
ചിലിയന്‍ നോവലിസ്റ്റായ അന്റോണിയോ സ്‌കാര്‍മേത ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് അന്തരിച്ചത്. നമ്മുടെ നാട്ടില്‍ അധികമാരും അതു ശ്രദ്ധിച്ചില്ല. 'ദ പോസ്റ്റുമാന്‍' എന്ന ചെറുനോവലാണ് സ്‌കാര്‍മേതയുടെ മാസ്റ്റര്‍പീസ്; ചിലിയന്‍ മഹാകവി പാബ്ലോ നെരൂദയും മരിയോ എന്ന പതിനേഴുകാരനായ പോസ്റ്റുമാനും അവന്റെ പ്രണയവും പ്രമേയമാകുന്ന ലിറിക്കല്‍ നോവല്‍.
വേലയും കൂലിയുമൊന്നുമില്ലാതെ വെറുതേ സിനിമ കണ്ടും സൈക്കിള്‍ ചവിട്ടിയും പെണ്‍കനവുകളില്‍ മുഴുകിയും കാലം കഴിച്ചിരുന്ന മരിയോ പൊടുന്നനെയാണ് പോസ്റ്റുമാനായി മാറിയത്; അതും ഐലാ നെഗ്രയിലെ പാബ്ലോ നെരൂദയുടെ പോസ്റ്റുമാന്‍. നെരൂദ അവന് കവിതയുടെ രൂപകഭാഷ പഠിപ്പിക്കുകയും കാവ്യപുസ്തകങ്ങളില്‍ സ്വന്തം കയ്യൊപ്പു ചാര്‍ത്തി കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ ആ ബന്ധം ഗാഢതരമാകുന്നതിനിടെ അവന്‍ പ്രണയത്തിലുമാകുന്നു. വീഞ്ഞുവില്‍പ്പനക്കാരി, റോസ ഗോണ്‍സാലെസിന്റെ മകള്‍ ബീയാട്രീസിനെയാണവന്‍ പ്രണയിച്ചത്. ഗാഢപ്രണയം. അവനവളോട് രൂപകഭാഷയില്‍ ഉരിയാടി; നെരൂദയുടെ കവിതകളില്‍ നിന്നുള്ള വരികളും സ്വന്തം ഭാവനയിലുദിച്ചവയും. വിധവയും കര്‍ക്കശക്കാരിയുമായ റോസ അതിനെ എതിര്‍ത്തു. സാക്ഷാല്‍ നെരൂദ തന്നെ ഇടനിലക്കാരനായിട്ടും അവര്‍ ആ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍ മരിയോയുടെയും ബിയാട്രീസിന്റെയും മാംസനിബദ്ധമായ രാഗം തടുക്കാനോ തളര്‍ത്താനോ ആവാത്ത വിധം തഴച്ചപ്പോള്‍ ആ വിവാഹം നടന്നു. അപ്പോഴേയ്ക്ക് അലെന്‍ഡെ ചിലിയുടെ പ്രസിഡന്റാവുകയും നെരൂദ ചിലിയന്‍ അമ്പാസഡറായി ഫ്രാന്‍സിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. തന്റെ രതിസമൃദ്ധമായ മധുവിധുവിനുശേഷം മരിയോയും കൂടുതല്‍ കാര്യപ്രാപ്തിയുള്ളവനായി മാറിക്കഴിഞ്ഞിരുന്നു, അതിനകം.
മരിയോയെത്തേടി നെരൂദയുടെ ഒരു കത്തും പാഴ്‌സലും വരുന്നുണ്ട് അക്കാലത്ത്. സമ്മാനപ്പൊതിക്കകത്ത് ഒരു ടേപ്പ് റെക്കോര്‍ഡര്‍ ആയിരുന്നു. കവിയുടെ ഗൃഹാതുരത്വം ശമിപ്പിക്കും വിധം ഐലാ നെഗ്രയിലെ കടലൊച്ചകളും കിളിയൊച്ചകളും മണിയൊച്ചകളും പകര്‍ത്തി അയയ്ക്കുക എന്നതായിരുന്നു ആവശ്യം. അത്യാവേശപൂര്‍വ്വം, അത്രമേല്‍ സൂക്ഷ്മമായും, മരിയോ അതു നിറവേറ്റി; ഒരധികശബ്ദത്തോടെ. മരിയോയ്ക്ക് പിറക്കാന്‍ പോകുന്ന കുട്ടിയുടെ ഹൃദയമിടിപ്പുകളായിരുന്നു അവ (ആ കുട്ടിയുടെ തലതൊട്ടപ്പനായിരുന്നുവല്ലോ നെരൂദ!).
മകന്റെ വരവോടെ മരിയോയുടെ പ്രാരബ്ധവും പെരുകുന്നു. നെരൂദയെ ഫ്രാന്‍സില്‍പ്പോയി കാണുകയെന്ന അയാളുടെ സ്വപ്നം അങ്ങനെ നിറവേറാതെ പോകുന്നു. ആയിടെയാണ് നെരൂദയ്ക്ക് നൊബേല്‍സമ്മാനം കിട്ടുന്നത്. മരിയോയുടെ നേതൃത്വത്തില്‍ തീനും കുടിയും പാട്ടും മേളവുമായി ഐലാ നെഗ്രക്കാര്‍ അതൊരാഘോഷമാക്കി മാറ്റി. ഉത്സവത്തിമിര്‍പ്പിന്റെ മൂര്‍ധന്യത്തില്‍ ഉന്മത്തനായ മരിയോ ബിയാട്രീസുമായി അവരുടെ വെപ്പുപുരയില്‍ വച്ച് ഇണചേരുന്നു. മരിയോയുടെയും ഭാര്യയുടെയും സുരതാനന്ദത്തിന്റെ പാരമ്യത്തിലുള്ള ആക്രന്ദനം അന്നാട്ടിലെങ്ങും മാറ്റൊലിക്കൊണ്ടു. പാതിരാക്കോഴി കൂടി അതുകേട്ട്, നേരം പുലര്‍ന്നുവെന്നു കരുതി, ഉണര്‍ന്നു കൂവിയത്രേ!

രോഗിയായ നെരൂദ ഐലാ നെഗ്രയില്‍ മടങ്ങിയെത്തുകയും അലെന്‍ഡെയുടെ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് മര്‍ദ്ദകമായ വലതുപക്ഷം അധികാരം പിടിച്ചെടുക്കുകയും ചെയ്ത നാളുകളായിരുന്നു പിന്നീട്. ഇതിനിടെ മരിയോ ഒരു മാസിക നടത്തിയ കവിതാമത്സരത്തിന് തന്റെ കവിത അയയ്ക്കുകയും താന്‍ സമ്മാനിതനായാല്‍ നെരൂദയില്‍ നിന്ന് അതേറ്റുവാങ്ങുന്നത് സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എല്ലാം തകിടം മറിഞ്ഞു. രാഷ്ട്രീയകാരണങ്ങളാല്‍ മാസികയുടെ പ്രസാധനം നിലച്ചു. രോഗിയായ നെരൂദയെ മരിയോ അദ്ദേഹത്തിന്റെ വീട്ടില്‍ ഒളിച്ചു കടന്നുചെന്ന് കാണുന്നു. കാരണം അപ്പോഴേയ്ക്ക് ആ വീടും പട്ടാളബന്ദവസ്സിലായിക്കഴിഞ്ഞിരുന്നു. മരണത്തെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞ ഒരു നെരൂദയെ ആണ് മരിയോ കണ്ടത്. ഹൃദയവേധിയാണ് നോവലിലെ ഈ ഭാഗം. ഉടന്‍ സാന്റിയാഗോയിലെ ആശുപത്രിയിലെത്തിക്കപ്പെട്ട നെരൂദ അവിടെ വച്ചു മരണമടയുന്നു. അന്നു രാത്രി മരിയോ ഉറങ്ങിയില്ല. അയാളുടെ വേദന അയാളുടെ കുഞ്ഞിനുപോലും അറിയാമായിരുന്നു. ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത മരിയോ പിന്നീട് മടങ്ങിവന്നില്ല.
വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹപാഠി കൂടിയായ പഴയ മാസികയുടെ പത്രാധിപരുമായി കണ്ടുമുട്ടിയ ആഖ്യാതാവ് അന്നത്തെ കവിതാമത്സരത്തിന്റെ ഫലത്തെപ്പറ്റി തിരക്കുന്നു. മരിയോയായിരുന്നില്ല വിജയി. അങ്ങനെ ഒരു കവിത കണ്ടതായിക്കൂടി അയാള്‍ ഓര്‍മ്മിക്കുന്നില്ല. അപ്പോള്‍ അവര്‍ ഒരു ഭോജനശാലയിലായിരുന്നു. തന്റെ കരിംകാപ്പിയില്‍ ചേര്‍ക്കാനുള്ള മധുരം വച്ചുനീട്ടിയ സുഹൃത്തിനോട് കഥ പറയുന്നയാള്‍ ഇങ്ങനെ പ്രതികരിച്ചു -
'I drink it bitter.'
ഇവിടെ നോവല്‍ അവസാനിക്കുന്നു.
പുലരും മുന്‍പ് തുടങ്ങിയ വായന തീര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. മഴക്കാറുള്ള ആകാശത്തിന് ഇരുണ്ട ചാരനിറമായിരുന്നു. അതേ നിറമുള്ള ഒരു പ്രാവ് അപ്പോള്‍ എന്റെ വാടകവീടിനു മുന്നിലെ വൈദ്യുതത്തൂണില്‍ പറന്നിരുന്ന് ചിറകൊതുക്കി.
Content Highlights: sajay kv column mashipacha novel the postman by antonio skarmeta
Published: 06 Jan 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented