ന്നാണ് കേരളത്തിലൂടെ തീവണ്ടി ഓടിത്തുടങ്ങിയത്? പത്തൊന്‍പതാം നൂറ്റാണ്ടിലാവണം. വെള്ളക്കാരോടൊപ്പം തീവണ്ടിയും വന്നു; 'Train' എന്ന ആംഗലപദം അങ്ങനെ 'തീവണ്ടി'യായി മലയാളപ്പെടുകയും ചെയ്തു. ഇതിന്റെ ആദ്യത്തെ കാവ്യരേഖകളിലൊന്ന് നാരായണഗുരുവിന്റെ 'സുബ്രഹ്‌മണ്യകീര്‍ത്തനം' എന്ന കവിതയാണ്. കവിതയില്‍ ഗുരു എഴുതുന്നു-
'റെയ്‌ലിന്‍ വേഗം ജയിക്കും ജരനര മുതലാം മൂഢരും ഞാനുമായി-
ജ്ജെയ്‌ലില്‍ പാര്‍ക്കാന്‍ ഞെരുക്കം...'

To advertise here,

ടാഗോറാണ് അക്കാലത്ത് 'തീവണ്ടിനിലയം' എന്ന പേരില്‍ റെയില്‍വേസ്റ്റേഷന്‍ കവിതയിലവതരിപ്പിച്ച മറ്റൊരു കവി. വരത്തുപോക്കുകളുടെ മുഖരതയാലാണ് തീവണ്ടിനിലയം ടാഗോറിന് സംസാരമുഖരമായ 'സംസാര'ത്തിന്റെ രൂപകമായി മാറുന്നത്. തീവണ്ടി എന്ന 'സഞ്ചാരീഭാവ'ത്തിന്റെ വരവും പോക്കുമാണവിടെ നടക്കുന്നത്; ഒപ്പം ആളുകളുടെയും. ചിലര്‍ യാത്രയാകുന്നു, ചിലര്‍ മടങ്ങിവരുന്നു. യാത്രയയയ്ക്കാനെത്തിയവരും മടങ്ങിവരുന്നവരെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവരുമുണ്ടാവും കൂട്ടത്തില്‍. കവിയാകട്ടെ നിര്‍ലക്ഷ്യനായ സാക്ഷിയെപ്പോലെയാണ് അവിടെയെത്തുന്നത്.  ടാഗോര്‍ എഴുതുന്നു-
'I come to the station morning and evening,
I love to watch the coming and going-
Hubbub of passengers pressing for tickets,
Down-trains boarded,up-trains boarded,
Ebb and flow like an estuarine river.
Some people sitting there ever since morning,
Other people missing their train by a minute.'

'മലയവിലാസ'ത്തില്‍ എ.ആര്‍. ആ ഗിരിനിരയുടെ അധൃഷ്യത വ്യക്തമാക്കാന്‍ ശ്രമിക്കുമ്പോഴും തീവണ്ടി കടന്നു വരുന്നു-
'കവച്ചു ചാടിപ്പല വന്‍നദീകുലം
കുതിച്ചു കേറീട്ടൊരു നൂറു കുന്നിലും
പറന്നു പോമപ്പുകവണ്ടി കൂടി നിന്‍
ശിരസ്സിലേറാതെ മടങ്ങിടുന്നിതാ. '
എ.ആറില്‍ പര്‍വ്വതപംക്തിയുടെ അധൃഷ്യതയായിരുന്നത് മനുഷ്യശക്തിയുടെ മഹാവിജയമാകുന്നു തിരുനല്ലൂര്‍ കരുണാകരന്റെ' ആദ്യത്തെ തീവണ്ടി' എന്ന കവിതയില്‍-
'ഉത്സവമാണിന്നെന്റെ
നാട്ടുകാര്‍ക്കെല്ലാം; തമ്മില്‍
മത്സരിക്കുന്നൂ നവാ-
ഹ്‌ളാദവുമുത്സാഹവും.
എന്തുകൊണ്ടെന്നോ? ഞങ്ങള്‍
നിര്‍മിച്ച പാലത്തിലൂ-
ടെത്തുന്നതിന്നാണാവി-
വണ്ടിയുമാഘോഷവും.'
യന്ത്രനാഗരികതയുടെ ജൈത്രയാത്രയായി അതിവേഗത്തീവണ്ടിയെ വിവരിക്കുകയാണ് സ്റ്റീവന്‍ സ്‌പെന്‍ഡര്‍ 'എക്‌സ്പ്രസ്' എന്ന കവിതയില്‍-
'After the first powerful plain manifesto
The black statement of pistons, without more fuss
But gliding like a queen, she leaves the station.'

രാത്രിയിലാണ് ഓഡന്റെ കവിതയിലെ മെയില്‍വണ്ടിയുടെ വരവ്; അതും തീവണ്ടിത്താളത്തോടെ, കുതിച്ചും കിതച്ചും-
'This is the night mail crossing the Border,
Bringing the cheque and the postal order,
Letters for the rich, letters for the poor,
The shop at the corner, the girl next door.'

'നെറ്റിക്കണ്ണില്‍ ജ്വലിക്കുമാപല്‍ദ്യുതി'യുമായി മഹാകാള(ല)പ്രൗഢിയിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗസലി'ലെ ചരിത്രത്തീവണ്ടിയുടെ വരവ്- 
'കലണ്ടറിന്‍ ജനലില്‍ക്കൂടിക്കാണാം
സഹസ്രദിനചക്രചാരിയായ്,
നെറ്റിക്കണ്ണില്‍ ജ്വലിക്കുമാപല്‍ദ്യുതിയോടെ, 
ലോഹാന്ധഗര്‍ഭശ്രേണി നിറയെശ്ശവങ്ങളെ വഹിച്ച്,
നദികള്‍ തുരങ്കങ്ങള്‍ നാടുകള്‍ നഗരങ്ങള്‍
മൃണ്‍മയശതാബ്ദങ്ങള്‍ ഭാഷകള്‍ സംസ്‌കാരങ്ങള്‍
പിന്നിട്ടുകൂകിപ്പായും തീവണ്ടി...'

യോഗ-വിയോഗങ്ങളുടെ വൈകാരികസ്ഥാനങ്ങള്‍ കൂടിയാണല്ലോ തീവണ്ടിനിലയങ്ങള്‍. പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതയുടെ തുടക്ക വരികളില്‍ അവളുമായകലാനടുത്ത തീവണ്ടി കാണാം-
'യാത്രയ്ക്കു തിടുക്കുന്നു
തീവണ്ടി തന്‍ വെണ്‍പുക-
ച്ചാര്‍ത്തിനാല്‍ പുക തുപ്പീ-
യുരുക്കിന്‍ കുതിരകള്‍...'അന്ന അഖ്മത്തോ'വയുടെ 'എന്റെ വഴി' എന്ന കവിതയാണ് താഴെ-
'ഒരാള്‍ നേര്‍വഴിയൂടെ പോകുന്നു
ഒരാള്‍ക്കോ വര്‍ത്തുളമായ അലച്ചില്‍
ഗതകാലത്തിലെ പെണ്‍കുട്ടിയെ തേടിയോ
പൊയ്‌പ്പോയ വീട്
കണ്ടെത്താനോ.
ഋജുവോ വിശാലമോ അല്ലാത്ത ഒരു വഴിയിലൂടെ
ഞാനും
നൊന്തു നടക്കുന്നു.
എവിടേയ്ക്കുമല്ലാതെ,
പാളം തെറ്റിയ ഒരു
തീവണ്ടിയേപ്പോലെ.'
'പായുന്ന വണ്ടിയിലീ വഴി അച്ഛനും
യാത്രയായ് , ആതുരശാന്തിക്കകലത്തെ -
യാസ്പത്രിയിലേയ്ക്ക് - വന്നില്ലിതുവരെ!' എന്ന് ഒഎന്‍വി (പാളങ്ങള്‍).

ഒരു തീവണ്ടിയാത്രയുടെ അവസാനമാണ് മലയാളിയായ വിജയ് നമ്പീശന്റെ 'മദ്രാസ് സെന്‍ട്രല്‍' എന്ന കവിതയില്‍; അതിനെ നമ്പീശന്‍ ഇങ്ങനെ വാങ്മയപ്പെടുത്തുന്നു-
'The black train pulls in at the platform ,
Hissing into silence like hot steel in water '.

സച്ചിദാനന്ദന്റെ 'ജോണ്‍മണം' എന്ന കവിതയുടെ തുടക്കം ഇങ്ങനെ-
'സന്ധ്യ. കുട്ടികള്‍ വന്നു
ചൊല്ലുന്നു:'മണമച്ഛാ'
'എന്തൊന്നിന്‍ മണം?' മാറി
മാറിയെന്‍ മക്കള്‍ മണം
വര്‍ണ്ണിക്കയായ്.' തീവണ്ടി
സ്റ്റേഷനോടടുക്കും പോല്‍'.

തീവണ്ടിയാത്രകളുടെ ഒരു തുടരായിരുന്നിരിക്കണം മഹാകവി പി.യുടെ ജീവിതം; പി.യുമൊരു തീവണ്ടി എന്നു വേണമെങ്കില്‍ ചമല്‍ക്കരിച്ചെഴുതാനും പറയാനും തോന്നും വിധം. തിക്തതകളുടെ വാഹനമാണ്, പലപ്പോഴും, പി.യുടെ തീവണ്ടി. ഇണക്കവിതകള്‍ പോലെയാണ് പി.യുടെ 'പിറന്ന മണ്ണില്‍','ഹോട്ടലൂണും വാടകമുറിയും' എന്നീ കവിതകള്‍ ;ഒന്നില്‍ മടങ്ങിവരവെങ്കില്‍ മടങ്ങിപ്പോക്കാണ് മറ്റതില്‍. പിറന്ന മണ്ണിലേയ്ക്ക്, തിക്തതകള്‍ തേട്ടിയരച്ചു കൊണ്ടാണെങ്കിലും, മടങ്ങിയെത്തുന്നതിന്റെ ഉദ്വേഗവും ഉത്സാഹവുമാണ് ആദ്യത്തേതിലെങ്കില്‍ മടക്കത്തിന്റെ മ്ലാനതയാണ് രണ്ടാമത്തേതില്‍.
'അരികത്തു വന്നതകലത്താക്കിയു-
മലറിയും കാലശകടമോടുന്നു' എന്ന രൂപകപരിണാമവും സംഭവിക്കുന്നുണ്ട് തീവണ്ടിക്ക് 'പിറന്ന മണ്ണില്‍' എന്ന കവിതയില്‍. തീവണ്ടിത്താളത്തെയും മുറുകി വരുന്ന നെഞ്ചിടിപ്പിന്റെ താളത്തെയും അനുകരിക്കുന്ന ഛന്ദോവിന്യാസം.
'വാഹനം നീങ്ങവേ വന്ന യാത്രക്കാരി' എന്ന് 'വൈകി വന്ന വിരുന്നുകാരി' എന്ന കവിതയില്‍. നീങ്ങിത്തുടങ്ങിയാല്‍പിന്നെ ഉടനേ നിര്‍ത്താന്‍ പ്രയാസമായ ഈ വണ്ടിയും തീവണ്ടി തന്നെ; മരണോന്മുഖമായിപ്പായുന്ന ജീവിതത്തീവണ്ടി എന്ന അതിന്റെ അധികാര്‍ത്ഥത്തോടെ.

മറ്റൊരു സന്ദര്‍ഭത്തില്‍ മറ്റൊരു ലക്ഷ്യത്തോടെ നാടുവിടുന്നവരും നാട്ടിലേയ്ക്കു മടങ്ങുന്നവരുമാണ് വൈലോപ്പിള്ളിയുടെ 'ആസ്സാം പണിക്കാര്‍' എന്ന കവിതയിലെ അര്‍ധപ്പട്ടിണിക്കാര്‍. തീവണ്ടി തന്നെയാണ് ഇവിടെയും കവിതയുടെ വാഹനം; അന്നനടത്താളം.

കേരളത്തിലെ വാഗണ്‍ ട്രാജഡി(1921)യുടെ കാലമാണ് ഇടശ്ശേരിയുടെ 'മുഹമ്മദ് അബ്ദു റഹിമാന്‍' എന്ന കവിതയില്‍ ഇങ്ങനെ രേഖപ്പെടുന്നത്-
'മര്‍ത്ത്യമാംസം- ജീവനുള്ള മര്‍ത്ത്യമാംസം - കേറ്റീ
മുദ്ര വച്ച വാഗണുകളോടി നിന്ന കാലം
മാപ്പിളലഹളയെന്ന പേരു കൊത്തി നീളേ
മാനുഷരെ വീര്‍പ്പടച്ചു കൊന്നിരുന്ന കാലം...'

അനിത തമ്പിയുടെ'കേകയില്‍ ഒരു തീവണ്ടി', പി.പി. രാമചന്ദ്രന്റെ 'ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍', അന്‍വര്‍ അലിയുടെ 'മെഹബൂബ് എക്‌സ്പ്രസ്', പി.എന്‍. ഗോപീകൃഷ്ണന്റെ 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' എന്നീ കവിതകള്‍ കൂടി ഓര്‍ത്തുകൊണ്ട് അവസാനിപ്പിക്കാം. കടലും തീവണ്ടിയും ആനയും ആണല്ലോ മലയാളിയുടെ മൂന്ന് തീരാക്കൗതുകങ്ങള്‍!