അന്നെനിക്ക് പതിമൂന്ന് വയസാണ്. ലാലിക്ക് പതിനഞ്ചും. എട്ടാം ക്ലാസ്സിലെ വലിയ പരീക്ഷ തുടങ്ങിയിരുന്നില്ല. അമ്മ കടമായി കൊടുത്ത പതിനയ്യായിരം രൂപയും റോഡ് പണിയുടെ കൂലിയിനത്തില്‍ കടം പറഞ്ഞിരുന്ന അയ്യായിരത്തോളം രൂപയും മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ബില്ലുകള്‍ പലത് മാറിയിട്ടും ജോസഫ് ചേട്ടന്‍ കൊടുക്കാത്തതില്‍ അമ്മയ്ക്ക്‌ ചില്ലറ ദേഷ്യമൊന്നുമല്ല ഉണ്ടായിരുന്നത്. പുതിയതായി വാങ്ങിയ പറമ്പിന്റെ പണം കൊടുക്കാന്‍ പലിശക്കെടുത്ത പണം കൊടുത്തുവീട്ടാനുള്ള അവധിയും അടുത്തു വന്നിരുന്നു.
'മേരി ഇപ്പൊ പോ. പൈസയുടെ കാര്യം നമുക്ക് പിന്നീട് സംസാരിക്കാം.'
ചുറ്റും ആളുകള്‍ കൂടുന്നത് കണ്ട് ജോസഫ് ചേട്ടന്‍ അമ്മയോട് പറഞ്ഞു. സരോമ്മയുടെ കൂടെ വെന്തിക്കോസ് വളവിലെത്തിയ ഞാന്‍, മുന്നില്‍ കൂടിനിന്ന റോഡ് പണിക്കാരും അല്ലാത്തവരുമായ ആളുകളുടെ ഇടയിലൂടെ അമ്മയുടെ അരികിലെത്തി.
'താന്‍ കൊറേ കാലമായി എന്നെ പറഞ്ഞു പറ്റിക്കാന്‍ തുടങ്ങിയിട്ട്. ഇനി തന്റെ വര്‍ത്താനം കേള്‍ക്കാനൊന്നും എനിക്ക് നേരവില്ല.'
ജോസഫ് ചേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുകൊണ്ട് അമ്മയത് പറയുമ്പോളേക്കും രണ്ടു വളവുകള്‍ക്ക് അപ്പുറം പണി നടത്തിക്കൊണ്ടിരുന്ന ജോസഫ് ചേട്ടന്റെ മൂത്ത മകൻ ഓടിക്കിത്തച്ചെത്തി.
'ചേച്ചി പപ്പയെ വിടൂ. പൈസയുടെ കാര്യത്തിന് ഞാന്‍ തീരുമാനം ഉണ്ടാക്കാം...'
ഇരുപതുകളുടെ അവസാനപാദത്തിലെത്തിയ അയാള്‍ അമ്മയെ ശാന്തയാക്കാന്‍ നോക്കി.
'നീ തീരുമാനം ഉണ്ടാക്കണ്ട. നിന്റെ പെങ്ങളുടെ സ്ത്രീധനത്തുക കൊടുക്കാന്‍ ഞാന്‍ എണ്ണിച്ചുട്ട അപ്പം പോലെ വച്ചിരുന്നതെല്ലാം വിറ്റും പണയപ്പെടുത്തിയുമാണ് നിന്റെ തന്തക്ക് പണം കൊടുത്തത്. എനിക്ക് ഇപ്പോള്‍ എന്റെ കാശ് വേണം.'
ജോസഫ് ചേട്ടനെ ഒന്നുലച്ചുകൊണ്ട് അമ്മ അത് പറയുമ്പോള്‍ അയാളുടെ മകന്റെ മുഖത്ത് നാണക്കേടും നിസഹായതയുമെല്ലാം കൂട്ടുകൂടിക്കിടന്നു.
'ചേച്ചി അല്‍പ്പം വെയിറ്റ് ചെയ്യൂ. ഞാന്‍ പോയി പൈസയുമായി വരാം...'
അമ്മയുടെ കൈവിടുവിച്ചു ജോസഫ് ചേട്ടനെ സ്വതന്ത്രനാക്കാനുള്ള തിരക്കിലായിരുന്നു മകന്‍. 

To advertise here,

നന്മയുടെ അംശം തീര്‍ത്തും അണഞ്ഞുപോകാത്ത ഒരാളായിരുന്നു ആ ചെറുപ്പക്കാരനെന്നു ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. ആ ചെറുപ്പക്കാരന്റെ നിസ്സഹായതയും അപമാനവും എന്നിലെ കൗമാരക്കാരനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.
'നീ പോയി പണവുമായി വന്നോളൂ. എന്റെ കാശു കിട്ടാതെ നിന്റെ അപ്പനെ ഇവിടെനിന്ന് ഒരിടത്തേക്കും ഞാന്‍ വിടില്ല.'
വിട്ടുകൊടുക്കാന്‍ ഒരു ഭാവവുമില്ലാതെ അമ്മ പറഞ്ഞു. ജോസഫ് ചേട്ടന്റെ മൂത്ത മകന്‍ ജീപ്പില്‍ കയറി മുക്കുടത്തേക്ക് ഓടിച്ചുപോയി. അമ്മ ഷര്‍ട്ടില്‍നിന്നു പിടിവിട്ട ആശ്വാസത്തില്‍ ജോസഫ് ചേട്ടന്‍ റോഡിന്റെ ഓരം പറ്റി പണിക്കാരെ ശ്രദ്ധിക്കപോലും ചെയ്യാതെ നിന്നു. വെന്തിക്കോസ് വളവിലെ കലുങ്കില്‍ അമ്മ ഇരുപ്പുറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ റോഡ് പണിക്കാര്‍ പിരിഞ്ഞുപോയി. അവര്‍ക്ക് പിന്നാലെ പോകാന്‍ നോക്കിയ ജോസഫ് ചേട്ടനെ അമ്മ വിട്ടില്ല.
'തന്റെ മോന്‍ വന്ന് എന്റെ കാശ് തരാതെ താന്‍ ഒരിടത്തേക്കും പോകണ്ട.'
അമ്മയുടെ വാക്കുകള്‍ക്ക് മുന്നില്‍ അയാള്‍ മൗനം പാലിച്ചു നിന്നു. വെന്തിക്കോസ് വളവിന്റെ മുകളില്‍ പള്ളിക്കാരുടെ വട്ടയില്‍ കൂടുകൂട്ടിയ കാട്ടുകിളികള്‍ ഇതൊന്നും മനസ്സിലാക്കാതെ കലപില കൂട്ടി. അമ്മയുടെ അടുക്കല്‍ പോയിനിന്ന് സരോമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ലാലിയും ഞാനും പെന്തകൊസു പള്ളിയിലേക്ക് ഇറങ്ങുന്ന ഒതുക്കുകല്ലുകളില്‍ പോയിരുന്നു. 
മണിക്കൂര്‍ ഒന്നു കഴിഞ്ഞപ്പോളാണ് ജോസഫ് ചേട്ടന്റെ മകന്‍ വന്നത്.
'ഇത്രയേ എനിക്ക് ഉണ്ടാക്കാന്‍ പറ്റിയുള്ളൂ. പപ്പ കടമായി വാങ്ങിയ മുഴുവന്‍ തുകയുമുണ്ട്. പണിക്കൂലി ഇനത്തില്‍ അയായിരത്തി ഇരുനൂറ് രൂപയുണ്ട്. അത് തന്ന് തീര്‍ക്കാന്‍ മേരിച്ചേച്ചി എനിക്ക് ഒരു മാസത്തെ സമയം തരണം...'
അമ്മയെ പണം ഏല്‍പ്പിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു.
'നീ ഒരു പയ്യനല്ലേ. നിന്റെ വാക്ക് ഞാന്‍ സ്വീകരിക്കുന്നു.' പണം വാങ്ങി നടന്നുപോരുമ്പോള്‍ അമ്മ പറഞ്ഞു.
'ഇങ്ങനൊന്നും ചെയ്യണം എന്നോ, നാണം കെടുത്തണമെന്നോ ആഗ്രഹിച്ചിട്ടല്ല. വേറേ മാര്‍ഗമൊന്നും ഇല്ലാഞ്ഞിട്ടാ.'
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് സരോമ്മയെയും കൂട്ടി അമ്മ പാറത്തോട്ടിലേക്ക് നടക്കുമ്പോള്‍ ലാലിയും ഞാനും പിറകെ ഓടി. ജോസഫ് ചേട്ടന്റെ മകന്‍ അയ്യായിരത്തി ഇരുന്നൂറ് രൂപ പിന്നീടൊരിക്കലും മടക്കികൊടുത്തില്ല എന്നാണ് അമ്മ പറഞ്ഞുള്ള ഓര്‍മ്മ. അമ്മ ആ തുക തേടി പോയതുമില്ലത്രെ.
'അത് അവനെടുക്കട്ടെ...' ഒരിക്കല്‍ അമ്മ പറഞ്ഞത് ഇന്നും ഓര്‍മയില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.

എട്ടാം ക്ലാസ്സില്‍നിന്ന് ഒന്‍പതിലേക്ക് ജയിച്ചുവെന്ന റിസള്‍ട്ട് കിട്ടി ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ പുതിയ വികാരിയച്ചന്‍ സ്ഥലംമാറി വന്നത്. ജെയിംസും എന്നോടൊപ്പം ഒന്‍പതിലേക്ക് കയറി. വികാരിയച്ചന് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ ജെയിംസ് പൂതാളിയിലെ അവന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി. പുതിയ അച്ചന്‍ വന്ന് ചാര്‍ജ് എടുക്കും മുമ്പേ കപ്യാരുടെയും കുശിനിക്കാരന്റെയും രണ്ടു തസ്തികകള്‍ ഒഴിച്ചിട്ടാണ് ജെയിംസ് മടങ്ങിപ്പോയത്.
ഏതാനും വര്‍ഷങ്ങളായി അള്‍ത്താര ബാലനായിരുന്ന എന്നെ ഏറെ ആകര്‍ഷിച്ച തസ്തികകളായിരുന്നു അവ രണ്ടും. പക്ഷേ, കോട്ടയത്തുനിന്നു വന്ന പുതിയ വികാരിയച്ചന്‍ കൂട്ടത്തില്‍ വെപ്പുകാരനെയും കൊണ്ടുവന്നത് എന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പുതിയ അച്ചന്‍ വന്നയുടനെ നടന്ന പള്ളിപ്പൊതുയോഗത്തില്‍ എന്നെ കപ്യാരാക്കാന്‍ തീരുമാനമായി. എഴുപതിയഞ്ച് രൂപ മാസ ശമ്പളം. വികാരിയച്ചന്റെ വെപ്പുകാരനായാല്‍ കിട്ടുമായിരുന്നു എന്ന് ഞാന്‍ കരുതിയ രുചിയുള്ള ഭക്ഷണങ്ങളുടെ സാധ്യതകളെല്ലാം കൊട്ടിയടച്ചുകൊണ്ട്, സ്വന്തം നാട്ടിലെ അറിയപ്പെടുന്ന വെപ്പുകാരനായ വറീത് ചേട്ടനെ കൊണ്ടുവന്നത് എനിക്ക് തീരെ ഇഷ്ടമായില്ല.

'കെഴക്കന്‍ കോടമഞ്ഞും കാറ്റുമൊന്നും എനിക്കങ്ങു പിടിക്കുന്നില്ല...'
ഒരു ദിവസം പള്ളിമുറിക്കു പിറകില്‍, സെമിത്തേരിയിലേക്ക് പോകുന്ന മണ്‍വഴിയില്‍നിന്ന് വീടി വലിച്ച് പുക ഊതിയൂതി വിട്ടുകൊണ്ട് വറീത് ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് പ്രതീക്ഷകള്‍ കൂടി. അന്ന് മുതല്‍ കുര്‍ബാന സമയങ്ങളിലും അതിന് ശേഷവും അള്‍ത്താരയില്‍ മുട്ടിന്മേല്‍ നിന്ന് വറീത് ചേട്ടന് കാലാവസ്ഥ പിടിക്കരുതെന്നും അയാള്‍ എന്തെങ്കിലും രോഗം വന്ന് സ്വന്തം നാട്ടിലേക്ക് തിരികെപ്പോകണമെന്നും ഞാന്‍ പ്രാര്‍ഥിച്ചു. എന്റെ ഈ ദൈനംദിന പ്രാര്‍ഥനയ്ക്ക്‌ പെട്ടെന്നൊന്നും ഉത്തരം കിട്ടിയില്ല.

എന്നിരുന്നാലും ആറുമാസം നീണ്ട ആ പ്രാര്‍ഥനാശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടെന്നപോലെ കര്‍ത്താവ് അത് കേട്ടു. ഒന്‍പതാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വറീത് ചേട്ടന്‍ ട്രങ്ക് പെട്ടിയും എടുത്തു പി.എം.എസില്‍ കയറി കോട്ടയത്തെ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ച്ചയായി വന്ന പനിയും ജലദോഷവും ശ്വാസംമുട്ടും മാറാന്‍ പലവട്ടം കമ്പിളികണ്ടത്തെ നിര്‍മ്മല ആശുപത്രിയില്‍നിന്നു മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടായില്ല പോലും. കിഴക്കന്‍മല ഇറങ്ങുകയല്ലാതെ ഒരു വഴിയുമില്ലാന്ന് ലൂസി ഡോക്ടര്‍ തീര്‍ത്തുപറഞ്ഞതോടെ വറീത് ചേട്ടനെ പറഞ്ഞയക്കാന്‍ വികാരി അച്ചനും സമ്മതിച്ചു. തൊട്ടടുത്ത ആഴ്ച്ച മുതല്‍ പള്ളിയിലെ കപ്യാർ ഉദ്യാഗത്തിനു പുറമേ അച്ചന്റെ അരിവപ്പുകാരന്റെ തസ്തികയും എനിക്ക് വന്നുചേര്‍ന്നു.

തലേവര്‍ഷം വാങ്ങിയ ഞങ്ങളുടെ പറമ്പില്‍നിന്ന് ആ വേനല്‍ക്കാലത്ത് പറിച്ചുണങ്ങിയ കുരുമുളകും ഇഞ്ചിയും മഞ്ഞളുമൊക്കെ ചേര്‍ത്തപ്പോള്‍ അമ്മ പലിശയ്ക്ക് വാങ്ങിയ കടമൊക്കെ തീര്‍ന്നു. കൂടാതെ, ജോസഫ് ചേട്ടന്‍ ഒരു വര്‍ഷക്കാലമായി മടക്കി നല്‍കാതിരുന്ന പണം കൂടി കിട്ടിയപ്പോള്‍ അമ്മ പണയം വച്ചിരുന്ന സ്വര്‍ണ്ണവും തോമക്കുട്ടിച്ചേട്ടന്റെ കടയില്‍നിന്ന് തിരിച്ചെടുത്തു. കൊന്നത്തടി പഞ്ചായത്തിലെ തോട് ലേലം ആ വര്‍ഷവും അമ്മ പിടിച്ചു. കല്ലു ചുമടും കെട്ടിടം പണികളുമൊക്കെ അമ്മ ഉടമ്പടിയായി എടുത്തു. ഇരുപതോളം സ്ത്രീകള്‍ അമ്മയോടൊപ്പം ദിവസവും പണിക്കുണ്ട്. അക്കാലത്ത് കറവയുള്ള രണ്ട് എരുമകളും ഞങ്ങള്‍ക്കുണ്ടായിരുന്നു. ലാലി സ്ഥിരം അമ്മയോടൊപ്പം പണിക്ക് പോകുന്നുണ്ട്. ജെസി കമ്പിളികണ്ടത്തെ തയ്യല്‍ക്കട നിര്‍ത്തി വീട്ടിലിരുന്ന് തയ്ക്കാന്‍ തുടങ്ങി. ജെസിയുടെ ശിക്ഷണത്തില്‍ തയ്യല്‍ പഠിക്കാനെത്തിയ കുഞ്ഞിപ്പെണ്ണ് പഠനം പൂര്‍ത്തിയായപ്പോള്‍ ജെസ്സിയോടൊപ്പം തയ്ക്കാന്‍ തുടങ്ങി. ഞങ്ങളുടെ വീടിന്റെ തിണ്ണയില്‍ ഉണ്ടായിരുന്ന റീത്തയും ഉഷയും ദിവസം മുഴുവന്‍ മത്സരിച്ചു ചവിട്ടി, കുഞ്ഞിപ്പെണ്ണും ജെസിയും ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം തുണി തയ്ച്ചു നല്‍കി. ജെസിയുടെ വരുമാനവും കൂടിയായപ്പോള്‍ അമ്മയ്ക്ക് അതൊരാശ്വാസമായി. ഒന്‍പതാം ക്ലാസ്സില്‍ കയറിയതിനുശേഷം വിശപ്പിന്റെ ശല്യം അനുഭവിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഞങ്ങളുടെ വീട്ടില്‍ മൂന്നു നേരവും ഭക്ഷണം ഉണ്ടായിരുന്ന കാലമായിരുന്നു പിന്നീടങ്ങോട്ട്. 

പക്ഷേ, കാലം പലവിധത്തിലാണ് മനുഷ്യരെ വിഷമിപ്പിക്കുക എന്ന് പലവട്ടം ഞാന്‍ ഓര്‍ത്തിട്ടുണ്ട്. ആ മഴക്കാലത്ത് ഞങ്ങളുടെ ചെറിയ വീടിന്റെ മണ്‍ഭിത്തികള്‍ ഇടിഞ്ഞുവീണു. കുന്നിന്‍ മുകളില്‍നിന്ന് കുത്തിയൊലിച്ചു വന്ന മഴവെള്ളം വീടിന് കുറേ മുകളിലായി അമ്മ കാന കീറി തിരിച്ചുവിട്ടെങ്കിലും, കുറച്ചു ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴ ഞങ്ങളുടെ വീടിന്റെ ഭിത്തികളോട് കരുണ കാണിച്ചില്ല. തുടര്‍ന്നുവന്ന നാളുകളില്‍ വീടിന്റെ നാല് മൂലകളിലും കാട്ടുമരത്തിന്റെ തൂണുകള്‍ കുഴിച്ചിട്ട് മേല്‍ക്കുരയെ പിടിച്ചുനിര്‍ത്തി. ഇടിഞ്ഞുപോയ ഭിത്തികള്‍ക്ക് പകരം പരമ്പുമറ പിടിപ്പിച്ചു. മഴക്കാലം കഴിഞ്ഞയുടനെ അമ്മ വീടുപണി ആരംഭിച്ചു. ഞങ്ങള്‍ വെള്ളം ചുമന്നുകൊണ്ടുവന്നിരുന്ന കുടിയിരിക്കല്‍ പാപ്പന്റെ ഓലിക്ക് മുകളില്‍ താമസിച്ചിരുന്ന ജോര്‍ജ് ചേട്ടന്‍ അവരുടെ പാറ പൊട്ടിച്ചെടുക്കാന്‍ അമ്മയ്ക്ക് അനുവാദം കൊടുത്തു. പുതിയ വീടിന്റെ തറ കെട്ടാനുള്ള കല്ല് ഞങ്ങളെല്ലാവരും അമ്മയുടെ കൂടെ പണിയുന്ന ചേച്ചിമാരും ചേര്‍ന്ന് ചുമന്നെത്തിച്ചു. ഒരാഴ്ചകൊണ്ട് തറ കെട്ട് കഴിഞ്ഞു.

ആ നാളുകളില്‍ കമ്പിളികണ്ടത്തെ വണ്ടികള്‍ നന്നാക്കുന്ന വര്‍ക്ക് ഷോപ്പില്‍ അളവു കൊടുത്തു പണിയിച്ച ഇഷ്ടികപ്പെട്ടി കൊണ്ട് ജെസിയും കുഞ്ഞിപ്പെണ്ണും ചേര്‍ന്ന് പുതിയ വീടിന് ആവശ്യമുള്ള സിമന്റ് ഇഷ്ടികകള്‍ മുഴുവന്‍ പിടിച്ചു. പഴയ വീടിന്റെ മുകളില്‍ മണ്ണു കിളച്ച്, ഞവിരികൊണ്ട് വലിച്ചിട്ട തറയില്‍ വീടിനു വേണ്ട മുഴുവന്‍ സിമന്റ് കട്ടകളും നിരന്നുകിടന്നു. രണ്ടു മണിക്കൂര്‍ ഇടവിട്ട് കട്ട നനയ്ക്കണമെന്നതിനാല്‍ ചുമന്നുകൊണ്ട് വരുന്ന വെള്ളം മതിയാകാതായി. കുടിയിരിക്കലെ പാപ്പന്റെ വീട്ടില്‍നിന്നു ഹോസിട്ട് വെള്ളം കൊണ്ടുവരാന്‍ അനുവാദം കിട്ടിയെങ്കിലും ഞങ്ങളുടെ തൊടിയുടെ കിഴക്കേ അതിരില്‍ ഉണ്ടായിരുന്ന അയല്‍വാസിക്ക് അവരുടെ പറമ്പില്‍ക്കൂടി ഹോസ് കടന്നുപോകുന്നതിഷ്ടമായില്ല. അതുകൊണ്ടുതന്നെ കുഞ്ഞേട്ടന്റെയും എല്‍സിച്ചേച്ചിയുടെയും പറമ്പിന്റെ അതിര്‍ത്തിവരെ ഞങ്ങള്‍ക്ക് വേണ്ട വെള്ളമെത്തി.

മൂന്നു നാല് മാസം കൊണ്ട് പുതിയ വീടിന്റെ പണി തീര്‍ന്നു. ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന ആ ക്രിസ്മസ് കാലത്ത് ഓട് മേഞ്ഞ പുതിയ വീട്ടില്‍ ഞങ്ങള്‍ താമസമാക്കി. വീടിന്റെ ചുറ്റുമുള്ള ഭിത്തികളെല്ലാം പൂര്‍ത്തിയായിരുന്നു. അമ്മയ്ക്കും മൂന്നു സഹോദരിമാര്‍ക്കും കൂടി ഒരു മുറിയും അതിനോട് ചേര്‍ന്ന്  പകുതി ഭിത്തി കെട്ടിത്തിരിച്ച ഒരു കൊച്ചുമുറി എനിക്കും. പുതിയ വീട്ടില്‍ താമസം തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ വികാരിയച്ചന്റെ വെപ്പുകാരന്റെ തസ്തികയില്‍ ജോലിയില്‍ കയറിയത്. വീട് പണി കഴിഞ്ഞു കുറേ കടങ്ങളുണ്ടായിരുന്ന അമ്മയ്ക്ക്, കപ്യാരായും കുശിനിക്കാരനായും എനിക്ക് കിട്ടിയ നൂറ്റി അന്‍പതു രൂപ എന്ന മാസശമ്പളം  കുറച്ചെങ്കിലും ആശ്വാസമായി. തൊട്ടടുത്തെങ്കിലും, അമ്മയേയും സഹോദരിമാരെയും വിട്ട്, ഒന്‍പതാം ക്ലാസ്സിലെ ക്രിസ്മസ് അവധിക്കാലം മുതല്‍ ആ സ്‌കൂള്‍ വര്‍ഷം തീരുന്നതുവരെയും ഞാന്‍ വികാരി അച്ചന്റെ ഒപ്പമായി താമസം. കപ്യാരും വെപ്പുകാരനുമായി ഞാന്‍ കഴിഞ്ഞ ആ ആറ് മാസക്കാലം എന്നിലെ പതിനഞ്ചുകാരന്‍ കാണാന്‍ പാടില്ലാത്തത് പലതും കണ്ടു. ആ നാളുകള്‍ എന്നില്‍ക്കോറിയിട്ട നിശബ്ദതകള്‍ നിലവിളികളായി. അടക്കിപ്പിടിച്ച ഇരുണ്ട കാഴ്ച്ചകള്‍ കൗമാരക്കാരനായ എന്നില്‍ വെറുപ്പിന്റെ സുവിശേഷവും കൊണ്ടുവന്നു. കാലങ്ങളായി ഒളിച്ചുവച്ച ആ ഓര്‍മകള്‍ ഭൂതകാലത്തിന്റെ കനത്ത ഭാരവും പേറിവന്ന് ഇന്നും എന്റെ ആത്മാവിന്റെ ഭിത്തികളിലെ മുറിവുകളെ തൊട്ടുണര്‍ത്താറുണ്ട്. 

(തുടരും)