ലത്തിന്റെ രൂപകസാധ്യതകളാരായുന്നവയാണ് ലോകസാഹിത്യത്തിലെ പല മികച്ച കവിതകളും. ജലത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും കവികളെ പ്രചോദിപ്പിച്ചു. ജലത്തിന്റെ അഭാവം ഒരു മഹാരൂപകമായി മാറിയത് റ്റി. എസ്. എലിയറ്റിന്റെ 'വെയ്സ്റ്റ്‌ലാന്റി'ലാണ്. 'ജലത്താലുള്ള മരണം', 'ഇടിമുഴക്കം പറഞ്ഞത്' എന്നിങ്ങനെ ആ കവിതയുടെ അവസാനഖണ്ഡങ്ങളുടെ ശീര്‍ഷകങ്ങള്‍. ജലത്താലുള്ള മരണത്തിന് ജ്ഞാനസ്‌നാനത്തിലൂടെ ആത്മീയമായി പുനര്‍ജ്ജനിക്കുക എന്നും അര്‍ത്ഥമുണ്ട് ക്രിസ്തീയ ദൈവശാസ്ത്രത്തില്‍. അത്തരമൊരു പുനര്‍ജ്ജനി കാക്കുന്നവരാണ് തരിശുഭൂമിയിലെ മനുഷ്യര്‍. എന്നാല്‍ ആത്മീയതയുടെ ആ പവിത്രജലം അവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.'നദി ടാറും എണ്ണയും വിയര്‍ക്കുന്നു' എന്നൊരു വരി കാണാം 'വെയ്സ്റ്റ്‌ലാന്റി'ലൊരിടത്ത്. നഗരത്തിലെ നദിയാണത്. അതിന്റെ മലിനദേഹം നിറയെ ടാറും എണ്ണയും പുരണ്ടിരിക്കുന്നു. ഈറന്‍ മുടിയും കൈ നിറയെ ഹയസിന്ത്പുഷ്പങ്ങളുമായി വരുന്ന ഹയസിന്ത്‌പെണ്‍കുട്ടി (hyacinth girl) ഇതിന്റെ വിപരീതമാണ്. അവളുടെ ജലസ്പര്‍ശമുള്ള ഉടല്‍, ഉയിര്‍പ്പിന്റെയും ഉര്‍വ്വരതയുടെയും രൂപകമാണ്. കാരണം, കായികവിനോദത്തിനിടെ കൊല്ലപ്പെട്ട 'ഹയസിന്തസ്'എന്ന കോമളനായ ചെറുപ്പക്കാരന്റെ രക്തത്തില്‍ നിന്നാണല്ലോ ആ പൂക്കള്‍ പിറവി കൊണ്ടത്!

To advertise here,

ലോകകവിതയിലെ ഏറ്റവും ഹതാശമായ ജലസ്തവവും എലിയറ്റിന്റെ 'വെയ്സ്റ്റ്‌ലാന്റി'ലാണുള്ളത്. ആ കവിതാ ഭാഗം ഇങ്ങനെ-
'വെള്ളമുണ്ടായിരുന്നെങ്കില്‍
പാറയല്ല
പാറയും വെള്ളവും
ഉണ്ടായിരുന്നെങ്കില്‍
അതെ, വെള്ളം
ഒരു നീരുറവ
പാറകള്‍ക്കിടയില്‍
ഒരു ജലാശയം
ജലമര്‍മ്മരം മാത്രമായിരുന്നെങ്കില്‍
ചീവീടും കരിഞ്ഞ പുല്ലും
പാടുന്ന പാട്ടിനു പകരം.
പാറയ്ക്കു മേല്‍ ജലമര്‍മ്മരവും
പൈന്‍മരത്തില്‍ പാടുന്ന 
സന്ന്യാസിമൈനയുമായിരുന്നെങ്കില്‍
ഇറ്റിറ്റ് ഇറ്റിറ്റ് തുള്ളി തുള്ളി തുള്ളി തുള്ളി
പക്ഷേ വെള്ളമേയില്ല.'

നിത്യജീവന്‍ നല്‍കുന്ന ജലത്തെക്കുറിച്ചാണ് ക്രിസ്തു സംസാരിച്ചത്. അതേ ദൈവപുത്രന്‍ തന്നെ വെള്ളത്തിനു മീതേ നടക്കുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും ചെയ്തു. ഈ അത്ഭുതപ്രവൃത്തിയെപ്പറ്റിയാണ് ബൈറന്റെതെന്നു കരുതപ്പെടുന്ന ഈ കൊച്ചുകവിത -

'ജലത്തിന്റെ മുഖം
ലജ്ജാരുണമായി മാറി,
അത് തന്റെ
നാഥനെ കണ്ടപ്പോള്‍'.

ഡിലന്‍ തോമസിന്റെ 'പോയം ഇന്‍ ഒക്ടോബര്‍' എന്ന പിറന്നാള്‍ക്കവിതയില്‍ 'പ്രാര്‍ത്ഥിക്കുന്ന ജലം'(water praying) എന്നു കാണാം; സൂര്യവെളിച്ചത്തിന്റെ ദൃഷ്ടാന്തകഥകള്‍ (parables of sunlight) എന്നും. പ്രകൃതിയിലൂടെ വെളിപ്പെടുന്ന ആത്മീയതയാണിത്. കവിയുടെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നത് ജലവും വെയിലുമാണ്, നീര്‍ക്കിളികളുടെ പൗരോഹിത്യത്തില്‍.

ലോര്‍കയുടെ 'ജലംകൊണ്ട് മുറിവേറ്റവന്‍' എന്ന  കവിതയിലാണ് ജലത്തിന്റെ രൂപകസാന്നിധ്യം പിന്നീട് നമ്മള്‍ കാണുന്നത്.
'എനിക്ക് കിണറ്റിലേയ്ക്കിറങ്ങണം,
എനിക്ക് ഗ്രനാഡയുടെ മതിലുകളില്‍ കയറണം,
ജലത്തിന്റെ ഇരുണ്ട സൂചികളാല്‍ തുളയ്ക്കപ്പെട്ട ഹൃദയം കാണാന്‍'എന്നാരംഭിക്കുന്നു ആ കവിത.' ആര്‍ക്കുമില്ല, മഴയ്ക്കു പോലും, നിന്നോളം ചെറിയ കൈകള്‍' (Nobody, not even the rain, has such small hands) എന്ന് ഇ. ഇ. കമിങ്സ്.' മഴ, അവളുടെ ഉടയാടകളഴിച്ചു മാറ്റുന്നു' (The rain takes off her clothes) എന്ന് നെരൂദ, തന്റെ പ്രസിദ്ധമായ പ്രണയഗീതത്തില്‍.

നമ്മുടെ ഭാഷയിലുമുണ്ട്, ജലത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ഗാഢമായി ബിംബവല്‍ക്കരിക്കപ്പെടുന്ന ചില കവിതകള്‍ . മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യില്‍ ജലം, 'കൃപാരസമോഹന'മായ കുളിര്‍തണ്ണീരായി മാറി, അനശ്വരമായ ഒരു ജലവിനിമയത്തിന്റെ മുഹൂര്‍ത്തം സൃഷ്ടിച്ചിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ടു പിന്നിടുന്നു. സമാനസന്ദര്‍ഭത്തില്‍, 'വെറുമൊരു കൈക്കുമ്പിള്‍ ജലം, അതില്‍ എന്റെ ജാതി മുങ്ങിമരിച്ചു' എന്നു പറയുന്നുണ്ട് ടാഗോറിന്റെ ചണ്ഡാലിക. സച്ചിദാനന്റെ 'മഴയുടെ നാനാര്‍ത്ഥ'മാണ് മഴപ്പലമയുടെയും ജലപ്പലമയുടെയും ബിംബമായികത സൃഷ്ടിക്കുന്ന മറ്റൊരു കവിത. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ  'സ്‌നാനം' എന്ന കവിതയില്‍ ആത്മീയതയുടെ പല ജലധാരകള്‍ ഒരുമിച്ച് സന്നിഹിതമാകുന്നു. കടമ്മനിട്ടയുടെ 'ശാന്ത'യിലാകട്ടെ ജലം തീവ്രമായ ഒരസാന്നിധ്യമാകുന്നു, ഒരു രാഷ്ട്രീയവേനലിന്റെ അനുഭവത്തെ അതിഗാഢമായും നിശിതമായും വിനിമയം ചെയ്തുകൊണ്ട്.