പാറ്റകളും കൂറകളും എന്തു ചെയ്യാനാണെന്ന് ചോദിച്ചവർ ഇപ്പോൾ മിണ്ടാട്ടം മുട്ടിനിൽപ്പാണ്. ഒരിക്കലും ഇളകില്ലെന്ന് വിചാരിച്ച കോട്ടകളും കൊത്തളങ്ങളും ആടിയുലയുകയാണ്. ജന്തർ മന്തറിൽനിന്ന് അലയടിച്ചുയർന്ന പ്രതിഷേധത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ കസേരവരെ തെറിച്ചേക്കുമെന്ന തിരിച്ചറിവിലാവാം ഒടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കുരുതികൊടുക്കാൻ ബി.ജെ.പി. നേതൃത്വവും നരേന്ദ്ര മോദി സർക്കാരും തയ്യാറായത്. 1962-ലെ വി.കെ. കൃഷ്ണമേനോന്റെ രാജി ഓർക്കുന്നില്ലേ! ഇന്തോ- ചൈന യുദ്ധത്തിന്റെ പ്രത്യാഘാതത്തിൽ രാഷ്ട്രം ഉലഞ്ഞപ്പോൾ അന്നത്തെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ രാജിക്കായി മുറവിളി ഉയർന്നു. ആത്മസുഹൃത്തിനെ ബലിയാടാക്കാൻ പ്രധാനമന്ത്രി നെഹ്രുവിന് മനസ്സുണ്ടായിരുന്നില്ല. പക്ഷേ, കോൺഗ്രസിന്റെ അകത്തളങ്ങളിൽ പ്രതിഷേധം ശക്തമായി. മഹാവിർ ത്യാഗി എം.പി. നെഹ്രുവിന്റെ മുഖത്ത് നോക്കി പറഞ്ഞു: ''കൃഷ്ണമേനോൻ രാജി വെയ്ക്കുന്നില്ലെങ്കിൽ പാർട്ടി താങ്കളുടെ രാജി ആവശ്യപ്പെടും.'' കൃഷ്ണമേനോന്റെ രാജിക്ക് പിന്നെ അധികം താമസമുണ്ടായില്ല.

To advertise here,

ബി.ജെ.പി. പക്ഷേ, കോൺഗ്രസ് അല്ല. ഉൾപാർട്ടി ജനാധിപത്യം ബി.ജെ.പിയുടെ നിഘണ്ടുവിൽ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തുനോക്കി പ്രധാൻ അല്ലെങ്കിൽ പ്രധാനമന്ത്രി എന്ന്് പറയാൻ ചങ്കൂറ്റമുള്ള ഏതെങ്കിലും എം.പി. ബി.ജെ.പിയിലുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയും സർക്കാരിലെ അധികാരത്തിനുള്ളിലെ അധികാര കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന അമിത് ഷായുടെ വിശ്വസ്തരിൽ ഒരാളാണ് ധർമ്മേന്ദ്ര പ്രധാൻ. അതുകൊണ്ടാണ് പ്രധാന്റെ രാജി വൈകിയതെന്ന നിരീക്ഷണമുണ്ട്. പ്രധാൻ രാജി വെയ്ക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന് ദേശീയ സുരകഷാ ഉപദേഷ്ടാവ് അജിത് ദോവൽ ചിലപ്പോൾ സൂചിപ്പിച്ചിരിക്കാം. എന്തായാലും ഒടുവിൽ പ്രധാന്റെ രാജിയുണ്ടായി. രാജ്യത്തിന്റെ വിശാല താൽപര്യങ്ങൾക്കായി രാജിവെയ്ക്കുകയാണെന്നാണ് പ്രധാൻ പറഞ്ഞത്. താൻ ഉദ്ദേശിച്ച വിശാല താൽപര്യങ്ങൾ എന്താണെന്ന് ജീവിതത്തിന്റെ സായാഹ്നവേളകളിലൊന്നിൽ ഒരവസരം കിട്ടിയാൽ പ്രധാൻ തുറന്നു പറഞ്ഞേക്കാം.

ഭയരഹിതരായി സി.ജെ.പി.

ഇതാദ്യമായിട്ടാണ് മോദി ഭരണകൂടം ഒരു തെറ്റ് സമ്മതിച്ച് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവർ, ശരിയുടെ ആയുഷ്‌കാല പാട്ടം വരദാനമായി കിട്ടിയവർ എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടായിരുന്നു ഇക്കാലമത്രയും മോദി സർക്കാർ ഭരിച്ചിരുന്നത്. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് മോദി സർക്കാരിന് അടിപതറിയത്. 2021 നവംബറിൽ കാർഷിക നിയമം പിൻവലിക്കേണ്ടി വന്നപ്പോൾ. അന്നുപോലും കാർഷിക നിയമങ്ങൾ തെറ്റാണെന്ന് മോദി ഭരണകൂടം സമ്മതിച്ചിരുന്നില്ല. അന്നത്തെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമറിന് രാജി വെയ്ക്കേണ്ടി വന്നില്ല. നല്ല ഉദ്ദേശ്യത്തോടെയാണ് കൊണ്ടുവന്നതെങ്കിലും ഒരു വിഭാഗം കർഷകരെ അത് ബോദ്ധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും അതിനാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നുമാണ് 2021 നവംബറിൽ പ്രധാനമന്ത്രി മോദി പറഞ്ഞത്. പക്ഷേ, ഇന്നിപ്പോൾ പ്രക്ഷോഭകരുടെ പ്രധാന ആവശ്യത്തിന് മുന്നിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ മോദി സർക്കാരിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നു.

കള്ളപ്രചാരണങ്ങൾ നടത്തിയും വെറുപ്പ് ഉത്പാദിപ്പിച്ചും വർഗീയത പടർത്തിയും ഭരണകൂട ഏജൻസികളെ ഉപയോഗിച്ചുമാണ് ഇത്രയും കാലം വിവിധ പ്രക്ഷോഭങ്ങളെ ഭരണകൂടം നേരിട്ടിരുന്നതെന്ന ആരോപണം ഒരു ഭാഗത്തുണ്ട്. പക്ഷേ, കർഷകരുടെ മുന്നിലും വിദ്യാർത്ഥികളുടെ മുന്നിലും അതു വിലപ്പോയില്ല. അലമാരകളിൽ അസ്ഥികൂടങ്ങളില്ലാത്ത കർഷകരും വിദ്യാർത്ഥികളും ഇ.ഡിയേയും സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും കൂസാതെ തല നിവർത്തിപ്പിടിച്ചു നിന്നു.

പെല്ലറ്റുകളും ആണി തറച്ച ലാത്തികളും ജന്തർ മന്തറിലെ പ്രക്ഷോഭകരെ പേടിപ്പിച്ചില്ല. അവർ ഭയരഹിതരായിരുന്നു. ധാർമ്മികതയുടെ പിൻലബലത്തിലാണ് അവർ പാർലമെന്റിലേക്ക് മാർച്ച് ചെയ്തത്. ആശയവിനിമയ മേഖലയിലെ സാങ്കേതികവിപ്ലവം അവർക്ക് തുണയായി. ബി.ജെ.പിയുടെ വാട്സാപ്പ് പ്രചാരണത്തെ യുവാക്കൾ ഇൻസ്റ്റ കൊണ്ട് മറികടന്നു. ബി.ജെ.പിയുടെയും മോദിയുടെയും ഭക്തരായ ഒരു തലമുറ അവരുടെ മക്കൾ യുക്തിയുടെയും സത്യത്തിന്റെയും കവചകുണ്ഡലങ്ങൾ അണിഞ്ഞ് നീതിക്കായി പുതിയ കപ്പൽ ചാലുകൾ കീറുന്നത് കണ്ട് അന്ധാളിക്കുകയും അമ്പരക്കുകയും ചെയ്തു.

നികൃഷ്ടജന്മങ്ങൾ

താനായിരുന്നു ജന്തർ മന്തർ പ്രതിഷേധം കൈകാര്യം ചെയ്തിരുന്നതെങ്കിൽ തെരുവിൽ ശവങ്ങൾ വീഴുമായിരുന്നുവെന്നാണ് ഒരു സംഘപരിവാർ സഹയാത്രികൻ കേരളത്തിലിരുന്ന് പറഞ്ഞത്. അയാളുടെ പേര് പറയാത്തത് നികൃഷ്ടജന്മങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് നിർബ്ബന്ധമുള്ളതുകൊണ്ടാണ്. നാസി ഭരണകൂടത്തിൽ സാധാരണ മനുഷ്യർവരെ കൊടുംവെറുപ്പിന്റെ വിഷം വമിപ്പിച്ചിരുന്നു.

തങ്ങളോട് യോജിക്കാത്തവരെ, തങ്ങൾക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള പോംവഴി. ഒരു സമൂഹത്തെ മൊത്തത്തിൽ വിഷലിപ്തമാക്കുന്ന പ്രത്യയശാസ്ത്ര പദ്ധതിയുടെ വിജയമാണത്. അതിന്റെ ലക്ഷണമാണ് കേരളത്തിൽനിന്നുള്ള ഈ നവനാസിയുടെ വാക്കുകളിലുണ്ടായത്. രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷാ വിധിയിൽനിന്ന് രക്ഷപ്പെടാൻ ഈ നീചർക്കാവില്ലെന്ന് കേരളത്തിലെ ഭരണകൂടം ഉറപ്പുവരുത്തേണ്ടതുണ്ട്.

2022-ൽ യു.പി., പഞ്ചാബ് തിരഞ്ഞെടുപ്പകൾ അടുത്തിരിക്കെ ആണ് 2021 നവംബറിൽ മോദി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത്. സമാനമായൊരു പശ്ചാത്തലം പ്രധാന്റെ രാജിക്കുമുണ്ട്. അടുത്ത വർഷമാണ് യു.പിയിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്വപ്നങ്ങളത്രയും പാളിയ ഇടമാണ് യു.പി. 80 ലോക്സഭാ സീറ്റുകളിൽ 33 ഇടങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2025-ൽ നൂറ് വയസ്സിലേക്കെത്തുമ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമായിരിക്കണം എന്ന സംഘപരിവാർ അജണ്ടയ്ക്കേറ്റ കനത്ത പ്രഹരമായിരുന്നു യു.പിയിലെ ലോക്സഭാ ഫലം. മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട് ലോക്സഭയിൽ കേവല ഭൂരിപക്ഷം പോലുമില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്കാണ് ബി.ജെ.പി. എത്തിച്ചേർന്നത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കിണാശ്ശേരി പക്ഷേ, അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷായും സംഘവും ഉണർന്ന് പ്രവർത്തിച്ചു. ഹരിയാനയും മഹാരാഷ്ട്രയും ബിഹാറും ബംഗാളും ബി.ജെ.പി. കൈപ്പിടിയിലാക്കി. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ.) ബി.ജെ.പിയുടെ കയ്യിൽ രാഷ്ട്രീയ ആയുധമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂടത്തിന്റെ തുടർച്ചയായി. ഇതുകൊണ്ടൊന്നും അരിശം തീരാതെയാണ് സംസ്ഥാനങ്ങളിലെ പ്രബല പാർട്ടികൾക്കുനേരെ ബി.ജെ.പി. തിരിഞ്ഞത്. പ്രാദേശിക പാർട്ടികളുടെ ഉന്മൂലനത്തിലൂടെ ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്കെത്താമെന്ന തന്ത്രമായിരുന്നു ഈ നീക്കത്തിന് പിന്നിൽ. എ.എ.പിയുടെയും ഉദ്ദവ് ശിവസേനയുടെയും തൃണമൂൽ കോൺഗ്രസിന്റെയും എം.പിമാർ വൻതോതിൽ ബി.ജെ.പിയിലേക്കെത്തി. തിരഞ്ഞെടുപ്പിൽ ജയിക്കാതെ പാർലമെന്റിൽ അധീശത്വം ഉറപ്പാക്കുന്ന കലാപരിപാടി. പട്ടാപ്പകൽ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നത് കണ്ട് സ്തംഭിച്ച് നിൽക്കാനേ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിപക്ഷത്തിന് കഴിഞ്ഞുള്ളു.

മഹാരാഷ്ട്രയിൽ എൻ.സി.പിയുടെ ഇരുവിഭാഗങ്ങൾ ഒന്നിക്കുമെന്നും ലയനശേഷം ആ പാർട്ടി എൻ.ഡി.എ. ക്യാമ്പിലേക്കായിരിക്കും യാത്രയെന്നും റിപ്പോർട്ടുകൾ വന്നു. ലോക്സഭയിൽ 362 എം.പിമാരുടെ പിന്തുണയായായാൽ രണ്ടിൽ മൂന്ന് ഭൂരിപക്ഷമായി. ടി.എം.സിയേയും ഉദ്ദവിന്റെ ശിവസേനയേയും പിളർത്തിയതോടെ എൻ.ഡി.എയ്ക്ക് 329 സീറ്റുകളുടെ പിൻബലമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 33 എം.പിമാരെക്കൂടി തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവന്നാൽ ലോക്സഭാ മണ്ഡല പുനർ നിർണ്ണയ ഭേദഗതി ഉൾപ്പെടെയുള്ള നിർണ്ണായക ബില്ലുകൾ നിയമമാക്കാൻ ബി.ജെ.പിക്ക് കഴിയും. അതോടെ ഹിന്ദി ബെൽറ്റിൽനിന്ന് മാത്രം ഭൂരിപക്ഷം നേടിയാൽ ഇന്ത്യ ഭരിക്കാമെന്ന അവസ്ഥയുണ്ടാവും. ഈ കിണാശ്ശേരിയിലേക്കുള്ള യാത്രയ്ക്ക് ഡി.എം.കെ. ഉൾപ്പെടെ ശേഷിക്കുന്ന ചില പ്രബല പ്രതിപക്ഷ പാർട്ടികളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന ആലോചനയിലായിരുന്നു ബി.ജെ.പി.

അയോദ്ധ്യയിലെ കൊള്ള

ഈ ഘട്ടത്തിൽ രണ്ട് സംഭവവികാസങ്ങളുണ്ടായി. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയും കവർച്ചയുമായിരുന്നു ആദ്യത്തേത്. സംഘപരിവാറിന്റെ ഹിന്ദുത്വ പദ്ധതിയിൽ സവിശേഷ സ്ഥാനമാണ് അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളത്. ഒന്നുമില്ലായ്മയിൽനിന്ന് അധികാരത്തിലേക്കുള്ള പ്രയാണത്തിൽ ബി.ജെ.പിയെ ഇതുപോലെ സഹായിച്ച മറ്റൊരു പദ്ധതിയില്ല. പക്ഷേ, അവിടെനിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ബി.ജെ.പിയുടെ മുന്നോട്ടുള്ള സഞ്ചാരത്തിന് ഒട്ടുംതന്നെ പ്രോത്സാഹനം നൽകുന്നതല്ല.

അയോദ്ധ്യ ക്ഷേത്രത്തിലെ കൊള്ളയ്ക്ക് മറുപടി പറയാൻ ബി.ജെ.പി. ശരിക്കും വിയർക്കും. ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ ധർമ്മത്തേയും ക്ഷേത്രത്തേയും അവഹേളിക്കുന്നുവെന്നാണ് ആർ.എസ്.എസ്. നേതൃത്വം പ്രതികരിച്ചത്. ബാബറി മസ്ജിദ് തകർത്തവർ ആത്യന്തികമായി ക്ഷേത്രധനവും കൊള്ളയടിക്കുകയണെന്ന യാഥാർത്ഥ്യവുമായി മുഖാമുഖം നിൽക്കുന്ന ഹൈന്ദവ സമൂഹം വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് കണക്കു ചോദിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

അയോദ്ധ്യയിലെ വിഷമവൃത്തത്തിൽനിന്ന് രക്ഷപ്പെടാൻ പഴുതുകൾ നോക്കുന്നതിനിടയിലാണ് സി.ജെ.പിയുടെ പ്രതിഷേധമുണ്ടായത്. അവഗണിച്ചില്ലാതാക്കാൻ നോക്കിയെങ്കിലും സംഗതി പടർന്നങ്ങ് പന്തലിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കൾ മോദി സർക്കാരിനെതിരെ തെരുവിലിറങ്ങി. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന സ്വപ്നസാഫല്യത്തിലേക്ക് നീങ്ങുകയാണെന്ന് കരുതിയ ബി.ജെ.പിയുടെ അസ്തിവാരം ഉലയാൻ വലിയ താമസമുണ്ടായില്ല. തീകെടുത്താൻ വലിയ ആലോചനകളാണ് സംഘപരിവാർ നേതൃത്വം നടത്തിയത്. ഒടുവിൽ പ്രധാന്റെ കുരുതിയിൽ യുവാക്കളുടെ വെല്ലുവിളി താൽക്കാലികമായെങ്കിലും ശമിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. നേതൃത്വം ഇപ്പോഴുള്ളത്.

മതേതരത്വത്തിന്റെ വിജയം

പക്ഷേ, സി.ജെ.പി. പ്രക്ഷോഭം അങ്ങിനെയങ്ങ് അണഞ്ഞുപോവുന്ന താത്ക്കാലിക പ്രതിഭാസമല്ല. ഭാരതീയ കിസാൻ യൂണിയനുമായി ഭാവി പദ്ധതികൾ ചർച്ച ചെയ്യുകയാണ് നിലവിൽ സി.ജെ.പി. ഭാരവാഹികൾ. കർഷകരും യുവാക്കളും ഒന്നിക്കുന്ന ഒരു മുന്നണി ബി.ജെ.പിയുടെ ഉറക്കം കെടുത്തുമെന്നതിൽ സംശയമില്ല.

കർഷക പ്രതിഷേധം കത്തി നിൽക്കവെ 2021-ൽ മുസഫർ നഗറിൽ രാകേഷ് ടിക്കായത്തും കൂട്ടരും ഈശ്വർ അള്ളാ തേരേ നാം എന്ന് ഉദ്ഘോഷിച്ചത് ബി.ജെ.പി. മറന്നുകാണില്ല. വർഗ്ഗീയതയുടെ അടിപ്പലക ഇളക്കുന്ന നീക്കമാണ് അന്ന് കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് എന്തങ്കിലും ഒരു നിറം കൊടുക്കാമെങ്കിൽ അത് മതേതരത്വത്തിന്റെ നിറമായിരുന്നു. വർഗ്ഗീയതയെ പിണ്ഡംവെച്ച് പടിയടച്ചുകൊണ്ടാണ് യുവാക്കൾ സമരപാതയിലേക്ക് ഇറങ്ങിയത്. അതുകൊണ്ടുതന്നെ യുവാക്കളും കർഷകരും ഒന്നിക്കുന്ന ഒരു മുന്നേറ്റവും ബി.ജെ.പിക്ക് സ്വാഗതം ചെയ്യാനാവില്ല.

സി.ജെ.പി. പ്രക്ഷോഭത്തിന്റെ മുൻനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന നേഹ ബോറ കഴിഞ്ഞ ദിവസം  ഒരു കുറിപ്പിൽ എഴുതിയത് ഇങ്ങനെയാണ്: ''പരീക്ഷാ പേപ്പർ ചോർത്തുകയും പൊതുവിദ്യാഭ്യാസ നയങ്ങൾ തകർക്കുകയും ചെയ്യുന്ന സംവിധാനം ഒരു മന്ത്രിയെ മാറ്റിയതുകൊണ്ട് ഇല്ലാതാവില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ അടിത്തട്ടിൽ നിലയുറപ്പിച്ച് വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും നശീകരണത്തിനുമെതിരെയുള്ള മുന്നേറ്റങ്ങൾക്ക് രൂപം നൽകും. ഈ രാജി ഞങ്ങളുടെ പരമലക്ഷ്യമല്ല, മറിച്ച് സംഘടിതരായ വിദ്യാർത്ഥികൾക്ക് ജയിക്കാനാവുമെന്നും കൂടുതൽ വലിയ പോരാട്ടങ്ങൾ നടത്താനാവുമെന്നുമുള്ളതിന്റെ തെളിവാണ്.'' വരുംദിനങ്ങളിൽ ബി.ജെ.പി. നേരിടാനിരിക്കുന്ന വെല്ലുവിളികൾ നിസ്സാരമായിരിക്കില്ല എന്നു തന്നെയാണ് നേഹയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

തകരുന്ന സ്വപ്നങ്ങൾ

ടി.എം.സിയുടെയും എ.എ.പിയുടെയും ഉദ്ദവ് ശിവസേനയുടെയും പാർലമെന്റിലെ ഉന്മൂലനം പ്രതിപക്ഷത്തെ വിറളി പിടിപ്പിച്ചതിനിടയിലാണ് രക്ഷാദൂതരെപ്പോലെ സി.ജെ.പി. എത്തിയത്. എൻ.സി.പിയെ എൻ.ഡി.എ. ക്യാമ്പിലെത്തിക്കാനുള്ള ബി.ജെ.പിയുടെ നീക്കം പൊടുന്നനെ നിലച്ചതാണ് ഇതിന്റെ ആദ്യ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലൊന്ന്. അജയ്യവും അചഞ്ചലവുമാണ് ബി.ജെ.പി. എന്ന പ്രതീതി തകർന്നിരിക്കുന്നു. ധർമ്മേന്ദ്ര പ്രധാനെക്കൊണ്ട് രാജി വെപ്പിക്കാമെങ്കിൽ കൂടുതൽ വലിയ ബലികൾ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാക്കാനാവും എന്നൊരു ചിന്തയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ തിടംവെയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

ബി.ജെ.പിയുടെ ഭാവി അത്രകണ്ട് ശോഭനമല്ല എന്ന തോന്നൽ കോർപറേറ്റ് ശക്തികൾക്കും ഉണ്ടാവാൻ ഇടയുണ്ട്. തമിഴകത്ത് വിജയിന്റെ വിജയം മുൻകൂട്ടി കാണാതിരുന്നതിൽ ദുഃഖിക്കുന്ന കോർപറേറ്റ് മേധാവികൾ ചുരുക്കമല്ല. 2047-ൽ ഇന്ത്യ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അമരത്ത് ബി.ജെ.പി. ഉണ്ടാവണമെന്നില്ല എന്നൊരു സന്ദേശം കോർപറേറ്റ് വൃത്തങ്ങളിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അതിശയിക്കേണ്ട കാര്യമില്ല. നാലാം വട്ടവും അധികാരം പിടിച്ച് നെഹ്രുവിന്റെ റെക്കോഡ് തകർക്കുക എന്ന മോദിയുടെ ചിരകാല സ്വപ്നത്തിന് മുന്നിലാണ് സി.ജെ.പി. കോട്ട കെട്ടുന്നത്.

ലേശം വൈകിയായിരുന്നെങ്കിലും സമരമുഖത്തേക്കുള്ള രാഹുലിന്റെയും കോൺഗ്രസിന്റെയും വരവ് ഗംഭീരമായിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ നടത്തിയ പ്രസംഗവും ഉജ്ജ്വലമായി. ഒരു ചരിത്രനിമിഷം പിറക്കുമ്പോൾ അതിലെങ്ങിനെയാണ് ഉൾച്ചേരേണ്ടതെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നുണ്ട്. സി.ജെ.പിയെ പ്രതിപക്ഷ ഐക്യനിരയിലേക്ക് കൊണ്ടുവരാൻ രാഹുലിനായാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി. തിരഞ്ഞെടുപ്പ് മാത്രമല്ല, 2029-ലെ ആ വലിയ പോരാട്ടവും ബി.ജെ.പിക്ക് എളുപ്പമാവില്ല.

വഴിയിൽ കേട്ടത്: 'മഴക്കാലമായില്ലേ, മരച്ചോട്ടിൽ കൂടണ്ടേ, നാലും കൂട്ടി മുറുക്കണ്ടേ, മുറുക്കിയിട്ടൊന്നു തുപ്പണ്ടേ, അതിന് തുപ്പാൻ മുഖമെവിടെ?' ബി.ജെ.പിക്ക് നഷ്ടപ്പെട്ട മുഖം അന്വേഷിച്ചു നടക്കുന്നതുകൊണ്ടാവാം ചിലപ്പോൾ അമിത് ഷായെ പാർലമെന്റിൽ കാണാത്തത്!