
ആദ്യമായി അഭിനയിച്ച സിനിമയായ ഒന്നുമുതല്‍ പൂജ്യംവരെ പുറത്തിറങ്ങിയിട്ട് 38 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഏതൊരു കലാകാരന്റെയും പ്രത്യേകിച്ചും മിമിക്രി കലാകാരന്മാരുടെയും ആഗ്രഹം സിനിമയിലഭിനയിക്കുക എന്നതുതന്നെയാണ്. കലാഭവനില്‍ മിമിക്സ് പരേഡ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ രാജീവ്കുമാര്‍ വഴിതന്നെ സിനിമയിലഭിനയിക്കുക എന്ന എന്റെ മോഹം പൂവണിഞ്ഞു. രണ്ടാമത്തെ ചിത്രമായ ജാലകത്തിലെ നന്ദന്‍ എന്ന ആന്റി ഹീറോ ടച്ചുള്ള കഥാപാത്രത്തോടൊപ്പം അടുത്ത പടമായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലും അവസരം ലഭിച്ചു.
ഫാസില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ആ ചിത്രത്തിന്റെ വാര്‍ത്ത ആദ്യമായി വന്നപ്പോള്‍ അഭിനയിച്ചവരുടെ പേരുകളുടെ ലിസ്റ്റില്‍ എന്റെ പേര് 'കലാഭവന്‍ റഹ്‌മാന്‍' എന്നായിരുന്നു അച്ചടിച്ചിരുന്നത്. അക്കാലം വരെയും റഹ്‌മാന്‍ എന്നായിരുന്നു കലാഭവന്റെ നോട്ടീസുകളിലും മറ്റും എന്റെ പേര് ഉപയോഗിച്ചിരുന്നത്. എനിക്കത് കൗതുകമായി തോന്നി. അന്വേഷിച്ചപ്പോള്‍ ചിത്രത്തിന്റെ അസോസിയേറ്റായിരുന്ന സിദ്ദിഖ് ആണ് എന്റെ പേരിനൊപ്പം കലാഭവന്‍ ചേര്‍ത്തതെന്നു മനസ്സിലായി. സിദ്ദിഖിനെ നേരില്‍ കണ്ടപ്പോള്‍ ഞാനിക്കാര്യം നേരിട്ടു ചോദിച്ചു. മലയാളസിനിമയില്‍ മറ്റൊരു റഹ്‌മാന്‍ (കൂടെവിടെ ഫെയിം) ഉള്ളതുകൊണ്ട് എന്റെ പേരിനൊപ്പം കലാഭവന്‍ കൂട്ടിച്ചേര്‍ത്തതാണെന്ന സിദ്ദിഖിന്റെ നിഷ്‌കളങ്കമായ മറുപടിയില്‍ ഞാനും സംതൃപ്തനായി. ഒന്നുമില്ലെങ്കില്‍ കലാകാരനായി പ്രവര്‍ത്തിക്കുന്ന ലോകമെങ്ങും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നാമം എന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതില്‍ അഭിമാനിച്ചു. അങ്ങനെ ഞാന്‍ കലാഭവന്‍ റഹ്‌മാനായി മാറി. അതിനുശേഷം നവാസ്, ഷാജോണ്‍, മണി, ഹനീഫ് തുടങ്ങി ഒട്ടേറെ ആര്‍ട്ടിസ്റ്റുകള്‍ കലാഭവന്‍ ചേര്‍ത്ത് അറിയപ്പെട്ടു. സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ് ആദ്യമായി കലാഭവന്‍ ചേര്‍ത്ത് പേരുവിളിക്കപ്പെട്ട ആര്‍ട്ടിസ്റ്റായി മാറിയത് ആലോചിക്കുമ്പോള്‍ ഇന്നും മനസ്സില്‍ വലിയ സന്തോഷം തോന്നാറുണ്ട്. കാരണക്കാരനായ പ്രിയ സ്നേഹിതന്‍ സിദ്ദിഖ് ഇന്ന് നമ്മളോടൊപ്പമില്ല എന്നോര്‍ക്കുമ്പോള്‍ നെഞ്ചുപിടയുന്ന ദുഃഖവും.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ക്കു ശേഷം വഴിയോരക്കാഴ്ചകള്‍, വിറ്റ്നസ്, നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍, പാവക്കൂത്ത്, നയം വ്യക്തമാക്കുന്നു, കടിഞ്ഞൂല്‍ കല്യാണം, ഉള്ളടക്കം, ആകാശക്കോട്ടയിലെ സുല്‍ത്താന്‍, ...... അങ്ങനെ ഒരുപാട് സിനിമകളില്‍ അക്കാലത്ത് അഭിനയിച്ചു. ഇന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നു. നാളിതുവരെ ഏതാണ്ട് ഇരുനൂറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടാവുമെന്നാണ് വിശ്വാസം. ഏതാണ്ട് നാല്‍പ്പതോളം സീരിയലുകളിലും അഭിനയിച്ചുകഴിഞ്ഞ എന്റെ കരിയര്‍ ഗ്രാഫ് ഓഹരിവിപണികളെ കണക്ക് ഉയര്‍ന്നും താഴ്ന്നും നേര്‍വരയിലും കാണാം.
സിനിമയിലഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സീരിയല്‍ ചെയ്യും. അതിനിടയില്‍ ഗ്യാപ്പെടുത്ത് പുതിയ ബിസിനസ് സംരംഭങ്ങള്‍ പ്രതീക്ഷയോടെ തുടങ്ങും. കുറച്ചുകഴിയുമ്പോള്‍ അതു നിര്‍ത്തി വീണ്ടും സിനിമയില്‍ അഭിനയിക്കും. ഇക്കാലജീവിതത്തില്‍ എനിക്ക് ഒരു കാര്യം പിടികിട്ടിയിട്ടുണ്ട്. 'Real Artist is an Artist forever.' യഥാര്‍ത്ഥ കലാകാരന്‍ എന്നും കലാകാരന്‍ മാത്രമായി തുടരും. എന്ന യൂറോപ്യന്‍ പഴഞ്ചൊല്ല് എനിക്കുകൂടി വേണ്ടി എഴുതപ്പെട്ടതാകാം എന്നതു കാലം തെളിയിച്ച ഒന്നാണ്. വേറെ ഏതു ലാവണങ്ങളിലേക്കു ചുവടുമാറ്റി പോയാലും റബ്ബര്‍പന്തുകണക്കെ റിട്ടേണടിച്ച് ഞാന്‍ സിനിമാഭിനയത്തില്‍തന്നെ എത്തിനില്‍ക്കും.
മലയാളത്തിലെ പ്രഗല്ഭരായ ഒട്ടേറെ കൊമേര്‍ഷ്യല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരുടെ ചിത്രങ്ങളിലും ഞാന്‍ ചായമിട്ട് ക്യാമറയ്ക്കു മുന്നിലെത്തി. ജോഷി, ജയരാജ്, കമല്‍, ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വിജി തമ്പി, ഷാജി കൈലാസ്, ജോണി ആന്റണി, ഹരികുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ വേഷമിട്ടപ്പോള്‍ ലഭിച്ച അഭിനയപാഠങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
'കണ്ണാടി' എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്ന ടി.എന്‍. ഗോപകുമാര്‍ സംവിധാനം ചെയ്ത ജീവന്‍ മശായി എന്ന കലാമൂല്യം ഒത്തിണങ്ങിയ സിനിമയില്‍ കിഷോര്‍ എന്ന എന്റെ കഥാപാത്രം അഭിനയസാദ്ധ്യത നന്നായി ഉപയോഗപ്പെടുത്തിയ ഒന്നായിരുന്നു. എം.ആര്‍. ഗോപകുമാറും മാടമ്പ് കുഞ്ഞുകുട്ടനും നെടുമുടി വേണുവും ശ്രീവിദ്യയുമൊക്കെ അഭിനയിച്ച ജീവന്‍ മശായി നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ചെറിയ വേഷങ്ങളിലാണല്ലോ കാണാറ് എന്ന് എന്നെ കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട്. അതിനു കാരണം ഞാന്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ വന്‍ ഹിറ്റായി ഓടുകയും വലിയ വേഷങ്ങള്‍ ചെയ്ത ചിത്രങ്ങള്‍ അധികമാരും കാണാതെ പോവുകയും ചെയ്തിട്ടുണ്ട്.
ചില സിനിമകളില്‍ ഒരുപാടു ദിവസം അഭിനയിച്ചിട്ട് തിയേറ്ററില്‍ എത്താതെ പോയ കഥകളുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു ഭരതേട്ടന്‍ വരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ രവിഗുപ്തന്‍ സംവിധാനം ചെയ്ത സിനിമയില്‍ മുകേഷ്, മണിയന്‍പിള്ള രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, നദിയാ മൊയ്തു തുടങ്ങിയവരോടൊപ്പം ഞാനും ഒരു മുഴുനീള വേഷം അഭിനയിച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ചേട്ടനും ഞാനും തമ്മിലുള്ള നിരവധി കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ ഷൂട്ടുചെയ്തിരുന്നു. ഉണ്ണിയേട്ടനുമായി സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. തമാശകളും കഥപറച്ചിലും പാട്ടുമൊക്കെയായി ഉണ്ണിയേട്ടന്‍ നിറഞ്ഞുനില്‍ക്കുന്ന കൂട്ടായ്മകളില്‍ ഞാനുമുണ്ടായിരുന്നു. കുറച്ചധികം ദിവസം ഷൂട്ടിങ് നീണ്ടതോടെ ഉണ്ണിയേട്ടനുമായി മാനസികമായി അടുത്തിരുന്നു. എന്തോ ചില കാരണങ്ങളാല്‍ ഭരതേട്ടന്‍ വരുന്നു എന്ന സിനിമ വെളിച്ചം കണ്ടില്ലെങ്കിലും ഉണ്ണിയേട്ടനുമായി നല്ലൊരു സൗഹൃദബന്ധത്തിലാകാന്‍ സാധിച്ചു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വഴിയോരക്കാഴ്ചകളില്‍ ഞാനും അഭിനയിച്ചിരുന്നു. പക്ഷേ, ആ ചിത്രത്തില്‍ അദ്ദേഹവുമായി ഒന്നിച്ചുള്ള രംഗങ്ങള്‍ ഇല്ലായിരുന്നു. അംബികയും ജഗതി ശ്രീകുമാറുമായിരുന്നു ഞാനുള്ള രംഗങ്ങളില്‍ ഒപ്പം അഭിനയിച്ചത്. പിന്നീട് ദൗത്യം, ഉള്ളടക്കം, പരദേശി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോമ്പിനേഷന്‍ സീനുകളില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. 1981-ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സുഹൃത്തുക്കളോടൊപ്പമാണ് കണ്ടിറങ്ങിയത്. പുതിയ വില്ലന്റെ മാനറിസങ്ങള്‍ കണ്ട ഞാന്‍, ഇദ്ദേഹം വരുംകാല മലയാളസിനിമയിലെ മികച്ച നടനാകുമെന്ന് അന്നേ മനസ്സില്‍ കുറിച്ചിരുന്നു. ഹിന്ദി സിനിമയിലെ പ്രശസ്തനായ പ്രേംചോപ്രയെപ്പോലെ വ്യത്യസ്തമായ സ്വാഭാവിക അഭിനയരീതി മോഹന്‍ലാലില്‍ കാണാനായി. ഒരിക്കല്‍ ആലുവ പാലസിനടുത്തുകൂടി ബൈക്കില്‍ സഞ്ചരിക്കവേയാണ് മോഹന്‍ലാലിനെയും ഒപ്പം മണിയന്‍പിള്ള രാജുവിനെയും ആദ്യമായി കാണുന്നത്. അന്ന് അവിടെ കെ. സേതുമാധവന്‍ സംവിധാനം ചെയ്ത അവിടുത്തെപ്പോലെ ഇവിടെയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. പിന്നീട് ദൗത്യം എന്ന ചിത്രത്തിലഭിനയിക്കുന്ന സമയത്ത് ഒട്ടേറെ ദിവസം ലാലേട്ടനൊപ്പം ഞാനും ലൊക്കേഷനിലുണ്ടായിരുന്നു. എല്ലാവരുമായും വളരെ സിമ്പിളായി ഇടപെടുന്ന ലാലേട്ടന്റെ പെരുമാറ്റം ഏറെ ആകര്‍ഷകമായി അനുഭവപ്പെട്ടു. എല്ലാവരുടെയും തോളില്‍ കൈയിട്ട് സ്നേഹത്തില്‍ സംസാരിക്കുന്ന ലാലേട്ടന്‍ നിമിഷങ്ങള്‍കൊണ്ടാണ് ക്യാമറയ്ക്കു മുമ്പില്‍ കഥാപാത്രമായി മാറുന്നത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത ഉള്ളടക്കം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി ഊട്ടിയില്‍ എത്തിയപ്പോഴാണ് കൂടുതല്‍ ദിവസങ്ങള്‍ ഒപ്പം ചെലവഴിക്കുന്നത്. ആ ചിത്രത്തിലെ ഫൈറ്റ് സീന്‍ മാസ്റ്ററെ ഒഴിവാക്കി ലാലേട്ടന്‍ തന്നെയാണ് ചെയ്തിരുന്നത്. ഇന്ന് ഏറെ ഉയരങ്ങളില്‍ എത്തിയിട്ടും നേരില്‍ കാണുമ്പോള്‍ പണ്ടു കണ്ട അതേ ലാളിത്യത്തോടെ മാത്രം ഇടപെടുന്ന ലാലേട്ടന് എന്റെ മനസ്സിലെ സ്ഥാനവും ഉയരത്തിലാണ്.
ഹിറ്റ്ലര്‍, കോബ്ര, ബോഡിഗാര്‍ഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ എന്റേത് വലിയ റോളല്ല. എന്നാല്‍ ജാലകം, നയം വ്യക്തമാക്കുന്നു, ലെസണ്‍സ്, ആകാശക്കോട്ടയിലെ സുല്‍ത്താന്‍, ജീവന്‍ മശായി, ഡഫേദാര്‍, റേഡിയോ, തുരീയം, ഉള്ളടക്കം, നിര്‍ണ്ണായകം, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, രണ്ട് തുടങ്ങിയവയില്‍ പ്രധാന വേഷങ്ങളായിരുന്നു അഭിനയിച്ചത്. ഞാനും സന്തോഷ് കീഴാറ്റൂരും മീരാ വാസുദേവും അഭിനയിച്ച ലെസണ്‍സ് എന്ന ചിത്രത്തിലെ കഥാപാത്രവും എനിക്ക് ഏറെ സംതൃപ്തി നല്‍കിയിട്ടുണ്ട്. പ്രശസ്ത മേക്കപ്പ്മാനായ പട്ടണം റഷീദാണ് ലെസണ്‍സ് എന്ന ചിത്രത്തില്‍ എനിക്കു ചമയമൊരുക്കിയത്.
2015-ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും കോണ്ടാക്ട് അവാര്‍ഡും 'നോട്ടീസുവണ്ടി' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് എനിക്കു ലഭിച്ചിരുന്നു. ഡഫേദാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡും, ബിനുലാല്‍ ഉണ്ണി എഴുതി, സുജിത് ലാല്‍ സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രണ്ടിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഏതായാലും സിനിമയെന്ന കലാമേഖലയില്‍ ഞാന്‍ തൃപ്തനാണ്. ഇക്കാലത്ത് സിനിമയിലെത്താന്‍ എളുപ്പമാണ്. എന്നാല്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അതു വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ട സെല്‍ഫ് മാര്‍ക്കറ്റിംഗ് ബിസിനസ്സുകൂടിയാണ്. എനിക്കാണെങ്കില്‍ പണ്ട് മുന്‍കോപം കൂടുതലും ക്ഷമ കുറവുമായിരുന്നു. ഇപ്പോള്‍ മുന്‍കോപം മാറി എനിക്ക് കൂടുതല്‍ പക്വത വന്നിട്ടുണ്ടെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്.
അടിസ്ഥാനപരമായി മിമിക്രി ലോകത്തുനിന്നും സിനിമയിലെത്തിയതുകൊണ്ട് ആദ്യകാലത്ത് ഹ്യൂമര്‍ കഥാപാത്രങ്ങളായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ കാത്തിരിക്കുന്നത് ശക്തമായ അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ക്കായാണ്. ചില സിനിമകളില്‍ അത്തരം വേഷങ്ങള്‍ ആഗ്രഹംപോലെ ലഭിക്കാറുമുണ്ട്. ഏതൊക്കെയോ എഴുത്തുകാര്‍ തന്റെ പേനത്തുമ്പിലൂടെ ഞാനവതരിപ്പിക്കേണ്ട നല്ല വേഷങ്ങള്‍ എവിടെയോ ഇരുന്ന് എഴുതുന്നുണ്ടെന്നു വിശ്വസിക്കുന്നു. എല്ലാം ദൈവനിശ്ചയംപോലെ നടക്കും.
Content Highlights: kalabhavan rahman column kalabhavan diaries early film career
Published: 13 Sept 2024, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented