മൗണ്ട് മൗൻഗനൂയ്: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് ഫീൽഡിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വർഷത്തിനുശേഷം നാട്ടിൽ ഏകദിന ക്രിക്കറ്റ് പരമ്പര നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ന്യൂസീലൻഡ് ഇന്ത്യക്കെതിരേ നാലാം ഏകദിനത്തിനിറങ്ങുന്നത്. ടീം ഇന്ത്യയാകട്ടെ പരമ്പര ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. നിലവിൽ 2-0 ന് ഇന്ത്യ മുന്നിലാണ്.

To advertise here,

ആദ്യരണ്ട് ഏകദിനങ്ങളിൽ ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം ഏകദിനം മഴ മുടക്കി. ഇതോടെയാണ് അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും ന്യൂസീലൻഡിന് നിർണായകമായത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതോടെയാണ് ഇന്ത്യൻ ടീമിനെ നയിക്കാൻ ശ്രേയസ് അയ്യരെത്തിയത്.

മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തി. അക്‌സർ പട്ടേൽ നിലവിൽ ടീമിലുണ്ട്. അക്വിബ് നബി, ഗുർനൂർബ്രാർ, അർഷ്ദീപ് സിങ് എന്നിവരാണ്‌ ടീമിലെ പേസർമാർ.

ന്യൂസീലൻഡിന് നിലനിൽപ്പിന്റെ പോരാട്ടമാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പ്രധാനതാരങ്ങൾക്ക് ടീം വിശ്രമം നൽകിയിട്ടുണ്ട്. ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, നഥാൻ സ്മിത്ത്, ഹെന്റി നിക്കോൾസ് എന്നിവർ ടീമിൽനിന്ന് പുറത്തുപോയി.