
വികാരിയച്ചന്റെ അടുക്കളപ്പണിക്കാരനായി ഞാന്‍ കഴിഞ്ഞുകൂടിയ ഒരു വര്‍ഷത്തില്‍ താഴെവരുന്ന ആ കാലത്താണ് എന്നിലെ കൗമാരക്കാരനില്‍ കാലം വിതച്ച വെറുപ്പിന്റെ വിത്തുകള്‍ മുളച്ചുതുടങ്ങിയത്. വിശുദ്ധമായ ബലിവേദിക്ക് പിന്നിലായി ദിവസവും ഉറങ്ങിയ എന്റെ വിശ്വാസംപോലും കൈമോശം വന്ന കാലം. പ്രകടനങ്ങളില്‍ ഒതുങ്ങിനിന്ന ഭക്തിയും സാക്ഷ്യങ്ങളും കണ്ട് ചെറുപ്പം മുതല്‍ അമ്മ പകര്‍ന്നുതന്ന വിശ്വാസത്തെപ്പോലും ഞാന്‍ സ്വയം പറഞ്ഞുവിട്ട കാലം. ദൈവത്തെക്കുറിച്ചും ദൈവമനുഷ്യരെക്കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുമില്ലാതെ മനസ്സില്‍ ചിറകെട്ടി സൂക്ഷിച്ച ഒരു കാലമായിരുന്നു അത്. അമ്മയോടു പോലും ഞാനതൊന്നും തുറന്നുപറഞ്ഞില്ല. പള്ളിയുടെ അടുക്കളയില്‍ ഞാന്‍ കത്തിച്ച കാട്ടുവിറകുകള്‍ക്കൊപ്പം എന്റെ കൗമാരമനസും ആളിക്കത്തി. അന്ന് അതാരും കണ്ടില്ല, അറിഞ്ഞില്ല. അടക്കിപ്പിടിച്ച വെറുപ്പിന്റെ ചിന്തകളും പകയും എന്റെ മനസ്സിന്റെ താളം തെറ്റിച്ചു തുടങ്ങിയിരുന്നു.
വികാരിയച്ചന്റെ ബന്ധുവായ ഒരു യുവാവ് അക്കാലത്തു കൂടെക്കൂടെ കോട്ടയത്തുനിന്നും വരുമായിരുന്നു. അയാളുടെ വരവിനെ ഒരു സന്തോഷവും ഇല്ലാതെയാണ് ഞാന്‍ കണ്ടിരുന്നത്. അയാള്‍ വരുന്ന ദിവസങ്ങളില്‍ എന്റെ കട്ടില്‍ അയാള്‍ക്കായി ഞാന്‍ ഒഴിഞ്ഞു കൊടുക്കണം. അടുക്കളയിലെ തറയില്‍ ഒരു പഴയ ബെഡ്ഷീറ്റ് വിരിച്ച് അതിന്റെ മറ്റൊരറ്റം വലിച്ചുപുതച്ചു കിഴക്കന്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ നടത്തിയ പരിശ്രമങ്ങള്‍ അത്തരം രാത്രികളുടെ നീളം കൂട്ടി.
വിരുന്നുകാര്‍ വരുമ്പോള്‍ സ്‌പെഷ്യല്‍ കറികള്‍ അച്ചനായി കൊടുത്തുവിടുന്ന ചില കുടുംബങ്ങളും ഉണ്ടായിരുന്നു. അത്തരം ദിവസങ്ങളില്‍ ഞാന്‍ ആ വീടുകളില്‍ പോയി കറിയെടുത്തു കൊണ്ടുവരികയാണ് പതിവ്. വികാരിയച്ചന്റെ ബന്ധു വന്ന ദിവസം പള്ളിക്കൂടം വിട്ട് വീട്ടില്‍ പോയി ചാളക്കറി കൂട്ടി ഭക്ഷണം കഴിച്ചശേഷം പതിവിലും വൈകിയാണ് ഞാന്‍ പള്ളിയില്‍ എത്തിയത്. പാറത്തോടിന് അടുത്തുള്ള ഏതോ വീട്ടില്‍ വൈകുന്നേരം പോയിട്ട് അച്ചന്‍ വൈകിയേ എത്തൂ എന്ന് രാവിലെ ഞാന്‍ സ്‌കൂളിലേക്ക് പോകുന്നതിനു മുന്നേ പറഞ്ഞിരുന്നു.
അച്ചന്റെ ബന്ധുവായ ചെറുപ്പക്കാരന്‍ പകല്‍ എത്തിയിരുന്നു. അയാള്‍ വരുന്ന വിവരം അച്ചന്‍ പറഞ്ഞിരുന്നുമില്ല. അമ്മവച്ച ചാളക്കറി ഒരു ചോറ്റുപാത്രത്തില്‍ തന്നുവിട്ടതു കൊണ്ട്, വൈകുന്നേരത്തേക്ക് ഒരു ബീന്‍സ് തോരന്‍ മാത്രം ഉണ്ടാക്കിയാല്‍ മതിയെന്ന ആശ്വാസത്തില്‍ എത്തിയ എന്നെ കാത്തിരുന്നത് ഭയപ്പെടുത്തുന്ന കാഴ്ച്ചയാണ്.
പതിവുപോലെ വിരുന്നുകാര്‍ക്കുള്ള സ്‌പെഷ്യല്‍ കറി ഉണ്ടാക്കി, ഇളയ മകളുടെ കയ്യില്‍ കൊടുത്തുവിട്ട ആ അമ്മ അടുക്കളയില്‍ ഞാന്‍ ഉണ്ടാകുമെന്നു കരുതിയിരിക്കണം. പൂട്ടിയിട്ടിരുന്ന പള്ളിമുറി കടന്ന് പിറകുവശത്തുകൂടി എത്തി ചാരിയ അടുക്കളവാതില്‍ തള്ളിത്തുറക്കുമ്പോള്‍ അവളുടെ കരച്ചില്‍ ഞാന്‍ കേട്ടിരുന്നു.
'വിട്ടേ, എനിക്ക് പേടിയാ...' എന്ന അവളുടെ ആവര്‍ത്തിച്ചുള്ള പറച്ചില്‍ കേട്ടാണ് ഞാന്‍ ടോയ്ലെറ്റിനു മുന്നിലുള്ള ഇടനാഴിയിലുള്ള വാതില്‍ ബലം പ്രയോഗിച്ചു തള്ളിത്തുറന്നത്. അവള്‍ക്ക് എന്നേക്കാളും നാലഞ്ച് വയസ്സ് കൂടുതലുണ്ട്. അയാളെ തട്ടിമാറ്റി ഓടി രക്ഷപ്പെടുമ്പോള്‍ തക്കസമയത്തു ഞാന്‍ എത്തിയതില്‍ അവള്‍ ആശ്വാസം കണ്ടെത്തിയിട്ടുണ്ടാകണം.
വൈദികന്റെ കുടുംബത്തില്‍ പെട്ട ചെറുപ്പക്കാരനെ അവള്‍ പ്രലോഭിപ്പിച്ചു എന്ന ആരോപണം ഭയന്നാകണം സ്വന്തം അമ്മയോടുപോലും അവള്‍ അക്കാര്യം പറഞ്ഞില്ല. മനസ്സില്‍ തളം കെട്ടിക്കിടന്ന വെറുപ്പും അറപ്പും ഭയവുമെല്ലാം കാലം അവളില്‍ വിഷാദം തീര്‍ത്തു. അന്ന് സന്ധ്യ മയങ്ങുമ്പോള്‍ പള്ളിമുറിയില്‍ അവളെ കടന്നുപിടിച്ച പിശാചിനെക്കുറിച്ച് അപ്പോഴും കുടുംബക്കാര്‍ ആരും ചിന്തിച്ചില്ല. മനസ്സിന്റെ നൂല്‍പ്പാലത്തില്‍നിന്ന് ഇടയ്‌ക്കൊക്കെ അവള്‍ വഴുതി വീണപ്പോഴും ഞാന്‍ കണ്ടതൊന്നും ആരോടും പറയാന്‍ എന്നിലെ കുട്ടി തുനിഞ്ഞില്ല. കാലം ഇന്നും പൊറുക്കാത്ത ഒരു ഭീരു ആയി ഞാനെന്ന പതിനഞ്ചുകാരന്‍ തുടരുന്നു.
എന്റെ ഉള്ളില്‍ ആരോടും പങ്കുവയ്ക്കാതെ ഞാന്‍ ചേര്‍ത്തുവച്ച ഇത്തരം ഇരുളിന്റെ അനുഭവങ്ങള്‍ അനേകമുണ്ട്. സമൂഹവും സഭയും അരികുവല്‍ക്കരിച്ച എന്നെപ്പോലൊരു നിഷേധിയുടെ വാക്കുകൾ അന്നാര് വിലയ്‌ക്കെടുക്കുമായിരുന്നു? അല്ലങ്കില്‍ത്തന്നെ വിഷാദം പേറുന്ന പല മുഖങ്ങളും ഞാന്‍ ആ കാലത്ത് കണ്ടു. പ്രതികരിക്കാനോ ഒച്ചവയ്ക്കാനോ സാധിക്കാത്ത മനുഷ്യര്‍. അവരുടെ വേദനകളെ ഭക്തിയുടെ കുപ്പായമിട്ട് മൂടി സ്വയം തീര്‍ത്ത അഭയകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നവര്‍.
1989-ലെ വേനലവധിക്കാലത്ത് അച്ചന്റെ അരിവെപ്പുകാരന്റെ പണി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാലം എന്നിലേല്‍പ്പിച്ച മുറിവുകള്‍ പഴുത്തു പൊട്ടിത്തുടങ്ങിയിരുന്നു. അമ്മയോടുപോലും പറയാതെ ഞാന്‍ ഒളിച്ചുവച്ച കുറേ അനുഭവങ്ങള്‍ സാക്രാരിയില്‍ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന കര്‍ത്താവുപോലും തടഞ്ഞില്ലല്ലോ എന്ന പരിഭവം അന്നെനിക്ക് ദൈവത്തോടുപോലും ഉണ്ടായിരുന്നു. അല്ലങ്കില്‍ത്തന്നെ, ഈശ്വരന്മാര്‍ പോലും വേണ്ടപ്പെട്ടവരെ തിരഞ്ഞെടുത്തു കരുതല്‍ നല്‍കുന്നവരാണ് എന്ന ചിന്ത എനിക്കുണ്ടായ കാലമായിരുന്നു അത്.
ആ ഏപ്രില്‍ മാസത്തില്‍ എനിക്ക് പതിനഞ്ച് വയസ്സായി. അപ്പോളാണ് 15 വയസായതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ജനിച്ച വര്‍ഷം അറിയാമായിരുന്നു എന്നല്ലാതെ ജനിച്ച ദിവസം അറിഞ്ഞിരിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ ആരുടേയും പിറന്നാളൊന്നും ആഘോഷിച്ചിരുന്നില്ല. ബിന്ദു ഇളയതായതുകൊണ്ടാകാം അവളുടെ പിറന്നാളിന് അമ്മ നുറുക്കരിയിട്ട് ചക്കരക്കഞ്ഞി ഉണ്ടാക്കും. അത് എല്ലാ വര്‍ഷവും ഡിസംബര്‍ പന്ത്രണ്ടിന് മുടക്കില്ലാതെ നടന്നു. അതുകൊണ്ടുതന്നെ അവളുടെ പിറന്നാള്‍ ദിവസം മാത്രമേ കൃത്യതയോടെ ഞങ്ങള്‍ ഓര്‍ത്തിരുന്നുള്ളൂ.
ആ വര്‍ഷം ഞങ്ങളുടെ പള്ളിക്കൂടത്തില്‍ റിസള്‍ട്ട് ഏപ്രില്‍ മാസത്തില്‍ത്തന്നെ വന്നു. അതും പള്ളിക്കൂടം അടച്ച് രണ്ടാഴ്ച്ച ആകുന്നതിനും മുന്‍പേ. ഞാന്‍ പത്തിലേക്ക് ജയിച്ചു. അധികം പഠിക്കാനൊന്നും മെനക്കെടാത്ത, എന്നേക്കാള്‍ മോശം കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നതു കൊണ്ടാകാണം ഞാന്‍ പത്താം തരത്തിലേക്ക് ജയിച്ചു കയറിയത്. വിജയവും പരാജയവുമൊക്കെ ആപേക്ഷികമായ ചില താരതമ്യങ്ങളെ അടിസ്ഥാനമാക്കി നമ്മള്‍ നിര്‍വചിക്കുന്നതാണെന്ന് എനിക്ക് അക്കാലത്തും തോന്നിയിട്ടുണ്ട്.
ആ ഏപ്രില്‍ മാസത്തിലാണ് കുഞ്ഞമ്മാവന്റെ കല്ല്യാണം നടന്നത്. ഒരു വര്‍ഷക്കാലം വാഗ്ദാനം വിശ്വസിച്ചു കാത്തിരുന്നിട്ടും കമ്മല്‍ വാങ്ങി നല്‍കാത്ത ആങ്ങളയോട് പരിഭവപ്പെട്ട് കന്യാസ്ത്രീയാകാന്‍ പോയ കുഞ്ഞാന്റി ഇറ്റലിയില്‍ വെളുത്ത തലമുണ്ട് മാറ്റി കറുത്തതാക്കി. അവിടെ അടുത്തുള്ള ഒരു ബിഷപ്പ് ഹൗസിന്റെയും സെമിനാരിയുടെയും ഭക്ഷണം ഉണ്ടാക്കുന്നതിന്റെയും മറ്റും ചുമതല കിട്ടിയ കുഞ്ഞാന്റി പിണക്കങ്ങളൊക്കെ മറന്നു, കൊച്ചമ്മാവനെയും കുടുംബത്തേയും സാമ്പത്തികമായി സഹായിക്കാന്‍ തുടങ്ങി. തൊട്ടടുത്ത വര്‍ഷം പഠനം നിര്‍ത്തി വീട്ടില്‍ നിന്നിരുന്ന കൊച്ചാന്റിയെ പത്തു പവനും പതിനായിരം രൂപയും സ്ത്രീധനം പറഞ്ഞുറപ്പിച്ചപ്പോഴും ഇറ്റലിയില്‍ ഉള്ള കുഞ്ഞാന്റിയുടെ പിന്തുണ കൊച്ചമ്മാവന് കിട്ടി. കണ്ണൂരിലെ അവരുടെ വീട്ടിലെ കെട്ടുകല്യാണത്തില്‍ പങ്കെടുക്കാന്‍ ഞങ്ങളെ കൊണ്ടുപോയില്ല. തൊട്ടടുത്ത വര്‍ഷം കൊച്ചമ്മാവന്റെ കല്ല്യാണം നടന്നതുപോലും വലിയ അത്ഭുതമായേ കാണാന്‍ സാധിക്കൂ. മുപ്പത്തഞ്ചു വയസ്സോ മറ്റോ ആയെങ്കിലും കൊച്ചമ്മാവന്‍ വിവാഹപ്രായം കഴിഞ്ഞും പുര നിറഞ്ഞ് നില്‍ക്കുകയാണെന്ന് ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അല്ലങ്കില്‍ത്തന്നെ നമ്മുടെ സമൂഹം സ്ത്രീകളെ മാത്രമേ പുര നിറഞ്ഞതായി കാണാറുള്ളൂ.
കുഞ്ഞാന്റി പാരലല്‍ കോളേജില്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ച കൂട്ടുകാരിയുമായി കൊച്ചമ്മാവന് കല്ല്യാണം ആലോചിച്ചതും അതിനെ പ്രോത്സാഹിപ്പിച്ചതുമൊക്കെ ഇറ്റലിയില്‍ ആയിരുന്ന കുഞ്ഞാന്റി തന്നെ ആയിരുന്നു. അത്ര സമ്പന്നരൊന്നും അല്ലാതിരുന്ന പെണ്ണിന്റെ വീട്ടുകാര്‍ ഒത്തുകല്യാണത്തിന്റെ ദിവസം അടുത്തുവന്നപ്പോള്‍ പറഞ്ഞുവച്ച സ്ത്രീധനം ഉണ്ടാകില്ല എന്നറിയിച്ചു. സ്വര്‍ണവും പണവും തരാന്‍ ഏറ്റ വാക്കു പാലിക്കാത്ത കുടുംബക്കാരുമായി ബന്ധം ചേരാന്‍ താല്‍പ്പര്യമില്ലന്ന് അമ്മാവന്‍ തീര്‍ത്തു പറഞ്ഞു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പറഞ്ഞുവച്ച പണവും സ്വര്‍ണവും ഇല്ലാതെ തന്നെ കൊച്ചമ്മാവന്‍ ആ പെണ്ണിനെ കല്ല്യാണം കഴിച്ചത് അമ്മയുടെ ഇടപെടല്‍ കൊണ്ടാണ്.
'അതൊരു നല്ല പെങ്കൊച്ചാ. പണവും സ്വര്‍ണവുമൊക്കെ താനേ വരും. നീ കൂടുതല്‍ ഒന്നും പറയണ്ട...'
അമ്മയോട് മനസ്സില്ലാമനസ്സോടെ തലയാട്ടി സമ്മതം നല്‍കി നടന്നുപോകുന്ന കൊച്ചമ്മാവന്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ പത്താം ക്ലാസ്സിലേക്ക് ജയിച്ച ആ ഏപ്രിലില്‍, വേനല്‍ അവധിക്കാലത്താണ് അമ്മവീട്ടില്‍ കൊച്ചമ്മാവന്റെ കൂടെ താമസിച്ചിരുന്ന കുഞ്ഞമ്മാവന്റെ കല്ല്യാണം. കുഞ്ഞമ്മായി കോട്ടയംകാരിയാണ്. ഒത്തുകല്ല്യാണവും കെട്ടുകല്ല്യാണവും കുഞ്ഞമ്മായിയുടെ വീട്ടില്‍ വച്ചായിരുന്നു. കെട്ടുകല്ല്യാണം നടത്തി, നാട്ടുകാര്‍ക്കെല്ലാം വിരുന്നു കൊടുത്ത് കാശു കളയാതിരിക്കാനുള്ള ഒരു പദ്ധതി കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ബന്ധുക്കള്‍ക്കിടയില്‍ അടക്കിപ്പിടിച്ച സംസാരം അന്നുണ്ടായിരുന്നു.
കൊച്ചമ്മാവന്റെ ഒപ്പമിരുന്നാണ് ഞാന്‍ കല്ല്യാണം കൂടാന്‍ കോട്ടയത്ത് പോയത്. രണ്ടോ മൂന്നോ ജീപ്പിന് വിരുന്നുപോയ ബന്ധുക്കളില്‍ ഭൂരിഭാഗം പുരുഷന്‍മാരും കെട്ടിന് പള്ളിയില്‍ എത്തും മുന്‍പേ പൂസായിരുന്നു. അടിമാലിയിലെ ധന്യാ ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്നുള്ള ബാറില്‍ നിന്നാണ് ആദ്യകുപ്പി വാങ്ങിയത്. പിന്നീടങ്ങോട്ട് കോതമംഗലത്തും മൂവാറ്റുപുഴയിലും ഏറ്റുമാനൂരുമൊക്കെ ജീപ്പ് നിര്‍ത്തി, മതിയാവോളം കുടിച്ചുപോന്ന ജീപ്പിലുള്ളവര്‍ പള്ളിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞമ്മാവന്‍ താലി കെട്ടിക്കഴിഞ്ഞിരുന്നു.
അതിനും അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ആദ്യകുര്‍ബാനയ്ക്ക് ചമ്പക്കരയിലെ ടീച്ചര്‍ വാങ്ങിത്തന്ന ചെരുപ്പ് നഷ്ടമായതിനുശേഷം കുഞ്ഞമ്മാവന്റെ കല്ല്യാണത്തിന് പോകാനായാണ് അമ്മ എനിക്ക് ചെരുപ്പ് വാങ്ങിത്തന്നത്. പുറമേ വള്ളിയും നീല നിറവും ചെരുപ്പിനകം വെളുപ്പുമുള്ള ഒരു പാരഗണ്‍ ചെരുപ്പായിരുന്നു അത്. കല്ല്യാണസദ്യയൊക്കെ കഴിഞ്ഞ്, കുഞ്ഞമ്മാവനും കുഞ്ഞമ്മായിക്കും ഇടയില്‍ ഇരിക്കാനുള്ള ഇടം പിടിക്കുന്ന തിരക്കില്‍, ശീലം തീരായില്ലായിരുന്നതുകൊണ്ടാകണം എന്റെ ചെരുപ്പുകള്‍ കുഞ്ഞമ്മായിയുടെ വീടിന്റെ മുറ്റത്ത് അനാഥരെപ്പോലെ കിടന്നു. നാലു ദിവസം കഴിഞ്ഞ് വിരുന്നിന് പോയി മടങ്ങി വന്നപ്പോള്‍ കുഞ്ഞമ്മായി എന്റെ ചെരുപ്പുകള്‍ കൊണ്ടുവന്നു.
ആ അവധിക്കാലം കഴിയുന്നതുവരെയും ഞാന്‍ ആ ചെരുപ്പുകള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ചു. ജൂണ്‍ മാസത്തില്‍ പള്ളിക്കൂടം തുറന്നപ്പോള്‍, പത്താം ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ഞാന്‍ ചെരുപ്പിട്ടാണ് പോയത്. വേനലവധിയുടെ രണ്ടു മാസങ്ങളും അമ്മയോടൊപ്പം പണിക്കു പോയതിനാല്‍ എനിക്ക് നിക്കറില്‍നിന്ന് മുണ്ടിലേക്ക് പ്രമോഷന്‍ കിട്ടിയതും ആ ജൂണ്‍ മാസത്തിലാണ്. ഷാന്റിയും ബിന്ദുവും അമ്പിളിയുമൊക്കെ പത്ത് എ യില്‍ എന്നോടൊപ്പം തന്നെയായിരുന്നുവെങ്കിലും, പഠിപ്പിസ്റ്റുകളായ അരുണും ബിനോയുമൊക്കെ ഞങ്ങള്‍ക്കൊപ്പമായി. ഞങ്ങളുടെ പ്രധാനാധ്യാപികയായ ലില്ലിടീച്ചര്‍ പത്താം ക്ലാസ്സിന്റെ പ്രധാന്യത്തെക്കുറിച്ച് ആദ്യ പീരിയഡ് മുഴുവന്‍ സംസാരിച്ചെങ്കിലും ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.
പത്തു വര്‍ഷം മുന്‍പ് ഉപേക്ഷിച്ചുപോയ അപ്പനോടും ഞങ്ങളെ അകറ്റിനിര്‍ത്തിയ കുടുംബക്കാരോടും അപമാനിച്ച നാട്ടുകാരോടും കാരുണ്യം കാണിക്കാതിരുന്ന സഭയോടും തന്തയില്ലാത്തവന്‍ എന്ന് പറഞ്ഞു കളിക്കളത്തില്‍പ്പോലും അവഹേളിച്ച കൂട്ടുകാരോടും എല്ലാമുള്ള അനിഷ്ടവും അവരെല്ലാം സമ്മാനിച്ച മുറിവുകളും എന്നില്‍ എന്തെന്നില്ലാത്ത വെറുപ്പ് വളര്‍ത്തി. അപ്പന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ഞങ്ങളെ നാലുപേരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാതിരുന്നതിനു ഞാന്‍ അമ്മയെ കുറ്റപ്പെടുത്തി.
പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ലെന്ന ചിന്ത എന്നെ ഭരിക്കാന്‍ തുടങ്ങിയ കാലം. ഓണപ്പരീക്ഷക്ക് മുന്നേ ഞാന്‍ പലപ്പോഴും പള്ളിക്കൂടത്തില്‍ പോകാതായി. ക്ലാസ്സില്‍ എന്നെ കാണുന്നില്ല എന്ന പരാതി പറയാന്‍ ലില്ലിടീച്ചര്‍ അമ്മയുടെ പണിസ്ഥലം തേടിപ്പോയി. അമ്മയുടെ ഉപദേശമോ സ്‌നേഹമോ കരുതലോ ഒന്നും എന്നെ ആശ്വസിപ്പിച്ചില്ല. 'ഇവരെല്ലാം കണക്കാ. എനിക്ക് ആരുടേയും ഉപദേശം കേള്‍ക്കണ്ട...'
വൈകുന്നേരങ്ങളില്‍ അത്താഴം കഴിക്കാന്‍ പോലും കൂട്ടക്കാതെ ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വല്ലപ്പോഴും ക്ലാസ്സില്‍ ചെന്നാല്‍പ്പോലും അസുഖം നടിച്ചോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയോ ഞാന്‍ അവിടെനിന്നും പോന്നു. മകനില്‍ മാത്രം പ്രതീക്ഷ വച്ചിരുന്ന അമ്മ തളരാന്‍ തുടങ്ങുന്നത് കണ്ടിട്ടും എന്നിലെ കൗമാരക്കാരന്‍ ക്രൂരനായിത്തന്നെ തുടര്‍ന്നു.
'നിങ്ങളൊക്കെ കള്ളന്മാരാ. എനിക്ക് നിങ്ങളെ ഒന്നും ഇഷ്ടമല്ല...' അമ്മ ആവശ്യപ്പെട്ടതു കൊണ്ട് എന്നെ വിളിച്ച് ഉപദേശിക്കാന്‍ തുടങ്ങിയ വികാരിയച്ചന്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് പള്ളി മുറിയില്‍നിന്ന് ഇറങ്ങി നടക്കുമ്പോള്‍ കര്‍ത്താവിനോടുപോലും എനിക്ക് വെറുപ്പായിരുന്നു.
എന്റെ ജീവിതവഴികളില്‍ അന്ധകാരം നിറഞ്ഞുവെന്നു മാത്രമല്ല, പിന്നീടങ്ങോട്ട് എത്തിനോക്കിയ വെളിച്ചത്തെ പോലും ഞാന്‍ എന്റെ ലോകത്തുനിന്ന് ആട്ടിപ്പായിച്ചു. പിന്നങ്ങോട്ട് ഞാന്‍ സൃഷ്ടിച്ച നരകത്തില്‍ എന്റെ അമ്മയും സഹോദരിമാരും പൊള്ളി വേദനിച്ചു. അവരുടെ നിറഞ്ഞ കണ്ണുകളെ ഞാന്‍ അവജ്ഞയോടെ നോക്കി. വരുടെ ഉപദേശങ്ങളെ ഞാന്‍ വെറുപ്പോടെ തള്ളിക്കളഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ വെളിച്ചം അണഞ്ഞുപോയ നാളുകളാണ് പിന്നങ്ങോട്ട് വന്നത്. അമ്മയുടെയും സഹോദരിമാരുടെയും കരഞ്ഞു കലങ്ങിയ കണ്ണുകളെ ഞാന്‍ ഗൗനിച്ചില്ല. വിഷാദം പേറിയ അവരുടെ മുഖങ്ങള്‍ എന്നില്‍ ഒരു മാറ്റവും വരുത്തിയില്ല. എന്റെ മനസ്സില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ മുറിവുകള്‍ ലോകത്തോട് മുഴുവനുള്ള വെറുപ്പായി മാറി.
(തുടരും)
Content Highlights: A poignant coming-of-age story about a teenager`s struggle
Published: 04 Jun 2025, 03:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented