സ്ത്രീശരീരം എന്ന 'അശ്ലീലപദം!' സന്ദര്‍ഭം ഏവര്‍ക്കുമറിയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലാണ് സംഭവം എന്നതു പക്ഷേ ഞെട്ടലുളവാക്കുന്നു. വെണ്‍മണിക്കവിതയുടെയും ഫ്യൂഡല്‍ശൃംഗാര ഭാവനയുടെയും കാലം മലയാളിയുടെ സാംസ്‌കാരികപൊതുബോധത്തില്‍ നിന്നും ഇനിയും പിന്‍വാങ്ങിക്കഴിഞ്ഞിട്ടില്ല എന്നതിനാലാണ് സ്ത്രീദേഹത്തെ അപമാനിക്കുന്ന ഭാഷ കൊണ്ടുള്ള ഇത്തരം വസ്ത്രാക്ഷേപങ്ങളും ഹീനമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമുണ്ടാകുന്നത്. 'The nakedness of woman is the work of God' എന്ന ബ്ലേക്കിന്റെ ഉദാത്തമായ ശരീരഭാവനയൊന്നും നമുക്കുവേണ്ടാ, അതിനെ പിശാചിന്റെ തുപ്പല്‍ക്കോളാമ്പിയായി കാണാതിരുന്നാല്‍ മാത്രം മതി.

To advertise here,

'നതാംഗി' എന്നതായിരുന്നു നമ്മുടെ കവികള്‍ക്കു പ്രിയപ്പെട്ട സ്ത്രീപര്യായങ്ങളില്‍ ഒന്ന്. സ്തനഭാരം കാരണം മുമ്പോട്ടുവളഞ്ഞവള്‍ എന്നര്‍ത്ഥം.

'വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ -
മെണ്ണ തേച്ചരയിലൊറ്റ മുണ്ടുമായ്
തിണ്ണമേലമരു മാനതാംഗി മു -
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം' എന്ന് വള്ളത്തോള്‍. ഈ വള്ളത്തോള്‍ക്കാഴ്ച്ചയുടെ നിശ്ശേഷമായ അഭാവമായിരുന്നു ആശാന്‍ കവിതയുടെ ശോഭയെ നിര്‍ണ്ണയിക്കുന്നതില്‍ അതിപ്രധാനമായിത്തീര്‍ന്നതെന്നും നമുക്കറിയാം.' ഉഷസ്സന്ധ്യ പോലെയൊരു പാവനാംഗിയാള്‍ 'ആണ് നളിനി. അപ്പോള്‍ വാസവദത്തയെന്ന, 'നിതംബഗുരുതയാല്‍ നിലംവിടാതമരുന്ന' ക്ഷോണീരംഭയോ എന്ന ചോദ്യമുയരാം. ഒരു ശരീരവില്പനക്കാരിയുടെ ധൂര്‍ത്തമായ ദൃശ്യതയാണത് എന്നും കാവ്യാവസാനത്തില്‍ ശേഷിക്കുന്നത് മഥുരാപുരിയിലെ ആ 'മുഖ്യകാമനീയക'ത്തിന്റെ ഭസ്മകദംബമാണെന്നുമുള്ള ന്യായങ്ങളാലാണ് അത് ഉദാത്തമായ കാവ്യാനുഭവമായി മാറുന്നത്.

കാളിദാസകാവ്യങ്ങളിലും കാണാം സ്ത്രീശരീരത്തിന്റെ നിബിഡസാന്നിധ്യം. പുഴയിലെച്ചുഴി പോലും 'ആവര്‍ത്തനാഭി'യാവുകയും വറ്റിത്തുടങ്ങിയ പുഴ' ത്യക്തരോധോ നിതംബ'യാവുകയും ചെയ്യുന്നുണ്ട് മേഘസന്ദേശത്തില്‍.' മടിക്കുത്തഴിഞ്ഞ് ജഘനം വെളിപ്പെട്ടവളെ അതിന്റെ രസമറിഞ്ഞവന്‍ കൈ വിടുമോ?'എന്ന കാമിയുടെ ചോദ്യവും കാണാം ഈ വിരഹകാവ്യത്തില്‍. പ്രിയതമന്റെ മടിയില്‍ പുടവയൂര്‍ന്നവളെപ്പോലെയാണിരിക്കുന്നത് കൈലാസത്തിന്റെ മടിത്തട്ടില്‍ അളക എന്ന യക്ഷനഗരം എന്നും കാളിദാസന്‍. 

കാവ്യസൗന്ദര്യത്താല്‍ ഉദാത്തീകരിക്കപ്പെട്ട രതിയുടെ വാങ്മയങ്ങളാണിവയെല്ലാം. നമ്മുടെ വയലാറിന്റെ ചലച്ചിത്രഗാനങ്ങളോളമെത്തുന്നുണ്ട് അതിന്റെ ലാവണ്യപ്രസരം. മുത്തണിക്കുന്നിന് മൂടല്‍മഞ്ഞ് മുലക്കച്ചകെട്ടുന്ന, ഉണരുന്ന സര്‍പ്പലതാസദനങ്ങളുടെയും വിപ്രലംഭശൃംഗാര നൃത്തമാടുന്ന മേദിനീ വെണ്ണിലാവുകളുടെയും ലോകമാണല്ലോ അത്! ചുരുക്കിപ്പറഞ്ഞാല്‍ കവിത കൊണ്ടാച്ഛാദനം ചെയ്ത കാമനകളാണ് ഇവിടെപ്പറഞ്ഞ രീതിയിലുള്ള ആവിഷ്‌കാരങ്ങള്‍ക്ക് സംസ്‌കാരത്തിന്റെയും സൗന്ദര്യത്തിന്റെയും ഉദാരമായ പരിമളം സമ്മാനിക്കുന്നത്. ഈ പരിമളം മാഞ്ഞുപോവുകയും ഓടവെള്ളത്തില്‍ ചാലിച്ച പൂരപ്പാട്ടായി സ്ത്രീശരീരപരാമര്‍ശങ്ങള്‍ മാറുകയും ചെയ്യുമ്പോഴാണ് അത് സംസ്‌കാരവിരുദ്ധവും സ്ത്രീവിരുദ്ധവുമായിത്തീരുന്നത്. അത്തരം വെണ്‍മണിക്കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുക തന്നെ വേണം. കാക്കയായി വന്ന് സീതയുടെ സ്തനഫലങ്ങള്‍ മാന്തിക്കീറിയ ഇന്ദ്രപുത്രനായ ജയന്തനെക്കുറിച്ച് രാമായണത്തില്‍ പറയുന്നുണ്ട്. അത്തരം ജയന്തദൃഷ്ടികളേക്കുറിച്ചാണ് ഈ പരാമര്‍ശം; അവ ചാനല്‍ക്കണ്ണുകളായാലും സഹസ്രഭഗനായ ദേവേന്ദ്രന്റെ ജാരക്കണ്ണുകളായാലും.