'ഒന്നല്ലി കയ്യിഹ രചിച്ചിതു നമ്മെയെല്ലാം' എന്ന സത്യബോധമാണ് വീണപൂവിനോടുള്ള അനുതാപത്തിന്റെ അടിസ്ഥാനമെങ്കില്‍' അന്തണനെചമച്ചുള്ളോരു കൈയ്യല്ലോ/ ഹന്ത നിര്‍മ്മിച്ചു ചെറുമനേയും' എന്ന സത്യബോധമാണ് ദുരവസ്ഥയിലെ അനുതാപത്തിന്റെ അടിസ്ഥാനം. രണ്ടിടത്തും ദൈവങ്കലേക്കുള്ള ഉണരല്‍ വിവേകത്തിലേക്കുള്ള ഉയരല്‍ ആവുന്നു. ദയനീയമെന്ന് തോന്നുന്ന പുലയച്ചാളയ്ക്കും അംബരം മുട്ടി വളരുന്ന അരമനയ്ക്കും വിത്തൊന്നു തന്നെ. രണ്ടും ആ ഒരേ വിത്തില്‍ നിന്നുണ്ടായ വ്യത്യസ്തമെന്ന് പ്രത്യക്ഷത്തില്‍ മാത്രം തോന്നിക്കുന്ന രണ്ട് പൊടിപ്പുകള്‍ എന്ന് ചാത്തന്റെ കുടിലിന് മുന്നില്‍ നിന്ന് കൊണ്ട് കവി പറയുന്നുണ്ട്. (അര) മനയേക്കാള്‍ തനിക്ക് ജീവിതസൗഖ്യം തന്നതിക്കുടിലാണെന്ന് സാവിത്രി സാക്ഷ്യം പറയുന്നുമുണ്ട്. ഇവിടെ അവിടത്തേക്കാള്‍ ജീവിതമുണ്ടെന്നും.

To advertise here,

 അമേരിക്കയില്‍ ജാതി പിടിക്കില്ല എന്നൊരു ഫലിതം കേട്ടിട്ടുണ്ട്. അമേരിക്കന്‍ മണ്ണില്‍ ജാതി എന്ന സസ്യം പിടിക്കില്ല എന്ന് മാത്രമല്ല അതിന്റെ അര്‍ഥം. ഇവിടത്തെ ജാതി വ്യത്യാസം അവിടെ വിലപ്പോവില്ല എന്നുമാണ്. മേല്‍ജാതിക്കാര്‍ അനുഭവിക്കുന്ന പരിഗണനയോ കീഴ്​ജാതിക്കാര്‍ അനുഭവിക്കുന്ന അവഗണനയോ അവിടെ സാധ്യമല്ല. ജാതിക്കോമരങ്ങള്‍ നിയന്ത്രിക്കുന്ന നാട്ടില്‍ നിന്നുള്ള മോചനമാണ് പ്രവാസികള്‍ അനുഭവിക്കുന്ന വലിയ മോചനമെന്നും പറയാം. ജാതി, പുറത്ത് ഒരു സ്പീഷിസിനെക്കുറിക്കുന്ന പദമാണെങ്കില്‍ ഇവിടെ കേരളത്തില്‍ അത് മനുഷ്യസമുദായങ്ങളെക്കുറിക്കുന്ന പദമാണ്. രണ്ട് സ്പീഷിസ്സുകള്‍ തമ്മില്‍ രതിയോ സമ്പര്‍ക്കമോ പ്രകൃതിയാല്‍ വിലക്കപ്പെട്ടിട്ടുണ്ടല്ലോ. അതെല്ലാം പ്രകൃത്യാസാധ്യമായ മനുഷ്യവര്‍ഗത്തിലെ സമുദായങ്ങളെ അതൊക്കെ വിലക്കപ്പെടുന്ന ജാതി എന്ന പദം കൊണ്ട് വിവക്ഷിക്കുന്നതിലെ അവിവേകത്തെ ശ്രീനാരായണഗുരു ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു.' ആര് നീയെന്ന് കേള്‍ക്കേണ്ട/നേര് മെയ് തന്നെ ചൊല്‍കിലാം '(ജാതിലക്ഷണ). നീ നിന്റെ ശരീരം കാണൂ, മനുഷ്യ ശരീരമാണത്. ഈഴവരെന്നോ പുലയനെന്നോ ബ്രാഹ്‌മണനെന്നോ ഉള്ളതിനൊരു തെളിവും മനുഷ്യശരീരത്തിലില്ല. ഏത് മനുഷ്യനിലുമുള്ളതും നിന്നിലുമുണ്ട്. ഇല്ലാത്തത് നിന്നിലുമില്ല.

കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു അത് പാമരനും വ്യക്തമാക്കിക്കൊടുത്തു. കണ്ണാടിയില്‍നോക്കൂ, നിന്നില്‍ ഒരു ജാതിമുദ്രയുമില്ല. മനുഷ്യനാണ് നീ, ആര്‍ക്കും കീഴിലല്ലാത്ത ആര്‍ക്കും മീതെയല്ലാത്ത മനുഷ്യന്‍. സംതൃപ്തിയോടെ ചരിക്കുന്ന പ്രാക്കളെ നോക്കി സാവിത്രിയിലൂടെ ആശാനും പറയുന്നു: 'ചിന്തിക്കുന്നില്ലിവ ചിന്തയാലുള്‍ക്കാമ്പു/ കണ്ണീരാല്‍ പോള വീര്‍പ്പിക്കുന്നില്ല./ കണ്ടാലറിവാന്‍ കഴിയാത്ത ഭേദത്താ/ ലിണ്ടലവയ്ക്കില്ല ' ജാതി ' മൂലം./സ്വച്ഛന്ദവൃത്തികളേവരുമന്യോന്യ-/ മുച്ചനീചത്വങ്ങളൊന്നുമില്ല / പേടിപ്പാനില്ലവയ്‌ക്കൊന്നും വിലപെടും / വീടുംപറമ്പും പണവുമില്ല/നാളത്തേക്കിന്നു സമ്പാദിക്കുന്നില്ലൊരു / നാളുമവയ്ക്കില്ലലസതയും / തന്തടി പോറ്റാന്‍പണിയെടുത്തിടുന്നു/ സന്തുഷ്ടി കൈക്കൊണ്ടു പെണ്ണുമാണും/ പൊല്‍ത്തൂവെയിലില്‍ പുറത്തു പറക്കുന്നു/ നല്‍ത്തെന്നല്‍ നിത്യം ശ്വസിച്ചിടുന്നു/ ആയതുകൊണ്ടിവയേലുന്നു പൂര്‍ണ്ണമാ/ മായുസ്സും കെല്പുമഴകുമെന്നും'.

ഇസ്ലാം മതത്തിന്റെ വ്യാപനം ഹിന്ദു മതവിശ്വാസിയായ ആശാനെ അലട്ടിയിട്ടുണ്ട്.

'മാപ്പിളമാരെന്ന ശബ്ദവും കയ്ക്കുന്നു/ വേപ്പിലയേക്കാള്‍ ചെവിക്ക് തന്നെ'. ഏകദൈവത്തിലുളള വിശ്വാസവും മതത്തിനുള്ളിലെ ഭിന്ന ജാതികളുടെ അഭാവവും ഇസ്ലാം മതത്തെ ഹിന്ദുമതത്തെ പരാജയപ്പെടുത്തിക്കൊണ്ട് വളര്‍ത്തുമെന്ന് ആശാന്‍ ഭയന്നു. ഏറനാട്ടിലുണ്ടായ മാപ്പിളക്കലാപത്തിന്റെ  സത്യാവസ്ഥയേക്കുറിച്ച് ചിന്തിക്കാതിരുന്നതിന്റേയും ജാതീയതയെ അപലപിക്കാനൊരു സന്ദര്‍ഭം അതില്‍ നിന്ന് സൃഷ്ടിച്ചെടുത്തതിന്റെയും കാരണമതാണ്. ഹിന്ദുമതം ഒരു മതമല്ല, ജാതികളുടെ ഒരു കൂട്ടമാണ്. ഹിന്ദു എന്ന ഐഡന്റിറ്റിയേക്കാള്‍ സാമൂഹ്യമായി വലുതാണ്, സാരവത്താണ് നമ്പൂതിരിയെന്നോ നായരെന്നോ തിയ്യരെന്നോ പുലയനെന്നോ ഉള്ള ഐഡന്റിറ്റി അഥവാ വേര്‍തിരിവ്. ഇസ്ലാം മതത്തെ അപേക്ഷിച്ച് എത്ര അപരിഷ്‌കൃതമാണ് തന്റെ മതമെന്നത് ആശാനെ ദുഃഖിപ്പിച്ചു.' ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും/ സ്‌നേഹമൊലിക്കു മുറവകളും/ ആഹന്തയെത്ര വിഫലമാക്കിത്തീര്‍ത്തു/ നീ ഹിന്ദുധര്‍മ്മമേ' ജാതി 'മൂലം'. ജാതിയതയെ ഹോമിച്ചൊഴിച്ചാല്‍ വീണ്ടെടുക്കാന്‍ കഴിയാത്തതല്ല അതിന്റെ മഹത്വം. 'ഭേദങ്ങളറ്റ പൊരുളിനെക്കാഹള/ മൂതി വാഴ്ത്തീടുന്നു വേദം നാലും/ വൈദിക മാനികള്‍ മര്‍ത്ത്യരില്‍ ഭേദവും/ ഭേദത്തില്‍ ഭേദവും ജല്‍പ്പിക്കുന്നു / എന്തൊരു വൈകൃതം ബ്രഹ്‌മവിദ്യേ, നിന്നി/ ലെന്താണിക്കാണുന്ന വൈപരീത്യം.' ഇത്ര മേല്‍ വൈപരീത്യങ്ങളുള്ള ഒരു മതത്തെ തകര്‍ക്കുക എത്ര എളുപ്പം! 'തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ / ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍/കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ /യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍'. ആശാന്‍ അംബേദ്ക്കര്‍ കണ്ട പോലെയല്ല, ചാതുര്‍വര്‍ണ്യത്തിന് പുറത്തല്ല ചാതുര്‍വര്‍ണ്യനകത്താണ് ദളിതനെ കാണുന്നത്. ബ്രാഹ്‌മണനെ സൃഷ്ടിച്ച കൈകൊണ്ടാണ് സാധുവായ പുലയനേയും സൃഷ്ടിച്ചത് എന്നും, ബ്രാഹ്‌മണന് തുല്ല്യമായ പദവി പുലയന് നല്‍കുന്നത് വഴി ഇരുവരും ഉയര്‍ത്തപ്പെടുമെന്നും ആശാന്‍ കണ്ടു.

അതുമൂലം കൈവരാവുന്ന ഒരു സദവസ്ഥ സങ്കല്‍പ്പിച്ചിരിക്കയാണ് ദുരവസ്ഥയില്‍. വിവാഹത്തിലൂടെ ജാതീയമായ ദുരവസ്ഥയില്‍ നിന്ന് മോചിക്കപ്പെടുന്നത് പുലയനായ ചാത്തന്‍ മാത്രമല്ല അയാളെ വരിച്ച ബ്രാഹ്‌മണ സ്ത്രീയായ സാവിത്രിയുമാണ്. 'ഇത്ര സമാധാനമുള്‍ക്കൊണ്ടൊരുകുല/പുത്രിയെന്നെപ്പോലെയേ റനാട്ടില്‍ / നിശ്ചയം ജീവിച്ചിരിക്കില്ലത്ര / മെച്ചമായല്ലോ നീയെന്നെക്കാത്തൂ.' സ്ത്രീയും ദളിതനും ഐക്യപ്പെടുവാന്‍ അവസരം ഉണ്ടാവുക വഴി ഉയര്‍ത്തപ്പെടുന്നൊരു സാമൂഹ്യക്രമമാണ് ദുരവസ്ഥ സ്വപ്നം കാണുന്നത്. ദൃശ്യതയോ സ്പൃശ്യതയോ ഇല്ലാത്ത ദളിതനെ സ്വാഭീഷ്ടമനുസരിച്ച് വരിക്കുകയാണ് അതാചരിക്കേണ്ടത് കുലധര്‍മ്മമായ വിദുഷിയായ സാവിത്രി. ആരാണോ ഈ അനാചാരങ്ങളുടെ ഇര അയാളെ ഈ അനാചാരങ്ങള്‍ പാലിക്കാനേറ്റവും ബാധ്യതപ്പെട്ടവളെക്കൊണ്ട് വരണമാല്യമര്‍പ്പിക്കുന്നു കാവ്യം. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും കെട്ടിക്കൂടായ്മയ്ക്കും ഒരുമിച്ചുണ്ണാനുള്ള അനുവാദമില്ലായ്ക്കും ഒരു ഗൃഹമെങ്കിലും പരിഹാരം ചെയ്യുകയാണ്. കൂട്ടിമുട്ടിക്കാനസാദ്ധ്യമായ രണ്ടിനെ ഒന്നിപ്പിക്കുകയാണ് കാവ്യത്തിലുടെ ആശാന്‍. ബഷീറിനെ ഓര്‍മ്മിച്ച് പറഞ്ഞാല്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി വല്ല്യ ഒന്നാകുന്ന ഒരിടം. നാം തമ്മിലറിയും പോലെ ആര്‍ തമ്മിലറിയും, ആര്‍ തമ്മിലൈക്യപ്പെടും എന്ന് ഇക്കാവ്യത്തില്‍ വെച്ച് സ്ത്രീയും ദളിതനും പരസ്പരം ആരായുന്നുണ്ട്.

കൂട്ടിലെ മൈനയോടാണ് സാവിത്രി തന്റെ പൂര്‍വകഥ പറയുന്നത്. ദൈവഗത്യാ ആണ് താനീ കുടിലില്‍ എത്തിച്ചേര്‍ന്നത്.' എന്തുകൊണ്ടെന്നെ ലഹളത്തിടുക്കത്തില്‍/ ഹന്തമുസല്‍മാന്മാരാരാഞ്ഞില്ല?/ എന്തു കൊണ്ടൂഴിയറിയാത്തൊരു ബാല ഞാന്‍/ ചിന്തിച്ചിതോടിയൊളിച്ചു കൊള്‍വാന്‍/ എന്നല്ലയെന്തു പാഞ്ഞിച്ചാളയില്‍ത്തന്നെ/ വന്നു കയറുവാന്‍ ബ്രാഹ്‌മണി ഞാന്‍/ എന്നുമല്ലെന്തു താനിങ്ങനെ കുറേലാനൊന്നുമറിയാച്ചെറുമനെന്നില്‍'.
സമാനമായൊരു സന്ദര്‍ഭത്തില്‍ എത്തിച്ചേരാനിടയാവുന്ന ഒരു ബാലികയെങ്ങനെയെല്ലാം വിചാരണ ചെയ്യപ്പെടാം. അതിലുമത്ഭുതമല്ലേ ഭാവിഭയങ്ങളൊന്നുമോര്‍ക്കാതെ, ഒരുല്‍ക്കണ്ഠയുമില്ലാതെ തന്റെ അന്തക്കരണം അവനില്‍ വിശ്വസിച്ചത്.' മച്ചിത്ത മുല്‍ക്കമായെന്തിനുതാന്‍/ കാര്യമൊന്നോരാതെ നോക്കുന്നു സൂര്യനെ/ സൂര്യകാന്തിപ്പൂകണക്കവനെ'. അവള്‍ തീരുമാനിക്കുന്നു, താനെനി അവനൊപ്പം. നട്ടും കൊയ്തും താനെനി അവന്റെ കൂട്ടാളികള്‍ക്കൊപ്പം കഴിയും. 

 അവനെപ്പോലെ ഒരു മനുഷ്യനെ അവള്‍ മുമ്പ് പരിചയിച്ചിട്ടില്ല.' ആഹാ! പുലയ യുവാവേ! നിന്‍ ബുദ്ധിയും/ സ്‌നേഹവും താഴ്മയുമൌദാര്യവും/ ചാരിത്ര്യവുമറിയുന്നോര്‍ചണ്ഡാലനെ -/ ന്നാരോര്‍ക്കും നിന്നെ ഹൃദയമുള്ളോര്‍.' കുറച്ചല്ല അവളെ രക്ഷിക്കാനായി അവന്‍ ചെയ്തത്.' ഒട്ടേറെപ്പേരെയനു നയിച്ചും ചില/ ദുഷ്ടരെജ്ജാട ചൊല്ലിക്കഴിച്ചും/ ഒട്ടു ചിലരെ മല്ലിട്ടു മകറ്റി നീ/ പൊട്ടക്കുടിലിതെന്‍ കോട്ടയാക്കി'. കോട്ടകൊത്തളങ്ങളുണ്ടായിരുന്ന എന്റെയില്ലത്തിന് കഴിയാതിരുന്നത് നിന്റെ ഈ കുടില്‍ എനിക്ക് ചെയ്തു. തന്നോട് ചോദിക്കാതെ തന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറി. മറ്റുള്ള പുലയരുടെ പ്രാകൃത സമ്പര്‍ക്കം തനിക്ക് പറ്റിയില്ലെങ്കിലോ എന്നോര്‍ത്ത് പെറ്റമ്മയേയും പെങ്ങളേയും മാറ്റിപ്പാര്‍പ്പിച്ചു.

സുമുഖനും ദൃഢകായനുമായ അവന്‍ രാത്രിയില്‍ ഏകയായുറങ്ങുന്ന തന്റെ സവിധത്തില്‍ ഒരു സ്വാര്‍ത്ഥ ചിന്തയുമില്ലാതെ കാവല്‍ കിടന്നു. പറ്റിയ സന്ദര്‍ഭം കിട്ടിയാല്‍ കാമത്തിനധീനനായിത്തീരാം ആരുമെന്നത് അവന്‍ അവാസ്തവമാക്കി.' എത്ര വില പെറും വസ്തു നീ ഹാ ചാത്താ / ചിത്രം നീ നിന്നെയറിയുന്നില്ല.' ഈ അപൂര്‍വ്വരത്‌നത്തെ കയ്യെത്തുന്നിടത്തെത്തിച്ച ദൈവത്തോടവള്‍ കൃതജ്ഞയാവുന്നു. സാവിത്രിക്കു ബോധ്യമാവുന്നു ധാതാവിന് അന്തണനെന്നോ പുലയനെന്നോ ഒരു ഭേദവുമില്ല. അവള്‍ക്ക് ബോധ്യമാവുന്നു, യോഗ്യനായ ചാത്തന് ജന്മം നല്‍കിയ ഈ താണവംശം നാളെ അവന്റെ കിടാങ്ങളാല്‍ ഉയര്‍ത്തപ്പെടുമെന്നും അതിനായി ദൈവഗത്യാനിയോഗിക്കപ്പെട്ടവളാണ് താനെന്നും.

 'നിര്‍ധനനെന്നാലുമെന്നെ വേള്‍ക്കുന്നവന്‍ വിദ്യാപരനായിരുന്നീടണം' എന്നതായിരുന്നു സാവിത്രിയുടെ മോഹം. അതിനൊരു ഭംഗവും വന്നിട്ടില്ലെന്നും അവനെ വിദ്യാവാനാക്കി ആ ആഗ്രഹവും താന്‍ സാക്ഷാത്ക്കരിക്കുമെന്നും സാവിത്രി പറയുന്നുണ്ട്. താളിലെ അക്ഷരങ്ങള്‍ മാത്രമല്ല, ആകാശത്തിലെ നക്ഷത്രങ്ങളേയും വായിക്കാവുന്ന ഒരുന്നതമായ സാക്ഷരതയാണ് ചാത്തനിലവള്‍ പകരാനാഗ്രഹിക്കുന്നത്. വിദ്യ ചാത്തനില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നും എന്തെല്ലാം പരിണാമങ്ങള്‍ അതവനില്‍ വരുത്തുമെന്നും അവര്‍ സങ്കല്‍പ്പിക്കുന്നു. 'ഏറുമവന്റെ ഗുണഗണം വിദ്യയാല്‍/മാറിപ്പോം ബാഹ്യമലിനതകള്‍/ വേലയില്‍ സാമര്‍ത്ഥ്യം വര്‍ദ്ധിക്കും സമ്പത്തും/ ചാലേയവനുണ്ടാം മാന്യതയും/ ഉത്പത്തി നീചനുമക്ഷര യോഗത്താല്‍/ ക്ഷിപ്രം മഹിമ തടവിടുന്നു/ സിദ്ധരാസ പ്രയോഗത്തിനാല്‍ ചെമ്പുതാ/ നുത്തമ കാഞ്ചനമാകുമ്പോലെ.' എങ്കിലും താനവനെ തന്റെ കമ്മട്ടത്തിലല്ല വാര്‍ക്കുക എന്നും അവന്റെ സാദ്ധ്യതകളുടെ സാക്ഷാല്‍ക്കാരത്തിനവനെ തുണയ്ക്കുകയേ ചെയ്യൂ എന്നും സാവിത്രി പറയുന്നുണ്ട്. 'പുലയര്‍ക്കുള്ളാരാധനകളെ ഭംഗിയായ് പിന്നെ പരിഷ്‌ക്കരിക്കും.' ഓരോന്നിനേയും അതതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള മാധ്യമമായവള്‍ വിദ്യയെക്കാണുന്നു.' ദേവന്‍ വനമാലിക്കാനന്ദമേകാത്ത/പൂവൊന്നുമില്ലെന്നുമോര്‍ത്തു കൊള്‍വിന്‍/ എല്ലാ സുമവുമവന്റെയിച്ഛക്കൊത്തു/ മെല്ലെ വളര്‍ന്നു തന്‍ പൂര്‍ണ്ണതയില്‍/ ചെല്ലാനുഴറുകയാണഗ്ഗതിയാരും/ തല്ലി നിര്‍ത്താതെ സൂക്ഷിച്ചു കൊള്‍വിന്‍.' തുല്യമായ ഒരതുല്യതയില്‍ ഒരുമിച്ച് പുലരാന്‍ സാവിത്രി ചാത്തനെ പഠിപ്പിക്കുന്നു. ചാത്തന്‍ ഇനിമേല്‍ അടിയനോ താന്‍ തമ്പ്രാട്ടിയോ അല്ല. തന്നെ സാവിത്രിയെന്നേ വിളിക്കാവൂ എന്നും താന്‍ ചാത്തനെന്നേ വിളിക്കൂ എന്നും പറയുമ്പോള്‍, കാലങ്ങളെടുത്ത് സംഭവിക്കേണ്ടിയിരുന്ന ഒരു പരിണാമം കുറഞ്ഞ കാലം കൊണ്ട് സംഭവിക്കുന്നതിന്റെ ആനന്ദമവളനുഭവിക്കുന്നുണ്ട്.' 

എത്രയോ ജന്മം കൊണ്ടെത്തേണ്ടും ദിക്കു ഞാ/നെത്ര വേഗംവിട്ടിവിടെയെത്തി.' ഗത്യന്തരമില്ലായ്മ ഉന്നതമായ ഗതിയായി മാറിയതിന്റെ സൗന്ദര്യമാണ്
ദുരവസ്ഥയിലെ സൗന്ദര്യം.' എന്നെ യധ:പതിപ്പിച്ച വിധേ നിന്റെ ഉന്നമിതെങ്കില്‍ ഞാന്‍ ധന്യയായി.' ചണ്ഡാലഭിക്ഷുകിയൊഴിച്ചുള്ള ആശാന്‍ കാവ്യങ്ങളെല്ലാം ആവിഷ്‌ക്കരിക്കുന്നത് ദുരവസ്ഥകളെയണെങ്കിലും ദുരവസ്ഥ കാലംകൊണ്ടു സാക്ഷാത്കരിക്കാനിരിക്കുന്ന ഒരു സദവസ്ഥയേയാണ് ആവിഷ്‌ക്കരിക്കുന്നത്. 'മാറ്റുവിന്‍ ചട്ടങ്ങളെയല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍' എന്നതിരിച്ചറിവിന്റെ വെളിച്ചമാവാം ഇക്കാവ്യത്തിലെ പ്രസന്നത.  അനിവാര്യമായത് സംഭവിപ്പിക്കാനുള്ള ഊര്‍ജ്ജം.