ഇക്കൊല്ലത്തെ ഗാന്ധിജയന്തിയ്ക്കു രണ്ടുദിവസങ്ങൾക്കു മുൻപ് ഡൽഹിയിലെ പ്രശസ്തമായ ആ പ്രതിമയ്ക്കു മുന്നിലൂടെ പോകാനിടയായി. സർദാർ പട്ടേൽ മാർഗ് മദർ തെരേസ ക്രെസെന്റിൽ കൂട്ടിമുട്ടുന്നിടത്ത് നിൽക്കുന്ന കൂറ്റൻ വെങ്കല പ്രതിമാസമുച്ചയമാണ് ഗ്യാര മൂർത്തി. അഞ്ഞൂറുരൂപയുടെ കറൻസി നോട്ടുകണ്ടിട്ടുള്ള ഏവർക്കും ഈ പ്രതിമ ഓർമ്മ വരും. ഗാന്ധിയും പത്തുപേരും നടന്നുനീങ്ങുന്ന ആ രംഗം അതിൽ അച്ചടിച്ചിട്ടുണ്ട്. മഹാനായ ഇന്ത്യൻ ശിൽപി ദേവി പ്രസാദ് റോയ് ചൗധുരി 1972-ൽ നിർമ്മിച്ചതാണ് ഈ ബൃഹദ് ശിൽപം.

To advertise here,

മലയാളിയായ പ്രമുഖ ശില്പി ജിജി സ്കറിയ 2010-ൽ ഈ ശിൽപത്തെ ആസ്‌പദമാക്കി ഒരു ഡിജിറ്റൽ കലാരൂപം നിർമ്മിച്ചു, 'ആരാണ് ആദ്യം വ്യതിചലിച്ചത്?' (Who deviated first?) എന്ന പേരിൽ. ഗാന്ധി മുന്നോട്ടു നടക്കുമ്പോൾ ആ ശിൽപത്തിലെ ബാക്കിയേവരും എതിർ ദിശയിൽ നടക്കുന്നതാണ് ജിജി ചെയ്ത വ്യതിയാനകല. 2026-ലെ ഗാന്ധി ജയന്തിയിൽ ആ വ്യതിയാനകലയെ മുൻനിർത്തി ഞാൻ പതിനൊന്നു ഗാന്ധിമാരെ, ഗ്യാര ഗാന്ധിമാരെ ഓർക്കാൻ ശ്രമിക്കുകയാണ്. ഈ പതിനൊന്നു ഗാന്ധിമാർ 2026 നോട് പറഞ്ഞേക്കാം, ആരൊക്കെയാണ് വ്യതിചലിച്ചതെന്ന്.

ഒന്നാം ഗാന്ധി:

1928 ലെ ഒക്ടോബർ. സ്ഥലം: സബർമതി ആശ്രമം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പശുക്കുട്ടി അവിടെയുണ്ടായിരുന്നു. ഡോക്ടർമാർ ആത്മാർത്ഥമായി ശ്രമിച്ചിട്ടും അതിവേദനയിൽ നിന്നും യാതനയിൽ നിന്നും ആ പശുക്കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല, എന്നാൽ അത് ജീവനോടെ തുടരുകയും ചെയ്തു. അപ്പോഴാണ് വിഷം കുത്തിവെച്ച് ആ പശുക്കുട്ടിയെ ദയാവധത്തിന് വിധേയയാക്കുവാൻ ഗാന്ധി അനുമതി നൽകുന്നത്. ഗാന്ധിയുടെ സാന്നിധ്യത്തിൽ ആ പശുക്കുട്ടിയിൽ ഡോക്ടർമാർ വിഷം കുത്തിവെച്ചു. അവൾ മരണത്തിലേക്ക് യാത്രയായി.

ഗുജറാത്തിലെ സനാതനഹിന്ദു സംഘടനകൾ ഗാന്ധിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അഹിംസാമതമായ ജൈനമാർഗത്തിലെ വിശ്വാസികളും പ്രതിഷേധത്തിൽ പങ്കുകൊണ്ടു. ഗാന്ധി 'നവജീവനി'ൽ എഴുതി: 'അഹിംസയുടെ അർത്ഥം 'കൊല്ലാതിരിക്കൽ' എന്ന് ലഘൂകരിക്കുക വഴി നാം ക്രൂരതകൾ ക്ഷണിച്ചുവരുത്തും. ആ പശുക്കുട്ടിയുടെ മരണം ഹിംസയല്ല മറിച്ച് ദീനാനുകമ്പയാണ്. എന്റെ പ്രവൃത്തി അതിനാൽ ഇവിടെ മതാത്മകമാണ്'.

രണ്ടാം ഗാന്ധി:

1929 ജൂൺ 19. സ്ഥലം ഹിമാലയത്തിലെ അൽമോറ. ഗാന്ധി സഞ്ചരിച്ചിരുന്ന കാർ തിരക്കേറിയ ഗ്രാമത്തെരുവിലൂടെ പോയപ്പോൾ ഒരു വഴിപോക്കനെ ഇടിച്ചു. പദംസിങ് എന്ന ആൾ ഗാന്ധിയെ ഒരു നോക്കുകാണാനുള്ള ആഗ്രഹത്തിൽ കാറിനടുത്തേക്ക് ഓടി വരികയായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഈ അപകടം ഗാന്ധിയെ വല്ലാതെ ഉലച്ചു. ആശുപത്രിയിൽ പദംസിങ്ങിനെ കാണുവാനായി ഗാന്ധി ചെന്നു. മരണസമയത്ത് തന്നെ കാണുവാൻ ദൈവം നേരിട്ട് എത്തിയതായി പദം സിങ്ങിന് തോന്നി. രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹം മരിച്ചു. പദംസിങ്ങിന്റെ മകന്റെ പൂർണ ഉത്തരവാദിത്വം ഗാന്ധി ഏറ്റെടുത്തു. മരിക്കുന്നതിനു മുൻപ് അച്ഛനോട് അതു പറയുകയും ചെയ്തു. അവൻ്റെ വിദ്യാഭ്യാസകാര്യങ്ങളും ജീവിതാവശ്യങ്ങളും കൃത്യമായി ശ്രദ്ധിക്കുവാൻ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിനെ ഏർപ്പെടുത്തി. പിന്നീട് പന്തിനയച്ചിരുന്ന കത്തുകളിൽ ഗാന്ധി എപ്പോഴും ആ കുട്ടിയുടെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ആ അപകടത്തിനു ശേഷം കാർ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഗാന്ധി തുടർച്ചയായി എഴുതി. ജീവിതത്തിലെ അമിതവേഗങ്ങൾ വരുത്താവുന്ന അപകടങ്ങളെക്കുറിച്ച് ഒരുതരം പാപബോധത്തോടെ ഗാന്ധി അക്കാലത്ത് എഴുതിയിരുന്നു.

മൂന്നാം ഗാന്ധി:

1947 നവംബറിൽ മേജർ ജനറൽ കെ.എം. കരിയപ്പ പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാഷ്ട്രത്തിന്റെ സൈന്യത്തിന്റെ ലെഫ്റ്റനൻ്റ് ജനറലായി. ആ ഡിസംബർ മൂന്നാം തീയതി അദ്ദേഹം രാഷ്ട്രപിതാവിന്റെ സമീപത്തെത്തി. എന്നിട്ടുപറഞ്ഞു, 'നമുക്കൊരു സൈന്യമുണ്ടായാൽ അത് നന്മയുള്ളതായിരിക്കണം. അഹിംസയുടെ മൂല്യത്തെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും എനിക്കാകാവുന്നതുപോലെ പറഞ്ഞുകൊടുക്കണമെന്നുണ്ട്. പക്ഷേ, ഒരു സൈന്യത്തോട് അഹിംസയെക്കുറിച്ച് എങ്ങനെ പറയും? ഉത്തരവാദിത്വബോധം ലഘൂകരിക്കപ്പെടാതെ ഒരു പ്രൊഫഷണൽ സൈന്യത്തെ എങ്ങനെ രൂപപ്പെടുത്താം?' വിഭജനശേഷം കണ്ട ഹിംസയുടെ ദശാവതാരങ്ങൾക്കുമുൻപിലും അഹിംസയുടെ അജയ്യതയെക്കുറിച്ച് സംശയങ്ങൾ ഇല്ലാതിരുന്ന ബാപ്പുവിന് പെട്ടെന്ന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഗാന്ധി പറഞ്ഞു, 'നിങ്ങളെല്ലാം കുട്ടികളാണ്, ഞാനും. ഞാൻ അഹിംസയുടെ നിതാന്ത വിദ്യാർത്ഥിയാണ്. നിരന്തരം പുതിയ പാഠങ്ങൾ പഠിക്കുകയാണ്. താങ്കളുടെ ചോദ്യത്തിന് ഇപ്പോൾ എൻ്റെ പക്കൽ ഉത്തരമില്ല. ഇരുട്ടിൽ തിരയുകയാണ്. ഉത്തരം ലഭിച്ചാൽ ആദ്യം അറിയിക്കുന്നത് താങ്കളെ ആയിരിക്കും'. രണ്ടുമാസം തികയുന്നതിനു മുൻപ് ഗാന്ധി ഹിംസയുടെ ഇരയായി കൊല്ലപ്പെട്ടു. കരിയപ്പയ്ക്കുള്ള ഉത്തരമായിരുന്നു ഗാന്ധിയുടെ മൃതമുഖത്തെ അമൃതശാന്തി.

നാലാം ഗാന്ധി:

രാം മനോഹർ ലോഹ്യ ഗാന്ധി ശിഷ്യനായിരുന്നെങ്കിലും കോൺഗ്രസ്സിൽനിന്ന് അകന്നുമാറി സോഷ്യലിസ്റ്റ് ധാരയിൽ നിന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുദിവസം ലോഹ്യ രാഷ്ട്രീയഗുരുവായിരുന്ന ബാപ്പുവിനെ കാണാൻചെന്നു. നിർത്താതെ പുകവലിച്ചിരുന്ന ലോഹ്യ അപ്പോഴും പുക വലിച്ചിരുന്നു. ഗാന്ധി പറഞ്ഞു, 'താനിപ്പോൾ എന്നെ കാണാനൊന്നും വരാറില്ലല്ലോ'. ലോഹ്യയുടെ മറുപടി: ബാപ്പുവിന് എപ്പോഴും തിരക്കല്ലേ. എനിയ്ക്ക് ബാപ്പുവിന് നൽകാൻ നേരം എപ്പോഴുമുണ്ട്' അപ്പോൾ ഗാന്ധി ലോഹ്യയോട് വൈകുന്നേരം കാണാമെന്ന് പറഞ്ഞു. പറഞ്ഞതുപോലെ അദ്ദേഹം വൈകീട്ട് ഗാന്ധിസവിധത്തിൽ എത്തി. അപ്പോഴും ലോഹ്യയുടെ വിരലുകൾക്കിടയിൽ പുകയുന്ന സിഗററ്റുണ്ടായിരുന്നു. ഗാന്ധി ഉപദേശിച്ചു, 'താൻ ഈ പുകവലിശീലം ഉപേക്ഷിക്കണം'. ലോകത്തിലാരും തന്നെ ഉപദേശിക്കുന്നത് ഇഷ്ടമല്ലാതിരുന്ന രാം മനോഹർ ലോഹ്യ എഴുതി, 'പക്ഷേ സ്വന്തം ജീവിതം കൊണ്ട് ലോകത്തിലാരെയും ഉപദേശിക്കാനുള്ള ധാർമ്മികാധികാരം ഗാന്ധി നേടിയിരുന്നു'. പുകവലി എന്ന ഇഷ്ടശീലം ഉപേക്ഷിക്കുവാൻ വയ്യാത്ത ലോഹ്യ മറുപടി പറഞ്ഞു, 'നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം'. അങ്ങനെ വെറുതേ ഗാന്ധി വിട്ടുകൊടുക്കുമോ?: 'ഇതുസംസാരിക്കാൻ മാത്രമാണ് വൈകുന്നേരം കാണണമെന്നുപറഞ്ഞത്. ഇത്രയും ദാരിദ്ര്യം ലോകത്തിലുള്ളപ്പോൾ ഒരു സോഷ്യലിസ്റ്റിന് എങ്ങനെയാണ് സിഗററ്റുകൾക്കായി ഇത്രയും പണം ചിലവഴിക്കാൻ പറ്റുന്നത്?'. അന്നുരാത്രി ലോഹ്യ പുകവലി നിർത്തി. കഥ അവിടെ തീരുന്നില്ല. 1948 ജനുവരി മുപ്പതാം തീയതി രാത്രിയിൽ രാം മനോഹർ ലോഹ്യ ഡയറിയിൽ എഴുതി: 'ഞാൻ പുകവലി പുനരാരംഭിച്ചു. ഇനി ലോകത്തിൽ ആർക്കും എന്നെ അതിൽനിന്ന് തടയാനാകില്ല'.

അഞ്ചാം ഗാന്ധി:

1925 മാർച്ച് 12. സ്ഥലം: വർക്കലയിലെ ശിവഗിരി മഠം. ഒരു സംഭാഷണം.

ഗാന്ധി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?

നാരായണഗുരു: ഇല്ല

ഗാന്ധി: വൈക്കം സത്യഗ്രഹപ്രസ്ഥാനത്തിൽ കൂടുതലായി വല്ലതും ചേർക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ?

നാരായണഗുരു: അതു ശരിയായി നടക്കുന്നുവെന്നാണ് അറിവ്. അതിൽ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല.

ഗാന്ധി: അധഃകൃത വർഗ്ഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?

നാരായണഗുരു: അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്നു പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരേയും പോലെ അവർക്കുമുണ്ടാകണം.

ഗാന്ധി: അക്രമരഹിതമായ സത്യഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?

നാരായണഗുരു: ബലപ്രയോഗം നന്നാണെന്നു തോന്നുന്നില്ല.

ഗാന്ധി: ബലപ്രയോഗം ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ടോ?

നാരായണഗുരു: രാജാക്കന്മാർക്കും മറ്റും അത് ആവശ്യമാണെന്നും അവർ അത് ഉപയോഗിക്കണമെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കില്ല.

ഗാന്ധി: മതപരിവർത്തനം ചെയ്യണമെന്നും അതാണ് സ്വാതന്ത്ര്യത്തിന് ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവദിക്കുന്നുണ്ടോ?

നാരായണ ഗുരു: മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യങ്ങൾ ലഭിച്ചതായി കാണുന്നുണ്ട്. അതുകാണുമ്പോൾ ജനങ്ങൾ പരിവർത്തനം നന്നെന്ന് പറയുന്നതിൽ അവരെ കുറ്റപ്പെടുത്താനാകില്ല.

ഗാന്ധി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?

നാരായണഗുരു: അന്യമതങ്ങളിലും മോക്ഷമാർഗമുണ്ടല്ലോ.

ഗാന്ധി: അന്യമതങ്ങളുടെ കാര്യമിരിക്കട്ടെ, ഹിന്ദുമതം മോക്ഷലാഭത്തിന് പര്യാപ്തമെന്നുതന്നെയോ സ്വാമിജിയുടെ അഭിപ്രായം?

നാരായണഗുരു: ആധ്യാത്മികമോക്ഷലാഭത്തിന് പര്യാപ്തം തന്നെ. പക്ഷേ, ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങൾ അധികവും ഇച്ഛിക്കുന്നത്.

ഗാന്ധി: ലൗകികസ്വതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അതു സഫലമാകാതെ വരുമോ?

നാരായണഗുരു: അതു സഫലമാകാതെ വരില്ല. എന്നാൽ അതിൻ്റെ രൂഢമൂലതയോർത്താൽ പൂർണ ഫലപ്രാപ്തിയ്ക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും.

ആറാം ഗാന്ധി:

1947 മെയ് 25. കാൺപുരിൽവെച്ച് ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ഗാന്ധിയുടെ വാച്ച് മോഷ്ടിക്കപ്പെട്ടു. നാം കണ്ടുശീലിച്ചിരിക്കുന്ന വെള്ളിയിലുള്ള സെനിത് പോക്കറ്റ് വാച്ചാണ് കളവുപോയത്. സമയകൃത്യതയുടെ കാര്യത്തിൽ കർക്കശക്കാരനായിരുന്ന ഗാന്ധിയെ സംബന്ധിച്ചിടത്തോളം ആ മോഷണം താങ്ങാവുന്നതിലുമധികമായിരുന്നു. മറ്റൊരു വാച്ചുകൊണ്ട് നികത്താനാവുന്നതല്ലായിരുന്നു സ്വന്തം സമയയന്ത്രം കളവുപോയി എന്ന തോന്നലിൽനിന്നുള്ള വിഷാദം. അതേക്കുറിച്ച് ഗാന്ധി എഴുതുകയും ചെയ്തു. അതുവായിച്ച് മനസ്സുരുകിയ കള്ളൻ ആറുമാസത്തിനകം ഗാന്ധിയുടെ അടുത്തുചെന്ന് മാപ്പപേക്ഷിച്ച് വാച്ച് തിരികെ നൽകി.

1947 അവസാനം ഒരു ഗുജറാത്തി ധനികൻ ഗാന്ധിയ്ക്ക് സ്വർണ്ണനിറമുള്ള ഒരു വാച്ച് സമ്മാനമായി അയച്ചുകൊടുത്തു. ഗാന്ധി സ്നേഹത്തോടെ നന്ദി പറഞ്ഞുകൊണ്ട് അത് മടക്കി അയച്ചു. രണ്ടുകാരണങ്ങളാണ് അതിനായി ഗാന്ധി പറഞ്ഞത്. ഒന്ന്: സ്വർണനിറമുള്ളതൊന്നും ഞാനണിയാറില്ല. രണ്ട്: ഒരു പുതിയ വാച്ചുകൂടി അണിയാൻ മാത്രം എനിക്ക് സമയം ബാക്കിയില്ല.

നൂറ്റിയിരുപതു വയസ്സുവരെ ജീവിച്ചിരിക്കണമെന്ന് ആഗ്രഹിച്ച മനുഷ്യനാണ് എഴുപത്തിയെട്ടാം വയസ്സിൽ ഇങ്ങനെ എഴുതിയത്.

ഏഴാം ഗാന്ധി:

അന്ന് ഗാന്ധിയുടെ കൂടെ ശിഷ്യനായ കാക കലെർക്കറും ഉണ്ടായിരുന്നു. അവർ ആ ദിവസം ശിവമോഗയിലെ സാഗരം താലൂക്കിലായിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന നാളുകളിലൊന്ന്. അവർ താമസിച്ചിരുന്നതിനടുത്തായിരുന്നു ഗിരിസപ്പ വെള്ളച്ചാട്ടം. ആചാര്യ കലെർക്കർ ഗാന്ധിയോട് പറഞ്ഞു: ബാപ്പു, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഇതിനടുത്താണ് ഒന്നുപോയി കണ്ടാലോ? ഗാന്ധി മറുപടി പറഞ്ഞു: കലെർക്കർ പോയി കണ്ടോളൂ. നാടിന്റെ സ്വാതന്ത്ര്യസമരത്തിൽ, ജനങ്ങളുടെ വിമോചനത്തിനായി പണി എടുത്തുകൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിയ്ക്കുന്ന ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല. താങ്കൾ പോയി കാണുന്നതിൽ എനിക്കു പരാതിയില്ല'. അപ്പോൾ ആചാര്യ കലെർക്കർ മറുപടിയായി പറഞ്ഞു: എല്ലാവരും നയാഗ്ര വെള്ളച്ചാട്ടമെന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുമ്പോൾ ഇങ്ങനെയൊരു വെള്ളച്ചാട്ടം നമ്മുടെ നാട്ടിലുണ്ടെന്ന് എല്ലാവരും അറിയേണ്ടതല്ലേ? ബാപ്പു ഒരുപ്രാവശ്യം അവിടംവരെ ഒന്നുപോയാൽ ഇന്ത്യ മുഴുവനതറിയില്ലേ? ഗിരിസപ്പയിൽ എത്ര ഉയരത്തിൽ നിന്നാണെന്നോ വെള്ളം താഴേക്കു പതിയ്ക്കുന്നത്! അപ്പോൾ നിർമമനായി ഗാന്ധി മറുപടി പറഞ്ഞു: മഴത്തുള്ളി അതിലും എത്രയോ മുകളിൽ നിന്നാണ് താഴേക്കു പതിയ്ക്കുന്നത്. മലയാളത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരി ഈ സംഭവം 'ഗാന്ധിദർശനം' എന്ന മനോഹരമായ കവിതയായി എഴുതിയിട്ടുണ്ട്.

എട്ടാം ഗാന്ധി:

ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ ഇന്ത്യയിൽ നടന്ന രണ്ടു പ്രധാന സാമൂഹ്യമാറ്റങ്ങളായിരുന്നു പോസ്റ്റൽ സേവനം വ്യാപകമായതും തീവണ്ടിപ്പാതകൾ ഇന്ത്യയിലാകമാനം ഉണ്ടായതും. രണ്ടും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആവശ്യമായിരുന്നു. ആളുകളെഴുതുന്ന കത്തുകൾ കുന്നുകളായി തീവണ്ടികളിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്തു. ഗാന്ധി പറഞ്ഞു, 'നന്മ ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നത്. തിന്മയ്ക്കാകട്ടെ ചിറകുകളുണ്ട്'. പോസ്റ്റൽ സംവിധാനം വന്നതോടുകൂടി ആളുകൾ ആവശ്യത്തിനും അനാവശ്യത്തിനും കത്തുകൾ എഴുതുകവഴി കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമായി എന്ന് ഗാന്ധി കരുതി. വാട്സ്‌ആപ്പ് വഴി സെക്കണ്ടുകളിൽ കോടിക്കണക്കിന് സന്ദേശങ്ങൾ കൈമാറുക വഴി മനുഷ്യബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങൾ ഓർക്കുമ്പോൾ ഗാന്ധിയുടെ സത്യദൈവം ഒച്ചിനെ വാഹനമാക്കി യാത്രചെയ്യുന്നത് ഓർക്കാൻ രസമുള്ള കാര്യമാണ്. എന്നാൽ, അതിലും കൗതുകമുള്ള മറ്റൊന്നുണ്ട്. ലോകത്തിൽ ഏറ്റവുംകൂടുതൽ തപാൽ സ്റ്റാമ്പുകൾ തപാൽ സംവിധാനത്തെ സംശയത്തോടെ വീക്ഷിക്കുകയും അതേസമയം, ഏറ്റവും കൂടുതൽ കത്തുകൾ എഴുതുകയും ചെയ്തത് ഗാന്ധിയുടെ പേരിലാണ്. നൂറിലേറെ രാഷ്ട്രങ്ങൾ ഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. 1915 മുതൽ 1948 വരെയുള്ള കാലങ്ങളിൽ ഗാന്ധി ഘനശ്യാം ദാസ് ബിർളയ്‌ക്കു മാത്രമായി എഴുതിയ കത്തുകളുടെ എണ്ണം 1800 ആയിരുന്നു.

ഒൻപതാം ഗാന്ധി:

മനുഷ്യൻ ഭൂമുഖത്തെ മറ്റു ജീവികളെ അപേക്ഷിച്ച് മുന്തിയ ഇനമാണെന്ന് ടാഗോർ വിശ്വസിച്ചപ്പോൾ ഗാന്ധി മനുഷ്യന് ഭൂമിയിൽ ഒരു പുഴുവിനുള്ള അവകാശത്തിലോ അധികാരത്തിലോ കൂടുതലായി ഒന്നും നൽകാൻ തയ്യാറായില്ല. 'സത്യത്തിന്റെ വിളി' എന്ന പേരിൽ ടാഗോർ എഴുതിയ ലേഖനത്തിൽ മനുഷ്യന്റെ ഉന്നതനിലയെ അലംകൃതമായി ആവിഷ്കരിച്ചു. അദ്ദേഹം എഴുതി: 'ജീവചക്രത്തിൽ താഴേത്തട്ടിലുള്ള ജീവികളെല്ലാം പരാന്നഭോജികളാണ്. അവർ ജനിച്ച പ്രകൃതത്തിൽ പ്രകൃതി നിശ്ചയിച്ചതുപോലെ ജീവിച്ചു മരിക്കുന്നവരാണ്. എന്നാൽ, മനുഷ്യനെ വ്യത്യസ്തനാക്കി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യനിൽ സർഗാത്മകത നിറച്ചു. നഗ്നനും ദുർബലനും പ്രതിരോധശേഷി ഇല്ലാത്തവനുമാണ് പുറമേ അവനെങ്കിലും ഉൾക്കരുത്ത് നോക്കൂ'.

ഇങ്ങനെയൊരു സംവാദത്തിന് മറുപടിപറയാൻ ഗാന്ധിയിലെ ചിന്തകന് അറിയാഞ്ഞിട്ടല്ല. ഗാന്ധി ആധുനിക മനുഷ്യനെ പിന്നോട്ടടിക്കുന്നുവെന്ന് ടാഗോർ കരുതി, അദ്ദേഹത്തെ മഹാത്മാ എന്നുവിളിച്ച് ബഹുമാനിച്ചപ്പോഴും. പ്രിയങ്കര കവി എന്ന് ടാഗോറിനെ അഭിസംബോധന ചെയ്തിട്ട് ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞു:

'ഞാൻ കവിയോട് ആത്മീയശുദ്ധിയോടെ ചർക്ക തിരിയ്ക്കാൻ പറയും. യുദ്ധം നടക്കുമ്പോൾ കവികൾ വീണ താഴെവെയ്ക്കുന്നു. വക്കീൽ നിയമം താഴെ വെയ്ക്കുന്നു. വിദ്യാർത്ഥി പുസ്തകവും. യുദ്ധം കഴിയുമ്പോൾ കവി തൻ്റെ പ്രിയങ്കരഗാനം പാടും. യുദ്ധത്തിനുശേഷം സമാധാനം വരുമ്പോൾ ആളുകൾക്ക് തമ്മിൽ തല്ലാൻ അവസരം കിട്ടും. അപ്പോൾ വക്കീലന്മാർക്ക് നിയമപുസ്തകങ്ങൾ എടുക്കുകയും ചെയ്യാം'.

ഒരിക്കൽ ഗാന്ധി ശാന്തിനികേതൻ കാണാൻ പോയി. സംഗീതഭരിതമായ സർവകലാശാല കണ്ടുകഴിഞ്ഞപ്പോൾ സഹചാരി ഗാന്ധിയോട് ചോദിച്ചു, 'ശാന്തിനികേതൻ എങ്ങനെയുണ്ട്?' ഗാന്ധി മറുപടി പറഞ്ഞു: 'ഇവിടെ സംഗീതം കുറച്ചു കൂടുതലാണ്. സംഗീതം നിറഞ്ഞ ജീവിതത്തെക്കാൾ എനിക്കിഷ്ടം ജീവിതമെന്ന സംഗീതമാണ്'.

പത്താം ഗാന്ധി:

സ്ഥലം: തെക്കേ ആഫ്രിക്ക.

ആശ്രമത്തിൽ ടിമ്മി എന്നെല്ലാരും വിളിച്ചിരുന്ന ഫാത്തിമ ഗുൾ എന്ന മുസ്‌ലിം പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് ഗാന്ധിയുടെ മകൻ മണിലാൽ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അച്ഛൻ മകനയച്ച കത്ത് പരിഷ്കൃത മനസ്സുകളെ ഞെട്ടിക്കുന്നതായിരുന്നു.

'വിവാഹം ഒരാൾക്കും ഒരു സന്തോഷവും തരില്ല. കസ്തുർബായെ കണ്ടിട്ട് എനിയ്ക്ക് ലൈംഗിക വികാരങ്ങൾ ഉണ്ടായാൽ അതെൻെറ ഏറ്റവും വലിയ വീഴ്ചയായിരിക്കും. ഞാൻ ഇതുവരെ ചെയ്തതെല്ലാം പാഴാകും. സ്വരാജ് നേടാനുള്ള എന്റെ ശേഷി അപ്പാടേ പോകും. ബായും ഞാനും തമ്മിൽ ഇപ്പോഴുള്ള ബന്ധം സഹോദരനും സഹോദരിയും തമ്മിലുള്ളതാണ്. അനുഭവിക്കാനുള്ള സന്തോഷം മുഴുവൻ അനുഭവിച്ചിട്ട് സ്വന്തം മകനോട് ഇതൊന്നും പാടില്ല എന്നു ഞാൻ പറയുന്നു എന്നു കരുതരുത്. ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധം പോലെ വൃത്തിഹീനമായ മറ്റൊന്ന് എനിക്കറിയില്ല. ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് ഇതുവഴിയാക്കിയത് ദൈവത്തിന്റെ ഒരു വിചിത്രരീതിയെന്നേ പറയാനാകൂ'. ഈ ഗാന്ധിയിൽനിന്ന് എത്രയോ പരിണമിച്ചിരുന്നു 1915-ൽ തെക്കേ ആഫ്രിക്കയിൽനിന്ന് തിരികെ ഇന്ത്യയിലെത്തി മൂന്നുപതിറ്റാണ്ടുകളിൽ സാമൂഹ്യജീവിതം നയിച്ച ഗാന്ധി. പിൽക്കാലത്ത് മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചു, മിശ്രവിവാഹങ്ങളിൽ മാത്രമേ താൻ പങ്കെടുക്കൂ എന്നു പറഞ്ഞു.

പതിനൊന്നാം ഗാന്ധി:

അവസാനമായി ഗാന്ധി സന്ദർശിച്ച ആരാധനാലയം ഡൽഹിയിലെ കുത്തബ്ബുദീൻ ബക്തിയാർ കാകിയുടെ ദർഗയായിരുന്നു. മരിക്കുന്നതിന് മൂന്നുദിവസങ്ങൾക്കു മുൻപേ ആയിരുന്നു അത്. ഗാന്ധിയുടെ അവസാനത്തെ സത്യഗ്രഹം അഞ്ച് ആവശ്യങ്ങൾ മുൻനിർത്തി ആയിരുന്നല്ലോ. വിഭജനകാലത്തെ കൂട്ടക്കൊലകൾക്കിടയിൽ മതവൈരം പടർന്നുപിടിച്ച ഡൽഹിയിൽ ആ തീർത്ഥാടനകേന്ദ്രത്തിലെ വാർഷിക ഉറൂസ് നടത്താൻ അനുവദിക്കില്ല എന്ന വാശിയിലായിരുന്നു തീവ്രഹിന്ദുക്കൾ. എന്നാൽ, അതനുവദിച്ചേ മതിയാകൂ എന്ന് ഗാന്ധി വാശിപിടിച്ചു. സത്യഗ്രഹത്തിൽ അങ്ങനെ അതും ഒരാവശ്യമായി. സത്യഗ്രഹസമരത്തിൻെറ ഒത്തുതീർപ്പിന്റെ ഭാഗമായി ഉറൂസ് നടന്നപ്പോൾ ഗാന്ധി അവിടെ പോയി.

2025-ൽ കവി അൻവർ അലിയും മകനും ഞാനും കൂടി ആ ദർഗയിൽ പോയിരുന്നു. അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരനായ പുരോഹിതൻ ഞങ്ങളോട് പറഞ്ഞു, ഗാന്ധി അന്നിവിടെ വന്നപ്പോൾ രണ്ടു സ്ത്രീകൾ കൂടെയുണ്ടായിരുന്നു. സ്ത്രീകൾ ദർഗയിൽ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടും അവർ ഗാന്ധിയുടെ കൂടെ പ്രവേശിച്ചു. ദൈവം അതിനു നൽകിയ ശിക്ഷയായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം'.

അതുകേട്ട ഞങ്ങൾ ഞെട്ടിത്തരിച്ചുപോയി. എങ്ങനെയാണ് അഗാധമായ അജ്ഞതയുടെ ഇരുട്ട് ചരിത്രവിരുദ്ധതയായി വ്യാപിക്കുന്നതെന്നോർത്ത് ഞങ്ങൾ വിലപിച്ചു. എവിടെ ഉറൂസ് നടത്താൻ വേണ്ടിയാണോ ഗാന്ധി രക്തസാക്ഷിത്വം വരിച്ചത്, ആ ദർഗയിൽനിന്ന് കേട്ട വാചകം ജിജി സ്‌കറിയയുടെ ശിൽപത്തെ ഓർമ്മിപ്പിച്ചു... ആരൊക്കെയാണ് വ്യതിചലിച്ചത്?