കാലത്തില്‍ അനശ്വരമായിത്തീര്‍ന്ന ഒരു മുഹൂര്‍ത്തത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ഫോര്‍ട്ട് കൊച്ചിയില്‍ 2025 ജനുവരിയില്‍ നടന്ന യുവസാഹിത്യോത്സവത്തിന്റെ കടശ്ശിനാള്‍. ആശാന്‍കവിതയുടെ ഒരു നൂറ്റാണ്ട് ചര്‍ച്ച ചെയ്യാനായി ഒത്തുകൂടിയ മൂന്നു പേര്‍; പ്രിയപ്പെട്ടവരായ പി.കെ. രാജശേഖരനും അബ്ദുള്‍ നാസറും പിന്നെ ഞാനും. കടല്‍ക്കാറ്റിന്റെ രോമന്ഥനേരം, അപരാഹ്നം. തിരയുടെ കേക. എന്‍വിയുടെ 'രണ്ടു കടലുകള്‍ ' ഓര്‍മ്മ വന്നു; അതിന്റെ ഒടുവിലെ ഈരടി-

To advertise here,

'താരകയതില്‍ മുങ്ങിപ്പുഷ്പമായ് വിരിയുന്നൂ
താപസിയാകുന്നതിലാണ്ടുഷസ്സന്ധ്യ.'
കടലാണ്, കാവ്യ സാഗരം. ആശാന്‍കവിതയെന്ന സാഗരഗഭീരത. ഞാന്‍ 'സിംഹപ്രസവ'ത്തിലെ വരികളോര്‍മ്മിച്ചു-

'സ്ഫുടമായസപോത ശക്തിയെ
കടലില്‍ തങ്ങിയ കാന്തഭൂമി പോല്‍'

ഉഗ്രഹരിയെ പ്രണയാര്‍ദ്രനും വാത്സല്യമുഗ്ദ്ധനുമാക്കിയ സിംഹിയുടെ സ്‌നേഹശക്തിയെ വിവരിക്കുകയാണ് കവി. കപ്പലിന്റെ ഗതി തടയുകയാണ് കടലിനടിയിലെ കാന്തത്തിന്റെ വന്മല; ഇവിടെ കാന്തയാണ് ഭര്‍ത്തൃഹരിയുടെ 'മൃഗരാജവിരാജിതമന്ദഗതി'യെന്ന സിംഹനട തടഞ്ഞ് അവനെ ശാന്തഹരിയും ശാന്തപഞ്ചാനനുമാക്കുന്നത്. 'ഗജഗര്‍ഭഭേദന'മായ സിംഹത്തിന്റെ പ്രതിഷേധഗര്‍ജ്ജനം, അങ്ങനെ, വാത്സല്യമൂകമായ ഗംഭീരമൗനവും കരുതലിന്റെ ശാന്തതയുമാകുന്നു. ഈ മാറ്റം സാധിച്ചത് അവളാണ്, അവളുടെ പത്‌നീത്വവും മാതൃത്വവും, അവ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഗഭീരതയും. ഗഭീരമെന്നാല്‍ ആഴമെന്നാണര്‍ത്ഥം. അതിനെയാണ് ഈ സാഗരരൂപകവും അതിന്റെ ആഴത്തില്‍ മറഞ്ഞിരിക്കുന്ന മഹാകാന്തവും രൂപകവല്‍ക്കരിക്കുന്നത്. പ്രണയമെന്ന സമുദ്രശിലയുടെ അദൃശ്യമായ ദൃശ്യതയാണത്. അത് ആ ആയസപോതത്തെ വശീകരിച്ച് വശത്താക്കുന്നു. അവളുടെ സ്‌ത്രൈണോര്‍ജ്ജം അവന്റെ വന്യപൗരുഷത്തെപ്പോലും മെരുക്കുന്നു എന്നര്‍ത്ഥം. ഈ ദാമ്പത്യരഹസ്യമാണ്, കാമനയുടെ കാന്തവന്മലയാണ് ഈ ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ എന്ന പ്രണയതത്ത്വമാണ് ആശാന്റെ രൂപകഭാഷയെ ഒരു തരം 'ലോഞ്ചൈനിയന്‍ 'ഭാവഗൗരവം തികഞ്ഞ ഉദാത്തതയുടെ തുംഗപദത്തിലേയ്ക്കു യര്‍ത്തുന്നത് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

അറിയാതെ അടുത്ത നിമിഷം കടലിലേയ്ക്ക് എന്റെ കണ്ണൊന്നു പാളി. അതാ ഒരു കപ്പല്‍. ഗുരു കണ്ട ദൈവസമുദ്രത്തിലെ 'ആവിവന്‍തോണി'യല്ല; എങ്കിലും ആയസപോതം. ആളും അരങ്ങും മറന്ന് ഞാന്‍ ആ വമ്പുറ്റ യാനപാത്രത്തിന്റെ സാവധാനഗതിയില്‍ മാത്രം കണ്ണുനട്ടിരുന്നു. സൗന്ദര്യലഹരി നിറഞ്ഞ ദൈവസാന്ദ്രതയുടെ മുഹൂര്‍ത്തമായിരുന്നു അത്. ആ കപ്പലോ, 'റെഡീമര്‍' (രക്ഷകന്‍ എന്നു പേരായ 'ചെറുകളിവഞ്ചി'യുടെ ഭീമരൂപിയായ കാലാന്തരപ്രത്യക്ഷമായിരുന്നു. കാലസമുദ്രത്തിലൂടെ വേറൊരു നൂറ്റാണ്ടിനെ ലക്ഷ്യമാക്കി നീങ്ങുന്ന, 'രക്ഷകന്‍' എന്നു തന്നെ പേരായ, ആശാന്റെ മഹാകവിത്വമെന്ന 'ആയസപോതശക്തി'യായിരുന്നു അത് അഥവാ അനശ്വരവും അമേയവുമായ ഒരു രൂപകക്കാഴ്ച്ചയുടെ 'എപ്പിഫാനി' (Epiphany) സംഭവിച്ച നിമിഷം.