1983. എനിക്കന്ന് ഒന്‍പതു വയസ്സാണ് പ്രായം. ക്രിസ്മസ് അവധിക്ക് അമ്മ ഞങ്ങളെ കാണാന്‍ വരുന്നതുംകാത്ത് ദിവസങ്ങളെണ്ണി കഴിഞ്ഞ നാളുകള്‍. ആ അവധിക്കും പതിവുപോലെ ഒന്നോ രണ്ടോ ദിവസം ഞങ്ങളോടൊപ്പം വന്നു നിന്നിട്ട് ഞങ്ങളെ ഇല്ലാതെ അമ്മ മടങ്ങിപ്പോകും എന്നറിയാം. എങ്കിലും കാളത്തോട്ടിലെ അനാഥാലയത്തിലും അതിന്റെ തൊടിയിലുമൊക്കെ അനാഥനല്ല എന്ന തോന്നലുണ്ടാക്കാന്‍ അമ്മയുടെ വരവ് ഉപകരിച്ചു. അമ്മ വന്നു പോയിക്കഴിയുമ്പോള്‍ പിന്നീടുള്ള ആഴ്ചകളും മാസങ്ങളുമൊക്കെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനാഥത്വം താത്കാലികമായെങ്കിലും മനസ്സിനെ വിട്ടുപോകും. 
''അമ്മേടെ പൊന്നുമോന്‍ നന്നായി പഠിക്കണം. നമ്മുടെ കഷ്ടപ്പാടൊക്കെ ഒരു ദിവസം മാറും. ഈ വര്‍ഷംകൂടി അമ്മേടെ മക്കള്‍ ഇവിടെ നിന്നാല്‍ മതി. അഞ്ചാം ക്ലാസ്സിലേക്ക് എന്റെ മോന്‍ കയറുമ്പോ അമ്മ വന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുപോകാം. അഞ്ചാം ക്ലാസ്സില്‍ എന്റെ മോന്‍ പറത്തോട്ടില്‍ പള്ളിക്കൂടത്തില്‍ പോയാല്‍ മതി.''
തലേ ഓണാവധിക്ക് അമ്മയോട് ചേര്‍ന്ന് കിടന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ അപ്പോഴും എനിക്ക് കേള്‍ക്കാമായിരുന്നു. നീണ്ടിരുണ്ട ചുരത്തിനും അപ്പുറം കാത്തിരിക്കുന്ന വെളിച്ചമായിരുന്നു ആ വാക്കുകള്‍.

To advertise here,

ആ ശനിയാഴ്ച സാലുവും വിക്രമനും ഞാനും രാജേട്ടനോടൊപ്പം പതിവുപോലെ കന്നുകാലിത്തൊഴുത്ത് വൃത്തിയാക്കി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കുളത്തിനപ്പുറമുള്ള തെങ്ങിന്‍തോപ്പില്‍ കളിക്കാന്‍ പോയി. സാധാരണ വിക്രമനും ഞങ്ങളോടൊപ്പം ഉണ്ടാകുന്നതാണ്. അന്നവന്‍ വന്നില്ല. ആണ്‍കുട്ടികളുടെ കെട്ടിടത്തിന്റെ മുന്നിലൂടെ ഞങ്ങള്‍ തൊടിയിലേക്ക് പോകുമ്പോള്‍ അവന്‍ എതിര്‍വശത്തെ തടിമില്ലിനപ്പുറമുള്ള ശ്മശാനത്തിലേക്ക് നോക്കിനിൽപ്പുണ്ട്. തൊടിയിലെത്തി ഓലപ്പന്തുണ്ടാക്കി കളി തുടങ്ങിയപ്പോള്‍ മറ്റു സമപ്രായക്കാരും വന്നു. കുറേ നേരം കളിച്ചു കഴിഞ്ഞപ്പോള്‍ അലോഷിയും മറ്റു മുതിര്‍ന്ന കുട്ടികളും മസ്ജിദിന് എതിര്‍വശത്തുള്ള, അക്കാലത്ത് മതില്‍ക്കെട്ടി തിരിച്ച് ഗേറ്റ് പിടിപ്പിച്ച പറമ്പില്‍ ഏറുപന്ത് കളിക്കുന്നുണ്ടെന്നറിഞ്ഞു. സാലുവും ഞാനും അങ്ങോട്ടോടി. വരുന്ന വഴിക്ക് വിക്രമന്‍ നേരത്തെ നിന്നിരുന്നിടത്ത് ഉണ്ടോ എന്നുനോക്കി. ഉണ്ടെങ്കില്‍ അവനെക്കൂടി കളിക്കാന്‍ കൊണ്ടുപോകാമെന്നു കരുതിയതാണ്. അവനവിടെ ഉണ്ടായിരുന്നില്ല.

അലോഷിയും മറ്റു കുട്ടികളും പച്ചിലയും തുണിയുമൊക്കെ വെച്ചുകെട്ടിയുണ്ടാക്കിയ പന്തുകൊണ്ട് ഏറുപന്ത് കളിക്കുന്നിടത്തെത്തി. അവര്‍ ഞങ്ങളെ കളിക്കാന്‍ കൂട്ടുന്നതും കാത്ത് ഗേറ്റിനടുത്തു തന്നെ നിന്നു. വൈകുന്നേരം വരെ കാത്തുനിന്നിട്ടും മുതിര്‍ന്നവര്‍ ഞങ്ങളെ കളിക്ക് കൂട്ടാത്ത ദേഷ്യത്തില്‍ സാലുവും ഞാനും അനാഥലയത്തിലേക്ക് മടങ്ങി. അന്ന് അത്താഴത്തിനും അതിനെ തുടര്‍ന്നുള്ള ഉല്ലാസത്തിനും വിക്രമന്‍ ഉണ്ടായിരുന്നില്ല. ആരോടും പറയാതെ അന്നുച്ച കഴിഞ്ഞ് അവന്‍ എവിടെയോ പോയിപോലും! അമ്മച്ചി പോലീസിലും പീച്ചിയിലുള്ള അവന്റെ ബന്ധു വീട്ടിലും അറിയിച്ചിട്ടുണ്ടന്ന് അമ്മിണിച്ചേച്ചി പറഞ്ഞാണ് അറിഞ്ഞത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞങ്ങള്‍ പള്ളിക്കൂടം കഴിഞ്ഞു വന്നപ്പോള്‍ വിക്രമന്‍ അനാഥാലയത്തില്‍ തിരികെയെത്തി. രണ്ടു ദിവസം എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു വിശപ്പ് സഹിക്കാതായപ്പോഴാണ് വിക്രമന്‍ മടങ്ങിവന്നത്. ഒളിച്ചോടി പോയതിന് അമ്മച്ചിയുടെ വക ചൂരലടി ആവോളം കിട്ടിയിട്ടും അവന്‍ കരഞ്ഞില്ല. ഒരു ഭാവമാറ്റവും ഇല്ലാതെ അടികൊള്ളുന്ന വിക്രമന്റെ മുഖം ഇന്നും എന്നെ അലട്ടുന്നുണ്ട്. 

പിറ്റേന്ന് ഞായറാഴ്ച്ച പതിവുപോലെ ഞങ്ങള്‍ കാളത്തോട്ടിലെ അമ്മച്ചിയുടെ സഭയുടെതന്നെ പള്ളിയില്‍ പോയി. അമ്മച്ചി ഞങ്ങളോടൊപ്പം ആ പള്ളിയില്‍ വരാറില്ല. അമ്മച്ചിയുടെ വീടിനടുത്തുള്ള പള്ളിയിലേക്ക് എല്ലാ ഞായറാഴ്ച്ചയും രാവിലെ അമ്മച്ചി തന്റെ കറുത്ത അംബാസിഡര്‍ കാറില്‍ പോകും. പതിവുപോലെ അമ്മിണിച്ചേച്ചിയുടെ നേതൃത്വത്തില്‍ വരിയായി പെണ്‍കുട്ടികളും രാജേട്ടന്റെ നിയന്ത്രണത്തില്‍ ഞങ്ങള്‍ ആണ്‍കുട്ടികളും പള്ളിയിലെത്തി. പള്ളിയില്‍ വരുന്ന ഇടവകക്കാരായ മറ്റു കുട്ടികളുടെ പിറകിലായി ഞങ്ങള്‍ക്കായി പ്രത്യേകം പറഞ്ഞുറപ്പിച്ചതുപോലെ, മുതിര്‍ന്ന ആളുകള്‍ക്ക് മുന്നിലായി കുറേ സ്ഥലം പള്ളിക്കുള്ളില്‍ മാറ്റിയിട്ടിട്ടുണ്ട്. അധികമൊന്നും മനസ്സിലാകാത്ത ഞായറാഴ്ച ശുശ്രൂഷയില്‍ തൊട്ടടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടണമെന്നും എത്രയും നേരത്തെ അമ്മയോടൊപ്പം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നുമായിരുന്നു എന്റെ പ്രാര്‍ഥന. ഒന്നര വര്‍ഷത്തോളം എന്റെ സ്ഥിരം പ്രാര്‍ഥന ചെവിക്കൊള്ളാതിരുന്ന കര്‍ത്താവിനോട് പരിഭവമുണ്ടായിരുന്നെങ്കിലും ഞാന്‍ പതിവ് പ്രാര്‍ഥന മുടക്കിയില്ല.

ഞായറാഴ്ച ശുശ്രൂഷ കഴിഞ്ഞ് ഞങ്ങള്‍ പള്ളിയില്‍നിന്നിറങ്ങി രാജേട്ടന്റെ പിന്നാലെ വരിവരിയായി അനാഥലയത്തിലേക്ക് നടന്നു. മണ്ണൂത്തിക്ക് പോകുന്ന വഴിയിലൂടെ കാളത്തോട് മോസ്‌കിനു മുന്നില്‍ എത്തുമ്പോള്‍ വലത്തേക്കുള്ള മണ്‍വഴിയിലൂടെ ഞങ്ങള്‍ അനാഥലയത്തിലേക്ക് ഓടും. മോസ്‌ക്കിന്റെ തൊടിയും പിറകിലായുള്ള ശ്മശാനവും കടന്ന് തടിമില്ലിന്റെ മുന്‍പില്‍ കൂട്ടിയിരിക്കുന്ന തടികളുടെ മുകളിലൂടെ ഓടിയും ചാടിയുമൊക്കെ ഞങ്ങള്‍ ആണ്‍കുട്ടികള്‍ അനാഥാലയത്തിന്റെ മുറ്റത്തെത്തി കുറേ കഴിഞ്ഞേ അമ്മിണിച്ചേച്ചിയും പെണ്‍കുട്ടികളും എത്തുകയുള്ളൂ. അന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഊണുമുറിയില്‍ ഇരിക്കുമ്പോഴാണ് ബിന്ദു അവിടില്ല എന്ന് ലാലിക്കും എനിക്കും മനസ്സിലായത്. പള്ളി കഴിഞ്ഞ് അവള്‍ മറ്റുള്ളവരോടൊപ്പം എത്തിയിട്ടില്ല. അനിയത്തിയെ നഷ്ടപ്പെട്ടു എന്ന നടുക്കത്തില്‍ ലാലിയും ഞാനും ഊൺമുറിയില്‍നിന്ന് ഇറങ്ങിയോടി. രാജേട്ടനോടൊപ്പം പള്ളിയില്‍ പോയി അന്വേഷിച്ചുവെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. ബിന്ദു അവിടേക്കു മടങ്ങിയെത്തുമെന്ന് പറഞ്ഞ് പള്ളിമുറ്റത്തു തന്നെ ഞാന്‍ നിന്നു. അവിടെത്തന്നെ നില്‍ക്കണമെന്ന് പറഞ്ഞ് ഞാന്‍ വാശിപിടിച്ച് ഉച്ചത്തില്‍ കരഞ്ഞെങ്കിലും രാജേട്ടന്‍ എന്നെ പിടിച്ചു വലിച്ചുകൊണ്ടു പോന്നു. ബിന്ദു അനാഥാലയത്തില്‍ തിരികെ എത്തിയിട്ടുണ്ടാകണേ എന്ന പ്രാർഥനനയോടെ മടങ്ങിവന്നപ്പോള്‍ കരഞ്ഞുകൊണ്ട് കാളത്തോട്ടിലേക്കു നോക്കിനില്‍ക്കുന്ന ലാലിയെയാണ് കാണാനായത്. 
''എന്റെ കൊച്ചേ'' എന്നുച്ചത്തില്‍ കാറിക്കൊണ്ട് ഞാന്‍ അനാഥലയത്തിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ കാളത്തോട്ടിലേക്ക് ഓടി. 
'' കൊച്ചു വരും, വിഷമിക്കേണ്ട.'' വലിയ ഉറപ്പൊന്നുമില്ലാതെയാണ് അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും എന്നെ ആശ്വസിപ്പിക്കാന്‍ നോക്കിയത്. 
''എന്റെ കൊച്ചേ, ചേട്ടന്റെ മുത്തേ, നീ എവിടാ. ഓടി വാ...'
തൊട്ടടുത്തുണ്ടായിരുന്ന തടിമില്ലിന്റെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന വലിയ മരത്തടികളില്‍ ഒന്നില്‍ കയറിയിരുന്ന് ഞാന്‍ നിര്‍ത്താതെ നിലവിളിച്ചു. എന്നും കൈപിടിച്ചു ചേര്‍ന്ന് നടന്നിരുന്ന, അനുജത്തി ഇല്ലാത്ത ജീവിതം ആ ഒന്‍പതു വയസുകാരന് സങ്കല്‍പ്പിക്കാന്‍ ആവുമായിരുന്നില്ല. ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും. അനാഥലയത്തിന്റെ ഉടമയായ അമ്മച്ചിയേയും വഹിച്ചുകൊണ്ട് അവരുടെ കറുത്ത അംബാസിഡര്‍ കാര്‍ പള്ളി കഴിഞ്ഞു മടങ്ങിയെത്തി. ലാലിയുടെയും എന്റെയും നിര്‍ത്താതെയുള്ള നിലവിളിയുടെ കാരണം പോലും തേടാതെ, മുറിയില്‍ കയറി ചൂരലെടുത്തുവന്ന്  അവര്‍ ഞങ്ങളെ പൊതിരെത്തല്ലി. 
''ഏഴു വയസില്ലേ. വിശക്കുമ്പോള്‍ തന്നെ വന്നോളും...'  ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോകുമ്പോള്‍ കയ്യിലിരുന്ന ചൂരല്‍ വലിച്ചെറിഞ്ഞുകൊണ്ട് അമ്മച്ചി പിറുപിറുത്തു. 

അനാഥലയത്തിന്റെ മുന്നിലൂടെ കാളത്തോട്ടിലെ മെയിന്‍ റോട്ടിലേക്കുള്ള മണ്‍വഴിയിലൂടെ കാറി വിളിച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. എന്റെ തലയിലും പുരികത്തും കണ്‍പീലികള്‍ക്കിടയിലും തിങ്ങിനിറഞ്ഞ പേനുകളെ ആ ഓട്ടത്തിനിടയിലും ഞാന്‍ മാന്തിക്കൊണ്ടിരുന്നു. നഖത്തിനിടയില്‍ കയറിയ അവയിലൊന്നിനെയും കൊല്ലാന്‍പോലും ഞാന്‍ മെനക്കേട്ടില്ല. അമ്മ പറഞ്ഞേല്‍പ്പിച്ച അനിയത്തിയെ കാത്തു സൂക്ഷിക്കാത്തതിന്റെ കുറ്റബോധം എന്നെ അലട്ടി. ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളെല്ലാം അനാഥാലയത്തിന്റെ മുന്‍വശത്തെത്തി കാളത്തോട്ടിലേക്കു കണ്ണുംനട്ട് നിന്നു. വിക്രമന്‍ മാത്രം എന്റെ അടുക്കല്‍ വന്നു നിന്നു. അവന്‍ ഒന്നും പറഞ്ഞില്ല. അടി കഴിഞ്ഞ് അകത്തേക്ക് പോയ അമ്മച്ചിയെ അന്ന് മുഴുവന്‍ പുറത്തേക്ക് കണ്ടില്ല. അമ്മിണിച്ചേച്ചിയും മറ്റു ആയമാരും ഇടയ്ക്ക് പുറത്തേക്കു ഒന്ന് എത്തിനോക്കിയിട്ട് അകത്തേക്ക് വലിയും.

അന്നു പള്ളി കഴിഞ്ഞു മറ്റുള്ളവര്‍ അനാഥാലയത്തിലേക്ക് മടങ്ങിയതറിയാതെ ഏഴു വയസുകാരി ബിന്ദു കര്‍ത്താവിനോട് എന്തൊക്കെയോ പ്രാർഥനിച്ചുകൊണ്ട് കുറേനേരംകൂടി പള്ളിക്കകത്തിരുന്നു. പ്രാർഥനന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ അനാഥലയത്തിലേക്ക് മടങ്ങി എന്ന് മനസ്സിലായപ്പോള്‍ ഒന്നര വര്‍ഷമായി ഞായറാഴ്ച കുര്‍ബാനയ്ക്ക് വന്ന വഴി അറിയാമെന്നുറപ്പിച്ചു ബിന്ദു റോഡിലേക്ക് നടന്നു. വലതുവശം ചേര്‍ന്ന് മണ്ണൂത്തിക്ക് പോകുന്ന വഴിയേ പോകേണ്ടതിന് പകരം ബിന്ദു ഇടത്തേക്ക് തിരിഞ്ഞു തൃശൂര്‍ ലക്ഷ്യമാക്കി നടന്നു. 

വഴിയോരം ചേര്‍ന്ന് നടന്ന അവള്‍ ദാഹിച്ച് തളര്‍ന്നു. എതിര്‍വശത്ത് മുഴുവന്‍ വെള്ള പെയിന്റടിച്ച ഒരു പള്ളി കണ്ട് അവള്‍ വഴി മുറിച്ചു കടന്നു. ഞായറാഴ്ച കുര്‍ബാനയൊക്കെ കഴിഞ്ഞ് പള്ളിയടച്ചു വീട്ടില്‍ പോകാന്‍ തുടങ്ങിയ അവിടുത്തെ കപ്യാര്‍ അവളുടെ അടുത്തെത്തി. ദാഹിച്ച് തളര്‍ന്ന അവള്‍ക്ക് അയാള്‍ വെള്ളം കൊടുത്തു. വീടെവിടെ എന്ന ചോദ്യത്തിന് കാളത്തോട്ടിലെ അനാഥശാലയുടെ പേര് അവള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അന്ന് ആ മനുഷ്യന്‍ ബിന്ദുവിനെ തന്റെ സൈക്കിളിന്റെ മുന്നില്‍വച്ചു അനാഥശാലയുടെ മുന്നിലെ മണ്‍വഴിയിലൂടെ വന്നതും ലാലിയും ഞാനും അവളുടെ അടുക്കലേക്കു ഓടിച്ചെന്നതും അവളെ കെട്ടിപ്പിടിച്ചു നിര്‍ത്താതെ ഉമ്മവച്ചതും ഇന്നലെയെന്നപോലെ മനസ്സിലുണ്ട്. 

തുടര്‍ന്നു വന്ന ആഴ്ച മുഴുവന്‍ ക്രിസ്മസ് പരീക്ഷ ആയിരുന്നു. പരീക്ഷകള്‍ എല്ലാം കഴിഞ്ഞ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അനാഥലയത്തിന്റെ തൊടിയില്‍ ചാണകം ചുമന്ന് കൊണ്ടുപോയി  മടങ്ങി വരുമ്പോളാണ് നാട്ടില്‍നിന്ന് അമ്മയും ലൈസിയാന്റിയും വന്നത്. ലൈസിയാന്റിക്ക് നഴ്സറി ടീച്ചര്‍മാരുടെ എന്തോ പരിപാടിയോ പരിശീലനമോ ഉള്ളതിനാല്‍ വന്നതാണ്. പിറ്റേന്ന് ഞങ്ങളെ കാണാന്‍ വരാനിരുന്ന അമ്മ കൂട്ടുള്ളതിനാല്‍ യാത്ര ഒരു ദിവസം നേരത്തെ ആക്കിയതാണ്. ഒന്നര വര്‍ഷം മുന്‍പ് കാളത്തോട്ടിലെ അനാഥശാലയെക്കുറിച്ച് അമ്മക്ക് വിവരങ്ങള്‍ നല്‍കിയത് ലൈസിയാന്റിയാണ്. വള്ളിക്കൊട്ട വലിച്ചെറിഞ്ഞു അകലെനിന്നു നടന്നു വരുന്ന അമ്മയുടെ അടുക്കലേക്ക്  ഓടുമ്പോള്‍ ലോകം മുഴുവന്‍ പിടിച്ചടക്കിയ സന്തോഷമായിരുന്നു ഉള്ളില്‍. ചാണകവും വെള്ളവും ഒലിച്ചിറങ്ങിയ ഞങ്ങളെ ചേര്‍ത്തുപിടിച്ചു ഉമ്മ വയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തോടിനോട് ചേര്‍ന്നുള്ള തൊടിയില്‍ ആടിന് പ്ലാവില പെറുക്കി കമ്പില്‍ കോര്‍ത്തുകൊണ്ടിരുന്ന ബിന്ദുവും ഓടിയെത്തി. 
''ഈ പിള്ളേരുടെ ജീവിതം ഇത്രേം ദുരിതമാണെന്ന് ഞാന്‍ കരുതിയില്ല മേരിച്ചേച്ചി...'
ലൈസിയാന്റി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
''ചേച്ചിയിനി അടുത്ത വര്‍ഷമാകാനൊന്നും നിക്കണ്ട. പിള്ളേരെ പെട്ടന്ന് വീട്ടിലേക്ക് കൊണ്ടോകാന്‍ നോക്ക്. പട്ടിണിയാണേലും അതാ നല്ലത്...'
ഞങ്ങളെ അനാഥശാലയിലാക്കാന്‍ വിവരങ്ങളും വിലാസവും കൊടുത്തതില്‍ ഖേദം പ്രകടിപ്പിക്കുമ്പോലെയാണ് ലൈസിയാന്റി പറഞ്ഞത്.
''അതെങ്ങനെയാ ലൈസി... ക്രിസ്മസ് കഴിഞ്ഞ് ചെന്നാല്‍ ഏതു പള്ളിക്കൂടത്തിലാ ഇവരെ ചേര്‍ക്കാന്‍ പറ്റുക...?'' 
അമ്മയുടെ മറുപടിക്ക് മുന്നില്‍ നിസ്സഹായയായി ഒന്ന് നോക്കിയിട്ട്, അനാഥാലയത്തിന്റെ മുറ്റത്തേക്ക് പോലും കയറാതെ മടങ്ങിപ്പോകുമ്പോള്‍ ലൈസിയാന്റിയുടെ മുഖത്ത് സങ്കടവും ദേഷ്യവും നിരാശയുമൊക്കെ ഉണ്ടായിരുന്നു. 

അന്നു രാത്രി അമ്മയോട് ചേര്‍ന്നു കിടക്കുമ്പോള്‍ ബിന്ദുവിനെ കാണാതായതും തിരിച്ചുകിട്ടിയതുമെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. എല്ലാം കേട്ട് മൂളിക്കൊണ്ടിരുന്നതല്ലാതെ അമ്മ മറുപടിയൊന്നും പറഞ്ഞില്ല. അടുത്തു കിടന്ന ബിന്ദുവിനെ ഇടയ്ക്കിടെ ഉമ്മവച്ചുകൊണ്ട് അമ്മ തേങ്ങികരഞ്ഞു. സാധാരണയായി ഞങ്ങളെ കാണാന്‍ വന്ന് പിറ്റേന്ന് മടങ്ങിപ്പോകുന്ന അമ്മ ആ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളോടൊപ്പം തങ്ങി. തിങ്കളാഴ്ച്ച രാവിലെ അമ്മ എന്നെയും കൂട്ടി ഞങ്ങള്‍ പഠിച്ചിരുന്ന പള്ളിക്കൂടത്തില്‍ പോയി. ഞങ്ങളുടെ അവിടുത്തെ പഠിപ്പ് അവസാനിപ്പിച്ചെന്നും പറഞ്ഞു ടിസി വാങ്ങി. ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന ലാലി മറ്റൊരു സ്‌കൂളില്‍ ആയിരുന്നു. അവിടെയും പോയി ടി സി വാങ്ങി ഉച്ചയോടെ അമ്മയും ഞാനും അനാഥശാലയില്‍ തിരികെയെത്തി. 

അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും ഞങ്ങളോട് മിണ്ടിയില്ല. ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാനുള്ള അമ്മയുടെ തീരുമാനം ഇഷ്ടമാകാതിരുന്ന അമ്മച്ചി ഇടയ്ക്കിടെ തന്റെ ഓഫീസ് മുറിയില്‍നിന്ന് പുറത്തുവന്ന് അമര്‍ത്തി ചവിട്ടി മടങ്ങിപ്പോയി. ഞങ്ങളുടെ തുണികളും എണ്ണിത്തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടില്ലാത്ത സാധനങ്ങളും പുസ്തകങ്ങളും രണ്ടു സഞ്ചികളിലാക്കി. യാത്ര പറയുവാനായി അമ്മച്ചിയുടെ വാതിലില്‍ അമ്മ മുട്ടുമ്പോള്‍ അമ്മിണിച്ചേച്ചിയും മറ്റ് ആയമാരും മുന്‍ മുറ്റത്ത് മരണവീട്ടിലെന്നപോലെ നിന്നു.
''ആ പിള്ളേരുടെ യൂണിഫോം തുണികളൊക്കെ ഞങ്ങള് കൊടുത്തതാ. അതു തിരിച്ചു വച്ചിട്ട് പോയാ മതി.''
അമ്മച്ചി ഗൗരവം വിടാതെ പറഞ്ഞു. അമ്മിണിച്ചേച്ചി വന്ന് ഞങ്ങള്‍ ഒരുക്കി വച്ചിരുന്ന രണ്ടു സഞ്ചികളും അമ്മച്ചിയുടെ മുന്നില്‍ കുടഞ്ഞിട്ടു. പറത്തോട്ടിലെ പള്ളിക്കൂടത്തില്‍ ഉപയോഗിക്കാനായി കൂടെ കരുതിയ ഞങ്ങളുടെ കീറിത്തുടങ്ങിയ പുസ്തകങ്ങള്‍ അനാഥരെപ്പോലെ അമ്മച്ചിയുടെ പേരെഴുതിയ ബോര്‍ഡിലേക്ക് മിഴിച്ചു നോക്കി.
''ഈ പുസ്തകങ്ങളൊക്ക ഞങ്ങള്‍ ഇവിടുന്ന് കൊടുത്തതല്ലേ. ഇതൊന്നും കൊണ്ടുപോകാന്‍ പറ്റില്ല. അതെടുത്തു വച്ചേ അമ്മിണി...' 

തന്റെ പുതിയ സ്വര്‍ണ്ണമാലയുടെ അറ്റത്തു കുരിശില്‍ കിടന്ന് മാനം നോക്കി വിലപിച്ച ക്രിസ്തുവിനെ ഒരു കൈകൊണ്ട് അടക്കിപ്പിടിച്ചുകൊണ്ട് അമ്മച്ചി പറഞ്ഞു. അമ്മിണിച്ചേച്ചി ലാലിയുടെയും ബിന്ദുവിന്റെയും എന്റെയും പുസ്തകങ്ങള്‍ എടുത്ത് അമ്മച്ചിയുടെ മുറിയുടെ അരികിലേക്ക് മാറ്റിവച്ചു. ഉച്ചഭക്ഷണം കഴിഞ്ഞിറങ്ങിവന്ന മറ്റു കുട്ടികള്‍ ഞങ്ങള്‍ യാത്രയാകുന്നത് കൊതിയോടെ നോക്കി നിന്നു.
''നിങ്ങള്‍ എന്ത് കാണാനാ ഇവിടെ വന്നു നില്‍ക്കുന്നത്? എല്ലാവരും പൊയ്‌ക്കോളൂ...' അമ്മിണിച്ചേച്ചിയും മറ്റു ആയമാരും കുട്ടികളെ ഒരോ വഴിക്കു പറഞ്ഞയച്ചു.
''എന്റെ മക്കളെ ഈ ഒന്നര വര്‍ഷക്കാലം നോക്കിയതിനു ഒത്തിരി നന്ദി.''
കൈകൂപ്പി അമ്മ അനാഥാലയത്തിന്റെ തലൈവിയോട് നന്ദി പറയുമ്പോള്‍ മക്കളെ അവിടെ വിട്ട തന്റെ നിസ്സഹായതയെ ഓര്‍ത്ത് അമ്മയുടെ ഉള്ളു പിടഞ്ഞിരുന്നോ എന്നറിയില്ല. 
''എന്തിനാ നന്ദി പറയുന്നെ...? പിള്ളേര്‍ക്കിവിടെ എന്ത് കുറവുണ്ടായിട്ടാ ഇപ്പൊ ഇവരെ കൊണ്ടുപോകുന്നത്...? വലിയ അവധിവരെ നോക്കാനുള്ള ക്ഷമപോലും നിങ്ങള്‍ക്കില്ല. എന്നിട്ടാ നന്ദി...'

പാറത്തോട്ടിൽ നിന്ന് പാരിസിലേയ്ക്ക് കോളം വായിക്കാം

അമ്മച്ചി തന്റെ അപ്പീസില്‍ കയറി വാതില്‍ കൊട്ടിയടച്ചു. അമ്മിണിച്ചേച്ചിയെയും മറ്റു ആയമാരെയും നോക്കി കൈകൂപ്പി അമ്മ ബിന്ദുവിന്റെ കൈപിടിച്ച് സഞ്ചിയും എടുത്തു നടന്നു. ലാലിയും ഞാനും അമ്മയുടെ പിറകെ നടന്നു. ഇടയ്ക്കിടെ തിരിഞ്ഞു നോക്കുമ്പോള്‍ സാലുവും കണ്ണനും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ചെമ്പരത്തി വേലിയോട് ചേര്‍ന്നുനിന്ന് അകലേക്ക് കണ്ണും നട്ട വിക്രമന്‍ കൈ വീശിയില്ല, കരഞ്ഞില്ല. തടിമില്ലിന് മുന്നിലെത്തിയപ്പോള്‍ ഞാന്‍ തിരിച്ചോടി. സാലുവിനെയും കണ്ണനെയും കെട്ടിപ്പിടിച്ചു മൗനമായി ഒരു യാത്രപറച്ചില്‍. നിറഞ്ഞൊഴുകുന്ന വിക്രമന്റെ കണ്ണുകളാണ് എനിക്ക് അവനെക്കുറിച്ചുള്ള അവസാന ഓര്‍മ്മ. അനാഥത്വത്തില്‍നിന്ന് ഞങ്ങളെ വാരിയെടുത്ത് അമ്മ പോരുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരും വരില്ല എന്ന ഉറപ്പില്‍ കണ്ണനും സാലുവും വിക്രമനും നിന്നു. അവരുടെ മുകളില്‍, ഭിത്തിയില്‍ തൂങ്ങിയാടിയ അനാഥലയത്തിന്റെ പേരെഴുതിയ ബോര്‍ഡ് അവരെത്തന്നെ നോക്കി അവര്‍ അനാഥരാണെന്ന് വിളിച്ചു പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

കാളത്തോട്ടിലേക്കു ബസ് കയറാനുള്ള ആ നടപ്പില്‍ മനസ്സിലെവിടെയോ സന്തോഷവും സങ്കടവുമെല്ലാം വഴക്കടിച്ചു. മസ്ജിദിലെ നീല കോളാമ്പി സ്പീക്കറിൽ നിന്ന് ബാങ്ക് വിളിയുയര്‍ന്നു. തൊടിയുടെ അങ്ങേ അറ്റത്തെ ശ്മശാനത്തില്‍നിന്ന് ആരുടെയോ കബറടക്കം കഴിഞ്ഞ് മടങ്ങാന്‍ മടിച്ചുനിന്നവര്‍ നിത്യതയില്‍ വിശ്വസിച്ചിട്ടെന്നപോലെ നടന്നകന്നു. മണ്ണൂത്തിയില്‍നിന്ന് വന്ന ബസ് ഞങ്ങളെ ശക്തന്‍ തമ്പുരാനില്‍ ഇറക്കി. കെ.എസ്.ആര്‍.ടി.സിയില്‍ നടന്നെത്തി മൂന്നാര്‍ ഫാസ്റ്റില്‍ അമ്മയ്ക്കിരുവശവും ചേര്‍ന്നിരുന്ന് യാത്രചെയ്യുമ്പോള്‍ വിക്രമന്റെ മുഖം എന്റെ മനസ്സില്‍ മിന്നിമാഞ്ഞു. അകലെ പറത്തോട്ടിലെ പള്ളിക്കൂടം അകാലത്തില്‍ വരുന്ന അതിഥികളെ കാത്തിരുന്നു. തെള്ളിടത്തോട്ടിലെ ഞങ്ങളുടെ ഇടവക മധ്യസ്ഥനായ യൗസേപ്പിതാവ് ഞങ്ങളുടെ തിരിച്ചുവരവും കണക്കുകൂട്ടി കയ്യിലിരുന്ന ഉണ്ണി മിശിഹായെ ഇറുക്കിപ്പിടിച്ചു. ക്രിസ്മസിനായി പള്ളിക്കകത്ത് ഒരുക്കിയ പുല്‍ക്കൂട്ടില്‍ മാലാഖമാരും ആട്ടിടയരും ഉണ്ണീശോയെ കാത്തിരുന്നു. അടിമാലിയില്‍നിന്നുള്ള അവസാന ബസില്‍ ഞങ്ങള്‍ കമ്പിളികണ്ടത്തിറങ്ങുമ്പോള്‍ രാത്രിക്ക് ആഭരണമെന്നപോലെ മഴ നിര്‍ത്താതെ പെയ്തു. നാട്ടില്‍ ഞങ്ങളെ കാത്തിരുന്ന ദുരന്തങ്ങളെയോര്‍ത്ത് ആകാശവും കരഞ്ഞതാണോ?

'വിക്രമന്റെ വായ മൂടിപ്പിടിച്ച ജോസേട്ടൻ എത്രനേരം അവന്റെ ദേഹത്തുണ്ടായിരുന്നു എന്നോർമ്മയില്ല' Read More