റാം കെയർ ഓഫ് ആനന്ദി ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ വിവർത്തനം ചെയ്ത ഹരിത സി കെ ലോക വിവർത്തന ദിനത്തോടനുബന്ധിച്ചു വിവർത്തന അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു.

"Tom gifted me a black silk teddy" - ആദ്യകാലത്ത് വിവർത്തനം ചെയ്ത ഒരു നോവലിന്റെ ആദ്യത്തെ പേജുകളിൽ വരുന്ന ഒരു വാചകം ആയിരുന്നു ഇത്. ഭാര്യയ്ക്ക് കറുത്ത ടെഡി ബെയർ ഗിഫ്റ്റ് കൊടുക്കുന്ന ഭർത്താവ് എന്ന സുന്ദരൻ സങ്കൽപം മനസ്സിലോർത്ത് കുളിരുകോരി, അതേ കുളിരു വാക്കുകളിലേക്ക് ചാലിച്ച് ഞാനും എഴുതി - "എനിക്കേറ്റവും പ്രിയപ്പെട്ട, കറുത്ത, പതുപതുത്ത ടെഡി ബെയർ ടോം ഇന്ന് സമ്മാനിച്ചു!"
അതേ പുസ്തകത്തിന്‍റെ രണ്ടാം പകുതിയുടെ വിവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ദിവസം വെറുതെ സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുമ്പോ പെട്ടെന്ന് ഒരു കമ്പനിയുടെ പരസ്യം കണ്ടു - സ്ത്രീകൾക്കുള്ള മനോഹരമായ വിലകൂടിയ നിശാവസ്ത്രങ്ങൾ വിൽക്കുന്ന കമ്പനി. ആ വസ്ത്രങ്ങളെ അവർ വിളിച്ചത് - ബ്ലാക്ക് ടെഡി എന്നായിരുന്നു! ഒരു നിമിഷം തലയിൽ നിന്ന് കിളി പാറി. ഇനിയൊരുപക്ഷേ ഇതെങ്ങാനും.....? തൊട്ടടുത്ത നിമിഷം ഗൂഗിളിൽ ബ്ലാക്ക് ടെഡി തിരഞ്ഞ എനിക്ക്, ഞാൻ ചെയ്തുവച്ച അബദ്ധം തിരിഞ്ഞു. അന്ന് യാദൃശ്ചികമായി ആ പരസ്യം കണ്ടില്ലായിരുന്നെങ്കിൽ എന്‍റെ വക അത്തരമൊരു അമളി ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടേനെ! ഇന്നും അതോർക്കുമ്പോൾ നെഞ്ചൊന്നു കാളും! അതുകൊണ്ടാവണം, അന്ന് മുതലിങ്ങോട്ട് അങ്ങേയറ്റം ശ്രദ്ധയോടെയാണ് ഓരോ വിവർത്തനവും ചെയ്തു തീർക്കുന്നത്.
അറിയാതെ പിണഞ്ഞു പോയിരിക്കാവുന്ന ഒരമളി ആയിരുന്നു അത്. അറിയാതെയെങ്കിലും അതിൽ നിന്നെന്നെ രക്ഷിച്ചത് സോഷ്യൽ മീഡിയയും. പക്ഷെ അപ്പോഴൊക്കെ ഓർക്കുന്നൊരു കാര്യമുണ്ട് - ഇത്തരം യാതൊരു സഹായക ഉപകരണങ്ങളുമില്ലാതിരുന്ന കാലത്ത് പോലും മനുഷ്യർ വിവർത്തനങ്ങളുടെ ഭൂമികകളിലൂടെ വേച്ചും, വീണും, പാഞ്ഞും, പകച്ചും, രസിച്ചും യാത്ര ചെയ്തിട്ടുണ്ട്. ആ പുസ്തകങ്ങളെ അത്ര കണ്ട് സ്നേഹിക്കാതെയും, നെഞ്ചോട് ചേർക്കാതെയും അവർക്കത് പൂർത്തിയാക്കാനാവുമായിരുന്നില്ല എന്ന് നിശ്‌ചയം. പ്രാദേശിക സാഹിത്യങ്ങളെ പിടിച്ചുലച്ച പുസ്തകങ്ങളെ ലോകത്തിന്‍റെ വായനാംബരങ്ങളിലേക്ക് തള്ളിവിട്ടത് വിവർത്തകർ തന്നെയാണ്. മാർക്കേസിന് ഗ്രിഗറി റബാസ്സയും എഡിത്ത് ഗ്രോസ്മാനും പോലെ; ബഷീറിന് പ്രൊഫെസ്സർ റൊണാൾഡ് ഇ അഷർ പോലെ. പക്ഷെ അവരൊക്കെ വെറും വാക്കുകളുടെ ഭാഷ മാത്രം മാറ്റിയെഴുതിയവരായിരുന്നുവോ? അതോ ആ രചയിതാവിന്‍റെ അന്തഃസത്തയും അന്തഃക്ഷോഭവും കൂടി ഉൾക്കൊണ്ട് അവയെക്കൂടി മുറുകെപ്പിടിച്ചാണോ അവർ കഥകളെ പുതിയ ലോകത്തേക്ക് പറത്തിവിട്ടിരുന്നത്? രണ്ടാമത്തേത് തന്നെ എന്ന് നിസ്സംശയം പറയാം.
ഒരു പുസ്തകം വിവർത്തനം ചെയ്യുമ്പോൾ ചില വാക്കുകൾ അല്ലെങ്കിൽ വാചകങ്ങൾ നമ്മളെ കുറച്ചുനേരം പിടിച്ചുനിർത്തും. വാക്കുകളുടെ അർത്ഥം മനസ്സിലാകാത്തതുകൊണ്ടല്ല. മറിച്ച്, അർത്ഥം മനസ്സിലായിട്ടും അതേ അനുഭവം മറ്റൊരു ഭാഷയിൽ എങ്ങനെ പറയണം എന്ന് അറിയാതെ വരുമ്പോഴാണത്. അത് തന്നെയാണ് വിവർത്തനത്തിന്‍റെ കാതലും. വെറുമൊരു ഭാഷാമാറ്റമല്ല വിവർത്തനം എന്ന് സാരം!
കാരണം, ഒരു എഴുത്തുകാരൻ ഒരു വാചകം എഴുതുമ്പോൾ അത് കേവലം കുറച്ചു വാക്കുകളുടെ സമ്മേളനം മാത്രമല്ലല്ലോ. അതിനുള്ളിൽ ഉറഞ്ഞും മറഞ്ഞും തെളിഞ്ഞും കൂടിയിരിക്കുന്ന സ്വഭാവം, ചിന്ത, അനുഭവം, വികാരം, നിശ്ശബ്ദത എന്നിവയുടെയൊക്കെ ആന്തോളനം തൊട്ടറിഞ്ഞ് അനുഭവിച്ചെങ്കിൽ മാത്രമേ അവയെ മറ്റൊരു ഭാഷയിലൂടെ അനുഭവവേദ്യമാക്കാൻ കഴിയൂ. മാത്രവുമല്ല, വിവർത്തനത്തിന്‍റെ പ്രയാണത്തിൽ നിരന്തരം സ്വയം ചോദിക്കേണ്ട ഒന്നുണ്ട് : ഇത് എഴുത്തുകാരൻ പറയുന്നതുപോലെയാണോ, അതോ ഞാൻ പറയുന്നതുപോലെയായോ? വിവർത്തനം ചെയ്യുമ്പോൾ എഴുത്തുകാരന്‍റെ സത്തയെക്കൂടി ഉൾക്കൊള്ളാനാവാതെ വരുമ്പോൾ, ആ വിവർത്തനം എത്ര കണ്ട് പൂർണ്ണമാണെന്ന് പറയാനാവും?
റാം C/o ആനന്ദി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ഏറ്റവുമധികം കഷ്ടപ്പെട്ടത് അഖിൽ എന്ന രചയിതാവിന്‍റെ ശൈലിയുടെ താളം പിടിക്കാനായിരുന്നു. അത്രയും ലളിതമായ ഒരു പുസ്തകം അതിന് മുൻപ് വിവർത്തനം ചെയ്യാൻ കിട്ടിയിരുന്നില്ല. ഏറ്റവുമധികം തവണ മാറ്റിയെഴുതിയ വിവർത്തനവും അത് തന്നെയാണ്. ആദ്യം എഴുതിയപ്പോൾ ഒരു സാധാരണ ഭാഷ പോലെ തോന്നി. പിന്നീട് എഴുതിയപ്പോൾ കുറച്ച് കടുപ്പം കൂടിപ്പോയ പോലെ തോന്നി. അങ്ങനെ പല തവണ കടുപ്പം കൂട്ടിയും കുറച്ചും മാറ്റി മാറ്റി എഴുതിയാണ് ഇന്നത്തെ അതിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായത്.
മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, തിരിച്ചും, പുസ്തകങ്ങൾ വിവർത്തനം ചെയ്യുമ്പോൾ തോന്നിയിട്ടുള്ള ശ്രദ്ധേയമായ മറ്റൊരു സംഗതിയുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വാക്കുകളും പ്രയോഗങ്ങളും സാംസ്കാരിക സ്വാധീനങ്ങളും സ്വീകരിച്ചുകൊണ്ട് വളർന്ന, വളർന്നുകൊണ്ടിരിക്കുന്ന, ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ പുതിയതോ അന്യമായതോ ആയ പല ആശയങ്ങൾക്കും അതിൽ ഒരു ഇടം കണ്ടെത്താൻ എളുപ്പമാണ്. മലയാളത്തിനും അതിന്റേതായ സമ്പന്നമായ പാരമ്പര്യമുണ്ട്. പക്ഷേ പുതിയ ലോകത്തിന്റെ വേഗത്തിനൊപ്പം പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിലും സ്വീകരിക്കുന്നതിലും നാം ചിലപ്പോൾ പിന്നിലാകുന്നുണ്ടോ എന്ന് തോന്നാറുണ്ട്. ഇന്ന് പുതിയ സാങ്കേതികവിദ്യകൾക്കും പുതിയ ജീവിതരീതികൾക്കും പുതിയ ആശയങ്ങൾക്കുമൊക്കെ അനുസരിച്ച് അനേകം പുതിയ പദങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകുന്നു. അവയെല്ലാം മലയാളത്തിലേക്ക് കൊണ്ടുവരുമ്പോൾ, “ഇതിന് മലയാളത്തിൽ എന്താണ് പറയുക?” എന്നത് പലപ്പോഴും ചോദ്യം എന്നതിനേക്കാളുപരി ഒരു ചോദ്യചിഹ്നമായിത്തന്നെ മാറാറുണ്ട്. കടമെടുക്കണോ? പുതിയ വാക്കുണ്ടാക്കണോ? വിശദീകരിക്കണോ?
“നമ്മുടെ ചുറ്റുമുള്ള ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ മലയാളത്തിന്റെ പദസമ്പത്ത് എപ്പോൾ അതിനൊപ്പം എത്തും?” എന്ന ചോദ്യം അപ്പോഴൊക്കെ മനസ്സിൽ വരും.
അങ്ങനെയൊരു കാലത്താണ് AIയും വിവർത്തനത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. സത്യത്തിൽ AI നല്ലൊരു ഗവേഷണ സഹായിയാണെന്നാണ് തോന്നിയിട്ടുള്ളത്. അറിയാത്ത ഒരു ചരിത്രസന്ദർഭം അന്വേഷിക്കാനും, ഒരു പ്രയോഗത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാനും, ഒരു വാക്കിന്റെ പല അർത്ഥതലങ്ങൾ പരിശോധിക്കാനും അത് സമയനഷ്ടമില്ലാതെ സഹായിക്കും. പക്ഷേ ഒന്നുണ്ട് - യഥാർത്ഥ എഴുത്തുകാരനിൽ നിന്ന് ലഭിക്കുന്ന ഒരു ചെറിയ വിശദീകരണത്തിനോ, ഒരു ഓർമ്മയ്ക്കോ, ഒരു വാക്കിന് പിന്നിലെ അനുഭവത്തെക്കുറിച്ചുള്ള പരാമർശത്തിനോ പോലും അതിനേക്കാളൊക്കെ പലമടങ്ങ് വിലയുണ്ടാകും. ആ അറിവും ഗവേഷണവും വിവർത്തകന്റെ സ്വന്തം ശ്രദ്ധയും ചേരുമ്പോഴാണ് ഒരു വിവർത്തനം സ്വാഭാവികവും, അതേസമയം, ഹൃദയവുമായി അനുഭവവേദ്യമാകുന്നത്.
ഈ വർഷത്തെ ലോക വിവർത്തന ദിനത്തിന്റെ പ്രമേയം “The Power of Being Understood” എന്നാണ്. ഒരു വിവർത്തനം വായനക്കാരന് മനസ്സിലായാൽ മാത്രം പോര, വാക്കുകൾ പറഞ്ഞുതീരുന്നിടത്ത് പോലും വികാരം തുടരുകയും, നിശ്ശബ്ദതയ്ക്ക് പോലും ഒരു താളം കിട്ടുകയും ചെയ്യുന്നിടത്താണ് ഒരു വിവർത്തനത്തിന്റെ യഥാർത്ഥ ശക്തി.
Published: 30 Sept 2026, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented