ഇക്കഴിഞ്ഞ ഒക്‌ടോബർ ആറിന് ചൊവ്വാഴ്ച ഡൽഹിയിലെ തെരുവുകളിൽ നിന്നും ഉയർന്ന ദൃശ്യം ജനാധിപത്യ ഇന്ത്യ അത്ര എളുപ്പത്തിൽ മറക്കുമെന്ന് തോന്നുന്നില്ല. പോലീസ് വാനിൽ നിന്നും പുറത്തേക്ക് കുതറി ഇറങ്ങാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമായിരുന്നു അത്. തൊട്ടടുത്ത ദിവസം ഇന്ത്യയിലെ മിക്കവാറും എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ആ ചിത്രമുണ്ടായിരുന്നു. ഫോട്ടോഗ്രഫിയിലെ നിർണ്ണായക നിമിഷത്തെക്കുറിച്ച് പറഞ്ഞത് ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടിയർ ബ്രെസ്സൻ ആണ്. കാലവും ചരിത്രവും ഒരു പോലെ സന്നിവേശിക്കുന്ന ഒരു നിമിഷം. ആ നിർണ്ണായക നിമിഷം നഷ്ടപ്പെട്ടാൽ ഒരു ഫോട്ടോഗ്രാഫർക്ക് പിന്നീടത് തിരിച്ചുപിടിക്കാനാവില്ലെന്ന് ബ്രെസ്സൻ വ്യക്തമാക്കി. ഫോട്ടോഗ്രഫിയിലെന്ന പോലെ രാഷ്ട്രീയത്തിലും ചില നിർണ്ണായക നിമിഷങ്ങളുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി നടത്തിയ ദണ്ഡി യാത്ര അത്തരത്തിലൊന്നായിരുന്നു. 1977 ൽ ബിഹാറിലെ ബെൽച്ചിയിൽ ഭൂ ഉടമകൾ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാ ഗാന്ധി നടത്തിയ യാത്രയാണ് അവരെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്ക് വീണ്ടും കൊണ്ടുവന്നത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം മുന്നോട്ടുവെച്ച നിർണ്ണായക നിമിഷം പിടിച്ചെടുക്കാനായി എന്നതാണ് നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തലവര 2014 ൽ മാറ്റിമറിച്ചത്.
രാഹുലിന്റെ കുതറിമാറൽ ബഹുതലസ്പർശിയാണ്. ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന സവിശേഷമായൊരു ചരിത്ര പരിസരത്തെ അത് ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവന്നെ നിലയിൽ രാഹുലിന്റെ വളർച്ചയും പരിണാമവും കൃത്യമായി അടയാളപ്പെടുത്തുന്ന നിമിഷം കൂടിയാണത്. 2004 ൽ അമേത്തിയിൽ നിന്നാണ് രാഹുൽ ഗാന്ധി ആദ്യമായി ലോക്‌സഭയിലെത്തുന്നത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്ക് തിരിച്ചുവന്ന വർഷമായിരുന്നു 2004. അധികാരത്തോടും രാഷ്ട്രീയ പ്രവർത്തനത്തോടും മമത ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് വന്നതെന്ന് സോണിയയോട് ഒരു അഭിമുഖത്തിൽ പത്രപ്രവർത്തകൻ വീർ സാങ്‌വി ചോദിക്കുന്നുണ്ട്. നെഹ്രുവിന്റെയും ഇന്ദിരയുടെയുയും രാജിവിന്റെയും ഫോട്ടോകൾ അലങ്കരിക്കുന്ന വീട്ടിലെ സ്വീകരണ മുറിയിലൂടെ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയെ താൻ നിരാശപ്പെടുത്തിയോ എന്ന ചോദ്യം എപ്പോഴും ഉള്ളിന്റെയുള്ളിൽ ഉയരാറുണ്ടെന്നും അതിനുള്ള മറുപടിയായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശമെന്നുമാണ് സോണിയ മറുപടി പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ പരിണാമം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് രാഹുൽ ഗാന്ധിയിലാണെന്നതിൽ ഒരു സംശയവുമില്ല. ഈ നിക്ഷേപം അസ്ഥാനത്തും അനവസരത്തിലുമായിരുന്നുവെന്ന ആക്ഷേപം ആർഎസ്എസ്സും ബിജെപിയും മാത്രമല്ല ഇടതുപക്ഷവും രാജ്യത്തെ ലിബറൽ ബുദ്ധിജീവികളും ഉയർത്തിയിരുന്നു. സാമൂഹ്യ വിമർശകൻ ശിവ് വിശ്വനാഥൻ നടത്തിയ നിരീക്ഷണം ഓർത്തുപോവുന്നു. 2013 ൽ മോദിക്കെതിരെയുള്ള ആദ്യ യുദ്ധത്തിന് രാഹുൽ കച്ചകെട്ടുന്ന സമയത്താണ് ശിവ് ഈ കുറിപ്പെഴുതിയത് . ഗുജറാത്തിൽ ആയിടെ നടന്ന ഒരു സെമിനാറിൽ രാഹുൽ നടത്തിയ പ്രസംഗം മുനനിർത്തിയുള്ള കുറിപ്പായിരുന്നു അത്. നാൽപതാമത്തെ വയസ്സിൽ ഇരുപതുകാരനെപ്പോലെയായിരുന്നു രാഹുലിന്റെ പ്രസംഗം എന്നാണ് ശിവ് എഴുതിയത്. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന്റെ ബാദ്ധ്യതയാണ് രാഹുൽ എന്നായിരുന്നു ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം.
പക്ഷേ, 2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ നീണ്ട ഭാരത് ജോഡൊ യാത്രയിൽ രാജ്യം പുതിയൊരു രാഹുലിനെ കണ്ടു. ജനങ്ങളെ കേട്ടും കണ്ടും മുന്നോട്ടു നീങ്ങുന്ന രാഹുൽ. വെറുപ്പിന്റെ തെരുവുകളിൽ സ്‌നേഹത്തിന്റെ കട തുറക്കുന്ന രാഹുൽ. സർപ്പം പടം പൊഴിക്കുന്നതുപോലെ 'പപ്പു' പ്രതിച്ഛായയിൽ നിന്നും മോചിതനാവുന്ന രാഹുൽ. അതിന്റെ പ്രതിഫലനം കൂടിയിയിരുന്നു 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. ഈ വട്ടം നാനൂറ് സീറ്റുകൾ എന്ന മോദിയുടെ സ്വപ്‌നം 240 ലേക്ക് ഒതുങ്ങി. ഏകീകൃത സിവിൽ കോഡും ലോക്‌സഭാ മണ്ഡല പുനർ നിർണ്ണയവും അതോടെ സഫലീകരിക്കപ്പെടാത്ത അജണ്ടകളായി.
രണ്ട് നേതാക്കൾ, രണ്ട് വഴികൾ
ഒരർത്ഥത്തിൽ മോദിയും രാഹുലും രണ്ട് ധ്രുവങ്ങളിൽ നിന്നാണ് വരുന്നത്. ഒരാൾ ഇന്ത്യയിലെ ഏറ്റവും സാധാരണമായ കുടുംബങ്ങളിൽ നിന്നും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും അനുഭവിക്കാതെ വളർന്നയാൾ. ജീവിതത്തിൽ മുന്നേറുന്നതിനുള്ള ഊർജ്ജമായിരുന്നു മോദിക്ക് രാഷ്ട്രീയ പ്രവർത്തനം. 2014 ൽ പാർലമെന്റിന് മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന മോദിയെ ഓർമ്മയില്ലേ? ഇന്ത്യൻ രാഷ്ട്രീയത്തിൽ കാഴ്ചകൾക്കുള്ള സ്ഥാനം ഇത്രയും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു നേതാവുണ്ടെന്ന് തോന്നുന്നില്ല. അധികാരം പിടിക്കാൻ മാത്രമല്ല അതെങ്ങിനെ നിലനിർത്തണമെന്നും സുവ്യക്തമായി മോദിക്കറിയാം. മോദിയെ ആരും കൈപിടിച്ചുയർത്തുകയായിരുന്നില്ല. സ്വയം വെട്ടിത്തുറന്ന പാതയിലൂടെയാണ് മോദി മുന്നേറിയത്. 15 കൊല്ലത്തോളം ആർഎസ്എസ്സിൽ സ്വയം പ്രചാരകനായി സമൂഹത്തിന്റെ അടിത്തട്ടിൽ, പിന്നീടൊരു 15 കൊല്ലം ബിജെപിയുടെ സംഘടനാ സംവിധാനത്തിന്റെ ഭാഗം, തുടർന്ന് 25 കൊല്ലമായി അധികാരത്തിന്റെ കോട്ടയിൽ നരേന്ദ്ര മോദിയുടെ ജീവിത യാത്ര ഏതൊരു എഴുത്തുകാരനെയും മോഹിപ്പിക്കുന്ന ഒന്നാണ്.
അപ്പുറത്ത് നെഹ്രു കുടുംബാംഗം എന്ന ആനുകൂല്യത്തിലാണ് രാഹുൽ ഗാന്ധിയുടെ രാഷട്രീയ ജീവിതം തുടങ്ങുന്നതെന്ന് വിസ്മരിക്കേണ്ടതില്ല. എന്നുമെവിടെയും രാഹുലിനെ പിന്തുടരുന്ന നിഴലാണത്. പക്ഷേ, വിസ്മരിക്കരുതാത്ത ഒരു കാര്യം കഴിഞ്ഞ 37 കൊല്ലമായി നെഹ്രു കുടുംബം ഇന്ത്യയുടെ ഭരണകൂട സംവിധാനത്തിന്റെ ഭാഗമായിരുന്നില്ല എന്ന വസ്തുതയാണ്. 1989 നു ശേഷം നെഹ്രു കുടുംബത്തിൽ നിന്നൊരാൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസരേയിലേക്ക് വന്നിട്ടില്ല. പിന്നീട് മൂന്നു വട്ടം കോൺഗ്രസിന് അധികാരം കിട്ടിയിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാം പ്രധാനമന്ത്രി നെഹ്രു കുടുംബക്കാരനായിരുന്നില്ല. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നിഷ്ഠൂരമായ
കൊലപാതകങ്ങൾ ഒരു പക്ഷേ, സോണിയയെയും കുടുംബത്തേയും വല്ലാതെ ബാധിച്ചിട്ടുണ്ടാവണം. 2004ൽ പ്രധാനമന്ത്രി പദം കൈയ്യെത്തുന്ന ദൂരത്തിൽ വന്നിട്ടും സോണിയ അത് വേണ്ടെന്നു വെച്ചതിൽ മകൻ രാഹുലിന്റെ നിർബ്ബന്ധമുണ്ടായിരുന്നുവെന്ന് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കോൺഗ്രസ് നേതാവ് കെ നട്‌വർ സിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരത് ജോഡൊ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നേരിട്ട മുഖ്യ ആരോപണം നരേന്ദ്ര മോദിയെപ്പോലെ ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവല്ല രാഹുൽ എന്നതായിരുന്നു. ഒരു പ്രക്ഷോഭം ഏറ്റെടുക്കുന്നു, അതിന്റെ മുൻ നിരയിൽ നിൽക്കുന്നു, പക്ഷേ, കുറച്ചു കഴിയുമ്പോൾ രാഹുലിനെ കാണുന്നില്ല. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവിന് സ്വകാര്യ ജീവിതം ആർഭാടമാണെന്ന കാഴ്ചപ്പാട് അങ്ങിനെയങ്ങ് തള്ളിക്കളയാനാവില്ല. ഈ ആരോപണത്തിൽ നിന്നും മുക്തനാവുന്ന രാഹുലിനെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള വരവോടെ കണ്ടത്.

To advertise here,

ഭീതിയുടെ ആഖ്യാനം
ഇക്കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ മോദി സർക്കാർ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ആഖ്യാനം ഭീതിയുടേതായിരുന്നു. എതിരാളികളുടെ മാത്രമല്ല പാർട്ടിക്കുള്ളിൽ വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെടുന്നവരുടെയും രഹസ്യ ഫയലുകൾ മോദിയുടെയും അമിത് ഷായുടെയും അലമാരകളിൽ നിറഞ്ഞു. പെഗാസസ് ചാര സോഫ്റ്റ്‌വെയറുകളുടെ ചിറകിലേറി ഭരണകൂടം സ്വകാര്യ ജിവിതങ്ങളുടെ രഹസ്യങ്ങൾ ചികഞ്ഞെടുത്തപ്പോൾ ഭരണഘടനാ പദവികൾ അലങ്കരിക്കുന്നവർ വരെ സമ്മർദ്ധത്തിലായി. ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ളവർ പറഞ്ഞുവെച്ചത് എത്ര വേഗത്തിലാണ് കാലഹരണപ്പെട്ടത്. സാമ,ദാന,ഭേദ,ദണ്ഡ മാർഗ്ഗങ്ങളിലൂടെ ആരെയും നിശ്ശബ്ദരാക്കാമെന്ന ഭരണകൂടത്തിന്റെ ഗർവ്വിൽ ഇന്ത്യൻ ജനത വിറങ്ങലിച്ചു നിന്നു.
ജനാധിപത്യത്തിൽ ഏറ്റവും അപകടകരമായ സംഗതി നിങ്ങൾ ഇങ്ങനെ സ്വയം ചോദിക്കാൻ തുടങ്ങുമ്പോഴാണെന്ന് യെമനി പത്രപ്രവർത്തകയും നോബൽ സമാധാന സമ്മാനം നേടുന്ന ആദ്യ അറബ് വനിതയുമായ തവക്കോൾ കർമാൻ പറഞ്ഞത് ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ അച്ചട്ടായി : '' ഇത് ചെയ്താൽ എനിക്കെന്ത് സംഭവിക്കും? നേതാവ് എന്നോട് എന്താണ് ചെയ്യുക? നിങ്ങൾ പത്രപ്രവർത്തകയോ, വിദ്യാർത്ഥിയോ , അദ്ധ്യാപകനോ ആരായാലും നിങ്ങൾ സ്വയം ചോദിക്കുന്നു. ഒരു ഏകാധിപതിക്ക് അതാണ് ആവശ്യം. ഭീതി പരത്തുക. അപ്പോൾ അഭിഭാഷകർ അവരുടെ ജോലി ചെയ്യില്ല. മാദ്ധ്യമ പ്രവർത്തകർ അവരുടെ ജോലി ചെയ്യില്ല. ബുദ്ധിജീവികൾ അവരുടെ ജോലി ചെയ്യില്ല. എന്തെങ്കിലും ചെയ്യും മുമ്പ് അവർ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആലോചിച്ച് വിഷണ്ണരാവും. ഇങ്ങനെയാണ് ഒരു രാജ്യത്തെ ഏകാധിപതികൾ വരുതിയിൽ നിർത്തുന്നത്.''
അഭയത്തിന്റെ പൊരുൾ
മലമ്പനിയേക്കാളും പ്ലേഗിനേക്കാളും ഭീകരമാണ് ഭയം എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ആദ്യ രണ്ടും ശരീരത്തെയാണ് ഇല്ലാതാക്കുന്നതെങ്കിൽ ഭയം കൊല്ലുന്നത് ആത്മാവിനെയാണെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി. അധികാരം മനുഷ്യരെ പേടിപ്പിക്കാനുള്ളതാണെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു കരുതിയിരുന്നില്ല. കോൺഗ്രസിന് വോട്ടുചെയ്യാത്തവരെ കൂടി ഓർക്കുകയും അവർക്കുകൂടിയുള്ളതാണ് ഇന്ത്യ എന്ന് കരുതുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു നെഹ്രു. നിർഭയത്വം പ്രതിഫലിക്കുന്ന ഒരിടം ഹാസ്യമാണ്. നർമ്മ ബോധം നഷ്ടപ്പെടുന്ന നേതാക്കളും ജനങ്ങളും ഒരു സമൂഹം ഇരുട്ടിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചകങ്ങളാണ്. നമ്മൾ മറ്റുള്ളവരെക്കുറിച്ച് തമാശ പറയുന്നതും മറ്റുള്ളവർ നമ്മളെക്കുറിച്ച് തമാശ പറയുന്നതും രണ്ടാണ്. മറ്റുള്ളവർ നമ്മളെ കളിയാക്കുമ്പോൾ അത് സഹിക്കാനാവുന്നില്ലെങ്കിൽ പിന്നെ ജനാധിപത്യമില്ല. കാർട്ടൂണിസ്റ്റുകളും സ്റ്റാൻഡ് അപ് കൊമേഡിയൻമാരും വേട്ടയാടപ്പെടുമ്പോൾ അത് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അളക്കുന്നതിനുള്ള മാപിനിയാവുന്നു.
2002 ലെ ഗുജറാത്ത് കലാപം ഒരു വലിയ പാഠമാണ് പഠിപ്പിച്ചതെന്നും അതിന് ശേഷം ഗുജറാത്തിൽ കലാപമുണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞത് മറക്കാനാവില്ല. പേടിയിലാണ്ട ഒരു ജനതയെ വളരെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താമെന്നും അവർ ഏത് അനീതിയോടും പൊരുത്തപ്പെടുമെന്നുമുള്ള വായനയാണ് മോദി ഭരണകൂടം നടത്തിയത്. ഭയരഹിതമായ അവസ്ഥയെക്കുറിച്ചാണ് ഗാന്ധിജിയും ടാഗോറും ഏറെ മനനം ചെയ്തത്. നിർഭയമായ മനസ്സിന് മാത്രമേ ധാർമ്മിക ശുദ്ധി അവകാശപ്പെടാനാവുകയുള്ളുവെന്ന് ഗാന്ധിജി കൃത്യമായി പറഞ്ഞുവെച്ചു. ഭയരഹിതമായ മനസ്സുള്ള ഇടമാണ് സ്വർഗ്ഗമെന്നും ആ സ്വർഗ്ഗത്തിലേക്ക് നയിക്കണമേ എന്നുമാണ് ടാഗോർ പ്രാർത്ഥിച്ചത്.
ഭയത്തിൽ നിന്നുള്ള മോചനമാണ് അഭയം. മോദി സർക്കാരിനെതിരെ നിർഭയമായി ആദ്യം നിലയുറപ്പിച്ചത് കർഷകരാണ്. കർഷക സമരത്തിന്റെ മുഖമുദ്ര നിർഭയത്വമായിരുന്നു. ഭയമില്ലായ്മയുടെ ഈ പരിസരത്ത് നിന്നുകൊണ്ടാണ് 2021 സെപ്റ്റംബറിൽ യുപിയിലെ മുസഫർ നഗറിൽ നടന്ന യോഗത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായ്ത്ത് അല്ലാഹു അക്ബർ എന്നും ഹർ ഹർ മഹാദേവ എന്നും ഒരേ സ്വരത്തിൽ വിളിച്ചത്. കർഷകരുടെ ഈ മുന്നേറ്റത്തിന് മുന്നിലാണ് മോദി ഭരണകൂടം ആദ്യമായി ഒരു തീരുമാനം തിരുത്തിയത്.
മടിയിൽ കനമില്ലാത്തവർ
കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യാണ് അതിന് ശേഷം മോദി സർക്കാരിനെ തിരുത്തിയത്. ഡെൽഹിയിലെ തെരുവുകളിൽ ഭയരഹിതരായി നിലയുറപ്പിച്ച സിജെപിക്ക് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കൊരുങ്ങാതെ ബിജെപിക്കും മോദി സർക്കാരിനും വേറെ വഴിയുണ്ടായിരുന്നില്ല. ഒക്‌ടോബർ പത്തിന് ഡൽഹിയിൽ സിജെപി നടത്തിയ പ്രക്ഷോഭം നൽകുന്ന സന്ദേശവും ഭയരാഹിത്യത്തിന്റേതാണ്. അലമാരയിൽ അസ്ഥികൂടങ്ങളില്ലെന്നതാണ് സിജെപിക്കും കർഷകർക്കും തുണയായത്. ഒരു തരത്തിലുള്ള കെട്ടുപാടുകളും ബാദ്ധ്യതകളും ചരടുകളുമില്ലാതെ സമരത്തിനിറങ്ങുന്നവരെ ഒരു പെഗാസസിനും ഒന്നും ചെയ്യാനാവില്ല.
രാഹുൽ ഗാന്ധിയുടെ അപാരമായ ആത്മവിശ്വാസവും ഈ നിർഭയത്വത്തിൽ നിന്നാണ് ഉറവയെടുക്കുന്നത്. ഇക്കഴിഞ്ഞ 12 കൊല്ലങ്ങളിൽ പെടാപാട് പെട്ടിട്ടും ഒരു കേസിൽ പോലും രാഹുലിനെ കുടുക്കാൻ ബിജെപി ഭരണകൂടത്തിനായിട്ടില്ല. ഭയത്തിൽ നിന്നുള്ള ഈ കുതറിമാറലിന്റെ തുടർച്ചയാണ് ഒക്‌ടോബർ ആറിന് ഡെൽഹിയിലെ ആകാശവാണി വളപ്പിൽ ദൃശ്യമായത്. ചെറുത്ത് നിൽപ് ഭയരഹിതമാവുമ്പോൾ ഭരണകൂടം അസ്വസ്ഥമാവും. പേടിപ്പിക്കാനാവാത്ത പൗര സമൂഹമാണ് പ്രതിഷേധവുമായി മുന്നിലുള്ളതെന്ന തിരിച്ചറിവിൽ കൈവിട്ട കളികൾ കളിക്കാൻ ഭരണകൂടം നിർബ്ബന്ധിതമാവും.
ഭരണകൂടം പേടിക്കുമ്പോൾ
1975 ൽ അടിയന്തരാവസ്ഥയിൽ ഇന്ത്യ അനുഭവിച്ചതാണിത്. ഭരണകൂടം പേടിയിൽ അമരുമ്പോഴാണ് അടിയന്തരാവസ്ഥകൾ സംഭവിക്കുന്നത്. ഡൽഹിയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. പ്രതിഷേധക്കാർ കൂടുതലായെത്തുമോ എന്ന പേടിയിൽ തീവണ്ടികൾ റദ്ദാക്കുന്നു, ഇന്റർനെറ്റ് നിഷേധിക്കുന്നു, മെട്രൊ സ്‌റ്റേഷനുകൾ അടച്ചിടുന്നു, ബംഗാളിൽ നിന്നും ചത്തിസ്ഗഡിൽ നിന്നുമൊക്കെ സിആർപിക്കാരെ രാജ്യ തലസ്ഥാനത്തേക്ക് നിയോഗിക്കുന്നു, മാദ്ധ്യമ പ്രവർത്തകരെയും വിദ്യാർത്ഥികളെയും പ്രക്ഷോഭ സ്ഥലത്തേക്കെത്തുന്നതിൽ നിന്ന് തടയുന്നു.
ഭരണഘടനയുടെ 19 [ 1 ബി ] ഉറപ്പു നൽകുന്ന സമാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശമാണ് ഭരണകൂടം നിർദാക്ഷിണ്യമായി ലംഘിക്കുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെയെയും സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെയക്കുന്നു. യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നും കരുതൽ തടങ്കലിലാക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും മമത ബാനർജിയും പോലീസ് അതിക്രമങ്ങൾക്കിരയാവുന്നു. ഈ നീക്കങ്ങൾ മോദി ഭരണകൂടത്തിന്റെ അരക്ഷിതാവസ്ഥയെയാണ് തുറന്നു കാട്ടുന്നത്. ഭീതിയുടെ വലിയൊരു നിഴലിലാണ് മോദി ഭരണകൂടം ഇപ്പോൾ.
'ക്ലീൻ ഇന്ത്യ ' എന്ന മുദ്രാവാക്യമുയർത്തിയാണ് നരേന്ദ്ര മോദിയും ബിജെപിയും 2014 ൽ അധികാരത്തിലേറിയത്. സ്വച്ഛ ഭാരതമായിരുന്നു മോദി ഭരണകൂടത്തിന്റെ സുപ്രധാന പദ്ധതികളിലൊന്ന്. ആശയപരമായി തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായിരുന്നിട്ടും ഗാന്ധിജി എന്ന മനുഷ്യന്റെ കണ്ണടയാണ് ആ പദ്ധതിയുടെ പ്രതീകമായി ബിജെപി സർക്കാർ രാജ്യമെമ്പാടും വിളംബരം ചെയ്തത്. എന്നാൽ ഗാന്ധിജി ഒരേ സമയം പുറത്തേക്കും ഉള്ളിലേക്കും നോക്കിയിരുന്നു എന്ന യാഥാർത്ഥ്യം മോദി ഭരണകൂടം തിരിച്ചറിഞ്ഞില്ല. ആന്തരീക വിശുദ്ധിയും ധാർമ്മിക ധീരതയുമായിരുന്നു ഗാന്ധിജിയുടെ മൂല ധനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ ചിറകിലേറിയുള്ള യാത്രയിൽ ബിജെപി ഭരണകൂടം തീരെ ശ്രദ്ധിക്കാതെ പോയത് ഈ ക്യാപിറ്റലാണ്.
ഈ മൂലധനത്തിന്റെ പുറത്താണ് ഇന്നിപ്പോൾ രാഹുൽ ഗാന്ധിയും സിജെപിയും കർഷകരും ഇന്ത്യൻ ജനാധിപത്യത്തിനായി ഒന്നിക്കുന്നത്. ഈ പോരാട്ടത്തിൽ ഇന്ത്യയിലെ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തുക എന്നതാണ് രാഹുൽ ഗാന്ധി നേരിടുന്ന ഒരു വെല്ലുവിളി. ഒക്‌ടോബർ ആറിന് ഇന്ത്യ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഒഡിഷയിൽ നിന്നുള്ള ബിജു ജനതാ ദൾ ഉണ്ടായിരുന്നു എന്നത് ചെറിയ സംഗതിയല്ല. എന്നാൽ തൊട്ടടുത്ത ദിവസം സമാജ് വാദി പാർട്ടിയുടെ അസാന്നിദ്ധ്യമുണ്ടായി. ഡിഎംകെയും ഒന്നിച്ചുള്ള പോരാട്ടത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. സമര രംഗത്ത് ഇടത് പക്ഷം സജീവമാണ്. സിജെപിക്കൊപ്പവും കോൺഗ്രസിനൊപ്പവും ഇടത് നേതാക്കൾ മുൻനിരയിൽ തന്നെയുണ്ട്. കേരളത്തിലെ വൈരവും വിയോജിപ്പും ഈ നിർണ്ണായക പ്രക്ഷോഭത്തിന്റെ അന്തഃസത്ത തകർക്കാതിരിക്കാൻ കോൺഗ്രസും ഇടത് പക്ഷവും പ്രത്യേക കരുതൽ എടുക്കണം. അടിയന്തരാവസ്ഥയ്‌ക്കെതിരെ സിപിഎമ്മിനെയും ജനസംഘത്തെയും കൂടെ നിർത്താൻ ജയപ്രകാശ് നാരായണന് കഴിഞ്ഞുവെന്ന ചരിത്രം മുന്നിലുണ്ട്.
അധികാരത്തിന്റെ 25 വർഷങ്ങൾ
വോട്ടവകാശം നിഷേധിക്കപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നു തന്നെയാണർത്ഥം. പ്രായപൂർത്തിയായ എല്ലാവർക്കും ജാതി, മത, വർഗ്ഗ , ലിംഗ ഭേദമന്യെ വോട്ടവകാശം നൽകിക്കൊണ്ട് ചരിത്രം സൃഷ്ടിച്ച രാജ്യമാണ് സ്വതന്ത്ര ഇന്ത്യ. ഈ അവകാശം ഇല്ലാതാക്കാൻ ഒരു ഭരണകൂടം ഒരുങ്ങിയാൽ അത് ജനാധിപത്യത്തിനെതിരെയുള്ള നീക്കമാവുന്നു. 13 കോടി ജനങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയത് പരമോന്നത നീതി പീഠമായ സുപ്രീംകോടതിയിലെ ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ബുയനാണ്. മുൻ സുപ്രീംകോടതി ജഡ്ജി റോഹിൻടൺ നരിമാനും വിരൽ ചൂണ്ടുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഈ വെല്ലുവിളിയിലേക്കാണ്.
ഗുജറാത്തിൽ നിന്നും 2001 ൽ തുടങ്ങിയ അധികാര യാത്രയുടെ 25 ാം വർഷത്തിലാണ് നരേന്ദ്ര മോദി. ബിജെപിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും ആമോദത്തിന്റെയും പെരുമ്പറകൾ മുഴങ്ങേണ്ട നിമിഷങ്ങൾ. പക്ഷേ, ഇന്ദ്ര പ്രസ്ഥത്തിൽ നിന്നുമുയരുന്നത് അപായ സൂചനകളാണ്. ആർഎസ്എസ്സ് ഈ സൂചനകൾ അറിയുന്നുണ്ടാവണം. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ബിജെപി 2029 ൽ ബാദ്ധ്യതയായേക്കുമെന്ന ഉൾഭയം നാഗ്പൂരിലെ സിരാകേന്ദ്രങ്ങളിൽ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ടാവാം. ഗ്യാനേഷ് കുമാറിന്റെ രാജി എന്ന അനുരഞ്ജനത്തിലേക്ക് മോദി സർക്കാർ എത്തണമെങ്കിൽ ആർഎസ്എസ്സിന്റെ ഇടപെടലിന് കീഴ്‌പ്പെടാൻ മോദിയും അമിത് ഷായും തയ്യാറാവണം. 2026 ൽ കേരളത്തിൽ അത്തരമൊരു പിൻമാറ്റത്തിന് പിണറായി വിജയൻ തയ്യാറായില്ല. സമാനമായ നിലപാടാണ് നരേന്ദ്ര മോദിയും അമിത് ഷായും പിന്തുടരുന്നതെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തെ കാത്തിരിക്കുന്നത് അനിതരസാധാരണമായ സംഘർഷങ്ങളുടെ ദിനങ്ങളായിരിക്കും.
വഴിയിൽ കേട്ടത് : പിണറായി സർക്കാരിനെ വീഴ്ത്തിയതും എസ്‌ഐആറെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ. അപ്പോൾ തെറ്റ് തിരുത്തണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുമോ!