ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഇടവകയിലുള്ള, നാലഞ്ച് വയസ്സ് ഇളയ, ഒരു പെണ്‍കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നിയിരുന്നെങ്കിലും അവളുടെ കുടുംബക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരുന്നതിനാല്‍ അപ്രാപ്യമായ ഒരു ബന്ധത്തില്‍ ഇറങ്ങിത്തിരിച്ച് മുറിവേല്‍ക്കപ്പെടാനോ അപമാനിതനാകാനോ ഞാന്‍ താല്‍പ്പര്യപ്പെട്ടില്ല. അല്ലെങ്കില്‍ത്തന്നെ അവള്‍ കൊച്ചുകുട്ടിയല്ലേ...! പ്രണയമൊന്നും തോന്നാന്‍ തക്ക പ്രായവും ഇല്ല. എങ്കിലും എന്നെ കാണുമ്പോള്‍ അവളുടെ മുഖത്ത് വന്നുപോയ പുഞ്ചിരി എന്നില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു. ഞാന്‍ മറന്നുപോയ ആ ആദ്യ ഇഷ്ടം മടങ്ങിവന്നത് എനിക്ക് ഇരുപതു വയസ്സായപ്പോഴാണ്. അപ്പോള്‍ അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന തോന്നലുകള്‍ എന്നില്‍ ഉണ്ടാക്കുംവിധം അവള്‍ എന്നോട് പെരുമാറുവാനും തുടങ്ങി. അപ്പോഴേക്കും കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്റെ ചുമലില്‍ ആയതിനാല്‍ പ്രണയത്തിന്റെ ആ നേര്‍ത്ത മന്ത്രണങ്ങള്‍ക്ക് ചെവികൊടുക്കാതെ ഞാന്‍ ജീവിതത്തിന്റെ പേജുകള്‍ മറിച്ചുവിട്ടു. അവള്‍ എന്നെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നുവെന്നും എന്നെ എന്റെ സാഹചര്യങ്ങളോടെ അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നുവെന്നും ഞാന്‍ അവളുടെ പ്രണയം അറിഞ്ഞിട്ടും അത് കണക്കിലെടുക്കാതെ ഒരു ഭീരുവിനെപ്പോലെ അവളെ വിട്ടുപോയെന്നും, പില്‍ക്കാലത്ത് അവള്‍ പരാതിപ്പെട്ടു. അപ്പോഴേക്കും കാലം തീര്‍ത്ത പല മൈല്‍ക്കുറ്റികളും ജീവിതത്തെ അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു.

To advertise here,

എന്റെ ഇരുപതുകളുടെ തുടക്കത്തില്‍, ജീവിതം വെട്ടിപ്പിടിക്കാനും കുടുംബത്തെ കരകയറ്റാനുമുള്ള ഓട്ടം ഞാന്‍ തീക്ഷ്ണമായി ആരംഭിക്കുന്നതിനും മുന്‍പ് കൗമാരത്തിന്റെ തിളപ്പില്‍, ഞാന്‍ എനിക്കായി തീര്‍ത്ത ഒരു ഇരുണ്ട തുരങ്കം കുറേ ഏറെ നാളുകള്‍ എന്നെ, ഒരിക്കലും അവസാനിക്കുകയില്ല എന്ന് തോന്നിച്ച ഇരുട്ടില്‍ എന്നെ തളച്ചിട്ടു. പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്റെ ഇരിപ്പിടം ഞാന്‍ പിന്‍ ബെഞ്ചിലേക്ക് മാറ്റി. പലപ്പോഴും ലില്ലി ടീച്ചര്‍ എന്നെ മുന്‍പില്‍ കൊണ്ടുപോയി ഇരുത്തിയാലും ഞാന്‍ അവരെ അനുസരിച്ചില്ല. പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞും മടങ്ങിവരാത്ത അപ്പനോടും അപ്പന്റെ കുടുംബക്കാരോടുമുള്ള എന്റെ വെറുപ്പ് ലോകത്തോട് മുഴുവനായി. വെറുപ്പ് അര്‍ബുദം പോലെയാണ്. സമയത്ത് കാരണം കണ്ടെത്തി വെറുപ്പിന്റെ കാരണവും കണികകളും കഴുകിക്കളഞ്ഞില്ലങ്കില്‍ നിശബ്ദതയില്‍ മറഞ്ഞിരുന്നു പെറ്റുപെരുകുന്ന മുഴകള്‍ പോലെയാണത്. പഠിക്കാനുള്ള എല്ലാ താല്പര്യവും എനിക്ക് നഷ്ടമായി. അധ്യാപകരോടും സഹപാഠികളോടുമൊക്കെ എനിക്ക് വെറുപ്പായിരുന്നു. വെറുപ്പും ഇരുട്ടും ഉള്ളില്‍ നിറഞ്ഞാടിയ സംഘനൃത്തം എന്നെ ഒരു ഭ്രാന്തനാക്കി. 

'അപ്പന്‍ ഇട്ടേച്ചു പോയപ്പോ ഞങ്ങളേം കൊന്ന് നിങ്ങക്ക് ചത്തു കൂടായിരുന്നോ...? എന്തിനാ ഈ നാണംകെട്ട ജീവിതം?'
എന്റെ വെറുപ്പും ഭ്രാന്തുമെല്ലാം മുറിപ്പെടുത്തുന്ന വാക്കുകളായി അമ്മയേയും സഹോദരിമാരെയും ആക്രമിച്ചു. തന്തയില്ലാത്തവന്‍ എന്ന വിളിയില്‍ സമചിത്തത നഷ്ടപ്പെട്ട ഞാന്‍ വീട്ടില്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കി. എന്റെ ഭ്രാന്തും മുറിപ്പെടുത്തുന്ന വാക്കുകളും അമ്മയെ പുതിയ വേദനകളിലേക്ക് തള്ളിവിട്ടു. എന്റെ വാക്കുകള്‍ക്ക് കാരുണ്യവും സ്നേഹവും നഷ്ടപ്പെട്ടു. പള്ളിപ്പറമ്പിലും പാടത്തും തോട്ടരുകിലും സെമിത്തേരിയില്‍പ്പോലും ഞാന്‍ രാത്രി വൈകിയും കറങ്ങിനടന്നു. പെണ്മക്കളെയും ചേര്‍ത്തുപിടിച്ച് തേങ്ങിക്കരഞ്ഞുകൊണ്ട് തിണ്ണയില്‍ ഇരിക്കുന്ന അമ്മയെ ഞാന്‍ അവജ്ഞയോടെ നോക്കി.
'വീട്ടുകാരും നാട്ടുകാരുമെല്ലാം പെഴച്ചവള്‍ എന്ന് അടക്കിപിടിച്ചു സംസാരിക്കുമ്പോള്‍ ഇങ്ങനെ ജീവിച്ചിരിക്കുന്നതില്‍ എന്താ കാര്യം?'
അന്ധകാരത്തില്‍ പിശാചുക്കളോടൊപ്പം പമ്മിനടന്ന എന്നിലെ പതിനഞ്ചുകാരന്‍ ഒരു രാത്രി അമ്മയോട് ചോദിച്ചു. ശക്തയും കാര്യപ്രാപ്തിയുമുള്ള അമ്മ പതറിപ്പോയ നാളുകളായിരുന്നു അവ. അമ്മയുടെ കണ്ണുകള്‍ ഇരുട്ടിന്റെ നിശബ്ദതയില്‍ നിറയുന്നത് മണ്ണണ്ണ വിളക്കിന്റെ അനങ്ങുന്ന വെളിച്ചത്തില്‍ കണ്ടപ്പോഴും എനിക്ക് കരുണ തോന്നിയില്ല. മക്കള്‍ക്ക് വേണ്ടി മാത്രം ജീവിച്ച, മകനില്‍ മുഴുവന്‍ പ്രതീക്ഷകളും അര്‍പ്പിച്ച അമ്മ തളര്‍ന്നുപോയ കുറേ മാസങ്ങളാണ് പിന്നെ വന്നത്. ജെസിയേയും ലാലിയെയും ബിന്ദുവിനെയും ചേര്‍ത്തുപിടിച്ച് വിങ്ങിപ്പൊട്ടിയ അമ്മയെ ഞാന്‍ കണ്ടില്ലന്നു നടിച്ചു.

ഞാന്‍ മിക്കവാറും പള്ളിക്കൂടത്തില്‍ ചെല്ലുന്നില്ലെന്ന കാര്യം ഒരോ ആഴ്ച്ചയും ലില്ലിട്ടീച്ചര്‍ അമ്മയെ അറിയിച്ചപ്പോള്‍ എന്നിലുള്ള എല്ലാ പ്രതീക്ഷയും അമ്മക്ക് നഷ്ടമായിരുന്നോ എന്നെനിക്കറിയില്ല. ശനിയാഴ്ചകളിലും ഞായറാഴ്ച്ച ഉച്ചകഴിഞ്ഞും ഞാന്‍ അമ്മയോടൊപ്പം പണിക്കു പോയി. വള്ളിക്കൊട്ടയില്‍ വാരി നിറച്ച മണലും ചുമന്ന് പോകുമ്പോള്‍ കൂടെ പഠിക്കുന്ന ആരെയെങ്കിലും കാണുമ്പോള്‍ അടുത്തുള്ള വാഴക്കിടയിലോ കവുങ്ങിന്‍ തോപ്പിലോ മരങ്ങള്‍ക്ക് പിറകിലോ ഞാന്‍ ഒളിച്ചിരുന്നു.
'മേരിടെ മകന്‍ ഒരു പെങ്കൊച്ചിനെയുമായിട്ട് മുകളിലെ സെമിത്തേരിയില്‍ എന്തൊക്കെയോ പരിപാടി ആയിരുന്നു ഇന്ന് ഉച്ചകഴിഞ്ഞ്...'
പാറത്തോട്ടിലെ വികാരിയച്ചന്‍ അത് പറയുമ്പോള്‍ അമ്മക്ക് അത് വിശ്വസിക്കാനായില്ല. എങ്കിലും അമ്മ മകനെ ന്യായീകരിച്ചില്ല.
'ശരിക്കും അത് ബാബു തന്നെ ആണെന്ന് അച്ചന് ഉറപ്പാണല്ലോ ആല്ലേ.'
അമ്മ ഒന്നുകൂടി ഉറപ്പ് വരുത്താനായി അച്ചനോട് ചോദിച്ചു.
'ആദ്യം അവര്‍ നമ്മുടെ വാട്ടര്‍ ടാങ്കിന്റെ പുറകു വശത്തായിരുന്നു. ഞാന്‍ അങ്ങോട്ടു ചെല്ലുന്നു എന്ന് കണ്ടപ്പോള്‍ അവനും ആ പെങ്കൊച്ചും കൂടി കണ്ണാടിപ്പാറയ്ക്കുള്ള വഴി കയറി മുകളിലെ സെമിത്തേരിയിലേക്ക് പോയി. എന്നാ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് ഞാനും വിചാരിച്ചു. അവിടെച്ചെന്ന് രണ്ടിനേം കയ്യോടെ അങ്ങ് പൊക്കി.'
അച്ചന്‍ സംഭവങ്ങള്‍ വിവരിച്ചിട്ടും അമ്മയുടെ കണ്ണുകള്‍ ആവിശ്വാസം മുറ്റിനിന്നു.
'എന്റെ മകനാണ് എന്ന് അവന്‍ അച്ചനോട് പറഞ്ഞോ?'
അപമാന ഭാരത്തോടെ അമ്മ ചോദിച്ചു.
'ആ പെണ്‍കൊച്ച് നമ്മുടെ സ്‌കൂളിലുള്ള കുട്ടിയല്ല. പാരലല്‍ കോളേജില്‍ തോറ്റു പഠിക്കുന്നതാ. പള്ളീല്‍ വരുന്നവരല്ല. അപ്പോ പിന്നെ ആ പെങ്കൊച്ചിന്റെ കാര്യം എനിക്ക് അന്വേഷിക്കണ്ട കാര്യമില്ലല്ലോ. ആ പെണ്ണിനെ പറഞ്ഞു വിട്ടിട്ട് ഞാന്‍ അവനേം കൂട്ടി പള്ളിമുറില്‍ വന്നു. കൊച്ചച്ചന്റെ മുന്‍പില്‍ വച്ചാ അവന്‍ പേരും മേരീടെ മോനാന്നും പറഞ്ഞത്.' വികാരിയച്ചന്‍ തീര്‍ത്തു പറഞ്ഞു. 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരം ഇക്കാര്യത്തേക്കുറിച്ചൊന്നും അമ്മ എന്നോട് ചോദിച്ചില്ല. പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാന്‍ അമ്മയോടും ലാലിയോടുമൊപ്പം പണിക്ക് പോയി. പാറത്തോട്ടിലെ ബ്രദേഴ്‌സ് ചായക്കടയില്‍ നിന്ന് ചായകുടി കഴിഞ്ഞു ലാലിയെയും സരോമ്മയെയും കൂട്ടി പണിക്കാരെ വള്ളോംപുരയിടത്തിന്റെ മാളിക വീടിനു മുന്നിലുള്ള തോട്ടിലേക്കു വിട്ടിട്ട്, അമ്മ എന്നേയും കൂട്ടി പാറത്തോട് പള്ളിയിലേക്ക് പോയി. കൊച്ചച്ചന്‍ നീട്ടിയും കുറുക്കിയും പാട്ട് പാടി ഭക്തിപൂര്‍വ്വം കര്‍ത്താവിനെ ബലിയിലേക്ക് വിളിച്ചിറക്കുന്ന തിരക്കില്‍ ആയിരുന്നു. ആദ്യത്തെ കുര്‍ബാന കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ കൊച്ചച്ചന്റെ വരവും കാത്തിരുന്ന വല്യച്ചന് അമ്മയുടെയും എന്റെയും വരവ് സമയം കൊല്ലാനുള്ള ഒരു മാര്‍ഗമായാണ് അന്നെനിക്ക് തോന്നിയത്.
'ഇതാണോ അച്ചന്‍ ആ പെങ്കൊച്ചിന്റെ കൂടെ സെമിത്തേരിയില്‍ നിന്ന് പിടികൂടിയ ആ പയ്യന്‍?'
മുഖവുരയൊന്നും ഇല്ലാതെ അമ്മ അച്ചനോട് ചോദിച്ചു. വിവരങ്ങളൊന്നും അറിയാതിരുന്ന ഞാന്‍ അമ്പരന്നു പോയി. അതോടൊപ്പം ഉള്ളില്‍ മയങ്ങി കിടന്ന ദേഷ്യം എന്നെ തട്ടി ഉണര്‍ത്താന്‍ തുടങ്ങി.
'ഏയ് ഈ പയ്യനല്ല. മേരീടെ മകനെയാ ഞാന്‍ അന്ന് പിടിച്ചത്.'
മേശയില്‍ മൂടി വച്ചിരുന്ന ചായ എടുത്ത് ഊതിയൂതി കുടിക്കുമ്പോള്‍ ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു.
'അച്ചാ ഇതാ എന്റെ മകന്‍. എനിക്ക് ഒരു മകനേയുള്ളു. ഇവനെയല്ല അന്ന് അച്ചന്‍ കണ്ടതെന്നു പറഞ്ഞതുകൊണ്ട് ഇനി എനിക്ക് കൂടുതല്‍ അറിയേണ്ട...'
അതും പറഞ്ഞു പള്ളി മുറിയില്‍ നിന്നും എന്റെ കൈ പിടിച്ചു ഇറങ്ങി നടക്കുമ്പോള്‍ പ്രതീക്ഷകള്‍ ഇടയ്ക്കെപ്പോഴോ നഷ്ടമായ അമ്മയുടെ മുഖത്തെ പുഞ്ചിരിയുടെ രൂപത്തില്‍ പ്രത്യാശ പേറിയിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ പേരു പറഞ്ഞു പള്ളീലച്ചന്റെ അടുക്കല്‍ എന്നെ നാറ്റിച്ചു സ്വയം ഊരിയെടുത്ത ആ പഹയന്‍ മൂത്തമ്മാവന്റെ മകനാണ് എന്നറിഞ്ഞു. സമപ്രായക്കാരനായ അവന്‍ എന്റെ പേര് ഉപയോഗപ്പെടുത്തി മാന്യനായി മാറിയതും എന്നിലെ വെറുപ്പ് ആളിക്കത്തിച്ചു.

തുടര്‍ന്നു വന്ന ആഴ്ചകളിലും ഞാന്‍ പള്ളിക്കൂടത്തില്‍ പോയില്ല. ഉഴപ്പനായി കറങ്ങിനടന്ന എന്നെക്കുറിച്ച് നീണ്ട ചര്‍ച്ചകള്‍ അധ്യാപകര്‍ അവരുടെ ആപ്പീസില്‍ ഇരുന്നു നടത്തിയപ്പോള്‍ വത്സമ്മ ടീച്ചറും മത്തായി വര്‍ക്കി സാറും അദ്ദേഹത്തിന്റെ ഭാര്യ ലില്ലി ടീച്ചറും മാത്രമേ എന്നെ പിന്തുണച്ചുള്ളൂ. കടന്നുപോന്ന കുട്ടിക്കാലത്ത് കിട്ടിയ മുറിവുകളാണ് എന്നെ ഒരു അലമ്പനാക്കിയതെന്നും കുറച്ചു കഴിയുമ്പോള്‍ ഞാന്‍ നന്നാവുമെന്നുമൊക്കെ വത്സമ്മ ടീച്ചര്‍ കൂടെക്കൂടെ പറഞ്ഞു. ലില്ലി ടീച്ചറിന്റെ പരാതിപറച്ചില്‍ കൂടിയതുകൊണ്ടാണോ മകനിലുള്ള പ്രതീക്ഷ ഇനിയും അസ്തമിക്കാത്തതു കൊണ്ടാണോ എന്നറിയില്ല, ഒരു വൈകുന്നേരം അമ്മ കുഞ്ഞമ്മാവനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞമ്മായിയും കൂടെയുണ്ടായിരുന്നു. ഞാന്‍ മിക്കവാറും ക്ലാസ്സില്‍ പോകാതെ കറങ്ങി നടക്കുകയാണെന്നും വല്ലപ്പോഴും ചെല്ലുമ്പോള്‍ എന്തെങ്കിലും രോഗം നടിച്ച് രണ്ടു പീരിയഡ് കഴിയുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ നിന്ന് പൊരുമെന്നുമെല്ലാം അമ്മ പറഞ്ഞപ്പോള്‍ കുഞ്ഞമ്മാവന് കലി കയറി.
'നിന്റെ തള്ള ഈ കാലം മുഴുവന്‍ പണിയെടുത്തത് നിനക്ക് നല്ല ഭാവി ഉണ്ടാകനല്ലേ. എന്നിട്ട് തന്തേടെ വഴിയേ പോകാനാണോ നീ ഒരുങ്ങുന്നത്? രണ്ടണ്ണം ശരിക്ക് ഇട്ടു തന്നാല്‍ തീരുന്ന പ്രശ്നമേ നിനക്കുള്ളൂ. പേടിയില്ലാത്തതിന്റെയാ ഇവന്‍ ഈ കളി കളിക്കുന്നത്.'
കുഞ്ഞമ്മാവന്‍ ഇത് പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ചാഞ്ഞു നിന്ന കാപ്പിയുടെ കമ്പ് ഓടിച്ചെടുത്തു. പെരപണി കഴിഞ്ഞപ്പോള്‍ മിച്ചം വന്ന കരിങ്കല്ലകള്‍ക്ക് മുകളില്‍ കുത്തിയിരുന്ന ഞാന്‍ ചാടിയെണീറ്റു.
'എന്നെ തൊട്ടുപോകരുത്. നീയൊക്കെ ഇത്രയും കാലം എവിടെയായിരുന്നു? എനിക്ക് ഒരുത്തനേം കാണണ്ട. എന്നെ മര്യാദ പഠിപ്പിക്കാന്‍ വരുകയും വേണ്ട.'
ആക്രമിക്കാന്‍ തയ്യാറാകുന്ന ഒരു വേട്ടമൃഗത്തെപ്പോലെ ഞാന്‍ ചീറി. എന്റെ ശരീരം വിറച്ചു. മുന്നോട്ടാഞ്ഞ കുഞ്ഞമ്മാവന്‍ ഒന്നു പതറി.
'അവനെ തല്ലുകയും വഴക്കു പറയുകയും ഒന്നും വേണ്ട....'
കുഞ്ഞമ്മാവന്റെ കയ്യിലിരുന്ന വടി പിടിച്ചു വാങ്ങി പറമ്പിലേക്ക് എറിയുമ്പോള്‍ കുഞ്ഞമ്മായി പറഞ്ഞു. നിസഹായാവസ്ഥയില്‍ തിണ്ണയില്‍ ഇരുന്ന അമ്മയുടെ അടുത്തെത്തി അരികിലിരുന്ന കുഞ്ഞമ്മായി എന്റെ നേരെ നോക്കി.
'ചേച്ചി, ഇങ്ങനെ വിഷമിക്കാതെ. എല്ലാം ശരിയാകും. ഇവന്‍ പത്തിലാണല്ലോ എന്ന വിഷമം മാത്രമേ എനിക്കുള്ളൂ. കര്‍ത്താവ് ചേച്ചിയെ കൈവിടില്ല...'
അമ്മയെ ചേര്‍ത്തുപിടിച്ചു കുഞ്ഞമ്മായി അത് പറയുമ്പോള്‍ എന്റെ ഉള്ളില്‍ വെറുപ്പിനും ദേഷ്യത്തിനും കുറവുണ്ടായില്ല.
'ഇവനെ ഞാന്‍ കൊണ്ടുപൊയ്ക്കൊള്ളാം ചേച്ചി. എന്റെ മകനെപ്പോലെ ഞാന്‍ നോക്കിക്കൊള്ളാം. ഞാന്‍ അവനെ എങ്ങനേലും പഠിപ്പിച്ചെടുത്തോളാം...'
അമ്മയുടെ അടുത്തുനിന്നും എഴുന്നേറ്റ് എന്റെ അടുക്കല്‍ വന്ന് തലയില്‍ കൈവിരലുകള്‍ ഓടിച്ചു കൊണ്ട് കുഞ്ഞമ്മായി അത് പറയുമ്പോള്‍ അക്കരെ കണ്ണാടിപ്പാറയിലേക്ക് കണ്ണും നട്ടിരുന്ന ഞാന്‍ ചാടിയെണീറ്റു. മറ്റുള്ളവരുടെ സ്നേഹം പോലും സ്വീകരിക്കാന്‍ ആവാത്തവിധം എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ഒരു വര്‍ഷത്തോളമായി ഞാന്‍ കൊട്ടിയടച്ചിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ കുഞ്ഞമ്മാവനും അമ്മായിയും പൂതാളിയിലെ അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയി.
തലേവര്‍ഷത്തെ ഏപ്രില്‍ മാസത്തിലെ കല്ല്യാണത്തിനുശേഷം കുഞ്ഞമ്മാവനും അമ്മായിയും മൂന്നു മാസം പോലും അമ്മയുടെ തറവാട്ടു വീട്ടില്‍ താമസിച്ചില്ല. കാരണവരായ കൊച്ചമ്മാവന്‍ വീട്ടുചെലവിന്റെ കണക്കുകള്‍ നിരത്തി വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയപ്പോള്‍, കൊച്ചമ്മാവന്റെ വിഹിതത്തില്‍ ഒരു ഓലമേഞ്ഞ വീടുവച്ച് അവര്‍ താമസംമാറി. ഒരു മുറിയും അടുക്കളയുമുള്ള, തെങ്ങോല മെടഞ്ഞ ചുറ്റ് ഭിത്തിയുള്ള, ചാണകം മെഴുകിയ വീട്ടില്‍ അവര്‍ താമസമാക്കി ഉടനെ കുഞ്ഞമ്മായി ഗര്‍ഭിണിയുമായി. 

തൊട്ടടുത്ത ആഴ്ച്ച രോഗം നടിച്ച് ഞാന്‍ ക്ലാസ്സില്‍ നിന്നും ലില്ലി ടീച്ചറിന്റെ അനുവാദം പോലും കാക്കാതെ ഇറങ്ങി നടന്നു. എങ്ങനെയോ വിവരമറിഞ്ഞ അമ്മ പീറ്റര്‍ അച്ചന്റെ ഓര്‍ത്തഡോക്സ് പള്ളിയുടെ താഴെയിട്ട് എന്നെ പിടികൂടി. എത്ര പറഞ്ഞിട്ടും അമ്മയോടൊപ്പം പോകാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ജീവിതത്തോട് സ്വയം ഉണ്ടാക്കിയെടുത്ത വെറുപ്പ് ആ പതിനഞ്ചുകാരനില്‍ മരണത്തോടുള്ള ഒരു ആഭിമുഖ്യം പോലും വളര്‍ത്തി തുടങ്ങിയിരുന്നു. എന്റെ പെരുമാറ്റവും മുഖത്തെഭാവങ്ങളും അമ്മയെ ഭയപ്പെടുത്തിയതു കൊണ്ടാകണം, ആരെയോ വിട്ടു കുഞ്ഞമ്മാവനെ വിളിച്ചു വരുത്തുന്നത് വരെയും അമ്മയും ലാലിയും എന്നെ പിടിച്ചുനിര്‍ത്തി. കുഞ്ഞമ്മാവനെയും കൂട്ടി അമ്മയും ലാലിയും ഞാനും വീട്ടിലെത്തി. വൈകുന്നേരം വരെയുമുള്ള ഉപദേശമാണോ മടുപ്പ് കൊണ്ടാണോ എന്നൊന്നും അറിയില്ല അന്ന് വൈകുന്നേരം ഞാന്‍ കുഞ്ഞമ്മാവന്റെ കൂടെ പൂതാളിയിലെ അവരുടെ വീട്ടിലേക്ക് പോയി.

1989-ലെ നവംബര്‍ മാസം മുതല്‍ 1990 മാര്‍ച്ച് മാസം വരെ ഞാന്‍ അവരോടൊപ്പം താമസിച്ചു. അക്കാലത്തു 25 വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന കുഞ്ഞമ്മായി എന്നെ ഒരു മകനെപ്പോലെ കരുതി, സ്നേഹിച്ചു. പഠനത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുത്തില്ലെങ്കിലും ഞാന്‍ എല്ലാ ദിവസവും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. രോഗം നടിച്ച് ക്ലാസ്സില്‍ നിന്ന് പോകുന്ന പരിപാടിയും ഞാന്‍ നിര്‍ത്തി. അക്കാലത്ത് മിക്കവാറും പൈങ്കിളി വാരികകളില്‍ വരുന്ന നോവലുകള്‍ വായിച്ചു ഞാന്‍ എന്റെ വൈകാരിക വേലിയേറ്റങ്ങളില്‍നിന്നും ഭ്രാന്തില്‍ നിന്നും ഒഴിഞ്ഞു മാറി. മംഗളം, മനോരമ, സഖി, സുനന്ദ, ജനനി തുടങ്ങിയ വാരികകള്‍ ആഴ്ച്ച തോറും വായിച്ചു തീര്‍ത്തു. മാര്‍ച്ചു മാസത്തിലെ പത്താം ക്ലാസ്സിലെ പരീക്ഷക്ക് മുന്‍പ് ജോസി വാഗമറ്റത്തെയും മാത്യു മറ്റത്തെയും അനുകരിച്ച; ഞാന്‍ രണ്ടു നോവലുകള്‍ എഴുതിയെങ്കിലും രണ്ടും പൈങ്കിളിയാണെന്ന അംഗീകാരം തന്ന ജോമിയെന്ന എന്റെ കൂട്ടുകാരന്‍ വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിച്ചു.

1990-ലെ എസ്.എസ്.എല്‍.സി പരീക്ഷ ഒരു ബുധനാഴ്ച്ചയാണ് കഴിഞ്ഞത്. പിറ്റേന്ന് രാവിലെ തലേ ദിവസം കുഞ്ഞമ്മാവന്‍ റബ്ബര്‍ ഷീറ്റ് വിറ്റു കൊണ്ടുവന്നു വച്ച ഇരുന്നൂറ് രൂപയും അയല്‍ വീടുകളില്‍ പാല്‍ വിറ്റു കിട്ടിയ പണം കുഞ്ഞമ്മായി സൂക്ഷിച്ചിരുന്ന മല്ലിടിന്നില്‍ നിന്ന് കട്ടെടുത്തും ഇടവക പള്ളിയില്‍ മിഷന്‍ ലീഗ് നടത്തിയ കുറി വിറ്റ വകയില്‍ കിട്ടിയ പൈസയും എടുത്തു, രണ്ടു ജോഡി വസ്ത്രവും മടക്കി ഒരു പുറം സഞ്ചിയിലിട്ട്, അമ്മയുടെ അടുക്കലേക്ക് പോകുകയാണെന്നും പറഞ്ഞ്  കുഞ്ഞമ്മാവന്റെ വീട്ടില്‍നിന്നും ഞാനിറങ്ങി. അവരുടെ വീടിനു താഴെയുള്ള പാറയില്‍ പുഴുങ്ങിയ നെല്ല് ഉണങ്ങാന്‍ നിരത്തുകയായിരുന്ന കുഞ്ഞമ്മായിക്ക് ഒരുമ്മയും കൊടുത്തു ഞാന്‍ പറുപ്പള്ളിക്കാരുടെ വീടിനു താഴെയുള്ള വഴിയിലൂടെ പാറത്തോട്ടിലേക്ക് നടന്നു.
'ഞങ്ങള് ഞായറാഴ്ച്ച അങ്ങോട്ട് വരുമെന്ന് കൊച്ച് അമ്മയോട് പറഞ്ഞേരെ കേട്ടോ...' 
കുഞ്ഞമ്മായി ഉറക്കെ വിളിച്ചു പറഞ്ഞതിന് മറുപടി പറയാതെ കല്ലുവട്ടംകാരുടെ വീടും കടന്ന് ഞാന്‍ വേഗം നടന്നു. പാറത്തോട് എത്തുന്നതിനു മുന്‍പേ പിഎംഎസില്‍ കയറി. അടിമാലി എത്തുന്നത് വരെയും പിടിക്കപ്പെടുമോ എന്ന് ഞാന്‍ ആകുലപ്പെട്ടു. അടിമാലിയില്‍ ഇറങ്ങി അപ്സര തീയേറ്ററിന്റെ മുന്നിലൂടെ നടന്നു മുന്‍പോട്ട് പോയി. മൂന്നാറില്‍ നിന്നും വന്ന തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചറില്‍ ആളില്ലാത്ത ഒരു സീറ്റ് കണ്ടെത്തി അതില്‍ ഇരുന്നു.
പണമുണ്ടാക്കി തിരിച്ചു വന്ന് അമ്മയേയും സഹോദരിമാരെയും നല്ല നിലയില്‍ നോക്കണമെന്ന് സ്വപ്നം കണ്ടുള്ള ആ ഒളിച്ചോട്ടം എന്റെ മരുഭൂമിയിലെ അലച്ചില്‍ ആയിരുന്നു. അവിടെ ഞാന്‍ എന്നെ പരീക്ഷിക്കുന്ന അനേകം പിശാചുക്കളെ കണ്ടു. പല കുഴികളിലും ഞാന്‍ വീണു. പതിനാറ് വയസ്സ് അപ്പോഴും തികഞ്ഞിട്ടില്ലാതിരുന്ന എനിക്ക് ഹോട്ടല്‍ മുറികളില്‍ ഒന്നിച്ചു കിടക്കാന്‍ ക്ഷണം നല്‍കിയ ആഭാസന്മാരുണ്ടായി... എച്ചില്‍ പാത്രങ്ങള്‍ കഴുകിയ നാളുകള്‍.... ആ ഒളിച്ചോട്ടം എന്നെ കൊണ്ടെത്തിക്കാത്ത അഴുക്കുചാലുകളില്ല... ഞാന്‍ വീണു പോകാത്ത ചൂഷണ വേദികള്‍ ഇല്ല. ആ നാളുകളില്‍ തകര്‍ന്നു പോയ അമ്മയുടെ ഓര്‍മയുണ്ട്. കമ്പിളികണ്ടത്തേയും പാറത്തോട്ടിലെയും കലങ്ങിയൊഴുകിയ മലവെള്ളത്തില്‍ ആ അമ്മയുടെ കണ്ണീര്‍ ചേര്‍ന്നോഴുകി. 

പിൻകുറിപ്പ്:  'പാറത്തോട്ടില്‍ നിന്ന് പരീസിലേക്ക്' ഇവിടെ ഇന്നു അവസാനിപ്പിക്കയാണ്. എന്റെ ജീവിതയാത്രയുടെ ഓര്‍മക്കുറിപ്പുകള്‍ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' മാതൃഭൂമി ബുക്സ് പ്രസദ്ധീകരിച്ചിട്ടുണ്ട്. 2024 നവംബര്‍ 6 മുതല്‍ എന്റെ ഈ എഴുത്തിനെ വായനയിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. 'പാറത്തോട്ടില്‍ നിന്ന് പാരീസിലേക്ക്' പിന്നീട് പുസ്തക രൂപത്തില്‍ മാതൃഭൂമി ബുക്സില്‍ നിന്നും പ്രസദ്ധീകരിക്കുന്നതാണ്.

(അവസാനിച്ചു...)