
പറുദീസ (paradise) എന്ന വാക്കിന്റെ ഉല്പ്പത്തിയുമായി ബന്ധപ്പെട്ട ചില സംവിധാനങ്ങളെക്കുറിച്ച് ഗൂഗിളില് അന്വേഷിച്ചതിന്റെ തുടര്ച്ചയിലാണ്, മണിക്കൂറുകള്ക്കു മുന്പ്, ജുസപ്പെ തോര്നത്തോറെ സംവിധാനം ചെയ്ത 'സിനിമ പാരഡിസോ' (Cinema Paradiso) എന്റെ ലാപ്റ്റോപ്പില് കടന്നുവന്നത്. ഈ ചിത്രം കാണുമ്പോള് തികച്ചും അസംഭവ്യമായൊരു ഭൂതക്കാഴ്ചയില് ഞാന് എന്നെത്തന്നെ കാണുകയായിരുന്നു. അല്ല, ''ഇവിടെ ഞാനുണ്ടായിരുന്നു'' എന്ന തോന്നല് (deja vu) അല്ല.
ഇവന്, ഈ ചിത്രത്തിലെ കുട്ടി, സാല്വതോറെ...
ഇവന് ഞാന് തന്നെയല്ലേ!
മുഖ്യകഥാപാത്രമായ സാല്വതോറെ ഇറ്റലിയിലെ ഒരു ഗ്രാമത്തിലേക്കാണ് എന്നെ നയിച്ചതെങ്കില്, അത് തിരക്കഥയുടെ ദൗത്യം. എന്റെ കണ്ണുകളില് ഇരുട്ട് തുടങ്ങിയിരിക്കേ, ആ ഗ്രാമത്തിലെ ഒരു തീപ്പിടുത്തത്തില് ഒരാളെ ബാധിച്ച അന്ധത പോലും എന്റെ വരവ് കാത്തിരിക്കുകയാണെന്ന അവബോധം എന്റെ വെറും തോന്നലാകാം. പക്ഷേ, തോര്നത്തോറെ എന്നെ എത്തിച്ചത് തനിക്ക് തീര്ത്തും അപരിചിതമായൊരു ഗ്രാമത്തിലായിരുന്നു (എല്ലാ ചലച്ചിത്രങ്ങളിലും നിങ്ങളുടേതായൊരു വെളിപ്പെടലിന് ഇടമുണ്ട്, ഇല്ലേ?)
ഞാന് ചലച്ചിത്രകാരനല്ല. സാല്വതോറെ ചലച്ചിത്ര സംവിധായകനാണ്. എങ്കിലും, ഈ നിര്ണ്ണായക വ്യത്യാസത്തിനപ്പുറത്ത്, ഞങ്ങള് രണ്ടു പേരുടെയും അഗാധ സ്മൃതിയില് അടിത്തറ കെട്ടിയൊരു സിനിമ തീയറ്ററുണ്ട്. ചക്രങ്ങള് കറക്കുകയും വിരലുകള്ക്കിടയില് ഫിലിം ചുരുളുകളെടുത്ത് പെരുമാറുകയും ചെയ്യുന്നൊരു വ്യക്തി ഇവിടെയുണ്ട്. സാല്വതോറെയുടെ തീയറ്റര് ഇറ്റലിയില് സിസിലിയിലെ ജീയന്കാലോ ഗ്രാമത്തില്; എന്റെ തീയറ്റര് ആന്ധ്ര പ്രദേശില് നന്ദ്യാല് പ്രവിശ്യയിലെ ദ്രോണാചലം ഗ്രാമത്തില്.
തോര്നത്തോറെയുടെ തിരക്കഥയില്, ഒരു ദിവസം വൈകിയിട്ട് വീട്ടില് എത്തുന്ന സാല്വതോറെയോട് കൂട്ടൂകാരി പറയുന്നു: 'അമ്മ വിളിച്ചിരുന്നു, നിങ്ങളുടെ ഗ്രാമത്തിലെ ആല്ഫ്രഡോ എന്നയാള് മരിച്ചുവെന്ന് അറിയിക്കാന്. ആരാണ് ഈ ആല്ഫ്രഡോ?''
മുപ്പത് വര്ഷങ്ങളുടെ വേര്പാടിനു ശേഷം, പ്രിയപ്പെട്ട ആല്ഫ്രഡോയുടെ ശവസംസ്കാരച്ചടങ്ങില് പങ്കെടുക്കാന് സാല്വതോറെ തന്റെ ഗ്രാമത്തിലേക്ക് സഞ്ചരിക്കുമ്പോള്, വിചിത്രമായൊരു അകമ്പടിയില്, അയാള്ക്കൊപ്പം എന്റെ മനസ്സ് ദ്രോണാചലത്തിലേക്ക് പുറപ്പെടുകയായി (ഞങ്ങള് എത്തുക വ്യത്യസ്ത ഇടങ്ങളിലാവുമോ?). ഉടനെത്തന്നെ നാട് വിടണമെന്നും തിരിച്ചുവരരുതെന്നും ഗൃഹാതുരത്വം അരുതെന്നും ആല്ഫ്രഡോ ഒരിക്കല് സാല്വതോറെയോട് പറഞ്ഞിരുന്നു. ദ്രോണാചലത്തില് ആരും എന്നോടങ്ങനെ പറഞ്ഞിട്ടില്ല.
ആദ്യത്തെ ഫോട്ടോഗ്രാഫ്: എന്താണ് പുല്ല്?
ദ്രോണാചലത്തില് ഞങ്ങള് താമസിച്ചിരുന്ന വീട് ഒരു പാതയോട് ചേര്ന്നാണ് നിന്നിരുന്നത്. ഇരുവശത്തും തുറസ്സുകള്. വീടിന്റെ മുന്വശത്തെ മുറ്റത്തിനു ചുറ്റും മൂന്നു വശങ്ങളിലും കല്മതിലുണ്ടായിരുന്നു. മുറ്റത്തിന്റെ ദീര്ഘചതുരം ഒരു ചിത്രഫലകം പോലെ കാത്തു കിടന്നു.
ആര്ക്കു വേണ്ടി? എന്തിനു വേണ്ടി?
മൂന്നോ നാലോ വയസ്സ് തികയും മുന്പ് ഞാന് ആരുടെയെങ്കിലും ഛായാപടം കണ്ടിരിക്കാമെങ്കിലും അത് മറവിയില് പെട്ടിരിക്കണം. എന്റെ സ്മൃതികളിലെ ആദ്യത്തെ ഛായാപടം കാചത്തിലാക്കിയത് ഞാന് തന്നെയായിരുന്നു, എന്റെ നഗ്നദൃഷ്ടിയായിരുന്നു. മതിലിനു മുകളില് പാകിയ കല്ലുകള്ക്കിടയിലെ വിടവില് വളരുന്ന പുല്ക്കൊടികളാണ് ഇതിലെ ദൃശ്യം. ചില ചില ദലങ്ങള് വെയിലില് ചെമ്പിച്ചിട്ടുണ്ട്.

പിക്ചര് പര്ഫെക്റ്റ്!
''എന്താണ് പുല്ല്?'' എന്ന ചോദ്യത്തിന്റെ മൂര്ത്തരൂപമായിരുന്നു ആ ജൈവ ഛായാപടം. 1960-കളില് 'തൃണദലങ്ങള്' (Leaves of Grass) എന്ന കവിതയിലൂടെ കടന്നു പോകുമ്പോള് എനിക്ക് തോന്നി, ദ്രോണാചലത്തിലെ ഒരു മതിലില് കയറിയിരുന്ന് ഞാന് ചോദിച്ച ചോദ്യം വാള്ട്ട് വിറ്റ്മാന് കേട്ടിട്ടുണ്ട്. ദാ, ഇവിടെ ഇല്ലേ വിറ്റ്മാന്റെ പ്രതികരണം? ''ഒരു കുട്ടി ചോദിച്ചു, എന്താണ് പുല്ല്? കുട്ടിയോട് ഞാന് എന്താണ് പറയുക? അതെന്തെന്ന് അവന്നറിയാവുന്നതിനേക്കാള് കൂടുതല് ഒന്നും എനിക്കറിഞ്ഞു കൂടാ.''
തീയറ്ററിലെ കുട്ടി: ജീയന്കാലോ, ദ്രോണാചലം
ദ്രോണാചലത്തില് ഞങ്ങള് താമസിച്ചിരുന്ന വീടിന്റെ പിന്വശത്തെ വാതില് തുറന്നാല് എത്തുന്ന പറമ്പിനും തൊട്ടടുത്ത വളപ്പിലെ സിനിമ തീയറ്ററിനും ഇടയില് വേലിയില്ല, മതിലില്ല, ഒരൊറ്റ മറയുമില്ല. എപ്പോള് വേണമെങ്കിലും എനിക്ക് കയറിച്ചെല്ലാവുന്നൊരു സ്വതന്ത്രശാലയായിരുന്നു ആ തീയറ്റര്. എന്റെ എഴുത്തിനും ചലച്ചിത്രങ്ങള്ക്കും ഇടയിലെ അതിരില്ലായ്മ ഇവിടെ എവിടെയോ കുറിക്കപ്പെട്ടിരിക്കുന്നു, വിധിക്കപ്പെട്ടിരിക്കുന്നു..
നാലാമത്തെ വയസ്സില് ഞാന് ആദ്യമായി സ്മൃതിയില് പതിയുംവിധം ചലച്ചിത്രകലയുമായി പരിചയപ്പെടുമ്പോള് എന്റെ ആകര്ഷണം തികച്ചും സാങ്കേതികമായിരുന്നു; ഇതിന്നിടയില് റ്റോമസ് ആല്വ എഡിസന് എന്റെ ആചാര്യനായിക്കഴിഞ്ഞിരുന്നു.
'ദ്രോണാചലപല്ലവി' എന്ന കവിതയില് ചിതോറിന്റെ റാണിയായി ഞാന് അവതരിപ്പിച്ച പത്മിനി എന്ന കൊച്ചു പെണ്കുട്ടിയെ മാറ്റി നിര്ത്തിയാല്, എന്റെ അടുത്ത സാമൂഹിക വലയത്തിലുള്ളവരെല്ലാം ദ്രോണാചലത്തിലെ ആ തീയറ്ററില് പല തസ്തികകളില് പണിയെടുക്കുന്നവരായിരുന്നു തൂപ്പുകാര് തൊട്ട് പ്രൊജക്റ്റര് എന്ന ആശ്ചര്യയന്ത്രം പ്രവര്ത്തിപ്പിച്ചിരുന്ന വ്യക്തി വരെ എല്ലാവരും (മാനേജര് ഒരു അമ്മാവന്).
ഗിനസിന്റെ രേഖകളില് ''ഏറ്റവുമധികം ചലച്ചിത്രങ്ങള് കണ്ട കുട്ടി'' എന്ന ലോക റെകോര്ഡിന് വകുപ്പില്ല. പക്ഷേ, ബാല്യത്തിലെ ഒരു പതിവുദിനത്തില് ഞാന് അങ്ങനെയൊരു അലിഖിത റെകോര്ഡ് സൃഷ്ടിച്ചിരിക്കണം.
അയല്പക്കത്തെ തീയറ്ററില് എനിക്ക് ടിക്കറ്റ് എടുക്കേണ്ടിയിരുന്നില്ല . ഇരിക്കുന്നത് കസാലയിലായാലും ബെഞ്ചിലായാലും തറയിലായാലും, എല്ലാ പ്രദര്ശനങ്ങളും എനിക്ക് സൗജന്യം (ഇരിപ്പിടങ്ങളുടെ വ്യവസ്ഥയില് എന്റെ 'വിവേചനം' തിരയില്നിന്ന് എന്നിലേക്കുള്ള ദൂരത്തെ അപേക്ഷിച്ചായിരുന്നു). എല്ലാ പടങ്ങളും ഞാന് മുടങ്ങാതെ കാണും. മിക്കവാറും ഓരോ ദിവസവും ഒരു 'ഷോ' മാത്രമെങ്കിലും ഞാന് കണ്ടിരിക്കും. പക്ഷേ, ആ കാലഘട്ടത്തില് ഉടനീളം ഞാന് ഒരിക്കലും കാണിയായിരുന്നില്ല, തീയറ്ററിന്റെ ഒരു ഭാഗമായിരുന്നു. തീയറ്ററിലെ പ്രവര്ത്തകര് അങ്ങനെയാണ് എന്നെ കണ്ടത്. വീട്ടിലെ കുട്ടി.
(''ഏറ്റവുമധികം ചലച്ചിത്രങ്ങള് കണ്ട കുട്ടി'' തീയറ്ററില് പെട്ടെന്നൊരു ദിവസം ഇല്ലാതായത്, ഒരു ഇടപെടലിന്റെ കഥ. ഇതേക്കുറിച്ച് പിന്നീട് പറയാം.)
അഞ്ചാം വയസ്സില്, മരങ്ങള്ക്കു ചുവട്ടില് ഇരിപ്പിടങ്ങളുള്ളൊരു സ്കൂളില് ചേരുന്നതു വരെ മിക്ക ദിവസങ്ങളിലും പകല് മുഴുവന് ഞാന് തീയറ്ററില് പല പല പണികളില് ഏര്പ്പെട്ട പ്രവര്ത്തകരുടെ കൂടെയായിരുന്നു. വ്യത്യസ്തമായ വസ്തുക്കളിലും യന്ത്രങ്ങളിലും ഘടനകളിലും ഇവരുടെ കൈകള് ഓരോരോ ഉപകരണങ്ങള് ഉപയോഗിക്കുന്നത് ഏകാഗ്രതയോടെ ഞാന് നോക്കിനില്ക്കും; ചിലപ്പോള് ഇവരെ സഹായിക്കും. തീയറ്ററിലെ പഴയതും പൊട്ടിയതുമായ ഉപകരണങ്ങളും യന്ത്രഭാഗങ്ങളും സെല്ലുലോയ്ഡ് ചുരുളുകളും എന്റെ കളിക്കോപ്പുകളായി.
അതെ, വീട്ടിലെ കുട്ടി! കെട്ടിടത്തില് എങ്ങും പ്രവേശിക്കാന് ഈ കുട്ടിക്ക് അനുവാദം ഉണ്ടായിരുന്നു, പ്രൊജക്റ്റര് പ്രവര്ത്തിക്കുന്ന മുറിയില്പ്പോലും! ചലച്ചിത്ര പ്രക്ഷേപകനുമായുള്ള സൗഹൃദം ഒരു അധികനേട്ടം, ആയുഷ്കാലനേട്ടം (തെളിയുന്നതും തുടരുന്നതും മറയുന്നതും എല്ലാം പ്രക്ഷേപങ്ങള് എന്ന പ്രമാണത്തിന്റെ ആസ്ഥാനം). എട്ടാമത്തെ വയസ്സില്, ജീയന്കാലോയിലെ തീയറ്ററില് സാല്വതോറെ നേടിയത് ഇതേ പ്രത്യേക അവകാശമായിരുന്നു. അവിടത്തെ പ്രക്ഷേപകനായിരുന്നു ആല്ഫ്രഡോ!
ഒരു ഫിലിം ചുരുള് വെളിച്ചത്തിന്നെതിരെ കയ്യില് പിടിച്ച് ഓരോരോ ചതുരങ്ങളിലൂടെ കണ്ണോടിക്കുന്ന നിമിഷങ്ങള്; കാണികള്ക്കായി തിരയില് എത്തുന്ന ദൃശ്യങ്ങള് പ്രൊജക്റ്റര് ബൂത്തിന്റെ ചുവരിലെ ചതുരാകൃതിയുള്ള തുറപ്പുകളിലൂടെ നിര്ന്നിമേഷം നോക്കി നിന്ന നിമിഷങ്ങള്; പ്രക്ഷേപ യന്ത്രം പ്രവര്ത്തിപ്പിച്ച് പടം ഓടിക്കേണ്ടത് എങ്ങനെയെന്ന് ഗുരുമുഖത്തുനിന്ന് പഠിച്ച നിമിഷങ്ങള്...എല്ലാം ദ്രോണാചലത്തിലെ തീയറ്ററില് എന്റെ ബാല്യത്തിലെ അനുഭവ ചതുരങ്ങള്!
വലിയൊരു വ്യത്യാസം: കുട്ടിയായിരിക്കുമ്പോള്ത്തന്നെ ഒരു പ്രത്യേക സാഹചര്യത്തില് സാല്വതോറെക്ക് തന്റെ ഗ്രാമത്തിലെ ചിത്രശാലയിലെ പ്രജെക്ഷനിസ്റ്റാവാന് കഴിഞ്ഞു. ആറാം വയസ്സില് ആന്ധ്രാപ്രദേശ് വിടാന് ദുസ്സഹ നിര്ബന്ധം ഉണ്ടാവുകയാല് ദ്രോണാചാലത്തിലെ പ്രേക്ഷകര്ക്കായി പടങ്ങള് ഓടിക്കുന്ന പ്രജെക്ഷനിസ്റ്റാവാന് എനിക്ക് കഴിഞ്ഞില്ല.
സത്യത്തില്, അഞ്ചാം വയസ്സിലാണ് ഒരു കാണിയെന്ന നിലയില് ആദ്യമായി ശ്രദ്ധിച്ചൊരു ദൃശ്യ പരമ്പര (sequence) എന്റെ മസ്തിഷ്കത്തില് രേഖപ്പെടുന്നത്: തിരയില് കഥാനായകന് ബാംസുരി ഊതുന്നു, കഥാനായിക നൃത്തം ചെയ്യുന്നു. അവര് മാറി മാറിയും ഒരുമിച്ചും ഒരു പാട്ടു പാടുന്നു: ''തൂ മേരാ ചാന്ദ് മൈ തേരീ ചാന്ദിനി / മൈ തേരാ രാഗ് തൂ മേരി രാഗിണി / നഹി ദില് കാ ലഗാനാ കോയീ ദില്ലഗീ, കോയീ ദില്ലഗീ.''
ആ ചിത്രത്തില് ഇതിനു മുന്പും പിന്പും ഒന്നും ഞാന് ഓര്ക്കുന്നില്ല. ഇതിവൃത്തം എനിക്കുള്ളതായിരുന്നില്ല. എന്റെ ഏകാഗ്രത നൂറു ശതമാനവും സാങ്കേതിക വിശദാംശങ്ങളിലായിരുന്നു. പ്രദര്ശനം ഒട്ടും തടസ്സമില്ലാതെ തുടരുന്നുണ്ടോ? ഒച്ചകളും കാഴ്ചകളും ഏകോപിതമായി പ്രേക്ഷകരില് എത്തുന്നുണ്ടോ? റീലുകള് ക്രമപ്രകാരം ചുരുളഴിയുന്നുണ്ടോ?
(ചിത്രം 'ദില്ലഗി' ആയിരുന്നെന്ന് ഞാന് തിരിച്ചറിഞ്ഞത് വര്ഷങ്ങള്ക്കു ശേഷമായിരുന്നു. പറഞ്ഞല്ലോ, ഞാന് കാണിയായിരുന്നില്ല.)
സാല്വതോറെ: ഒരു 'പ്ളേസ്ഹോള്ഡര്'
എരിവ് എന്റെ നാവില് രുചിയുടെ നാളമാണ് (റാന്തല്നാടത്തുമ്പിലെ 'റ'കാരം പോലെ). വളര്ച്ചക്കിടയില് ആന്ധ്ര പ്രദേശില്നിന്ന് ഞാന് ആര്ജ്ജിച്ച സാമൂഹിക അഭിരുചിയുടെ അടയാളമാണിത്. ചുവപ്പായി ഉണങ്ങിയ മുളക്. പാചകത്തില് ഇതിനൊരു ഊഴം കിട്ടാന് എന്നും ഞാന് ശ്രമിക്കുന്നു. പക്ഷേ, ആഹാരമല്ല എന്റെ വിഷയം. തീയറ്ററില്, ദൃശ്യചിന്തകളുടെ അരാജകമായ ഏകാധിപത്യത്തില്, എനിക്കൊരു രൂപകം കിട്ടി. ചുവരുകളില് പലേടത്തും ഒരു മുളക് തുങ്ങുന്നു.
ഫയർ ഇക്സ്റ്റിങ്ഗ്വിഷര്.
ഇന്നും ഈ അഗ്നിശമന ഉപകരണത്തിന്റെ നിറം ചുവപ്പാണെങ്കിലും, എന്റെ ബാല്യത്തില് ഈ നിര്മ്മിതി കൂമ്പാരത്തിന്റെ ആകൃതിയിലായിരുന്നു. ഇതിന് പ്രവര്ത്തിക്കാന് ഏതു തീയറ്ററിലും ഒരിക്കലും അവസരം ഉണ്ടാകരുതെന്ന് നാം ആഗ്രഹിക്കുന്നു. ദ്രോണാചലത്തില് അത് സംഭവിച്ചില്ല, ജീയന്കാലോയിലെ തീയറ്ററില് അത് സംഭവിച്ചു. കെട്ടിടത്തില് തീപ്പിടുത്തം! മധ്യവയസ്കനായ ആല്ഫ്രഡോയുടെ ജീവന് സംരക്ഷിക്കാന് സാല്വതോറെക്ക് കഴിഞ്ഞു, പക്ഷേ, അത്യാഹിതത്തില് ആല്ഫ്രഡോ തികച്ചും അന്ധനായി.
തീപ്പിടുത്തത്തിനു ശേഷം തീയറ്റര് പുതുക്കിപ്പണിയപ്പെട്ടപ്പോള്, പ്രൊജക്റ്റര് പ്രവര്ത്തിപ്പിക്കാന് കഴിവുള്ള ഒരൊറ്റ വ്യക്തിയേ ജീയന്കാലോ ഗ്രാമത്തില് ഉണ്ടായിരുന്നുള്ളൂ: ഒരു കുട്ടി, സാല്വതോറെ!
ഒരു പക്ഷേ, എന്നെപ്പോലെ, കാഴ്ച നഷ്ടപ്പെട്ടൊരു കണ്ണും പ്രൊജക്റ്റര് ബൂത്തിനെക്കുറിച്ച് ധാരാളം ഓര്മ്മകളും ഉള്ളൊരു വ്യക്തിക്ക് മാത്രമേ അന്ധത ചലച്ചിത്ര പ്രക്ഷേപകര്ക്ക് എന്തായിരിക്കുമെന്ന് കൃത്യമായും മനസ്സിലാക്കാന് കഴിയൂ. വേറൊരു വിതാനത്തില് എന്റെ ഭൂതവും വര്ത്തമാനവും ഭാവിയും ഒറ്റ നിമിഷത്തില് ചതുരപ്പെടുത്തുകയായിരുന്നു 'സിനിമ പാരഡിസോ'.
ഒരു നിമിഷം ഞാന് ആഗ്രഹിച്ചു, സാല്വതോറെ ഒരു 'പ്ളേസ്ഹോള്ഡര്' ആകട്ടെ! ഏതു തീയറ്ററിലും അങ്ങനെയൊരു കുട്ടി അവതരിക്കട്ടെ! പക്ഷേ ക്രിസ്റ്റഫര് നോളനെപ്പോലുള്ള ഏതാനും സംവിധായകരുടെ ഗൃഹാതുരത്വം മാത്രമായി ഒടുങ്ങിയില്ലേ ഫിലിം ചുരുളുകള്! എന്റെ ഭൂതക്കാഴ്ചയില്, ഒരു പക്ഷേ, ഒരു ശവസംസ്കാരത്തില് പങ്കെടുക്കാനാണ് ഞാന് ദ്രോണാചലത്തേക്ക് സഞ്ചരിച്ചത്. ഇനി തീയറ്ററുകളില് ഒരു ആല്ഫ്രഡോ ഉണ്ടാവില്ല.
Content Highlights: maythil radhakrishnan athmakadhaaavathenjan part 2
Published: 16 Nov 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented