താനും ചില സ്‌തോത്രകൃതികള്‍ മാത്രമല്ല ആശാന്റെ ആദ്യകാലകവിതകള്‍. മഹാകവിയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട 'വനമാല' എന്ന സമാഹാരത്തിലെ കവിതകളും അക്കൂട്ടത്തില്‍പ്പെടുന്നു. സ്‌തോത്രകാവ്യങ്ങളില്‍ നിന്ന് കാല്‍പനികഭാവനയിലേയ്ക്കും ദാര്‍ശനികഭാവനയിലേയ്ക്കും വികസിക്കാന്‍ ഉഴറുന്ന ഒരു കവിയെയാണ് അവയില്‍ നാം കാണുന്നത്. 'ഒരു വനയാത്ര','ഒരു സന്ധ്യ','ലോകം','കളകണ്ഠഗീതം' എന്നീ കവിതകളെ മുന്‍നിര്‍ത്തി, ആ തരുണകവിയെ ഒന്നടുത്ത് കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. 

To advertise here,

ഒരു 'നഗരപുഷ്പവാടിക'യില്‍ മൂവന്തിയുടെ വരവു കണ്ടിരിക്കുന്ന ഏകാകിയായ കവിയാണ് 'ഒരു സന്ധ്യ' എന്ന കവിതയില്‍. ആ നഗരപുഷ്പവാടിക, ബെംഗളൂരുവിലോ തിരുവനന്തപുരത്തോ ഉള്ള ഒന്നായിരിക്കാം. യുവാവും അവിവാഹിതനുമായ കവിയാണ് കവിതയിലെ വക്താവ്. അയാളുടെ ഏകാന്തതയും ആള്‍ക്കൂട്ടത്തിനു നടുവിലെ തനിച്ചിരിപ്പും കവിതയെ ഒരു കാല്‍പനിക ഭാവഗീതമാക്കി മാറ്റുന്നു. ഈ ഏകാന്തതയെ രമ്യമായി വാങ്മയപ്പെടുത്തുന്ന ഒരു ശ്ലോകം ഈ കവിതയിലുണ്ട്-
'ഗണമായ് നടപ്പൂ ചില,രിങ്ങിരിക്കമേ-
ലിണയായിരിപ്പു ചില,രൊറ്റയായുമേ
അണയത്തു വാഴ്വു ചെറുപൈതല്‍ പൂവുപോല്‍
ക്ഷണമന്തിയെ നോക്കിയൊരുകോണില്‍ ഞാനുമേ.' 

ഇതെഴുതിയ കവിയുടെ എന്നപോലെ ഒരു കാല്‍പനിക കവിയുടെ കൂടി ആത്മചിത്ര (Self portrait)മാണിത്. ഗണമായും ഇണയായും ഇരിക്കുന്നവരുടെ കൂട്ടത്തിലെ ഏകാകിയാണയാള്‍. കുടുംബസ്ഥരുടെ ഇടയിലെ അവിവാഹിതനായ ഏകാകി എന്നും പറയാം. അയാള്‍ ഒരു കോണിലിരുന്ന് സന്ധ്യയെ, ആ സന്ധ്യയാണ് അയാളുടെ ഒരേയൊരു കൂട്ടുകാരി എന്ന പോലെ, നിരീക്ഷിക്കുന്നു. സന്ധ്യയോടുള്ള ഈ പ്രതിപത്തി ആശാന്‍കവിതയില്‍ പലയിടത്തും കാണാം. 

സീതാവിചാരങ്ങള്‍ക്കുള്ള ഉചിതമുഹൂര്‍ത്തമായി ആശാന്‍ കണ്ടെത്തിയത് ഒരു സന്ധ്യയെയായിരുന്നുവല്ലോ. സീത, ഒടുവില്‍ സൂര്യ-ചന്ദ്രന്മാരോടൊപ്പം ആ സന്ധ്യയോടും യാത്ര പറയുന്നു. ആ സീതയുടെ സ്രഷ്ടാവായിത്തീരാനിരിക്കുന്ന കവിയാണ് ഇവിടെ, ഈ നഗരപുഷ്പവാടികയുടെ കോണില്‍ ഏകനായി സന്ധ്യയായി നിറം പകരുന്ന പകലിനെ നോക്കിയിരിക്കുന്നത്. അന്ന് അവിവാഹിതനും ബ്രഹ്‌മചാരിയുമായിരുന്ന അയാളുടെ ചാരത്ത് ഒരു ചെറിയ കുട്ടിയുമുണ്ട്- ഏതോ കുടുംബത്തോടൊപ്പമെത്തിയ, പൂവുപോലുള്ള ഒരോമനപ്പൈതല്‍. വാത്സല്യവും പ്രണയവും സൗഹൃദവുമെല്ലാമാണ് കവിക്കു ചുറ്റും തിരയടിക്കുന്നത്. ഇണകളും ഗണങ്ങളുമാണ് അവിടെ മനുഷ്യര്‍. അവരില്‍ നിന്നും അകന്ന്- ഒരു കോണില്‍- കവി ഇരിക്കുന്നു. 

തന്റെ അന്യഥാത്വത്തിന്റെ നിര്‍വചനമാക്കി മാറ്റുകയാണ് ഈ നിലയെ കവി. താന്‍ ഒരു ഗണത്തിന്റെ ഭാഗമല്ല, തനിക്കൊപ്പം ഇണയോ കുടുംബമോ തന്റേതെന്ന് പറയാവുന്ന ഒരു പൈതലോ ഇല്ല. ഒരു കവിയുടെ സൗന്ദര്യവിചാരങ്ങളാണ് അയാളുടെ ഏകാന്തതയെ അതിന്റെ സാന്ധ്യവര്‍ണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നത്. അപൂര്‍ണരചനയാണ് 'ഒരു സന്ധ്യ'. സ്‌തോത്രകാവ്യരചനയില്‍ നിന്ന് കാല്‍പനികകവിത്വത്തിലേയ്ക്ക് ക്രമേണ പരിണമിക്കുകയായിരുന്ന ഭാവുകനായ ഒരു യുവാവിനെയാണ് ഈ കവിത നമുക്ക് കാട്ടിത്തരുന്നത്; 'കലാകാരനെന്ന നിലയില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മചിത്രം' എന്ന് വിവരിക്കപ്പെടാവുന്ന ഒന്ന്. 

ഏകാകിയായ കവി മറ്റൊരു കുടുംബവുമൊത്തായിരിക്കുന്നതിന്റെ ആനന്ദമനുഭവിക്കുന്നതിന്റെ ചിത്രമാണ് 'ഗരിസപ്പാ അരുവി അഥവാ ഒരു വനയാത്ര' എന്ന കവിതയില്‍. ഡോക്ടര്‍ പല്‍പുവിന്റെ കുടുംബവുമൊത്ത് ഗര്‍സോപ്പാവെള്ളച്ചാട്ടം കാണുന്നതിനായി തന്റെ ബെംഗളൂരുവിലെ വിദ്യാര്‍ഥിജീവിതകാലത്ത് കവി നടത്തിയ യാത്രയാണ് ഈ കവിതയുടെ പ്രമേയം. അവിടെ കവി പ്രിയപ്പെട്ടവരുടെ ഒരു ഗണത്തില്‍ പങ്കാളിയാകുന്നു. സ്‌നേഹവും 'ലോകാനുരാഗ'വുമാണ് മനുഷ്യാവസ്ഥയുടെ സത്ത എന്ന് കവിയായ ആശാന്‍ തിരിച്ചറിയുന്ന സന്ദര്‍ഭംകൂടിയാണിത്.

placeholder
ചിത്രീകരണം: ദ്വിജിത്ത്‌

പില്‍ക്കാലത്തെ സ്‌നേഹഗായകന്റെയും ലോകാനുരാഗിയായ കവിയുടെയും ആദ്യാവതാരമുഹൂര്‍ത്തമാണിത്. പിന്നീട് ഏറെ പ്രശസ്തമായിത്തീര്‍ന്ന,
'ആഹന്ത! കോശമിഹ ഞാനെഴുതീടിലേകും
സ്‌നേഹത്തിനാത്മസുഖമെന്നൊരു സംജ്ഞ കൂടി',
'ലോകാനുരാഗമിയലാത്തവരേ,നരന്റെ-
യാകാരമാര്‍ന്നിവിടെ നിങ്ങള്‍ ജനിച്ചിടായ്വിന്‍' എന്നീ വരികള്‍ ഈ കവിതയിലേത്. ഇതിനെല്ലാം പ്രേരകമാകുന്നത് സുഹൃത്തിന്റെ കുടുംബവുമൊത്തുള്ള വിനോദയാത്രാനുഭവത്തിലെ നിറവുറ്റ നിമിഷങ്ങളുടെ ഓര്‍മകളാണെന്നതും ശ്രദ്ധേയം. 

തന്റെ വളര്‍ച്ചമുറ്റിയ കവിതകളില്‍ പ്രണയവും സന്യാസവും തമ്മിലുള്ള ഗംഭീരസംഘര്‍ഷങ്ങളാവിഷ്‌കരിച്ച കവിയേയും, വേണമെങ്കില്‍, ഈ കവിതയിലെ ചില പരോക്ഷസൂചനകളില്‍ നിന്നു കണ്ടെടുക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് താഴെക്കൊടുത്തതുപോലെ ഒരു ശ്ലോകം-
'പോകാതെയും ശിശിര, മുദ്ഭടപുഷ്പ കാല-
മാകാതെയും സ്വയമുഷസ്സില്‍ ഹിമാര്‍ദ്രമായും
ഏകുന്നു കൗതുക, മിളം തളിരാര്‍ന്നു കന്യാ-
പാകത്തില്‍ നിന്നു പരിശുദ്ധവനാന്തഭംഗി'.

രണ്ട് ഋതുക്കള്‍ക്കിടയിലുള്ള ഋതുസംക്രമണത്തിന്റെ സന്ദിഗ്ദ്ധഭംഗിയെ, ഇളംതളിരുകളും ഹിമാര്‍ദ്രതയും ചേരുന്ന 'കന്യാപാക'മായി വായിക്കുകയാണ് കവി. കവിയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ വെളിപ്പെടുന്ന രമ്യമായ ഒരു രതിവ്യംഗ്യമാണിത്. ഒരുപക്ഷേ അക്കാലത്തെ കുമാരകവിയുടെ കാമനാലോകത്തിന്റെ കൂടി പ്രതിരൂപമായി മാറിയേക്കാവുന്ന ഒരു വനാന്തചിത്രം.

ഇതില്‍ നിന്നു വ്യത്യസ്തമായ കാമനാനിരോധത്തിന്റെയും കൊടിയ മൃത്യുഭയത്തിന്റെയും കവിതകളാണ് 'കളകണ്ഠഗീത'വും 'ലോക'വും.
'വാടുന്നിത,വീണഴിയുന്നു, മണം
തേടുമ്മലരിമ്മലര്‍വാടികളില്‍, 
വാടാതവയില്ല ശിവന്‍കഴലാ-
മേടാമലരെന്നിയിളംകുയിലേ' എന്നതാണ് 'കളകണ്ഠഗീത'ത്തിന്റെ ആന്തരികശ്രുതിയെ നിര്‍ണയിക്കുന്ന ദാര്‍ശനികതലം. സര്‍വം നശ്വരം. വീണപൂവുകളുടെ ഒരുദ്യാനമാകുന്നു ലോകം. ശിവഭജനമെന്ന മൃത്യുഞ്ജയഭജനമൊന്നുമാത്രമാണ് കവിക്ക് സാന്ത്വനം പകരുന്നത്.

'ലോക'മെന്ന കവിതയാകട്ടെ, പ്രച്ഛന്നരൂപിയായ മരണത്തിന്റെ വിഹാരരംഗമായി പ്രപഞ്ചത്തെ കാണുന്നു. തെളിഞ്ഞ തടാകത്തിനുള്ളിലെ മുതലയായും മഴക്കാറിനുള്ളിലെ ഇടിത്തീയായും പൂത്ത കാട്ടിനുള്ളിലെ ഘോരമൃഗങ്ങളായും ലോകാനുഭവങ്ങളില്‍ മരണം കുടിയിരിക്കുന്നു. അതിനാല്‍ മദ്യപന്‍ മദ്യത്തെയും കാമാര്‍ത്തന്‍ വേശ്യയേയും ചൂതാട്ടക്കാരന്‍ ചൂതിനെയും നായാടി നായാട്ടിനെയും വാഴ്ത്തുന്നതുപോലെയാണ് ലോകഭോഗങ്ങളില്‍ ഭ്രമിക്കുന്നത് എന്നു കവി.

ഇങ്ങനെയെല്ലാം സൗന്ദര്യത്തെ സംശയിക്കുകയും അതേസമയം അതിനുനേര്‍ക്ക് ആകൃഷ്ടനാവുകയും മരണഭയത്താല്‍ വിഹ്വലമാനസനാവുകയും സ്‌നേഹാരാധകനായ ലോകാനുരാഗിയായും ഏകാകിയായ കാല്‍പനികനായും സ്വയം സ്ഥാനപ്പെടുകയും ചെയ്യുന്ന ബഹുരൂപവിചിത്രതയുടെ പേരാകുന്നു ആശാന്റെ മഹാകവിത്വം എന്നത്. 

ആദ്യകാലകവിതകളില്‍ത്തന്നെ ഈ വിരുദ്ധോര്‍ജങ്ങള്‍ സ്വയം സന്നിഹിതമാകുന്ന ചില സന്ദര്‍ഭങ്ങളാണ് നമ്മള്‍ ഇവിടെ കണ്ടത്. അവയില്‍ 'കളകണ്ഠഗീത'മൊഴികെയുള്ളവ അപൂര്‍ണരചനകളാണ്. ഈ അപൂര്‍ണശില്‍പങ്ങളില്‍ നിന്നാണ് തികവുറ്റ, പൂര്‍ണരചനകളിലേയ്ക്കും അവയുടെ സംഘര്‍ഷനിര്‍ഭരമായ ത്രിമാനതയിലേയ്ക്കും ആശാന്റെ കവിപ്രതിഭ പരിണമിച്ചെത്തിയത്.