'ഞാന്‍  ചിന്തിക്കുന്നു അതുകൊണ്ട് ഞാന്‍' എന്ന തത്ത്വചിന്താപരമായ അനന്യത ആഘോഷിച്ച മലയാളത്തിലെ ആദ്യ സ്ത്രീ 'ചിന്താവിഷ്ടയായ സീത ' യിലെ സീതയാണ്.
ചിന്തയുടെ 'കരകാണാത്ത മഹാവനങ്ങളില്‍ 'സീത ഏകാകിനിയായി അലഞ്ഞിട്ടുണ്ട്.' അതിഗാഢതമസ്സിനെത്തുന്നെതിരേ രശ്മികള്‍ നീട്ടി ദൂരവെ/ദ്യുതി കാട്ടുമുഡുക്കളെ പരം നതിനി ങ്ങള്‍ക്കതിമോഹനങ്ങളെ 'എന്ന യാത്രാമൊഴിയില്‍ ആ ഏകാന്തയാത്രകള്‍ക്കുള്ള സാക്ഷ്യമുണ്ട്. ഇരുട്ടിനെ തുരക്കുന്ന രശ്മികളിലൂടെ നക്ഷത്രങ്ങള്‍ ചെയ്തത് ചെയ്യാനാണ് ഇരുട്ടിനെ തുരക്കുന്ന ചിന്തകളിലൂടെ താനും തുനിഞ്ഞത്. എത്രയോ കാലം കൊണ്ടെത്തിച്ചേരേണ്ട, എത്രയോ ജന്മങ്ങള്‍ കൊണ്ടെത്തിച്ചേരേണ്ട, ഇടത്ത് തന്നെ എത്തിച്ച താരാപഥ സദൃശമായ ചിന്താപഥത്തിേെനാടുള്ള കൃതജ്ഞതയുമുണ്ട് അതില്‍. തന്നിലൊതുങ്ങാത്തതും അപാരവുമായ ആത്മാനുകമ്പയുണ്ട് അതില്‍, നിര്‍ന്നിദ്രമായ എത്രയോ രാവുകളുടെ വേദനയും.' ഒരു നിശ്ചയമില്ലയൊന്നിനും 'എ 
ന്നിടത്ത് നിന്ന് ആരംഭിച്ച് 'തെളിയുന്നു മനോ നഭസ്സെനിക്കൊളി വീശുന്നിതുബുദ്ധി മേല്‍ക്കുമേല്‍' എന്നിടത്തെത്തിച്ചേരുന്ന ആ ചിന്താപഥം മലയാളത്തില്‍ സ്ത്രീ താണ്ടിയ ഏറ്റവും നീണ്ടതും പ്രബുദ്ധവുമായ താരയാണ്.(താര വെറും വഴിയല്ല, താരകളുടെ താര). മനസാ വിമോചിതയായ മലയാളത്തിലെ ആദ്യ സ്ത്രീയുടെ ജീവിതപഥം. 'ഒരു താരാപഥഭാഗമെന്നപോല്‍' സീതയുടെ ശിരസ്സിനെ ഉപമിക്കുന്നുമുണ്ട് ആശാന്‍ കാവ്യാരംഭത്തില്‍ തന്നെ.' 'പരിശോധിച്ചറിയേണ്ടയോ നൃപന്‍ ' എന്നൊരു സോക്രാട്ടിക് ഗരിമയോടെ തത്ത്വചിന്താത്മകമായി സീത ചിന്തിക്കുന്നു. ആ ഗരിമ തന്റെ ആരോപണങ്ങളില്‍ ഉടനീളം പുലര്‍ത്താനും സീത നിഷ്‌ക്കര്‍ഷിക്കുന്നു. കവിക്കും അനുവാചകനും സവിശേഷമായി അനുവാചകയ്ക്കും ആത്മവിചാരണയ്ക്കുള്ള ഇടമായി സീതാകാവ്യം പരിണമിച്ചിരിക്കുന്നു.

To advertise here,

സ്ത്രീയുടെ സാമ്പ്രദായികമായ വേഷം (Role) തനിക്കൊട്ടും പാകമാവുന്നില്ലെന്ന് ദുരവസ്ഥയിലെ സാവിത്രി തന്റെ വളര്‍ത്തുമൈനയോട് പറയുന്നുണ്ട്.' പൊട്ടിയ വാക്കും മുറിവാക്യവും മേലില്‍ പറ്റില്ലെനിക്ക്, മുഷിഞ്ഞു മൈനേ.' ഇതുവരെ സ്ത്രീകള്‍ അവലംബിച്ച പുരുഷഭാഷയുടെ മാറ്റൊലികള്‍ പോരാ തനിക്ക് ഇനി എന്ന്, ഇതുവരെയുള്ള ജന്മങ്ങളില്‍ ആയിരുന്ന പോലെ' ശാപഗ്രസ്ഥയായ എക്കോ' ആയിരുന്നാല്‍ പോര തനിക്കിനി എന്ന്, സാവിത്രി ഉറപ്പിക്കുകയാണ്. പ്രതിധ്വനിയുടെ ദൃശ്യ വിവര്‍ത്തനമാണ് നിഴല്‍. ഇവള്‍ നിഴല്‍ പോലെ നിന്നെ പിന്തടരും (നീയില്ലാതായാല്‍ ഇല്ലാതാവുന്ന കൂറോടെ )എന്ന വാക്കുകളോടെ ജനകരാജാവിനാല്‍ രാമന് നല്‍കപ്പെട്ട സീത ഇനിമേല്‍ താനാ നിഴല്‍ നാടകം നടിക്കാന്‍ തയ്യാറല്ലെന്ന് തീരുമാനിക്കുന്നുണ്ട് ചിന്താവിഷ്ടയായ സീത എന്ന ചിന്താപഥത്തില്‍ വെച്ച്.' നിഴലിന്‍ വഴി പൈതല്‍ പോലെ പോയുഴറാ ഭോഗമിരന്ന് ഞാനിനി'. തന്നെ കാട്ടിലുപേക്ഷിച്ച് തന്റെ പ്രതിമയെ ആരാധിച്ചു കൊണ്ടിരിക്കുന്ന രാമനില്‍ നിന്ന്, ആജ്ഞാപിച്ചാല്‍ അന്നിമിഷം ഒരു പാവ പോലെ മുന്നിലെത്തി തന്റെ നിഴല്‍ തന്നെയാണിപ്പോഴും എന്ന് ബോധിപ്പിക്കുമെന്ന് രാമനുറപ്പുള്ള തന്നില്‍ നിന്ന്, ഞാനിതാ പൂര്‍ണ്ണമായി മോചിതയായിരിക്കുന്നു. ഏത് സീതയാണ് രാമനെ പിന്തുടരാതിരുന്നിട്ടുള്ളതെന്ന് എഴുത്തച്ഛന്റെ കിളി (Parrot) ചോദിക്കുന്നുണ്ട്.

'ഇതാ ഈ ഞാന്‍' എന്ന് ആശാന്റെ സീത. നിരവധി പ്രതിധ്വനികളുള്ള ഭാഷയില്‍ ചെയ്യുന്ന ആത്മഭാഷണത്തിലൂടെ ഉപേക്ഷയാം തമോവൃതി മൂടിയ ഭാഷയില്‍ നിന്നുള്ള മോചനവും സാക്ഷാത്ക്കരിക്കുന്നു ഈ സീത. ' പ്രിയ രാഘവ വന്ദനം ഭവാനുയരുന്നൂ ഭുജ ശാഖ വിട്ടു ഞാന്‍ ' എന്ന് അസന്ദിഗ്ധമായി സീത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ആശ്രിത സ്ഥാനത്ത് നിന്ന് ആശ്രയങ്ങള്‍ക്കതീതമായ ദ്യോവിലേക്ക് അവള്‍ ഉയരുന്നു.

  കുലച്ച വില്ലും നിറഞ്ഞ ആവനാഴിയുമായി തലയുയര്‍ത്തി മുന്നില്‍ നടക്കുന്ന പുരുഷനേയും പിന്നിലായി ആ തണലില്‍ നിന്ന് അണുമാത്രം വ്യതിചലിയ്ക്കാതെ ഏതോ ഭീമാപരാധം ചെയ്തവളെപ്പോലെ തലതാഴ്ത്തി നടക്കുന്ന നിരായുധയായ സ്ത്രീയേയും സൂചനാഭരിതമായി, ഒരു നരവംശശാസ്ത്രക്കാഴ്ച്ചപ്പാടിലൂടെ, ആരെങ്കിലും ചിത്രണം ചെയ്തിരുന്നെങ്കില്‍ യുഗങ്ങളായി ഭാരതീയര്‍ പിന്തുടരുന്ന ജീവിത കഥയുടെ ആവിഷ്‌ക്കാരവുമാവുമായിരുന്നു അത്. അതൊരു വാഗ്ശില്പമായി പരിണമിച്ചതിനാലാണു രാമായണം ജനപ്രീതി നേടിയത്. രാമരാജ്യത്തിന്റെ അടിസ്ഥാന ശിലയായതും. തന്നെ തളച്ചിട്ട ആ കാലശില പൊട്ടിച്ച് സ്ത്രീ നിവര്‍ന്നിരിക്കുകയാണ് സീതയില്‍.' അലസാംഗി നിവര്‍ന്നിരുന്നു' എന്നാശാന്‍. ഇപ്പോളവള്‍ താനിരിക്കുന്ന വള്ളിക്കുടിലിനെ ആത്മപ്രഭാവം കൊണ്ട് അണിപന്തലാക്കിയിരിക്കുന്നു. ചിന്താപഥത്തെ പ്രവര്‍ത്തന പഥമാക്കിയിരിക്കുന്നു.

 പുരുഷനെ അപേക്ഷിച്ച് മാത്രം നിലനില്‍പ്പുണ്ടായിരുന്നൊരുവള്‍ പുരുഷസാന്നിദ്ധ്യമില്ലാത്ത ആശ്രമാങ്കണത്തില്‍, 'സുതര്‍ മാമു നിയോടയോദ്ധ്യയില്‍ ഗതരായോരളവന്നൊരന്തിയില്‍', രവി മറഞ്ഞതോ ചന്ദ്രനുദിച്ചതോ അറിയാതെ അവളവളിലാണ്ടിരിക്കുന്നു. അവള്‍ സ്വന്തം ജീവിതത്തെ വിചാരണ ചെയ്യുകയാണ്. അവളുടെ ജീവിതം ആര് നിര്‍ണയിച്ചുവോ, അവള്‍ ആരുടെ ഇച്ഛ പൂര്‍ത്തിയാക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചുവോ അയാളേയും.
അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയാണ് അവള്‍ അയാളെയും തന്നെയും' ക്രോസ് ' ചെയ്യുന്നത്. ഏറ്റവും കടുത്ത ശത്രുവിനും രാമനില്‍ കാണാനാവാത്തതും ഏറ്റവും അടുത്ത മിത്രത്തിനും രാമനില്‍ കാണാനാവാത്തതും അവള്‍ കാണുന്നുണ്ട്. അകാരണമായി തന്നെ തിരസ്‌കരിച്ചവനെ സകാരണമായി തിരസ്‌ക്കരിക്കും മുമ്പുള്ള വൈതരണിയിലാണവള്‍. ' ഉഴലും മനതാരടക്കുവാന്‍/ വഴി കാണാതെ വിചാരഭാഷയില്‍/ അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ /മൊഴിയോരോന്ന് മഹാമനസ്വിനി '. അഴലോടെയാണ് അവള്‍ അയാളെ കുറ്റപ്പെടുത്തുന്നത്, ഒരപരാധിയെ വിചാരണ ചെയ്യുന്ന ആനന്ദത്തോടെയല്ല . മഹാമനസ്വിനി എന്ന വിശേഷണത്തിന് ചേരാത്തതൊന്നും അവളുടെ ആരോപണങ്ങളിലില്ല. അവളൊന്നും മറന്നിട്ടില്ല .' വനഭൂവില്‍ നിജാശ്രമത്തിലെ / ഗ്ഘന ഗര്‍ഭാതുരയെന്‍ മൃഗാംഗന/ തനതക്ഷിപഥ ത്തില്‍ നില്‍ക്കവെ/ നനയും മല്‍പ്രിയനാശു കണ്‍മുന'. അവളൊന്നും ഓര്‍ക്കാന്‍ വിട്ടുപോയിട്ടുമില്ല.' അരുതോര്‍ക്കില്‍, നൃപന്‍ വധിച്ചു നിഷ്/ കരുണംചെന്നൊരു ശൂദ്രയോഗിയെ/ നിരുപിക്കില്‍ മയക്കി ഭൂപനെ / തരുണീ പാദജ ഗര്‍ ഹിണീ ശ്രുതി.' ഓരോ ആരോപണവും രാമനെ കുറ്റവാളിയാക്കുകയും ആത്യന്തികമായി കുറ്റവിമുക്തനാക്കി മോചിപ്പിക്കുകയും ചെയ്യുന്നു. രാമനെ ഒരിരയായിക്കണ്ട് മാപ്പു നല്‍കുകയാണ് സീത. 'അറിയുന്നിതു ഹന്ത ഞാന്‍ വിഭോ/ പുറമേ വമ്പൊടു തന്റെ കൈയ്യി നാല്‍ / മുറിവന്വഹമേറ്റു നീതിത/ ന്നറയില്‍ പാര്‍പ്പു, തടങ്ങലില്‍ ഭവാന്‍!'

 സീതയുടെ വാദങ്ങളെല്ലാം പ്രത്യക്ഷത്തിലല്ലാ പ്രതീകാത്മകമായി ഓരോ ഭാരതീയ സ്ത്രീകളുടേയും വാദഗതിയായിത്തീരുന്നു. ആരുടേയൊക്കെ പ്രതിനിധാനമാണോ സീത, ആ അവര്‍ക്കെല്ലാം വേണ്ടിയാണ് സീത മൊഴി നല്‍കുന്നത്. സീതാ ചിന്തകള്‍ ഈര്‍ഷ്യാകലുഷിതമോ ഏകപക്ഷീയമോ ആകുന്നില്ല. പുരാംഗനകളെ സീത കനിവില്ലാതെ അപലപിക്കുകയാണെന്ന് പറയരുത്. പരിതൃപ്തിയെഴാത്തരാഗമാണ് അപവാദകുതൂഹലങ്ങളായി അവരില്‍ പരിണമിക്കുന്നത്, സ്വേച്ഛയെ കീഴമര്‍ത്തി ജീവിക്കേണ്ടി വന്നതിനാലാണത് എന്ന് ആശാന്റെ സീത തികഞ്ഞ ധാരണയോടെ, അനുതാപത്തോടെ പറയുന്നു. സ്വച്ഛമായി ജീവിക്കാന്‍ ഭാഗ്യം കിട്ടിയ ആശ്രമാംഗനകളിലാകട്ടെ, ഇച്ഛ ആര്‍ദ്രതയായി മാറി പരിശുഷ്‌ക്കരായ സന്യാസികളുടെ മനസ്സിനെ കവിതകളാക്കി മാറ്റുകയും ചെയ്യുന്നു. കാട്ടില്‍ തളിര്‍ പോലുദിക്കുന്നത് നാട്ടില്‍ ചര്‍മ്മകഠോരമാവുന്നതെന്തുകൊണ്ടെന്നത് സീത അറിഞ്ഞിട്ടുണ്ട്. ('ഏക കാര്യമഥവാ ബഹൂത്ഥമാം/ ഏകഹേതു ബഹുകാര്യകാരിയാം' എന്നുരിയാടിയ മനസ്സിനോടാലോചിക്കാതെ സീത ഒരു തീരുമാനത്തിലുമെത്തുന്നില്ല ). ആരെയും ബന്ധിക്കാനധികാരമുള്ള അതനവസരത്തിലും അവസരത്തിലുമുപയോഗിക്കുകയും ചെയ്യുന്ന രാജാവാണേറ്റം ബന്ധിതന്‍ എന്നും സീത പറയുന്നു. 'പരതന്ത്രര്‍ മന്നവര്‍ '. 

 കയറിനില്‍ക്കാനൊരിടമില്ലാത്ത പ്രതിസന്ധിയില്‍ പെട്ടുഴലുകയാണ് സീത.' പുടവയ്ക്ക് പിടിച്ച തീ ചുഴന്നുടല്‍ കത്തുന്നൊരു ബാല പോലവള്‍' എന്നാ അവസ്ഥ അതിതീവ്രമായി പറയപ്പെട്ടിരിക്കുന്നു. ആ 'ബാല' സീത യില്‍ ചൊരിയുന്ന അനുതാപം ചെറുതല്ല. എന്തായിരുന്നു സീതയ്ക്കന്നേര്‍പ്പെട്ട ഈ തീവ്രമായ പ്രതിസന്ധി? ഇരിയ്‌ക്കേണമോ മരിക്കേണമോ എന്ന് പറഞ്ഞാലും മതിയാവാത്ത ഉടല്‍ കത്തുന്ന ആ അവസ്ഥ? മക്കളോടൊത്ത് വാത്മീകി രാമസവിധത്തിലേക്ക് പോയിരിക്കുന്നു. ഘനഗര്‍ഭാതുരയായ മാനിനെക്കണ്ട് കണ്ണീര്‍ പൊഴിച്ച രാമനില്‍ കെട്ടിക്കിടന്ന അനുതാപമത്രയും മക്കളുടെ മുന്നില്‍ ഇരമ്പിപ്പെയ്യാതിരിക്കില്ല. മക്കള്‍ പാടി കേട്ട തന്റെ കഥ, താനാദ്യമായാണ് തന്നെ അഭിമുഖീകരിക്കുന്നത്, രാമനിലുണ്ടാക്കുന്ന പശ്ചാത്താപം ചെയ്തു പോയ തെറ്റ് ഒരു നിമിഷം പോലും വൈകാതെ തിരുത്താനയാളെ പ്രേരിപ്പിക്കും. സീതയെ കൂടാത്ത ജീവിതം പെട്ടന്നസഹ്യമായിത്തീരും. രാമനിനിയും രാജാവിലൊളിച്ചിരിക്കാന്‍ പറ്റില്ല. പശ്ചാത്താപവിവശനായ രാമന്‍ തന്നെ വിളിക്കുകയാണെന്ന്' വിനയത്തിന് വിധേയമായ ഉടല്‍ 'സീതയെ ധരിപ്പിക്കുന്നുണ്ട്.' പുഴുപോലെ തുടിക്കയല്ലി ഹാ !/ പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍'. വീണ്ടും വീണ്ടും തിരസ്‌ക്കരിക്കപ്പെട്ട സീത, ഈ ക്ഷണം കൈക്കൊണ്ട് മുന്നില്‍ ചെന്നു നിന്ന് നിരപരാധിത്വത്തിന് തെളിവ് നല്‍കി, രാമപത്‌നിയായി തുടരണമോ? മരണത്തേക്കാള്‍ ദയനീയമായ ആ ജീവിതം തനിക്ക് ഇനി വേണമോ? അവള്‍ ലജ്ജാകരമായ ജീവിതം ഉപേക്ഷിച്ച് മരണത്തെ വരിയ്ക്കാന്‍ തീരുമാനിക്കുന്നു. മരണം തീരുമാനിച്ചുറച്ച നിമിഷം അവള്‍ അവള്‍ക്ക് ഉചിതയായിത്തീരുന്നു. ഇപ്പോള്‍ മുതല്‍ അവള്‍ അവളുടെ ഇച്ഛയാണ്. സ്വാതന്ത്ര്യമാണ്. മനസ്സാകെ പ്രകാശിക്കുകയാണ്. ഇപ്പോളവള്‍ക്ക് ഒന്നിനോടുമില്ല അകല്‍ച്ച, വിരോധം. സൂര്യനോടും ചന്ദ്രനോടും നക്ഷത്രങ്ങളോടും കാടിനോടും തനിക്കാതിഥ്യം നല്‍കിയ ഓരോ ഇടത്തോടും അവള്‍ കൃതജ്ഞതാഭരിതയായിരിക്കുന്നു. 'തെളിയുന്നു മനോനഭസ്സെനി /ക്കൊളി വീശുന്നിനു ബുദ്ധി മേല്‍ക്കു മേല്‍/വെളിവായ്വിലവുന്നു സിന്ധുവില്‍/ കളിയായ് ചെന്നണയുന്നൊരി നദി'. സൂര്യ ചന്ദ്ര നക്ഷത്രാദികളോടുള്ള സീതയുടെ യാത്രാവചനങ്ങളുടെ സൗന്ദര്യം സ്വാതന്ത്യത്തിന്റെ വഴി സ്വീകരിച്ച ആ അതിമാനിനി അനുഭവിച്ച സ്വേച്ഛ തന്നെ. അതെല്ലാം ചിന്താവിഷ്ടയായ സീതയിലെ ഈ നിര്‍വഹണ ശ്‌ളോകത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 'വേണ്ടാ ഖേദമെടോസുതേ, വരികയെന്നോതും മുനീന്ദ്രന്റെ കാല്‍/ ത്തണ്ടാര്‍ നോക്കി നടന്നധോവദനയായ് ചെന്നസ്സഭാവേദിയില്‍/ മിണ്ടാതന്തിമെത്തിയൊന്ന നുരയെ ക്ലാന്താസ്യനാം കാന്തനെ/ ക്കണ്ടാള്‍ പൗരസമക്ഷമന്നിലയിലീ ലോകം വെടിഞ്ഞാള്‍ സതി.

ഒരേ സമയം ഒരുറുമ്പിലുള്ള കരുതല്‍ പോലുമില്ലാത്തവനും അതേസമയം ഒരു മനുഷ്യനുമില്ലാത്ത നന്മയുടെ ഉറവിടമായവനുമാണ് രാമന്‍. ചിന്തിച്ചു ചെന്നാല്‍ ഗുണാധിക്യത്താല്‍ മറയാത്ത ഒരു ദോഷവുമില്ല മര്‍ത്ത്യന് എന്നതിന്റെ നിദര്‍ശനവുമാവാം രാമന്‍. 'നര ജീവിതമായ വേദന' യുടെ സാക്ഷ്യങ്ങളല്ലേ കാണുന്നതെല്ലാം? 'ഇരുളും മെല്ലെ വെളിച്ചമായ് വരാം' എന്നും' ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരുകയ്പ്പുതാനുമേ'എന്നുമുള്ള പാത ജീവിതത്തിന്റെ പാതയായി സീതയില്‍ പരിണമിക്കുന്നു. 'ഇപ്പരിണാമം ഫലമായെനിക്കുമേ ' എന്ന് സകല വേദനകള്‍ക്കും സീത നന്ദി പറയുന്നു. 'എതിരിട്ടു വിപത്തൊടെന്നുമുന്നതി 'എന്നുമവള്‍ സ്വജീവിതത്തിലൂടെ അറിയുന്നു. ആ ഉന്നതിയാണ് ആശാന്‍ കാവ്യങ്ങളിലെ എന്നല്ല മലയാള കാവ്യങ്ങളിലെ തന്നെ ഏറ്റവും ദീപ്തിയുള്ള ആവി യോഗവാക്യങ്ങളുടെ അഴകിന്റെ നിദാനം.

അടരടരായി ആശാന്‍ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.