രിക്കും വഴുക്കുന്ന പ്രതലത്തിലാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിൽക്കുന്നത്. ഒന്നിനു പിറകെ മറ്റൊന്നായി സതീശന്റെ ചുവടുകൾ പതറുകയും തെന്നുകയും ചെയ്യുന്നു. കരുതലെടുത്തില്ലെങ്കിൽ ഇക്കഴിഞ്ഞ മേയ് മാസത്തിൽ കേരളത്തിലെ ജനങ്ങൾ നൽകിയ ആ വമ്പൻ വിജയത്തിന്റെ പ്രഭാവലയം മങ്ങിയില്ലാതാവാൻ അധികസമയം വേണ്ടിവരില്ല. ഒരു നിലപാടെടുത്താൽ ആ നിലപാടിൽ ഉറച്ചുനിൽക്കണം. നിലപാടിൽനിന്ന് മാറണമെങ്കിൽ അതിന് കൃത്യമായ കാരണമുണ്ടായിരിക്കണം. അഭിപ്രായം ഇരുമ്പുലയ്ക്കയല്ലെന്നും പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ തിരുത്തണമെന്നും സി.വി. കുഞ്ഞിരാമൻ പണ്ട് പറഞ്ഞത് ഈ അർത്ഥത്തിലാണ്. നിലപാടുകളിൽ ഉറച്ചുനിൽക്കേണ്ടത് എങ്ങിനെയാണെന്നുള്ളതിന് രണ്ട് മുഖ്യമന്ത്രിമാരുടെ ജീവിതത്തിൽനിന്നുളള ദൃഷ്ടാന്തങ്ങൾ ഇവിടെ കൊടുക്കുന്നു.

To advertise here,

1968 ജനുവരിയിലാണ് തമിഴ്നാട്ടിൽ അണ്ണാ ദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ മന്ത്രിസഭ ദ്വിഭാഷാ പദ്ധതി നടപ്പാക്കിയത്. അതോടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്‌കൂളുകളിൽനിന്ന് ഹിന്ദി പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. എൻസിസി (നാഷണൽ കേഡറ്റ് കോപ്സ്)യിൽ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും തമിഴകത്ത്് ഇനി ഉപയോഗിക്കില്ലെന്നും അവ ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബ്ബന്ധം ചെലുത്തിയാൽ എൻസിസി സംസ്ഥാനത്ത് പിരിച്ചുവിടണമെന്നും നിയമസഭ പ്രമേയം പാസ്സാക്കി.

എൻസിസിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണമെന്ന ആവശ്യവുമായി ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ മദ്രാസിലെത്തി അണ്ണായെ കണ്ടു. ഹിന്ദി വാക്കുകളുമായി എൻസിസിക്ക് തമിഴകത്ത് പ്രവർത്തിക്കാനാവില്ലെന്നും അങ്ങിനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒറ്റവഴിയേ ഉള്ളുവെന്നും അണ്ണാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനോട് പറഞ്ഞു. അതേത് വഴിയാണെന്ന് ആശ്ചര്യപ്പെട്ട ഉദ്യോഗസ്ഥനോട് അണ്ണാ പറഞ്ഞു: ''എന്നെ പുറത്താക്കണം.''

നിലപാടിന്റെ രാഷ്ട്രീയം

രണ്ടാമത്തെ ഉദാഹരണം വി.എസ്. അച്യുതാനന്ദന്റെ ജീവിതത്തിൽനിന്നാണ്. തിരുവനന്തപുരത്തെ ടെക്നൊപാർക്കിന്റെ പ്രഥമ സിഇഒ ജി. വിജയരാഘവന്റെ ആത്മകഥയിൽനിന്നുള്ള വിവരണമാണിത്. സീഗേറ്റ് എന്ന ബഹുരാഷ്ട്ര കമ്പനി ടെക്നൊപാർക്കിൽ തങ്ങളുടെ ശാഖ തുറക്കാൻ തീരുമാനിക്കുന്നു. അവർക്ക് ഒരേയൊരു വ്യവസ്ഥയേയുള്ളു. കമ്പനിയിൽ പണിമുടക്കുണ്ടാവരുത്. എ.കെ. ആന്റണിയാണ് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. ഐടിഐ പാസ്സായ അയ്യായിരം പെൺകുട്ടികൾക്ക് തൊഴിൽ കിട്ടുന്ന പരിപാടിയാണെന്ന് കേട്ടപ്പോൾ ആന്റണി സമ്മതം മൂളി. പക്ഷേ, സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാരെക്കൂടി കാണണമെന്ന് വിജയരാഘവനോടും കൂട്ടരോടും ആന്റണി പറഞ്ഞു.

എ.കെ.ജി. സെന്ററിൽ പോയി ഇ.കെ. നായനാരെ വിജയരാഘവനും കമ്പനി അധികൃതരും കാണുന്നു. ആയുഷ്‌കാലത്തേക്ക് മുഴുവൻ പറ്റില്ലെന്നും ഒരു പത്ത് കൊല്ലത്തേക്ക് വേണമെങ്കിൽ നോക്കാമെന്നും നായനാർ നിലപാടെടുക്കുന്നു. ഒന്ന് വി.എസിനെക്കൂടി കണ്ട് സംസാരിക്കണമെന്നും വിജയരാഘവനോടും കൂടെയുള്ളവരോടും നായനാർ പറയുന്നു. വി.എസ്. അന്ന് പ്രതിപക്ഷ നേതാവാണ്. വിജയരാഘവനും സംഘവും വി.എസിനെ കാണുന്നു. സാധാരണ തൊഴിലാളികൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും നൽകാമെന്നും എന്നാൽ പണിമുടക്ക് മാത്രം പറ്റില്ലെന്നും കമ്പനി അധികൃതർ വി.എസിനോട് പറയുന്നു.

വി.എസിന്റെ മറുപടി കൃത്യമായിരുന്നു. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ആർക്കും അടിയറ വെയ്ക്കാനാവില്ല. അങ്ങിനെയൊരു നിർദ്ദേശത്തിന് വഴങ്ങുന്ന പ്രശ്നമേയില്ല. സീഗേറ്റ് ടെക്നൊപാർക്കിലേക്ക് വന്നില്ല. അവർ ചൈനയിലേക്ക് പോയെന്ന് വിജയരാഘവൻ പറയുന്നു. വി.എസിന്റെ കർശന നിലപാട് കേരളത്തിന്റെ വികസനത്തിന് വിഘാതമായെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടാവാം. വ്യാവസായിക വികസനം അല്ല തൊഴിലാളികളുടെ അവാശ നിഷേധമാണ് വി.എസ്. തടഞ്ഞത്. അതൊരു നിലപാടാണ്. താൻ പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാട്.

പിഎം ശ്രീയിലെ വീഴ്ച്ച

പിഎം ശ്രീയിൽ സതീശൻ സർക്കാർ തെന്നിവീഴുന്നത് ഇത്തരമൊരു നിലപാടിന്റെ അഭാവത്തിലാണ്. പിഎം ശ്രീക്കും നവ വിദ്യാഭ്യാസ നയത്തിനും (എൻഇപി) എതിരെ കോൺഗ്രസും ഇടതുപക്ഷവും നിലപാടെടുത്തത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ ദർശനം തള്ളിപ്പറഞ്ഞ് പിഎം ശ്രീയിൽ പിണറായി വിജയൻ സർക്കാർ ഒപ്പിട്ടതിനെ അതിനിശിതമായി വിമർശിച്ചവരാണ് സതീശനും സഹപ്രവർത്തകരും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കുന്ന നവ വിദ്യാഭ്യാസ പദ്ധതി ഹിന്ദുത്വ പ്രത്യയശാസ്ത്ത്രിന്റെ ഒളിച്ചുകടത്തലാണെന്ന രാഹുൽഗാന്ധിയുടെ നിലപാടാണ് സതീശൻ ഏറ്റുപറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ഒരു വിഷയമായിരുന്നു. യുഡിഎഫിന് കിട്ടിയ ജനസമ്മതി ഈ വിഷയത്തിലുള്ള നിലപാടിന് കിട്ടിയ അംഗീകാരം കൂടിയായിരുന്നു. അങ്ങിനെ വരുമ്പോൾ പിഎം ശ്രീയിൽ സതീശൻ സർക്കാരിന് കൂടുതൽ എന്തെങ്കിലും ആലോചിക്കേണ്ട കാര്യമുണ്ടോ? ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം കിട്ടുന്നതിന് ഉപസമിതിയെ നിയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? വെളിച്ചമില്ലാതെയാണോ നേരത്തെ പിണറായി സർക്കാരിന്റെ മെക്കിട്ട് കയറിയത്? പിഎം ശ്രീയോടുള്ള എതിർപ്പ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്ന് ഉടലെടുക്കുന്നതാണെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്.

അതൊരു രാഷ്ട്രീയ വീക്ഷണമാണ്. അത് മാറണമെങ്കിൽ കോൺഗ്രസിന്റെ കാഴ്ചപ്പാട് മാറണം. അങ്ങിനെ ഒരു മാറ്റം എവിടെയുമുണ്ടായിട്ടില്ല. അപ്പോൾ പിന്നെ കേന്ദ്ര സർക്കാരിന് മാത്രമേ ഈ കരാറിൽനിന്ന് പിന്മാറാൻ ആവുകയുള്ളു എന്ന അഴകൊഴമ്പൻ നിലപാടിലേക്ക് എന്തിനാണ് യുഡിഎഫ് സർക്കാർ എത്തിയത്? പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിന്മാറാമെന്നും പിന്മാറിയാൽ ഫണ്ട് ലഭിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയത്. ശരിക്കും മുഖമടച്ചുള്ള പ്രഹരമായിരുന്നു അത്.

ഹെലിക്കോപ്റ്റർ വിവാദം

ഈ പ്രഹരത്തിന്റെ ക്ഷീണം മാറും മുമ്പേ സതീശൻ ഹെലിക്കോപറ്റ്റിന് തലവെച്ചു കൊടുത്തു. പിണറായി സർക്കാർ ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്തതിനെതിരെ വലിയ വിമർശമാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ ഉന്നയിച്ചിരുന്നത്. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ ഹെലിക്കോപ്റ്റർ ഉപയോഗിച്ചെന്നും ഇതൊരു അക്ഷന്തവ്യമായ തെറ്റായിരുന്നെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

അസുഖ ബാധിതനായ സ്വന്തം ഭാര്യാപിതാവിനെ കാണാൻ ഇതേ ഹെലിക്കോപറ്ററിൽ കയറി മുഖ്യമന്ത്രി സതീശൻ പോയി എന്ന വാർത്ത യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനലക്ഷങ്ങളെ ഒട്ടും തന്നെ സന്തോഷിപ്പിക്കുന്നതല്ല. സെപ്റ്റംബർവരെ ഹെലിക്കോപറ്ററുമായി ബന്ധപ്പെട്ട വാടക കരാറിന് കാലാവധിയുണ്ടെന്നും അതുകൊണ്ട് ഹെലിക്കോപറ്റർ ഉപയോഗിച്ചതിൽ തെറ്റൊന്നുമില്ലെന്നുമാണ് സതീശൻ പറയുന്നത്.

പിണറായി സർക്കാർ ഒരു തെറ്റ് ചെയ്തു എന്ന് പറയുകയും എന്നാൽ ആ തെറ്റിന്റെ കാലാവധി കഴിഞ്ഞിട്ടില്ലത്തതിനാൽ ആ തെറ്റ് ഏറ്റെടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് സതീശന്റെ വാദം. എന്തൊരു ന്യായീകരണമാണിത്! പിണറായിയുടെ അകമ്പടി വഹനങ്ങൾ ഇപ്പോഴും സർക്കാരിന്റെ അധീനതയിൽ ഇല്ലേ? ആ അകമ്പടി വാഹനങ്ങൾ വേണ്ടെന്നുവെച്ചത് ഒരു നിലപാടിന്റെ പുറത്താണെങ്കിൽ ഹെലിക്കോപറ്റ്റും വേണ്ടെന്നുവെയ്ക്കാൻ കഴിയണം.

നിക്ഷേപകർ വരേണ്ടത്

ഭാര്യാ പിതാവിനെ കാണാനല്ല, നിക്ഷേപകരെ കാണാനാണ് താൻ കൊച്ചിക്ക് ഹെലിക്കോപറ്റ്റിൽ പറന്നതെന്നാണ് സതീശന്റെ മറ്റൊരു വാദം. ഈ നിക്ഷേപകർ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെ കണ്ടുവെന്നും അതുകൊണ്ട് അതിവേഗത്തിൽ അവരെ കണ്ടില്ലെങ്കിൽ നിക്ഷേപം തമിഴ്നാട്ടിലേക്ക് പോയേക്കുമെന്നുള്ള ആശങ്കയും സതീശൻ പങ്കുവെയ്ക്കുന്നു. മുഖ്യമന്ത്രി സതീശൻ മനസ്സിലാക്കേണ്ട ഒരു കാര്യം തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിക്ഷേപകരെ കാണുന്നത് ചെന്നൈയിൽ അദ്ദേഹത്തിന്റെ ഓഫീസിൽവെച്ചാണ്.

കരുണാനിധിയോ ജയലളിതയോ ഒരിക്കലും നിക്ഷേപകരെ അവരുടെ സൗകര്യാർത്ഥം അവർക്ക് താൽപര്യമുള്ള ഇടത്ത് പോയി കണ്ടിരുന്നില്ല. മുഖ്യമന്ത്രി മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയെ കാണേണ്ടവർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരണമെന്നും അവർക്കറിയാമായിരുന്നു. ഏത് നിക്ഷേപകരെയാണ് കണ്ടതെന്ന് വി.ഡി.എസ്. ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കപ്പൽ നിർമ്മാണശാലയ്ക്കായി പതിനായിരം കോടി രൂപ ടാറ്റ മുതൽമുടക്കുമെന്ന് പറഞ്ഞത് പെട്ടെന്നുതന്നെ തിരുത്തിപ്പറയേണ്ടി വന്നതിന്റെ ജാള്യമാവാം ചിലപ്പോൾ കൊച്ചിയിലെ നിക്ഷേപക കൂടിക്കാഴ്ചയ്ക്ക് മേൽ വ്യക്തത വരുത്തുന്നതിൽനിന്നു സതീശനെ തടയുന്നത്. വിഴിഞ്ഞം പദ്ധതി ചർച്ചചെയ്യാൻ അദാനിയും കൂട്ടരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് വന്നതെന്ന ചരിത്രവും ഈ ഘട്ടത്തിൽ സതീശൻ ഓർക്കണം.

പ്രളയവും യുഡിഎഫ് സർക്കാരും

തീർത്തും അപ്രതീക്ഷിതമായി മറ്റൊരു പ്രളയദുരന്തമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായത്. ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ടയിൽ രണ്ട് മണിക്കൂറിൽ 30 സെന്റിമീറ്റർ മഴയുണ്ടായി. ഇത്രയും മഴ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്താൽ വെള്ളപ്പൊക്കമുണ്ടാവുന്നതിൽ അത്ഭുതമില്ല. ഇത്രയധികം മഴ പെയ്തേക്കുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള സംവിധാനം നമ്മുടെ കാലാവസ്ഥാ നിരീക്ഷണ വകുപ്പുകൾക്കില്ല എന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ പൊടുന്നനെയുണ്ടാവുന്ന പ്രളയം നാശം വിതയ്ക്കുമ്പോൾ അതിനെ നേരിടാനുള്ള സംവിധാനം സജ്ജമാക്കുകയാണ് വേണ്ടത്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിക്കണം.

പക്ഷേ, മുഖ്യമന്ത്രി സതീശൻ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വടക്കൻ ജില്ലകളിലായിരുന്നു. പ്രളയവിവരം കിട്ടിയാൽ സ്വാഭാവികമായും മുഖ്യമന്ത്രി ദുരാിതാശ്വാസ നടപടികൾക്കാണ് മുൻഗണന നൽകേണ്ടത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും അവിടെയിരുന്നുകൊണ്ട് ദുരാതാശ്വാസ നടപടികൾ ഏകോപിപ്പിക്കാൻ ഇന്നിപ്പോൾ സംവിധാനങ്ങളുണ്ട്. എന്നാൽ, അങ്ങിനെ ഒരു നീക്കം മുഖ്യമന്ത്രി സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമർശമാണ് ഉയരുന്നത്.

മലപ്പുറത്ത് ഒരു വീട്ടിൽ വിഭവസമൃദ്ധമായ ഉച്ചയൂണിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തിയതായും വാർത്ത വന്നു. തനിക്ക് ഭക്ഷണം കഴിക്കേണ്ടേ എന്നാണ് ഇതെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സതീശൻ മറുപടിയായി ചോദിച്ചത്.

മുഖ്യമന്ത്രി മനുഷ്യനാണ്. ജീവനുള്ളവർക്കൊക്കെതന്നെ വെള്ളവും ഭഷണവും അനിവാര്യമാണ്. പക്ഷേ, ഔചിത്യം എന്നൊരു സംഗതിയുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വീടും കുടിയും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് നീങ്ങുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുകയായിരുന്നു എന്നത് ഒട്ടും തന്നെ ആഹ്ലളാദകരമായ വാർത്തയല്ല. വി.ഡി. സതീശനെപ്പോലൊരു മുഖ്യമന്ത്രിയിൽനിന്ന് ഇത്തരമൊരു സമീപനമല്ല കേരളം പതീക്ഷിക്കുന്നത്. പ്രിയപ്പൈട്ട വി.ഡി.എസ്., താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഏതെങ്കിലും കടയുടെ ബ്രാൻഡ് അംബാസഡർ അല്ല.

ജനാധിപത്യത്തിന്റെ പാഠങ്ങൾ

പി.വി. അൻവറിന്റെ കാര്യത്തിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിലും സുവ്യക്തവും സുദൃഡവുമായ നിലപാടുകൾ എടുത്ത സതീശൻ കേരളത്തിന്റെ ഓർമ്മയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് തയ്യാറാണെന്ന് പറഞ്ഞ സതീശനും വിദൂരദൃശ്യമല്ല. നിലപാടുകൾ ഉള്ള ഒരു നേതാവ് എന്ന പ്രതിച്ഛായയിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഡി. സതീശൻ കേരളത്തിലെ ജനങ്ങളുടെ മനസ്സിലേക്ക് കുടിയേറിയത്.

പ്രളയ ദുരന്തത്തിനിടയിൽ വിരുന്നുകളിൽ പങ്കെടുത്തും പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർത്തും ഈ പ്രതിച്ഛായ കളഞ്ഞുകുളിക്കാനാണ് സതീശന്റെ ഭാവമെങ്കിൽ ഹാ കഷ്ടം എന്ന് മാത്രമേ പറയാനാവുകയുള്ളു.

ഉള്ളിലേക്കെടുക്കുന്നതുപോലെ തന്നെ പുറത്തേക്ക് വലിച്ചെറിയാനും ജനങ്ങൾക്ക് അധികം സമയമൊന്നും വേണ്ട എന്നതാണ് ജനാധിപത്യത്തിന്റെ പാഠങ്ങളിൽ ഒന്ന്. ഒരു മുഖ്യമന്ത്രിയും ഒരു ജനനേതാവും ഒരിക്കലും മറക്കരുതാത്ത പാഠം!

വഴിയിൽ കേട്ടത്: 1995 മുതൽ ബിഹാറിൽ ബിജെപിയുടെ കോട്ടയായിരുന്ന ബങ്കിപ്പുർ പിടിച്ചെടുത്ത് ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ. ലക്ഷണങ്ങളും സൂചനകളും പകൽപോലെ വ്യക്തമാണ്. വിശ്വസനീയമായ ബദലുണ്ടെങ്കിൽ ജനം ബിജെപിയെ നിരാകരിക്കാൻ തയ്യാറാണ്!