
ഞങ്ങളുടെ വീടിന്റെ മുറ്റത്തുനിന്ന ഗന്ധരാജന്‍ ആ വര്‍ഷവും നിറയെ പൂത്തുതന്നെ നിന്നു. അതിന്റെ ശിഖരങ്ങള്‍ക്കിടയില്‍ കെട്ടിപ്പിടിച്ചു കയറിയ മുല്ലവള്ളികള്‍ ഒരിക്കലും പൂത്തില്ല. അറിയാതെയെന്നോണം വല്ലപ്പോഴും പിറന്ന മൊട്ടുകള്‍ ഏകാന്തതയെ ഭയന്നിട്ടെന്നപോലെ വിടരാതെതന്നെ കൊഴിഞ്ഞുവീണു. സൂര്യന്‍ കുന്നിന്‍ചെരുവില്‍ എത്തിനോക്കുമ്പോഴും പറക്കാന്‍ മറന്ന ശലഭങ്ങള്‍ ഗന്ധരാജന്റെ ഇലകളില്‍ പറ്റിപ്പിടിച്ചിരുന്നു. മഴക്കാലം കഴിഞ്ഞ് മാസങ്ങളായെങ്കിലും കുഞ്ചിരക്കാട്ട് പാറയില്‍ തല്ലിയലച്ചൊഴുകിയ തെള്ളിത്തോട് താഴെ വയലിന്റെ അരികിലെ തോട്ടിലൂടെ ഒഴുകി ചിന്നാറ്റിലേക്ക് പോയി. കമ്പിളികണ്ടം വഴി പാറത്തോട്ടിലേക്ക് പുതിയ ബസുകള്‍ വന്നു. മുകളിലെ കമ്പിളികണ്ടത്തു വന്ന് പനങ്കൂട്ടി കവലയില്‍ കൊച്ചപ്പാപ്പന്റെ കടയുടെ ഓരം ചെര്‍ന്ന് തിരിച്ചുപോയ ബസുകളില്‍ ചിലതെങ്കിലും തെള്ളിത്തോട്ടിലേക്കും ചിന്നാറ്റിലേക്കുമൊക്കെ ഓടണമെന്ന് നാട്ടുകാര്‍ ആഗ്രഹിച്ചു. കമ്പിളികണ്ടത്തുനിന്നും ചിന്നാറ്റിലേക്കുള്ള റോഡില്‍ പണ്ടെന്നോ പാകി, അമ്മാവന്‍ വണ്ടി അമര്‍ത്തി ഉറപ്പിച്ച ഉരുളന്‍ കല്ലുകള്‍ മുഴുവന്‍ വഴിയില്‍ നിന്നും അപ്രത്യക്ഷമായി. പൊളിഞ്ഞുവീണ വലിയ മെറ്റലുകളില്‍ ഭൂരിഭാഗവും വീടുപണി നടത്തിയ പ്രമാണിമാരായ കര്‍ഷകര്‍ അതിനോടകം വള്ളിക്കൊട്ടയില്‍ വാരി അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
മുക്കുടംകാരന്‍ ജോസഫ് ചേട്ടനാണ് ചിന്നാറ്റിലേക്കുള്ള റോഡ് പണി കോണ്‍ട്രാക്ട് എടുത്തത്. തലേവര്‍ഷം തുടങ്ങിയ റോഡിലെ മണ്ണുപണി അപ്പോഴും തീര്‍ന്നിരുന്നില്ല. അമ്മയും അമ്മയുടെ പണിക്കാരും റോഡ് പണിക്കും ഉണ്ടായിരുന്നു. ആഴ്ചയില്‍ പകുതി ദിവസം തോട്ടില്‍നിന്നുള്ള മണല് വാരലും അമ്മ ഉടമ്പടി ഏറ്റെടുത്ത മറ്റു പണികളും ഉണ്ടായിരുന്നതിനാല്‍ അമ്മ ജോസഫ് ചേട്ടന്റെ അടുക്കല്‍ നിന്നും ആഴ്ചാവസാനം കൂലിയും വാങ്ങിയിരുന്നില്ല. അങ്ങനെ കൂട്ടിയിട്ട പണം ഒന്നിച്ചു ലഭിച്ചാല്‍ നല്ലൊരു കാര്യത്തെ കൊള്ളിക്കാം എന്നായിരുന്നു അമ്മയുടെ പക്ഷം. റോഡ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ ജോസഫ് ചേട്ടന്‍ മുക്കുടത്തെ വലിയ മുതലാളിയായിരുന്നു. അയാളുടെ അടുക്കല്‍ നിന്നും കൈപ്പറ്റാതിരുന്ന പണം കിട്ടുമ്പോള്‍ എന്ത് ചെയ്യണമെന്ന ധാരണയൊക്കെ അമ്മയ്ക്ക് ഉണ്ടായിരുന്നു. തെള്ളിത്തോട്ടിലെ വീടും പറമ്പും വിറ്റ്, കൂടുതല്‍ കൃഷികളുള്ള ഒരു പുരയിടം വാങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു അമ്മ. എരുമകളുടെ പാല് വിറ്റും മണല്‍ വാരിയും മറ്റ് ഉടമ്പടിപ്പണികള്‍ ചെയ്തും അമ്മ കുറച്ച് പണം കരുതി വച്ചിരുന്നു.
ഒരു ദിവസം അതിരാവിലെ റോഡ് കോണ്‍ട്രാക്ടര്‍ ജോസഫ് ചേട്ടന്‍ ഞങ്ങളുടെ വീട്ടിലെത്തി. അമ്മ എരുമയെ കറന്നു വന്നപ്പോഴേക്കും ജെസി അദ്ദേഹത്തിന് ചായ കൊടുത്തു.
'ജോസഫ് ചേട്ടന്‍ എന്തിനാ വന്നത്?'
മുന്‍ മുറ്റത്ത് നിന്ന് അമ്മ അത് ചോദിക്കുമ്പോള്‍ തിണ്ണയില്‍ കിടന്ന സ്റ്റൂളിലിരുന്ന് അയാള്‍ ചായ ഊതി കുടിക്കുകയായിരുന്നു.
'മണ്ണ് പണിയുടെ ബില്ല് മാറിക്കിട്ടിയിട്ടില്ല. അതിന് ഇനിയും ഒരു മാസത്തോളമെടുക്കും. ആ സമയത്ത് റോഡിന്റെ മെറ്റല്‍ ഇടീല്‍ മുടക്കാനാവില്ല.'
അതും പറഞ്ഞു കാലിയായ ഗ്ലാസ്സ് തിണ്ണയില്‍ വച്ചിട്ട് ജോസഫ് ചേട്ടന്‍ മുറ്റത്തേക്കിറങ്ങി.
'അതിന് ഞാനെന്നാ ചെയ്യാനാ....?'
അയാളുടെ വരവിന്റെ ഉദ്ദേശം തീരെ മനസ്സിലാകാതെ അമ്മ ചോദിച്ചു.
'മേരിക്ക് ഞാനിപ്പോള്‍ തന്നെ അയ്യായിരത്തോളം രൂപ തരാനുണ്ട്, എന്നെനിക്കറിയാം...'
എന്തോ പറയാന്‍ ഭാവിച്ചിട്ട് മടിച്ചിട്ടെന്നപോലെ പാതിവഴിയില്‍ അയാളുടെ വര്‍ത്തമാനം മുറിഞ്ഞു.
'അതോര്‍ത്ത് നിങ്ങള്‍ ഇപ്പോള്‍ വെഷമിക്കേണ്ട. ആ അയ്യായിരം രൂപ ഒരു മാസം കഴിഞ്ഞ് ബില്ല് മാറിക്കിട്ടുമ്പോള്‍ നിങ്ങള് തന്നാല്‍ മതി. എന്റെ പെണ്ണുങ്ങളുടെ എല്ലാവരുടെയും പണിക്കൂലി ഞാന്‍ കൊടുത്തതാണ്. എനിക്ക് ഒരു സ്ഥലം വാങ്ങാന്‍ പരിപാടി ഉണ്ട്. അപ്പോളാണ് എനിക്ക് ഈ പണത്തിന്റെ ആവശ്യം.'
അമ്മയ്ക്ക് പണിക്കൂലി ഇനത്തില്‍ കിട്ടാനുള്ള പണം നല്‍കാന്‍ ഒരു മാസത്തെ അവധി ചോദിക്കുവാനാണ് അയാള്‍ വന്നത് എന്ന് കരുതി അമ്മ പറഞ്ഞു.
'അതൊക്കെ ശരിയാണ് മേരി. പക്ഷേ, എനിക്ക് പണി തുടരണമെങ്കില്‍ കുറച്ച് പണം കൂടി വേണം. മേരി സ്ഥലം വാങ്ങാനായി വച്ചിരിക്കുന്ന പണം ഒരു മാസത്തേക്ക് ഒന്നു മറിക്കാമോ എന്ന് ചോദിക്കാനാണ് ഞാന്‍ വന്നത്.'
ജോസഫ് ചേട്ടന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
'അതിന് എന്റെ കയ്യില്‍ ഒള്ള സ്വര്‍ണ്ണം കൂടി പണയംവച്ചാല്‍പ്പോലും പതിനായിരം രൂപയെ ഉണ്ടാകൂ.'
കുഞ്ചിരക്കാട്ട് പാറയുടെ താഴെ പതയുണ്ടാക്കി ഒഴുക്കിയ തെള്ളിത്തോട്ടിലേക്കു നോക്കി അമ്മ പറഞ്ഞു.
'മേരി ആ പണം കൂടി എനിക്ക് ഒരു മാസത്തേക്ക് കടം തരണം. നിങ്ങള് പുതിയ സ്ഥലം ഒക്കെ നോക്കിക്കൊള്ളു. ഒരു മാസത്തെ അവധി എന്താണെങ്കിലും കിട്ടുമല്ലോ.'
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. കുറേനേരം ഒന്നും മിണ്ടാതെ നിന്നിട്ട് തീരുമാനം എടുക്കാന്‍ കഴിയാഞ്ഞിട്ടെന്നപോലെ അമ്മ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
'നിങ്ങള്‍ ഏതായാലും വൈകുന്നേരം വാ. ഞാന്‍ നോക്കട്ടെ...'
അത് പറഞ്ഞു ജോസഫ് ചേട്ടനെ യാത്രയാക്കിയെങ്കിലും ആയാള്‍ മുറ്റത്തുതന്നെ നിന്നു.
'നിങ്ങള്‍ എന്തായാലും ഇപ്പൊ പോ. ഞാന്‍ വൈകീട്ട് പറയാന്നു പറഞ്ഞില്ലേ.'
അമ്മയുടെ സ്വരം അല്‍പ്പം കടുത്തപ്പോള്‍ അയാള്‍ കൈകള്‍ കൂപ്പി അമ്മയുടെ അടുക്കലേക്ക് നടന്നു.
'സത്യം പറയാല്ലോ മേരി. മോളുടെ കല്യാണം നടന്നപ്പോള്‍ പറഞ്ഞു വച്ചിരുന്ന തുകയില്‍ ഒരു ഭാഗം കൊടുക്കണ്ട സമയം കഴിഞ്ഞു. ബില്ല് മാറിക്കിട്ടുമ്പോള്‍ കൊടുക്കാമെന്നു പറഞ്ഞതാ. ഇത് കണ്ടുകൊണ്ട് അവരുടെ കുടുംബക്കാരും എന്തൊക്കെയോ ചെയ്തു. ഇന്നലെ മകളുടെ കെട്ടിയോന്‍ വീട്ടില്‍ വന്നിരുന്നു. നാളെ അവര്‍ക്ക് പറഞ്ഞ പണം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.'
ഇടറിയ സ്വരവുമായി അത് പറയുമ്പോള്‍ ജോസഫ് ചേട്ടന്‍ കൈകള്‍ കൂപ്പിത്തന്നെ നിന്നു.
'നിങ്ങള്‍ക്ക് ശരിക്കും എത്ര രൂപയാ നിങ്ങളുടെ മകളുടെ ആവശ്യത്തിന് വേണ്ടത്?'
അമ്മയുടെ സ്വരം പരുഷമായിരുന്നു. അല്ലങ്കില്‍ത്തന്നെ പണ്ടെങ്ങോ കരയാന്‍തന്നെ മറന്നുപോയ അമ്മയ്ക്ക് കഠിനമാക്കിയ ഒരു മനസ്സായിരുന്നിരിക്കാം.
'അവരുടെ വീട്ടില്‍ ഇരുപത്തി അയ്യായിരം രൂപയാ കൊടുക്കേണ്ടത്. എന്റെ കയ്യില്‍ പതിനായിരമേ ഉള്ളൂ. ബാക്കി കാശുണ്ടായില്ലേല്‍ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ല...'
നിരാശയും വിഷാദവുമുറ്റിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു.
'ആദ്യം താന്‍ ചാകുന്ന കാര്യങ്ങളൊക്കെ പറയുന്നത് നിര്‍ത്തൂ. താന്‍ ചത്താല്‍ തന്റെ മകളുടെ കാര്യം തന്റെ പെണ്ണുമ്പിള്ളേം ആണ്‍മക്കളും കൂടി നടത്തുമോ? അങ്ങനെയാണേല്‍ പിന്നെ നിങ്ങള്‍ ചാക്. അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രശ്‌നം ഉണ്ടാക്കി വച്ചിട്ട് ഒരു ഭീരുവിനെപ്പോലെ കടന്നുകളയുന്ന പരിപാടിയാ ഈ ആത്മഹത്യ. തനിക്കു നാണമില്ലേടോ... നിങ്ങള്‍ ഒരു ആറു മണി ആകുമ്പോള്‍ വാ. ഞാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടാക്കാം. എന്തായാലും തനിക്ക് ചാകേണ്ടി വരില്ല.'
അത് പറഞ്ഞു അമ്മ അയാളെ യാത്രയാക്കുമ്പോള്‍ ആ മുഖത്തു സന്തോഷമായിരുന്നോ ആശ്വാസമായിരുന്നോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. നടവഴി ഇറങ്ങി പുളിക്കകണ്ടംകാരുടെ കവുങ്ങിന്‍ തോപ്പ് കയറി വഴിയിലെത്തി അയാള്‍ കുഞ്ചിരക്കാട്ട് പാറയിലേക്ക് നടന്നു.
വൈകുന്നേരം അയാള്‍ മടങ്ങി വന്നപ്പോള്‍ അമ്മ അയാള്‍ക്ക് പതിനയ്യായിരം രൂപയാണ് നല്‍കിയത്. സ്ഥലം വാങ്ങാനായി വച്ചിരുന്ന പണം കൂടാതെ, അമ്മയുടെ കഴുത്തിലുണ്ടായിരുന്ന ആ അടുത്ത കാലത്ത് വാങ്ങിയ മാല തോമാക്കുട്ടിച്ചേട്ടന്റെ കടയില്‍ പണയം വച്ച പണവും കൂടി ചേര്‍ത്താണ് ആ തുക ഒപ്പിച്ചത്.
'അടുത്ത മാസം ബില്ലുമാറി പണം കിട്ടും എന്ന ഉറപ്പിലാണ് ഞാനിത് നിങ്ങള്‍ക്ക് തരുന്നത്. ഒരു പെങ്കൊച്ചിന്റെ ജീവിതമാണല്ലോ എന്ന് കരുതിയാണ് ഞാനിതു ചെയ്യുന്നത്.'
പണവും വാങ്ങി നിറഞ്ഞ ചിരിയുമായി ജോസഫ് ചേട്ടന്‍ ഉണ്ടക്കശുമാവിന്റെ ചുവട്ടിലൂടെ ഇറങ്ങി നടന്ന് അക്കരക്കയറി.
തുടര്‍ന്നുവന്ന ആഴ്ച കമ്പിളികണ്ടത്തുനിന്നും പഞ്ചായത്ത് കിണറിന് അരികിലൂടെയുള്ള വഴി അവസാനിക്കുന്ന വയല്‍ എത്തുന്നതിനു മുന്‍പുള്ള പീറ്റര്‍ അച്ചന്റെ പുതിയതായി പണിതീര്‍ത്ത ഓര്‍ത്തഡോക്‌സ് പള്ളിയുടെ അക്കരക്കുന്നിലുള്ള ഒന്നരയേക്കര്‍ പറമ്പും ഒരു പഴയ മണ്‍വീടും അമ്മ വാങ്ങി. കൊളങ്ങരയിലെ സണ്ണിച്ചേട്ടന്‍ താമസിച്ചിരുന്ന വീടായിരുന്നു അത്. തെള്ളിത്തോട്ടിലെ ഞങ്ങളുടെ വീടും സ്ഥലവും കൂടാതെ മുപ്പതിനായിരം രൂപ മേല്‍പ്പണവും നല്‍കണമെന്ന് നിബന്ധനയിലുള്ള കച്ചവടമായിരുന്നു അത്.
സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അപ്പീസിന് താഴെയുള്ള കടയിലിരുന്ന് എഗ്രിമെന്റ് എഴുതിയപ്പോള്‍ അമ്മ ആയിരം രൂപ മാത്രമേ അഡ്വാന്‍സായി നല്‍കിയുള്ളൂ. രണ്ട് മാസത്തിനകം ഇരുപതിനായിരം രൂപ നല്‍കി വീടുകള്‍ പരസ്പരം മാറണം. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളാണ് ബാക്കി പതിനായിരം രൂപ നല്‍കേണ്ടത്. കോണ്‍ട്രാക്ടര്‍ ജോസഫ് ചേട്ടന്‍ നല്‍കാനുള്ള ഇരുപതിനായിരം രൂപ ഒരു മാസത്തിനകം ലഭിക്കുമെന്നതിനാല്‍ പണത്തിന്റെ കാര്യത്തില്‍ അമ്മയ്ക്ക് ആകുലത ഇല്ലായിരുന്നു. മുപ്പത് തുലാം കുരുമുളക് എല്ലാവര്‍ഷവും ആദായമുള്ള സ്ഥലമായതിനാല്‍ തൊട്ടടുത്ത വര്‍ഷം ബാക്കിയുള്ള പതിനായിരം രൂപ കൊടുക്കാനും ബുദ്ധിമുട്ടില്ല എന്നായി.
തൊട്ടടുത്ത ദിവസം രാവിലെ ഞാന്‍ അമ്മയുടെ കൂടെ മുക്കുടത്തുള്ള ജോസഫ് ചേട്ടന്റെ വീട്ടിലേക്ക് പോയി. മുക്കുടം ടൗണില്‍നിന്ന് പാടിയാനിക്കാരുടെ വീടിനു താഴെക്കൂടെയുള്ള വഴിയിലൂടെ നടന്ന്, ചങ്ങാംതടംകാരുടെ തറവാട് വീടിനു അക്കരെയുള്ള ജോസഫ് ചേട്ടന്റെ വീട്ടിലേക്ക് നടന്നു. വയല്‍ വരമ്പിലൂടെ നടന്ന് പാലം കടന്നു അവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ജോസഫ് ചേട്ടന്റെ ഭാര്യ അമ്മയ്ക്കും എനിക്കും പാല്‍കാപ്പിയും പലഹാരങ്ങളുമൊക്കെ തന്നു. ജോസഫ് ചേട്ടന്റെ രണ്ട് ആണ്‍മക്കളും ബഹുമാനത്തോടെ അമ്മയോട് സംസാരിച്ചു. കുറേക്കഴിഞ്ഞ് കുളിച്ചൊരുങ്ങി ഇറങ്ങി വന്ന ജോസഫ് ചേട്ടന്‍ ബില്ല് മാറിക്കിട്ടാന്‍ എടുക്കുന്ന സമയത്തേക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് അമ്മയോട് സംസാരിച്ചു.
'ജോസഫ് ചേട്ടാ, നിങ്ങളീ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാകില്ല. നമ്മള്‍ പറഞ്ഞു സമ്മതിച്ചത് അനുസരിച്ചു എനിക്ക് എന്റെ ഇരുപതിനായിരം രൂപ അടുത്ത ആഴ്ച കിട്ടണം. ഞാന്‍ സ്ഥലത്തിനുള്ള എഗ്രിമെന്റ് എഴുതിയതാ. ഇനിയെനിക്ക് വാക്കുമാറാന്‍ സാധിക്കില്ല.'
ഞങ്ങള്‍ അവരുടെ വീട്ടില്‍ നിന്നു പോരുമ്പോള്‍ തൊട്ടടുത്ത ആഴ്ച പണം റെഡി ആയിരിക്കുമെന്ന് അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
തുടര്‍ന്നുവന്ന നാളുകളില്‍ ഞങ്ങളുടെ നാട്ടില്‍ അമ്മ പുതിയതായി പറഞ്ഞുറപ്പിച്ച സ്ഥലത്തേക്കുറിച്ച് പല വാര്‍ത്തകളും ഇറങ്ങി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിനാല്‍ എല്ലാ പൗര്‍ണ്ണമി രാത്രികളിലും ആ പറമ്പിലൂടെ തേരോട്ടം ഉണ്ടെന്നും ഒക്കെ ആളുകള്‍ അമ്മയോട് പറഞ്ഞു. അതൊന്നും കുഴപ്പമില്ല എന്ന മട്ടില്‍ നിന്ന അമ്മ തൊട്ടടുത്ത ദിവസം പുതിയ വാര്‍ത്തയ്ക്കു മുന്നില്‍ അല്‍പ്പം പകച്ചു പോയി എന്ന് എനിക്ക് തോന്നി.
'എന്റെ മേരി, അവിടെ തേരോട്ടം ഉണ്ടെന്ന് മാത്രമല്ല, മൂന്നു പൗര്‍ണ്ണമി രാത്രികള്‍ കഴിയുമ്പോള്‍ പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവര്‍ മരിച്ചുപോകും...'
ആ പരിസരത്ത് താമസിച്ചിരുന്ന ഒരാള്‍ അമ്മയെ വീട്ടില്‍ വന്നുകണ്ട് ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ അമ്മ അല്‍പ്പം ഭയപ്പെട്ടു. തുടര്‍ന്നു വന്ന ദിവസങ്ങളില്‍ അമ്മയുടെ രാത്രി ഉറക്കം നഷ്ടമായി. മുറ്റത്തുകൂടി പിറകില്‍ കൈകെട്ടി ഉലാത്തിയിരുന്ന അമ്മയുടെ രൂപം ഇന്നും മനസ്സില്‍നിന്ന് പോയിട്ടില്ല.
'അതൊന്നും സാരമില്ല. തേരില്‍ വന്നു കൊച്ചാണ്‍കുട്ടികളെ കൊല്ലുന്ന ആ ജീവികളെ ഞാന്‍ നേരില്‍ കണ്ടോളാം...'
പിന്നീട് മടങ്ങി വന്നു മകന്റെ മരണസാധ്യത പുനരവതരിപ്പിച്ച ആളോട് അമ്മ അത് പറയുമ്പോള്‍ അമ്മ നടത്തിയ കച്ചവടം വിടാനായി ആളുകള്‍ മെനയുന്ന കഥകളാണ് അതെന്നു അമ്മ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
മാസാവസാനത്തില്‍ ജോസഫ് ചേട്ടന്‍ അമ്മക്ക് കൊടുക്കാനുണ്ടായിരുന്ന ഇരുപതിനായിരം രൂപ മടക്കി നല്‍കിയില്ല. ബില്ല് മാറിക്കിട്ടിയില്ല എന്ന് അയാള്‍ അമ്മയോട് പറഞ്ഞെങ്കിലും റോഡ് പണിക്കുള്ള മിറ്റലുകളും ടാര്‍ വീപ്പകളുമെല്ലാം വഴിയില്‍ ഇറക്കിയിരുന്നു. പണമില്ല എങ്കില്‍ ഇതെങ്ങനെ നടക്കും എന്ന അമ്മയുടെ ചോദ്യത്തിന് അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
'മേരി അഞ്ച് രൂപയ്ക്കാണേലും പലിശയ്ക്ക് എവിടെ നിന്നെങ്കിലും പണം എടുത്തോളൂ. ഞാന്‍ റോഡ്പണി കഴിയുമ്പോള്‍ പണം തന്നോളം....'
പിന്നിട് അയാള്‍ അമ്മയോട് അധികം സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല എന്നതാണ് വാസ്തവം. സ്ഥലത്തിന് ഇരുപതിനായിരം രൂപ നല്‍കേണ്ട തീയ്യതി അടുത്തു വരുംതോറും അമ്മയുടെ ടെന്‍ഷനും കൂടി. അമ്മ പലവട്ടം അയാളുടെ വീട് കയറിയിറങ്ങിയെങ്കിലും നിവര്‍ത്തികേടിന്റെ കഥകള്‍ മെനഞ്ഞ് ജോസഫ് ചേട്ടന്‍ പണം നല്‍കിയില്ല.
സ്ഥലത്തിന് പണം കൊടുക്കേണ്ട സമയം ആയപ്പോഴേക്കും അമ്മ കാതിലുണ്ടായിരുന്ന മൊട്ടു കമ്മലും ജെസിയുടെയും ലാലിയുടെയും അക്കാലത്തു വാങ്ങിയ സ്വര്‍ണവുമെല്ലാം വിറ്റു. എന്നിട്ടും പതിനായിരം രൂപയോളം ബാക്കി വേണ്ടിയിരുന്നു. അമ്മ വട്ടിപ്പലിശക്കാരോട് 100 രൂപയ്ക്കു ഒരോ മാസവും അഞ്ചു രൂപ എന്ന നിരക്കില്‍ കടമെടുത്തു.
ആ മാസം അവസാനം ഞങ്ങള്‍ വീട് മാറി. പുതിയ സ്ഥലം കൂടുതല്‍ കൃഷികള്‍ ഉള്ളതായിരുന്നു. എങ്കിലും മങ്കട്ടയില്‍ പണിതീര്‍ത്ത പുല്ലുമേഞ്ഞ വീടിനു അധിക നാളത്തേയ്ക്ക് ആയുസ്സ് ഉണ്ടാകില്ലന്ന് നേരത്തെത്തന്നെ അറിയാമായിരുന്നു. കടം വാങ്ങിയ പണത്തിന്റെ ഭീമമായ പലിശ അടയ്ക്കാനായി ജോസഫ് ചേട്ടന്റെ വീട്ടില്‍ എല്ലാ മാസവും അമ്മ എന്നെ പറഞ്ഞയച്ചെങ്കിലും പാല്‍കാപ്പിയും പലഹാരവും കഴിച്ച് ഞാന്‍ കയ്യും വീശി മടങ്ങി വന്നു. അങ്ങനെ മൂന്നു മാസത്തോളം കടന്നു പോയി. അമ്മ പണിയെടുക്കുന്ന പണം മുഴുവന്‍ പലിശക്കാര്‍ക്ക് കൊടുക്കണം. ഞങ്ങളുടെ ജീവിതം പട്ടിണിയിലേക്ക് മടങ്ങാന്‍ തുടങ്ങി. ഒരു ദിവസം പള്ളിക്കൂടം വിട്ടു അമ്മ മണൽ വാരുന്നിടത്ത് എത്തിയപ്പോള്‍ സരോമ്മയാണ് പറഞ്ഞത് അമ്മയും ലാലിയും കമ്പിളികണ്ടം ടൗണിലേക്ക് പോയെന്ന്.
'ആ ജോസഫ് ചേട്ടനെ കാണാനാ ചേച്ചി പോയത്...'
സരോമ്മയും ഞാനും മറ്റു സ്ത്രീകളെ പണി ഏല്‍പ്പിച്ചു കമ്പിളികണ്ടത്തേക്ക് പോയി. അവിടെ നിന്നും തെള്ളിത്തോട്ടിലേക്കു പോകുന്ന വഴിയില്‍ ടാറിങ് പണി നടക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും സാവധാനം ഉരുണ്ട അമ്മാവന്‍ വണ്ടിയുടെ ചക്രങ്ങളില്‍ നനഞ്ഞ തുണികൊണ്ട് തുടച്ചുകൊണ്ട് മൂന്നു ചേച്ചിമാര്‍ സാവധാനം നടന്നു. മെറ്റലും തിളച്ച ടാറും ഒക്കെ മിക്സ് ചെയ്യുന്നിടം കടന്ന് വെന്തിക്കോസ് വളവിലെ കലുങ്ക് എത്തിയപ്പോള്‍ അവിടെ വലിയ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു. ആളുകള്‍ക്ക് നടുവിലായി ജോസഫ് ചേട്ടനും അയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് അമ്മയും നില്‍ക്കുന്നുണ്ട്. സരോമ്മയും ഞാനും അങ്ങോട്ടോടി.
(തുടരും)
Content Highlights: Childhood Memories by babu abraham From Parathot to Paris part 27
Published: 07 May 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented