞ്ഞ ഗോപുരം എനിക്കെന്തെന്ന് ഡാലിയക്കറിയില്ല. ആകയാല് ഒരു വശത്ത് അവളെയും, മറുവശത്ത് എന്നെയും ആശ്ചര്യപ്പെടുത്തുന്നൊരു സംയോജന വിദ്യ പെട്ടെന്ന് സ്ഥലം പിടിക്കുന്നു. മകളുടെ രോഗമുക്തിക്കായി ജീസസിനെ ധ്യാനിച്ച അപരിചിതനെക്കുറിച്ചുള്ള സംഭാഷണം തുടര്ന്നപ്പോള്, പിസയിലെ ഗോപുരം അച്ഛന്റെ അടുത്ത വിചാരത്തിലേക്ക് ചായുന്നു.
പുരോഹിതനായും സഭാപാലകനായും പള്ളികളില് വര്ഷങ്ങളോളം പ്രവര്ത്തിച്ചിരുന്ന നിക്ക് കാഡിയെ ഓണ്ലൈനില് പരിചയമുള്ള ഡാഡി പറയുന്നു: ''ദൈവശാസ്ത്ര വ്യവസ്ഥയനുസരിച്ച് ശരിയായ വിശ്വാസം എങ്ങനെയാവണമെന്ന് വിവരിക്കുമ്പോള് പിസയിലെ ഗോപുരമാണ് കാഡി ഉദാഹരണമാക്കുന്നത്. എതിര്വശത്തേക്കായിരുന്നു തുടക്കത്തില് ഗോപുരത്തിന്റെ ചരിവ്. അസ്തിവാരത്തിലെ പിശക്. വിശ്വാസത്തിന്റെ അസ്തിവാരത്തിലെ പാളിച്ചകള് മുകളിലെ കെട്ടിനെ തകരാറിലാക്കും. പിസയിലെ കെട്ടിടത്തില് അറ്റകുറ്റപ്പണികള് കഴിഞ്ഞപ്പോള് ചരിവ് ഇല്ലാതായില്ല; പകരം, ആ ചരിവ് ഇപ്പോളത്തെ ദിശയിലേക്കായി. കാരണം അമിത പരിഹാരം, അധിക തിരുത്തല് (over-correction). വിശ്വാസത്തിലെ മരാമത്തിലും ഈ പ്രശ്നം സംഭവിക്കാം.''
മാര്ട്ടിന് ലൂഥര് പറഞ്ഞൊരു കാര്യം ഇവിടെയോര്ക്കാം: മദ്യപിച്ച് കുതിരയോടിക്കാറുള്ള ഒരാളെപ്പോലെയാണ് മിക്കവാറും നാം എല്ലാവരും. ഒരിക്കല് ഒരു സവാരിക്കിടയില് നിങ്ങള് ഇടത്തോട്ട് മറിഞ്ഞുവീഴുന്നു. ഇനിയൊരിക്കലും അങ്ങനെ വീഴില്ലെന്ന ശപഥത്തോടെ അടുത്ത പ്രാവശ്യം സവാരി ചെയ്യുമ്പോള് വളരെ കൃത്യമായി നിങ്ങള് വലത്തോട്ട് മറിഞ്ഞു വീഴുന്നു! (അധിക തിരുത്തല്).
ഡാലിയ ഓണ്ലൈനില് തന്റെ കൂട്ടുകാരോട് പറയുന്നു, ''എന്തിനാണ് ഡാഡി ഇതെല്ലാം പറഞ്ഞത്? എന്റെ ഭാവിയിലൂടെ എങ്ങനെ എത്ര ദൂരമാണ് ഡാഡി സഞ്ചരിക്കുന്നതെന്ന് ഊഹിക്കാന് എനിക്ക് കഴിയുന്നില്ല. അഞ്ചും ആറും നിലകളില് ജീസസിനെ കണ്ട കാര്യം ഞാന് ഡാഡിയോട് ഇതേവരെ പറഞ്ഞിട്ടില്ല. സങ്കോചം. അതൊരു മതിഭ്രമമാണെന്ന് ഡാഡി പറയും. പറയട്ടെ. ഇനി ഡാഡിയോട് പറയാതിരിക്കാന് കഴിയില്ല.''
ഡാലിയ അച്ഛനോട് എല്ലാം പറഞ്ഞു. അച്ഛന്റെ മറുപടി: ''മതിഭ്രമം, തീര്ച്ചയായും. പക്ഷേ ഹോസ്പിറ്റല് സന്ദര്ശിച്ച ജീസസ് ഇപ്പോള് നിന്റെ മനസ്സിന്റെ ആവശ്യമാണ്. രണ്ടാമതൊരാളെ ബാധിക്കാത്തേടത്തോളം കാലം നിന്നെ ആശ്വസിപ്പിക്കുന്ന ഏതു മതിഭ്രമവും നിനക്ക് ആഘോഷിക്കാം. അതിനിടയില്, ഒരു കീമോ നാളില്, നിന്റെ ആത്മീയതയുടെ എടുപ്പില് ജീസസ് എത്രാം നിലയിലാണെന്ന് നീ തിരിച്ചറിയും.''
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi
Published: 23 Nov 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented