
'നിത്യനിത്യവിസ്മയമാണല്ലോ അനുരാഗം' എന്നൊരു ബഷീര്‍വാക്യമുണ്ട്; 'അനുരാഗത്തിന്റെ ദിനങ്ങ'ളുടെ മുഖവുരയില്‍. ഇത്തരത്തിലൊരു നിത്യനിത്യവിസ്മയമാണ് ബഷീര്‍സാഹിത്യം മലയാളിക്കിന്നും. ഇന്നും എന്ന് പറഞ്ഞാല്‍ എഴുത്തുകാരന്റെ മരണശേഷം മൂന്ന് പതിറ്റാണ്ട് തികയുന്ന ഈയവസരത്തില്‍ എന്നോ അദ്ദേഹത്തിന്റെ ആദ്യനോവലായ 'ബാല്യകാലസഖി'ക്ക് എണ്‍പതാണ്ട് തികയുമ്പോള്‍ എന്നോ അര്‍ത്ഥമാക്കാം. ഇന്നും ആ വിസ്മയനീയതയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ നാം ആ കൃതിസഞ്ചയത്തെ വീണ്ടും വീണ്ടും സന്ദര്‍ശിക്കുകയും നമുക്ക് അവയോട് തോന്നിക്കൊണ്ടിരിക്കുന്ന നിത്യനിത്യമായ ആകര്‍ഷണത്തിന്റെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ഇത്തരമൊരന്വേഷണത്തില്‍ നാം കണ്ടെത്താനിടയുള്ള ഒരു വസ്തുത, ആ നോവലുകളുടെയും ചെറുകഥകളുടെയും പ്രാരംഭത്തിലും പര്യവസാനത്തിലും ബഷീര്‍ പതിച്ചിടുന്ന മനോജ്ഞമായ ആ ബഷീര്‍മുദ്രയാണ്. ഓരോ തുടക്കത്തെയും ആഖ്യാനത്തിലേയ്ക്കുള്ള ഒരു മധുരക്ഷണമാക്കി മാറ്റാന്‍ ബഷീറിന് സാധിക്കുന്നു. കഥ പറയുകയാണ് ബഷീര്‍, പലപ്പോഴും. എഴുതപ്പെട്ട കഥ എന്നതിനേക്കാള്‍ പറയപ്പെട്ട കഥ എന്ന പ്രതീതിയാണത് ജനിപ്പിക്കുന്നത്. സംഗീതം കേള്‍ക്കുന്ന ഒരാളുടെ കാത് എന്നതുപോലെയാണ് ബഷീറിന്റെ ഒരു കഥയോ നോവലോ വായിക്കുന്ന ഒരാളുടെ ഗ്രഹണശേഷി പ്രവര്‍ത്തിക്കുക. കഥപറച്ചിലുകാരനായ ബഷീറിനെ കേള്‍ക്കുകയാണ് നമ്മള്‍. അതുകൊണ്ടു കൂടിയാവണം ആ ആഖ്യാനത്തില്‍, ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ധാരാളം ശബ്ദങ്ങള്‍ കടന്നുവന്നിരുന്നു. 'ശബ്ദങ്ങള്‍' എന്നു തന്റെയൊരു നോവലിനു പേരിടുകയും 'മതിലുകള്‍' എന്ന നോവലില്‍ ശബ്ദം തന്നെ ശരീരമായ ഒരു കാമുകിയെ സൃഷ്ടിക്കുകയും ചെയ്തു ബഷീര്‍. ജീവിതത്തില്‍ ഒരു വലിയ സംഭാഷണവിദഗ്ധന്‍(conversationalist) ആയിരുന്ന കഥാകാരന്‍ ആ വൈഭവത്തെ ഒരു കഥനതന്ത്രമാക്കി മാറ്റുകയായിരുന്നു എന്നും പറയാം. വാസ്തവത്തില്‍, വായനക്കാരുമായി ബഷീര്‍ നടത്തിയ സരസസംഭാഷണങ്ങളായിരുന്നു ആ കഥകള്‍. സംഭാഷണം കഥയാവുകയും കഥ സംഭാഷണമാവുകയും ചെയ്തു, അവയില്‍.

'മതിലുകള്‍' എന്ന നോവലിന്റെ ചേതോഹരമായ ഈ തുടക്കം നോക്കൂ-
'മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? മുമ്പ് പറഞ്ഞതായി ഓര്‍മ തോന്നുന്നില്ല. 'സ്ത്രീയുടെ ഗന്ധം' അല്ലെങ്കില്‍ 'പെണ്ണിന്റെ മണം' എന്നതിന് ഏതെങ്കിലും ഒരു പേരിടാമെന്നു വിചാരിച്ചു. പിന്നെ ഇങ്ങനെ, ഇപ്പോളങ്ങു പറയുകയാണ്. ശ്രദ്ധിച്ച് കേട്ടുകൊളളണം. സംഭവം കുറേ പഴക്കമുള്ളതാണ്. നമ്മള്‍ സാധാരണമായി കാലം എന്നൊക്കെ പറയാറുണ്ടല്ലോ. ആ മഹാകാലത്തിന്റെ അക്കരെ നിന്നുള്ളതാണ്. ഞാനിപ്പോള്‍ ഇക്കരെയാണെന്നോര്‍ക്കണം. ഏകാന്തമായ ഹൃദയം. അതിന്റെ മഹാതീരത്തുനിന്ന് വന്നുചേരുന്ന ഒരു ശോകഗാനമാണിത്'.
'പറയുക', 'കേള്‍ക്കുക' എന്നിങ്ങനെ രണ്ടു പ്രവൃത്തികളുടെ രണ്ടറ്റത്തായി തന്നെയും തന്റെ വായനക്കാരെയും സ്ഥാപിച്ചിട്ട് തന്റെ കഥനവൃത്തിയാരംഭിക്കുകയാണ് ബഷീര്‍. അതോടെ കടലാസും മഷിയും അക്ഷരങ്ങളും മാഞ്ഞുപോകുന്നു. പകരം, നിപുണനായ ഒരു കഥ പറച്ചിലുകാരനും ശ്രവണസന്നദ്ധനായ ഒരു വായനക്കാരനും തല്‍സ്ഥാനത്ത് രൂപംകൊള്ളുന്നു. ഏകാന്തമായ ഒരു ഹൃദയത്തിന്റെ മഹാതീരത്തുനിന്ന് പുറപ്പെടുന്ന, കാലത്തിന്റെ മറുകരയില്‍ നിന്നുവരുന്ന ഒരു ശോകഗാനത്തിനാണ് അയാള്‍ ഇപ്പോള്‍ കാതോര്‍ക്കുന്നത്!
ഇതിന് ഏറെക്കുറെ സമാനമാണ് 'പാത്തുമ്മായുടെ ആടി'ന്റെയും തുടക്കം. ഇക്കുറി ഒരു തമാശക്കഥയാണ് പറയുന്നത് കഥാകാരന്‍;
'പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി' എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്' എന്ന മുഖവുരയോടെ. വായനക്കാരുടെ ഉദ്വേഗം വളര്‍ത്താനാണ് ഈ ഉപശീര്‍ഷകങ്ങള്‍, 'പെണ്ണിന്റെ മണം', 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നതു പോലുള്ളവ. ഇങ്ങനെ കഥ പറഞ്ഞു പറഞ്ഞ് ബഷീര്‍ മുന്നോട്ട് പോകുന്നു. ഒടുവില്‍ അത് അതിന്റെ പര്യവസാനത്തിലെത്തുന്നു. ഇത്തരം പര്യവസാനങ്ങളുടെ മനോഹാരിത കൂടിയാണ് ബഷീര്‍ക്കഥകളുടെയും നോവലുകളുടെയും ഭാവസൗന്ദര്യത്തെ നിര്‍ണയിക്കുന്നത്. 'ബാല്യകാലസഖി'യുടെ പര്യവസാനം നമുക്കെല്ലാവര്‍ക്കും അറിയാം. സുഹ്റ മരിക്കുന്നു. ആ വിവരം ഉമ്മാ മജീദിനയച്ച കത്തിലൂടെയാണ് അയാള്‍ അറിയുന്നത്. മജീദ് എന്നാല്‍ പണ്ടത്തെ മജീദല്ല, ഒന്നരക്കാലനും ഹോട്ടല്‍ത്തൊഴിലാളിയുമായ മജീദ്. മജീദ് പലതും ഓര്‍മിക്കുന്നു. സുഹ്റയെക്കുറിച്ചുള്ള മജീദിന്റെ ഒടുവിലെ ഓര്‍മയിലാണ് അത് ചെന്നെത്തിയത്. എന്തായിരുന്നു ആ ഒടുവിലെ ഓര്‍മ? വീടുവിട്ടിറങ്ങുന്ന മജീദ്. എന്തോ പറയാനെന്നവണ്ണം അവരുടെ (അതെ, അവരുടെ; സുഹ്റയുടെയും മജീദിന്റെ പ്രണയസ്മാരകമോ പ്രണയപ്രതിരൂപമോ ആകുന്നു കൊടിയ വേനലിലും കടുംചുവപ്പു പൂക്കളൊഴിയാത്ത ആ ചെമ്പരത്തി!) ചെമ്പരത്തിക്കൊമ്പില്‍ പിടിച്ചുകൊണ്ടുനില്‍ക്കുന്ന സുഹ്റ. ഒന്നും പറയാനിട കിട്ടിയില്ല. അതിനു മുന്‍പു തന്നെ മജീദിനു പുറപ്പെടേണ്ട ബസ്സ് വന്നു. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. ഇപ്പോള്‍ സുഹ്റ ഈ ലോകത്തു നിന്നുതന്നെ യാത്രയായിരിക്കുന്നു. അപ്പോഴും അവശേഷിച്ച ആ ചോദ്യത്തിലാണ് ബഷീര്‍ തന്റെ നോവല്‍ അവസാനിപ്പിക്കുന്നത്.
'എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാന്‍ തുടങ്ങിയത്?' ഈ ചോദ്യം 'ബാല്യകാലസഖി' എന്ന നോവലിന് നല്‍കുന്ന ദുരന്തശോഭ അപാരമാണ്. ഉത്തരമില്ലാത്ത ഒരു വൈകാരികസമസ്യയായി അത് മരണത്തിലും ജീവിതത്തിലും മുട്ടി മുഴങ്ങുന്നു; മജീദിന്റെ ശിഷ്ടജീവിതത്തില്‍ മാത്രമല്ല, ഓരോ വായനക്കാരന്റെയും/വായനക്കാരിയുടെയും അന്തരംഗത്തിലും - നോവലിന്റെ ആദ്യവായനയ്ക്ക് ശേഷം, എക്കാലത്തേയ്ക്കും!

തീപിടിച്ച ഒരു വിമാനം 'ക്രാഷ് ലാന്റ്' ചെയ്യുന്നതുപോലെയാണ് വേറേ ചില പര്യവസാനങ്ങള്‍.' ശബ്ദങ്ങ'ളിലെ അവസാനാധ്യായമായ 'റെയിലുകള്‍ മുഴങ്ങുന്നു' ഇതിനുദാഹരണമാണ്. ആത്മഹത്യാതീരുമാനമെടുത്തു കഴിഞ്ഞ, അനാഥനായ ആ മുന്‍പട്ടാളക്കാരന്‍ തീവണ്ടിപ്പാളത്തില്‍ കഴുത്തണച്ചു കിടക്കുകയാണ്. ബഷീറിന്റെ അനന്യമായ വിവരണകലയില്‍ ആ ഭാരിച്ച നിമിഷങ്ങള്‍ ഇങ്ങനെ വാങ്മയപ്പെടുന്നു-
'ഒരു വണ്ടി ഇടികുടുക്കത്തോടെ പാഞ്ഞുപോയി. ഞാന്‍ കമ്പിവേലി കടന്ന് അനേകം പാളങ്ങളുള്ളതില്‍ ഒന്നില്‍ കഴുത്തുവെച്ചു കിടന്നു. അവസാനത്തെ കിടപ്പ്. കഴുത്തിനു വല്ലാത്ത തണുപ്പ്. ഞാനങ്ങനെ കിടന്നു. നാളെ ഞാനൊരനാഥപ്രേതമാണ്! ആ വാക്കിന്റെ ശരിയായ അര്‍ത്ഥത്തില്‍. അങ്ങനെയങ്ങനെ വണ്ടി വരാന്‍ സമയമായി.' മരണം തീവണ്ടിയുടെ രൂപത്തില്‍ അലറിക്കുതിച്ചു കടന്നുവരുന്ന ആ ഭയാനകമാത്രയൊന്നു മാത്രമാണ് അയാളുടെ കണ്‍മുന്നില്‍. ഒടുവില്‍ വണ്ടി വന്നു. കാതടപ്പിക്കുന്ന മരണാരവം അടുത്തടുത്ത് വന്നു. ബഷീര്‍ എഴുതുന്നു-
'വണ്ടി പാഞ്ഞുവരികയാണ്! വണ്ടി പാഞ്ഞുവരികയാണ്. ഞാന്‍ കണ്ണുകള്‍ അടച്ചു. എന്റെ ശ്വാസം നിന്നു. ഞാന്‍ ആകെ വിയര്‍ത്തു. തലയ്ക്കകം വേവുകയാണ്.
ദൈവമേ! കഴുത്ത് ഞെരിഞ്ഞറ്റു പോകുന്ന ഒടുവിലത്തെ മുഹൂര്‍ത്തവും പ്രതീക്ഷിച്ച് ഞാന്‍ കിടന്നു. വണ്ടി ഘനത്തോടെ, ഭയങ്കര ശബ്ദാരവത്തോടെ കുടുങ്ങിച്ചീറി കടന്നുപോയി!'
ഒരു നിര്‍ത്തി(pause)നു ശേഷമെന്നോണമാണ് ഈ വാക്യത്തിന്റെ ബാക്കി നമ്മള്‍ വായിക്കുന്നത്-
'എന്റെ അരികത്തുള്ള വേറെ രണ്ടു പാളങ്ങളില്‍ കൂടി!'
അയാള്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടിരിക്കുന്നു! അത് അയാള്‍ ആഗ്രഹിച്ചതാണോ? അറിയില്ല. ഏതായാലും അത് സംഭവിച്ചിരിക്കുന്നു. ഒരു തരം ഗംഭീരവിശ്രാന്തിയാണ് അത് വായനക്കാരിലേയ്ക്ക് സംക്രമിപ്പിക്കുന്നത്. ബ്രിട്ടീഷ് ചിത്രകാരനായ ജോസഫ് ടേണറുടെ 'കപ്പല്‍ച്ചേതം കഴിഞ്ഞുള്ള പ്രഭാതം'(Dawn after the Shipwreck) എന്ന ചിത്രം കണ്ടിട്ടുള്ളവര്‍, ഒരുപക്ഷേ, ആ വിശ്രാന്തിയെന്തെന്ന് മനസ്സിലാക്കുമായിരിക്കും!
അനുഭവകഥനമെന്നോ ബഷീര്‍ തന്നെ അതിന് പേരിട്ടതുപോലെ 'കാമുകന്റെ ഡയറി' എന്നോ പറയാവുന്ന 'അനുരാഗത്തിന്റെ ദിനങ്ങള്‍'ക്കൊടുവില്‍ ദേവി വിവാഹിതയാവുന്നു അഥവാ ബഷീറിന്റെ കാമുകി വേറൊരാളുടെ ഭാര്യയാകുന്നു. പ്രണയോദ്വേഗത്തിന്റെ ഒട്ടനവധി ദിനരാത്രങ്ങള്‍ക്കു ശേഷം, ഏറെക്കുറെ ആകസ്മികമെന്നോണമാണ് ഇത് സംഭവച്ചത്. 'ബോംബു പൊട്ടി' എന്നാണ് ആ അവസാനാധ്യായത്തിന്റെ പ്രാരംഭവാക്യം തന്നെ. വിവാഹപ്പിറ്റേന്ന് ദേവി ബഷീറിനെ കാണാന്‍ അയാളുടെ മുറിയില്‍ വരുന്നു. പതിവുപോലെ ദേവി കണ്ണടയെടുത്ത് ജനാലപ്പടിയില്‍ വെയ്ക്കുന്നു (അതൊരു സൂചനയാണ്, വേണമെങ്കില്‍ തന്നെ ചുംബിച്ചു കൊള്ളാന്‍ കാമുകി, കാമുകനു നല്‍കുന്ന രതിവ്യംഗ്യം!). തുടര്‍ന്ന് നമ്മള്‍ ഇങ്ങനെ വായിക്കുന്നു-
'ഞാന്‍ കണ്ണടയെടുത്ത് അതിന്റെ രണ്ടു ചില്ലുകളിലും ചുംബിച്ചു.
എന്നിട്ട് അത് ദേവിയുടെ മുഖത്ത് വെച്ചുകൊടുത്തു.
'ദേവി സുഖമായി പോകൂ'.
ദേവി കുനിഞ്ഞ് എന്റെ രണ്ടു പാദങ്ങളിലും ചുംബിച്ചു.
ഞാന്‍ ദേവിയുടെ ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചു:
'മംഗളം! ദൈവാനുഗ്രഹത്തോടെ, സരസ്വതീദേവി,- ദീര്‍ഘസുമംഗലീഭവ'.
ഒരനുരാഗകഥയുടെ അന്ത്യമാത്രയാണിത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാംവിധം ഭവ്യവും ഉദാരവും സംസ്‌കാരഭദ്രവുമാണ് ഈ പര്യവസാനം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയും അത് സംഭവിക്കുന്നു. വികാരത്തിന്റെ കൊടുങ്കാറ്റുകള്‍ അടങ്ങി ശാന്തമായതിനു ശേഷമുള്ള പ്രഭാതംപോലെ കാലുഷ്യമറ്റ ശാന്തിയുടെ ഒരു മുഹൂര്‍ത്തം, അതിന് സാധ്യമായ എല്ലാ ആത്മീയശോഭയോടും കൂടി, നിറവേറുന്നത് ബഷീര്‍ കാണിച്ചു തരുന്നു. കേവലം 'ആന്റി -ക്ലൈമാക്സു'കളല്ല ഇവ, ആണെങ്കില്‍ത്തന്നെ അവ ആ രചനാതന്ത്രത്തെയും കവിഞ്ഞുയരുന്നു.

എനിക്കു പ്രിയപ്പെട്ട, വേറൊരുദാഹരണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടവസാനിപ്പിക്കാം. കിണറ്റില്‍ വീണു പോയ ഭാര്യയുടെ സ്വര്‍ണമാല, വൃദ്ധനായ ഭര്‍ത്താവ് കിണറ്റിലിറങ്ങി വീണ്ടെടുക്കുന്നതിന്റെ കഥയാണല്ലോ ബഷീറിന്റെ 'സ്വര്‍ണമാല.' അങ്ങനെയായിരുന്നെങ്കില്‍ അത് കേവലമൊരു സാഹസികകഥ മാത്രമാകുമായിരുന്നു. അതായിരുന്നില്ല ഇത്തരമൊരു കഥയെഴുതുമ്പോള്‍ ബഷീറിന്റെ രചനാലക്ഷ്യം എന്ന് വ്യക്തം. ജീവന്‍ പണയപ്പെടുത്തി ഒരു ഭര്‍ത്താവ് അങ്ങനെ ചെയ്യുകയും പ്രാണാപായം സംഭവിക്കാതെ അയാള്‍ തിരിച്ചു കയറുംവരെ ഒരു കുടുംബം കരയില്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയും ചെയ്യുമ്പോള്‍, വേറെ ചിലതിലാണ് കഥയുടെ ഊന്നല്‍ എന്ന് വരുന്നു. സ്വര്‍ണത്തേക്കാള്‍ വിലപിടിച്ച സ്നേഹത്തിളക്കമാണത്. ആ തിളക്കം, കഥയുടെ ഒടുവില്‍ ബഷീര്‍ നമ്മെ ഇങ്ങനെ കാട്ടിത്തരുന്നു-
'സന്തോഷത്തോടെ നോക്കുമ്പോള്‍ ഞെട്ടലോടെ കണ്ടു; ഭാര്യയുടെ കഴുത്തില്‍ സ്വര്‍ണമാല ഇല്ല!
എവിടെപ്പോയി?
നേരേചൊവ്വേ ചെന്ന് കിണറ്റില്‍ നോക്കി. സന്തോഷം: കിണറ്റിനകത്ത് അത്യഗാധതയില്‍, തെളിഞ്ഞ വെള്ളത്തിനടിയില്‍ മഞ്ഞരാശിപ്പോടെ, കുശാലായി തിളങ്ങിക്കൊണ്ടു കിടക്കുന്നു സ്വര്‍ണമാല!'
Content Highlights: Sajay K.V. writes Mashipacha column on Vaikkom Muhammed Basheer' Balyakalasakhi
Published: 18 Jul 2024, 04:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented