ഒന്നര വർഷത്തെ അനാഥശാലയിലെ ജീവിതം മതിയാക്കി അമ്മ ഞങ്ങളെ വീട്ടിൽ കൊണ്ടുവന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ആ വർഷത്തെ ക്രിസ്മസ്. തലേന്ന് കുമാരൻ ചേട്ടന്റെ കശാപ്പുകടയിൽനിന്ന് വാങ്ങിയ ഒരു കിലോ ഇറച്ചി ഞങ്ങളുടെ ക്രിസ്മസ് കൂടുതൽ ആഘോഷമാക്കി. ഉച്ചയായിട്ടും വിറ്റുപോകാത്ത പശള കൂടുതലുള്ള ഇറച്ചി, കശാപ്പുശാല വൃത്തിയാക്കി മടങ്ങും മുൻപ് അദ്ദേഹം എന്നെ വിളിച്ചു തന്നുവിട്ടു. അക്കൂട്ടത്തിൽ മിച്ചംവന്ന വാരിയെല്ലുമുണ്ടായിരുന്നു. അമ്മ, വറത്തരച്ചുവച്ച എല്ലും കപ്പയും ഉച്ചക്ക് മുന്നേ വാഴയിലയിൽ വിളമ്പി. 

To advertise here,

ഞങ്ങളത് കഴിച്ചു തുടങ്ങിയപ്പോഴേക്കും അതിനും രണ്ടര വർഷം മുൻപ് ചെമ്പകപ്പാറയിൽ കെട്ടിച്ച അമ്മയുടെ അനിയത്തിയും ഭർത്താവും അവരുടെ ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞുമായി വന്നു. അനാഥശാലയിൽ പോകുന്നതിനൊക്കെ മുൻപ്, ഞാൻ രണ്ടാം ക്ലാസ്സിൽ കയറുന്നതും കാത്തിരുന്ന വേനലവധിക്കായിരുന്നു കുഞ്ഞമ്മയുടെ കല്യാണം. സമുദായത്തിൽപ്പെട്ട ചെറുക്കന്മാർക്ക്, സ്ത്രീധനത്തുക കല്യാണ കമ്പോളത്തിൽ കൂടുതൽ ആയിരുന്നതിനാലാണ് കുഞ്ഞമ്മയെ സമുദായത്തിൽനിന്ന് മാറി വിവാഹം കഴിച്ചയച്ചത് എന്നാണ് എന്റെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുള്ളത്. ചെമ്പകപ്പാറയിൽനിന്ന് ആലോചനയുമായി വന്ന അങ്കിളിന്റെ കുടുംബക്കാർ പതിനായിരം രൂപയാണത്രെ സ്ത്രീധനം ചോദിച്ചത്. അമ്മയുടെ തറവാട്ടിൽ, കുടുംബസ്വത്തിന്റെ ഭാഗോടമ്പടി ഒന്നും കഴിഞ്ഞിരുന്നില്ല. കൊച്ചമ്മാവന്റെകൂടെ കുഞ്ഞമ്മാവനും കുഞ്ഞമ്മയും രണ്ട് ആന്റിമാരുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്. മാറിത്താമസിച്ചിരുന്ന മൂത്തമ്മാവനുമായി ആലോചിച്ച് ഒൻപതിനായിരം രൂപ സ്ത്രീധനം പറഞ്ഞ് കല്യാണം ഉറപ്പിച്ചു. എണ്ണായിരം രൂപ രൊക്കമായും ആയിരം രൂപ അവധിവച്ചുമുള്ള ഒരുറപ്പീരായിരുന്നു അത്. അഞ്ചു പവൻ സ്വർണ്ണമായും ആയിരത്തഞ്ഞൂറു രൂപ പണമായും ഒത്തുകല്യാണത്തിന് ഉണ്ടാകുമെന്ന ഉറപ്പ് കൊച്ചമ്മാവൻ അങ്കിളിന്റെ വീട്ടുകാർക്ക് നൽകി. 

അത് 1981 ഏപ്രിൽ മാസത്തിലാണ്. തെള്ളിത്തോട്ടിലേക്കും പൂതാളിയിലേക്കുമായി പുതിയ വികാരിയച്ചൻ വന്നു. സമുദായത്തിന് പുറത്ത് കുഞ്ഞമ്മയെ കെട്ടിച്ചയക്കുന്നതിൽ തന്റെ അനിഷ്ടം അറിയിച്ചു തന്നെയാണ് തൊട്ടടുത്ത പള്ളിയിലേക്കുള്ള കല്യാണക്കുറി അദ്ദേഹം കൊടുത്തത്. ഒത്തുകല്യാണത്തിയതി അടുത്തപ്പോളേക്കും കൊച്ചമ്മാവൻ താൻ കൂലിപ്പണിയെടുത്തും പറമ്പിൽ കൃഷിചെയ്തുമെല്ലാം വർഷങ്ങളായി സൊരുക്കൂട്ടിയ പണം കുഞ്ഞമ്മയുടെ ഒത്തുകല്യാണസദ്യ നടത്താനും സ്ത്രീധനത്തുകയ്ക്കുമായി പലവട്ടം എണ്ണിത്തിട്ടപ്പെടുത്തി. പലിയിടങ്ങളിൽ പലിശക്കായും അല്ലാതെയും കൊടുത്തിരുന്ന തുകകളെല്ലാം കൂട്ടിവച്ചു. കുഞ്ഞമ്മയുടെ കാതിൽ ഉണ്ടായിരുന്ന കാശുകമ്മലിനു പകരമായി ഒരു ജിമിക്കിയും രണ്ടു വളയും ഒരു മോതിരവും സുപ്രൻ ചേട്ടന്റെ കടയിൽനിന്ന് വാങ്ങി. ആക്കാലത്തു സുപ്രൻ ചേട്ടന്റെ സ്വർണ്ണക്കടയ്ക്ക് ശ്യാമാ ജൂവലറി എന്ന ഇപ്പോഴത്തെ പേരൊന്നും ഉണ്ടായിരുന്നില്ല. വളകളും കമ്മലും മോതിരവും വാങ്ങിയപ്പോൾ കുഞ്ഞമ്മയ്ക്ക് പറഞ്ഞുറപ്പിച്ച അഞ്ചു പവൻ സ്വർണ്ണത്തിൽ രണ്ടു പവനായി. മൂന്നു പവന്റെ ഒരു മാലകൂടി വേണമെന്നും അത് വാങ്ങാൻ തൊട്ടടുത്ത ദിവസങ്ങളിൽ എത്താമെന്ന് സുപ്രൻ ചേട്ടനോട് പറഞ്ഞുപോന്ന കൊച്ചമ്മാവൻ പിന്നങ്ങോട്ട് മടങ്ങിപ്പോയില്ല. 

അമ്മയുടെ തറവാട് വീടിന് തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന വല്യമ്മായിയുടെ മൂന്നര പവന്റെ മാല പണയത്തിലിരുന്നത് പലിശ അടച്ച് പുതുക്കാത്തതിനാൽ തീറായി പോകുമെന്നായത് അക്കാലത്താണ്. മുതലും പലിശയും കൊച്ചമ്മാവനെകൊണ്ട് അടപ്പിച്ച്, ചെറുതടിക്കാനുള്ള ഒരു ലാഭവും കൈപ്പറ്റി വല്യമ്മാവൻ ആ മാല കുഞ്ഞമ്മയ്ക്കായി നൽകി. അങ്ങനെ പറഞ്ഞുറപ്പിച്ച അഞ്ചു പവൻ സ്വർണ്ണത്തിലും നാലു ഗ്രാം കൂടതൽ ലഭിച്ച കുഞ്ഞമ്മ സ്വർണ്ണഭാഗ്യം ഉള്ളവളായി. അമ്മവീട്ടിലെ പാടത്തും തൊടിയിലും പണിക്കുവന്ന സ്ത്രീകൾ കുഞ്ഞമ്മയുടെ സ്വർണ്ണഭാഗ്യത്തെക്കുറിച്ച് എല്ലാ ദിവസവും വാതോരാതെ സംസാരിച്ചു. 

തൊട്ടടുത്ത വർഷം കുഞ്ഞമ്മ ആദ്യ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ കൂടുതലുള്ള അരപ്പവൻ ആ മാലയിൽനിന്ന് മുറിച്ചെടുത്ത്, ഉണ്ടായ കുഞ്ഞിന് മുറപ്പടിയുള്ള പൊന്നാരഞ്ഞാണം പണിയാൻ പദ്ധതിയിട്ടെങ്കിലും എനിക്കറിയാത്ത ഏതോ കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. തൊട്ടടുത്ത വർഷവും കുഞ്ഞമ്മ പ്രസവിച്ചു. അതും പെൺകുഞ്ഞ്. ഒരു വർഷത്തിന്റെ പോലും വ്യത്യാസമില്ലാതെ രണ്ടു പ്രസവിച്ച കുഞ്ഞമ്മയുടെ വിവേകക്കുറവിനെയും ആത്മനിയന്ത്രണ രാഹിത്യത്തെയും ബന്ധുക്കളും കുടുംബക്കാരും കൂട്ടംകൂടി വിമർശിച്ചു. കുഞ്ഞമ്മയുടെ ഭർത്താവ് കറുത്തതാണ് എന്ന അവജ്ഞ നിലനിന്നപ്പോഴും കുട്ടികൾക്ക് കുഞ്ഞമ്മയുടെ നിറം കിട്ടി എന്നതായിരുന്നു ചർച്ചക്കാരുടെയെല്ലാം ആശ്വാസം. പ്രാർത്ഥിക്കുന്ന ദൈവങ്ങളും, മാധ്യസ്ഥം തേടുന്ന വിശുദ്ധരും, സ്വർഗ്ഗീയ കീർത്തനങ്ങൾ ആലപിക്കുന്ന മാലാഖമാരുമെല്ലാം വെളുത്തതായി വാഴുന്ന പള്ളികളിൽ കുർബാന കൂടുന്ന ഞങ്ങളുടെ കുടുംബക്കാർക്ക് കറുപ്പിനോട് വിരക്തി തോന്നുക സ്വഭാവികമാണല്ലോ. മാത്രമല്ല, പുരാതന ക്രൈസ്തവ പാരമ്പര്യം കൊട്ടിഘോഷിക്കുന്ന സവർണ സമുദായക്കാരായ ഞങ്ങൾക്ക്, തൊലിവെളുപ്പ് ഞങ്ങളുടെ സമുദായിക പരുശുദ്ധിയുടെപോലും അടയാളമായിരുന്നു. 

ആ ക്രിസ്മസ് ദിവസത്തിൽ മുന്നറിയിപ്പൊന്നുമില്ലാതെ കുഞ്ഞമ്മയും അങ്കിളും വീട്ടിൽ വന്നത് വലിയ സന്തോഷത്തോടെയൊന്നുമല്ല ഞാൻ നോക്കിക്കണ്ടത്. അഞ്ചു പേർക്കായി അമ്മ ഉണ്ടാക്കിയ എല്ലും കപ്പയും തുടർന്നുള്ള ബീഫ് കൂട്ടിയുള്ള ക്രിസ്മസ് ഊണും ഏഴായി പങ്കിടണം എന്ന ആശങ്ക എന്നെയന്ന് വല്ലാതെ അലട്ടി. കുഞ്ഞമ്മയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിന് ഭക്ഷണം വിളമ്പേണ്ടതില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം.  ക്രിസ്മസ് ദിവസത്തിലും തുറന്നിരുന്ന കമ്പിളികണ്ടത്തെ പണിക്കരുടെ കടയിൽനിന്ന് അങ്കിൾ വാങ്ങിക്കൊണ്ടുവന്ന എണ്ണപ്പലഹാരത്തിൽ, രണ്ടെണ്ണം എനിക്ക് കിട്ടി എന്നതായിരുന്നു അന്നത്തെ  മറ്റൊരു സന്തോഷം. എത്ര കഴിച്ചാലും വിശപ്പടങ്ങാത്ത എനിക്ക് വയറു നിറയുന്നതുപോലും  അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, പെങ്ങന്മാർ എന്നെ 'പെരുവയറൻ' എന്ന ഓമനപ്പേരിട്ട് വിളിച്ചു കളിയാക്കി. 

കുഞ്ഞമ്മയും അങ്കിളും  ചെമ്പകപ്പാറയിലെ അവരുടെ തറവാടിനടുത്തുതന്നെ ഒരു കൊച്ചു വീടുവച്ചു താമസം തുടങ്ങിയിരുന്നു. സ്ത്രീധനത്തുകയിൽ ബാക്കിയുണ്ടായിരുന്നു ആയിരം രൂപ കിട്ടിയാൽ വരുമാനത്തിനായി ഒരു പശുവിനെ വാങ്ങി വളർത്താം എന്ന പദ്ധതിയുമായാണ് കൊച്ചമ്മാവനെ കാണാൻ പോയത്. ക്രിസ്മസിന്റെ അന്നു രാവിലെ ഇക്കാര്യം പറഞ്ഞപ്പോൾ, സ്ത്രീധനമായി കൊടുത്ത സ്വർണത്തിൽ നാലു ഗ്രാം അളവിൽ കൂടുതൽ ഉണ്ടെന്ന കാര്യം കൊച്ചമ്മാവൻ അറിയിച്ചു. അദ്ദേഹം പറഞ്ഞത് യഥാർഥ്യവും ആയിരുന്നു. ആ ചർച്ച ബദ്‌ലഹേമിലെ കാലിത്തൊഴുത്തിന് ചുറ്റും, മാലാഖമാർ ഓശാന പാടിയതിലും ഉച്ചത്തിലുള്ള തെറിപ്പാട്ടായപ്പോൾ കുഞ്ഞമ്മയും അങ്കിളും മകളെയുമെടുത്ത് ക്രിസ്മസ് സദ്യ ഉണ്ണാതെതന്നെ അവിടെനിന്നിറങ്ങി. ചെമ്പകപ്പാറക്കുള്ള നടന്നുള്ള മടക്കയാത്രയിലാണ് അവർ ഞങ്ങളുടെ വീട്ടിൽ വന്നത്.  അന്നു രാത്രിയിൽ തെള്ളിത്തോട്ടിലെയും പാറത്തോട്ടിലെയും പള്ളികളിൽ നിന്ന് ചിരിച്ച ഉണ്ണീശോയെയും ചുമന്ന് 'ശാന്തരാത്രി തീരുരാത്രി' പാടി കരോളുകാരെത്തി. അന്നത്തെ കരോളിന് വയറു വീർപ്പിച്ച ക്രിസ്മസ് പാപ്പമാരൊന്നും ഉണ്ടായിരുന്നില്ല.

പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്ന് വരുമ്പോഴേക്കും കുഞ്ഞമ്മയും അങ്കിളും മടങ്ങിപ്പോയിരുന്നു. കരിചേർത്ത് ചാണകം മെഴുകിയ തിണ്ണയിൽ, ഞങ്ങൾ കരോൾ പിരിവ് നൽകിയതിന്റെ തെളിവായി രണ്ടു രൂപ എന്നെഴുതിയ റോസു നിറത്തിലും പച്ച നിറത്തിലുമുള്ള  രണ്ട് രസീതുകൾ യൗസേപ്പിതാവിന്റെയും ഗീവർഗീസ് പുണ്യാളന്റെയും പേരുപറഞ്ഞുകൊണ്ട് അനാഥരായിക്കിടന്നു. 

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അനുജത്തിയെയും കൂട്ടി ഞാൻ ഞങ്ങളുടെയും അയൽക്കാരുടെയുമെല്ലാം തൊടികൾ കയറിയിറങ്ങി നടന്നു.  നാട്ടിലെ ആക്കാലത്തെ ഏറ്റവും സമ്പന്നരായ പൂങ്കുടിക്കാരുടെ വീടിന്റെ മുറ്റത്ത് തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയെ കാണാൻ പോകുന്ന ഞങ്ങളുടെ പഴയ ശീലം ഞാനന്ന് വീണ്ടും തുടങ്ങി. മേക്കാട്ടെ കുഞ്ഞേട്ടന്റെ വീടിനു താഴെയുള്ള  പേരയിൽ കയറി പേരയ്ക്കാ പറിച്ച്, ഉള്ളു ചുവന്നിട്ടുണ്ട് എന്ന് കടിച്ചുനോക്കി ഉറപ്പ് വരുത്തിയിട്ടാണ് ബിന്ദുവിന് എറിഞ്ഞിട്ടു കൊടുക്കുക. ഒന്ന് അപ്പോൾ തിന്നാനും രണ്ടെണ്ണം പിന്നീടേക്ക് എന്റെ കുത്തിവച്ച നിക്കറിന്റെ പോക്കറ്റിലുമിട്ട് ഞാൻ താഴെ വരും. 

ഗവൺമെന്റ് ആശുപത്രിയിൽ കമ്പോണ്ടറായ പാപ്പച്ചേട്ടന്റെ വീടിനു താഴെയുള്ള പറമ്പിനോട് ചേർന്ന് കണ്ടത്തിൽത്തന്നെ ഒരു കുളമുണ്ട്. ഞങ്ങൾ അനാഥശാലയിൽ പോകുന്നതിനു മുൻപ് അങ്ങനെയൊരു കുളം അവിടെ ഉണ്ടായിരുന്നില്ല. ഒന്നര വർഷംകൊണ്ട് അവിടെയൊരു പുതിയ കുളം ഉണ്ടായി എന്നു മാത്രമല്ല, അത് നിറയെ ആമ്പൽപ്പൂക്കൾ വിരിഞ്ഞും നിന്നു. ആകാശത്തെയും, തെളിഞ്ഞു നിൽക്കുന്ന സൂര്യനെയും കൂട്ടമായി വെല്ലുവിളിക്കുന്നതുപോലെ ആമ്പൽപ്പൂക്കളെല്ലാം തല ഉയർത്തി നിന്നു. അത്തരമൊരു വെല്ലുവിളിയിലും, നിശബ്ദമായ ഒരു നൊമ്പരം ആ ആമ്പൽപ്പൂക്കൾ പേറിയിരുന്നു. പൂങ്കുടിക്കാരുടെ ആന കുഞ്ഞാഗസ്തിച്ചേട്ടന്റെ വീടിനുതാഴെയുള്ള തോട്ടിൽ കുളിക്കുന്നുണ്ടായിരുന്നു. ആനയുടെ കുളി കണ്ടുകഴിഞ്ഞപ്പോൾ, പൂങ്കുടിക്കാരുടെ വീടുവരെ പോകാതെ ബിന്ദുവും ഞാനും വീട്ടിലേക്ക് മടങ്ങി. 

കയ്യിലിരുന്ന പേരക്കാ തിന്നുതീർന്നപ്പോൾ വഴിയോരത്തെ തൊടികളിൽ കയറി കശുമാങ്ങയും നെല്ലിക്കയുമൊക്കെ പറിച്ച് തിന്ന് വൈകുന്നേരത്തോടെയാണ് ആ ക്രിസ്മസ് പിറ്റേന്ന് ബിന്ദുവും ഞാനും വീട്ടിൽ തിരിച്ചെത്തിയത്. കാളത്തോട്ടിലെ അനാഥശാലയിൽ മരിച്ചുപോയ എന്റെ കുട്ടിക്കാലം ആ ക്രിസ്മസ് പിറ്റേന്ന് ഉയിർത്തെഴുന്നേറ്റു. ലസാറിനെപ്പോലെ. ആ ഉയിർപ്പിലും എന്റെ സ്വപ്നങ്ങൾ കച്ച പൊതിഞ്ഞവയായിരുന്നു. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് അനാഥത്വത്തിന്റെ ആഭരണങ്ങൾ എന്റെ ഉള്ളിൽനിന്ന് ഞാൻ അഴിച്ചു മാറ്റിയത്.

ഞങ്ങളെ പാറത്തോട്ടിലെ പള്ളിക്കൂടത്തിൽ ചേർക്കുന്നതിനെക്കുറിച്ച് അമ്മ വലിയ ആകുലതയിലായിരുന്നു. എൽ പി വിഭാഗത്തിലും യൂ പിയിലും ഡിവിഷനുകൾ എല്ലാം ഫുള്ളാണെന്ന് ചമ്പക്കരയിലെ അന്നമ്മ ടീച്ചർ  അമ്മയോട് പറഞ്ഞതോടെ അമ്മ അങ്കലാപ്പിലായി. 
''മേരിച്ചേടത്തി എൽപിലെ ഹെഡ്മാസ്റ്ററെ വീട്ടിൽ പോയി ഒന്ന് കാണ്...'
ആ ഞായറാഴ്ച്ച തെള്ളിത്തോട് പള്ളിയിൽ കുർബാന കഴിഞ്ഞു മടങ്ങുമ്പോൾ അന്നമ്മ ടീച്ചർ  അമ്മയോട് പറഞ്ഞു.
സാരിയൊക്കെ മാറിയിട്ട്, പതിവ് മുണ്ടും ബ്ലൗസും തോർത്തുമൊക്കെയിട്ട് ഭാസ്‌കരൻ ചേട്ടന്റെ പറമ്പിൽ പോയി എരുമക്ക് പുല്ലും ചെത്തിക്കൊണ്ടുവന്നിട്ടാണ് അമ്മയും ഞാനും എൽപി സ്‌കൂളിലെ ഹെഡ്മാസ്റ്ററെ കാണാൻ പോയത്. നിർമ്മലാ ആശുപത്രി കഴിഞ്ഞ് മുക്കുടത്തിനുള്ള വഴിക്കായിരുന്നു പാറത്തോട്ടിലെ എൽ പി സ്‌കൂളിലെ പുതിയ ഹെഡ്മാസ്റ്ററുടെ വീട്. മുറ്റം വരെ വണ്ടി ചെല്ലുന്ന അവരുടെ മൺവഴിയിലൂടെ നടന്നെത്തുക പാപ്പച്ചൻ സാറിന്റെ വീടിന്റെ അടുക്കള ഭാഗത്താണ്. വീടിന്റെ മുന്നിലെത്തി കോളിങ് ബെല്ലിൽ അമർത്താൻ ഞാൻ നടന്നെങ്കിലും അമ്മയെന്നെ പിടിച്ചുവലിച്ചു. 
''വേണ്ട, കൊച്ച് അവരുടെ വീടിന്റെ മുൻപോട്ടൊന്നും പോകണ്ട..'' 
തോർത്തെടുത്തു ഒന്നുകൂടി അരയിൽ കുത്തി, തോളിലേക്കത് വലിച്ചിട്ട് അമ്മ എന്റെ കൈ പിടിച്ച്, ആ വീടിന്റെ അടുക്കളയുടെ പിറകിലെ ചായ്പ്പിലേക്ക് കയറി.
''ടീച്ചറേ...എലിക്കുട്ടിട്ടീച്ചറെ...'
അമ്മയുടെ വിളികേട്ട് സാരിയുടുത്തിറങ്ങിവന്ന പാപ്പച്ചൻ സാറിന്റെ ഭാര്യ, യു.പിയിൽ പഠിപ്പിക്കുന്ന ടീച്ചർ ആണന്നു അമ്മ പറഞ്ഞാണ് ഞാനറിഞ്ഞത്.
''ഇതെന്താ മേരിച്ചേടത്തി അടുക്കളവശത്തൂടെ വരുന്നത്?''
എലിക്കുട്ടിട്ടീച്ചറിന്റെ ചോദ്യത്തിന് അമ്മയുടെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു.
''ഇത് പഴയ കാലമൊന്നുമല്ല മേരിച്ചേടത്തി... ഇവിടെ, ഞങ്ങടെ വീട്ടിൽ,  എന്തായാലും നിങ്ങള് അടുക്കളവശത്തുകൂടി വരേണ്ട കാര്യമില്ല...'
അല്പം പരിഭവത്തോടെയാണ് ടീച്ചർ പറഞ്ഞത്.
''ഞാൻ പിള്ളേരെ പള്ളിക്കൂടത്തിൽ ചേർക്കുന്ന കാര്യത്തിന് വന്നതാ...'
അവിടെത്തന്നെ നിന്നുകൊണ്ട് അമ്മ പറഞ്ഞു. അതിനും ഒരാഴ്ച്ച മുൻപ് കുഞ്ഞൂഞ്ഞമ്മ ചേട്ടത്തിയുടെ പണിക്കാരിയായി അവരുടെ വീട്ടിൽ കല്ല് ചുമക്കാൻ ചെന്ന അമ്മക്ക് അമിത സ്വാതന്ത്ര്യം എടുക്കാനാവില്ലല്ലോ!
''അത് സാറിനോടല്ലേ പറയേണ്ടത്. മേരിച്ചേടത്തി മുൻവശത്തേക്ക് ചെല്ലന്നേ. ഞാൻ അങ്ങോട്ട് വരാം.''
അല്പംകൂടി മടിച്ചുനിന്നിട്ട്, എന്റെ കൈപിടിച്ച് അമ്മ അവരുടെ വീടിന്റെ മുൻവശത്തേക്ക് നടന്നു. പ്ലാസ്റ്റിക് നെയ്ത ഒരു കസേരയിലിരുന്ന് പത്രം വായിച്ചിരുന്ന പാപ്പച്ചൻ സാർ അത് തുടർന്നു. 
''മേരിച്ചേടത്തി പിള്ളേരെ സ്‌കൂളിൽ ചേർക്കുന്ന കാര്യം പറയാൻ വന്നതാ.. '
ടീച്ചർ പറഞ്ഞപ്പോൾ പാപ്പച്ചൻ സാർ കണ്ണടയുടെ മുകൾ വശത്തുകൂടി ഒന്നെത്തിനോക്കി. 
''ക്രിസ്മസ് അവധി കഴിഞ്ഞാണോ പിള്ളേരെ ചേർക്കാൻ വരുന്നേ...'
തന്റെ നോട്ടം പത്രത്തിലേക്കു തിരിച്ചതിനുശേഷം പരുഷമായാണ് അദ്ദേഹമത് ചോദിച്ചത്.
''ആ പിള്ളേരെ മേരിച്ചേടത്തി തൃശ്ശൂർ എവിടെയോ അനാഥശാലയിൽ നിർത്തിയാ പഠിപ്പിച്ചെ. അവിടെ ഭയങ്കര ദുരിതമാണെന്ന് കണ്ടപ്പോൾ  കയ്യോടെ പിള്ളേരെ കൂട്ടിക്കൊണ്ട് പോന്നതാ.''
ടീച്ചറിനോട് ചമ്പക്കരയിലെ അന്നമ്മ ടീച്ചർ കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
''അങ്ങനെ തോന്നുമ്പോൾ സ്‌കൂൾ മാറുകയും ചേരുകയുമൊക്കെ ചെയ്യാൻ പറ്റുവോ...'
പത്രത്തിൽനിന്നു കണ്ണുപറിക്കാതെ അദ്ദേഹം ചോദിച്ചപ്പോൾ നാലാം ക്ലാസ്സിൽ തൊട്ടടുത്ത വർഷം വീണ്ടും ഒന്നുകൂടി പഠിക്കേണ്ടി വരും എന്നാണ് ഞാൻ കരുതിയത്.
 ''പപ്പാ, ഇങ്ങു നോക്കിക്കേ. മേരിച്ചേടത്തി ടീസിയൊക്കെ വാങ്ങിയാ വന്നിരിക്കുന്നെ...'
എലിക്കുട്ടി ടീച്ചർ നിർബന്ധിച്ചതുകൊണ്ടാകണം അദ്ദേഹം കയ്യിലിരുന്ന പത്രം ടീപോയിലേക്കിട്ടു.
''അവിടെ എത്ര നാൾ പഠിച്ചു...'
ഒരു പുഞ്ചിരിപോലും ഇല്ലാതെ പരുഷമായാണ് അദ്ദേഹം സംസാരിച്ചത്. പാറത്തോട്ടിൽ എന്നെ ചേർത്താലും ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത പാപ്പച്ചൻ സാറിന്റെ അടി കൊള്ളേണ്ടി വരുമെന്ന് ഞാൻ അപ്പോൾത്തന്നെ ഉറപ്പിച്ചു. അമ്മ കൊടുത്ത കടലാസുകളിലൂടെ ഒന്ന് കണ്ണോടിച്ചിട്ട് അദ്ദേഹം കണ്ണട കയ്യിലെടുത്തുപിടിച്ച് മുറ്റത്തെന്തോ ഉള്ളതുപോലെ കുറേനേരം തുറിച്ചുനോക്കി.
''മേരി നല്ലകാര്യമാ ചെയ്തത്. കഞ്ഞിക്കില്ലേലും മക്കളെ നമ്മുടെ കൂടെ നിർത്തി വളർത്തണം.''
അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
''ബാബുവിന് നാലിലേക്കും ബിന്ദുവിന് രണ്ടിലേക്കും എല്ലാം ഓക്കേയാണ്. സ്‌കൂൾ തുറന്നു കഴിഞ്ഞ് മേരി സമയംപോലെ സ്‌കൂളിൽവന്ന് ഒപ്പിട്ടാൽ മതി. പാപ്പച്ചൻ സാർ  അമ്മയോട് പറഞ്ഞു. 
''ഞാൻ എത്ര രൂപയാ ഫീസ് കൊണ്ടുവരേണ്ടത് സാറെ?''
''ഫീസ് രണ്ടോ മൂന്നോ രൂപയാ. മേരി അതൊന്നും കൊണ്ടുവരണ്ട. ഞാനടച്ചോളാം..''

ആ സമയമത്രയും ഒന്ന് ചിരിക്കപോലും ചെയ്യാതിരുന്ന പാപ്പച്ചൻ സാർ അത് പറയുമ്പോഴും പുഞ്ചിരിച്ചില്ല. അമ്മ നന്ദിയോടെ കൈ കൂപ്പിപ്പിടിച്ചു നിന്നു.
''ഇതെന്തിനാ മേരി കൈ കൂപ്പുന്നെ? ഞാനെന്നാ ഒടയതമ്പുരാനോ?''
ഗൗരവം കൈവിടാതെ സാറ് ചോദിച്ചു.
''ലാലി ആറിലാണ്. അവളുടെ കാര്യത്തിന് എന്താ ചെയ്ക?''
അമ്മ നിസ്സഹായയായി ചോദിച്ചു.
''മേരിച്ചേടത്തി വിഷമിക്കേണ്ട. ചമ്പക്കരേലെ അന്നമ്മ ടീച്ചർ പറഞ്ഞപ്പോത്തന്നെ ഞാൻ ഹൈസ്‌കൂളിലെ ഹെഡ് മാസ്റ്ററോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു കൊഴപ്പോമില്ല. സ്‌കൂൾ തുറക്കുന്ന അടുത്ത തിങ്കളാഴ്ച്ച മേരി കൊച്ചിനേം കൂട്ടി രാവിലെ അങ്ങ് വന്നാൽ മതി.''
എലിക്കുട്ടി ടീച്ചർ വലിയ ആത്മവിശ്വാസത്തിലാണ് പറഞ്ഞത്. ഇരിക്കാൻ പറഞ്ഞുവെങ്കിലും അമ്മ ഇരുന്നില്ല. ടീച്ചർ ചായ  കൊടുത്തിട്ടും അമ്മ മടിച്ചാണ് അത് വാങ്ങി കുടിച്ചതെന്നയോർമ്മയുണ്ട്.  വീട്ടിലേക്ക് മടങ്ങുമ്പോൾ തൊട്ടടുത്തയാഴ്ച്ച പാറത്തോട്ടിലെ പള്ളിക്കൂടത്തിൽ മടങ്ങിചെല്ലുന്നതും പാപ്പച്ചൻ സാറിന്റെ അടികൊള്ളുന്നതുമൊക്കെ ഞാൻ മനസ്സിൽ കണ്ടു.

തുടർന്നുള്ള തിങ്കളാഴ്ച്ച  ക്രിസ്മസ് അവധി കഴിഞ്ഞ് പള്ളിക്കൂടം തുറന്നു. മുൻപ്, കൂടെ പഠിച്ച ബിജുവും, സിബുവും, രാജനുമൊക്കെ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു. തേർഡ് ബെൽ അടിച്ചപ്പോൾ വരാന്തയിൽ നിരന്നുനിന്ന് പെൺകുട്ടികളിൽ ചിലർ 'ദൈവമേ സച്ചിദാന്ദ..' പാടി എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു. ഈശ്വരപ്രാർത്ഥന കഴിഞ്ഞ് ഇരുന്നപ്പോൾ, ദാ കയറി വരുന്നു, തലേ ആഴ്ച്ച കണ്ട ചിരിക്കാത്ത പാപ്പച്ചൻ സാർ. ഹെഡ്മാസ്റ്റർത്തന്നെയായിരുന്നു ഞങ്ങളുടെ ക്ലാസ്സിൽ പഠിപ്പിച്ചിരുന്നതും.
''ബാബു, മുൻപ് പഠിച്ച സ്‌കൂളിലെ പുസ്തകങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടല്ലോ ആല്ലേ..?''
എഴുന്നേറ്റു നിന്ന ഞാൻ സാറിനെ നോക്കിയില്ല. മറുപടി പറഞ്ഞുമില്ല.
''ഇങ്ങോട്ട് നോക്കി കാര്യം പറ...'
എന്റെ തോളിൽ പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ തലയുയർത്തി. 
''അതവര് അവിടുന്ന് തന്നുവിട്ടില്ല..''
സ്വരം താഴ്ത്തി പറഞ്ഞിട്ട് ഞാൻ വീണ്ടും നിലത്തേക്ക് കണ്ണുംനട്ട് നിന്നു. പള്ളിക്കൂടത്തിന്റെ സ്റ്റേജ്കൂടിയായ ഞങ്ങളുടെ ക്ലാസിനു പിറകിലുള്ള ഓഫീസിലേക്ക് പോയി കുറച്ചു സമയം കഴിഞ്ഞ് പാപ്പച്ചൻ സാർ നാലാം ക്ളാസിലെ പുസ്തകങ്ങളുമായി മടങ്ങി വന്നു.
''ഇതിന് എത്ര കാശാന്നാ ഞാൻ അമ്മയോട് പറയേണ്ടെ...?''
അമ്പരപ്പും സന്തോഷവുമൊക്കെ കൂടിക്കലർന്നാണ് ഞാൻ ചോദിച്ചത്..
''അതൊന്നും നീ അമ്മയോട് പറയണ്ട. ഇത് എന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകങ്ങളാ. ഇനി ഇത് നിനക്കുള്ളതാ. അതിന് പൈസയൊന്നും ഇല്ല. നീ നന്നായി പഠിച്ചു മിടുക്കനായാൽ മതി.''
അത് പറഞ്ഞു പാപ്പച്ചൻ സാർ ക്ലാസ് തുടങ്ങിയപ്പോഴും എന്റെ മനസ്സ് ആ അമ്പരപ്പിൽനിന്ന് മടങ്ങിവന്നില്ല. മണൽക്കാറ്റ് വീശിയ എന്റെ ജീവിതത്തിൽ ഞാൻ ആദ്യം കണ്ട മരുപ്പച്ചയാണ് ആ അധ്യാപകൻ. സ്വപ്നങ്ങൾ ഉണർന്നിരുന്നു കാണാൻ ആദ്യമായി എനിക്ക് ഊർജ്ജം തന്ന മനുഷ്യൻ. വീണുപോകുമ്പോൾ ഈശ്വരന്മാരായി വരിക മനുഷ്യരാണ് എന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത് അദ്ദേഹത്തിൽ നിന്നാണ്. അത്തരം ഈശ്വരന്മാർ എന്നുമുണ്ടാകുമോ? അതോ അല്പമനുഷ്യർ കൂട്ടനൃത്തം നടത്തുമോ?