
പതിന്നാല് വയസുകാരനായ എന്റെ മനസ്സിന്റെ മൂലയില്‍ ഇരുട്ട് പെറ്റുകിടന്നു. എട്ടാം ക്ലാസ്സിലെ യുവജനോത്സവ മത്സരങ്ങളെത്തുടര്‍ന്ന് എന്റെ മനസ്സു മുഴുവന്‍ ആരോടൊക്കെയോ പകയായിരുന്നു. പള്ളിക്കൂടത്തോടും അധ്യാപകരോടും സഹപാഠികളോടുമൊക്കെ വാക്കുകളില്‍ പ്രകടിപ്പിക്കാനാവാത്ത ഒരുതരം വെറുപ്പ് കൂടിക്കൂടി വന്നു. ഒന്‍പതാം ക്ലാസ്സില്‍ കയറിയപ്പോള്‍ പള്ളിയില്‍ കപ്യാരുടെ പണി കിട്ടിയെങ്കിലും, അതിലൂടെ മാസ ശമ്പളമായി കിട്ടിയ എഴുപതിയഞ്ച് രൂപ അമ്മയ്ക്ക് സഹായമായെങ്കിലും ദൈവത്തോട് പോലും എന്റെ മനസ്സ് അകലം പാലിച്ചു. എട്ടാം ക്ലാസ്സില്‍ വേദപാഠം പഠിപ്പിച്ച ജേക്കബ് സാര്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വികൃതിയും താന്തോന്നിയുമായ എന്നെപ്പോലുള്ള കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടാകുന്നത് പള്ളിക്കൂടത്തിലും പള്ളിയിലെ സണ്‍ഡേ സ്‌കൂളിലും പല അധ്യാപകരും ഇഷ്ടപ്പെട്ടിരുന്നില്ല.
'തന്തയില്ലാത്തവന്‍' എന്ന പേരില്‍ ജീവിക്കാന്‍ എന്നെ ഇങ്ങോട്ട് വിട്ട പിതാവും പുത്രനും പരിശുദ്ധാത്മാവുമൊക്കെ എനിക്ക് കരുണയില്ലാത്ത, ആകാശമാളികകളില്‍ വാഴുന്ന അദൃശ്യശക്തികളായി മാറി. അമ്മയോടോ സഹോദരങ്ങളോടോ എന്റെ മനസ്സിന്റെ മൂലയില്‍ പെറ്റു പെരുകിയ ആ ഇരുട്ടിനെക്കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിച്ചില്ല. ഉള്ളില്‍ ആരും കാണാത്തവിധം ഞാനൊളുപ്പിച്ച ആ ഇരുട്ട് എന്റെ നിശബ്ദതയിലും പെറ്റു പെരുകി.
കുടുംബത്തിലെ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ എന്നും ആഘോഷമായിരുന്നു. അമ്മയും ലാലിയും വൈകുന്നേരം ഏഴു മണിയോടെയാണ് പണി കഴിഞ്ഞു വരിക. ജെസിയോടൊപ്പം പകല്‍ തയ്യല്‍ ജോലി ചെയ്തിരുന്ന കുഞ്ഞിപ്പെണ്ണ് ആറു മണിയോടെ അവളുടെ വീട്ടിലേക്ക് പോകും. അമ്മയും ലാലിയും വരുമ്പോളേക്കും ജെസി അത്താഴം ഒരുക്കിയിട്ടുണ്ടാകും. എട്ടാം ക്ലാസ് കഴിയാറായ സമയമൊക്കെ ആയപ്പോഴേക്കും മൂന്നു നേരവും ഭക്ഷണം കഴിക്കാനുള്ള വകയൊക്കെ ഞങ്ങള്‍ക്കായി. അമ്മ വരുമ്പോള്‍ത്തന്നെ അത്താഴമാണ്. ജെസി കഞ്ഞിക്കലവും കറിച്ചട്ടിയും പാത്രങ്ങളും തിണ്ണയില്‍ കൊണ്ട് വയ്ക്കും. കുഴുവേലിക്കാരുടെ കണ്ടം മുതല്‍ മുക്കാല്‍ കിലോമീറ്ററില്‍ കൂടുതലുള്ള കുന്ന് കയറി വരുന്ന അമ്മയും ലാലിയും വരുന്നതേ മുറ്റത്തെ കലത്തില്‍ വച്ചിരിക്കുന്ന വെള്ളം എടുത്തു കൈ കഴുകി തിണ്ണയില്‍ ഇരിക്കും. പള്ളിക്കലെ കുര്യാച്ചന്‍ ചേട്ടന്റെ വീടിന് അടുത്തെത്തുമ്പോള്‍ അമ്മ 'മക്കളേ' എന്ന് ഉച്ചത്തില്‍ വിളിക്കും. അത്താഴം കഴിക്കാനുള്ള മണിയടിക്കുന്നപോലെയാണ് താഴെ നിന്നുള്ള ആ വിളി. കണ്ണാടിപ്പാറയിലെ അമ്പലത്തില്‍നിന്ന് അപ്പോഴും ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നുണ്ടാകും. അതിനോടൊരു മത്സരം എന്നപോലെ പാറത്തോട് പള്ളിയില്‍ നിന്നും വൈകുന്നേരങ്ങളിലെ അസ്തമയ സൂര്യന് അകമ്പടി എന്നപോലെ ഭക്തിഗാനം വയ്ക്കും. ചാണകം മെഴുകിയ തറയിലിരുന്ന് ഞങ്ങള്‍ അഞ്ചു പേരും ഒന്നിച്ച് അത്താഴം കഴിച്ച് കഴിയുമ്പോഴേക്കും ക്ഷേത്രത്തിലെയും പള്ളിയിലേയും ഉച്ചഭാഷണികള്‍ നിശബ്ദമാകും.
അത്താഴം കഴിച്ചു കഴിഞ്ഞാല്‍ പത്തു മിനിറ്റ് നീണ്ടുനില്‍ക്കുന്ന സന്ധ്യാപ്രാര്‍ത്ഥന അമ്മക്ക് നിര്‍ബന്ധമായിരുന്നു. പള്ളിയിലെ വേദപാഠ ക്ലാസ്സുകളില്‍ പഠിച്ച ജപങ്ങള്‍ ആയിരുന്നില്ല അമ്മയുടെ പ്രാര്‍ത്ഥന.
'എന്റെ ദൈവമേ, എന്റെ മക്കളെയും എന്നേയും, ഇന്നത്തെ ദിവസം അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും പെട്ടന്നുള്ള മരണത്തില്‍ നിന്നും കാത്തതിന് നിനക്ക് നന്ദി. ഈ രാത്രിയില്‍ നീ കൂടെ ഉണ്ടാകണമേ. ആഹാരത്തിന് വക തന്നതിനും കിടക്കാന്‍ വീട് തന്നതിനും നന്ദി. അറിഞ്ഞും അറിയാതെയും ഞങ്ങള്‍ ചെയ്ത തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ.'
കര്‍ത്താവിന്റെ മാലാഖയും സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും കഴിഞ്ഞ് അമ്മ എല്ലാ ദിവസവും ചൊല്ലിയിരുന്ന ആ പ്രാര്‍ത്ഥന ഇന്നും എന്റെ കാതുകളിലുണ്ട്.
'കുടുംബം രക്ഷപ്പെടണമെങ്കില്‍ എല്ലാ ദിവസവും സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കണം.' ഞങ്ങളുടെ അയല്‍ക്കാരി ആലീസ് ചേച്ചി ഇടയ്ക്കിടെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
'എന്റെ ആലീസേ, ഈ പകല് മുഴുവന്‍ പണി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന ഞാന്‍ കൊന്ത ചൊല്ലണമെന്നൊന്നും കര്‍ത്താവ് ആഗ്രഹിക്കുന്നില്ല. കിട്ടിയതിനൊക്കെ ഒരു നന്ദി പറഞ്ഞാല്‍ മതി.'
അതായിരുന്നു അമ്മയുടെ സ്ഥിരം മറുപടി. കുരിശുവര കഴിഞ്ഞാല്‍ ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്നിരുന്ന് അന്നത്തെ ദിവസത്തെ കാര്യങ്ങള്‍ ഓരോരുത്തരും പറയും. പിന്നെ കളികളായി തമാശകളായി. അമ്മയും ലാലിയും പണിസ്ഥലത്തെ കാര്യങ്ങള്‍ പറയും. ജെസി തയ്യല്‍പ്പണിയുടെ കാര്യങ്ങള്‍ പറയും. ബിന്ദുവും ഞാനും പള്ളിക്കൂടത്തിലെ വിശേഷങ്ങള്‍ പറയും.
എട്ടാം ക്ലാസ്സ് കഴിയാറായപ്പോഴേക്കും എന്റെ പകല്‍ വിശേഷങ്ങളൊന്നും ഞാന്‍ വീട്ടില്‍ പറയാതായി.
'ഞാന്‍ എന്ത് വിശേഷമാ പറയണ്ടേ?'
ഒരു ദിവസം ഞാന്‍ അമ്മയോട് ദേഷ്യപ്പെട്ട് ചോദിച്ചു. കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നിട്ട് അമ്മ എന്റെ അടുത്തേക്ക് അല്‍പ്പം നീങ്ങിയിരുന്നു.
'ഞാന്‍ കുറേ ദിവസങ്ങളായി ശ്രദ്ധിക്കുന്നു. നീ പള്ളിക്കൂടത്തിലെ ഒരു കാര്യവും ഞങ്ങളോട് പറയാറില്ല. അതുകൊണ്ടല്ലേ ഞാന്‍ നിന്നോട് ചോദിച്ചത്.'
ഏറെ ശാന്തമായാണ് അമ്മ എന്നോട് സംസാരിച്ചത്. മനസ്സില്‍ ദിവസവും കൂടിക്കൂടി വന്ന ഇരുട്ട് ദേഷ്യമായി പുറത്തേക്ക് വരാന്‍ ഒട്ടും വൈകിയില്ല.
'അതെന്നാ ഞാന്‍ തന്തയില്ലാത്തവനാണ് എന്ന് കൂട്ടുകാര്‍ വിളിച്ചു എന്ന് പറയണോ? പെഴച്ച വീട്ടിലെ സന്തതിയാണ് ഞാന്‍ എന്ന് കണക്ക് ടീച്ചര്‍ പറഞ്ഞുവെന്ന് പറയണോ? അതോ വിത്ത് ഗുണം പത്തു ഗുണം, ഒരു കാലത്തും രക്ഷപ്പെടില്ലാത്തവനാണെന്ന് രാജുസാര്‍ പറഞ്ഞു എന്ന് പറയണോ?'
തിണ്ണയില്‍ നിന്ന് എഴുന്നേറ്റ് മുറ്റത്തിന്റെ ഓരം പറ്റി നിന്ന പേരയുടെ അടുക്കല്‍ ചെന്നു നിന്ന്, ഞാന്‍ അലറിക്കൊണ്ട് ചോദിച്ചു. അമ്മ അടി തരുമോ എന്ന പേടിയിലാണ് ഞാന്‍ അകന്നു നിന്ന് ചോദിച്ചത്. ജെസി പാത്രങ്ങള്‍ എടുത്ത് വീടിനകത്തേക്ക് പോയി.
'വെള്ളം ചൂടായിട്ടുണ്ടെടി. ലാലി, നീ വന്നു കുളിച്ചോ.' അകത്തുന്നു വിളി വന്നപാടേ അവളും പോയി. ബിന്ദു തിണ്ണയില്‍ നിന്ന് കയറുന്ന കട്ട കെട്ടിത്തിരിക്കാത്ത ഹാളില്‍ ഇട്ടിരുന്ന മേശയില്‍ ഇരുന്ന് ഹോം വര്‍ക് ചെയ്യാന്‍ തുടങ്ങി.
'നീ ഇത്രക്ക് ദേഷ്യപ്പെടാന്‍ എന്നാ കാര്യം? നീ തന്തയില്ലാത്തവന്‍ അല്ല എന്നതാണ് യാഥാര്‍ഥ്യം. നിന്റെ തന്ത നിനക്ക് നാലര വയസുള്ളപ്പോ ഇവിടന്ന് പോയി എന്നത് കാര്യമാ. പക്ഷേ നീ തന്തയില്ലാത്തവനല്ല.'
അടി പേടിച്ചു നിന്ന ഞാന്‍ അമ്മയുടെ ശക്തമായ മറുപടി കേട്ട് ഭാവവ്യത്യാസമൊന്നും ഇല്ലാതെ അവിടെത്തന്നെ നിന്നു.
'പിന്നെ നിന്നെ തന്തയില്ലാത്തവര്‍ എന്ന് നിന്റെ കൂട്ടുകാര്‍ വിളിക്കുന്നു എന്നല്ലേ നീ പറഞ്ഞേ...? അവര്‍ കൂട്ടുകാരാണെന്ന് നിന്നോടാരാ പറഞ്ഞേ...?'
അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ അമ്പരന്നു.
'അവരൊക്കെ നിന്റെ കൂടെ പഠിക്കുന്നവരാ. അല്ലാതെ നിന്റെ കൂട്ടുകാരല്ല. അവര്‍ കൂട്ടുകാരാണെന്ന് കരുതിയത് നിന്റെ കുഴപ്പമാ...'
അമ്മ പറഞ്ഞതിന് മറുപടിയൊന്നും എനിക്കുണ്ടായിരുന്നില്ല.
'പിന്നെ നിന്റെ കണക്ക് ടീച്ചര്‍ അല്ല, ആരു നിന്നെ പെഴച്ച സന്തതിയായി അവതരിപ്പിച്ചാലും നീ അങ്ങനെ ആകില്ല. അവര്‍ പറഞ്ഞതും കേട്ടോണ്ടുപോന്ന നിനക്കിട്ടാണ് തരേണ്ടത്...'
ഒന്നു നിര്‍ത്തിയിട്ട് അമ്മ തുടര്‍ന്നു.
'ആരെങ്കിലും പറഞ്ഞാല്‍ നീ പെഴച്ചതാകുമോ? അങ്ങനെ പറയാന്‍ ചുറ്റും ഒത്തിരിപ്പേര്‍ ഉണ്ടാകും. അതൊക്കെ ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി അങ്ങ് ഇറക്കി വിട്ടേക്കണം. ഉള്ളില്‍ക്കേറി വേണ്ടാത്ത ചിന്തകള്‍ കൂടുകൂട്ടാന്‍ സമ്മതിക്കരുത്. അങ്ങനെ കൂടു കൂട്ടിയാല്‍ നീ പിന്നെ എന്നും ഇരുട്ടില്‍ കെടുക്കുവേ ഒള്ളു...'
അകലെ കണ്ണാടിപ്പാറയില്‍ മകര വിളക്കിനെന്നപോലെ ഒറ്റക്ക് നിന്ന വെളിച്ചം ക്ഷേത്രത്തില്‍നിന്നും ഏറെ ദൂരെ ആയിരുന്നില്ല. എന്റെ കണ്ണുകള്‍ അതിലുടക്കിത്തന്നെ നിന്നു.
'വിത്ത് ഗുണം പത്തു ഗുണം. നിനക്ക് എന്ത് ഗുണം വേണമെന്ന് നീ മാത്രമാണ് തീരുമാനിക്കേണ്ടത്. നല്ല വിത്തായവയെല്ലാം നന്നായി വരണമെന്നൊന്നുമില്ല. മുളച്ചു വളര്‍ന്നുവെങ്കില്‍ നല്ല വിളവിന് വേണ്ട വളം വലിച്ചെടുത്ത് വളരേണ്ടത് നീ മാത്രമാ. അത് നിന്റെ പണിയാ. ഏതു സാറന്മാര്‍ പറഞ്ഞാലും നിനക്ക് ഒരു കൊഴപ്പോം ഇല്ല എന്നതുപോലെ നില്‍ക്കണം. ആളുകള്‍ നിന്നോട് പറയുന്നതോ ചെയ്യുന്നതോ ഒന്നും നിയന്ത്രിക്കാന്‍ നിനക്കാകില്ല. അവരോട് എങ്ങനെ പ്രതികരിക്കണം എന്നത് നീ മാത്രമാണ് തീരുമാനിക്കുന്നത്.'
പറഞ്ഞു നിര്‍ത്തിയിട്ട് അമ്മ എന്റെ അടുക്കലേക്ക് നടന്നു വന്നു. എന്നെ വട്ടം കെട്ടിപ്പിടിച്ചു എന്റെ കവിളില്‍ ഉമ്മ വച്ചിട്ട് ആ തല എന്റെ തോളില്‍ ചേര്‍ത്തുവച്ച് അന്ന് ചെവിയില്‍ മന്ത്രിച്ചു വാക്കുകള്‍ ഇന്നും എനിക്ക് ദിവ്യ വചനങ്ങളാണ്.
'നന്മയില്ലാതെ നിന്നോട് ആളുകള്‍ സംസാരിക്കുമ്പോള്‍ നീ ഒരു ചേമ്പില പോലെ ആയിരിക്കണം. ഇലയില്‍ വീണിട്ട് ഒന്നു നനയുകപോലും ചെയ്യാതെ അതൊഴുകി പോയ്ക്കോളും. നിന്റെ നന്മ കരുതി ആരെങ്കിലും നിന്നോട് സംസാരിക്കുമ്പോള്‍ നീ ഒരു സ്പോഞ്ച് പോലെ ആയിരിക്കണം. അത് മുഴുവന്‍ അങ്ങ് വലിച്ചെടുക്കണം...'
അന്ന് അമ്മ പറഞ്ഞതൊക്കെ പതിനാലാം വയസിലേക്ക് എത്താറായ എനിക്ക് മനസ്സിലായി എന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമാവും. പിന്നെയും ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞാണ് അമ്മയുടെ ഈ വാക്കുകളുടെ പൊരുള്‍ എനിക്ക് പിടികിട്ടിയത്. മനസ്സിന്റെ മൂലയില്‍ പെറ്റുകിടന്ന ഇരുട്ടിന്റെ മറവിലേക്ക് എന്നിലെ കൗമാരക്കാരന്‍ അമ്മയുടെ ആ വാക്കുകളെയും തള്ളിയിട്ടൊളിപ്പിച്ചു. ആരും കാണാതെയും അറിയാതെയും എന്റെ ഉള്ളില്‍ ലാവയായി തിളച്ചു മറിഞ്ഞ വെറുപ്പിനും പകയ്ക്കുമെല്ലാം ഒപ്പം ഈ നല്ല പാഠങ്ങളും ചടഞ്ഞു കിടന്നു. ആരും അറിയാതെ, ആര്‍ക്കും പകരാതെ.
വികാരിയച്ചന്റെ വെപ്പുകാരനായി ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടിയ എനിക്ക് ഏതാനും ദിവസങ്ങള്‍ക്കൊണ്ടുതന്നെ വീടും അമ്മയും സഹോദരിമാരും ഒപ്പമില്ലാത്തതിന്റെ അസ്വസ്ഥത തുടങ്ങി. അമ്മ വൈകുന്നേരങ്ങളില്‍ പണി കഴിഞ്ഞു വരുന്നതും അക്കാലത്തു പണിതു തീര്‍ത്ത ഞങ്ങളുടെ ഓട് മേഞ്ഞ വീടിന്റെ തിണ്ണയിലിരുന്നു ഞങ്ങള്‍ ഒന്നിച്ചു കഴിച്ചിരുന്ന അത്താഴവുമൊക്കെ ഒരു വിങ്ങലായി ആ പതിനാലുകാരന്റെ മനസ്സില്‍ നിറഞ്ഞുതന്നെ നിന്നു. എല്ലാവരും ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്നതും വൈകുന്നേരങ്ങളിലെ ഞങ്ങളുടെ കളിചിരികളുമൊക്കെ എനിക്ക് പൊടുന്നനെ വിട്ടു പോകേണ്ടി വന്നില്ലേ? വികാരി അച്ചന്റെ കുശിനിക്കാരനായി ഞാന്‍ കഴിഞ്ഞ കാലം പരിഭവങ്ങളോടെ ഒന്നുമല്ല ഞാന്‍ ഓര്‍ക്കുന്നത്. എന്റെ ജീവിതത്തിന് ഒരടുക്കും ചിട്ടയുമൊക്കെ വന്ന കാലമായിരുന്നു അത്. തെള്ളിത്തോട്ടിലെ ഞങ്ങളുടെ പള്ളിയിലെ അച്ചന്റെ താമസസ്ഥലം കര്‍ത്താവിനെ അടച്ചുവച്ച സക്രാരി പിടിപ്പിച്ചു വച്ചിരുന്ന ഭിത്തിയുടെ പിറകിലായിരുന്നു. അള്‍ത്താരയുടെ ഇരു വശങ്ങളിലും ഉണ്ടായിരുന്ന നീല പെയിന്റടിച്ച വാതിലുകള്‍ പള്ളി മുറിയുടെ രണ്ടു വശങ്ങളിലേക്ക് എത്തിക്കും. ഒരു വശത്ത് അച്ചന്റെ ഓഫീസ് മുറിയാണ്. അവിടെ മേശയുടെ പിറകില്‍ പ്ലാസ്റ്റിക് നെയ്ത സ്റ്റീല്‍ കസേരയില്‍ ഇരുന്ന് അച്ചന്‍ മിക്കവാറും കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു. അച്ചന്റെ ഓഫീസും കിടപ്പുമുറിയും ഒന്നുത്തന്നെയാണ്. അച്ചന്റെ കസേരയുടെ പിറകിലായി രണ്ട് സ്റ്റീല്‍ അലമാരകള്‍ വച്ചാണ് കട്ടില്‍ മറച്ചിരുന്നത്. ബാക്കി ഭാഗത്ത് ഒരു റോസ് കര്‍ട്ടന്‍ ഇട്ടിരുന്നു.
അച്ചന്റെ സിംഗിള്‍ കോട്ട് കട്ടിലിനരുകില്‍ ഒരു സ്റ്റൂളും അതില്‍ ഒരു ടേബിള്‍ ലാമ്പും ഉണ്ട്. ആ മുറിയെയും ഊണു മുറിയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി കബോര്‍ഡില്‍ തീര്‍ത്തതായിരുന്നു. ഊണു മുറിയില്‍ ഒരു ടേബിളും നാലഞ്ച് കസേരയും കൂടാതെ വിവിധ തരത്തിലുള്ള പാത്രങ്ങളും ഗ്ലാസുകളും അടുക്കി വച്ചിരുന്ന ഒരു ചില്ലലമാരയും ഉണ്ട്. ആ മുറിയില്‍ത്തന്നെയുള്ള കട്ടിലിലാണ് ഞാന്‍ കിടന്നിരുന്നത്. ആ മുറിയില്‍നിന്ന് വാതില്‍ തുറന്നിറങ്ങുമ്പോള്‍ ഒരു ഇടനാഴിയാണ്. അതിന്റെ ഇടതു വശത്ത് ബാത് റൂമാണ്. വലതു വശത്തേക്കുള്ള കോറിഡോര്‍ മുറ്റത്തേക്കാണ് പോകുന്നത്. ബാത്ത് റൂമിന് അടുത്തുനിന്നുമുള്ള വാതില്‍ കടന്നാല്‍ അടുക്കളയാണ്. മൂന്ന് അടുപ്പുകള്‍ കട്ടയില്‍ പണിത്വെച്ച ഒരു കോണ്‍ക്രീറ്റ് പാതകം. വലതുവശത്തെ ഭിത്തിയോട് ചേര്‍ത്ത് പണിതിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തന്നെയാണ് പാത്രം കഴുകാനുള്ള ടാപ്പും പാത്രങ്ങള്‍ അടുക്കി വയ്ക്കാനുള്ള സ്ഥലവും.
രാവിലെ അഞ്ചു മണിയാകുമ്പോള്‍ അച്ചന്റെ മുറിയിലെ റൗണ്ട് ടൈം പീസില്‍ അലാറമടിക്കും. അത് കേട്ട് ഒന്നുകൂടി മയങ്ങാമെന്നോര്‍ത്തു ഒന്നു തിരിഞ്ഞുകിടന്നു കമ്പിളിക്കടിയില്‍ ചുരുളുമ്പോള്‍ അപ്പുറത്തുനിന്നും അച്ചന്റെ വിളി വരും.
'ബാബു... അഞ്ചു മണിയായി. പോയി ഉണര്‍ത്തുമണി അടിക്ക്...'
മുറ്റത്തിറങ്ങി ആദ്യമെത്തന്നെ ഉണര്‍ത്തുമണി അടിച്ചു നാട്ടുകാരെയെല്ലാം ഉണര്‍ത്തുന്ന പണി ആയിരുന്നു ഒരു ദിവസത്തിലെ എന്റെ ആദ്യത്തെ ജോലി. വിട്ടു മാറാത്ത ഉറക്കവും പേറിയ കണ്ണുകള്‍ മിഴിച്ചു തുറന്ന് അള്‍ത്താരയിലേക്കുള്ള വാതില്‍ തുറന്ന് പള്ളിയ്ക്കകത്തേക്കുള്ള ഒരു യാത്രയോടെയാണ് ആ കാലം മുഴുവന്‍ ഞാന്‍ എന്റെ ദിവസം ആരംഭിച്ചിട്ടുള്ളത്. അവിടെ അള്‍ത്താരയുടെ പിന്‍ ഭിത്തിയില്‍ കുരിശില്‍ തൂങ്ങിക്കിടന്ന കര്‍ത്താവും അതിന് താഴെ സക്രാരിയില്‍ വാതിലടച്ചിരുന്ന കര്‍ത്താവിന്റെയും ചുവട്ടിലായി രണ്ടു ചുവന്ന സീറോ ബള്‍ബുകള്‍..... ഒരു അരണ്ട പ്രകാശം അവിടെയുണ്ടാക്കി. എന്റെ ജീവിതത്തിന്റെത്തന്നെ പ്രതിഫലനം എന്നപോലെ മാതാവും യൗസേപ്പിതാവും സെബാസ്ത്യനോസ് പുണ്യാളനുമൊക്കെ ആ അരണ്ട വെളിച്ചത്തില്‍ കര്‍ത്താവില്‍നിന്നുപോലും പുറം തിരിഞ്ഞു നിന്നു. ആളുകള്‍ ആരുമില്ലാത്ത, ഇരുട്ടില്‍ ഉറങ്ങിക്കിടന്ന പള്ളി എന്റെ ജീവിതത്തിന്റെത്തന്നെ പ്രതീകമായിരുന്നു. അവിടെ വാതിലുകള്‍ എല്ലാം അടഞ്ഞുതന്നെ കിടന്നു. എല്ലാ ദിവസവും രാവിലെ, ആ പള്ളിയിലെ ഇരുട്ടിലാണ് എന്നിലെ കൗമാരക്കാരന്റെ മനസ്സിന്റെ മൂലയില്‍ പെറ്റുകിടന്ന ഇരുട്ടിനെ ഞാന്‍ അടുത്തുകണ്ടത്.
nb: 'പാറത്തോട്ടില്‍ നിന്ന് പാരീസിലേക്ക്' എന്ന കോളത്തിന്റെ വരുന്ന ഭാഗങ്ങള്‍ ഒന്നിടവിട്ട ആഴ്ചകളില്‍ വായിക്കാം
Content Highlights: Childhood Memories by babu abraham From Parathot to Paris part 29
Published: 21 May 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented